നാലാം ക്ലാസ്സിലെ ഓണപ്പരീക്ഷയ്ക്ക് തൊട്ടുമുന്പാണ് അവൾ സ്‌ക്കൂളിൽ വന്ന് ചേർന്നത്…

രചന : Jokson John

നാലാം ക്ലാസ്സിലെ ഓണപ്പരീക്ഷയ്ക്ക് തൊട്ടുമുന്പാണ് അവൾ സ്‌ക്കൂളിൽ വന്ന് ചേർന്നത്.

ആൺ കുട്ടികളുടെ പേരുള്ള , ആൺകുട്ടികളെപ്പോലെ മുടി മുറിച്ച പെൺകുട്ടി.

പതിഞ്ഞ മൂക്കും ചൈനീസ് കണ്ണുകളുമായി മഞ്ഞകലർന്ന വിളറിയ വെള്ള നിറത്തിൽ അവളേതോ ഗൾഫുകാരൻറെ പെട്ടിയിൽ നിന്നിറങ്ങി വന്ന പാവക്കുട്ടിയെപ്പോലെ തോന്നിച്ചു.

സിനിമയിലെ നായകനെപ്പോലെ നെഞ്ചോളം ഉയരമുള്ള ബെൽ ബോട്ടം പാൻറ്സും വരയൻ ഫുൾ സ്ലീവ് ഷിർട്ടുമിട്ട് അവളുടെ അപ്പനും കൂടെയുണ്ടായിരുന്നു. സ്കൂളിൻറെ പരിസരത്തിന് അനുയോജ്യരല്ലാത്ത പോലെ അവർ ഒറ്റപ്പെട്ടു നിന്നു.

ഹെഡ്‌മിസ്ട്രെസ്സിൻറെ മുറി വിട്ട് ഗേറ്റ് കടന്നു പോകും വരെ സ്കൂൾ മുഴുവൻ അവരെ തുറിച്ചു നോക്കിയിരുന്നു.

പിറ്റേന്ന് മുതൽ അവൾ ക്ലാസ്സിൽ വന്നു തുടങ്ങി.

ഇസ്തിരിയിട്ട് വടിവൊത്ത യൂണിഫോം ദിവസവും പുത്തനായി തോന്നിച്ചു. അയഞ്ഞു തൂങ്ങിയ യൂണിഫോമിൽ, ഇരു വശത്തേക്കും മുടി പിന്നിക്കെട്ടിയ ചുരുണ്ട മുടിക്കാരികളാരും അവളെ കൂടെക്കൂട്ടിയില്ല.

അവളാവട്ടെ സദാ പുഞ്ചിരിച്ചു കൊണ്ട് ഒരു ചങ്ങാത്തത്തിനായി ശ്രമിച്ചു കൊണ്ടേയിരുന്നു.ടീച്ചർമാർ അവൾക്ക് നൽകിയ അമിത വാത്സല്യവും പരിഗണനയും ആ അകലം കൂട്ടുക മാത്രം ചെയ്തു.

കോൺവെൻറ് സ്കൂളിൻറെ നെടുങ്കൻ മതിലിനെ വെല്ലുന്ന അദൃശ്യവൻമതിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ ഉയർന്നു നിന്നതു കൊണ്ട് ആൺകുട്ടികളും ഒരു ചിരി പോലും മറുപടിയായി നൽകിയില്ല…

മാത്തനൊഴികെ !

ഞങ്ങൾ നാലിലേക്ക് ജയിച്ചു ചെല്ലുമ്പോഴേ മാത്തൻ തോറ്റ് തോറ്റ് അവിടെയുണ്ട്. മുഖത്തു ചുണങ്ങും വടുക്കളും പറ്റെ വെട്ടിയ തലമുടിയും വൃത്തിയില്ലാത്ത മഞ്ഞപ്പല്ലുകളും ഹൈസ്കൂളുകാരുടെ ഉയരവും വണ്ണവുമുള്ള ഇരുണ്ട ഭീകര രൂപിയായിരുന്നു അവൻ. മാത്തനെ തല്ലാതെ ടീച്ചർമാർക്കും തല്ലു വാങ്ങാതെ മാത്തനും ദിവസം പൂർത്തിയായിരുന്നില്ല. എന്നാൽ കായികമായുള്ള എല്ലാ സഹായങ്ങൾക്കും ടീച്ചർമാർക്ക് അവനായിരുന്നു ആശ്രയം. തനിക്ക് കിട്ടാനുള്ള തല്ലിന് ചൂരല് വാങ്ങാൻ മറ്റു ക്ലാസ്സുകളിലേക്ക് ഉത്സാഹത്തോടെ വരാന്ത കുലുക്കി പായുന്ന മാത്തൻ ഒരേ സമയം ഭയവും അത്ഭുതവുമായിരുന്നു.

ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് കിട്ടുന്ന ഗോതമ്പിൻറെ ഉപ്പുമാവും കഴിച്ചു വന്ന് മാത്തൻ ഞങ്ങളുടെ പാത്രങ്ങളും കൊള്ളയടിക്കും. മുട്ട വറുത്തതും മീനുമെല്ലാം ചോറിൽ കുഴിച്ചിട്ടാലും യാതൊരു ദാക്ഷിണ്യവുമില്ലാതെ അവൻ തോണ്ടിയെടുക്കും. പെൺകുട്ടികൾക്കും ഇളവുണ്ടായിരുന്നില്ല.

എന്ത് കൊണ്ടോ അവളെ മാത്രം അവൻ ഒഴിവാക്കി

തനിച്ചിരുന്നാണ് അവളെപ്പോഴും ഭക്ഷണം കഴിച്ചിരുന്നത്.

ഒരു ദിവസം ഉച്ചയ്ക്ക് പെൺകുട്ടികളുടെ ഭാഗത്തെ റോന്തിനിടെ എല്ലാവരെയും , ഒപ്പം മാത്തനെയും അമ്പരപ്പിച്ച് കൊണ്ട് അവൾ ചോറ്റുപാത്രത്തിൽ നിന്ന് ജാം പുരട്ടിയ ഒരു കഷണം ബ്രെഡ്ഡ് അവന് നേരെ നീട്ടി. അപ്രതീക്ഷിത സമ്മാനത്തിൽ മാത്തൻ ഒന്നു പതറി. തട്ടിപ്പറിക്കുന്നതിൻറെ സുഖം നഷ്ടപെട്ടത് കൊണ്ടാവും അൽപ്പം മടിച്ച് അവനത് വാങ്ങി. ഉത്സാഹം കെട്ട് തിരികെ ബെഞ്ചിൽ പോയിരുന്ന് സാവധാനം അത് കഴിച്ചു.

ചോറുരുളള പാതി കയ്യിലും , ചവച്ചു പാതിയാക്കിയും ക്ലാസ് മുഴുവൻ ഈ കാഴ്ച്ചയിൽ മരവിച്ചു.

പാത്രം കഴുകി തിരികെ വന്ന് ബാഗിൽ വയ്ക്കുന്ന നേരം എൻറെയടുത്തു വന്ന് രഹസ്യമായി മാത്തൻ പറഞ്ഞു …

“നല്ല ടേസ്റ്റെണ്ടടാ …!”

ആദ്യമായി അവനോടെനിക്ക് അസൂയ കലർന്ന സ്നേഹം തോന്നി.

മാത്തൻറെ സ്ഥിരം വേട്ട മൃഗമായിരുന്നു ഞാൻ.

ക്ലാസ്സ് ലീഡറായിരുന്ന കൊണ്ട് ഒഴിവു പീരിയഡിൽ സംസാരിക്കുന്നവരുടെ പേരെഴുത്ത് എൻറെ ചുമതലയായിരുന്നു. മാത്തൻറെ പേര് ഉറപ്പായും കാണും. പെൻസില് കൊണ്ട് കുത്തിയോ, പുസ്തകം തട്ടിപ്പറിച്ചോ, തലയ്ക്ക് ഞോണ്ടിയോ അവൻ പ്രതികാരം ചെയ്യും.

ഈ ഉപദ്രവങ്ങൾ ഭയന്ന് എഴുതിയ പേര് പലപ്പോഴും ഞാൻ മായ്ച്ചു.

എന്തായാലും ആ സംഭവത്തിനു ശേഷം മാത്തനിൽ ചില മാറ്റങ്ങൾ വന്നു. ദിവസവും അവളുടെ ഉച്ചയൂണിൻറെ ഒരു ഭാഗം അവന് അവകാശപ്പെട്ടതായി മാറി. സാധുക്കളായ മറ്റുള്ളവരെ മാത്തൻ വെറുതെ വിട്ടു. എങ്കിലും അവരുടെ കൂട്ടിനോടുള്ള അസൂയ അറിയാതെയുള്ളിൽ കനപ്പെട്ടു കൊണ്ടിരുന്നു.

ഓണപ്പരീക്ഷയുടെ മാർക്ക് വന്നപ്പോൾ കൊടുങ്കാറ്റ് വീശിയടിച്ച പോലെ മുൻനിര താരങ്ങളെയെല്ലാം കട പുഴക്കിയെറിഞ്ഞ് മലയാളമൊഴികെ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് വാങ്ങി അവൾ രണ്ടാം സ്ഥാനത്തേക്ക് കയറി. മലയാളത്തിന് കിട്ടിയ മാർക്കിൻറെ ബലത്തിൽ മാത്രം ഞാൻ ഒന്നാം സ്ഥാനത്ത് പിടിച്ചു നിന്നു.

ഉള്ളിലെവിടെയോ ആരാധന തോട് പൊട്ടിച്ച് തല നീട്ടി.

അന്നുവരെ ടീച്ചർമാരുടെ ചോദ്യങ്ങൾക്ക് മുറിമലയാളത്തിൽ അവൾ പറഞ്ഞിരുന്ന ഉത്തരങ്ങൾക്ക് പരിഹാസച്ചിരി നിറഞ്ഞിരുന്ന ക്ലാസ്സ് മുറിയെ ആദരവിൻറെ നിശബ്ദത പൊതിഞ്ഞു.

അവളുടെ ചങ്ങാത്തതിനായി പെൺകൂട്ടങ്ങൾ തല്ല് കൂടി.

സംസാരിക്കുന്നവരുടെ പേരെഴുതാൻ പെൺകുട്ടികളുടെ ലീഡറായി ബോർഡിൻറെ മറുവശത്ത് അവളും നിൽക്കാൻ തുടങ്ങി. ആൺകുട്ടികളുടെ പേരുകൾ നിരനിരയായി തെളിയുകയും, ഭീഷണിയുടേയും യാചനയുടെയും സ്നേഹത്തിന്റെയും അംഗവിക്ഷേപങ്ങളുടെ തോതനുസരിച്ചു മായുകയും ചെയ്തു കൊണ്ടിരുന്നു. എന്നാൽ അവൾ തൻറെ ജോലിയിൽ ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറായില്ല.ഒരു തവണ എഴുതിയ പേരുകൾ ഒരിക്കലും മാഞ്ഞില്ല.

ഒരു ദിവസം മാത്തൻ ബഹളം നിർത്താൻ ഭാവമില്ലായിരുന്നു. അവൻറെ പേര് മാത്രം ഞാൻ മായ്ച്ചില്ല

അവളോടുള്ള അവൻറെ കൂട്ട് മനസ്സിൽ അസൂയ കടന്ന് പകയായി മാറിയിരുന്നു. അവൻറെ ഭീഷണിയുടെ സൂചനകളൊന്നും ഞാൻ കണ്ടതായി ഭാവിച്ചില്ല. പെട്ടെന്നാണ് ആ അതിക്രമനാടകം അരങ്ങേറിയത്.

ഒരു പേപ്പറിൽ എൻറെയും അവളുടെയും പേര് പ്ലസ് ചേർത്തെഴുതി അവൻ ഉയർത്തിപ്പിടിച്ചു…!

ക്ലാസ്സ് മുഴുവൻ ആർത്തലച്ചു ചിരിക്കാൻ തുടങ്ങി.

അന്തർമുഖത്വത്തിന്റെ ആൾ രൂപമായിരുന്ന ഒരു നാലാംക്ലാസ്സുകാരന് താങ്ങാവുന്നതിലും അധികമായിരുന്നു അത്. ഞാൻ ചോര വറ്റി വിളറി.

അവൻറെ മോശം കയ്യക്ഷരം കൊണ്ടോ , മലയാളം മനസ്സിലാവാഞ്ഞിട്ടോ , അവളിൽ ഒരു ഭാവമാറ്റവുമുണ്ടായില്ല. പൊട്ടിച്ചിരിച്ച പെൺകുട്ടികളുടെ പേരുകൾ ബോർഡിൽ നിറഞ്ഞു.

ആ ഭാഗം നിശബ്ദമായി.

എൻറെ വിറയൽ മാറിയില്ല.

തല ചുറ്റുന്നതുപോലെ തോന്നി.

ജീവപര്യന്തത്തിന് വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ തലകുനിച്ച് ഞാൻ ബെഞ്ചിൽ പോയിരുന്നു. ക്ലാസ്സ് മുറി മുഴുവൻ മൂകമായി.

തൻറെ പ്രവർത്തി അതിരു കടന്നുവെന്ന് മാത്തനും തോന്നിയിട്ടാവണം ക്ലാസ്സ് വിട്ടപ്പോൾ വന്നെന്റെ തോളിൽ തട്ടിയിട്ട് അവൻ പറഞ്ഞു.

” എടാ , ഞാൻ തമാശക്ക് ചെയ്താണ് ട്ടാ “.

ഞാനൊന്നും മിണ്ടിയില്ല.

ഒരു തുണ്ട് കടലാസ്സിൽ ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും പേര് ചേർത്തെഴുതുന്നത് ,

പൊതുവഴിയിൽ വേഴ്ച്ചയിലേർപ്പെടുന്നതിനേക്കാൾ കൊടിയ പാപമാണെന്നൊരു പൊതുബോധം മുതിർന്നവരേക്കാൾ കുട്ടികളിൽ വേരുറച്ചിരുന്നൊരു കാലമായിരുന്നു … ഒരു കോൺവെൻറ്റ് സ്കൂളിൻറ്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും !

ദിവസങ്ങൾ കഴിയുന്തോറും ആ കടലാസ്സ് തുണ്ട് ദുഃസ്വപ്നത്തിൻറെ രൂപം വിട്ട് മനസ്സിൽ പട്ടുനൂലായി ഇഴയാൻ തുടങ്ങി.

*********************

ശിശുദിനത്തിൻറെ ആഘോഷങ്ങൾ ഉൽഘാടനം ചെയ്യാൻ സിപ്പി പള്ളിപ്പുറം സാർ വന്നു.

തിളങ്ങുന്ന സിൽക്ക് ജൂബ്ബയെക്കാൾ മിനുസമുള്ള തൻറെ വിശാലമായ നെറ്റിയിലൂടെ കയ്യോടിച്ചു നീളൻ മുടിയിഴകൾ തലോടി എല്ലാവരോടുമായി അദ്ദേഹം ചോദിച്ചു ..

“വലുതാവുമ്പോൾ ആരാവണമെന്നാണ് നിങ്ങൾക്കാഗ്രഹം …?”

അന്തരീക്ഷത്തിൽ എഞ്ചിനീയർ , ഡോക്ടർ , പൈലറ്റ് എന്നിങ്ങനെ പിറുപിറക്കുലകൾ നിറഞ്ഞു.

സ്‌റ്റേജിൻറെ മുൻഭാഗം നിറയെ LP സ്കൂളിലെ കുട്ടികളായിരുന്നു. കൂട്ടത്തിൽ ഏറ്റവും ഉയരമുള്ള മാത്തന് നേരെ സാർ വിരൽ ചൂണ്ടി. ചൊടിയോടെ എണീറ്റ് ഉച്ചത്തിൽ “ഡ്രൈവർ ” എന്നവൻ പറഞ്ഞു. അങ്ങിങ്ങായി പൊട്ടിച്ചിരികൾ കേട്ടു.

അതെന്തിനെണെന്നറിയാതെ അവൻ ചുറ്റും നോക്കി. സാർ പുഞ്ചിരിച്ചു കൊണ്ട് അവനോട് ഇരിക്കാൻ ആംഗ്യം കാട്ടി. നാണം കുണുങ്ങികളെല്ലാം സാറിൻറെ കണ്ണിൽ പെടാതിരിക്കാൻ മുന്നിലുള്ളരുടെ പിന്നിലൊളിച്ചു.

തനിക്കു നേരെ നീളാൻ പോകുന്ന ചോദ്യത്തെ എതിരിടാൻ എല്ലാവരും മനസ്സിൽ ഗൃഹപാഠം ചെയ്തു കൊണ്ടിരുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അമ്മിണി ടീച്ചർ രാജാ രവിവർമ്മയെക്കുറിച്ചു പഠിപ്പിച്ചത്.

രവിവർമ്മയെന്ന ഉത്തരം മാത്തനു കിട്ടിയതിനേക്കാൾ വലിയ കളിയാക്കിചിരികൾക്ക് വളമാകുമെന്ന് ഭയന്ന് മറ്റൊരു ഉത്തരത്തിനായി മനസ്സ് വട്ടം ചുറ്റി.ചെറിയ ഓഡിറ്റോറിയത്തിന്റെ വശങ്ങളിലായി ടീച്ചർമാർ ചാരി നിൽപ്പുണ്ട് .

അമ്മിണി ടീച്ചർ കുനിഞ്ഞു വന്ന് എന്നെ തോണ്ടിയിട്ട് ” എണീറ്റ് പറ മോനെ ” യെന്ന് രഹസ്യം പറഞ്ഞു. ടീച്ചറുടെ വാത്സല്യനിധിയായതിൻറെ അപകടം ആദ്യമായി ഞാൻ തിരിച്ചറിഞ്ഞു.

ഡോക്ടറും എഞ്ചിനീയറും രവിവർമ്മയും തമ്മിലുള്ള മല്ലയുദ്ധം മനസ്സിലപ്പോഴും കഴിഞ്ഞിരുന്നില്ല.

എണീറ്റ് നിന്നിട്ടും ഉത്തരം വെളിയിൽ വന്നില്ല.

പെട്ടെന്ന് അല്പം മുന്നിലായിരുന്ന അവൾ ചാടിയെണീറ്റ് കാത് കീറുന്ന ശബ്ദത്തിൽ “കളക്ടർ ” എന്ന് പറഞ്ഞു.

ആരും ചിരിച്ചില്ല, പിറുപിറുത്തില്ല. സ്കൂളിൻറെ പാതിയും ആദ്യമായി കേട്ട വാക്ക് പോലെ അവളെ തറച്ചു നോക്കിയിരുന്നു. സിപ്പി സാർ സന്തോഷം കൊണ്ട് തുടുത്തു.

അമർത്തി മൂളിയിട്ട് “ഇത് കേൾക്ക് ” എന്നൊരു ചൂണ്ടലിൽ സ്കൂളിനെ മുഴുവൻ അവളിലേക്ക് തിരിച്ചു.

തീരുമാനമാകാത്ത മനസ്സുമായി തല കുനിച്ച് ഞാൻ തറയിലേക്ക് ഇടിഞ്ഞു.

ഡോക്ടർമാരും എൻജിനീയർമാരും എണീക്കുകയും ഇരിക്കുകയൂം ചെയ്തു .

ചോദ്യം മതിയാക്കി സാർ ഇങ്ങിനെ തുടങ്ങി,

” നമുക്ക് എൻജിനീയർമാരും ഡോക്ടർമാരും മാത്രം പോരാ, കളക്ടറും ഡ്രൈവറും കൽപ്പണിക്കാരും വേണം, കവികളും ശില്പികളും ഗായകരും ചിത്രകാരന്മാരും വേണം …”

അവസാനത്തെ വാക്ക് കേട്ടപ്പോൾ അവളെന്നെ തിരിഞ്ഞു നോക്കി തൂവൽ പോലെ മിനുസമായൊരു ചിരി തന്നു. ഒരു പോപ്പിൻസ് മിട്ടായിയുടെ മധുരം ഞെരമ്പുകളിലൂടെ പടർന്നിറങ്ങിയെന്നെ പുണർന്നു.

കഥകളും കുട്ടിക്കവിതകളുമായി സാർ പ്രസംഗം തുടർന്നു. പക്ഷെ അവയെല്ലാം എന്നെ പൊതിഞ്ഞ കുളിരിൻറെ കുമിളയെ തൊടാതെ അന്തരീക്ഷത്തിൽ അപ്പൂപ്പൻ താടികളായി ഒഴുകി.

പിറന്നാൾ ദിവസം അവൾ വെള്ളയുടുപ്പിൽ ക്ലാസ്സ്മുറി മുഴുവൻ വെള്ളി വെളിച്ചം പരത്തി പറന്നു നടന്നു. എല്ലാവർക്കും ഓരോ മിട്ടായി വീതം കൊടുത്തപ്പോൾ എൻറെ മുൻപിൽ തുറന്നിരുന്ന പുസ്തകത്തിലേക്ക് മൂന്ന് മിട്ടായി വച്ച് അവൾ പാഞ്ഞു പോയി. തൊട്ടരികിലിരിക്കുന്ന ബെന്നിച്ചൻ കാണാതിരിക്കാൻ ഞാനത് പേജ് മറിച്ചു മൂടി. ആ കളവ് പക്ഷെ മാത്തൻറെ ഒളിക്യാമറയിൽ പതിഞ്ഞു. ഇൻറെർവെല്ലിന് മൂത്രമൊഴിക്കാൻ പായുമ്പോൾ ഒപ്പം ഓടി വന്നെൻറെ എൻറെ മുതുകിലടിച്ച് പൊട്ടിച്ചിരിയോടെ അവൻ പറഞ്ഞു

” ഞാൻ കണ്ടിട്ടാ … കള്ളൻ ! “.

ഞാനൊന്ന് പതറി നിന്നു . നാണിച്ചു ചുവന്നു.

ആ മിട്ടായിക്കടലാസ്സുകൾ രാത്രിയിലെൻറെ പ്രിയപ്പെട്ട കഥാപുസ്തകത്തിൻറെ താളുകളെ പുണർന്നുറങ്ങി.

മാത്തൻ ഉയർത്തിക്കാട്ടിയ കടലാസ്സ് തുണ്ട് മനസ്സിലെഴുതിയ ചുവന്ന വര മാഞ്ഞു കഴിഞ്ഞിരുന്നു.

എന്നിട്ടും അവളെ കാണുമ്പോഴെല്ലാം ഒരു തട്ടിപ്പുകാരനെപ്പോലെ ഞാൻ തെന്നി മാറി.

പുഞ്ചിരിച്ചു കൊണ്ട് മുന്നിൽ വരുമ്പോഴെല്ലാം വാരിയെല്ലുകൾ തകരുന്ന പോലെ നെഞ്ച് പെരുമ്പറ കൊട്ടി. കാണാത്തിടങ്ങളിലൂടെ വിയർപ്പുചാലുകൾ ഒലിച്ചിറങ്ങി.

കൊല്ലപരീക്ഷ കഴിഞ്ഞു.

കടവിൽ നിന്ന് ഇടത്തേക്ക് ചെറുവഞ്ചിയിൽ ഞാനും എഞ്ചിൻ പിടിപ്പിച്ച ബോട്ടിൽ വലത്തേക്ക് അവളും കടന്നു പോയി.

റിസൾട്ട് ദിവസം ഗേറ്റ് കടന്നു ചെല്ലുമ്പോൾ അവൾ തനിയെ തിരിച്ചു വരികയായിരുന്നു. നിറഞ്ഞ പുഞ്ചിരി

ഓറഞ്ചു നിറമുള്ള പട്ടു പാവാടയും ബ്ലൗസും..

അവളുടെ രൂപത്തിന് ചേരാത്ത വേഷം. എന്നിട്ടും കത്തുന്ന വെയിലിൽ സ്കൂൾ മുറ്റത്ത് അവളൊരു സ്വർണ്ണ വിഗ്രഹം പോലെ ജ്വലിച്ചു നിന്നു.

“പോയി നോക്കണ്ട. ജയിച്ചിട്ടുണ്ട്

എനിക്ക് നേരെ വന്ന് അവൾ പറഞ്ഞു.

ആരും കൂടെയില്ലാത്ത കൊണ്ടാവും ഞാൻ പരുങ്ങിയില്ല, പതറിയില്ല..

അതുവരെയില്ലാതിരുന്ന ധൈര്യം എവിടെ നിന്നോ മനസ്സ് നേടി.

“കടവിലേക്ക് വരുന്നുണ്ടോ ?” അവളുടെ ചോദ്യം.

സ്കൂളിനെ നോക്കി അനുവാദം വാങ്ങി ഞാൻ അവളെ അനുഗമിച്ചു.

ഒരു വർഷം മുഴുവൻ പറയാനുണ്ടായിരുന്ന വിശേഷങ്ങൾ ഒരു ശ്വാസത്തിൽ അവൾ പറഞ്ഞു കൊണ്ടിരുന്നു…

അപ്പനെ കുറിച്ച് , അമ്മയെക്കുറിച്ച് , അനിയനെക്കുറിച്ച് , അമ്മയുടെ വയറ്റിലുള്ള കുഞ്ഞുവാവയെക്കുറിച്ച്. മുൻപ് പഠിച്ചിരുന്ന ഉത്തരേന്ത്യയിലെ സ്കൂളിനെക്കുറിച്ച്, സ്കൂളിൽ കൊണ്ടുപോയിരുന്ന റിക്ഷാവാലയെക്കുറിച്ച്, ശമ്പള ദിവസം അയാൾ അവൾക്കും കൂട്ടുകാർക്കും വാങ്ങികൊടുത്തിരുന്ന ഗോൽ ഗപ്പയുടെ സ്വാദിനെക്കുറിച്ച്….

മറുപടിയായി ഞാൻ മൂളിക്കൊണ്ടേയിരുന്നു.

പെട്ടെന്ന് സംസാരം മുറിഞ്ഞു.

എന്തോ ഓർത്ത പോലെ വിഷാദത്തിൽ പറഞ്ഞു.

” മാത്തൻ പിന്നേം തോറ്റിട്ടാ…! ”

അവരുടെ കൂട്ട് മുറിയുന്നതിലെ ക്രൂരമായ ആനന്ദം തുളുമ്പി വെളിയിൽ വരാതിരിക്കാൻ ഞാൻ പണിപ്പെട്ടു.

വ്യസനം അഭിനയിച്ചു.

ദൂരെ നിന്നും അവളുടെ ബോട്ട് വരുന്നുണ്ടായിരുന്നു. ഒഴുക്കിൽ പെട്ട് അതകന്ന് പോവാൻ ഞാൻ വെറുതെ പ്രാർത്ഥിച്ചു. ബോട്ട് കടവിലേക്ക് അടുക്കുമ്പോൾ മുഖത്തിനടുത്തേക്ക് വന്ന് രഹസ്യം പോലെ അവളെന്നോട് ചോദിച്ചു

“എനിക്കെന്നാണ് പടം വരച്ചു തരുന്നത് ?”

“അഞ്ചാം…. ക്ലാസ്സില് ”

പൊട്ടിയ വാക്കുകളിൽ ഞാൻ മറുപടി പറഞ്ഞു

“മറക്കര്തിട്ടാ .’

എൻറെ കയ്യിൽ നുള്ളിയിട്ട് അവൾ ബോട്ടിലേക്ക് ചാടിക്കയറി.

പുഴയെ നെടുകെ മുറിച്ച് ചേരാനെല്ലൂരിലേക്കും അവിടെ നിന്ന് ചെന്നൂരിലേക്കും ബോട്ട് തെന്നിയൊഴുകി. തെങ്ങിൻ തലപ്പും പൊന്തയും തീർത്ത പച്ച മറശ്ശീലയിലേക്ക് അതൊളിക്കുന്നതു വരെ ആ സ്വർണ്ണപ്പൊട്ടിനെ നോക്കി ഞാൻ കടവിൽ തന്നെ നിന്നു.

പെട്ടെന്ന് അസ്ഥി നുറുങ്ങുന്നൊരു ഭാരം എൻറെ ചുമലിലേക്കിറങ്ങി.

മാത്തൻ !

ഇരു തോളുകളിലൂടെയും കൈകളിട്ടെന്നെ പുണർന്നിട്ടവൻ പറഞ്ഞു.

” സാരൂല്ലടാ, സ്കൂളിപ്പത്തന്നെ തൊറക്കൂല്ലേ ”

ആ ഭീമൻദേഹത്തിലെ പളുങ്ക് പോലുത്തെ മനസ്സ് ഞാൻ കണ്ടു.

എപ്പോഴും തോളിൽ കയ്യിട്ട് നടന്നവരോട് പോലും രഹസ്യമാക്കി വച്ച മനസ്സിനെ തിരിച്ചറിഞ്ഞതവൻ മാത്രം !

അവൻറെ തോൽ‌വിയിൽ മതിമറന്നതിന് ഞാനെന്നെത്തന്നെ ശപിച്ചു.

ഊർജ്ജം വറ്റിയ മാത്തനെ ഞാനാദ്യമായി കാണുകയായിരുന്നു.

വഞ്ചിയിൽ കയറി ഞാൻ പോരുമ്പോഴും അവൻ കടവിൽ കാവൽ നിന്നു.

പിന്നെ പതിയെ പുഴയിലേക്കുള്ള പടികളിലിറങ്ങിയിരുന്ന് വെള്ളത്തിലെ തൻറെ നിഴലിനെ കല്ലെറിഞ്ഞു കഷണങ്ങളാക്കി. അകന്നു പോകുന്ന കരയിലെ കാഴ്ച്ച കരളിനെ കൊത്തി വലിച്ചു.

ജൂണിൽ സ്കൂൾ തുറന്നു.

UP സ്ക്കൂൾ പുതിയ കെട്ടിടത്തിലാണ്.

മൂന്ന് ഡിവിഷനുകൾ…. പുതിയ ടീച്ചർമാർ…

എൻറെ ക്ലാസ്സിൽ പാതിയും പുതിയ കുട്ടികൾ !

അവൾക്ക് വേണ്ടി കണ്ണ് വെറിപിടിച്ച് പാഞ്ഞു. എൻറെ ക്‌ളാസ്സിൽ അവളില്ല !

ആദ്യ ദിവസം സ്കൂൾ ഉച്ചയ്ക്ക് പിരിഞ്ഞു. ബെല്ലിനൊപ്പം ചാടിയിറങ്ങി ഞാൻ മറ്റ് രണ്ടു ഡിവിഷന് മുന്നിലും പോയി തിരഞ്ഞു.

ഇല്ല ….അവളെ മാത്രം കാണുന്നില്ല !

ആദ്യ ദിവസം….

നേരം തെറ്റി…

ബോട്ട് വൈകി..

മഴ ….

പനി ….

ഇങ്ങിനെ നൂറു കാരണങ്ങൾ കൊണ്ട് മനസ്സിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

പെട്ടെന്ന് മിനി ഓടിയെൻറെ മുന്നിലേക്ക് വന്നു.

മിനി അവളോടൊപ്പം ബോട്ടിൽ വന്നിരുന്നതാണ്.

“അവൾട അപ്പന് മാറ്റം കിട്ടി , അവര് വേറെ നാട്ടിലേക്ക് പോയി ! ”

മിനിയെന്തോ അറിഞ്ഞിരിക്കുന്നു . അതോ അവൾ പറഞ്ഞോ ..?

ചോദിക്കാൻ ധൈര്യം പോരാ…

വരാന്തയിലെ തൂണിൽ ഞാൻ വീഴാതെ പിടിച്ചു.

പതിവില്ലാതെ കത്തി നിന്ന വായിൽ വാടി. മഴമേഘങ്ങൾ ഉരുണ്ടു കൂടി.ഭൂമിയെ പിളർക്കാൻ കെൽപ്പുള്ളൊരു പ്രളയം പോലത് കൂപ്പു കുത്തിപ്പെയ്തു.

ആ പെരുമഴയിലേക്ക് ചാടിയിറങ്ങി ഞാൻ നാലാം ക്ലാസ്സിൻറെ മുന്നിലേക്ക് കുതിച്ചു.ചിതറിപ്പോയ എന്നെ ഉരുക്കിച്ചേർക്കാൻ മാത്തൻ തന്നെ വേണം.

ക്ലാസ്സ് മുറികൾ ശൂന്യമായിരുന്നു.

നനഞ്ഞൊലിച്ചു പായുന്ന എൻറെ മുന്നിലേക്ക് അമ്മിണി ടീച്ചർ പ്രത്യക്ഷയായി.

“എന്താ മോനെ ? എന്ത് പറ്റി ?”

“മാത്തൻ …??”

“അവൻ പഠിപ്പ് നിർത്തി …. ഈ പ്രാവശ്യോം തോറ്റില്ലേ …!”

ലോകം എൻറെ മുന്നിൽ ഇടിഞ്ഞു വീണു.

അതെന്റെ കണ്ണിലൂടെ തുളുമ്പി വരുന്നത് ടീച്ചർ കാണാതിരിക്കാൻ മുഖം മറച്ച് ഞാൻ പെരുമഴയിലേക്ക് കുതറിയിറങ്ങിയോടി, മഴവെള്ളം പോലെ ഗേറ്റിലൂടെ തിങ്ങിയൊഴുകുന്ന കുട്ടിക്കൂട്ടങ്ങൾക്കിടയിലലിഞ്ഞു.

അന്ന് രാത്രി തട്ടിൻ മുകളിൽ കിടന്ന നാലാം ക്ലാസ്സിലെ പഴയ പുസ്തകങ്ങൾക്കിടയിലേക്ക്, നനഞ്ഞു കുതിർന്ന മറ്റൊരു നോട്ടുപുസ്തകം കൂടി പറന്നു ചേർന്നു. അതിലെഴുതാൻ ബാക്കിയായ പേജുകളിൽ അവൾക്ക് വേണ്ടി വരച്ച നൂറു കണക്കിന് ചിത്രങ്ങൾ ചിതലുകൾ തിന്നു.

പിന്നീടെപ്പഴോ പഴയപേപ്പറുകൾക്കായി വന്ന തമിഴൻറെ ചാക്കിൽ കയറി മറ്റേതോ ദേശത്തേക്ക് യാത്ര പോയി.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Jokson John