മഹി വിവാഹിതനായെന്ന് അറിഞ്ഞപ്പോഴെ എല്ലാം മറന്നവളാണ് ഞാൻ, പക്ഷേ അവൻ എനിക്കായ് കാത്തിരിക്കുകയാണെന്നും…

രചന : കീർത്തി ശിവൻ

സ്നേഹ നൊമ്പരം…

❤❤❤❤❤❤❤❤❤❤❤

പതിവ് പോലെ രാധിക ഉണ്ടാക്കിയ ഭക്ഷണം പോലും കഴിക്കാതെ, യാത്ര പറയാതെ അപരിചിതനേപ്പോലെ മഹേഷ് ഓഫീസിൽ പോവാനിറങ്ങുകയായിരുന്നു. കല്യാണം കഴിഞ്ഞ് 2 വർഷങ്ങളായിട്ടും തനിക്ക് ഭാര്യയുടെ ഒരു അവകാശവും തരാത്ത മഹേഷിനോട് രാധികയ്ക്ക് ഒരു പരിഭവും തോന്നിയിട്ടില്ല, ആരോടും ഒരു പരാതിയും പറഞ്ഞിട്ടില്ല.

പക്ഷേ എത്ര നാളെന്നു കരുതി ക്ഷമിക്കും?

കാത്തിരിക്കും? അവൾക്കുമില്ലേ സ്വന്തം ഭർത്താവിന്റെ സ്നേഹമനുഭവിക്കാൻ ആഗ്രഹം?

ഇന്നെങ്കിലും ഭക്ഷണം കഴിച്ചിട്ട് പൊയ്ക്കൂടെ മഹിയേട്ടാ?

എന്താണാവോ ഇന്നത്തെ ദിവസത്തിനിത്ര പ്രത്യേകത?കഴിഞ്ഞ 2 വർഷങ്ങളായിട്ട് ഇത് തന്നെയല്ലേ എന്റെ പതിവ്? മഹിയുടെ ശബ്ദം ഉയർന്നു

എത്ര നാളത്തേയ്ക്കാ മഹിയേട്ടാ ഈ പിടിവാശി,

അതിനു വേണ്ടി ഞാനെന്ത് തെറ്റാചെയ്തത്?

അവളുടെ ശബ്ദം ഇടറി…

എല്ലാം അറിയാവുന്നതല്ലേ നിനക്ക്?

പിന്നെന്താ പുതിയൊരു ചോദ്യം?

കല്യാണത്തിന് മുൻപ് തന്നെ നിന്നോടെല്ലാം തുറന്ന് പറഞ്ഞിരുന്നതല്ലേ ഞാൻ..,

എന്നിട്ടും ഈ കല്യാണത്തിന് സമ്മതിച്ചത് നീ അല്ലേ?എവിടെ ആയാലും അവൾക്ക് വേണ്ടി കാത്തിരിക്കുമെന്ന് സ്നേഹക്ക് ഞാൻ വാക്ക് കൊടുത്തതാണ്… അത് ഞാൻ പാലിയ്ക്കും… അത് എത്ര വർഷമായാലും ശരി..മഹിയുടെ തീരുമാനം ഉറച്ചതായിരുന്നു.

കല്യാണത്തിന് മുൻപ് മഹിയേട്ടൻ എല്ലാം എന്നോട് പറഞ്ഞതാണ്, ഒരു പ്രണയകഥ അത് എല്ലാവരുടെയും ജീവിതത്തിൽ സാധാരണമാണ്…

കോളേജ് ലൈഫിന്റെ അവസാനം അവൾക്ക് കൊടുത്തൊരു വാക്കിന്റെ പേരിൽ ഇത്രയും വർഷം കാത്തിരുന്നില്ലേ?

അവളെക്കുറിച്ച് ഒരു വിവരവുമില്ലല്ലോ

മതിയാക്ക് മഹിയേട്ടാ.. എനിക്ക് മഹിയേട്ടനല്ലാതെ വേറെ ആരുമില്ല…

രാധിക പൊട്ടിക്കരഞ്ഞു. കണ്ണുനീർ പൊഴിയ്ക്കുന്നത് രാധികയാണെങ്കിലും നെഞ്ച് പൊടിയുന്നത് മഹിക്കാണ്.. അവനറിയാം താൻ ചെയ്യുന്നത് തെറ്റാണെന്ന്, രാധികയെ അവന് ഇഷ്ടമാണ്..

പക്ഷേ, താൻ അന്ന് സ്നേഹക്ക് കൊടുത്ത വാക്കിനു മുന്നിൽ ആ ഇഷ്ടം കണ്ടില്ലെന്ന് ഭാവിക്കാനെ മഹിക്ക് ആവുമായിരുന്നുള്ളു

ഓഫീസിലേക്കുള്ള യാത്രക്കിടയിൽ മഹിയുടെ മനസ് മുഴുവൻ എന്തൊക്കെയോ ചിന്തകളായിരുന്നു,

കോളേജ് ലൈഫ് മുഴുവൻ കൂടെയുണ്ടായിരുന്ന സൗഹൃദം സ്നേഹ, അത് പ്രണയത്തിലേക്ക് വഴിമാറിയെന്നവർ തിരിച്ചറിഞ്ഞത് പഠിത്തം തീർന്ന് രണ്ട് വഴിക്കായി പിരിഞ്ഞ ആ ദിവസമായിരുന്നു.

ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്ന അവളോട് പിരിയും മുമ്പ് ഒന്നേ മഹി പറഞ്ഞുള്ളു,

എവിടെ ആയാലും കാത്തിരിക്കും,

നിനക്കായി…

പിന്നീട് ഒരുപാട് അന്വേഷിച്ചിട്ടും അവളെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല,

എന്നിട്ടും താൻ കാത്തിരിക്കുന്നു…

ഒരുവശത്ത് എവിടെയാണെന്ന് പോലും അറിയാത്ത സ്നേഹ, മറുവശത്ത് കുത്തിനോവിച്ചിട്ടും തന്നെ മാത്രം സ്നേഹിക്കുന്ന വീട്ടുകാരോടും നാട്ടുകാരോടും തനിക്ക് വേണ്ടി വാദിച്ച് മടുത്ത താൻ താലികെട്ടിയ പെണ്ണ്…

അവൾ രാവിലെ പറഞ്ഞത് ശരിയാണ് ഞാനല്ലാതെ അവൾക്ക് വേറാരുമില്ല..

അമ്മാവന്റെ മരണത്തോടെ അനാഥയായ അവളെ ഒരുപാട് ഇഷ്ടമുള്ള എന്റെ അമ്മയാണ് എന്റെ വധുവായി തിരഞ്ഞെടുത്തത്…

എല്ലാ അർത്ഥത്തിലും അമ്മയുടെ തീരുമാനം ശരിയായിരുന്നു.

ഒരു പാവം പെണ്ണ്…

എന്റെ രാധിക… പക്ഷേ ഞാൻ..

മഹിയുടെ ചിന്തകൾ കാടുകയറി… അവന്റെ തലക്ക് എന്തോ ഭാരം തോന്നി.. തന്റെ കാറിനു നേരെ വന്ന ലോറി അവൻ കണ്ടില്ല, സ്വബോധത്തിലേക്ക് വന്നപ്പോഴേക്കും ലോറി മഹിയുടെ കാറിനെ തകർത്തിരുന്നു…!

പൂജാമുറിയിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്ന രാധിക ഫോൺ റിംങ് ചെയ്യുന്നത് കേട്ട് ഞെട്ടിയുണർന്നു,

മഹിയുടെ അപകട വാർത്ത കേട്ടവൾ കണ്ണീരുമായി ഹോസ്പിറ്റലിലേക്ക് ഓടി…

**********************

ആ സമയം ICU നുള്ളിൽ ബോധം തിരിച്ചു വന്ന മഹിക്ക് തന്റെ മുന്നിൽ നിൽക്കുന്നയാളെ കണ്ട് അത്ഭുതം തോന്നി… താൻ സ്വപ്നം കാണുകയാണോന്നവൻ സംശയിച്ചു… മഹിയുടെ ചുണ്ടുകൾ മന്ത്രിച്ചു

“സ്നേഹ ”

ഹായ് ,മഹി… എങ്ങനുണ്ട്? പേടിക്കണ്ടടാ ചെറിയ ഇൻജുറീസ് മാത്രമേ ഉള്ളു.. But നിന്റെ കാറിന്റെ അവസ്ഥ കണ്ടാൽ നീ തട്ടിപ്പോയെന്നേ പറയൂ..

രാധികയുടെ പ്രാർഥനയുടെ ഭാഗ്യം..

രാധിക, അവളെ? മഹി ഒന്ന് സംശയിച്ചു..

പിന്നേ, ഞാൻ പരിചയപ്പെട്ടു.. എന്ത് പാവമാടാ..

നിനക്കെവിടുന്ന് കിട്ടി… നല്ല കുട്ടി… നിനക്ക് വേണ്ടി പ്രാർത്ഥനയാ അവൾ…

സ്നേഹ… നീ എവിടെയാരുന്നു… എത്ര നാളായി നിന്നെ ഞാൻ…. മഹിക്ക് പൂർത്തിയാക്കാൻ കഴിയുന്നതിനു മുൻപേ സ്നേഹയുടെ വിരലിൽ കിടക്കുന്ന റിംങ് അവൻ കണ്ടു… അതിലെ പേരും..

” ദീപക് ”

മഹി അവളുടെ മുഖത്തേക്ക് നോക്കി….

നീയെന്താ ഇങ്ങനെ നോക്കുന്നേ… വെഡിംങ് റിംങ് ആടാ… ദീപു, എന്റെ ഹസ്ബൻഡ്.. 5 വർഷമായി.. ദീപു ഇവിടുത്തെ ഡോക്ടർ ആണ്,

അങ്ങനെയല്ലേ നീ ഇവിടെയുണ്ടെന്ന് ഞാനറിഞ്ഞേ…

സ്നേഹ പറഞ്ഞ് നിർത്തി..

അപ്പോഴേക്കും ദീപക് അങ്ങോട്ട് വന്നു.

ആഹാ, വന്നല്ലോ.. മഹി ഇതാണ് കക്ഷി, എന്റെ കെട്ടിയോൻ… ദീപു ,ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഫസ്റ്റ് ലവ്.. മഹി… അവൾ ചിരിച്ചു.

പിന്നേ, നിന്റെ എത്ര പ്രണയകഥകൾ ഞാൻ കേട്ടിരിക്കുന്നു.. അതിലൊന്ന്…

ദീപക് കൂട്ടിച്ചേർത്തു…

സ്നേഹ വീണ്ടും ചിരിച്ചു, മഹിയുടെ കണ്ണുകൾ നിറഞ്ഞു..

എന്തായാലും മഹി ഇവളുടെ കൈയ്യിൽ നിന്ന് രക്ഷപ്പെട്ടല്ലോ,ഭാഗ്യവാൻ… ഞാൻ പെട്ടു…

പിന്നെ, മഹിയുടെ ഭാര്യയും കുട്ടികളും..?

ഭാര്യ രാധിക, കുട്ടികളായിട്ടില്ല… 2 വർഷമേ ആയിട്ടുള്ളു കല്യാണം കഴിഞ്ഞിട്ട്…

മഹിയുടെ ശബ്ദം ഇടറി…

ആഹാ… അവിടെയും ഞാൻ സ്കോർ ചെയ്തു,

ഞങ്ങൾക്ക് ഒരു മോളാ.. നിരഞ്ജന, പൊന്നൂസ്ന്ന് വിളിക്കും.. കുറുമ്പിയാ…

സ്നേഹ പറഞ്ഞു.

ഓ, മതി. കത്തിവെച്ചത്, ടേക്ക് റെസ്റ്റ്..

രാധിക പുറത്തുണ്ട്, ഞാൻ വിളിക്കാം… ഞങ്ങൾ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ലേ..

ദീപക് സ്നേഹയേയും കൂട്ടി പോയി..

ഇതായിരുന്നോ താൻ ഇത്രയും നാൾ കാത്തിരുന്ന സ്നേഹ.. ഇവൾക്ക് വേണ്ടിയായിരുന്നോ ഞാൻ…

അവളുടെ പല പ്രണയങ്ങളിലൊന്നായിരുന്നു താന്നെന്ന്… കൊള്ളാം… നന്നായിട്ടുണ്ട്…

മഹി ഓർത്തു.

രാധിക മഹിയുടെ അടുത്തിരുന്നു, മഹിയുടെ കുറ്റബോധത്തിന്റെ കണ്ണുനീർ അവളുടെ കൈയ്യിൽ വീണു.. അന്നാദ്യമായി മഹിയുടെ സ്നേഹം അവളറിഞ്ഞു… അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു.

**********************

ഈ സമയം കാറിൽ ദീപക്കും സ്നേഹയും…

സ്നേഹ, നമുക്ക് സ്കൂളിൽ നിന്ന് മോളെക്കൂടി വിളിച്ചിട്ട് പോവാം,

ങും… സ്നേഹയൊന്ന് മൂളി.

ദീപക് കാർ സ്കൂളിന് മുന്നിൽ നിർത്തി മോളെ വിളിക്കാനായി ഉള്ളിലേക്ക് പോയി, പെട്ടെന്ന് സ്നേഹയുടെ മൊബൈൽ റിംങ് ചെയ്തു, അത് രാധികയായിരുന്നു..

എന്താ രാധിക?

ഒരു താങ്ക്സ് പറയാൻ വിളിച്ചതാ.. മഹിയേട്ടനെ എനിക്ക് വിട്ട് തന്നതിന്… അഭിനയം നന്നായിരുന്നു.

എനിക്ക് വേണ്ടി… അല്ലേ?

ഹേയ്.. ഒരിക്കലുമല്ല.. നീ പാവമാണ്… ഇത്രയും നാൾ എല്ലാം സഹിച്ച്.. എന്നെക്കാളും എന്തുകൊണ്ടും മഹിക്ക് ചേരുന്നത് നീയാണ്.. മഹി വിവാഹിതനായെന്ന് അറിഞ്ഞപ്പോഴെ എല്ലാം മറന്നവളാണ് ഞാൻ, പക്ഷേ അവൻ എനിക്കായ് കാത്തിരിക്കുകയാണെന്നും നിങ്ങടെ ജീവിതം ഇങ്ങനെയാണെന്നും ഞാൻ അറിഞ്ഞത് നീ പറയുമ്പോഴാണ്.. ഇന്ന് മഹി എന്റെ മനസിലില്ല…

അല്ലേലും ഞാനിന്നൊരു ഭാര്യ ആണ്, ദീപുവിന്റെ മോളുടെ അമ്മയും… സ്നേഹ പറഞ്ഞു നിർത്തി.

രാധിക ചിരിച്ചു, മഹിയോട് പറഞ്ഞ അതേ കള്ളം എന്നോടും ആവർത്തിക്കണ്ട സ്നേഹ.. ഒന്നുമില്ലെങ്കിലും ഞാനുമൊരു പെണ്ണല്ലേ, എനിക്കും മനസിലാകും..പക്ഷേ എല്ലാം അറിഞ്ഞിട്ടും ഞാനിവിടെ സ്വാർഥയാവുകയാണ്, എന്റെ ജീവിതത്തിനു വേണ്ടി…. രാധിക ദീർഘമായി ഒന്ന് നിശ്വസിച്ചു.

ങും, നന്നായി ജീവിക്ക്,

സ്നേഹിക്കാൻ മാത്രമറിയാവുന്ന

”നിന്റെ “മഹിയേട്ടനൊപ്പം..

സ്നേഹ കോൾ കട്ട് ചെയ്തു. അപ്പോഴേക്കും ദീപക് മോളുമായി വന്നു. സ്നേഹയെ കണ്ടപാടെ മോൾ അവളെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് കൂടെ കയറി ഇരുന്നു.

ഹായ് ,സ്നേഹാൻറി…. എന്തു പറ്റി…

സ്മൈലിംങ് ഫെയ്സ് ഇല്ലാത്തെ…??

പൊന്നു നിഷ്കളങ്കമായി ചോദിച്ചു.

ആരു പറഞ്ഞു… ഐ ആം ഹാപ്പി മോളൂ…

സ്കൂളിൽ എന്തുണ്ട് വിശേഷം…?

സ്നേഹ വിഷയം മാറ്റി…

ഒന്നൂല്ല.. കുറച്ച് പഠിച്ചു.. കുറേ കളിച്ചു..

കൈയ്യിലിരുന്ന ചോക്ളേറ്റ് കഴിച്ചു കൊണ്ട് അവൾ പറഞ്ഞു

എന്തുപറ്റിയെന്ന് ഞാൻ ചോദിക്കുന്നില്ല…

എന്നാലും… ദീപക് അവളോട് ചോദിച്ചു?

രാധിക വിളിച്ചിരുന്നു…

ങും… ഞാൻ ഊഹിച്ചു.. എല്ലാം താൻ വിചാരിച്ച പോലെ നടന്നല്ലോ…

ദീപക് കാർ സ്നേഹയുടെ ഹോസ്റ്റലിന് മുന്നിൽ നിർത്തി.. സ്നേഹ പുറത്തിറങ്ങി, കൈയ്യിൽ കിടന്ന ദീപക്കിന്റെ റിംങ് ഊരി അവനു തന്നെ കൊടുത്തു.

താങ്ക്സ് ദീപു…താങ്ക്സ് എ ലോട്ട്….

ദീപക് ചിരിച്ചു.

മഹിയുടെ മുന്നിൽ സ്വയം മോശക്കാരി ആയി അവരുടെ ജീവിതം ഓകെ ആക്കിക്കൊടുത്തു നീ…

അല്ലേ സ്നേഹ…?

രാധിക മഹിയെ ഒരു പാട് സ്നേഹിക്കുന്നുണ്ട്.. മഹിയും… ഞാനായിരുന്നു അവർക്കിടയിലെ തടസ്സം… അത് ഇന്ന് മാറി… ”നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെ വേണം തിരിച്ച് സ്നേഹിക്കാൻ ” ഇപ്പോൾ മഹിക്കത് മനസിലായിക്കാണും…

ദീപക് ചിരിച്ചു…..

എന്താ ചിരിക്കുന്നേ?

എന്നിട്ട് എന്റെ കാര്യത്തിൽ താനെന്താ ഈ ഫിലോസഫി ഓർക്കാത്തത്..? എന്റെ ഇഷ്ടത്തിന് അത് ബാധകമല്ലേ.. ഓ, ഞാനൊരു രണ്ടാം കെട്ട്കാരനാണല്ലോ അല്ലേ…?

ദീപൂ… ഞാൻ…

ദീപക് ഒന്നും മിണ്ടിയില്ല.. അവൻ മോളുമായി പോയി….

സ്നേഹ തന്റെ റൂമിലെത്തി ബെഡിലേക്ക് കിടന്നു ,

തലയണയിൽ മുഖമമർത്തി ഒരുപാട് കരഞ്ഞു…

കുറേ നേരം കഴിഞ്ഞ് എണീറ്റ് മുഖം കഴുകി. മഹിയുടെ ഓർമ്മയുള്ള തന്റെ പഴയ ഡയറിയെടുത്ത് ഒന്നൂടി വായിച്ചു, അവൾ അത് എന്നന്നേയ്ക്കുമായി അടച്ചു..

പുതിയ ഡയറി തുറന്നു.. ആദ്യ പേജിൽ അവളിങ്ങനെയെഴുതി… മഹിയുടെ ഓർമ്മകൾ ഇനി രാധികക്ക് സ്വന്തം, ഞാൻ എന്റെ ജീവിതം ആരംഭിക്കുന്നു, ദീപുവിനൊപ്പം… പൊന്നൂസിന് വേണ്ടി,

അവളുടെ മമ്മിയായി, ദീപുവിന്റെ ഭാര്യയായി..

എന്റെ ജീവിതം ആരംഭിക്കാൻ പോവുന്നതേയുള്ളു.. എല്ലാ ഓർമ്മകൾക്കും വിട..!

*****************

ഒരു വർഷത്തിനു ശേഷം ദീപക്കിന്റെ വീട്, തിരക്കിട്ട് ഹോസ്പിറ്റലിൽ പോവാൻ തുടങ്ങുമ്പോഴാണ് അവന്റെ മൊബൈൽ റിംഗ് ചെയ്തത്, കോൾ അറ്റൻഡ് ചെയ്ത് സംസാരിച്ചിട്ട് ദീപു ബെഡ് റൂമിലേക്ക് ചെന്നു.. അവിടെ പുതപ്പിനുള്ളിൽ പൊന്നൂസിനെയും കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു സ്നേഹ…

സ്നേഹ, ഉറങ്ങുവാണോ..?

ശ്ശ്…. പതുക്കെ മോൾ ഉറങ്ങുവ…

ദീപു പതിയെ അവളുടെ അടുത്ത് ബെഡിൽ ഇരുന്നു, മഹിയാ വിളിച്ചത്.. രാധിക പ്രസവിച്ചു, പെൺകുട്ടി ആണെന്ന്..

ആഹാ, കൊള്ളാല്ലോ.. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നോ?

ങും, സുഖം.. അതേയ്…. അവർക്ക് മോള്…

നമുക്കോ? ദീപക് ഒരു കള്ളച്ചിരിയോടെ ചോദിച്ചു,

അയ്യടാ, അധികം കൊഞ്ചണ്ടാട്ടോ, ഒരു മാസം കൂടി കഴിയുമ്പോൾ അറിയാല്ലോ..

പൊന്നൂസ് വേഗം ചാടി എണീറ്റു..

” മമ്മീ, എനിക്ക് അനിയൻ വാവ മതി.. ”

അമ്പടി കേമീ, നീ കള്ള ഉറക്കം ആരുന്നോ?

ഈ മമ്മീടെ വയറ് വീർത്തിരിക്കുന്ന കൊണ്ട് കെട്ടിപ്പിടിക്കാൻ പറ്റണില്ല പപ്പാ…

ങാ…അതാ മോളു എന്റേം പ്രശ്നം..

ദീപു കള്ളച്ചിരിയോടെ സ്നേഹയെ നോക്കി

സ്നേഹ അവന്റെ വായ പൊത്തി..

നാക്കിന് ലൈസെൻസ് ഇല്ലാത്തൊരു സാധനം,

മോളു, ഒരു മാസം കൂടി കഴിഞ്ഞാൽ അനിയൻ വാവ വരൂല്ലോ.. അപ്പോ നമുക്ക് 3 പേർക്കും കൂടി കെട്ടിപ്പിടിച്ച് കിടക്കാട്ടോ.. സ്നേഹ മോളെ സമാധാനിപ്പിച്ചു.

മൂന്ന് അല്ല നാല് പേര്…ഞാനും ഉണ്ട്,

ദീപക് കൂടെ കൂടി.

സ്നേഹ ചിരിച്ചു. പൊന്നു ദീപക്കിനെ കെട്ടിപ്പിടിച്ചു.

ബെഡ് റൂമിൽ വച്ചിരുന്ന പൊന്നുവിന്റെ മമ്മിയുടെ ഫോട്ടോ അവരെ നോക്കി പുഞ്ചിരിച്ചു.

കാലം നമ്മളിൽ നിന്ന് ചിലത് തട്ടിയെടുക്കുന്നത്,

ഒരു പക്ഷേ അതിലേറെ വിലമതിക്കുന്നതെന്തെങ്കിലും നമുക്കായി കരുതി വച്ചിട്ടാവും…

(അവസാനിച്ചു)

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : കീർത്തി ശിവൻ