സഹിക്കാൻ പറ്റാതായപ്പോഴാ ഞാൻ എന്റെ മക്കളെയും കൊണ്ട് ഇറങ്ങിയത്. ഇനിയൊരു തിരിച്ചു പോക്കില്ല.

രചന : Aneesha Sudhish

പെൺമനസ്സ്…

******************

“ഈ ആവശ്യവും പറഞ്ഞ് സാവിത്രി ചേച്ചി ഇവിടെ വരരുതായിരുന്നു. ”

“എന്നാലും സുമേ , എത്രയൊക്കെ ആയാലും അവൻ നിന്റെ ഭർത്താവല്ലേ ? ഈ അവസ്ഥയില്ലെങ്കിലും നിനക്കവനോട് ക്ഷമിച്ചൂടെ .മോളേ തെറ്റ് ആർക്കായാലും പറ്റും. അവനൊരു തെറ്റുപറ്റി അത് തിരുത്തി കൊടുക്കേണ്ടത് ഭാര്യയായ നിന്റെ ചുമതലയല്ലേ ?

“എനിക്കാണ് തെറ്റുപറ്റിയത് ചേച്ചീ, അങ്ങേരെ ജീവനുതുല്യം സ്നേഹിച്ചു .എന്നിട്ട് എനിക്ക് കിട്ടിയതോ അവഗണനയും കുറ്റപ്പെടുത്തലും മാത്രം.

ദിവസം ചെല്ലുന്തോറും കുടി കൂടി വന്നു വീട്ടിൽ വന്നാൽ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും. എല്ലാത്തിനും പിരി കേറ്റാൻ അമ്മയും .

സഹിക്കാൻ വയ്യാതായപ്പോൾ ഞാൻ തിരിച്ചും പറഞ്ഞു തുടങ്ങി. അപ്പോൾ ദേഹോപദ്രവവും .

കെട്ടിയ താലി വരെ കൊണ്ടുപോയി കുടിച്ചു നശിപ്പിച്ചു. എല്ലാം ചേച്ചിക്ക് അറിയാവുന്നതല്ലേ .

സുമ നിറഞ്ഞ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു.

“അവനെ ഞാൻ ന്യായീകരിക്കുന്നതല്ല. മരണത്തിനും ജീവിതത്തിനുമിടയ്ക്കാ അവനിപ്പോൾ മോള് ചെന്നാൽ അവൻ ജീവിതത്തിലേക്ക് തിരിച്ചു വരും”

“സഹിക്കാൻ പറ്റാതായപ്പോഴാ ഞാൻ എന്റെ മക്കളെയും കൊണ്ട് ഇറങ്ങിയത്. ഇനിയൊരു തിരിച്ചു പോക്കില്ല.ക്ഷമിച്ചും സഹിച്ചും ഒരു പാട് നിന്നു എന്റെ മക്കൾക്കു വേണ്ടി പക്ഷേ ഉപദ്രവം കൂടിയതല്ലാതെ കുറഞ്ഞില്ല. രണ്ടു പെൺമക്കൾ വളർന്നുവരുന്നത് ഉണ്ടെന്ന് ഓർക്കാതെ അയ്യാൾ കുടിച്ചും കൂത്താടിയും നടന്നു. കണ്ട പെണ്ണുങ്ങളുടെ പുറകെ പോയപ്പോൾ ഞാൻ കാലു പിടിച്ചു കരഞ്ഞു പറഞ്ഞതാ .പക്ഷേ ഒന്നിനും ഒരു മാറ്റവും ഉണ്ടായില്ല എന്നിട്ടും ഞാൻ ക്ഷമിച്ചു.

പക്ഷേ അവരെ വീട്ടിൽ കൊണ്ടു വരാൻ തുടങ്ങിയപ്പോൾ പിന്നെ ഞാനെന്തു ചെയ്യണം. എന്റെ മക്കളുടെ മുന്നിൽ വെച്ചും …..പറയാൻ തന്നെ അറപ്പു തോന്നുന്നു ചേച്ചീ. അവളുടെ കണ്ണുകളിൽ വെറുപ്പ് കലർന്നു.

“ശരിയാണ് അവൻ ചെയ്തതൊക്കെ തെറ്റ് തന്നെയാണ് പക്ഷേ അപകടം പറ്റി ഒന്നു അനങ്ങാൻ പോലും പറ്റാതെ കിടക്കുന്ന അവനെ നീയല്ലാതെ പിന്നെ ആരാണ് നോക്കുക. ഭവാനി ചേച്ചിക്കാണെങ്കിൽ തീരെ വയ്യ. അവിടെ വരെ ഒന്ന് വന്നില്ലെങ്കിലും പോയ്ക്കൂടെ നിനക്ക് .

മക്കളെ എങ്കിലും അവനെ ഒന്ന് കാണിച്ചു കൂടെ

“ഞാനും ഒരു പെണ്ണാണ് ചേച്ചി എനിക്കുമില്ലേ സ്വപ്നങ്ങളും ആഗ്രഹങ്ങളും ജയേട്ടന്റെ കൈയും പിടിച്ച് വലതുകാൽ വച്ച് ആ വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരു നല്ല ജീവിതം സ്വപ്നം കണ്ടിരുന്നു .പക്ഷേ എല്ലാം നഷ്ടപ്പെട്ടു .മകന്റെ കൊള്ളരുതായ്മകൾ അമ്മയോട് പറഞ്ഞപ്പോൾ അന്ന് ആ സ്ത്രീ പറഞ്ഞത് എന്താണെന്നോ നിന്റെ കഴിവുകേട് കൊണ്ടാണ് എന്റെ മോൻ ഇങ്ങനെ ആയതെന്ന്.

അന്നത്തെ ആ സുമ തന്നെയാണ് ചേച്ചി ഞാൻ ഇപ്പോഴും .ഒരു മാറ്റവും വന്നിട്ടില്ല. കഴിവില്ലാത്തവൾ തന്നെയാണ് ഞാനിന്നും. കഴിവുള്ള പെണ്ണുങ്ങൾ ഒരുപാടുണ്ടല്ല കാശു കൊടുത്താൽ ഇഷ്ടം പോലെ കിട്ടും അവരെ കൊണ്ടു വരാൻ പറയണം

എന്നെ കാത്ത് ആരും ഇരിക്കണ്ട .”

“മോളേ നീ ഒന്നു കൂടി ചിന്തിക്ക് .നിന്റെ മക്കളെ ഓർത്തെങ്കിലും . നിനക്ക് പ്രായം അധികമൊന്നും ആയിട്ടില്ലല്ലോ അവനോടൊത്ത് ഇനിയും ഒരു ജീവിതം മുന്നിലുണ്ട്. ആ കിടപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റാഞ്ഞിട്ടാ ഞാൻ ഇവിടെ വരെ വന്നത്. അവൻ ഇനി തെറ്റിലേക്ക് പോവില്ല “സാവിത്രി യാചനാ രൂപത്തിൽ പറഞ്ഞു.

“എനിക്ക് കൂടുതലായി ഒന്നും പറയാനില്ല ചേച്ചി അങ്ങേർക്ക് അസുഖമായിട്ട് ഒന്നും അല്ലല്ലോ കള്ളും കുടിച്ച് ബോധമില്ലാതെ വണ്ടി ഓടിച്ച് സ്വയം അപകടം വരുത്തിയതല്ലേ ? പിന്നെ അങ്ങേർക്കൊപ്പം ഇനി എനിക്കൊരു ജീവിതമോ ജീവശ്ചവമായി കിടക്കുന്ന അയ്യാളെ ഇനി എന്തിനു കൊള്ളാം ?

അങ്ങനെയൊരു ശവത്തിന്റെ കൂടെ എനിക്ക് ജീവിക്കണ്ട. ആർക്കും വേണ്ടാതായപ്പോൾ മലവും മൂത്രവും കോരാൻ എന്നെ വിളിക്കാൻ അയ്യാളുടെ അമ്മ പറഞ്ഞു വിട്ടതായിരിക്കും.

ഞാൻ വരില്ല ചേച്ചിക്ക് പോകാം അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

സാവിത്രി ഒന്നും മിണ്ടാതെ നിന്നു. അവളുടെ ഭാഗത്താണ് ശരിയെന്ന് അവർക്കറിയാമായിരുന്നു.

അവർ വീണ്ടും യാചനാ ഭാവത്തിൽ സുമയെ നോക്കി.

“പിന്നെ മക്കളുടെ കാര്യം അയ്യാളുടെ പിതൃത്വം എനിക്ക് നിഷേധിക്കാനാവില്ല. എന്നെങ്കിലും എൻറെ മക്കൾക്ക് അച്ഛന് വേണമെന്ന് പറഞ്ഞാൽ ഞാൻ ഒരിക്കലും തടയുകയും ഇല്ല .പക്ഷേ എനിക്കൊരു ജീവിതം ഇനി അയ്യാളുടെ കൂടെയില്ല. അത്രയ്ക്ക് ഗതികേട്ടാണ് ഞാനവിടെ നിന്നും പോന്നത്.

ചെറുതാണെങ്കിലും എനിക്ക് ഇപ്പോൾ ഒരു ജോലി ഉണ്ട് മക്കളെ നന്നായി പഠിപ്പിക്കണം അവർക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കണം അത് മാത്രമാണ് ഇനിയെന്റെ ലക്ഷ്യം. എനിക്ക് വന്നത് എന്റെ മക്കൾക്ക് വരരുത്. സ്വന്തം കാലിൽ നിൽക്കാറായാൽ പിന്നെ അവർക്ക് ആരെയും ആശ്രയിക്കേണ്ടി വരില്ലല്ലോ . ചേച്ചി പൊയ്ക്കോളൂ..

ഇനിയും നിന്നിട്ട് കാര്യമില്ലെന്ന് അവർക്ക് മനസ്സിലായി. അവളെ ഒന്നു നോക്കിയിട്ട് സാവിത്രി പടിയിറങ്ങി.

സുമയുടെ കണ്ണുകളിൽ തീ ആളി കത്തുകയായിരുന്നു. ഒരിറ്റു കണ്ണുനീർ പോലും അവളിൽ നിന്നും പൊടിഞ്ഞില്ല. അയ്യാൾക്കു വേണ്ടി ഒരുപാട് കണ്ണുനീർ വാർത്തതാണ്. ഇനിയില്ല.

ഒരിക്കലും ഒരു തിരിച്ചു പോക്ക് തന്റെ ജീവിതത്തിൽ ഉണ്ടാവുകയും ഇല്ല.

അതവളുടെ ദൃഢനിശ്ചയമായിരുന്നു. ശക്തമായ ആ തീരുമാനത്തിൽ നിന്നും വ്യതിചലിക്കാൻ ആ പെൺ മനസ്സിന് ആവില്ലായിരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Aneesha Sudhish

Scroll to Top