നാത്തൂൻ പറഞ്ഞത് വെച്ചിട്ട് അവളൊരു അഹങ്കാരി ആയിരുന്നു എന്നെനിക്ക് മനസ്സിലായി….

രചന : Remya Bharathy

ആരാണ് മിടുക്കി?

********************

“പെണ്കുട്ടി കാണാൻ മിടുക്കിയാ… റാങ്ക് ഹോൾഡർ ആണ്. ഏതൊക്കെയോ psc ലിസ്റ്റിലും ഉണ്ടത്രേ.

പിന്നെ പഠിക്കുന്ന കാലത്ത് കലാതിലകവും ആയിരുന്നു ന്ന്. ക്ലാസിക്കൽ ഡാൻസും കർണ്ണാടക സംഗീതവും പഠിച്ചിട്ടുണ്ട്.”

വന്നു കേറാൻ പോകുന്ന മരുമകളെ പറ്റി വിദേശത്തുള്ള അനിയത്തിയോട് വിവരിച്ചു കൊടുക്കുകയാണ്.

പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല.

അപ്പുറത്തുള്ള മൂളലിൽ തൃപ്തി പോരാഞ്ഞിട്ടാണോ എന്തോ, വിവരണം കൂടുതൽ വിശദമാവുകയാണ്

“വെളുത്തു മെലിഞ്ഞു, നല്ല മുടിയും ഒക്കെ ആയി കാണാൻ നല്ല ചന്തം ആണ്. നമ്മുടെ അപ്പുനേക്കാൾ ഇത്തിരി ഉയരം കുറവ് അത്രേ ഉള്ളു. പിന്നെ ലേശം ഫാഷനൊക്കെ ഉണ്ട്. മുടിയൊക്കെ തോളൊപ്പം വെട്ടി ഇട്ടിരിക്കാ. പഴേ ഫോട്ടോയിലൊക്കെ നല്ല നീണ്ട മുടി ഒക്കെ ആയിട്ടാ.

അപ്പൊ ഞാൻ പറഞ്ഞു, മുടിയല്ലേ ഇനീം നീട്ടി വളർത്താലോന്ന്.

പിന്നെ പരിചയക്കാരെ കൊണ്ടു, നാട്ടിലും പഠിച്ച സ്കൂളിലും കോളേജിലും ജോലി സ്ഥലത്തും ഒക്കെ ഞങ്ങൾ അന്വേഷിപ്പിച്ചു. വേറെ കൂട്ടുകെട്ടുകളും ചീത്തപ്പേരും ഒന്നും ഇല്ല. അല്ല, നമ്മൾ അതും കൂടെ അന്വേഷിക്കണമല്ലോ. നമ്മുടെ ചെക്കന്റെ ഭാവിയല്ലേ.”

“അതേ ചേച്ചി. അതാണ് നമുക്ക് ഏറ്റവും വലിയ കാര്യം. പിന്നെ വീട്ടുപണി ഒക്കെ അറിയുമോ ആവോ?”

“അതൊക്കെ ചോദിക്കുന്നത് ഇന്നത്തെ കാലത്ത് മോശമല്ലേടി. ഇവിടെ പുറംപണിക്കൊക്കെ ആളുണ്ടല്ലോ. പിന്നെ ഇങ്ങോട്ട് വന്നാൽ പഠിപ്പിച്ചു കൊടുക്കാമല്ലോ. അതൊന്നും കുഴപ്പമില്ല. തഞ്ചത്തിനും തരത്തിനും ഒക്കെ നിന്ന് ഓരോന്ന് പഠിപ്പിക്കാൻ നമ്മക്ക് അറിഞ്ഞൂടെ…”

“അതല്ലേലും ചേച്ചി പുലിയല്ലേ. അതു കൊണ്ടാണല്ലോ മൂത്ത മരുമകൾ മോന്റെ കൂടെ മാറി താമസിക്കുന്നത്.”

“നീ അവളുടെ കാര്യം മിണ്ടരുത്. അതു പോലെ ഒന്നും അല്ല. ഇത് തറവാട്ടിൽ പിറന്ന കുട്ടിയാ

“എന്തായാലും എല്ലാം നല്ലപോലെ നടക്കട്ടെ ചേച്ചി.

ഇപ്പഴത്തെ കാലം ആയത് കൊണ്ടാ. അല്ലേൽ നാട്ടിൽ വന്ന് അടിച്ചു പൊളിച്ചു കൂടേണ്ട കല്യാണം ആണ്.”

“എനിക്കും അതിലാ സങ്കടം. നാലാള് കാണേ നടത്തേണ്ട കല്യാണം ആണ്. ജാതക പ്രകാരം ഇപ്പൊ നടന്നില്ലേൽ അവനു ഇനി 5 കൊല്ലം കഴിയണം. ഇത് ഇങ്ങനെ നടക്കട്ടെ. പിന്നെ ആൾക്കാരു കുറയും എന്നല്ലാതെ ആഡംബരത്തിനു കുറവൊന്നും ഉണ്ടാവില്ല എന്നാ അവരും പറയുന്നത്. കുറച്ചു പേരുള്ളപ്പോൾ കുറച്ചൂടെ ഗ്രാൻഡ് ആക്കാം എന്നാ അവനും പറയുന്നത്.”

അങ്ങനെ ആർഭാടമായി കല്യാണവും കഴിഞ്ഞു.

മിടുക്കിയായ മരുമോള് വീട്ടിലേക്കും വന്നു.

മാസം ആറു കഴിഞ്ഞപ്പോൾ പൊട്ടലും ചീറ്റലും.

എല്ലാരും കുറെ ഇടപെട്ടു നേരെയാക്കാൻ നോക്കി.

അമ്പിനും വില്ലിനും മിടുക്കിയായ മരുമകൾ അടുക്കുന്നില്ല. അവസാനം ഏഴാം മാസം മരുമകൾ വീട്ടിൽ നിന്ന് ഇറങ്ങി പോയി.

എല്ലാം കേട്ട ആധിയോടെ അമ്മായിയമ്മയുടെ അനിയത്തി വീണ്ടും വിദേശത്തു നിന്ന് ചേച്ചിയെ വിളിച്ചു

“എന്തൊക്കെയാ ചേച്ചീ ഞാനീ കേൾക്കുന്നത്? നാത്തൂൻ ഇന്നലെ വിളിച്ചപ്പഴാണ് ഇതൊക്കെ ഞാൻ അറിഞ്ഞത്. ന്നാലും എന്നോടൊന്ന് പറയാൻ തോന്നീലല്ലോ. ഞാൻ സംസാരിച്ചേനെ അവളോട്.”

“ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെടി. ഞാൻ ഒത്തിരി ശ്രമിച്ചു. നിനക്ക് അറിയാലോ എന്നെ, ഒന്നും ആരോടും പറയാൻ നിൽക്കാതെ എല്ലാം ഞാൻ തന്നെ നേരെയാക്കാൻ നോക്കി. സ്വന്തം മോളെപ്പോലെ കരുതി എല്ലാം പറഞ്ഞ് കൊടുത്തു.

പക്ഷെ അവള് നന്നാവില്ലന്ന് ഉറച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാണ്.

വഴിപാട് നേരാത്ത ദൈവങ്ങളില്ല. ന്നാലും ന്റെ അപ്പുന് ഈ ഗതി വന്നല്ലോ. വിവാഹമോചനത്തിന് കൊടുത്തിരിക്കാത്രേ അവള്.

ഒക്കെ അവള് തന്നെ. എല്ലാരും പറഞ്ഞു നോക്കി.

അവള് ഒറ്റക്കാലിൽ. ഒന്നുകിൽ അവള് പറയുന്ന പോലെ, അല്ലേൽ ഡിവോഴ്‌സ് ന്ന്.

സ്വന്തം ‘അമ്മ പറയണത് പോലും കേൾക്കാത്ത ഒരു പെണ്ണ്. അച്ഛനാണെങ്കിൽ ഇവള് പറഞ്ഞതിനൊക്കെ കൂടെ നിൽക്കുന്ന ഒരു മണ്ണുണ്ണി

“എന്നാലും ന്റെ ചേച്ചി. സത്യത്തിൽ എന്തായിരുന്നു അവിടെ പ്രശനം? നാത്തൂൻ പറഞ്ഞത് വെച്ചിട്ട് അവളൊരു അഹങ്കാരി ആയിരുന്നു എന്നെനിക്ക് മനസ്സിലായി.”

“അതേന്നേ. എന്തെന്ന് വെച്ചിട്ടാടി പറയാ. വീട്ടിലെ കാര്യങ്ങൾക്ക് ഒന്നിനും ഒരു താൽപ്പര്യം ഇല്ലാത്ത പ്രകൃതം. എന്തേലും ഒരു പണി പറഞ്ഞാൽ ഇന്ന് ചെയ്യും. നാളെ ചെയ്യണേൽ വീണ്ടും പറയണം.

അവൾക്ക് ഇഷ്ടമുള്ളത് സ്വയം ഉണ്ടാക്കാ.

മ്മളോട് ചെയ്യട്ടെ എന്നൊന്നും ചോദിക്ക പോലും ഇല്ല. ഉണ്ടാക്കീട്ട് കൊണ്ടന്നു തരും വേണേൽ കഴിച്ചോളൂ എന്ന മട്ടിൽ.

പറഞ്ഞ പണി ചെയ്തു കഴിഞ്ഞാൽ നേരെ മുറിയിലേക്ക് കേറി പോവും. സമയം കിട്ടിയാൽ എന്തേലും ഒക്കെ വായിച്ചോണ്ട് ഇരിക്കാ. പാട്ടു കേൾക്കാ…

നമ്മടെ ആൾക്കാരൊക്കെ വന്നാലും വിളിച്ചാലും 5 മിനിറ്റ് അതിൽ കൂടുതൽ മിണ്ടില്ല. ഒരു മാതിരി അഭിനയം മാതിരി കാട്ടികൂട്ടൽ. അവളുടെ വീട്ടിൽ നിന്ന് ആരെങ്കിലും വിളിച്ചാലോ വന്നാലോ കാണണം പ്രകടനം. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീട് സ്വന്തം വീടും ആൾക്കാർ സ്വന്തം ആൾക്കാരും എന്നൊരു ബോധമില്ല.

പിന്നെ പെണ്കുട്ടികളുടെ മാതിരി ഒന്നും അല്ല.

എന്തിലും കേറി അഭിപ്രായം പറയാ, ഇവിടെ തന്നെ അച്ഛനും മോനും എന്തേലും സംസാരിക്കുമ്പോ കേറി അഭിപ്രായം പറയും. ന്നാ അടുക്കള കാര്യത്തിൽ ഒന്നും അഭിപ്രായങ്ങൾ ഇല്ല.

അച്ഛൻ ടിവിയിൽ വാർത്തയൊക്കെ കാണുമ്പോൾ കൂടെ ചെന്നിരുന്നു രാഷ്ട്രീയത്തിലെ ഓരോ കാര്യങ്ങൾ പറയാ. എന്നാ, ഞാൻ സീരിയൽ കാണാൻ ഇരുന്നാൽ അപ്പൊ എണീറ്റു പോകും.

സിനിമായൊക്കെ ഒറ്റക്ക് ഫോണിൽ ചെവിയിൽ മറ്റേ കുന്തവും കുത്തി കാണാത്രേ. മ്മടെ കൂടെ ഒന്നും ഇരുന്ന് കാണാൻ വയ്യ.

രാവിലെ എണീക്കൊക്കെ ചെയ്യും. ന്നിട്ട് ഒരു മണിക്കൂർ യോഗയും വ്യായാമവും ഒക്കെയാണ്. കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് ഇങ്ങോട്ട് എത്തുമ്പോൾ മണി 7 കഴിയും. അപ്പൊ പിന്നെ രാവിലത്തെ പ്രാതലുണ്ടാക്കാൻ സമയം ഉണ്ടോ ന്നു ചോദിച്ചപ്പോ പറയാ, രാവിലെ ഈ ദോശയും നൂൽപ്പുട്ടും ഒന്നും ഉണ്ടാക്കാതെ എളുപ്പം ഉണ്ടാക്കാവുന്നത് ഉണ്ടാക്കി കഴിക്കാം എന്ന്.

എങ്ങനെയുണ്ട്? നീ പറ.

ഡ്രൈവിംഗ് ഒക്കെ അറിയാം. ന്നിട്ട് ഒറ്റക്ക് വണ്ടി ഓടിച്ചു പുറത്തു പോവാ, വെറുതെ ഡ്രൈവ് പോവ്വാത്രേ. പിന്നെ വാങ്ങി കൂട്ടുന്ന സാധനങ്ങൾക്ക് ഒരു കയ്യും കണക്കും ഇല്ല.ഓണ്ലൈനിൽ ഓരോന്ന് വാങ്ങാ. ദിവസവും ഇവിടെ ഡെലിവറി പിള്ളേര് വരാ…”

“ആഹാ അവൾക്ക് ഇങ്ങനെ ചിലവാക്കാനല്ലേ മ്മടെ കുട്ടി പണി എടുക്കുന്നത്…”

“ഏയ്‌ അവന്റെ കാശൊന്നും അല്ല. അവൻ മുഴുവൻ എന്നെ അല്ലെ ഏല്പിക്ക. ഇത് അവളുടെ സമ്പാദ്യം തന്നെയാന്നാ അവൻ പറഞ്ഞേ. അവൾക്ക് പണ്ട് ജോലി ഉണ്ടായിരുന്നല്ലോ.

ഇപ്പൊ ഒരു പുതിയ ജോലി കിട്ടിയിരിക്കുന്നു. അതിന് ബാംഗ്ലൂര് പോയി താമസിക്കണം ന്ന്. ഞാൻ പറഞ്ഞു, വീട്ടിൽ നിന്ന് പോയി വരുന്ന ജോലി ആണേൽ ചെയ്തോളാൻ. മോനും പറഞ്ഞു,

‘അമ്മ പറയുന്നത് മാത്രേ ഇവിടെ നടക്കുന്ന്.

അന്ന് മുഖം കേറ്റി പിടിച്ചു പോയതാ. പിന്നെ മിണ്ടീട്ടില്ല എന്നോട്.

പിന്നെ അവളുടെ അച്ഛൻ നമുക്ക് തരാന്നു പറഞ്ഞത് അവളുടെ പേരിലാ ഇട്ടു കൊടുത്തിരിക്കുന്നെ.

നമ്മള് പിന്നെ അവരുടെ സ്വത്തു കണ്ടിട്ടൊന്നും അല്ല. ന്നാലും അവന്റേം കൂടെ പേരിൽ ഇടായിരുന്നല്ലോ… അതൊന്നും നമ്മള് മിണ്ടീട്ടില്ല. സ്വർണ്ണമൊന്നും എത്രയുണ്ട് എന്നു പോലും ചോദിച്ചില്ല. എല്ലാം അവളുടെ പേരിൽ തന്നെ ലോക്കറിൽ വെച്ചിരിക്കാ. ഞാൻ പറഞ്ഞതാ എന്റെതിന്റെ കൂടെ വെക്കാമെന്ന്. അപ്പൊ അവരുടെ ഏതോ ഒരു അമ്മാവന്റെ ബാങ്കിൽ വെച്ചാ മതി എന്ന്.

ആയിക്കോട്ടെ. അതിനൊക്കെ എന്റെ കുട്ടി സമ്മതിച്ചു.”

“അവര് തമ്മിൽ എങ്ങനെയാ ഏട്ടത്തി?”

“ആവോ അതൊക്കെപ്പോ മ്മക്ക് ചോദിക്കാൻ പറ്റുമോ? ഇടക്ക് എന്തൊക്കെയോ പൊട്ടലും ചീറ്റലും കേൾക്കാറുണ്ട്. ഞങ്ങള് പിന്നെ മുകളിലേക്ക് പോയി നോക്കാറില്ല. ഇടക്ക് ഒരൂസം അടിച്ചു വാരാൻ പോയ പെണ്ണ് പറഞ്ഞു ഗസ്റ്റ് റൂമിൽ ആരോ രാത്രി കിടക്കുന്നുണ്ടെന്നു തോന്നുന്നു എന്ന്…”

“അപ്പൊ എന്തൊക്കെയോ പ്രശ്നങ്ങൾ അവിടെയും കാണും. അതാ ചേച്ചി.”

“അത് പിന്നെ ഉറപ്പല്ലേ. നമ്മളുടെ അടുത്തു കാണിക്കുന്ന സ്വഭാവം തന്നെ ആവില്ലേ അവന്റെയടുത്തും. അവനോട് ചോദിച്ചാൽ അവൻ ഒരക്ഷരം മിണ്ടുന്നില്ല. അതാണ് എനിക്ക് മനസ്സിലാവാത്തത്. ഒരൂസം അവള് പറയാ അവനേം കൊണ്ട് ഏതേലും മനഃശാസ്ത്ര വിദഗ്ദനെ പോയി കാണണം എന്ന്. അത് കേട്ടപ്പോൾ എന്റെ സർവ നിയന്ത്രണവും പോയി. അങ്ങനെയാ തല്ലുണ്ടായത്. എന്താന്നു ചോദിച്ചാൽ അവള് ജന്മം ചെയ്താ മിണ്ടില്ല. ഡോക്ടറോടെ പറയുള്ളുത്രേ…

ഇങ്ങനേം ഉണ്ടോ ഒരു അഹങ്കാരി.

അല്ല ജീവിതമാവുമ്പോൾ പെണ്കുട്ടികള് എല്ലാം അഡ്ജസ്റ്റ് ചെയ്തു ജീവിക്കണ്ടേ. എല്ലാ കുറ്റവും കുറവും കണ്ടറിഞ്ഞും സഹിച്ചും ജീവിക്കുന്നതല്ലേ ജീവിതം.”

“ഇത്രേ ഒക്കെ ഉള്ളു ചേച്ചി… മിടുക്കി എന്നു നമുക്ക് തോന്നുന്ന പെണ്ണുങ്ങളു പലതും വല്യ അഹങ്കാരികളാ. നമ്മുടെ അപ്പു രക്ഷപ്പെട്ടു ന്നു കരുതാം.”

“അല്ല പിന്നെ. ന്നേക്കാൾ മിടുക്കിയായിട്ട് ഒരുത്തി വേണ്ട ന്റെ വീട്ടിൽ. പൊക്കോട്ടെ എങ്ങട്ടാ ന്നു വെച്ചാൽ. ന്റെ മോന് പൂ പോലത്തെ പെണ്ണ് വേറെ കിട്ടും…”

ദൂരെ വേറെയൊരു വീട്ടിൽ ഒരു അച്ഛൻ മകളോട് പറയുന്നുണ്ടായിരുന്നു…

“പോട്ടെ മോളെ. ബാക്കി ഉള്ളൊരു പറയുന്നത് കാര്യമാക്കണ്ട. അങ്ങനെ ഒരു മാനസിക വൈകല്യമുള്ള ഒരുത്തന്റെ കൂടെ നീ ജീവിക്കണ്ട.

നിന്നെ പറ്റി എനിക്ക് അഭിമാനമേയുള്ളൂ മോളെ.

നീ ഒരുപാട് സഹിച്ചു എന്നറിയാം. അതൊക്കെ മറന്നേക്ക്. ഡോക്ടർ പറഞ്ഞത് പോലെ, ഇങ്ങനെ പ്രശ്നങ്ങൾ ഉള്ള ഒരാളുടെ കൂടെ ജീവിക്കാൻ കോടതിയും പറയില്ല.

നീ നിന്റെ ജോലിക്ക് പോയി ജോയിൻ ചെയ്യാൻ നോക്ക്. അച്ഛന്റെ മോള് മിടുക്കിയാണ്. ജീവിതം എന്നു പറഞ്ഞാൽ ഇതൊന്നും അല്ല. ഒക്കെ നേരെയാവും. എന്റെ മോളെ സ്നേഹിക്കാനും ബഹുമാനിക്കാനും മനസ്സിലാക്കാനും കഴിയുന്ന ഒരാൾ ഇനിയും വരാൻ ഇരിക്കുന്നതെ ഉള്ളു. അച്ഛനുണ്ട് മോളുടെ കൂടെ.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Remya Bharathy