ഇപ്പം ഒന്ന് കെട്ടിപിടിച്ചാ തന്നെ ദേഷ്യാ എന്നോട്, ചൂട് എടുക്കണത്രെ, നീയൊന്ന് മാറിക്കിടക്കോ സാവിത്രിയേ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാറാ പതിവ്…

രചന : അനിൽ ഇരിട്ടി

സാന്ത്വനം

**************

അല്ലേലും ഈ ആണുങ്ങൾ ഇങ്ങനേയാ .

ചൂടും ചൂരും കുറച്ച് അനുഭവിച്ച് ആസ്വദിച്ച് കഴിയുമ്പോൾ മടുത്തു തുടങ്ങും .

ഇതിയാന്റെ കൂടെ പുറത്ത് പോകാൻ തന്നെ നാണക്കേടായിത്തുടങ്ങി .

എന്തൊരു തുറിച്ചു നോട്ടമാ ഓരോ പെങ്കുട്ടികളെ കാണുമ്പോഴും .

മനുഷ്യന്റെ തൊലി ഉരിഞ്ഞു പോകുവാ

ഒരു നാണവും മാനവും ഇല്ല .

എന്നിൽ ഇല്ലാത്ത എന്താ വേറൊരു പെണ്ണിൽ ഒള്ളത് എന്നിട്ടും .

ചോദിക്കുമ്പോൾ ഒരു വഷളച്ചിരിയല്ലാതെ മറുപടി ഉണ്ടാകില്ല .

അതുകാണുമ്പോൾ മേലാകെ ചൊറിഞ്ഞു കേറും

ഒന്നും രണ്ടും പറഞ്ഞ് വഴക്കിലേ തീരാറുള്ളു പലപ്പോഴും .

എല്ലാ ആണുങ്ങളും ഇങ്ങനെ ആണോ .

ചിലപ്പോഴൊക്കെ തോന്നാറുണ്ട് എന്റെ കെട്ടിയോന്റെ സ്വഭാവമാണ് മിക്ക ആണുങ്ങൾക്കും എന്ന് അവരുടെ നോട്ടം കണ്ടാൽ .

വിവസ്ത്ര ആക്കും പോലെ .

ചിലപ്പോഴൊക്കെ രണ്ട് പറയാൻ നാവ് തരിക്കാറുള്ളതാ .

പക്ഷെ എന്റെ കെട്ടിയോന്റെ സ്വഭാവവും ഇതാണല്ലോ എന്നോർക്കുമ്പോൾ തല കുമ്പിട്ട് പോകാറാ പതിവ് .

ആരോടാ എന്റെ സങ്കടം പറയുക .

കൂട്ടുകാരികളുടെ മുമ്പിൽ അങ്ങേരെ താഴ്ത്തി കെട്ടാൻ മനസ്സ് അനുവദിക്കുന്നില്ല .

എന്തൊക്കെ കുറ്റം ഒണ്ടേലും മക്കളുടെ അപ്പനല്ലേ .

എല്ലാം സഹിക്കുക അല്ലാതെ എന്ത് ചെയ്യാനാ .

കല്യാണം കഴിഞ്ഞ നാളുകളിൽ ഒരു നിഴൽ പോലെ പുറകെ മാറാതെ പറ്റിക്കൂടി നടന്ന ആളാ .

അന്നൊക്കെ ഞാനായിരുന്നു വഴക്ക് പറയാറ് .

എന്റെ ശ്രീയേട്ടാ നിങ്ങള് നാട്ടാരെ കൊണ്ട് പറയിപ്പിക്കും

എപ്പ നോക്കിയാലും കെട്ടിയോളോട് ഒട്ടി നടക്കണ പെങ്കോന്തനാന്ന് .

അങ്ങനെ അന്നൊക്കെ നാട്ടാരുടെ ഇടയിൽ സംസാരം ഒണ്ടായിരുന്നു എന്ന് ഇപ്പോളാ ഓരോ പെണ്ണുങ്ങൾ പറയുന്നത് .

അന്നും ഈ മനുഷ്യൻ എന്നെ നാണം കെടുത്തി .

ഞങ്ങളുടെ പോക്കും വരവും കണ്ട് പല പെണ്ണുങ്ങളും അടക്കം പറയാറുണ്ടായിരുന്നു പോലും അത്ര ഇഷ്ടവും സ്നേഹവും ആയിരുന്നു അന്നൊക്കെ എന്നോട് ശ്രീയേട്ടന് .

എവിടെയാണ് ജീവിതത്തിൽ പാളിച്ചകൾ വന്നത് .

എന്റെ പെരുമാറ്റത്തിലോ പ്രവർത്തിയിലോ മാറ്റങ്ങൾ വന്നിട്ടുണ്ടോ .

രണ്ട് മക്കളായപ്പോൾ ശ്രീയേട്ടനോട് ഇഷ്ടം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല എന്നിട്ടും .

ഇപ്പം ഒന്ന് കെട്ടിപിടിച്ചാ തന്നെ ദേഷ്യാ എന്നോട് .

ചൂട് എടുക്കണത്രെ .

നീയൊന്ന് മാറിക്കിടക്കോ സാവിത്രിയേ എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാറാ പതിവ് .

ആർക്കറിയാം ഓഫീസിൽ ശ്രീയേട്ടന് വേറെ പെണ്ണുങ്ങൾ ഒണ്ടോന്ന് .

പലവട്ടം ചോദിക്കണമെന്ന് കരുതും .

കൂടുതൽ മാനസ്സികമായി അകലേണ്ടാന്നു കരുതി പല ചോദ്യങ്ങളും മനസ്സിലടക്കാറാ പതിവ് .

പതിനെട്ട് വയസാകുന്നത് നോക്കി ഇരുന്നു കാർന്നോൻമ്മാര് എന്നെ കെട്ടിച്ചു വിടാൻ .

അന്നൊക്കെ കരഞ്ഞ് പറഞ്ഞതാ

എനിക്ക് പഠിച്ചാ മതീന്ന് .

അന്നും അവരുടെ ന്യായമായിരുന്നു പെമ്പിള്ളേരെ പേരുദേഷം വരും മുമ്പേ കെട്ടിച്ചയക്കണമെന്ന് .

കാലം പഴയതല്ലാന്ന് .

ചെറു പ്രായത്തിൽ രണ്ട് മക്കളുടെ അമ്മയായപ്പോൾ വയറും ചുളുങ്ങി മുഖ സൗന്ദര്യവും പോയി

ചിലപ്പോൾ എന്നേപ്പോലെ സങ്കടങ്ങൾ ഉള്ളിലൊതുക്കി കഴിയണോരായിരിക്കും പല ഭാര്യമാരും .

സ്വന്തം കെട്ടിയോന്റെ കുറ്റം ഒരു പെണ്ണും പറയാൻ ഇഷ്ടപ്പെടാറില്ല കിടപ്പറയിൽ എത്ര പുറം തിരിഞ്ഞു കിടന്നാലും .

നെടു വീർപ്പുകളോടെ പകലുകൾ മുഴുവൻ പാത്രങ്ങളോടും അടുക്കളയോടും മല്ലിട്ട് തീയുടെ ചൂടിൽ പല മോഹങ്ങളും എരിഞ്ഞു തീർന്നു കൊണ്ടിരുന്നു .

അടുപ്പിൽ തിളച്ചുതൂകിയ പാലിന്റെ മണം വന്നപ്പോഴായിരുന്നു പരിസര ബോധം വന്നത് .

ഈയിടെയായി പലതും മറന്നു പോകുന്നു .

സാവിത്രിയേ ഒരു ചായ കിട്ടുമോ ഇന്നെങ്കിലും എന്ന ശ്രീയേട്ടന്റെ വിളികേട്ടാണ് ചായക്കു പറഞ്ഞിരുന്നു എന്ന ഓർമ്മ വന്നത് .

മുഖത്തേയ്ക്ക് പാറി വീണ മുടിയിഴകൾ കോതി ഒതുക്കി തിളച്ചുമറിയുന്ന പാലിലേയ്ക്ക് ചായപ്പൊടി ഇട്ട് ഒന്ന് ഇളക്കി .

ഇപ്പോൾ എപ്പോ ചായ കൊടുത്താലും എന്തേലും കുറ്റം കണ്ടെത്തും .

ഒന്നില്ലേൽ മധുരം കൂടിയെന്നും ചിലപ്പോൾ കടുപ്പം തീരെ ഇല്ലാ എന്നും .

ചിലപ്പോൾ ശരിയായിരിക്കും എന്റെ ശ്രദ്ധക്കുറവാകും .

എങ്ങനെ ശ്രദ്ധ കിട്ടാനാ ശരീരം നിൽക്കുന്നിടത്തല്ലല്ലോ മനസ്സുള്ളത് .

പല സംശയങ്ങളുടേയും ഉത്തരങ്ങൾക്ക് പിന്നാലെ മനസ്സ് പായുമ്പോൾ ഞാൻ എന്നെ തന്നെ മറക്കുകയാണ് പലപ്പോഴും .

ഇന്ന് വഴക്ക് കേൾക്കാൻ വയ്യാ .

എല്ലാം വളര ശ്രദ്ധിച്ചാണ് ചായ ഇട്ടത് .

ശ്രീയേട്ടന് കൊടുക്കുമുമ്പേ പഞ്ചാര ഇട്ട് ഇളക്കിയ സ്പൂണിൽ കുറച്ച് ചായ എടുത്ത് രുചിച്ചു നോക്കി…

എല്ലാം ശരിയായ കടുപ്പത്തിലും മധുരവുമേയുള്ളു എന്ന് ഉറപ്പു വരുത്തിയാണ് ചായ ഗ്ലാസുമായി ശ്രീയേട്ടന്റെ അരുകിലേയ്ക്ക് ചെന്നത് .

പത്രത്തിൽ മുഖം പൂഴ്ത്തി ഇരിപ്പാണ് .

ശ്രീയേട്ടാ ഇതാ ചായ എന്ന് ഒന്ന് രണ്ടാവർത്തി പറഞ്ഞതിന് ശേഷമാണ് ചായ ഗ്ലാസ് വാങ്ങിയത് .

മുഖം ഒരു കൊട്ട കണക്കെ വീർത്തിരിപ്പുണ്ട് .

വൈകിയതിന്റെ കൊതിക്കെറുവ് ആണ് .

രണ്ട് മൂന്ന് ഇറക്ക് ചായ കുടിക്കണ വരെ അടുത്ത് നിന്നു .

ഇന്നെങ്കിലും നല്ല ഒരു വാക്ക് പറയുമെന്ന് കരുതി .

ഞാൻ നിൽക്കുന്നത് കണ്ടിട്ടും ദുഷ്ടൻ ഒന്നു നോക്കിയതു പോലും ഇല്ല .

പണ്ടൊക്കെ എന്തൊരു പുകഴ്ത്തിപ്പറയലായിരുന്നു .

ലോകത്ത് ഏറ്റവും രുചിയുള്ള ഭക്ഷണം ഞാൻ മാത്രമേ ഒണ്ടാക്കിയിട്ടുള്ളു എന്ന മട്ടിൽ എന്നെ എത്രയെത്ര പുകഴ്ത്തി പറഞ്ഞ ആളാ ഈ ഇരിക്കുന്നേ .

ഇപ്പം കാഴ്ച നഷ്ടപ്പെട്ട പോലെ എന്നെ കണ്ട മട്ടില്ല .

ദൈവമേ ഇങ്ങനെ ഒരു പെണ്ണിനും ഗതിവരല്ലേ .

ഒരു അടി കിട്ടിയാൽ സഹിക്കാം പക്ഷെ തഴയപ്പെടുന്ന വേദന സഹിക്കാൻ കഴിയില്ല .

പല കെട്ടിയോൻമ്മാരുടേയും ഹൃദയം കല്ലു കൊണ്ടാ ദൈവം ഒണ്ടാക്കിയേക്കണേ എന്ന് തോന്നും .

ശ്രീയേട്ടന്റെ ഈ അവഗണനയാണ് ഇപ്പോ മക്കളെ തന്നെ ശ്രദ്ധിക്കാൻ കഴിയാതെ പോകാൻ കാരണം

മൂത്ത മോൻ എപ്പോഴും പറയും ഈ അമ്മയ്ക്ക് മൂക്കിന്റെ മുമ്പിലാ ദേഷ്യം എന്ന്

ശരിയാണ് ഇപ്പോൾ ചെറിയ കാരണങ്ങൾ മതി അവരോട് ദേഷ്യപ്പെടാൻ .

ഇങ്ങനെ ആണേൽ മക്കളുടെ സ്നേഹവും നഷ്ടമാകും .

എത്ര നിയന്ത്രിച്ചിട്ടും ദേഷ്യം അടക്കാൻ കഴിയണില്ല .

കിടപ്പറയിൽ ഘടികാരസൂചികൾക്കൊപ്പം നെടുനിശ്വാസങ്ങൾ ഉയരുന്ന ഒച്ചകൾ മാത്രമായി പലപ്പോഴും

സംസാരങ്ങൾക്ക് പോലും അളവും തൂക്കവും പോലെ കൃത്യതകൾവന്നു .

പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ മൂളലുകളിൽ ഒതുക്കി ഞങ്ങൾ രണ്ടാളും .

ഇങ്ങനെ ഒരു അർത്ഥമില്ലാത്ത ജീവിതം എന്തിനെന്ന് ചിന്തിച്ചു പോകും പലപ്പോഴും .

മക്കളെ ഓർക്കുമ്പോൾ വഴി പിരിയാനും വയ്യാ .

അല്ല ഞങ്ങളുടെ ഇടയിൽ ഇത്ര വലിയ പ്രശ്നങ്ങൾ ഒണ്ടോ എന്ന് പലപ്പോഴും സ്വയം ചോദിക്കാറുണ്ട് .

എല്ലാം എന്റെ തോന്നലുകൾ ആകാം എന്ന് ആശ്വസിക്കുമ്പോഴും ഇതു പോലുള്ള ഒറ്റപ്പെടുത്തലിൽ ആശ്വാസങ്ങൾ തകർന്നടിയും .

പരസ്പ്പരം പങ്കിട്ടാൽ തീരുന്ന പ്രശ്നങ്ങൾ ആകും പലതും .

പക്ഷെ ചോദിക്കുമ്പോൾ ദേഷ്യപ്പെടുമോ എന്ന പേടിയാൽ മൗനങ്ങളിൽ എല്ലാ സംശയങ്ങളും അടക്കം ചെയ്ത് മനസ്സിൽ ഭദ്രമാക്കി ഒളിപ്പിച്ചു വെച്ചു .

കരച്ചിലും പിഴിച്ചിലുമായി എത്രനാളാ ഇങ്ങനെ തള്ളി നീക്കുക .

ജീവിതത്തിന്റെ നാലിലൊന്ന് കഴിഞ്ഞിട്ടു പോലുമില്ല

വല്ലപ്പോഴും സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ ഒരു അഭിനയം പോലെ ഞങ്ങൾ ഇരുവരും അഭിനയിച്ച് സന്തോഷം നടിക്കും .

അമ്മ എപ്പോഴും പറയും

എന്റെ മോളുടെ ഭാഗ്യമാ ശ്രീക്കുട്ടനെ കിട്ടിയത് എന്ന്

അവർക്ക് ആ പഴയ പെരുമാറ്റത്തിന്റെ ഓർമ്മയിൽ ഇപ്പോഴത്തെ അകൽച്ച കാണാൻ കഴിയുന്നില്ല .

അല്ലേൽ തന്നെ പുതുമോടി എന്നും നിലനിൽക്കില്ലല്ലോ എന്ന തിരിച്ചറിവാണോ അവരെ കൊണ്ട് അങ്ങനെ പറയിപ്പിക്കുന്നത് എന്നും അറിയില്ല .

ചായപാത്രം കഴുകുന്നതിനിടയിൽ ശ്രീയേട്ടനോടുള്ള ദേഷ്യം പാത്രത്തിൽ ആണ് തീർത്തത് .

പല പാത്രങ്ങളുടേയും അടിവശം ചളുങ്ങി അകത്തേയ്ക്ക് തള്ളി നിൽപ്പുണ്ട് .

ചിലതിന്റെ വക്ക് പൊട്ടിയും .

ചായപാത്രത്തിന് ചളുങ്ങിത്തീരാൻ ഇനി സ്ഥലം ഇല്ലാത്തതു പോലെ വികൃതമായി

പുതിയത് ഒന്ന് വാങ്ങി വെച്ചിട്ടുണ്ട് .

വിരുന്നു കാര് ആരേലും വരുമ്പോഴെ പുറത്തെടുക്കു

ഇത് അവര് കണ്ടാ എന്റെ സൂക്ഷക്കുറവിനെയാവും കുറ്റപ്പെടുത്തുക .

ഒരു വീടിന്റെ ഐശ്വര്യം വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളുടെ കഴിവാണെന്നാ പറയാറ് .

കുളി കഴിഞ്ഞ് കണ്ണാടിക്ക് മുമ്പിൽ നിന്നപ്പോഴാണ് ഞാൻ എന്നെ തന്നെ ഒന്ന് പരതി നോക്കിയത് .

രണ്ട് പെറ്റ ശേഷം എന്ത് മാറ്റമാണ് എന്നിൽ വന്നതെന്നും .

ഏറേ നാളായി എന്തിനോ വേണ്ടി ജീവിക്കുന്നതല്ലാതെ എന്നെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നോ .

ഇല്ല സത്യമാണ് .

ആദ്യ പ്രസവത്തിനുശേഷം മോന്റെ ലോകത്തായിരുന്നു ജീവിതം .

അത് കഴിഞ്ഞ് രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ മോളും .

പിന്നെ ഒരു തള്ളയായി എന്ന ചിന്ത മറ്റെല്ലാ ചിന്തകളേയും എന്നിൽ നിന്ന് മാറ്റി വെച്ച് ഒതുങ്ങിക്കൂടിയത് ഞാനല്ലേ .

ശ്രീയേട്ടൻ അന്നേ കളിയാക്കിയിരുന്നു ഒന്നു പെറ്റപ്പോഴെ സാവിത്രിയേ നീ പത്തു പ്രസവിച്ച തള്ളകളേപ്പോലെ ആയല്ലോന്ന് .

ഒന്ന് വെടുപ്പിനും ചന്തത്തിലും നടന്നാ അനക്ക് എന്താന്ന് .

അന്നൊക്കെ ഒരു ചിരിയിൽ ഒതുക്കി എന്റെ സൗന്ദര്യബോധത്തെ നശിപ്പിച്ചത് ഞാനല്ലേ .

ഈ കണ്ണാടിയിൽ പതിഞ്ഞിരിക്കുന്ന രൂപത്തെ എനിക്ക് തന്നെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ .

ഇല്ലാത്ത ആധികൾ പെരുപ്പിച്ച് എന്റെ ശരീരത്തിനെ ഞാൻ നശിപ്പിക്കുകയായിരുന്നോ .

എന്റെ കണ്ണുകളിൽ നോക്കി ഇരിക്കാൻ എന്ത് രസമാണ് എന്ന് പറഞ്ഞിരുന്ന ശ്രീയേട്ടൻ ഇപ്പോൾ ഒന്ന് നോക്കാത്തതിൽ പരിഭവം പറഞ്ഞിട്ട് എന്താ കാര്യം .

കണ്ണുകൾ കുഴിഞ്ഞൊട്ടി .

കവിളുകൾ ചുവന്ന് തുടുത്തിരുന്നതാ .

ഇന്ന് അവിടെ നാഴി അരി ഇട്ടു നിറയ്ക്കാൻ പാകത്തിൽ ഒട്ടിപ്പോയി .

ശ്രീയേട്ടൻ പലപ്പോഴും പറയാറുണ്ടായിരുന്നില്ലേ

സാവിത്രിയേ മക്കളായപ്പോൾ നീ നിന്റെ ശരീരത്തെ മറക്കുന്നു എന്ന് .

പലപ്പോഴും പല ആവശ്യങ്ങൾക്കും ഞാനല്ലേ ഒഴിഞ്ഞു മാറി അദേഹത്തിൽ നിന്ന് അകലം പാലിച്ചത് മക്കളൊക്കെയായി ഇനി കുറച്ച് അടക്കവും ഒതുക്കവും ഒക്കെ വേണമെന്ന് പറഞ്ഞ് പിൻതിരിപ്പിച്ചത്

തെറ്റായ ചിന്തകളിലേയ്ക്ക് ശ്രീയേട്ടനെ കൊണ്ടുപോകാൻ ഞാൻ ഒരു കാരണമായിട്ടുണ്ടോ .

സ്വയം വിലയിരുത്തിയും പിറുപിറുത്തും എത്ര നേരം കണ്ണാടിക്ക് മുമ്പിൽ ചിലവഴിച്ചു എന്നറിയില്ല .

ഇനിയും ഇങ്ങനെ തോറ്റ് ജീവിക്കാൻ കഴിയില്ല .

ആ പഴയകാലത്തെ ജീവിതം പൂർണ്ണമായി വീണ്ടെടുക്കാൻ കഴിയില്ലെങ്കിലും കുറച്ചൊക്കെ കൈവശപ്പെടുത്തണം .

പണ്ടേ ഇഷ്ടമല്ല ശ്രീയേട്ടന് എണ്ണതേച്ച് പരത്തി പതിപ്പിച്ച് കെട്ടിവെച്ച മുഖം .

പ്രസവശേഷം അത് പതിവാക്കി .

അമ്മയുടെ നിർബന്ധമായിരുന്നു പ്രസവിച്ച പെങ്കുട്ടികൾ നല്ലോണം എണ്ണതേച്ച് കുളിക്കണമെന്ന് .

കാച്ചെണ്ണയുടെ ഗന്ധമായിരുന്നു അന്നൊക്കെ എന്നെ .

അന്നേ പറയാറുണ്ട് ന്റെ സാവിത്രി നീയും പണ്ടത്തെ ആൾക്കാരെപ്പോലെ ആയാ എങ്ങിനാ .

കാലം മാറിയത് അവർക്ക് അറിയില്ലേലും നീ ഈ നൂറ്റാണ്ടിലല്ലേ ജീവിക്കണെ .

പേറും കഴിഞ്ഞു മക്കളും ഇത്രറ്റമായി എന്നിട്ടും നീ ഇന്നും പഴയ തലമുറക്കാരെപ്പോലെ .

അനക്ക് എന്താ പറ്റിയേ രണ്ട് പെറ്റതോടേന്ന് .

അന്നൊന്നും ഇങ്ങേരുടെ വാക്കുകളെ ഉൾക്കൊള്ളാതെ ചിരിച്ചതെ ഉള്ളൂ .

എന്നോ മേടിച്ചു വെച്ച കൺമഷി കണ്ണാടിക്കു മുമ്പിലെ മേശയിൽ കിടക്കുന്നതു കണ്ടു .

അതെടുത്ത് തുറന്നു നോക്കി ഒന്നോ രണ്ടോ പ്രാവശ്യമേ അത് ഉപയോഗിച്ചിട്ടുള്ളു .

കണ്ണുകൾ വിടർത്തി കൺപോളകളിൽ എഴുതിയപ്പോൾ ചെറു നീറ്റൽ പടർന്നു .

പണ്ടൊക്കെ കണ്ണുനീറുന്നു എന്ന് പറയുമ്പോൾ ശ്രീയേട്ടൻ ഊതിതരാറുള്ള കാര്യമാണ് വേഗം ഓർമ്മ വന്നത് .

പതിവില്ലാത്ത വണ്ണം ഷാംബു ഇട്ട് മുടി നന്നായി കഴുകി എണ്ണമയമില്ലാതെയാക്കി

ഫാനിന്റെ ചോട്ടിൽ ഇരുന്ന് ഉണക്കുമ്പോൾ മോൾ അടുത്തു വന്ന് പതിവില്ലാത്ത കാഴ്ച കണ്ടതു പോലെ നോക്കി നിന്നു .

ഇന്നെന്താ അമ്മേ മുടി അഴിച്ചിട്ടേക്കുന്നേ എന്ന ചോദ്യവുമായി എന്റെ മടിയിൽ കയറി ഇരുന്നു .

ഒന്നും പറയാതെ കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോൾ അവൾ ഇറങ്ങി ഓടി .

പതിവില്ലാത്ത എന്റെ സ്നേഹം കിട്ടിയതു കൊണ്ടാകാം .

അവൾ തിരികെ വന്നത് അവളുടെ പൊട്ടുകൾ സൂക്ഷിക്കുന്ന ചെറിയ ബോക്സുമായി ആണ് .

അടുത്തു വന്നിരുന്ന് അവൾ പതിയെ കൊഞ്ചിപ്പറഞ്ഞു .

അമ്മയ്ക്ക് ഞാനൊരു പൊട്ട് തൊടട്ടേന്ന് .

നെറ്റിയിൽ സിന്ദൂരം ഇടുന്നതല്ലാതെ പൊട്ടുകുത്താറില്ലായിരുന്നു .

ഞാൻ മറുപടി പറയും മുമ്പേ അവൾ തന്നെ ചുവന്ന ഒരു പൊട്ടെടുത്ത് നെറ്റിയിൽ ഒട്ടിച്ചു .

പണ്ടേ പൗഡർ ഇടാറില്ലായിരുന്നു .

അത് ഇന്നും വേണ്ടെന്നു വെച്ചു .

മുടി ഈരി ക്കെട്ടിക്കഴിഞ്ഞ് വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോൾ എന്തൊക്കയോ മാറ്റങ്ങൾ എന്നിൽ വന്നതു പോലെ .

കണ്ണുകൾക്ക് പഴയ തിളക്കം വീണ്ടുകിട്ടിയ സന്തോഷം .

മോള് തന്നെ ഉറക്കെ പറയാൻ തുടങ്ങി അമ്മയെ കാണാൻ ഇപ്പോ നല്ല രസാന്ന്

മുറിക്ക് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ വേറെ ആരെയോ പുതിയതായി കണ്ടതുപോലെ എന്നെ തുറിച്ച് നോക്കുന്നുണ്ട് ശ്രീയേട്ടൻ .

പുറത്തു പോകുമ്പോൾ പെങ്കുട്ടിയോളെ നോക്കുന്നതു പോലെ .

ചുണ്ടിൽ പതിവില്ലാത്ത ഒരു പുഞ്ചിരി .

ഒന്നും കണ്ടില്ലാത്ത മട്ടിൽ അടുക്കളയിലേയ്ക്ക് പോയപ്പോൾ ശ്രീയേട്ടനും പുറകെ വന്നു .

എന്റെ മുമ്പിൽ വന്നു നിന്ന് കണ്ണുകളിലേയ്ക്ക് നോക്കി .

സാവിത്രിയേ നിന്റെ കണ്ണുകൾക്ക് ആ പഴയകാലത്തെ ചന്തവുമായി അനക്ക് എന്താ ഇപ്പം ഇങ്ങനെ മാറ്റം വരാൻ കാരണം .

ആകാംക്ഷയും കൗതുകവും ആ മുഖത്ത് മിന്നിമറയുന്നത് കാണാം .

ഇപ്പം കാണാൻ ഇത്തിരി വെടുപ്പും മോറുമായല്ലോന്ന് വീണ്ടും പറയുന്നത് കേട്ടു .

അതു കേട്ടാവണം എന്റെ കണ്ണുകളിലെ തിളക്കം കൂടിയത് ഒന്നുകൂടെ .

അപ്പോൾ അറിയാതെ നിറഞ്ഞൊഴുകി .

അത് സങ്കടത്തിന്റെ കണ്ണുനീരായിരുന്നില്ല .

സന്തോഷകരമായ ജീവിതം തിരിച്ചു കിട്ടിയതിലുള്ള അടയാളമായിരുന്നു .

ഒന്നുമറിയാതെ മക്കൾ എല്ലാം നോക്കി നിൽപ്പുണ്ടായിരുന്നു കുറച്ചു മാറി .

മൂകമായ സന്ധ്യകൾ മാറി ഒച്ചയും ചിരികളും വർത്തമാനങ്ങളുമായി പിന്നേയും ഓരോ പുലരിയും പിറന്നു കൊണ്ടിരുന്നു .

പരിഭവങ്ങളേക്കാൾ സ്നേഹത്തിന്റെ വാക്കുകളും

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : അനിൽ ഇരിട്ടി