ഈ വയ്യാത്ത നമ്മള് രണ്ടും ആ പൊട്ടിപൊളിഞ്ഞ വീട്ടിൽ എങ്ങനെ ജീവിക്കും, ഒരു നേരം എങ്കിലും ഭക്ഷണം കഴിക്കേണ്ടെ…

രചന : ജോളി ഷാജി…

സുകൃതം

*************

എന്റെ മനുഷ്യാ നിങ്ങൾ എങ്ങോട്ടേക്കാണ് ഈ ഇരുട്ടത്ത് ഓടുന്നത്… എന്റെ കാല് കടച്ചു തുടങ്ങി… ഒന്നാമത് നല്ല തണുപ്പും ഉണ്ട്…

നീ ഒന്ന് വേഗം നടക്കെന്റെ ലക്ഷ്‌മിയേ ഒത്തിരി വൈകിയാൽ ടൗണിലേക്ക് ഒരു ഓട്ടോ പോലും കിട്ടില്ല

ഈ പാതിരക്കു ടൗണിൽ ചെന്നിട്ട് എന്തോ കാണിക്കാൻ ആണ്…

പുലരുവോളം റയിൽവേ സ്റ്റേഷനിൽ എങ്ങാനും കുത്തിയിരിക്കാമല്ലോ…

നിങ്ങള് പറയും പോലെ ഓടാൻ വയ്യെനിക്ക്…

മുട്ടും നടുവ്മൊക്കെ തേഞ്ഞു തീരാറായി…

എന്നിട്ടാണോ മരുമോൾടെ വീട്ടിലെ ജോലി മുഴുവനും ചെയ്തോണ്ട് ഇരുന്നത്…

അത് നമ്മുടെ മോന്റെ വീടല്ലേ…

മോൻ… എന്നിട്ട് കെട്ട്യോള് കയ്യോങ്ങി വന്നിട്ട് അവൻ വായ തുറന്നോടി… ഒരു മകൻ സ്നേഹം… മിണ്ടാതെ ഇങ്ങോട് നടക്ക്..

എന്തൊക്ക ആയാലും ഈ രാത്രി ഇറങ്ങി പോരേണ്ടാരുന്നു…

എങ്കിൽ നീ തിരിച്ചു പൊയ്ക്കോടി.. പോയി മോന്റെ കൂടെ തല്ലു കൊള്ളു… ഞാൻ പോകുവാ…

പൊളിഞ്ഞു വീഴാറായവീടാണ് എങ്കിലും ഒരു തരി മണ്ണ് എന്റെ എന്ന് പറയാൻ ഉണ്ടല്ലോ അവിടെ…

ഈ വയ്യാത്ത നമ്മള് രണ്ടും ആ പൊട്ടിപൊളിഞ്ഞ വീട്ടിൽ എങ്ങനെ ജീവിക്കും…

ഒരു നേരം എങ്കിലും ഭക്ഷണം കഴിക്കേണ്ടെ നമുക്ക്… കൂടാതെ മരുന്ന്..

എടി അതിനല്ലേ സർക്കാർ റേഷൻ തരുന്നത്…

പിന്നെ നമ്മടെ പെൻഷൻ ഇല്ലെടി.. നാട്ടിൽ ഗവണ്മെന്റ് ആശുപത്രിയും ഉണ്ട്‌…

പറഞ്ഞപ്പോൾ തീർന്നു…

വാ കീറിയ ദൈവം ഇര കല്പിക്കുമെടി… ഞാൻ വീഴും വരെ നിന്നെ പട്ടിണിക്കിടില്ല…

സച്ചിയേട്ടൻ ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു നടന്നു… ആ കൈകൾക്കു നാല്പത് കൊല്ലങ്ങൾക്ക് അപ്പുറം ഉണ്ടായിരുന്ന കരുതിനേക്കാൾ കരുതൽ ഉണ്ടെന്ന് ലക്ഷ്മിക് തോന്നി…

റോഡിലൂടെ കുറേ മുന്നോട്ട് നടന്നിട്ടും ഒറ്റ വാഹനം പോലും അവർ കൈ നീട്ടിയിട്ടു നിർത്തുന്നില്ല….

ലക്ഷ്മി കിതക്കാൻ തുടങ്ങി അപ്പോളേക്കും…

ഇത്തിരി ചൂടുവെള്ളം കിട്ടിയെങ്കിൽ കുടിക്കാമായിരുന്നു…

ഈ രാത്രിയിൽ പെരുവഴിയിൽ ചൂട് വെള്ളം അല്ലേ.. ന്റെ ലക്ഷ്മിയേ നീയെന്താ ഒന്നും അറിയാത്ത കൊച്ച് കുട്ട്യേ പോലെ…

നടക്കാൻ വയ്യാതായേക്കുന്നു എനിക്ക്…

എവിടേലും ഒന്ന് ഇരുന്നെങ്കിൽ…

നീ മെല്ലെ നടക്ക് ഏതേലും പീടിക കാണും

വഴിയിൽ അപ്പൊ ഇരിക്കാം..

ദാ ആ വീട്ടിൽ വെളിച്ചം കാണുന്നല്ലോ സുലുവേട്ടാ.. മ്മക്ക് അത്രേടം ചെന്ന് ഇത്തിരി വെള്ളം ചോദിച്ചാല്ലോ…

വേണോ ലക്ഷ്മിയേ ടൗണിൽ എത്തിയാൽ തട്ടുകട കാണും… കാപ്പിയോ വല്ലതും കുടിക്കാമല്ലോ..

അല്പം വെള്ളം കുടിച്ചാൽ കുറച്ച് ആശ്വാസം കിട്ടിയേനെ… അല്ലെങ്കിൽ വേണ്ട നടക്കീൻ..

തന്റെ വാക്കു കേട്ടിട്ട് നടക്കാനും കഴിയണില്ല.. ന്നാ വാ നമുക്ക് അവിടൊന്നു കേറി നോക്കാം…

അവർ ആ വീട്ടു മുറ്റത്തേക്ക് കയറി… വാർപ്പ് വീടെങ്കിലും ചെറിയ ഒരു വീട്… സുകുവേട്ടൻ വീടിന്റെ ഇറയത്തേക്ക് കയറി വാതിലിൽ മുട്ടി… ലക്ഷ്മി അപ്പോളേക്കും ഇറയത്തേക്ക് ഇരുന്നു…

ആരോ അകത്തൂടെ നടക്കുന്ന ശബ്ദം കേൾക്കാം… പെട്ടന്ന് വാതിലിനോട് ചേർന്നുള്ള ജനലിന്റെ പാളികൾ തുറന്നു…ഇറയത്തെ ലൈറ്റും തെളിഞ്ഞു…

ആരാണ് നിങ്ങൾ.. എന്താ ഈ രാത്രിയിൽ…

ഞങ്ങൾ ടൗണിലേക്ക് പോകാൻ ഇറങ്ങിയത് വണ്ടി ഒന്നും ഇത്‌വരെ കിട്ടിയില്ല.. ഓൾക്ക് നല്ല ഷീണം കുറച്ചു വെള്ളം കിട്ടിയെങ്കിൽ…

അപ്പോൾ തന്നെ വാതിൽ തുറന്നു വീട്ടുകാരൻ എന്ന് തോന്നിക്കുന്ന ഇക്കാ ഇറങ്ങി വന്നു…

ഇങ്ങള് ഈ രാത്രിയിൽ എവിടെക്കാണ് യാത്ര..

ഞങ്ങടെ വീട് കുറച്ചു ദൂരെയാണ്… മോന് ഇവിടെ ടൗണിൽ ആണ് ജോലി.. സർക്കാർ ആപ്പീസിൽ ആണ്.. ഓനും കുടുംബവും ഇവിടെ അടുത്തൊരു വീട് വാങ്ങി… ഓന്റെ ഓൾക്ക് ജോലിക്ക് പോകാൻ നേരം കുട്ടികളെ നോക്കാനായി കുറച്ചായി ഞങ്ങൾ കൂടെ ആരുന്നു… ഇപ്പൊ ഒരാവശ്യം വന്നേക്കുന്നു വീട്ടിൽ വരെ പോകാൻ അതിന് ഇറങ്ങിയതാ..

ഈ തണുപ്പിൽ നിൽക്കേണ്ട കേറി വരീൻ..

ഉമ്മാ ലക്ഷ്മിയമ്മയെ അകത്തേക്ക് വിളിച്ചു…

അവർക്കൊപ്പം രണ്ടാളും ഹാളിലേക്ക് കയറി..

നിങ്ങൾ ഇരിക്ക് … പാത്തു ഇജ്ജ് പോയി കാപ്പി എടുക്കു..

ഉമ്മാ വേഗം അടുക്കളയിലേക്ക് പോയി…

ഈ രാത്രിയിൽ നിങ്ങൾ എത്ര വലിയ ആവശ്യം ഉണ്ടെങ്കിലും ഇറങ്ങിയത് ശരിയായില്ല…. അതും ഈ മഴയിൽ… കണ്ടിട്ട് രണ്ടാളും അത്ര നല്ല ആരോഗ്യ സ്ഥിതി ഉള്ളവരും അല്ല…

അദ്ദേഹത്തിന് മറുപടി കൊടുക്കാനാവാതെ സുലുവേട്ടനും ലക്ഷ്മിയും തല കുമ്പിട്ട് ഇരുന്നു…

ഞാൻ ഇദ്ദേഹത്തോട് പറഞ്ഞതാണ് ഇക്കാ ഒരു രാത്രി കൂടി ക്ഷമിക്കെന്ന്.. ആൾക്ക് അതിന് ക്ഷമയില്ല… പെണ്ണുങ്ങൾ സഹിക്കുംപോലെ പുരുഷന് പറ്റില്ലല്ലോ…

അപ്പൊ കാര്യമായി എന്തോ പ്രശ്നം ഉണ്ടായി അല്ലേ… അതാണ് രണ്ടാളും രാത്രി തന്നെ ഇറങ്ങിയത്…

ഉവ്വ്… ഞാൻ ഇവടെ പതിനെട്ടാം വയസ്സിൽ കൂടെ കൂട്ടിയതാ ഇതിനെ.. എന്റെ വീട്ടുകാരെയൊക്ക നോക്കി എന്റെ മക്കളെ നൊന്തു പ്രസവിച്ച് ഇത്രേം ആക്കിയത് ഇവടെ കഷ്ടപ്പാട് കൊണ്ടാണ്…

ഞാൻ നാവുകൊണ്ട് വല്ലതുമൊക്കെ പറയുമെങ്കിലും നുള്ളി നോവിച്ചിട്ടില്ല… കാരണം കുറേ നോവ് ഒരു പെണ്ണ് സഹിക്കുന്നു എന്ന് അറിഞ്ഞവൻ ആണ് ഞാൻ…എന്നിട്ടിപ്പോ അവടെ മേളിൽ മറ്റൊരാൾ കൈവെച്ചാൽ ഞാൻ സമ്മതിക്കണോ… പുലരും മുതൽ പാതിരാ വരെ കുത്തിയിരിക്കാതെ പണിയെടുക്കുന്നുണ്ട്… ന്നിട്ടും മരുമോൾക്ക് തൃപ്തി ആവുന്നില്ല…

എടോ സുകു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. നമ്മുടെയൊക്കെ ചെറുപ്പം പോലെ അല്ല നമ്മടെ കുട്ട്യോൾ… അവർക്ക് എന്നും പണത്തിനാണ് മുൻ‌തൂക്കം അല്ലാതെ ബന്ധങ്ങൾക്ക് അല്ല… അതല്ലേ ഈ കിളവനും കിളവിയും കുറേ കാലായിട്ടു ഒറ്റക്കിവിടെ…

പടച്ചോന്റെ കനിവ് കൊണ്ടും ആയകാലത്തു കാർന്നോന്മാർ പഠിപ്പിച്ച് ഒരു ജോലി ഉണ്ടായിരുന്നത് കൊണ്ടും അതിന്റെ പെൻഷൻ വാങ്ങി ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ട്…

ഇക്കാടെ മക്കളൊക്ക…

ഒറ്റ മോൻ ആരുന്നു… കല്യാണം കഴിച്ചു പതിനൊന്നാം കൊല്ലം പടച്ചോൻ തന്ന ഒറ്റമോൻ…

ഒറ്റമോൻ അല്ലേ അല്പം കൂടുതൽ ലാളിച്ചു സ്നേഹിച്ചു സ്വാതന്ത്ര്യം കൊടുത്തു…

പഠിപ്പിച്ചു നല്ലൊരു ജോലി ആയി.. നല്ലൊരു പെണ്ണ് ഒത്തുവന്നപ്പോൾ അതും കെട്ടിച്ചു കൊടുത്തു…

തൊണ്ണൂറ് തികയും മുന്നേ പറന്നു ഗൾഫിലേക്ക് പണം കുഴിച്ചെടുക്കാൻ.. ആ കുട്ടിയുടെ ഉമ്മയും ഉപ്പയുമൊക്കെ അവിടാ… അല്ല അതിനെ തെറ്റ് പറയാൻ പറ്റില്ലല്ലോ… ഓൾക്കും ഉമ്മയും ഉപ്പയും വലുതല്ലേ…

ഇടക്ക് വരില്ലേ കാണാൻ..

അവിടെ എത്തി കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളുണ്ടായി… മൂന്നും നാലും വർഷങ്ങൾ കൂടുമ്പോളാണ് ആയിറ്റങ്ങളെ ഒന്ന് കാണുന്നത്…

അതും വെറും പത്തോ പതിനഞ്ചോ ദിവസം…

നാട്ടിൽ എത്തിയാൽ പിന്നെ ടൂർ ആവും… മൂന്ന് മാസം ആയി മോന്റെ മൂത്ത കുട്ടീടെ കല്യാണം..

അതും അവിടെ വെച്ച് നടത്തിയെന്ന്… കൊച്ചുമോൾടെ ചെക്കൻ ഇന്നുവരും നാളെ വരും എന്ന് കാത്തിരിക്കുന്ന മൂത്തുമ്മയും ഉപ്പാപ്പയും ഇവിടെ ഉണ്ടെന്ന് അവർക്ക് പറഞ്ഞു കൊടുക്കേണ്ടത് എന്റെ മോനല്ലേ..

അദ്ദേഹം എന്തോ ഓർത്ത് നെടുവീർപ്പിട്ടു.. ചെറുതായി മന്ദഹസിച്ചു..

എന്നും വിളിക്കില്ലേ… കണ്ടു വിളിക്കുന്നത്‌ ഒക്കെ ഇല്ലേ ഇപ്പൊ…

ഓ മൊബൈൽ… എനിക്ക് അതൊന്നും വശമില്ല… ലാൻഡ് ഫോൺ ഉണ്ട്‌ വല്ലപ്പോഴും വിളിക്കും…

ഇപ്പൊ നാല് ദിവസമായി അതും കേടായി കിടക്കുന്നു…

അപ്പോൾ തമ്മിൽ ഭേദം ഞങ്ങൾ ആണല്ലേ…

ഇടക്കൊക്കെ മക്കളെ കാണാം…കൊച്ചുമക്കൾക്കൊപ്പം ഇടക്കൊക്കെ നിൽക്കാൻ പറ്റും…വല്ലപ്പോഴും എന്തെങ്കിലുമൊക്കെ മോൻ തരും..

അത്ര കിട്ടുന്നുണ്ടല്ലോ.. ഭാഗ്യം ആണെടോ…

പറ്റുന്ന കാലത്തോളം മക്കളെ ബുദ്ധിമുട്ടിക്കാൻ പോവാതിരിക്കുക സുകു… ഒരിക്കൽ അവർക്കു മനസ്സിലാവും നമ്മുടെ വിഷമം എന്തായിരുന്നു എന്ന്…

എന്നാ ശെരി.. ഞങ്ങൾ പതുക്കെ നടക്കട്ടെ..

പുലർച്ചെ നാട്ടിലേക്ക് ഒരു ബസ് ഉണ്ട്‌… അതിന് പോകാം…

ഈ സമയത്തോ… ദേ നോക്കു സമയം ഇപ്പൊ പതിനൊന്നു കഴിഞ്ഞു… ഇനിയീ രാത്രിയിൽ നിങ്ങൾക്ക് ഒരു ഓട്ടോ പോലും കിട്ടില്ല.. അതോണ്ട് തത്കാലം ഇവിടെ ഉള്ള സൗകര്യത്തിൽ കിടക്കാം.

നാളെ പുലർന്നിട്ട് എന്ത് ചെയ്യണം എന്ന് നോക്കാം

ആ വാക്കുകൾ സുകുമാരനേക്കാൾ സന്തോഷിപ്പിച്ചത് ലക്ഷ്മി ആയിരുന്നു…

അന്ന് രാത്രിയിൽ ആ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് സുഖമായി അവരുറങ്ങി… പിറ്റേന്ന് രാവിലത്തെ ഭക്ഷണവും കഴിച്ച് അവരോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഇക്കാ രണ്ടോളോടുമായി പറഞ്ഞു…

ഇടക്ക്‌ മക്കൾക്ക്‌ അടുത്തേക്ക് വരുമ്പോൾ ഇവിടേം കേറുക.. വിരുന്നുകാർ ആരും വരാനില്ലാത്ത രണ്ടു ജന്മങ്ങൾ സന്തോഷത്തോടെ നിങ്ങളെ നോക്കിയിരുപ്പുണ്ടാവും…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ജോളി ഷാജി…