നാളെ വേറൊരു കുടുംബത്തോട്ട് കേറി ചെല്ലേണ്ട പെണ്ണാ… ഒരു ഇല പോലും കെടന്നിടത്തൂന്നു നീക്കിയിടാത്തവൾ

രചന : Nimisha Chandrika Thilakan

എന്റെ ദൈവമേ നാളെ വേറൊരു കുടുംബത്തോട്ട് കേറി ചെല്ലേണ്ട പെണ്ണാ… ഒരു ഇല പോലും കെടന്നിടത്തൂന്നു നീക്കിയിടാത്ത ഇവളെ ഞാനെന്ത് ചെയ്യാനാ ഭഗവാനെ…

രണ്ട് വർഷങ്ങൾക്ക് ശേഷം അമ്മയുടെ ഈ പരിഭവം പറച്ചിൽ ഓർത്തപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്..

അമ്മയെ തെറ്റ് പറഞ്ഞിട്ടും കാര്യമില്ല…അച്ഛന്റെയും അമ്മയുടെയും സംരക്ഷണത്തിൽ കഴിഞ്ഞിരുന്നപ്പോൾ അത് മാത്രമായിരുന്നു എന്റെ ലോകം… മറ്റൊരു ലോകത്തേക്ക് പറിച്ചു നടുന്ന നിമിഷത്തെ കുറിച്ച് ഞാനൊരിക്കലും ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല.

രാവിലെ എഴുന്നേൽക്കണം ആകപ്പാടെ മുറ തെറ്റാതെ ചെയ്തിരുന്ന ജോലികൾ എന്ന് പറയുന്നത്,

ഉണ്ടായിരുന്ന കുറച്ചു മുറ്റം കോറി വരക്കലും കുളിച്ചു മാറ്റിയ ഡ്രസ്സ്‌ കഴുകിയിടലും മാത്രമായിരുന്നു.. അരിക് ചേർത്ത് അടിച്ചില്ല അടിവസ്ത്രത്തിൽ പറ്റിയ രക്തക്കറ പൂർണമായും പോയില്ല എന്നൊക്ക പറഞ്ഞു ഓരോ കുറ്റം കണ്ടു പിടിച്ചോണ്ട് വരുമ്പോൾ അമ്മയോട് ദേഷ്യം തോന്നിയിരുന്നു.. പിന്നെ മിണ്ടാതെ ഒരു മൂലയ്ക്ക് പോയിരിപ്പാണ്.. ഇന്നിപ്പോ എത്ര കുറ്റപ്പെടുത്തലുകൾ കേട്ടാലും അത് ഒരു ചെവിയിലൂടെ കേട്ട് മറ്റു ചെവിയിലൂടെ വിട്ട് പുഞ്ചിരിച്ചു നിക്കും.

ഹ്മ്മ്മ്…… ആ എന്നിൽ നിന്നും രണ്ട് വർഷം കൊണ്ട് ഞാനെത്രയോ ദൂരം സഞ്ചരിച്ചു കഴിഞ്ഞു.

കുഞ്ഞിനെ ഉറക്കി കിടത്തിയ ഗ്യാപ്പിൽ ആണ് ചോറുണ്ണാൻ തുടങ്ങിയത്. ഞാൻ അടുത്ത് നിന്ന് മാറിയതിന്റെ അടുത്ത നിമിഷം തന്നെ കള്ളിപ്പെണ്ണ് ഉറക്കെ നിലവിളിച്ചു കൊണ്ട് എഴുന്നേറ്റു…

കഴിക്കാനെടുത്ത ചോറ് പാതിയാക്കി കുഞ്ഞിന് മുലയൂട്ടുമ്പോൾ ഒരു മണിക്കൂർ എടുത്താലും കഴിയാത്ത എന്റെ ഭക്ഷണ രീതിയെ കുറിച്ചാണ് ഞാൻ ഓർത്തത്. അന്ന് അമ്മ ഒരു ചൊല്ല് പറയാറുണ്ട്

“സ്ത്രീകൾ ഇരുന്നുണ്ണരുത് കിടന്നുറങ്ങരുത് ” അന്നതിന്റെ പൊരുൾ എനിക്ക് മനസിലായിരുന്നില്ല…

ഇരുന്നല്ലാതെ പിന്നെ കിടന്ന് ഉണ്ണാൻ പറ്റോ എന്ന് ഞാൻ അമ്മയോട് തർക്കിച്ചിട്ടും ഉണ്ട്. അഞ്ചോ പത്തോ മിനിറ്റ് മാത്രമെടുത്ത് കൊണ്ട് കിട്ടിയ ആഹാരം ആർത്തിയോടെ കഴിക്കുമ്പോൾ ആ ചൊല്ലിന്റെ ഓരോ അർത്ഥവും ഞാനിന്ന് മനസിലാക്കി കഴിഞ്ഞിരിക്കുന്നു .

കല്യാണം കഴിഞ്ഞ് ആദ്യമായി ഇവിടുത്തെ അടുക്കളയിൽ കേറിയപ്പോൾ പകച്ചു നിന്നിട്ടുണ്ട്…

അമ്മ ഉണ്ടാക്കിയത് ആസ്വദിച്ചു കഴിക്കുക മാത്രമല്ലാതെ എപ്പോഴെങ്കിലും അത് നോക്കി പഠിക്കാതെ പോയതിനെ പറ്റി എത്രയോ വട്ടം ഞാൻ സ്വയം ശപിച്ചിട്ടുണ്ട്.പിന്നീട് അമ്മയുടെ തത്സമയ ഫോൺ ഇൻ പ്രോഗ്രാം ആണ് ഇത്ര പുളിക്ക് ഇത്ര ഉപ്പ്. ആ കറി ആവുന്നത് വരെ ആരും അറിയാതെ അങ്ങേ തലക്കൽ അമ്മയുണ്ടാകും…

ഇന്നിപ്പോ എത്ര പേർക്ക് വേണമെങ്കിലും വെച്ചു വിളമ്പാൻ ഒരു ശങ്കയുമില്ല.

ആദ്യമൊക്കെ കൈ ചെറുതായൊന്നു നൊന്താൽ പോലും അലറി വിളിക്കാറുള്ള ഞാനിന്ന് എത്രയോ വട്ടം അടുക്കള ചൂടിൽ നിന്നും പൊള്ളലേറ്റിട്ടും ആരോടും ഒരു വാക്ക് പോലും പറയാതെ കുറച്ചു കല്ലുപ്പ് വാരി പൊത്തി ഒരു കൂസലുമില്ലാതെ ജോലി ചെയുന്നു… ഇഷ്ടത്തോടെ ഉണ്ടാക്കി കൊടുക്കുന്ന ആഹാരത്തിനു രുചിയില്ല എന്ന് കേട്ടപ്പോഴാണ് പലവട്ടം സ്നേഹത്തോടെ വെച്ചു വിളമ്പിയിട്ടും കുറ്റപ്പെടുത്തലുകൾ കേട്ട് നിക്കേണ്ടി വന്ന അമ്മയുടെ മനസ് ഞാനറിഞ്ഞതും.

ആവശ്യങ്ങൾ എന്ന് പറഞ്ഞു ചിലവാക്കിയിരുന്ന ഓരോ ആർഭാട തുകയുടെയും വില മനസിലാക്കി തുടങ്ങിയപ്പോഴാണ് ഡ്രെസ്സുകളോടുള്ള എന്റെ ഇമ്പം കുറഞ്ഞു കുറഞ്ഞു വന്നതും.

കുഞ്ഞ് വയറ്റിലുള്ളപ്പോൾ അമ്മയ്ക്കായിരുന്നു ഏറ്റവും കൂടുതൽ ആവലാതി…. ക്ലോക്ക് തിരിയും കണക്കെയുള്ള എന്റെ ഉറക്ക ശൈലി അറിയാവുന്ന അമ്മ എത്രയോ വട്ടം ഉറക്കത്തിൽ നിന്നെഴുന്നേറ്റ് എന്നെ നോക്കിയിട്ടുണ്ട്… ഉറങ്ങി കഴിഞ്ഞാൽ ലോകം അവസാനിച്ചാലും അറിയാത്ത ഞാൻ പിന്നീട് കുഞ്ഞിന്റെ ചെറിയ അനക്കം പോലും ഏത് ഉറക്കത്തിലും അറിയാൻ തുടങ്ങി.

ദേഹത്ത് ഒരു ചെറിയ പോറൽ വന്നാൽ പോലും സങ്കടപ്പെട്ടിരുന്ന ഞാൻ പിന്നീട് അടി വയറ്റിൽ വീണ പാടുകളെയോ ദേഹത്ത് വന്ന നീർകെട്ടുകളെയോ മൈൻഡ് പോലും ചെയ്തില്ല എന്നതാണ് സത്യം. ഒന്ന് തുമ്മിയാൽ പോലും കൊളുത്തി വലിച്ചിരുന്ന അടിവയറ്റിലെ സ്റ്റിച്ചുകളുടെ വേദന കണ്ണുകൾ മുറുക്കിയടച്ചു കടിച്ചു പിടിച്ചു നിന്നിട്ടുണ്ട്.

ഒരു ചെറിയ വെട്ടം കണ്ടാൽ പോലും ഉറങ്ങില്ലെന്ന് വാശി പിടിച്ചിരുന്ന ഞാൻ കുഞ്ഞ് ജനിച്ചതിൽ പിന്നെ എത്ര തീവ്രതയേറിയ വെളിച്ചത്തെയും വെല്ലു വിളിച്ചു കൊണ്ട് ഉറങ്ങാൻ കിടക്കാൻ തുടങ്ങി

വേദനകളെ ഭയന്നിരുന്ന ഞാനിന്ന് പല വേദനകളും ചിരിച്ചു കൊണ്ട് ആസ്വദിക്കുകയാണ് ചെയുന്നത്…

അതിൽ ഏറ്റവും പ്രഥമസ്ഥാനം കൊച്ചരി പല്ല് വെച്ചവൾ എന്റെ മുല ഞെട്ടിനെ കടിച്ചമർത്തുന്ന വേദനയാണ്… ആ ഒരു നിമിഷം വേദന കൊണ്ട് പിടഞ്ഞു പോകാറുണ്ടെങ്കിലും അവളുടെ പുഞ്ചിരിയിൽ ഞാൻ സർവ്വതും മറക്കാറുമുണ്ട്.

അമ്മ പറഞ്ഞ പോലെ ഒരു ഇല പോലും മാറ്റി ഇടാൻ മുതിരാത്തവൾ ഇന്ന് ഒരു കൈയിൽ തന്റെ കുഞ്ഞിനേയും ചേർത്ത് പിടിച്ച് മറു കൈ കൊണ്ട് സകല ജോലികളും ചെയ്തു തീർക്കുന്നു.

ഓരോ ദിനം തോറും ഞാൻ മാറി കൊണ്ടിരിക്കയാണ്….. എന്റെ ശീലങ്ങൾ മാറികൊണ്ടിരിക്കയാണ്….

അവിടെയൊക്കെ പലപ്പോഴും ഞാനെന്റെ ഇഷ്ടങ്ങളെ മറക്കാറുണ്ട്

കാരണം ഞാനൊരു സ്ത്രീയാണ് അതിലുപരി ഒരമ്മയാണ്..

ഈ എഴുത്ത് ഞാനെന്റെ ചേച്ചിക്ക് വേണ്ടി സമർപ്പിക്കുന്നു 😊

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Nimisha Chandrika Thilakan