അമ്മേ എനിക്ക് ദേവകിയപ്പച്ചിയുടെ മകൾ മീരയെ ഇഷ്ടമാണ്.. വിവാഹം കഴിക്കുന്നെങ്കിൽ മീര മതി…. വിനുവേട്ടന്റെ വാക്കുകൾ കേട്ട് ഞാൻ…

രചന : രമ്യ R

ഒരു മൗനത്തിനപ്പുറം

*****************

പഴയ പുസ്തകങ്ങൾ പൊടിതട്ടിഎടുത്തു ഷെൽഫിൽ വയ്ക്കുന്നതിനിടയിൽ നിലത്തു വീണ ഒരു ആശംസകാർഡ് കയ്യിലെടുത്തു അതിലെ നിറം മങ്ങിതുടങ്ങിയ അക്ഷരങ്ങളിലേക്ക് കൃഷ്ണദേവ് നോക്കി.

“എന്റെ മീരയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ. വിത്ത്‌ എ ലോട്ട് ഓഫ് ലവ് കിച്ചുവേട്ടൻ. ”

മറവിയുടെ കായൽ പോളകളാൽ മൂടി വച്ചിരുന്ന വിങ്ങുന്ന ഓർമ്മകൾ മറനീക്കി പുറത്തു വന്നു.

“എന്താത് കിച്ചു? ”

ലീനയുടെ ശബ്ദം അവനെ ഓർമകളിൽ നിന്നുണർത്തി…

ഉത്തരത്തിനു കാത്ത്‌നില്കാതെ അവൾ ആ കാർഡ് അവന്റെ കയ്യിൽനിന്നും വാങ്ങി നോക്കി…

“ഓ ഇതായിരുന്നു അന്ന് മീരയ്ക്ക് കൊടുക്കാൻ കഴിയാതെ പോയ ആ കാർഡ് അല്ലെ കിച്ചു? ”

“ഉം… ”

അവൻ മൂളി. ഓർമ്മകളോട് പിണങ്ങി ഒരു മിഴിനീർ അവന്റെ കവിളിൽ വീണു പിടഞ്ഞു.

ലീന അവനോടു ചേർന്നു നിന്ന്, ചുണ്ടുകൾ കൊണ്ട് ആ കണ്ണീർ തുടച്ചു.

“ലീന നിനക്ക് എന്നോട് ദേഷ്യം തോന്നുന്നില്ലേ”

“ദേഷ്യമോ എന്തിന്? ”

“മീരയെ ഞാനിപ്പോഴും…….”

കിച്ചുവിനെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ ലീന പറഞ്ഞു “എല്ലാം അറിഞ്ഞുകൊണ്ട് നിന്റെ ജീവിതത്തിലേക്ക് വന്നതാ ഞാൻ. ഒരുപക്ഷെ മീരയോടുള്ള നിന്റെ സ്നേഹം തന്നെ ആവണം എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചത്.

സ്നേഹിക്കാൻ മാത്രം അറിയാവുന്ന നിന്നെ കിട്ടിയത് എന്റെ ഭാഗ്യമാണ്. പിന്നെ…. പിന്നെ…

നമുക്കിടയിലേക്ക് ഇനി ഒരിക്കലും കടന്നുവരാൻ മീരയ്ക്ക് കഴിയില്ലല്ലോ. ”

കിച്ചു അവളെ നെഞ്ചോടു ചേർത്ത് നെറുകയിൽ ചുണ്ടമർത്തി.

എല്ലാം മറക്കാൻ വേണ്ടിയാണ് താൻ ലീനയെ സ്നേഹിച്ചു തുടങ്ങിയത്. ഈ മണലാരണ്യത്തിൽ മനസ്സിൽ വേനൽ മാത്രം ബാക്കിയാക്കി ജീവിച്ച തന്നിൽ അവൾ കുളിർ മഴയായി പെയ്തിറങ്ങിയത് പെട്ടെന്നായിരുന്നു.

ഇതര മതത്തിൽപ്പെട്ട അവളെ സ്വന്തമാക്കിയത് ഒരുപാട് കടമ്പകൾ കടന്നാണ്.

അവളുടെ സ്ഥാനത്തു വേറൊരാൾ ആയിരുന്നെങ്കിൽ തന്നെ ഇതുപോലെ മനസിലാക്കുമായിരുന്നോ?

തന്റെ ഭാഗ്യമാണ് ലീന.

പക്ഷേ.. ദൈവം ഒരു നൊമ്പരം മാത്രം ബാക്കി തന്നു. ഒരു കുഞ്ഞ് എന്ന സ്വപ്നം….

“കിച്ചു എന്താ ചിന്തിക്കുന്നത്? ”

“അതോ.. എന്റെ ലീന ഒരു മാലാഖ ആണല്ലോ എന്ന്”

“ആ.. മാലാഖയാ.. പുറകിൽ രണ്ടു ചിറകുകൾ കൂടിയുണ്ട് ”

“അതെയോ എങ്കിൽ ഞാനൊന്നു നോക്കട്ടെ”

“അയ്യടാ.. പോ അവിടുന്ന്.. ഞാൻ ആ ബുക്സ് അടുക്കി വയ്ക്കട്ടെ”

ലീന പോയപ്പോൾ കിച്ചു വീണ്ടും ഓർമയുടെ പുസ്തകതാളുകൾ പുറകോട്ടു മറിച്ചു….

മീര….

ഓർമവച്ച നാൾ മുതൽ മനസ്സിൽ ചേക്കേറിയവൾ

അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെങ്ങളുടെ മകൾ എന്നതിലപ്പുറം, ദൈവം എനിക്കായി പറഞ്ഞുവച്ച എന്റെ പെണ്ണ് ആയിരുന്നു എനിക്ക് അവൾ.

ദൈവം അവൾക്കു ശബ്ദം നൽകിയില്ലെങ്കിലും മൗനത്തിലൂടെ അവൾ എന്നോട് സംസാരിക്കുമായിരുന്നു…

മിഴികളിൽ നിറയെ പ്രണയം നിറച്ചു അവൾ മുൻപിൽ വന്നു നില്കുന്നത് ഇന്നും എനിക്ക് ഓർമയിൽ കുളിർ പകരാറുണ്ട്.

മൗനം കൊണ്ട് പരസ്പരം അറിഞ്ഞവരെങ്കിലും, എല്ലാം അവളോട്‌ തുറന്ന് പറയാനാണ് അന്ന് അവളുടെ പിറന്നാൾ ദിവസം ആ കാർഡുമായി ഞാൻ ഇറങ്ങിയത്.

ഹാളിൽ സംസാരിച്ചു നിൽക്കുന്ന അമ്മയും ചേട്ടനും കാണാതെ കാർഡ് ഞാൻ പോക്കറ്റിലിട്ടു.

അമ്മ ശബ്ദമുയർത്തി ചേട്ടനോട് എന്തോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ അവരുടെ സംഭാഷണം ശ്രെദ്ധിച്ചത്.

“വിനു ഈ ആലോചനയും വേണ്ടന്നാണോ നീ പറയുന്നത്?. എന്താ പെണ്ണ് കെട്ടാൻ നിനക്ക് ഉദ്ദേശമില്ലേ?

“അതല്ലമ്മേ… ഞാൻ… എനിക്ക്… ”

“എന്തന്നാൽ തെളിച്ചു പറയടാ….”

“അമ്മേ എനിക്ക് ദേവകിയ്പ്പച്ചിയുടെ മകൾ മീരയെ ഇഷ്ടമാണ്. വിവാഹം കഴിക്കുന്നെങ്കിൽ മീര മതി….

വിനുവേട്ടന്റെ വാക്കുകൾ ഇടിവാളുപോലെ എന്റെ നെഞ്ചിൽ തുളച്ചു കയറി.

ഈശ്വരാ… വിനുവേട്ടന്റെ മനസ്സിൽ ഇങ്ങനെയൊരാഗ്രഹം ഉണ്ടായിരുന്നോ?

“ഭാ… കുരുത്തം കെട്ടവനെ… ആ ഗതിയില്ലാത്തവളെയോ നീ കണ്ടുള്ളോ?…. പോരാത്തതിന് ഊമയും..

അല്ല…എന്തിനാ നിന്നെ പറയുന്നത്… മിണ്ടാൻ വയ്യെങ്കിലും അവൾ ഇത്ര കേമിയാണെന്നു കരുതിയില്ല…. കാണിച്ചു കൊടുക്കാം ഞാൻ… ”

അമ്മ കൊടുങ്കാറ്റ് പോലെ പുറത്തേക്കുപോയി.

വിനുവേട്ടൻ തളർന്നു നിലത്തേക്കിരുന്നു.

സ്വബോധം തിരിച്ചു കിട്ടാൻ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു

അമ്മ പോയ വഴിയേ ഞാൻ ഓടി.

എന്റെ ഊഹം തെറ്റിയില്ല. ദേവകിയ്പ്പച്ചിയുടെ വീട്ടിൽ നിന്ന് അമ്മയുടെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മീര തൂണും ചാരി നിൽക്കുന്നത് ഞാൻ കണ്ടു

എന്നെ കണ്ടതും അവളുടെ കരിമിഴികൾ രക്ഷിക്കൂ എന്ന് യാചിച്ചു

ഞാൻ ഓടി ചെന്ന് അമ്മയുടെ കയ്യിൽ പിടിച്ചു.

“എന്തമ്മേ ഇത്‌? മീര ഒരു തെറ്റും ചെയ്തിട്ടില്ല”

“അത് നിനക്കെങ്ങനെ അറിയാം? അതോ അവൾ കറക്കിയെടുത്ത ആൺപിള്ളേരുടെ കൂട്ടത്തിൽ നീയുമുണ്ടോ? ”

ഞാൻ ഞെട്ടി. ഈശ്വരാ എങ്ങനെ ഞാൻ അമ്മയെ പറഞ്ഞു മനസിലാക്കും.

അമ്മ പറഞ്ഞുകൊണ്ടേയിരുന്നു

“അതെങ്ങനെയാ തള്ള വേലി ചാടിയാ മോളും ചാടാതിരിക്കില്ലല്ലോ ? ”

മീര ഒരു തേങ്ങലോടെ അകത്തേക്ക് ഓടി.

അതുവരെ സഹിച്ചു നിന്ന ദേവകിഅപ്പച്ചി കരഞ്ഞു കൊണ്ട് പറഞ്ഞു

“സതിയേടത്തി എന്നെ എന്തും പറഞ്ഞോ പക്ഷെ മിണ്ടാനും പറയാനും വയ്യാത്ത ന്റെ മോളെ പറ്റി പറഞ്ഞാൽ ദൈവം പൊറുക്കില്ല ”

ബാക്കി കേൾക്കാൻ നില്കാതെ ഞാൻ വടക്കേമുറ്റത്തു കൂടി മീരയുടെ ജനാലക്കൽ ചെന്നു വിളിച്ചു

“മീര…. മേശമേൽ തലവച്ചുകിടന്ന അവൾ തലയുയർത്തി നോക്കി. ഒരു കനത്ത മൗനം ഞങ്ങൾക്കിടയിൽ തളം കെട്ടി നിന്നു.

അവൾ പതുക്കെ എണീറ്റു ജനാലക്കൽ വന്നു.

ഞാൻ എന്തോ പറയാൻ ശ്രെമിക്കെ അവൾ ജനൽ വലിച്ചടച്ചു.

എത്ര നേരം ഞാൻ അവിടെത്തന്നെ നിന്നു എന്നറിയില്ല. എപ്പോഴോ വീട്ടിൽ വന്നു കയറി.

ദിവസങ്ങൾക്ക് ശേഷം പലതും തീരുമാനിച്ചുറച്ചു ഞാൻ വീണ്ടും മീരയെ കാണാൻ പോയി.

വടക്കേ ജനാലയ്ക്കൽ അവളുടെ മുടിയിഴകൾ പാറുന്നത് അകലെ നിന്നേ കാണാമായിരുന്നു

എന്നെ കണ്ടു ഉമ്മറത്തിരുന്ന അപ്പച്ചി എണീറ്റു.

ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അപ്പച്ചി പറഞ്ഞൂ.

“മോൻ വന്നത് എന്തിനാന്നെനിക്കറിയാം, ഒന്നും വേണ്ട മോനെ… സതിയേടത്തിയെ ധിക്കരിച്ചു മോൻ ഒന്നും ചെയ്യരുത്. ശിവേട്ടൻ പോയേപിന്നെ നിങ്ങളെ ഇത്രേം ആക്കാൻ നിന്റെ അമ്മ കഷ്ടപെട്ടതൊക്കെ എനിക്കറിയാം…. ”

“അപ്പച്ചി ഞാൻ…… ”

“കിച്ചു ഒന്നും പറയണ്ട. എല്ലാരേം വെറുപ്പിച്ചു എന്തെങ്കിലും ചെയ്താൽ നാളെ ഒരു കാലത്തു അത് തെറ്റായി പോയി എന്ന് തോന്നും.ഒടുവിൽ എന്റെ മോൾ നിനക്ക് ഒരു ഭാരമാവും…. ”

“അപ്പച്ചി……എനിക്ക് മീരയെ കാണണം…..”

“വേണ്ട.. അവളുടെ തീരുമാനം തന്നെയാ ഞാൻ പറഞ്ഞത്. ഇനി എനിക്കൊന്നും പറയാനില്ല… ”

ഉറച്ച സ്വരത്തിൽ പറഞ്ഞിട്ട് അപ്പച്ചി വീട്ടിലേക്കു കയറിപോയി.

****************

അല്ല… മാഷേ ഇതുവരെ ചിന്തിച്ചു കഴിഞ്ഞില്ലേ…

ഓർമകളെ മുറിച്ചുകൊണ്ട് ലീന കയറിവന്നു

“നാട്ടിലേക്കു പോകുന്ന കാര്യമെല്ലാം മറന്നോ? എന്നെ ഇതൊക്കെ പാക്ക് ചെയ്യാൻ ഒന്ന് സഹായിച്ചേ ”

ഞാൻ അവളോടൊപ്പം ബാഗ് പാക്ക് ചെയ്യാൻ കൂടി.

*******************

എയർപോർട്ടിൽ വിനുവേട്ടനും രാധികേടത്തിയും കാത്തുനിൽപ്പുണ്ടായിരുന്നു

ഏട്ടത്തി ഓടി വന്നു ലീനയെ തഴുകി “ലീന വീണ്ടും മെലിഞ്ഞല്ലോ ”

അതെയോ എങ്കിൽ നന്നാക്കിയെടുക്കുന്ന ജോലി രാധികേടത്തിയെ ഏൽപ്പിചിരിക്കുന്നു”

ലീന ചിരിച്ചു കൊണ്ട് പറഞ്ഞു.

*******************

ഒരുപാട് നാളുകൾക്ക് ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്.

ഓർമ്മകൾ ഉറങ്ങി കിടക്കുന്ന വഴികളിലൂടെ കുറച്ചു നേരം നടന്നു. ഒന്നും ഓർക്കേണ്ട എന്ന് വിചാരിച്ചാലും ചിന്തകൾ എല്ലാം മീരയിൽ ചെന്ന് അവസാനിക്കുന്നു.

മീരയോടൊപ്പം സന്ധ്യകളിൽ കാവിൽ തൊഴാൻ പോയിരുന്ന മൺപാത ഇന്നില്ല.

പകരം ടാറിട്ട റോഡ് വന്നിരിക്കുന്നു.

ആ വഴിയരികിൽ എന്നും പൂക്കുന്ന ഒരു കണിക്കൊന്നയുണ്ട്. ഒരു കുല പൂക്കൾ ഇന്നും അതിലുണ്ട്.

ദേവകി അപ്പച്ചിയെ കാണാൻ പോകണം എന്ന് പലവട്ടം ഓർത്തു. പിന്നെ ഏതോ ഒരു കുറ്റബോധം മനസ്സിനെ വിലക്കി. അന്ന് കുറച്ചു കൂടി ധൈര്യം കാണിച്ചിരുന്നുവെങ്കിൽ………

വടക്കേ ജനാലയ്ക്കലേക്ക് അറിയാതെ കണ്ണുകൾ ചെന്നെത്തുന്നു…… മീരയുടെ മുടിയിഴകൾ ഇപ്പോഴും അവിടെ പാറുന്നുണ്ട് എന്ന് തോന്നി…..

അവധി കഴിഞ്ഞു തിരിച്ചു പോകാൻ ദിവസങ്ങൾ ബാക്കി നിൽക്കേയാണ് ലീന ആ കാര്യം ചോദിച്ചത്.

“കിച്ചു….ദേവകി അപ്പച്ചിയെ കാണാൻ പോകണ്ടേ.?”

അവിടെ ചെന്നു കയറുമ്പോൾ മാലയിട്ട ഫോട്ടോയിൽ ചിരിക്കുന്ന മീരയുടെ മുഖത്തെക്ക് നോക്കാനാവാതെ കിച്ചു നിന്നു.

വീടിനുള്ളിൽ നിന്നും മീരയുടെ ഒരു വയസ്സുകാരി മോളെയും എടുത്ത് അപ്പച്ചി ഇറങ്ങിവന്നു. അപ്രതീക്ഷിതമായി അവരെ കണ്ടപ്പോൾ അപ്പച്ചിയുടെ കണ്ണുകൾ ഈറനായി. കുറെ നേരം എന്തൊക്കെയോ സംസാരിച്ചശേഷം മീരയുടെ മോളെയും കൊഞ്ചിച്ചു ലീന മുറ്റത്തെക്കിറങ്ങി.

കിച്ചു തനിച്ചായപ്പോൾ അപ്പച്ചി ഇടറിയ വാക്കുകളിൽ പറഞ്ഞു തുടങ്ങി.

“മീരയുടെ കല്യാണം എത്രയും വേഗം നടത്തണം എന്നത് ഒരു വാശിയായിരുന്നു. ഒരു ഡിമാന്റും ഇല്ലാത്ത രാജീവിന്റെ ആലോചന വന്നപ്പോ വേറെ ഒന്നും നോക്കീല്ല.

പക്ഷെ അവന്റെ കൊള്ളരുതായ്മകൾക്ക് മരുന്നായിട്ടാ അവർ ന്റെ മോളെ കണ്ടത് എന്നറിഞ്ഞില്ല….

ന്നിട്ടെന്താ… ഏതോ ഒരുത്തന്റെ കത്തിമുനയിൽ തീർന്നില്ലേ അവൻ. തടസ്സം പിടിക്കാൻ പോയ ന്റെ മോളും…”

അപ്പച്ചി സാരി തുമ്പു കൊണ്ട് കണ്ണു തുടച്ചിട്ട്‌ തുടർന്നു.

“ന്നാലും നിനക്ക് ഒരു നല്ല ജീവിതം കിട്ടിയല്ലോന്ന സമാധാനത്തോടെയാ അവൾ പോയെ.

നിക്കറിയാം…. അവൾ ഏറ്റവും കൂടുതൽ കരഞ്ഞിട്ടുള്ളത് നിന്നെ ഓർത്താ….”

കിച്ചുവിന്റെ മനസ്സിൽ നിന്നും ഒരു മഴ ആർത്തിരമ്പി വന്നു കണ്ണുകളിൽ പെയ്തു.

അപ്പച്ചി പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.

അച്ഛനുമമ്മയും നഷ്ടപ്പെട്ട കുഞ്ഞിൻ്റെ ഭാവിയെക്കുറിച്ചായിരുന്നു അവരുടെ ആശങ്ക.

ആ കുറച്ച് നേരം കൊണ്ട് കുഞ്ഞ് ലീനയുമായി നന്നായി അടുത്തു.

“അപ്പച്ചി… മോൾക്ക്‌ അത്യാവശ്യം വേണ്ട കുറച്ചു സാധനങ്ങൾ പാക്ക് ചെയ്തേ, അവളെ ഞങ്ങൾ കൊണ്ടു പോകുകയാ ഞങ്ങളുടെ മോളാ അവളിന്നു മുതൽ.”

മുറ്റത്തുനിന്നും കയറി വന്ന ലീനയുടെ വാക്കുകൾ കേട്ട് അപ്പച്ചിയും കിച്ചുവും സ്തബ്ധരായി നിന്നു.

*******************

ലീനയുടെ തോളിൽ പറ്റിക്കിടന്നുറങ്ങുന്ന മോളെ കിച്ചു നിറമിഴിയോടെ നോക്കി. അവന്റെ മനസ്സിൽ അപ്പോഴും ഒരു മഴ തോരാതെ പെയ്തിരുന്നു.

അകലെ ആകാശത്ത്‌ ഒരു നക്ഷത്രം കണ്ണുചിമ്മുന്നത് ആ പകൽ വെളിച്ചത്തിലും അവനു കാണാമായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : രമ്യ R