നീ അച്ഛനെക്കൊണ്ട് വേറെ കല്യാണം കഴിപ്പിച്ച് നൈസായിട്ട് അച്ഛനെ ഒ-ഴിവാക്കിയതാണല്ലേ… ബിജുവിന്റെ ചോദ്യം കേട്ടപ്പോൾ..

രചന : Saritha

നീ അച്ഛനെക്കൊണ്ട് വേറെ കല്യാണം കഴിപ്പിച്ച് നൈസായിട്ട് അച്ഛനെ ഒഴിവാക്കിയതാണല്ലേ?

ബിജുവിന്റെ ചോദ്യം കേട്ടപ്പോൾ രവി ചിരിച്ചുകൊണ്ട് പറഞ്ഞു എനിക്കെന്റെ അച്ഛനെ ഒഴിവാക്കേണ്ട ആവശ്യമില്ല, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കു തോന്നുന്നുമില്ല..

പിന്നെന്തിനാ നീ നിന്റെ അച്ഛനെ ഇവിടുന്ന് മാറ്റിയത്?

അതാവശ്യമായിരുന്നു.. നിനക്കറിയോ ബിജു, എന്റെ അമ്മ എനിക്ക് പത്തു വയസുള്ളപ്പോൾ മരിച്ചതാണ്.. പിന്നെ അച്ഛൻ എനിക്കുവേണ്ടി ജീവിച്ചു.. ഇന്നെനിക്ക് കുടുംബമായി..

ഞാനും ഭാര്യയും രാവിലെ ജോലിക്കുപോയി വൈകീട്ട് വീട്ടിൽ വരുന്നത് വരെ അച്ഛനൊറ്റക്കാണ് വീട്ടിൽ..

എന്റെ മകനൊക്കെ ഇന്നത്തെ തിരക്കുപിടിച്ച ലോകത്തിനൊപ്പം ഓടുകയാണ്.. കുറ്റം പറയാൻ പറ്റില്ല.. കാലം മാറി, പക്ഷെ അച്ഛനോ മിണ്ടാനും പറയാനും ആരുമില്ലാതെ ഒറ്റയ്ക്ക്..

അച്ഛന് അത്രവലിയ പ്രായമൊന്നുമില്ല, പക്ഷെ ഒറ്റപ്പെടൽ, സംസാരിക്കാൻ ആരുമില്ലാത്ത അവസ്ഥ, അതൊക്കെ അച്ഛനെ ശരിക്കും ഒരു വയസ്സനാക്കി.. ഉള്ളതിലും കൂടുതൽ വയസ്സുള്ളതുപോലെ..

അച്ഛനൊരു കൂട്ടുവേണം എന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല.. പക്ഷെ മനുഷ്യനല്ലേ.. വയസ്സാവുന്തോറും മനുഷ്യർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുക എന്താന്നറിയോ, സംസാരിച്ചിരിക്കാൻ ഒരു കൂട്ട്.. നീ കണ്ടിട്ടില്ലേ മുത്തശ്ശന്മാരും മുത്തശ്ശികളുമൊക്കെ ആരെക്കണ്ടാലും മിണ്ടാതെ സംസാരിച്ചിരിക്കുന്നത്.

എങ്കിലും അത് നല്ല സ്ത്രീയാണോ?

അതെ.. അവരെപ്പറ്റി ഞാൻ ശരിക്കും അന്വേഷിച്ചു.. കുടുംബത്തെ നോക്കി നോക്കി സ്വയം ജീവിക്കാൻ മറന്നുപോയ ഒരുസ്ത്രീ…അവർക്ക് ബന്ധങ്ങളുടെ വിലയറിയാം.. സ്നേഹിക്കാൻ അറിയാം..

അവരും ഒരു കൂട്ട് ആഗ്രഹിച്ചിരുന്നു.അവരിപ്പോൾ എന്റെ അമ്മയാണ്.അമ്മയെപ്പോലെ എന്നല്ല അമ്മയായി കാണാനാണ് ഞാൻ ശ്രമിക്കുന്നത്

പിന്നെ അച്ഛനെയും അമ്മയെയും മാറ്റി താമസിപ്പിച്ചത് ഇഷ്ടക്കുറവ് കൊണ്ടല്ല..അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ് തറവാട്ട് മുറ്റത്ത് ഒരു വീട്, അവിടെ താമസിക്കാൻ. പിന്നെ അവര് കുറച്ച് സ്വാതന്ത്രത്തോടെ താമസിക്കട്ടെന്ന് വച്ചു..

ഞങ്ങളുടെ കൂടെയാവുമ്പോൾ രണ്ടാൾക്കും സംസാരിക്കാൻ വരെ മടിയാണ്..ഞാൻ ദിവസം വൈകുന്നേരം അവിടെ പോവും.. എല്ലാ കാര്യവും അന്വേഷിക്കും.. അച്ഛനും അമ്മയ്ക്കും ഒന്നിനും ഒരു കുറവും വരുത്തരുതല്ലോ..

നിന്റെ ഭാര്യക്ക് ഈ കല്യാണത്തിന് സമ്മതമായിരുന്നോ? ബിജുവിന്റെ സംശയം പിന്നെയും നീണ്ടു..

ആ.. ആദ്യം അവളും എതിർത്തു.. അച്ഛന് വീണ്ടും ഒരു കുഞ്ഞു ജനിക്കുമോ, അച്ഛന്റെ സ്വത്തുക്കൾ ആ കുഞ്ഞിനും ഭാര്യക്കും വേണ്ടി കൂടി മാറ്റിവെക്കേണ്ടി വരില്ലേ എന്നൊക്കെയായിരുന്നു അവളുടെ വാദങ്ങൾ..

അച്ഛന് ഇനിയൊരു കുഞ്ഞുണ്ടായാൽ ഞാനതിനെ എന്റെ കൂടെപ്പിറപ്പിനെ പോലെയല്ല എന്റെ മകനെ പ്പോലെ നോക്കും എന്ന് ഞാൻ പറഞ്ഞു.. മാനുഷിക പരിഗണന എന്നൊന്നില്ലേ.. എന്റെ ഇപ്പോഴത്തെ അമ്മ അവരും ഒരു സ്ത്രീയല്ലേ, സ്വന്തം കുഞ്ഞിനെ താലോലിക്കാൻ അവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ…

പിന്നെ, സ്വത്ത്‌.. എന്റെ മക്കൾക്ക് വേണ്ടത് ഞാനുണ്ടാക്കിയിട്ടുണ്ട്.. ഇനിയും വേണമെങ്കിൽ അവർ സ്വന്തമായി ഉണ്ടാക്കട്ടെ.. എന്റെ അച്ഛന്റെ സ്വത്ത്‌ ഞാൻ ആഗ്രഹിക്കുന്നില്ല.. അതിലും വിലമതിക്കാനാവാത്ത പലതും എന്റെയച്ഛൻ എനിക്കു തന്നിട്ടുണ്ട്.. അച്ഛന്റെ ജീവിതം പോലും..

രവിയുടെ ശബ്ദമിടറി.

എന്റെ ഭാര്യയോട് ഞാൻ പറഞ്ഞു, മനുഷ്യർക്ക് രണ്ടു രീതിയിൽ ജീവിക്കാം..

സ്വാർത്ഥതയോടെ, അല്ലെങ്കിൽ നിസ്വാർത്ഥതയോടെ… ഇതിൽ നിസ്വാർത്ഥതയോടെ ജീവിക്കുമ്പോഴേ പണത്തിനേക്കാൾ മൂല്യമുള്ള പലതുമുണ്ടെന്ന് മനസ്സിലാക്കാൻ പറ്റു, എങ്ങനെ ജീവിക്കണമെന്ന് നിനക്ക് തീരുമാനിക്കാം.. ഒടുവിൽ ഈ കല്യാണത്തിന് അവളും സമ്മതം പറഞ്ഞു..

ഞാനിപ്പോൾ അച്ഛനെ കാണാൻ പോവുകയാ,നീ വരുന്നോ..രവിയുടെ ക്ഷണം സ്വീകരിച്ചു ബിജുവും കൂടെ യാത്രയായി..

തറവാട്ടു ക്ഷേത്രത്തിനടുത്തായി പരമ്പരാഗത രീതിയിൽ നിർമിച്ച വീട്ടിനു മുന്നിൽ കാർ നിർത്തി..

വരാന്തയിലിരുന്ന് ചായകുടിക്കുകയായിരുന്നു രവിയുടെ അച്ഛൻ.. കാറിന്റെ ശബ്ദം കേട്ടപ്പോൾ അമ്മയും വരാന്തയിലേക്ക് വന്നു..

രവിയെ കണ്ടതും അയാൾ ഭാര്യയോട് പറഞ്ഞു മല്ലികേ.. ചായയെടുക്ക്, മോനും ചങ്ങാതിയുമുണ്ട്.

വേണ്ടമ്മേ, ബുദ്ധിമുട്ടണ്ട, ഞങ്ങൾ പിന്നെ വന്നാൽ കുടിക്കാം.ബിജുവാണ് പറഞ്ഞത്

അതു ശരിയാവില്ല, നീ ഇവളുടെ ചായ കുടിച്ചില്ലല്ലോ.. കുടിച്ചാൽ നീ ഒരു ഗ്ലാസും കൂടി പിന്നേം ചോദിക്കും.. അതു പറയുമ്പോൾ രവിയുടെ അമ്മയുടെ മുഖം ബിജു ശ്രദ്ധിച്ചു.. മുഖത്ത് നാണം പോലെ, അവരൊരു പതിനെട്ടു വയസ്സുള്ള പെണ്ണിനെപ്പോലെ തോന്നിച്ചു. രവിയുടെ അച്ഛനും നല്ല മാറ്റമുണ്ട്. മുൻപ് കണ്ടതിലും പ്രായം കുറഞ്ഞപോലെ.. മുഖത്ത് ദുഖഭാവമില്ല, ഇപ്പോൾ വീട്ടുഭരണ മേറ്റെടുത്ത ഒരു പുതുചെറുക്കന്റെ സന്തോഷം..

എല്ലാവരും തറവാട് ക്ഷേത്രത്തിൽ പോയി തൊഴുതു.. ഒരു പ്രത്യേക ദൈവിക ചൈതന്യം അവിടെ നിറഞ്ഞു നിൽക്കുകയായിരുന്നു..

അവരോട് യാത്ര പറഞ്ഞ് കാറിൽ കയറുമ്പോൾ അവരും കൈവീശി യാത്രപറഞ്ഞു.. കാർ മുന്നോട്ടെടുത്തപ്പോൾ ബിജു വീണ്ടും തിരിഞ്ഞു നോക്കി..രവിയുടെ അച്ഛനും അമ്മയും കൈകൾ കോർത്ത്‌ വീട്ടിലേക്ക് കയറുകയാണ്…

രണ്ട് സ്വാതന്ത്രമനുഭവിക്കുന്ന സ്നേഹത്തിന്റെ വെള്ളരിപ്രാവുകൾ നടന്നു നീങ്ങുന്നതായി അവനു തോന്നി…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Saritha