നിങ്ങളിത് എന്തോന്ന് നോക്കി നിൽക്കുകയാണ് മനുഷ്യാ, ഹോ, അല്ലെങ്കിലേ ഓരോരോ പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമില്ല…

രചന : മഹാ ദേവൻ

മഴയിലേക്കിറങ്ങി തുള്ളിക്കളിക്കുന്ന മോളെയും അത് കണ്ട് ആസ്വദിക്കുന്ന മനുവേട്ടനെയും കണ്ടപ്പോൾ അഭിരാമിക്ക് ദേഷ്യം ഉള്ളംകാൽ മുതൽ ഉച്ചിവരെ ഇരച്ചുകയറുന്നുണ്ടായിരുന്നു.

“നിങ്ങളിത് എന്തോന്ന് നോക്കി നിൽക്കുകയാണ് മനുഷ്യാ ? കൊച്ച് മഴയത്തു കിടന്നു തുള്ളികളയ്ക്കുന്നതും കണ്ട് രസിച്ചിരിക്കുവാണോ?

ഹോ, അല്ലെങ്കിലേ ഓരോരോ പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമില്ല. അതിനിടക്ക് ഇനി ആ കൊച്ചിനേം വലിച്ചു ഡോക്ടറുടെ അടുത്തേക്ക് ഓടാനുള്ള വഴി ഉണ്ടാക്കുവാണോ നിങ്ങള്?

അല്ലെങ്കിലേ നൂറു കൂട്ടം പഠിക്കാനുണ്ട് പെണ്ണിന്. അതിനിടക്ക് വല്ല വയ്യായ്കയും വന്നു കിടന്നാൽ പിന്നെ അത് മതി, ഒരു ദിവസം മുടങ്ങിക്കിടന്നാൽ മതി ക്ലാസ്സിൽ പിറകിലോട്ട് പോവാൻ ”

അവളുടെ അമർഷം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് ആ കയ്യിൽ പിടിച്ച് കുറച്ചു ബലം പ്രയോഗിച്ചു തന്നെ സിറ്റൗട്ടിലെ സ്റ്റെപ്പിലേക്ക് ഇരുത്തുമ്പോൾ അവളുടെ ദേഷ്യത്താൽ ചുവന്ന മുഖത്തൊന്ന് വിരൽകൊണ്ട് തോണ്ടി അവൻ.

“ദേഷ്യം വരുമ്പോൾ നിന്റെ മുഖം കാണാൻ നല്ല ഭംഗി ആണുട്ടോ. തക്കാളിപ്പഴം പോലെ ചുവന്ന കവിളുകൾ കാണുമ്പോൾ എനിക്കൊന്ന് കടിക്കാനൊക്കെ തോന്നുന്നുണ്ട്ട്ടോ പെണ്ണെ ”

അവന്റെ കൊഞ്ചലോടെയുള്ള വാക്കുകൾക്ക് മുന്നിൽ പുച്ഛം കലർത്തിയൊന്ന് കോട്ടിക്കൊണ്ട് മുഖം തിരിക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു

” ഇവിടെ മനുഷ്യന് പ്രാന്ത് പിടിച്ച് നിൽക്കുമ്പോൾ കൊഞ്ചാൻ നിൽക്കല്ലേ മനുഷ്യാ.

കൊച്ച് മഴയത്ത് ആടിത്തിമിർക്കുന്നത് കണ്ടിട്ടും കൊച്ചിനെ വഴക്ക് പറഞ്ഞ് അകത്തേക്ക് കേറ്റാതെ തക്കാളി കടിക്കാൻ നടക്കുവാ… ഇങ്ങു വാ കടിക്കാൻ, ഞാൻ ശരിയാക്കിത്തരാം ” എന്ന്.

അവളുടെ കലിപ്പൊന്നു കുറക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞതെങ്കിലും അണുവിട അടുക്കാതെ വാശിയോടെ തന്നെ ഇരിക്കുന്ന അഭിരാമിയുടെ മുഖം പിടിച്ച് തനിക്ക് അഭിമുഖമായി തിരിച്ചു മനു.

” എന്റെ അഭിരാമി… എന്തിനാണ് നമ്മളിങ്ങനെ കുട്ടികളെ പൂട്ടികെട്ടി വളർത്തുന്നത്.

അവർക്കുമില്ലേ അവരുടേതായ കുറച്ച് സ്വാതന്ത്ര്യങ്ങള് ?

നമ്മുടെ പ്രായത്തിൽ നമ്മളും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നില്ലേ .

ജീവിതത്തിൽ കിട്ടുന്ന ഏറ്റവും നല്ല കാലമാണ് ബാല്യം. അതിനെ വാക്കുകൾ കൊണ്ട് മാനസികമായി തളർത്തി അവരുടെ മനസ്സിൽ നമ്മളോടുള്ള സ്നേഹം കുറക്കുന്നത് എന്തിനാണ്

ഒരു മഴ കൊണ്ടത് കൊണ്ടോ വെയിലത്ത്‌ ഒന്ന് ഓടിയത് കൊണ്ടോ ഇല്ലാതാകുന്നതല്ല ഒരു കുഞ്ഞിന്റെ കഴിവുകൾ.

അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത്,

എന്നൊക്കെ പറഞ്ഞ് എപ്പഴും പോയി പഠിക്ക് പഠിക്ക് എന്ന് നാഴികക്ക് നാല്പതു വട്ടം ആജ്ഞപിക്കുമ്പോൾ ആണ് ശരിക്കും അവർ നമ്മുടെ കണക്ക് കൂട്ടലുകളിൽ നിന്ന് താഴേക്ക് പോരുന്നത്.

നമ്മുടെ ആഗ്രഹം പോലെ പഠിക്കാനും ഉയർന്നുകാണാനും നമ്മൾ അവരെ ചട്ടം കെട്ടുമ്പോൾ അതിനെ അവർ മാനസികമായി സമീപിക്കണമെങ്കിൽ അവരുടേതായ ഇതുപോലെ ഉള്ള ചെറിയ ചെറിയ ഇഷ്ടങ്ങൾക്ക് നമ്മളും അവരോടൊപ്പം പങ്കു ചേരണം. !

അവരുടെ ഈ ബാല്യത്തിൽ ഇത്രയൊക്കെ അല്ലെ അവർ ആഗ്രഹിക്കുന്നുള്ളൂ.. അത് പോലും സാധിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ നമ്മളെന്ത് അച്ഛനും അമ്മയുമാ…

പിന്നെ ഇതിന്റെ പേരിൽ പനി വന്നു രണ്ട് ദിവസം സ്കൂൾ പോയാൽ അങ്ങ് പോട്ടെ… അത് കഴിഞ്ഞുള്ള മാർക്ക്‌ മതി നമ്മുടെ മോൾക്ക് !

അതുകൊണ്ട് ഞാനും മഴ നനയാൻ അവളോടൊപ്പം മുറ്റത്തേക്ക് ഇറങ്ങാണ്.

ഞാനും ഇതുപോലെ നല്ല ഒരു മഴ നനഞ്ഞിട്ട് കാലം കുറെ ആയി. വേണേൽ നീയും ഇറങ്ങിക്കോ.

മഴ കിനിഞ്ഞിറങ്ങുന്ന കവിളിൽ മോള് കാണാതെ ഒരു ഉമ്മ തരാം ഞാൻ. നല്ല ഫീൽ ആയിരിക്കും പെണ്ണെ ”

അതും പറഞ്ഞവൻ അവളുടെ കൈപിടിച്ചുകൊണ്ട് മഴയിലേക്ക് ഇറങ്ങുമ്പോൾ അത് കണ്ട് സന്തോഷത്തോടെ തുള്ളിച്ചാടുന്ന മകളുടെ മുഖം അവരുടെ മനസ്സ് നിറക്കുന്നുണ്ടായിരുന്നു. !

അവളുടെ ബാല്യം അവൾ ആസ്വദിക്കട്ടെ !

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : മഹാ ദേവൻ