അമ്മ എന്നും എവിടേക്കാ പോകുന്നത്, ഈ പ്രായത്തിലും അമ്മ ജോലിക്ക് പോകുകയാണോ.. എന്ന് ചോദിച്ചപ്പോൾ ആ അമ്മ…

രചന : മഹാ ദേവൻ

അന്നും ഓഫീസിലേക്ക് പോകാനായി ബസ്സ് കയറുമ്പോൾ മുന്നിലെ സീറ്റിൽ തന്നെ ഉണ്ടായിരുന്നു ആ അമ്മയും.

ഒരു പുഞ്ചിരിയോടെ ആ അമ്മയുടെ അടുത്തിരിക്കുമ്പോൾ പലപ്പോഴും ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്

” ഈ വയസ്സ് കാലത്തും എന്നും എങ്ങോട്ട് ആണ് പോകുന്നത് ” എന്ന്.

പക്ഷേ, ഇന്ന് വരെ ആ അമ്മ സംസാരിക്കുന്നത് കണ്ടിട്ടില്ല. കേറുമ്പോൾ നൽകുന്ന ആ പുഞ്ചിരിക്കപ്പുറം ഇറങ്ങാനുള്ള സ്ഥലം എത്തുന്നത് വരെ മൗനമായിരിക്കും.

എത്രയോ ദിവസ്സങ്ങളായി കാണുന്ന കാഴ്ച.

എന്നും അവർക്കരികിൽ തന്നെ ആണ് ഇരിക്കുന്നതും.

എന്നിട്ടും ഇതുവരെ ഒന്നും ചോദിക്കുകയോ ആ അമ്മ പറയുകയോ ചെയ്തിട്ടില്ല.

അന്ന് മനസ്സിലുണ്ടായിരുന്നു ഇന്നെങ്കിലും ആ അമ്മയെ ഒന്ന് പരിചയപ്പെടണമെന്ന്.

ഒരു പുഞ്ചിരിയോടെ ” അമ്മ എന്നും എവിടെക്കാ പോകുന്നത് ”

എന്ന് ചോദിച്ചപ്പോൾ ആ മുഖത്തു തെളിഞ്ഞ പുഞ്ചിരിയിലും ഒരു വിഷാദമുണ്ടായിരുന്നു.

“ഈ പ്രായത്തിലും അമ്മ ജോലിക്ക് പോകുകയാണോ..?

എന്നും ഈ ബസ്സിൽ അമ്മയെ കാണാറുള്ളത് കൊണ്ട് ചോതിച്ചതാ. !

മക്കളൊന്നും ഇല്ലേ അമ്മക്ക്? ”

അമ്മയോടൊപ്പം ചേർന്നിരുന്ന് ഓരോന്നും ചോദിക്കുമ്പോൾ ആ മുഖത്തു പുഞ്ചിരി മാറാതെ നിൽപ്പുണ്ടായിരുന്നു…

” ഞാൻ എന്റെ ഭർത്താവിനെ കാണാൻ പോകുന്നതാ മോളെ ”

എന്ന് വ്യസനത്തോടെ അമ്മ മറുപടി പറഞ്ഞപ്പോൾ ആ മുഖം ഒന്ന് വാടിയിരുന്നു.

“അവർക്ക് എന്ത് പറ്റി ? എന്തെങ്കിലും വയ്യായ്ക വന്നിട്ട് ഹോസ്പിറ്റലിൽ ആണോ അമ്മേ? കൂടെ മക്കൾ ആരെങ്കിലും ഉണ്ടോ? ”

ചോദിക്കുമ്പോൾ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടികൊണ്ട് അവരൊന്നു നോക്കി,

” മക്കളുണ്ട് മോളെ.. അതുകൊണ്ടാണ് അമ്മക്ക് ഈ യാത്ര ചെയ്യേണ്ടി വരുന്നതും.

ജീവിച്ചു തുടങ്ങിയ കാലം മുതൽ ഞങ്ങൾ ഒരു പിണക്കം കൊണ്ട് പോലും വേർപിരിഞ്ഞിട്ടില്ല.

പക്ഷേ, മക്കൾ വലുതായപ്പോൾ ഞങ്ങളെ വേർപിരിച്ചു.

അമ്മ വീട്ടിലും അച്ഛൻ വൃദ്ധസദനത്തിലും കിടന്ന് നരകിക്കട്ടെ എന്ന് വിധിയെഴുതി മക്കൾ.

ഞങ്ങൾ ഒന്നിച്ചു നിന്നാൽ അവിടെ ഞങ്ങൾ സന്തോഷിച്ചാലോ എന്ന് കരുതിയാവും.

വീട് ഭാഗം വെക്കുമ്പോൾ മൂല്യം കൂടിയ വകയിൽ എന്നെ ഏറ്റെടുക്കാൻ ആളുണ്ടായി.

രണ്ടാമത്തെ മകന്റെ പറക്കമുറ്റാത്ത കുട്ടികളെ നോക്കാൻ ഒരു വേലക്കാരി ഇനി എന്തിനെന്നു ചിന്തിച്ചിട്ടുണ്ടാകും .

അവരെ നോക്കാനും മക്കൾ ജോലിക്ക് പോകുമ്പോൾ വീട് നോക്കാനും അമ്മ നല്ലതാണെന്നു തോന്നിയത് കൊണ്ട് അമ്മക്ക് മൂല്യം കൂടി. ഏറ്റെടുക്കാൻ ആളും ഉണ്ടായി.

പക്ഷേ, അച്ഛനെ ആർക്കും വേണ്ട മോളെ.

ആവുന്ന കാലത്ത് അധ്വാനിച്ചതിന്റെ കണക്കൊക്കെ പണ്ട് ആയിരുന്നു. ഇപ്പോൾ അത് പറഞ്ഞാൽ മക്കൾ അച്ഛനെന്ന സ്ഥാനമൊക്കെ മറക്കും.

ആവുന്ന കാലത്തു അധ്വാനിച്ചു വളർത്തിയ മക്കൾക്ക് ഇപ്പോൾ അച്ഛനിൽ നിന്ന് ഒരു മൂല്യവും ഇല്ല. മുട്ട് വേദനയും ശ്വാസം മുട്ടലുമായി ഇല്ലാത്ത രോഗങ്ങളില്ല..

അപ്പൊ പിന്നെ അതിനെ ഏറ്റെടുത്താൽ ചിലവ് കൂടുതൽ അല്ലെ.. അത് മാത്രമല്ല, അച്ഛനെ നോക്കാൻ വേണ്ടി ആരേലും നിർത്തണമെങ്കിൽ അവർക്കും കൊടുക്കണ്ടേ ശമ്പളം. അതുകൊണ്ട് മൂത്ത മോൻ അച്ഛനെ വൃദ്ധസദനത്തിൽ ആക്കി.

അത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

” അമ്മ ഉണ്ടല്ലോ അവിടെ. പിന്നെ എന്തിനാണ് ഒരു വേലക്കാരി അച്ഛനെ നോക്കാൻ. അമ്മയോളം വരുമോ മറ്റാരെങ്കിലും ”

മനസ്സിൽ തോന്നിയ സംശയം അമ്മയോട് ചോദിക്കുമ്പോൾ അവരുടെ മുഖത്തൊരു പുച്ഛം കലർന്ന ചിരി ഉണ്ടായിരുന്നു.

” അതിന് അവർ സ്വത്തു ഭാഗം വെക്കുന്നതിനൊപ്പം ഞങ്ങളെയും ഭാഗം വെച്ചില്ലേ മോളെ. അച്ഛൻ മൂത്ത മകന്റ കൂടെ.. അമ്മ ചെറിയവന്റെ കൂടെ എന്ന്.

അപ്പഴും ഞാൻ ചോദിച്ചതാണ് അച്ഛനെ നമ്മുടെ കൂടെ നിർത്തിക്കൂടെ മോനെ എന്ന്.

അപ്പോ ഇളയ മകൻ പറഞ്ഞത് എന്താണെന്ന് അറിയോ

അത് ഏട്ടന്റെ ഭാഗം ആണ്. അതുംകൂടി എനിക്ക് ഏറ്റെടുക്കാൻ വയ്യെന്ന്.

അതെ ചോദ്യം മൂത്തവനോടും ചോദിച്ചു,

അപ്പോൾ അവൻ പറഞ്ഞത് എന്താണെന്ന് അറിയോ

ഭാഗം വെക്കുമ്പോൾ ഉറപ്പിച്ച വാക്കിൽ നിന്ന് മാറാൻ ബുദ്ധിമുട്ട് ഉണ്ടെന്ന്.

അതിനര്ഥം ഇനി ഒരിക്കലും അച്ഛനും അമ്മയും ഒരുമിക്കില്ല എന്നല്ലേ… എത്ര നല്ല മക്കൾ അല്ലെ ”

അമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അത്രയും പറയുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി.

സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കൾ വലുതായപ്പോൾ സ്വന്തം രക്തത്തെ വരെ ഭാഗം വെച്ചെന്ന് കേൾക്കുമ്പോൾ.

ആ അമ്മയോട് അതിനു ശേഷം എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അമ്മക്ക് നേരെ തിരിയുമ്പോൾ എന്നത്തേയും പോലെ ഒരേ ഇരിപ്പായിരുന്നു ആ അമ്മ.

” അമ്മേ, നിങ്ങൾക്ക് അത്ര ഇഷ്ട്ടമായിരുന്നെങ്കിൽ അച്ഛനോടൊപ്പം അവിടേക്ക് പോകാമായിരുന്നില്ലേ.

അവിടെ മക്കളെക്കാൾ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.. അതിലുപരി നിങ്ങൾക്ക് വേര്പിരിയാതെ ജീവിക്കാലോ ” എന്ന് ചോദിക്കുമ്പോളും എന്തോ ആലോചനയിലെന്നോണം ഒരു മറുപടിയും ഉണ്ടായിരുന്നു,

” മോളെ.. വെട്ടിക്കീറുമ്പോളും നഷ്ടത്തിന്റെ കണക്കുകൾ നോക്കുന്ന മക്കൾക്കിടയിൽ അതൊന്നും ഈ ജന്മം ഇനി നടക്കില്ല. അവിടെ കൊടുക്കുന്ന ഡൊണേഷന്റെ വലുപ്പം നോക്കിയാണ് സ്നേഹവും പരിചരണവും. എനിക്ക് വേണ്ടി ഇനി ആരത് ചിലവാക്കാൻ ആണ്. മൂത്തവൻ ഒരാളെ അവിടെ ആക്കിയതിന്റെ കണക്ക് നിരത്തി സങ്കടം പറയുമ്പോൾ അവൻ ഓർക്കുന്നുണ്ടോ എത്രയൊക്കെ ചിലവാക്കി, എത്രയൊക്കെ ഒഴുക്കിയ വിയർപ്പിലൂടെ ആണ് അവനൊക്കെ ഇവിടെ എത്തിയത് എന്ന്.

ഇളയവൻ ആണെങ്കിലും അതിനു നിൽക്കില്ല..

കാരണം എനിക്ക് വേണ്ടി ചിലവാക്കുന്ന ഡൊണേഷനോടൊപ്പം ഇനി നിർത്തേണ്ട ജോലിക്കാരിക്ക് കൊടുക്കേണ്ട ശമ്പളക്കണക്ക് കൂടി അവൻ കൂട്ടിക്കിഴിച്ചു നോക്കിയിട്ടുണ്ടാകും.

അതുകൊണ്ട് അതിയാനേ കാണാൻ പോകുന്നതാ ഞാൻ എന്നും. അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ ആണ് ജീവിക്കുന്നത് തന്നെ.

രാവിലേ അവിടുത്തെ മാവിൻ ചുവട്ടിൽ ഇരിപ്പുണ്ടാകും എന്നെയും കാത്ത് .

ആ നിമിഷങ്ങളിൽ ഞങ്ങൾ അനുഭവിക്കുന്ന സന്തോഷം ഒന്നും ഇപ്പോൾ മക്കൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ”

അമ്മയിൽ നിന്നും വാക്കുകൾ വിതുമ്പലോടെ പുറത്തേക്ക് വരുമ്പോൾ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.

” എല്ലാം ശരിയാകും ” എന്ന് ഒറ്റവാക്കിൽ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് വിഷയം കടിച്ചമർത്തി കണ്ണുകൾ അടച്ചുകൊണ്ട് സീറ്റിലേക്ക് കിടന്നു അമ്മ.

ആ മുഖത്ത്‌ തെളിയുന്ന വിഷമതിന്റെ ഒരു ഭാഗം പോലും മക്കൾ ഇതുവരെ അനുഭവിക്കാത്തതിന്റെ ആണ് ഇങ്ങനെ ഒക്കെ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.

ഇനി ചോദിച്ചു വിഷമിപ്പിക്കേണ്ട എന്ന് കരുതി ആ മുഖത്തേക്ക് നോക്കുമ്പോൾ വിഷമങ്ങൾ ഉള്ളിലൊതുക്കി കിടക്കുന്ന ആ അമ്മയുടെ മുഖം വല്ലാത്തൊരു നൊമ്പരമായി മാറി മനസ്സിൽ.

എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല. എനിക്ക് മുന്നേ ഇറങ്ങാറുള്ള അമ്മയുടെ സ്റ്റോപ്പ്‌ എത്തിയപ്പോൾ ” സ്റ്റോപ്പ്‌ എത്തി അമ്മേ ” എന്നും പറഞ്ഞ് തട്ടിവിളിക്കുമ്പോൾ ഒന്നുമറിയാത്ത ഉറക്കത്തിലേക്ക് ചേക്കേറിയിരുന്നു ആ ശരീരം.

ഇനി ഉണരില്ലെന്ന് ബോധ്യമായപ്പോൾ സഹയാത്രക്കാരോടും കണ്ടക്ടറോടും കാര്യം അവതരിപ്പിക്കുമ്പോൾ അമ്മയുടെ ശരീരത്തെ ഒരു തണുപ്പ് ചുറ്റിപിടിച്ചിരുന്നു.

സഫലമാക്കാത്ത കുറെ മോഹങ്ങളുമായിട്ടാണ് ആ അമ്മ പോയതെന്ന് ഓർക്കുമ്പോൾ മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.

അപ്പോൾ മുന്നിൽ തെളിഞ്ഞു നിന്ന കാഴ്ച അത് മാത്രമായിരുന്നു.

ഒരു മാവിൻചുവട്ടിൽ പ്രിയതമയുടെ വരവും കാത്ത് ഒരാൾ ഇരിപ്പുണ്ട്.

ഒരു പ്രണയത്തിന്റ പാതി.

ഒരിക്കലും മറുപാതി ഇനി വരില്ലെന്ന് അറിയാതെ

ഒരു സ്നേഹത്തിന്റെ പൂക്കാലവും മനസ്സിൽ താലോലിച്ചുകൊണ്ട്.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : മഹാ ദേവൻ