അയാളുടെ കണ്ണുകൾ, അവളുടെ ഉടലിൽ മേയുകയായിരുന്നു. ആ കാഴ്ച്ച, ബിജിയുടെ മുഖത്തേ പരുഷതയേ ഇരട്ടിപ്പിച്ചു…

രചന : രഘു കുന്നുമക്കര പുതുക്കാട്

മതിൽ

****************

വീതി കുറഞ്ഞ പഞ്ചായത്തുവഴിയുടെ ഓരത്തായി, ആ വലിയ പറമ്പ് പലതായി വിഭജിക്കപ്പെട്ടു കിടന്നു

പത്തു സെൻ്റിൻ്റെയും ആറു സെൻ്റിൻ്റേയും പ്ലോട്ടുകൾ

മുൻവശത്തെ ചതുരങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന പന്ത്രണ്ടടി വീതിയുള്ള ഇടവഴി.

പ്ലോട്ടുകൾ അവസാനിക്കുന്നിടത്ത്, തെല്ലു നീങ്ങി തീരെ ചെറിയ ഒരോടു വീടു നിൽപ്പുണ്ട്.

അതിനെ പിൻപറ്റി അനേകം കുഞ്ഞുവീടുകൾ.

മിക്കതും സർക്കാർ സഹായം കൊണ്ടു നിർമ്മിച്ചതാണെന്ന ആലേഖനം പേറിയവ.

ഇനിയും നാമാവശേഷമാകാത്ത ഹരിതാഭകൾക്കിടയിൽ ഭൂമിയുടെ ഭാഗിക്കപ്പെട്ട ചതുരയിടങ്ങൾ നഗ്നമായി നിന്നു.

അതിരിന്നപ്പുറത്ത് കാലം തഴച്ചുവളർത്തിയ വൃക്ഷത്തലപ്പുകൾ കാറ്റിലുലഞ്ഞു കൊണ്ടിരുന്നു.

അരികു ചേർത്തു നിർത്തിയ കാറിൽ നിന്നും ആദ്യമിറങ്ങിയത് ബിജിയാണ്.

പിന്നേ, അനൂപും….

“ഓരോ തവണ വരുമ്പോളും, ഈ സ്ഥലത്തോടുള്ള ഇഷ്ടം കൂടി വരുന്നു. ടൗണിൽ നിന്നും രണ്ടു കിലോമീറ്റർ അകലേ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ഒരു ഭൂമി തന്നെയായിരുന്നു, എൻ്റെയും സ്വപ്നം. നോക്കൂ ബിജീ, ഉച്ചയാകാറായിട്ടും ഇവിടുത്തെ വെയിലിനു ചൂടില്ല.

മരങ്ങൾക്കിടയിലൂടെ വെയിലു വരണില്ലാന്നുള്ളതാണ് സത്യം.

നമ്മുടെ അകമുറിയെല്ലാം അതിരാവിലെത്തന്നേ ഉഷ്ണം നിറഞ്ഞു നിൽക്കും.

വാഹനങ്ങളുടെ പുകയും, മുരൾച്ചയും എത്ര അസ്വസ്ഥതയാണ് തരാറ്..

ഇവിടം എത്ര വ്യത്യസ്തമാണ്…

രണ്ടു കിലോമീറ്ററിനപ്പുറത്തേ നമ്മുടെ നഗരത്തിൻ്റെ യാതൊരു കെടുതികളുമില്ലാത്തയിടം…

ഈ ഭൂമി, പ്ലോട്ടുകളായി മാറിയിരുന്നില്ലെങ്കിൽ, ഇവിടെയും പച്ചപ്പിൻ്റെ നിബിഢത കണ്ടേനേ…

വീടു പണിതു കഴിഞ്ഞ് നമുക്ക് പറ്റാവുന്നത്ര ചെടികളും മരങ്ങളും നടാം….

തണലുണ്ടാകട്ടേ…..”

പുതുതായി കുഴിച്ച കിണറിന്നരികിലേക്കു നടക്കുമ്പോൾ, അനൂപിൻ്റെ വാക്കുകളിൽ സന്തോഷവും സംതൃപ്തിയും നിറഞ്ഞു.

പക്ഷേ,

ബിജിയുടെ മുഖത്ത് ഭാവഭേദങ്ങളുണ്ടായില്ല.

സകലതിനോടും പുച്ഛം എന്ന സ്ഥായിഭാവത്താൽ മുഖം കനത്തു തന്നേയിരുന്നു.

“ടൗണീന്നു പോരാൻ എനിക്കു താൽപ്പര്യമുണ്ടായിട്ടല്ല. പക്ഷേ, അവിടേ തുടർന്നാല് നിങ്ങളുടെ അപ്പച്ഛനും അമ്മച്ചിയും എൻ്റെ തലയിലാകും… ഇംഗ്ലണ്ട്കാരൻ അനിയനും പെണ്ണുമൊക്കെ കൊല്ലത്തിലൊരിക്കലല്ലേ വരണുള്ളൂ, അതും കഷ്ടിച്ച് ഒരു മാസം….

വരുമ്പോളൊക്കെ അവര് വിരുന്നുകാര്…

പോണ വരേ, നിങ്ങടെ അനിയത്തി അടുക്കളേ കേറാറുണ്ടോ…?

അടിയ്ക്കാനും, തുടയ്ക്കാനും ആളെ വച്ചിട്ടുണ്ടെന്നത് വാസ്തവം തന്നേ…

പക്ഷേ, അടുക്കളേല് ഞാൻ തന്നേ വേണ്ടേ….

നമ്മള്, ഇങ്ങോട്ടു താമസം മാറുമ്പോൾ, അവൻ ഒരാറുമാസം ഇവറ്റകളേ കൊണ്ടുപോയി നോക്കട്ടേ…. അപ്പോ അറിയാം, ഈ ചേച്ചി അനുഭവിക്കുന്ന സുഖം…. കഴിഞ്ഞ തവണ നിങ്ങടെ അനിയൻ്റെ പെണ്ണിന്, പാത്രം മോറാൻ വയ്യാന്ന്… അവൾടെ നെയിൽ പോളീഷ് പോവുംന്ന്…

ഞാൻ, പറയണില്ല… പറഞ്ഞാൽ കൂടിപ്പോകും….”

പുത്തൻ കിണറിൻ്റെ ചുറ്റും മണ്ണും, പാറക്കഷ്ണങ്ങളും കുന്നുകൂടിക്കിടന്നു.

മണ്ണു വലിച്ചുയർത്താൻ കെട്ടിയ തുടിക്കാലുകൾ ഇളക്കി മാറ്റിയിട്ടുണ്ടായില്ല

തുടിക്കാലിൽ പിടിച്ചു അനൂപ് കിണറ്റിലേക്ക് എത്തിച്ചു നോക്കി…

വളരേ അവധാനതയോടെ, ബിജിയും കിണറകം കണ്ടു.

“നല്ല കണ്ണീരു പോലെ തെളിഞ്ഞ വെള്ളം, പാറയിടുക്കിൽ നിന്നും വരുന്ന ഉറവയായതിനാൽ നല്ല രുചിയും കുളിരുമുണ്ടാകും… താഴ്ത്തി വന്നപ്പോൾ, പാറ കണ്ടു വ്യസനിച്ചതാ…. പൊട്ടിച്ചപ്പോൾ സമൃദ്ധിയായി വെള്ളം കിട്ടി…..

ഭാഗ്യം…..”

അനൂപ് പറഞ്ഞു നിർത്തി.

അവരങ്ങനേ കിണറ്റരികിൽ നിൽക്കുന്ന നേരത്താണ്, അപ്പുറത്തേ ഓടുവീട്ടിൽ നിന്നും രണ്ടു പേർ അവർക്കരികിലെത്തിയത്.

അമ്പതുകൾ പിന്നിട്ട ഒരു സ്ത്രീയും, കൂടെയൊരു യുവതിയും…

അമ്മയും മകളുമാണെന്നു,

മുഖച്ഛായ പറയാതെ പറയുന്നുണ്ടായിരുന്നു.

അനൂപ്, അവരേ അടിമുടി നോക്കി.

നാടകത്തിനു വേണ്ടി ചമയം ചാലിച്ച പോലുള്ള നരയുമായി ഒരമ്മ.

കഴിഞ്ഞ കാലത്തെ ദുരിതപർവ്വങ്ങൾ സമ്മാനിച്ചതാകാം ഈ മഞ്ഞച്ച നര…

അവരുടെ തിളക്കം നഷ്ടപ്പെട്ട കണ്ണുകളും പല്ലുകളും ആ ജീവിതത്തേ എടുത്തു കാട്ടുന്നുണ്ട്….

മകൾ അതിസുന്ദരിയാണ്…

ഇരുപതു കഴിഞ്ഞിട്ടുണ്ടാകണം.

അവളുടെ പഴകി നിറം മങ്ങിയ ഉടുപ്പിൻ്റെ മുൻവശത്തേ ഹുക്കുകൾ പറിഞ്ഞു പോയിരിക്കുന്നു.

സേഫ്റ്റി പിന്നു കൊണ്ട് അലസമായി കുത്തിയ ഉടുപ്പിൽ നിരതെറ്റി നിന്ന അനാവൃത ഭാഗങ്ങളിലൂടെ, അവളുടെ നിറം പോയ മഞ്ഞച്ച ബ്രാ കാണാം…

അതിസുന്ദരമായ മുഖം, അഴകിനേ ഇരട്ടിപ്പിക്കുന്നു

മിഴിയോരങ്ങളിലെ ഇമനിരകൾ…

മത്സരിച്ചു നിൽക്കുന്ന മാറിടങ്ങൾ…

വടിവുള്ള ഉടലിൽ ചമയങ്ങളില്ലായിരുന്നു.

അടിപ്പാവാടയോടു ചേർത്തു കുത്തിയ ഉടുപ്പിൽ നിന്നും വേറിട്ട് അവളുടെ കണങ്കാലുകൾ വ്യക്തമായിരുന്നു.

പാദങ്ങളെ ചുറ്റിയ നിറം മങ്ങിയ വെള്ളിപ്പാദസരങ്ങളും.

അനൂപ്, ബിജിയേ നോക്കി….

അവളുടെ ശുഷ്കിച്ച മാറിടങ്ങളോടും, ഡയറ്റു ചെയ്തു നേടിയ ചടച്ചു മെലിഞ്ഞ അരക്കെട്ടിനോടും അയാൾക്ക് എന്തെന്നില്ലാത്ത വിരക്തി തോന്നി.

അയാളുടെ കണ്ണുകൾ, പാവപ്പെട്ട വീട്ടിലെ പെണ്ണിൻ്റെ നെഞ്ചിൽത്തന്നേ തറഞ്ഞു നിന്നു.

“മക്കളുടെ അപ്പച്ഛന് ടൗണിലെ തുണിക്കടയല്ലേ…?

ഇപ്പോ നിങ്ങള് രണ്ടു പേരും കടയിലിരിക്കുന്നത് കാണാറുണ്ട്…

ഞങ്ങളും, അവിടെ നിന്നു തന്നെയാണ് വസ്ത്രങ്ങളെടുക്കാറ്.

കൊല്ലത്തില്, ഓണത്തിനും മറ്റുമൊക്കെയാണ് ഡ്രസ് എടുക്കാറ്…

ഞാൻ വിജയമ്മ, ഇതെൻ്റെ മോള് സുനിത…

ഇവള് ടൗണിലെ മെഡിക്കൽ ഷോപ്പില് നിൽക്കണുണ്ട്

ഇവൾക്കൊരു ചേച്ചിയുണ്ട്,

അവളെ പാലക്കാട്ടേക്കാണ് കെട്ടിച്ചു വിട്ടിരിക്കുന്നത്.

ഇവരുടെ അച്ഛന് തെങ്ങുകയറ്റമാണ്…”

വിജയമ്മ ഒന്നു നിർത്തി.

സുനിത അവർക്കു പുറകിലായി ഒതുങ്ങി നിന്നു.

അനൂപിൻ്റെ കണ്ണുകൾ, സുനിതയുടെ ഉടലിൽ മേയുകയായിരുന്നു.

ആ കാഴ്ച്ച, ബിജിയുടെ മുഖത്തേ പരുഷതയേ ഇരട്ടിപ്പിച്ചു.

വിരലുകൾക്കിടയിലൂടെ മുറുക്കാൻ നീട്ടീത്തുപ്പി,

ഉടുമുണ്ടിൻ്റെ കോന്തല കൊണ്ട് മുഖം തുടച്ച് വിജയമ്മ പുഞ്ചിരിച്ചു.

അപ്പോൾ, അവരുടുത്ത തറ്റിൻ്റെ മലിനത വെളിവാകുന്നുണ്ടായിരുന്നു.

ഞങ്ങൾക്ക് ആകെ മൂന്നര സെൻ്റ് ഭൂമിയേയുള്ളൂ…

കൂടെയുണ്ടായിരുന്നവരിൽ പലരും തെറ്റില്ലാത്ത വില കിട്ടിയപ്പോൾ സ്വന്തം സ്ഥലം വിറ്റു അകലങ്ങളിലേക്കു പോയി.

ഈ മൂന്നര സെൻ്റും, ഈ പ്ലോട്ടിനോടു ചേർക്കാൻ ഇതിൻ്റെ ഉടമസ്ഥർ ചോദിച്ചതാണ്….

പക്ഷേ, ഞങ്ങള് കൊടുത്തില്ല.

പിറന്ന നാടുവിട്ട് എങ്ങോട്ടു പോകാൻ…

ഞങ്ങൾക്ക് കുടിവെള്ളത്തിന് സർക്കാരിൻ്റെ പൈപ്പുകണക്ഷൻ ഉണ്ട്…

എങ്കിലും, ഇത്തിരി നല്ല വെള്ളം കുടിക്കാനായി കുറേ അകലേയുള്ള കിണറ്റീന്ന് ദിവസവും മൂന്നുനാലു ബക്കറ്റ് വെള്ളം കോരിക്കൊണ്ടു വരികയാണ് പതിവ്

ഒരു കിണർ കുഴിക്കാന്നു വച്ചാൽ, ഈ മൂന്നര സെൻ്റിൽ എവിടെയാണു ഇടം ബാക്കി…..

ഇനിയിപ്പോൾ നാലു ചുവടു നടന്നാൽ മതീലോ നല്ല വെള്ളമെടുക്കാൻ….

പാറ വന്നൂന്നറിഞ്ഞപ്പോൾ ഞങ്ങളും പ്രാർത്ഥിച്ചു.

പൊട്ടിക്കുമ്പോൾ വെള്ളം കിട്ടാനായി….

മക്കൾക്ക് ഭാഗ്യമുണ്ട്….

ഇവിടെ പലർക്കും പാറപൊട്ടിച്ചിട്ടും നിരാശയായിരുന്നു ഫലം….”

ഇത്തവണ മറുപടിയുണ്ടായത് ബിജിയിൽ നിന്നാണ്.

“പ്രാർത്ഥനകൾക്കെല്ലാം നന്ദി, ചേട്ടത്തീ… നാളെ മുതൽ വീടു പണി ആരംഭിക്കും. തറ കോരാനും,

കല്ലിടാനുമെല്ലാം തുടങ്ങും. ഇനി നമുക്ക് പതിവായി കാണാല്ലോ… ഞങ്ങള് പോവ്വാ…. നാളെ വരാം ട്ടാ….”

വിജയമ്മയുടെ മുഖം പ്രസന്നമായി…

“മോളെ നാളെ ഞങ്ങള് പാലക്കാട്ടേക്കു പോകും.

മൂത്ത മോളുടെ വീട്ടിലേക്ക്…. ഒരാഴ്ച്ച കഴിഞ്ഞേ വരൂ…. എന്നിട്ടു കാണാം ട്ടാ…”

വിജയമ്മയും സുനിതയും തിരിഞ്ഞു നടന്നു.

സുനിതയുടെ കേശഭാരവും, പിൻപുറ സമൃദ്ധിയും ആസ്വദിച്ചു നിൽക്കുന്ന അനൂപിൻ്റെ കാതുകളിലേക്ക് ബിജിയുടെ വാക്കുകൾ വന്നു വീണു.

“മതി, ആ പെണ്ണിനെ നോക്കീത്…. അതിൻ്റെ ഉടുപ്പു കരിഞ്ഞു പോകും ഇങ്ങനേ തുറിച്ചു നോക്കിയാല്…. ഉണ്ണാനും, ഉടുക്കാനുമില്ലെങ്കിലും അവളുടെ കൊഴുപ്പു കണ്ടില്ലേ…

എന്തൂട്ടാ, നിങ്ങൾക്ക് ഇത്ര നോക്കാനുള്ളേ… നിങ്ങളെത്ര പ്രഗത്ഭനായാലും, എനിക്ക് നിങ്ങളോട് പുച്ഛമേയുള്ളൂ….”

ബിജി കാറിൽ കയറി, ഡോർ വലിച്ചടച്ചു.

അനൂപും അതാവർത്തിച്ചു.

കാർ, പൊടിപറത്തി മുന്നോട്ടു പാഞ്ഞു.

അനൂപ് ബിജിയേ പാളി നോക്കി…

“ഇതൊരു ബിരുദാനന്തര ബിരുദക്കാരിയാണോ….

നല്ല സംസ്കാരമുള്ള ഭാഷ….”

അയാൾ മനസ്സിൽ പിറുപിറുത്തു.

ഒരാഴ്ച്ച കഴിഞ്ഞ്, വിജയമ്മയും ഭർത്താവും സുനിതയും പാലക്കാട്ടു നിന്നും വന്നു.

മുൻവാതിൽ തുറന്ന്, അടുക്കളയിലെത്തിയപ്പോളേ കേട്ടു.

അങ്ങേപ്പറമ്പിലെ വീടു പണിയുടെ മേളങ്ങൾ….

പണിക്കാരുടെ കലപിലകൾ…..

“തറകെട്ട് എന്തോരായീന്ന് നോക്കട്ടേ, തുടിക്കാലുണ്ടെങ്കില് രണ്ടു കുടം വെള്ളോം കോരാം….”

സ്വയം പറഞ്ഞു കൊണ്ട് വിജയമ്മ വാതിൽ തുറന്നു.

ഭർത്താവും മകളും അവരെ അനുഗമിച്ചു.

അടുക്കള വാതിൽ തുറന്ന് അവർ പര്യമ്പുറത്തേക്കിറങ്ങി,

വീടു പണിയുന്നിടത്തേക്കു നോക്കി.

അവരുടെ കാഴ്ച്ചകളെ മറച്ചുകൊണ്ട് ഒരു മതിലുയർന്നിരുന്നു.

ചെറുതല്ല, രണ്ടാളുയരത്തിലുള്ള കൂറ്റൻ കോൺക്രീറ്റ് മതിൽ…..

അതിനപ്പുറത്തു നിന്നും, തൊഴിലാളികളുടെ ആർപ്പും ബഹളവും തുടർന്നു കൊണ്ടേയിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രഘു കുന്നുമക്കര പുതുക്കാട്