വന്ന് താളം ചവിട്ടാതെ വാതിലടച്ചിട്ട് ഇവിടെ വന്നിരിക്കടി തേപ്പ്ക്കാരി.. ആ, ദ്യരാത്രിയിൽ മുറിയിലേയ്ക്ക് കടന്നു വന്ന അവളോട്…

രചന: സുധിൻ സദാനന്ദൻ

ആദ്യരാത്രിയിൽ മുറിയിലേയ്ക്ക് കടന്നു വന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ വെമ്പൽ കൊള്ളുകയാണ്,.. മറുവശത്ത്, തന്നെ തേച്ച് ഒട്ടിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ച് ‘ഷമ്മി ഹീറോ ടാ ഹീറോ’ എന്ന് മനസ്സിൽ പറഞ്ഞ് മീശ പിരിച്ച് ഞാനും,..

“വന്ന് താളം ചവിട്ടാതെ വാതിലടച്ചിട്ട് ഇവിടെ വന്നിരിക്കടി തേപ്പ്ക്കാരി” എന്ന് അവൾക്കുനേരെ ആക്രോശിച്ചപ്പോൾ അവൾ തെല്ലൊന്നുമല്ല അമ്പരന്നത്, അത് അവളുടെ കരച്ചിലിൻ്റെ ആക്കം കൂട്ടുകയും ചെയ്തു,..

കല്യാണം ഉറപ്പിച്ചതിന് ശേഷം ഫോണിൽ ബ്ലോക്ക് ചെയ്ത എൻ്റെ നമ്പർ അൺബ്ലോക്ക് ചെയ്ത് തുരുതുരാ വിളിക്കുന്നുണ്ടായിരുന്നല്ലോ,…

എന്തെ ഇപ്പൊ ഒന്നും മൊഴിയാനില്ലേ ഭവതിയ്ക്ക്, നിൻ്റെ ഉണ്ട കണ്ണുരുട്ടി പേടിപ്പിയ്ക്കാതെ വായ തുറന്ന് എന്തെങ്കിലും പറയെടി,..

“”എന്നോടുള്ള ദേഷ്യം എല്ലാം തീർത്തോളൂ, ഇനി ഒന്നും ബാക്കി വെയ്ക്കണ്ട, കാരണം ഞാനൊരു തേപ്പുക്കാരിയാണല്ലോ ശ്രീയേട്ടൻ്റെ മനസ്സിൽ,..

” ആ എന്നെ, എന്തിനാ ശ്രീയേട്ടൻ ,….””

എന്തിനാ വിവാഹം കഴിച്ചത് എന്നല്ലേ, ചോദിക്കാൻ പോകുന്നത്,..

അതെനിയ്ക്ക് നിന്നോടുള്ള ഇഷ്ടം പെരുത്ത് വന്നിട്ടല്ല.

നിന്നെ എൻ്റെ കാല് കീഴിൽ ചവിട്ടി മെതിയ്ക്കാൻ വേണ്ടിയാണ്, നീ എന്താ പറഞ്ഞേ

“ശ്രീയേട്ടൻ്റെ മനസ്സിൽ ഒരു തേപ്പുക്കാരിയുടെ സ്ഥാനമല്ലേ എനിക്ക് എന്ന് അല്ലേ,..” . അല്ലടീ അഞ്ച് വർഷം പ്രണയിച്ച്., പെട്ടെന്ന് ഒരുദിവസം എന്നെ ഇട്ടേച്ചു പോയ നിന്നെ ഞാൻ മാതാവിനൊപ്പം രൂപക്കൂട്ടിൽ കൊണ്ടിരുത്താം എന്താ അത് മതിയോ,…

അത് പറഞ്ഞ് തീർന്നതും അവൾ വാ പൊത്തി ശബ്ദം പുറത്തു വരാതെ കരഞ്ഞുകൊണ്ടിരുന്നു…

ഇതൊക്കെ എന്തോന്ന് കരച്ചില് മോളെ, നീ എന്നെ ഇട്ടേച്ചു പോയപ്പോൾ, ഇതിനേക്കാൾ ഉറക്കെ ചങ്ക് പൊട്ടി കരഞ്ഞിട്ടുണ്ട് ഞാൻ, ദാ ഇവിടെ കിടന്ന്.,.. ലാലേട്ടൻ്റെ ഡയലോഗും പറഞ്ഞ് അവൾ കൊണ്ട് വന്ന പാല് മുഴുവനും ഒറ്റവലിയ്ക്ക് കുടിച്ച് ഞാനവളെ തന്നെ നോക്കിയിരുന്നു,…

നമ്മൾ പ്രണയിച്ചിരുന്ന സമയത്ത് നിൻ്റെ സ്റ്റാറ്റസ്സില് മുഴുവനും, കലിപ്പൻ്റെ കാന്താരി,

എന്നായിരുന്നല്ലോ,.

നീ അന്ന് കണ്ടതൊന്നുമല്ല കലിപ്പ്, എൻ്റെ കലിപ്പ് നീ കാണാൻ പോവുന്നതേ ഉള്ളൂ,…

ഇന്ന് ഇത്രയും മതി. ബാക്കി നാളെ, ഇപ്പൊ ആ മൂഡ് അങ്ങ് പോയി. ഞാൻ ലൈറ്റ് ഓഫാക്കാൻ പോവാ.

കട്ടിലിൻ്റെ മറ്റേ അറ്റത്ത് പോയി കിടന്നോ,..

തേങ്ങി കരഞ്ഞ് കൊണ്ട്, എൻ്റെ മുഖത്ത് നോക്കാതെ

””ഞാൻ താഴെ കിടന്നോളാം.. “” എന്ന് പതിയെ പറഞ്ഞ് അവൾ കട്ടിലിൽ നിന്ന് എണീറ്റു.

ഞാൻ പറഞ്ഞത് നീ അനുസരിച്ചാൽ മതി, കൂടുതലായിട്ട് ഇങ്ങോട്ട് പറയാൻ നില്ക്കണ്ട. കേട്ടോടി തേപ്പ്ക്കാരി,..

ഒന്നും മിണ്ടാതെ അനുസരണയുള്ള കുട്ടിയെ പോലെ അവൾ കട്ടിലിൽ, പുറം തിരിഞ്ഞ് ഭിത്തിയോട് ചേർന്ന് കിടന്നു,…

അല്പം സമയം കഴിഞ്ഞ്, അവളുടെ തേങ്ങൽ കേൾക്കാതെ ആയപ്പോൾ, ഞാൻ അവളോടായി ചോദിച്ചു.,..

“”നീ ഉറങ്ങിയോ,..?””

ഇല്ല എന്ന അർത്ഥത്തിൽ അവൾ ഒന്ന് മൂളുകയും ചെയ്തു,…

എങ്കിൽ ഞാൻ നിനക്ക് ഒരു കഥ പറഞ്ഞ് തരാം എന്ന് പറഞ്ഞപ്പോൾ അവൾ ‘എനിയ്ക്ക് ഒന്നും കേൾക്കണ്ട’ എന്ന് അതിന് മറുപടി പറഞ്ഞു.

പെട്ടെന്ന് തന്നെ ഞാൻ മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. ഒരു പൂച്ച കുഞ്ഞിനെ പോലെ കണ്ണ് മിഴിച്ച് എന്താ ഇയാൾ ചെയ്യാൻ പോവുന്നതെന്ന് ആലോചിക്കുന്ന അവളുടെ മുഖത്തെ നിഷ്ക്കളങ്കമായ ഭാവം കാണുവാൻ എന്തെന്നില്ലാത്ത ഭംഗി തോന്നി

“”എന്താടി പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്നെ,…?””

ഞാൻ കഥ പറഞ്ഞാൽ നീ അത് കേൾക്കണം, നൃത്തം ചെയ്യാൻ പറഞ്ഞാൽ അതും ചെയ്യണം, എന്തിനേറെ പറയുന്നു, ഒരു പശുവിനെ വാങ്ങി തന്ന് അതിനെ പാടത്ത് കൊണ്ടുപോയി മേയ്ക്കാൻ പറഞ്ഞാൽ അതും നീ ചെയ്യണം. കാരണം ഇന്നുമുതൽ നീ എൻ്റെ അടിമയാണ്,.. കേട്ടോടി തേപ്പ്ക്കാരി,…

ബൈ ദ ബൈ നമ്മൾ വിഷയത്തിൽ നിന്ന് തെന്നിമാറിയിരിക്കുന്നു. അപ്പൊ എങ്ങിനാ കഥ കേൾക്കാൻ റെഡിയല്ലേ,..?

രാവിലെ മുതലുള്ള ഫോട്ടോ ഷൂട്ടും, നിർത്താതെയുള്ള ഈ കരച്ചിലും അവളെ തീർത്തും ക്ഷീണിതയാക്കിയിട്ടുണ്ട്. എന്നോടുള്ള ഭയം കാരണം. ഞാൻ പറയുന്നതിന് കാതോർത്ത് തളർന്നു വീർത്ത കൺപോളകൾ ഉയർത്തി എന്നെ തന്നെ നോക്കിയിരിപ്പാണ് അവൾ,…

ഞാൻ കഥ പറഞ്ഞു തുടങ്ങി,…

ഒരു പ്രണയാർദ്രമായ കഥയാണ്, ഒരു ചേഞ്ചിന് ഞാൻ പെൺക്കുട്ടിയുടെ ഭാഗത്ത് നിന്ന് കഥ പറയാം,..

ഒരു ആറ് വർഷം മുൻപ് ഒരു സായം സന്ധ്യയിലാണ്,

അവർ പരസ്പരം കാണുന്നത്. കണ്ട മാത്രയിൽ തന്നെ ആദ്യാനുരാഗം തോന്നിയത് അവൻ്റെയുള്ളിലായിരുന്നു. പിന്നെയും ഒരുപാട് ദിവസങ്ങൾ അവളെ ഒരു മാത്ര കാണുവാനായി അവൻ അവളുടെ വീടിന് മുൻപിലുള്ള വാകമരത്തിന് താഴെ അവളെ കാത്ത് നിന്നു,..

അവളെ കാണുമ്പോൾ ഒരു മനോഹരമായ പുഞ്ചിരി അവൾക്കായ് സമ്മാനിയ്ക്കും. എന്നാൽ അവളുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. പിന്നെയും മാസങ്ങൾ കടന്നു പോയി, തന്നെ ഒരു നോട്ടം കൊണ്ട് പോലും ശല്യം ചെയ്യാതെ എപ്പോഴും പുഞ്ചിരിക്കുന്ന അവനെ അവളും ശ്രദ്ധിച്ചു തുടങ്ങി,..

ക്ലാസ്സ് കഴിഞ്ഞ്, അവനെ കാണുവാൻ അവളുടെ മനസ്സിലും ആഗ്രഹം ഉടലെടുത്തു. താൻ അറിയാതെ അവനോട് ഒരു ഇഷ്ടം മനസ്സിൽ മൊട്ടിട്ടിരുന്നു. എന്നാൽ ആ ദിവസം പതിവിന് വിപരീതമായി അവനെ ആ വഴിയിലൊന്നും കണ്ടില്ല…

ഒന്നും, രണ്ടും ദിവസങ്ങളല്ല, ഒരു ആഴ്ച തന്നെ പിന്നിട്ടു.

ഒരു ദിവസം അവൾ നിരാശയോടെ, അവൻ എന്നും നില്ക്കാറുണ്ടായിരുന്ന വാകമരത്തിന് താഴെ നോക്കിയപ്പോൾ, അവൻ്റെ ബൈക്ക് മാത്രം നില്ക്കുന്നു. ഇവൻ എവിടെയെന്ന് ചുറ്റും നോക്കുന്ന അവളുടെ മുന്നിലേയ്ക്ക് അവൻ, ഒരു കാറ്റിൻ്റെ വേഗതയിൽ വന്ന് നിന്നു. അവനെ നേരിൽ കാണുമ്പോൾ ചോദിക്കുവാനായി “ഇത്രനാൾ എവിടെ ആയിരുന്നു..?” എന്ന ചോദ്യം അവളുടെ മനസ്സിൽ ഉണ്ടായിരുന്നിട്ടു കൂടി അവൻ്റെ പുഞ്ചിരിയും,. പ്രണയാർദ്രമായ ആ നോട്ടവും നേരിടാനാവാതെ അവൾ തലതാഴ്ത്തി നിന്നു..

ഒട്ടും ഭയമില്ലാതെ തന്നെ അവൻ, തൻ്റെ പ്രണയം അവളോട് തുറന്ന് പറഞ്ഞു. അവനിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ എന്നപ്പോലെ അവൾ അതിന് മുപടിയെന്നോണം ഒരു പുഞ്ചിരി സമ്മാനിച്ച് അവിടെ നിന്നും നടന്ന് അകന്നു,…

പിന്നീടങ്ങോട് ആരെയും അസൂയപ്പെടുത്തും വിധം അവർ ഇരുവരും മത്സരിച്ച് പ്രണയിക്കുകയായിരുന്നു…

അവൻ്റെ മുൻ കോപം നിയന്ത്രിയ്ക്കുവാൻ അവൾക്ക് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ,. പെണ്ണായത് കൊണ്ട് സമൂഹം അവൾക്കു നല്കിയ സ്വാതന്ത്ര്യത്തിൻ്റെ കടിഞ്ഞാൺ അവൻ പൊട്ടിച്ച് ദൂരെ എറിഞ്ഞു. അവളുടെ സ്വപ്നങ്ങൾക്ക് അവൻ ഏഴ് വർണ്ണങ്ങൾ നല്കി. ഓരോ പുലരിയും അവർക്ക് പരസ്പരം കാണുവാൻ വേണ്ടിയായിരുന്നു. അതിനിടയിൽ ഒരുപാട് ഇണക്കങ്ങളും പിണക്കളുമായി വർഷങ്ങൾ ശരവേഗത്തിൽ ഓടി മറിഞ്ഞു..

അവളുടെ നിർബന്ധപ്രകാരം അവൻ നന്നായി പഠിച്ചു. നല്ലൊരു ജോലി നേടി. അവളുടെ ക്ലാസ്സ് കഴിയുമ്പോൾ വീട്ടിൽ വന്ന് പെണ്ണ് ആലോചിക്കാമെന്ന് അവർ കണക്കുകൂട്ടി ഇരുന്നു,..

എല്ലാ മാസത്തെയും പോലെ പീരിയഡ്സ് ൻ്റെ വേദന ഏഴ് നാളുകൾ മാത്രമായി തീരാതെ വന്നപ്പോഴാണ് അവൾ, ഹോസ്പിറ്റലിൽ പോയത്,

ധാരാളം ടെസ്റ്റുകളുടെ റിപ്പോർട്ടുകൾ തിരിച്ചും മറിച്ചും നോക്കിയതിന് ശേഷം, ഡോക്ടറുടെ മുഖഭാവം കണ്ടിട്ടെന്നോണം അവളുടെ ഉള്ളിലും ഭയം തോന്നി തുടങ്ങി,…

“താൻ ചെറുപ്പമാണ് തന്നോട് ഞാനിതെങ്ങനെ പറയും”, എന്ന് ഡോക്ടർ മുഖവുരയോടെ പറഞ്ഞു നിർത്തി,..

ഒരു ദീർഘശ്വാസമെടുത്ത് ഡോക്ടർ തൻ്റെ കൈയ്യിലുള്ള റിപ്പോർട്ടിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

ഈ കാണുന്നത്, തൻ്റെ യൂട്രസ്സിലെ ഇൻഫെക്ഷൻ ആണ്, ലാസ്റ്റ് സ്റ്റേജ് ആണ്, ട്രീറ്റ്മെൻ്റിലൂടെ സുഖപ്പെടുത്താനുള്ള സാധ്യത ഇല്ല. യൂട്രസ്സ് എത്രയും വേഗം നീക്കം ചെയ്യുകയല്ലാതെ മറ്റൊരു പോംവഴി എൻ്റെ മുന്നിലില്ല,.

“”തനിയ്ക്ക് ഇനി ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ സാധിക്കില്ലേ,…””

അവൾ ഡോക്ടറുടെ മുന്നിലിരുന്ന്, പൊട്ടിക്കരഞ്ഞു.

ഡോക്ടറുടെ ക്യാബിനിൽ നിന്ന് സർജറിയ്ക്കു വേണ്ടി അഡ്മിറ്റാവേണ്ട തിയ്യതിയുമായി അവൾ ഇറങ്ങുമ്പോൾ, അവളുടെ മനസ്സിൽ അവൻ്റെ മുഖമായിരുന്നു. രാത്രി സംഭാഷണങ്ങളിൽ അവൻ പറയുന്ന വാക്കുകൾ ഒരു തിര പോലെ അവളുടെ ചെവിയിലങ്ങനെ അലയടിച്ചുകൊണ്ടിരുന്നു,..

“”എനിക്ക് നിന്നേപ്പോലൊരു കുറുമ്പി കുട്ടിയെ മതി. നിൻ്റെ നുണക്കുഴി കവിളും, ഈ കുസൃതി ചിരിയും ഉള്ള ഒരു കുറുമ്പി കുട്ടിയെ,””

ദിവസങ്ങളോളം അവൾ ഒരു ഇരുട്ട് മുറിയിൽ കഴിച്ചുകൂട്ടി.. ആ ദിവങ്ങൾ അത്രയും അവളുടെ ചിന്ത മുഴുവനും അവനെ കുറിച്ചായിരുന്നു. ഇനി അവൻ്റെ ജീവിതത്തിലേക്ക് കടന്ന് ചെല്ലുവാനുള്ള യോഗ്യത തനിക്കില്ലെന്ന് അവൾ ഉറപ്പിച്ചു. കൂടാതെ അവൻ്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞ് മാറണം എന്നുള്ള തീരുമാനവും,..

“”എനിക്ക് നിന്നെ നേരിൽ കാണണം, അതും നമ്മുടെ പ്രണയം തുടങ്ങിയ വാകമരത്തിന് അരികിൽ വെച്ച് തന്നെ,..”” ഇടറിയ ശബ്ദത്തിൽ ഇത്രയും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്യ്തു,..

ഒന്നും സംഭവിയ്ക്കാത്തതുപോലെ അവൾ അവനെയും കാത്ത് വാകമരത്തിന് കീഴെ കാത്തു നിന്നു…

അകലെ നിന്ന് തന്നെ അവൻ്റെ മുഖത്തെ ദേഷ്യം അവൾ തിരിച്ചറിഞ്ഞു,…

“”ഞാൻ നിന്നെ കാണാൻ ഇരിക്കായിരുന്നു,..

നിന്നെ എത്ര തവണ വിളിച്ചെടീ,.. എവിടെ പോയി കിടക്കായിരുന്നു. ഇന്നും കൂടി വിളിച്ച് കിട്ടിയില്ലെങ്കിൽ ഞാൻ നിൻ്റെ വീട്ടിലേയ്ക്ക് വരാൻ ഇരിയ്ക്കായിരുന്നു. നിൻ്റെ വായേലെന്താ, വായ തുറന്ന് പറയെടീ,…””

തന്നെ ഒരുവേള പിരിഞ്ഞിരിയ്ക്കാൻ കഴിയാത്ത സ്നേഹമാണ് ദേഷ്യത്തിൻ്റെ രൂപത്തിൽ അവൻ പ്രകടിപ്പിക്കുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു,..

നിറഞ്ഞ് തുളുമ്പിയ കണ്ണുകൾ അവനറിയാതെ തുടച്ച്. അവൾ അവനോടായി പറഞ്ഞു,…

””ഇനിയും നിൻ്റെ ഈ ദേഷ്യം സഹിക്കാൻ എനിക്ക് വയ്യ. മടുത്തു എനിക്ക്. നമുക്ക് ഇത് ഇവിടെ വെച്ച് നിർത്താം. ഞാൻ നന്നായി ആലോചിച്ച് എടുത്ത തീരുമാനമാണ്. ദയവ് ചെയ്ത് ഇനി എന്നെ കാണാൻ വരാനോ, വിളിച്ച് ശല്യപ്പെടുത്തുകയോ ചെയ്യരുത്,.. എന്നെ എൻ്റെ ഇഷ്ടത്തിന് വിട്ടേക്കണം പ്ലീസ്…””

കേട്ടത് വിശ്വസിക്കാനാവാനെ പകച്ചു നില്ക്കുന്ന അവനെ നോക്കാതെ അവൾ അവിടെ നിന്നും നടന്നകന്നു. തൻ്റെ പ്രാണനെ പിരിയുന്ന വേദനയിൽ അവളുടെ ഹൃദയം പിടയുകയായിരുന്നു,…

പിന്നീട് അവർ തമ്മിൽ ഒരു കൂടിക്കാഴ്ച ഉണ്ടായില്ല. അവൻ്റെ ഫോട്ടോയും, അവർ തമ്മിലുള്ള പഴയ ചാറ്റുകളും വായിച്ച് അവൾ തൻ്റെ മുറിയിൽ ഒതുങ്ങികൂടി,…

അവൻ്റെ അവസ്ഥ വ്യത്യസ്തമായിരുന്നില്ല. പ്രണയമായിരുന്ന ലഹരി അവനിൽ നിന്ന് അകന്ന്പോയപ്പോൾ. മദ്യമെന്ന ലഹരിയിൽ അവൻ അഭയം പ്രാപിച്ചു,..

ആറ് മാസങ്ങൾക്കു ശേഷം ഡി അഡിക്ഷൻ സെൻ്ററിലെ സെല്ലിലേയ്ക്ക് അവനെ കാണുവാൻ ഒരാൾ വന്നു. അത് മറ്റാരും ആയിരുന്നില്ല. അവളുടെ കൂട്ടുകാരി ആയിരുന്നു. ആദ്യമൊന്നും കൂട്ടുകാരി പറയുന്നത് കേൾക്കുവാൻ അവൻ തയ്യാറായില്ല..

എല്ലാം അറിഞ്ഞപ്പോൾ അവൻ ഭിത്തിയിൽ തലയിടിച്ച് അലറി കരയുകയായിരുന്നു,…

പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. തൻ്റെ സമ്മതം പോലും ചോദിക്കാതെ ഉറപ്പിച്ച വിവാഹത്തിന് സമ്മതിയ്ക്കിെല്ലെന്നും, നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും അവൾ വീട്ടുക്കാരെ പറഞ്ഞ് ഭയപ്പെടുത്തി..

വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നും, ആ ദിവസങ്ങൾ അവളെ കൂടെ ഇരുന്ന് നോക്കി എൻ്റെ കൈകളിൽ ഏല്പിച്ചാൽ പഴയ മകളെ അമ്മയ്ക്ക് ഞാൻ തിരിച്ചു നല്കുമെന്ന് അവൻ അവളുടെ അമ്മയ്ക്ക് വാക്ക് നല്കി,…

രണ്ട് പ്രാവശ്യം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അവളെ. അതിൽ നിന്നും രക്ഷപ്പെടുത്തി. കല്യാണ മണ്ഡപത്തിൽ എത്തിച്ചു അമ്മ തന്റെ കർത്തവ്യം പൂർത്തിയാക്കി,..

ഒരു പ്രതികാരത്തിന് വേണ്ടിയാണ് തന്നെ അവൻ വിവാഹം കഴിച്ചതെന്ന് അറിഞ്ഞപ്പോൾ ഒരു മരവിപ്പാണ് അവൾക്ക് ഉണ്ടായത്,..

ഇപ്പൊ ദാ, അവൾ നമ്മുടെ കഥയിലെ നായിക മരപ്പട്ടി, എൻ്റെ അപ്പുറത്ത് കിടന്ന് ചിരിക്കണോ കരയണോ എന്നറിയാതെ എക്സ്പ്രഷനിട്ട് ബുദ്ധിമുട്ടുന്നു,..

കഥ ഇഷ്ടമായോ എന്ന എൻ്റെ ചോദ്യത്തിന് നെഞ്ചിലൊരു കടിയായിരുന്നു അവളുടെ സമ്മാനം.

ലച്ചുവിനെ എന്നിലേയ്ക്ക് ചേർത്ത് പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ, ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ എൻ്റെ നെഞ്ചിൽ പറ്റി കിടന്നു കൊണ്ട് ചോദിച്ചു,..

എല്ലാം അറിഞ്ഞിട്ട് പിന്നെയും എന്തിനാ ഇങ്ങനെ വേദനിപ്പിച്ചതെന്ന്,..

കലിപ്പൻ്റെ ദേഷ്യം മനസ്സിലാക്കിയ നിനക്ക് കലിപ്പൻ്റെ മനസ്സ് മനസ്സിലാക്കാതിരുന്നതിനുള്ള ചെറിയ ഒരു ശിക്ഷ.. നിനക്ക് അമ്മയാവാൻ കഴിയില്ലെന്ന് അറിഞ്ഞാൽ നിന്നെ വിട്ടു പോവുമെന്ന് കരുതിയോ നീ,. കുട്ടിത്തം വിട്ടു മാറാത്ത നീ ഉള്ളപ്പോൾ എന്തിനാടീ ഇനി മറ്റൊരു കുട്ടി,.

നിനക്കും സ്നേഹിക്കാൻ ഒരു കുഞ്ഞ് ഉണ്ടല്ലോ,..

കുറച്ച് ദേഷ്യം കൂടുതലാണെന്നല്ലേ ഉള്ളൂ,..

“”എങ്ങനെ?? കേട്ടില്ല.. കുറച്ചു ദേഷ്യമോ?? “”

എന്ന് ചോദിക്കുമ്പോഴും, നേർത്ത പുഞ്ചിരി വിടർന്ന ആ അധരങ്ങളിലും പരിഭവത്തിന്റെ പാഴ്ശ്രുതി എനിക്ക് മാത്രം കേൾക്കാവുന്ന പാകത്തിന് അപ്പോഴും തിരതല്ലുന്നുണ്ടായിരുന്നു

“ഇനിയെന്താ “? എന്റെ ചോദ്യം കേട്ടതും എനിക്ക് നേരെ മുഖം തിരിച്ചു, ഉത്തരമായത് അവളുടെ നിറഞ്ഞ കണ്ണുകളും ശബ്ദം പുറത്ത് വരാതെയുള്ള അവളുടെ ഏങ്ങിയേങ്ങിയുള്ള കരച്ചിലും ആയിരുന്നു

“ശ്രീയേട്ടാ, ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ തോറ്റ് പോയതല്ലേ,? ഏട്ടന്റെ വീട്ടുകാർക്ക് ഞാനൊരു ദുഃഖക്കനി ആയിരിക്കില്ലേ? അവരെന്നെ ശപിക്കില്ലേ? ”

ചോദ്യം കേട്ടതും എന്നിൽ മുള പൊട്ടിയത് നേർത്തൊരു പുഞ്ചിരി മാത്രമായിരുന്നു,..

” നീയെന്ത് കരുതി എന്റെ വീട്ടുകാർക്ക് ഒന്നും അറിയില്ല എന്നോ? നിന്റെ കഥകളെല്ലാം കേട്ടപ്പോൾ എന്റെ അച്ഛനാണ് പറഞ്ഞത് ഉടനടി തന്നെ നിന്നെ പെണ്ണ് കാണാൻ പോകണം എന്ന്,

എന്റെ അമ്മ നിന്നെ കുറിച്ച് എന്താ പറഞ്ഞത് എന്ന് നിനക്കറിയോ?

“ഈ ലോകത്ത് നിന്നെ ഇത്ര മാത്രം സ്നേഹിക്കുന്ന മറ്റൊരു പെൺകുട്ടിയും കാണില്ല എന്നാണ്””

അത് കൊണ്ടല്ലേ നിന്റെ ജീവിതം നശിപ്പിക്കാതിരിക്കാൻ അവൾ സ്വയം ജീവനൊടുക്കാൻ തുനിഞ്ഞത് എന്ന്, ആ വീട്ടുകാർ നിന്നെയെങ്ങനെ ശപിക്കും,

പിന്നേ ഒരു സ്ത്രീ എന്ന നിലയിൽ തോറ്റ് പോയെന്ന് നീ പറഞ്ഞല്ലോ,

അതെങ്ങനെ നീ തോൽക്കും, ഇഷ്ട്ടപ്പെട്ട പുരുഷന് മേൽ അവളെക്കാൾ അധികം സ്ഥാനം മറ്റൊരുത്തിക്ക് ഇല്ലാത്തപ്പോൾ നീയെങ്ങനെ തോൽക്കും

“അതേ നീയൊരിക്കലും തോൽക്കില്ല, ഞാൻ ജീവനോടെയുള്ളപ്പോൾ നീയൊരിക്കലും തോൽക്കില്ല പെണ്ണേ “,….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന: സുധിൻ സദാനന്ദൻ

Scroll to Top