തനിക്ക് എന്റൊപ്പം വരാനാകില്ലല്ലോ, തന്റെ ഇച്ചായൻ വിഷമിക്കും, അതുകൊണ്ട് താൻ ഇച്ചായന്റൊപ്പം വന്നാൽ മതി…

രചന : ജിഷ ഷാജൻ

ഈ കൈകളും കാത്ത്

*****************

വിവാഹം കഴിഞ്ഞ് ഹസ്ബൻഡ് ടോമിക്കൊപ്പം ഹോസ്പിറ്റലിൽ തിരിച്ചു ജോയിൻ ചെയ്യാൻ എത്തിയതായിരുന്നു ഡോണ സിസ്റ്റർ, കൂട്ടുകാരായ സിസ്റ്ററുമാരെയൊക്കെ ടോമിയെ പരിചയപ്പെടുത്തി കൊണ്ട് നിൽക്കുമ്പോഴാണ് പെട്ടെന്ന് പുറകിൽ നിന്ന് ആ വിളി വന്നത്.

ഡോ കുപ്പി ഭൂതം !

കർത്താവേ പെട്ട്, തന്റെ ഇരട്ടപ്പേര്…

ഈശ്വരാ എല്ലാവർക്കും തന്നോട് ഭയങ്കര ബഹുമാനമാണൊന്നൊക്കെ തട്ടിവിട്ട് വന്നതാ എല്ലാം പൊളിഞ്ഞു, അവൾ ഒരു ചമ്മിയ ചിരിയോടെ ടോമിയെ നോക്കി, മുഖം നിറയെ ചിരിയുമായി അയാൾ അവളെയും.

ഇത് ഏതാടീ നിന്റെ കൂടെ ഒരുത്തൻ.?

മുഖം നിറയെ ഗൗരവത്തിൽ റയാൻ.

എന്റെ കെട്ടിയോൻ! മൊത്തത്തിൽ ഉണ്ടായ ചമ്മൽ കാരണം കൊണ്ട് അവൾ വിക്കലോടെ പറഞ്ഞു.

എന്റെ ഈശോയെ എന്നാലും ഇത് വലിയ ചതിയായിപ്പോയി, ആണൊരുത്തൻ ഇവിടെ ഹൃദയംകൊണ്ട് സ്നേഹിച്ചു കാത്തിരിക്കുമ്പോൾ നീ പോയി വേറെ കെട്ടിയോ.

ഡീ വഞ്ചകീ, തേപ്പുകാരീ….

റയാൻ ഗൗരവം വിടാതെ വിളിച്ചു കൊണ്ടേ ഇരുന്നു.

ഡാ പ്ലീസ് അവൾ അവനുമുന്നിൽ കെഞ്ചി.

ആ നീ പറഞ്ഞതുകൊണ്ട് ഞാൻ മിണ്ടാതിരിക്കാം എന്തെങ്കിലും ആകട്ടെ ഒരിക്കൽ സ്നേഹിച്ച പെണ്ണല്ലേ അവൻ വിടാൻ ഉദ്ദേശമില്ല .

ഡോ തനിക്ക് ജോലി വല്ലതും ഉണ്ടോ ഗൗരവം വിടാതെ അവന്റെ അടുത്ത ചോദ്യം ടോമിയോട്.

ഉണ്ട്….ഡോക്ടർ ആണേ…ടോമി കുസൃതിച്ചിരിയോടെ പറഞ്ഞു.

റയാൻ ഒരുനിമിഷം ടോമിയെ സൂക്ഷിച്ചു നോക്കി,

ഡോ തനിക്ക് വല്ല കുഴപ്പവും ഉണ്ടോ അവൻ ചോദിച്ചു.

ഇല്ല എന്തേ.. അല്ല ഈ സാധനത്തിനെയെ കിട്ടിയുള്ളോ തനിക്ക്, കണ്ടാൽ തരക്കേടില്ലല്ലോ നല്ല ജോലിയും,ടോമിയുടെ മറുചോദ്യത്തിനുത്തരമായി അവൻ പറഞ്ഞു.

അവിടെ പൊട്ടിച്ചിരികൾ മുഴങ്ങി,

ഓ ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ റയാൻ, അവൻ കൈനീട്ടി .

പക്ഷേ ഞാൻ എന്നെ വിളിക്കുന്നത് പ്രിൻസ് എന്നാണ് കാരണം ഞാൻ ഒരിക്കൽ അവളുടെ രാജകുമാരനായിരുന്നു, ഇനിയിപ്പോൾ റയാൻ എന്ന് തന്നെ വിളിച്ചാൽ മതി കാരണം രാജ്യവും രാജകുമാരിയും സ്വന്തമായി ഇല്ലാത്തവരെ ആരും പ്രിൻസ് എന്ന് വിളിക്കാറില്ലല്ലോ,

ആ ഇവളെ നന്നായി നോക്കി കൊള്ളണം എന്റെ ഹൃദയമാണ് ഞാൻ നിനക്ക് തരുന്നത് കേട്ടല്ലോ പറഞ്ഞത്,അതും പറഞ്ഞ് അവൻ ഗൗരവത്തിൽ നടന്നു.

കുറച്ചു ദൂരം മുന്നോട്ടു പോയിട്ട് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു ഡീ…..സമയം കിട്ടുമ്പോൾ വരണം റൂം നമ്പർ 412,

ആ 8 വയസ്സുകാരൻ ഓടി മറഞ്ഞു.

അല്ലേലും നിനക്ക് ഇത് തന്നെ വേണം, നിനക്ക് കുറച്ച് കുസൃതി കൂടുതലായിരുന്നല്ലോ അനുഭവിച്ചോ

ഒരു സിസ്റ്റർ തമാശ പറഞ്ഞു ചിരിച്ചു, എല്ലാവരും ആ ചിരിയിൽ പങ്കുകൊണ്ടു.

അപ്പോഴും ഡോണയുടെ മനസ്സ് റൂം നമ്പർ 412 ഇൽ തറഞ്ഞു നിന്നു അവിടെ എന്തായിരിക്കും ആവോ

ഡോ…. എന്തായാലും തന്റെ ഫ്രണ്ട് കൊള്ളാലോ ആരാടി ആ കുരുപ്പ് ടോമി ചോദിച്ചു .l

അതൊരു വലിയ കഥയാ ഇച്ചായാ വൈകിട്ട് പറയാം,അതും പറഞ്ഞ് കെട്ടിയോനെ യാത്രയാക്കി അവൾ ഡ്രസിങ് റൂമിലേക്ക് നടന്നു.

നടപ്പിനൊപ്പം അവളുടെ ഓർമ്മകൾ രണ്ടുമാസം പുറകിലേക്ക് സഞ്ചരിക്കുകയായിരുന്നു.

*********************

കീമോതെറാപ്പി ചെയ്യാൻ വന്നുകൊണ്ടിരുന്ന റോസ്മി ചേച്ചി, ഗർഭാശയ ക്യാൻസർ ബാധിച്ച അവർക്കൊപ്പം നിഴലുപോലെ ഭർത്താവ് ഷാജി ചേട്ടനും ഉണ്ടായിരുന്നു, അയാളുടെ കയ്യിൽ തൂങ്ങി അവരുടെ ഓമന മകൻ റയാനും.

നിങ്ങളുടെ വീട്ടിൽ വേറെ ആരുമില്ല? എന്ന ചോദ്യത്തിന് ഒരിക്കൽ ഷാജി ചേട്ടൻ മറുപടി പറഞ്ഞു,

ഞങ്ങൾ രണ്ടുപേരും വളർന്നത് സാമിയച്ഛന്റെ ഓർഫനേജിൽ ആയിരുന്നു അതുകൊണ്ട് തന്നെ ആ ഓർഫനേജും അവിടുത്തെ ആളുകളും അല്ലാതെ വേറെ ആരും ഞങ്ങൾക്കില്ല.

രണ്ടാഴ്ചയ്ക്ക് ശേഷം ഒരു ദിവസം റോസ്മി ചേച്ചിയും റയാനും തനിയെ കീമോതെറാപ്പി ചെയ്യാനായി വന്നു, ഡോണയുടെ കണ്ണുകൾ ഷാജി ചേട്ടനെ തിരയുന്നുണ്ടായിരുന്നു,

റോസ്മി ചേച്ചി ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു ഡോ താൻ ഷാജിയേട്ടനെ തപ്പണ്ട ഞാനും ഇവനും മാത്രമേ ഉള്ളൂ,ഇച്ചായൻ എനിക്ക് മുൻപേ അങ്ങെത്തി, ആക്സിഡന്റ് ആയിരുന്നു, ആകെയുള്ള സങ്കടം ഇവനെ ഓർത്ത് മാത്രമാണ്.

ആ ദൈവം തന്ന കുഞ്ഞല്ലേ ദൈവം തന്നെ നോക്കിക്കോളും റോസ്മി ചേച്ചി സ്വയം ആശ്വസിക്കാൻ എന്നപോലെ പറഞ്ഞു,

കീമോതെറാപ്പിയുടെ വേദനയിൽ പിടയുമ്പോഴും റയാനു മുമ്പിൽ ചേച്ചി ചിരിച്ചുകൊണ്ടിരുന്നു, വേദന സഹിക്കാൻ വയ്യാതെ ഒരിക്കൽ അവർ ബെഡിൽ കൈകൾ അമർത്തുമ്പോൾ ഒരു ആശ്വാസം പോലെ വച്ചുകൊടുത്ത തന്റെ കൈകളിലെ അവരുടെ നഖപ്പാടുകളിലേക്ക് നോക്കി ഡോണ അതിൽ വെറുതെ തലോടി .

പിന്നീട് അധികദിവസമൊന്നും റോസ്മി ചേച്ചി ഉണ്ടായിരുന്നില്ല, വെള്ളത്തുണിയിൽ പൊതിഞ്ഞ് ചേച്ചിയുടെ മൃതദേഹം ഓർഫനേജിലെ അച്ഛനെ ഏൽപ്പിക്കുമ്പോൾ കണ്ടു സിസ്റ്ററുടെ കൈയും പിടിച്ച് റയാനേ.

പിന്നീട് വിവാഹ തിരക്കുകളിലേക്ക് മാറിയപ്പോൾ,

റയാനേ പാടെ മറന്നു ഇപ്പോൾ ഈ നിമിഷം വരെ

ഡോണ സിസ്റ്ററെ…..

താനിതുവരെ കഴിഞ്ഞില്ലേ എന്ന ചോദ്യവുമായി കൂടെയുള്ള സിസ്റ്റർ മുന്നിലെത്തിയപ്പോൾ ആണ് അവൾക്ക് സ്ഥലകാല ബോധം വന്നത്,

കഴിഞ്ഞു ദാ വരുന്നു,

പെട്ടെന്ന് തന്നെ റെഡിയായി വാർഡിൽ എത്തി.

ഇനിയിപ്പോ 412 നോക്കാൻ വേറെ ആരെയും നോക്കണ്ടല്ലോ സിസ്റ്റർ തന്നെ പൊക്കൊളു സ്വന്തം രാജകുമാരന്റെ അടുത്തേക്കു, ചെറുചിരിയോടെ കൂട്ടുകാർ അത് പറയുമ്പോൾ അവളുടെ മനസ്സിൽ ഒരേയൊരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഇവനിപ്പോൾ 412 ഇൽ എന്തായിരിക്കും, അതൊരു വല്ലാത്ത ഞെട്ടൽ ആയിരുന്നു അവൾക്ക്.

ഫയലുകൾ മറിച്ചു നോക്കിയപ്പോൾ അവൾ ഒരു തളർച്ചയോടെ അടുത്തുള്ള സീറ്റിലിരുന്നു, എന്റെ ഈശോയെ എന്നാലും എന്തിനീ ക്രൂരത? അവൾ ദൈവത്തോട് ചോദിച്ചു.

വികാരങ്ങൾക്കതീതമായ ജോലിയിലേക്ക് പ്രവേശിക്കുമ്പോൾ അവൾ മുഖത്തൊരു പുഞ്ചിരി എടുത്തണിയാൻ വെറുതെ ശ്രമിച്ചു.

412 ഇൽ എത്തുമ്പോൾ സിസ്റ്ററമ്മക്കൊപ്പം അവൻ കളിക്കുന്നുണ്ടായിരുന്നു, അവൾ ഒരുനിമിഷം അവനെ നോക്കി നിന്നു,കുസൃതി കുരുന്ന് , ശബ്ദം ഉണ്ടാക്കി ഉറക്കെ പൊട്ടിച്ചിരിക്കുന്നു.

ഹലോ മൈഡിയർ രാജകുമാരാ എന്താണ് ഇവിടെ… ഒരു കുസൃതി ചോദ്യത്തോടെ അവൾ അവനെ സമീപിച്ചു.

എന്റെ രാജകുമാരി…ഞാനൊരു വിസ അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു അത് വാങ്ങാൻ വന്നതാ,

എന്താ താൻ പോരുന്നോ എന്റെ കൂടെ? അവൻ കുസൃതി ചിരിയോടെ ചോദിച്ചു.

ഒന്നും മിണ്ടാനാവാതെ ഒരു നിമിഷം അവൾ പകച്ചുനിന്നു,ഉടനെ അവൻ തന്നെ പറയാൻ തുടങ്ങി.

അല്ല തനിക്ക് എന്റൊപ്പം വരാനാകില്ലല്ലോ തന്റെ ഇച്ചായൻ വിഷമിക്കും അതുകൊണ്ട് താൻ ഇച്ചായന്റൊപ്പം വന്നാൽമതി, ഞാൻ അവിടെ എത്തി നിനക്ക് കൂടിയുള്ള സീറ്റ് റിസർവ് ചെയ്യാം

എന്താ സമ്മതമാണോ ?അവൻ ചോദിച്ചു,

ഉടനെ വേണ്ട കേട്ടോ കുറെനാൾ സന്തോഷമായി ജീവിച്ചിട്ട് വന്നാൽ മതി ഒരു നൂറു വയസ്സ്,അത് കഴിഞ്ഞ് ഞാൻ വന്നു കൊണ്ടുപോകാം അവൻ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു.

ഓ ഞാൻ വരാം….അവൾ നീറുന്ന മനസോടെ അവന്റെ കുസൃതികൾക്ക് മറുപടി കൊടുത്തു.

അപ്പൊ ഡീൽ 100 വർഷം അതുകഴിഞ്ഞു ഞാൻ വന്നിരിക്കും അപ്പോൾ പക്ഷെ ഇതുപോലെ തേച്ചിട്ടു പോകരുത് അവൻ ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു

പ്രോമിസ്… അവൻ കൈനീട്ടി.

അവന്റെ കൈകൾക്ക് മീതെ കൈവച്ചു കൊണ്ട് ഒന്നു പൊട്ടിക്കരയാനുള്ള വെമ്പലോടെ ഡോണ പുറത്തേക്ക് ഇറങ്ങി ഓടി .

മൂന്നു ദിവസങ്ങൾക്കുശേഷം ദൈവത്തിന്റെ രാജകുമാരനെ വെള്ള വസ്ത്രങ്ങൾ അണിയിച്ച് പുറത്തേക്ക് കൊടുത്തു വിടുമ്പോൾ ഡോണ അല്പംപോലും കരഞ്ഞില്ല,

കാരണം അവൾക്കറിയാം തൂവെള്ള വസ്ത്രമണിഞ്ഞ രണ്ടുപേർ അവനു വേണ്ടി മാത്രം കാത്തു നിൽക്കുന്നുണ്ടന്ന് ഒരിക്കലും തങ്ങളുടെ മകനെ അനാഥത്വത്തിലേക്ക് തള്ളിവിടാൻ ഇഷ്ടമില്ലാത്ത ആ അച്ഛനമ്മമാർ.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ജിഷ ഷാജൻ