ആ ചേച്ചിയോട് അണ്ണന് വല്യ സ്നേഹമാ.. അവരെവിടെ പോയാലും അങ്ങേരും കൂടെ കാണും… വീട്ടിലെ ജോലികളെല്ലാം രണ്ടാളും കൂടെയാണ് ചെയ്യുന്നത്..

രചന : അബ്രാമിന്റെ പെണ്ണ്

എന്റെ മൂത്ത കൊച്ചൊണ്ടായി കൊറേ നാള് കഴിഞ്ഞപ്പോ അവൾക്കെന്തോ വയ്യായ്മ വന്നു..

ആ സമയത്ത് ഒരു ജോലിക്കും പോകാത്ത എന്റെ കുഞ്ഞമ്മാവൻ കുഞ്ഞിനെ കൊണ്ട് പഴനിയിൽ പോയി അവളുടെ തല മൊട്ടയടിച്ചേക്കാമെന്ന് നേർന്നു.. കൊച്ചിന്റെ തന്തയും തള്ളയുമായ ഞങ്ങളോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെയാണ് പ്രസ്തുത മാമൻ ഇങ്ങനെയൊരു അക്രമം ചെയ്തത്. ഓരോരോ കാരണങ്ങളാൽ പഴനി യാത്ര അവൾക്ക് രണ്ട് വയസാകുന്നത് വരെ നീണ്ടു..

എന്തായാലും കൊച്ചിന്റെ മുടി വെട്ടാൻ പോകുന്നിടത്ത് പൈസാ കൊടുക്കണം.. ന്നാ എന്നുമെന്നും പോയി വെട്ടാൻ നിക്കാതെ മുടിയിച്ചിരി തൊനേം വളർന്നിട്ട് പഴനിയിൽ പോയി വെട്ടിയാൽ മതിയെന്ന സാമ്പത്തിക ലാഭവും എന്റെ മനസിലുണ്ടാരുന്നു..

അങ്ങനിരിക്കെ വീടിനടുത്തുള്ളൊരു ചേട്ടായ് പഴനിയിലേയ്ക്കൊരു വണ്ടി വിട്ടു… മൂന്ന് പേര് ചെല്ലുമ്പോ രണ്ട് പേരുടെ ടിക്കറ്റ് ചാർജ്ജ്‌ കൊടുത്താൽ മതി.. കൊച്ച് അല്ലെങ്കിലും ഞങ്ങളുടെ മടിയിലാണല്ലോ ഇരിക്കുന്നത്… പറഞ്ഞ് പറഞ്ഞ് ഒടുക്കം ഒന്നര ആൾക്കുള്ള പൈസാ കൊടുത്താൽ മതിയെന്ന ഉറപ്പിന്മേൽ ഞങ്ങളും പോകാനൊരുങ്ങി..

നമ്മക്ക് ഒത്തിരി ഇഷ്ടവൊള്ള വേറൊരു ചേച്ചിയും അണ്ണനും അന്ന് പഴനിയിൽ വന്നാരുന്നു.. അണ്ണൻ മറ്റൊരു സമുദായത്തിൽ നിന്നുള്ള ആളാണ്‌..

അതുകൊണ്ട് തന്നെ പുള്ളിക്കാരൻ കാക്കക്കൂട്ടിൽ വന്ന് മുട്ടയിട്ടു കൊച്ചിനെ വിരിയിച്ചെടുത്ത പാവം കുയിലിനെപ്പോലെയാണ്.. മറ്റുള്ളവർ എപ്പോളും പുള്ളിയെ അകറ്റി നിർത്താൻ തമ്മിലങ്ങു മത്സരവാ.. പുള്ളിയാണെങ്കിൽ കാക്കയാവാൻ വേണ്ടി എന്ത് ചെയ്യാനും സന്നദ്ധനും…

ആ ചേച്ചിയോട് അണ്ണന് വല്യ സ്നേഹമാ..

അവരെവിടെ പോയാലും അങ്ങേരും കൂടെ കാണും… വീട്ടിലെ ജോലികളെല്ലാം രണ്ടാളും കൂടെയാണ് ചെയ്യുന്നത്..അവര് കൂടെയുള്ളത് അന്ന് വലിയൊരു സന്തോഷമാരുന്നു..

“കർപ്പൂരം കത്തിച്ച് ഹര ഹരോ.. വിളിച്ച് യാത്ര തുടങ്ങി …”വണ്ടിയിലിരുന്ന് കച്ചറയൊന്നും കാണിക്കരുതെന്ന്” ഞാൻ അങ്ങേരോടും,,,” നീ വാ തൊറക്കാതിരുന്നാൽ ഈ യാത്ര നന്നായി പോയിട്ട് വരാ”മെന്ന് അങ്ങേരെന്നോടും പറഞ്ഞു…

അമ്പലങ്ങളിലൊക്കെ കേറിയിറങ്ങി ഞങ്ങൾ പഴനിയിലെത്തി… വണ്ടിയിൽ നിന്നിറങ്ങിയ ഭക്തി മൂത്ത സ്വാമിമാർ നോൺ വെജ്ജ് ഹോട്ടലുകളിലും പഴനിയിൽ പോകാൻ വേണ്ടി വന്നവർ വെജിറ്റേറിയൻ ഹോട്ടലിലും കയറി ആഹാരം കഴിച്ചു.. ശേഷം അടുത്തൊരു ലോഡ്ജിലേയ്ക്ക് മുറിയെടുക്കാനായി പോയി..

വണ്ടിയിലിരുന്ന് കുണ്ടി മരവിച്ചു പോയ നമ്മക്ക് എവിടെങ്കിലും ഒന്ന് കെടന്നാൽ മതിയെന്നാ…

റൂമെടുക്കാൻ ചെന്നിടത്തെല്ലാം ആൾക്കാരുടെ തിരക്കായത് കൊണ്ട് ഒറ്റയ്ക്കൊരു റൂമെടുക്കാൻ പറ്റിയില്ല.. ഒടുക്കം ഭക്തജനങ്ങൾക്കെല്ലാവർക്കും കൂടെ ഏകദേശം ബാത്‌റൂമിനടുത്തായിട്ടുള്ള ഒരു ഹാള് ഏജന്റ് ബുക്ക് ചെയ്ത്… ആൾക്കാർ അവരവരുടെ ബാഗ് കൊണ്ട് ഓരോ സ്ഥലത്തേയ്ക്ക് ഒതുക്കി വെച്ചിട്ട് ഷീറ്റൊക്കെ നൂത്തിട്ട് കിടക്കാൻ തുടങ്ങി..

“എല്ലാവരും കൂടെ ഒരുമിച്ചാണ് കിടക്കുന്നത്..

ഈയൊരു രാത്രി നമ്മളെല്ലാവരും സഹോദരീ സഹോദരന്മാരാണ്.. ആർക്കും ആള് മാറിപ്പോകരുത്

ഏജന്റ് പകുതി തമാശയായിട്ടും പകുതി കാര്യമായിട്ടും പറഞ്ഞു…

ഞാനെന്റെ സഹോദരന്റെ കയ്യിലോട്ട് കൊച്ചിനെ കൊടുത്തിട്ട് ഞങ്ങടെ ഷീറ്റെടുത്ത് നൂത്തിട്ടു..

കൊച്ചിനെ കെടത്തിയിട്ട് സഹോദരനെയും പിടിച്ചു കിടത്തി..മറ്റേ ചേച്ചിയും അണ്ണനും വാതിലിനടുത്താണ് കിടക്കുന്നത്….

ആളും സംസാരവും ബഹളവും വല്ലാത്തൊരു കാറ്റും…. മൊത്തത്തിൽ ഒരു ശ്വാസംമുട്ട്…

എന്റെ സഹോദരൻ കൊച്ചിനെ കെട്ടിപ്പിടിച്ചു കിടന്ന് കൂർക്കം വലി തുടങ്ങി.. ക്ഷീണം കാരണം ആൾക്കാരെല്ലാം പെട്ടെന്നുറങ്ങി..എനിക്കാണെങ്കിൽ ഉറക്കം വരുന്നേയില്ല… ഭിത്തിയിൽ ചാരിയിരുന്ന് കണ്ണിലേക്കെപ്പോഴോ ഉറക്കം കേറി വന്നതും…

“ആരാ അണ്ണാ എന്റെ തലേലോട്ട് വെള്ളം കോരിയൊഴിച്ചേ..എന്തുവാ ഇത്…

മറ്റേ ചേച്ചി ഉറക്കെ ചോദിച്ചോണ്ട് ചാടിയെണീറ്റു..

പാതി മയക്കത്തിലോട്ട് പോയ ഞാൻ ഞെട്ടിയുണർന്നു.. കൂടെ എന്റെ കൊച്ചും…ആ ചേച്ചിയുടെ തലയിൽ വാതിലിനപ്പുറത്തു നിന്ന് ആരോ വെള്ളം കോരിയൊഴിക്കുന്നു.. പാതി തുറന്ന കതകിന്റെ വിടവിൽ കൂടെ വന്ന വെള്ളം തലയിലായതാണ്.. തലയിണയില്ലാത്തതും പ്രശ്നമായി..ചേച്ചിയുടെ അണ്ണൻ മുടിഞ്ഞ ഉറക്കം.

“ഏതവനാ ഇമ്മാതിരി പണി കാണിച്ചതെന്നറിയണവല്ലോ… ചേച്ചിയാ കതകൊന്ന് തുറന്നു നോക്ക്..

കൊച്ചിന് പാല് കൊടുത്തോണ്ട് ഞാൻ പറഞ്ഞു…ലവര് ചാടിയെണീറ്റ് കതക് വലിച്ചു തുറന്നതും….

പണ്ടത്തെ വിറകു വെട്ട് കഥയിലെ മല്ലനെപ്പോലെ തടിമാടനായൊരാൾ പാന്റിന്റെ സിബ്ബ് വലിച്ചടയ്ക്കുന്നു… പെട്ടെന്ന് പുറത്തോട്ട് നീണ്ട ചേച്ചിയുടെ തല കണ്ട മല്ലനും,, സിബ്ബ് വലിച്ചിട്ട മല്ലനെ കണ്ട ചേച്ചിയും ഒരുപോലെ ഞെട്ടി..

“സോറി അമ്മാ…

പറഞ്ഞതും അങ്ങേര് പുറത്തേയ്ക്കൊരോട്ടം…

ഹാളിന് നേരെ എതിർവശത്തെ ബാത്റൂമാണെന്ന് കരുതിയാണ് പാതി തുറന്ന വാതിലിൽ കൂടെ അണ്ണാച്ചി അകത്തോട്ടു മൂത്രിച്ചത്..

അത്രയ്ക്ക് മുട്ടീട്ടായിരിക്കും.. അല്ലെങ്കി അകത്തോട്ടു കേറാതെ മൂത്രിക്കത്തില്ലല്ലോ..

“അയ്യേ,, ഞാനിനി ഈ തല എന്തോ ചെയ്യും..

ചേച്ചി അറപ്പോടെ,, അതിലേറെ സങ്കടത്തോടെ ചോദിക്കുവാ.. ഒച്ചയും ബഹളവുമൊക്കെ കേട്ട് എല്ലാരും ചാടിയെണീറ്റ്..

“എന്തുവാ.. എന്തുവാടീ തലേല്..

ഉറക്കത്തിൽ നിന്നും ചാടിയെണീറ്റ അണ്ണൻ ചേച്ചിയെ പകച്ചു നോക്കി..

“നിങ്ങള് പർത്താവാണെന്നും പറഞ്ഞു കെടന്നൊറങ്ങിക്കോ.. ഒരുത്തൻ വന്നെന്റെ തലേൽ പെടുത്തിട്ട് പോയി..

ചേച്ചി അണ്ണന് നേരെ ചീറി..

“ങ്‌ഹേ,, ഏതവനാടാ എന്റെ പെണ്ണുമ്പിള്ളേടെ തലേ കേറി പെടുത്തത്..

അണ്ണൻ ചാടിയെണീറ്റ് വാതിൽ തുറന്നു നോക്കി ..

അണ്ണാച്ചി ആ സമയം വീട് പറ്റിക്കാണും..

ചേച്ചി അണ്ണനെ നോക്കി പല്ല് കടിച്ചിട്ട് തുണിയും പറക്കി കുളിക്കാൻ പോയി..

ഇരുന്നും കിടന്നും ആ രാത്രി വെളുപ്പിച്ചു..

പിറ്റേന്ന് രാവിലെ കുളിയൊക്കെ കഴിഞ്ഞ് ഞങ്ങൾ അമ്പലത്തിൽ കയറി… താഴെ വന്ന് പ്ലാസ്റ്റിക്കിന്റെ കൊടമൊക്കെ കൊറേ വാങ്ങിച്ചു വണ്ടീടെ പൊറകിൽ കെട്ടിതൂക്കിയിട്ട്.. എന്റങ്ങേർക്ക് അതൊക്കെ കണ്ടിട്ട് സുഖിക്കുന്നില്ല..

“നീയെന്തുവാ കാണിക്കുന്നേ.. ഇതെല്ലാം കൂടെ എന്തോത്തിനാടി വാങ്ങിച്ചു കൂട്ടുന്നെ.. ആക്രിക്കച്ചോടം തുടങ്ങാൻ പോകുവാന്നോ..

ഞാനൊന്നും മിണ്ടീല.. എന്റെ വീട്ടുകാര് തന്ന പൈസാ കൊടുത്താ ഞാൻ വാങ്ങിയ്ക്കുന്നെ..

ഇങ്ങേരോട് ചോദിക്കുന്നയെന്തിനാ..ഞാൻ മറുപടി പറയാത്തത് കൊണ്ട് അങ്ങേരെന്നെ നോക്കി പല്ല് കടിച്ചു..

പിന്നെ പോയി കൊച്ചിന്റെ തല മൊട്ടയടിച്ച് തിരിച്ചു വന്നൊരു കടയിൽ ചായ കുടിയ്ക്കാൻ കേറി..

അതും അങ്ങേര്ടെ നിർബന്ധത്തിൽ..ചായ കുടിച്ചിട്ട് ഇങ്ങേര് അഞ്ഞൂറ് രൂപായുടെ ഒരു നോട്ടങ്ങോട്ട് കൊടുത്തു.. ആ അണ്ണാച്ചി മാമൻ ഇങ്ങേരോട് ഏതാണ്ട് പറഞ്ഞിട്ട് പൈസാ തിരിച്ചു കൊടുത്തു.

“ടീ,, ഇവിടെ ചില്ലറയില്ലെന്ന്..നീയിവിടെ നില്ല്,,

ഞാൻ റൂമിൽ പോയി ബാഗിൽ നിന്ന് ചില്ലറയെടുത്തിട്ട് വരാം..

കൊച്ചിനെ എന്റെ കയ്യിൽ തന്നിട്ട് കടക്കാരന് ഒരു ഉറപ്പിനു വേണ്ടി എന്നെ അവിടെ നിർത്തീട്ട് അങ്ങേര് ചില്ലറയെടുക്കാൻ പോയി.. ഞാനും കൊച്ചും ബഞ്ചിലോട്ടിരുന്നു.

അഞ്ചു മിനിറ്റായി,, പത്തായി,, പതിനഞ്ചായി,,

പിന്നെ അര മണിക്കൂറായി..ചില്ലറയെടുക്കാൻ പോയ മനുഷ്യനേ കാണുന്നില്ല… ആ അണ്ണാച്ചി മാമൻ എന്നോട് ഏതാണ്ടൊക്കെയോ ചോദിക്കുവാ..

എനിക്കാണെങ്കിൽ അന്നൊക്കെ തമിഴിൽ ആകെക്കൂടി പറയാൻ അറിയുന്ന വാക്കുകൾ “അമ്മാ,,അപ്പാ,,അണ്ണാച്ചി.. തങ്കച്ചി,, ആമാ,,

ഇല്ലൈ.. പോതും ,, വിടമാട്ടേ എന്നീ വാക്കുകൾ മാത്രമാണ്..

അണ്ണാച്ചി മാമൻ ചോദിക്കുന്നതിനൊക്കെ തന്നേം പിന്നേം ഞാനിതു തന്നെ പറഞ്ഞോണ്ടിരിക്കുവാ..

ഒടുക്കം അങ്ങേർക്ക് തന്നെ സംശയം.. വെയിലിന്റെ ചൂടടിച്ചപ്പോ കൊച്ച് ഭയങ്കരമായി കരയാനും തുടങ്ങി…കടയുടെ വെളിയിലിറങ്ങി അങ്ങേര് നോക്കി..

“എന്റെ കെട്ടിയോന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ..

അങ്ങേരെന്നോട് പൊയ്ക്കോളാൻ പറഞ്ഞു.. കരയുന്ന കുഞ്ഞിനേയും ഒക്കത്തെടുത്ത് ഞാൻ ആ ലോഡ്ജിന്റെ പടി കേറി ചെല്ലുമ്പോ കൂട്ടുകാരന്റെ കൂടെ വർത്താനം പറഞ്ഞോണ്ട് നിന്ന എന്റങ്ങേര് എന്നെ കണ്ട് ഞെട്ടി…

“അയ്യോ.. ഞാനങ്ങോട്ട് വരാൻ തൊടങ്ങിയപ്പോളാ ഇവനെ ഇവിടെ വെച്ച് കണ്ടത്.. വർത്താനം പറഞ്ഞു നേരം പോയതറിഞ്ഞില്ല.. നിന്റെ കാര്യം മറന്നു പോയടീ… വാ നമ്മക്ക് പോയി പൈസാ കൊടുത്തിട്ട് വരാം..

അങ്ങേരെന്റെ കയ്യിൽ നിന്ന് കൊച്ചിനെ വാങ്ങാൻ തൊടങ്ങി…

“ഇനി എവിടെ പോകുമ്പോളും നിങ്ങള് തന്നങ്ങു പോയേച്ചാൽ മതി..ആ കടേലോട്ട് ചെല്ല്..

ആ അണ്ണാച്ചി നിങ്ങളെ ദോശ ചുടുന്ന കല്ലേൽ പിടിച്ചിരുത്തും..

ദേഷ്യം കൊണ്ടെന്നെ അടിമുടി വിറച്ചു.. അഞ്ചടി പൊക്കവും അന്ന് നാൽപ്പത്തേഴ്‌ കിലോയുള്ള എന്നെയും … കൊച്ചിന്റെ തൂക്കം വേറെ…അങ്ങനെയുള്ള ഞങ്ങളെ കടയിൽ വെച്ച് മലന്നു പോയി പോലും..ഇത് കൊടം വാങ്ങിച്ചതിനുള്ള പണി തന്നതാ.. എന്നെ അവിടെ കളയാനാരുന്നു ഉദ്ദേശ്യം..

അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കിൽ കോടീശ്വരനായ ഏതെങ്കിലും അണ്ണാച്ചിയേം കെട്ടി അഞ്ചാറു കൊച്ചുങ്ങളുമായി പാണ്ടീൽ കഴിയേണ്ടി വന്നേനെ…എന്നെപ്പോലൊരു കൊച്ചു പെണ്ണിനെ കിട്ടിയാൽ “ആരെങ്കിലും ” വേണ്ടെന്ന് വെയ്ക്കുവോ…??

ദൈവം കാത്ത്..

പഴനി യാത്ര കഴിഞ്ഞു വന്ന് ഒന്നര മാസം ഞാനിങ്ങേരോട് മിണ്ടീല..മറന്നു പോയതാണെന്ന് ഇങ്ങേര് ആണയിട്ട് പറഞ്ഞു.. കാലുപിടിച്ചു,, കരഞ്ഞു,, ഇനിയുണ്ടാവില്ലെന്ന് ആവർത്തിച്ചു…

കാലങ്ങളെടുത്തു എന്റെ മനസ്സിൽ നിന്ന് അതൊന്നു മാഞ്ഞു പോവാൻ…

ഇന്നലെ വൈകിട്ട് സൗഹൃദസംഭാഷണത്തിനിടയ്ക്ക് അങ്ങേരൊരു ചോദ്യം

“ടീ.. മോനെ നമ്മള് പഴനീ കൊണ്ടു പോയിട്ടില്ലല്ലോ.. അവനേം കൊണ്ടൊന്നു പോയിട്ട് വന്നാലോ

ഞാനങ്ങേരെ ഒന്ന് നോക്കി.. അങ്ങേരെന്നെയും..

എന്നിട്ടൊന്നും മിണ്ടാതെ ഇറങ്ങിയങ്ങു പോയി…

പൂതി മനസിലിരിക്കത്തെയുള്ളൂ.. പറ്റിയത് പറ്റി… നമ്മളോടാ കളി..

പാണ്ടീൽ കൊണ്ട് കളയാനായിരിക്കും ഉദ്ദേശ്യം..

ല്ലേ….. അല്ലെങ്കിൽ ഇത്ര കാര്യമായിട്ട് വിളിക്കുവോ..??

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : അബ്രാമിന്റെ പെണ്ണ്