എന്നെ വേണ്ടെന്ന് വെച്ചാലും പുറകെ ഞാനിനി വരില്ല… ഇഷ്ടം അങ്ങനെ പിടിച്ചു വാങ്ങിക്കേണ്ട ഒന്നല്ല…

രചന : ശിവ ഗാമി

ജിതിൻ….

മണലും സിമന്റും കുഴച്ച് പരുക്കനുണ്ടാക്കി തൂമ്പ കൊണ്ട് ചട്ടിയിലേക്ക് പകർന്ന നേരമാണ് പുറകിൽ നിന്നാ വിളി ഞാൻ കേട്ടത്.

ചട്ടി താഴെ വെച്ച് നിവർന്നു നിന്ന് ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. പൊള്ളുന്ന വെയിൽ അതിന്റെ മുഴുവൻ ശക്തിയുമെടുത്ത് എന്റെ കാഴ്ചയെ അവ്യക്തമാക്കി… തലയിൽ കെട്ടിയിരുന്ന പഴകിയ തോർത്തുമുണ്ട് അഴിച്ചു മുഖത്തെ വിയർപ്പെല്ലാം ഒപ്പിയെടുത്ത് കൊണ്ട് ഒരു വട്ടം കൂടി ഞാൻ അവിടേക്ക് തന്നെ നോക്കി.

ശിവകാമി !

ഒരു നിമിഷം വാക്കുകൾ കിട്ടാതെ ഞാൻ പതറിപ്പോയി. എങ്കിലും ഭാവ വ്യത്യാസമൊന്നുമില്ലാതെ തന്നെ ഞാനവളെ നോക്കി പുഞ്ചിരിച്ചു.

ജിതിൻ… എനിക്കൊന്ന് സംസാരിക്കണം…

ദയനീയ സ്വരത്തിൽ അവൾ പറഞ്ഞു നിർത്തി.

ഞാനിപ്പോൾ ജോലിയിലാണ്. ശിവ പൊയ്ക്കോളൂ

നമുക്ക് പിന്നീട് എപ്പോഴെങ്കിലും സംസാരിക്കാം.

അവൾക്ക് പറയാനുള്ളതത്രയും അറിയാവുന്നത് കൊണ്ട് തന്നെ മനഃപൂർവം ഒഴിഞ്ഞു മാറാൻ ഞാനൊരു ശ്രമം നടത്തി.

ഇല്ല ജിതിൻ… എനിക്ക് സംസാരിച്ചേ പറ്റൂ….

ഇനിയും എന്നെയിങ്ങനെ അകറ്റി നിർത്താമെന്ന് കരുതേണ്ട… എനിക്ക് സംസാരിക്കണം എന്ന് പറഞ്ഞാൽ സംസാരിച്ചേ പറ്റുള്ളൂ..

ദയനീയ സ്വരത്തിൽ നിന്ന് അവളുടെ വാക്കുകൾക്ക് മൂർച്ഛയേറാൻ തുടങ്ങിയതോടെ മറ്റുള്ളവരുടെ കണ്ണുകൾ ഞങ്ങളുടെ മേൽ പതിച്ചു തുടങ്ങി.

അവളുടെ നിരാശയാത്രയും കണ്ണു നീരായി അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു.

ശിവ ഒച്ച വെക്കല്ലേ പ്ലീസ്… ഞാൻ ഇപ്പോൾ വരാം… താനാ ആൽത്തറയിൽ പോയിരിക്ക്..

അവളെ സമാധാനിപ്പിച്ചു കൈ കാലുകൾ കഴുകി ഞാനും അവിടേക്ക് നടന്നു.

ഞാൻ അടുത്തേക്ക് ചെന്നതും തീക്ഷ്ണമായൊരു നോട്ടം നോക്കി കൊണ്ട് നെഞ്ചോട് ചേർത്ത് പിടിച്ച ഫയലിൽ നിന്ന് ഒരു കടലാസ് കഷ്ണം എടുത്തവൾ എന്റെ നേർക്ക് നീട്ടി.

എന്താ ഇത്???

ജിതിൻ എനിക്ക് നേരെ വെച്ച് നീട്ടിയ കടമ്പ…

ഈ ഒരു കാരണത്താൽ അല്ലെ ഇത്രയും നാൾ എന്നെ അകറ്റി നിർത്തിയത്??

ഞാൻ ആകാംഷയോടെ അത് തുറന്നു വായിച്ചു നോക്കി…

എന്റെ പുറകെ നടന്നു നിന്റെ ജീവിതം നശിപ്പിക്കരുത് എന്നായിരുന്നല്ലേ ജിതിൻ എപ്പോഴും പറയാറ്… ആദ്യം കഷ്ടപ്പെട്ട് പഠിച്ചു സ്വന്തം കാലിൽ നിൽക്ക് എന്നിട്ട് നോക്കാം എന്ന വാക്കിന്റെ പുറത്താ ഞാൻ കുത്തിയിരുന്ന് പഠിച്ച് ഈ സർക്കാർ ജോലി തന്നെ നേടിയെടുത്തത്.

ആ അപ്പോയ്ന്റ്മെന്റ് ഓർഡർ കൈയിൽ കിട്ടിയപ്പോ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി…

ഒരിക്കൽ ഒരുപാട് കൊതിച്ചതാണ് ഇങ്ങനെ ഒന്ന് നേടിയെടുക്കണം എന്ന് പക്ഷെ സാഹചര്യങ്ങൾ തനിക്ക് പ്രതികൂലമായി. എങ്കിലും ശിവ അത് നേടിയെടുത്തതിൽ ഒരുപാട് അഭിമാനം തോന്നി ..

പക്ഷെ ഇനി……

ഇനിയെന്താ ജിതിന് പറയാൻ ഉള്ളത്??? ജിതിന് വേണ്ടി ഒരിക്കലും ഞാനെന്റെ ഭാവി കളഞ്ഞിട്ടില്ല.. സ്വന്തം കാലിൽ നിൽക്കുകയും ചെയ്തു. ഇനിയെങ്കിലും ഈ അവഗണന അവസാനിപ്പിച്ചൂടെ…

അതല്ല ശിവ.. കോളേജ് ജീവിതത്തിൽ നീ സ്നേഹിച്ചിരുന്ന ജിതിനല്ല ഞാനിപ്പോൾ…

അന്ന് നിനക്ക് തരാൻ കഴിഞ്ഞ സ്നേഹവും സന്തോഷവുമൊന്നും ഇപ്പോൾ എനിക്ക് തരാൻ കഴിഞ്ഞെന്ന് വരില്ല.. സാഹചര്യങ്ങൾ അതാണ്…നീ സന്തോഷമായി ജീവിക്കണം. എന്റെ കൂടെ ആണെങ്കിൽ നിനക്കൊരിക്കലും…

മതി നിർത്ത്….

എനിക്ക് നേരെ കയ്യുയർത്തി കൊണ്ടവൾ ശബ്‌ദിച്ചപ്പോൾ ആ കണ്ണുകൾ അഗ്നിക്ക് സമയമായിരുന്നു.

എന്ത്‌ സാഹചര്യം ആണ് ജിതിൻ???? പഠിച്ച് കൊണ്ടിരുന്നപ്പോൾ എല്ലാമായിരുന്ന അച്ഛനെ നഷ്ടമായതോ…. കുടുംബത്തിലെ മൂത്ത പുത്രൻ എന്ന നിലയിൽ എല്ലാ ഭാരവും ഒറ്റയ്ക്ക് ചുമന്നതോ??? ആഗ്രഹം ഉണ്ടായിട്ടും കൂടപ്പിറപ്പുകൾക്ക് വേണ്ടി പഠിത്തം ഉപേക്ഷിച്ചതോ? എല്ലാ സ്വപ്നങ്ങളും ഉള്ളിൽ കുഴിച്ചു മൂടേണ്ടി വന്നതോ??? സഹപാഠികൾ ജീ*വിതം ആഘോഷിക്കുമ്പോൾ കല്ലിനോടും മണ്ണിനോടും കൂട്ട് കൂടിയതോ??? ഇതിൽ ഏത് സാഹചര്യം ആണ് ജിതിൻ ഞാനിനിയും മനസിലാക്കേണ്ടത്???

അവളുടെ ഓരോ ചോദ്യങ്ങൾക്കും മൗനമല്ലാതെ മറ്റൊരു മറുപടി എന്റെ പക്കൽ ഉണ്ടായിരുന്നില്ല.

സ്വന്തം ജീവിതം ഇങ്ങനെ ഹോമിച്ചു തീർക്കുമ്പോൾ ഇടക്കെങ്കിലും ഒന്ന് തിരിഞ്ഞു നോക്കണേ ജിതിൻ… അവിടെ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു പെണ്ണിനെ കാണാം.. നിന്റെ സന്തോഷം മാത്രം സ്വപ്നം കണ്ടു കാത്തിരിക്കുന്ന ഒരു വിഡ്ഢിയെ കാണാം.. അവൾക്ക് നിന്റെ ജോലിയോ പദവിയോ അല്ല മുഖ്യം നീ എന്ന വ്യക്തി മാത്രമാണ്… എനിക്കിപ്പോഴും അറിയില്ല ജിതിൻ ഞാൻ എന്തിനാണ് നിന്നെയിങ്ങനെ ഭ്രാന്തമായി സ്നേഹിക്കുന്നതെന്ന്… ഒരാളെ ഒരു കാരണവും കൂടാതെ സ്നേഹിക്കുന്നതാണ് യഥാർത്ഥ പ്രണയം എന്ന് ഞാൻ കേട്ടിട്ടുണ്ട്…

എന്നിട്ടും…. എന്നിട്ടും എന്തിനാ ജിതിൻ നീയെന്നെ ഇങ്ങനെ വീണ്ടും വീണ്ടും നിന്നിൽ നിന്ന് അകറ്റി നിർത്തുന്നെ..

എന്റെ മൗനത്തിന്റെ ആഴം മൂർച്ഛിച്ചപ്പോൾ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ തുടർന്നു.

ഇനി ഒരു തീരുമാനം എടുക്കേണ്ടത് ജിതിനാണ്..

ഒരുപാട് ന്യായങ്ങൾ പറയാൻ ഉണ്ടാകുമെന്ന് എനിക്കറിയാം.. പക്ഷെ അതിനൊന്നും എനിക്ക് ജിതിനോടുള്ള സ്നേഹത്തെ തോല്പിക്കാൻ മാത്രം ശക്തിയുണ്ടാകില്ല അതെനിക്കുറപ്പാണ്… എന്നെ വേണ്ടെന്ന് വെച്ചാലും പുറകെ ഞാനിനി വരില്ല… ഇഷ്ടം അങ്ങനെ പിടിച്ചു വാങ്ങിക്കേണ്ട ഒന്നല്ല…. എന്നെ വേണമെന്ന് തോന്നിയാൽ…

തോന്നിയാൽ മാത്രം ഇത് ജിതിൻ എടുത്താൽ മതി. നിനക്ക് വേണ്ടി മാത്രമാണ് ഞാനിത് നേടിയെടുത്തത്….. നീയില്ലെങ്കിൽ പിന്നെ എനിക്കിത് വെറുമൊരു കടലാസ് തുണ്ട് മാത്രമാണ്..

കയ്യിലിരുന്ന അപ്പോയ്ന്റ്മെന്റ് ഓർഡർ ആൽത്തറയിലേക്ക് വെച്ചവൾ തിരിഞ്ഞു നോക്കാതെ നടന്നകന്നു…. എന്ത്‌ ചെയ്യണമെന്നറിയാതെ നിന്നെങ്കിലും അതെനിക്ക് ഉപേക്ഷിക്കാൻ കഴിഞ്ഞില്ല ഇനിയുള്ള എന്റെ ജീവിതത്തിൽ അവളെയും..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ശിവ ഗാമി