വേണേൽ നീയും അവന്റെ കൂടെ പൊയ്ക്കോ, അവന് കുറച്ചു പ്രായം കൂടുതൽ ഉണ്ടെന്നേയുള്ളു.. ഇതുവരെ പെണ്ണും കിട്ടീട്ടില്ല….

രചന : liniaswathi

ചാരുത

****************

ധർമ്മേന്ദ്രന്റെ അടിയേറ്റ് ചുവന്നു പോയ കവിൾ കണ്ണാടിയിൽ കാണെ തനിക്ക് വേദനിക്കാത്തത് എന്തെന്ന് ചാരുത അതിശയിച്ചു….

“മുകളിൽ താമസിക്കുന്ന അലവലാതി നിന്റെ ആരാടി നിനക്ക് വേദനിക്കുമ്പോൾ ഓടിവരാൻ”…

ചെമ്പരത്തിയിൽ പുതുതായി കൂടുകൂട്ടിയ കുഞ്ഞിക്കുരുവികൾ അയാളുടെ ആക്രോശത്തിൽ ഭയന്ന് പറന്നു പോയിരിക്കുമോയെന്നാണ് അവളപ്പോൾ ചിന്തിച്ചത്.

“അയാളവിടെയുണ്ടല്ലോ ചോദിക്കു” അത്രമാത്രം പറഞ്ഞു .

ധർമ്മേന്ദ്രന്റെ കവിളിലും ഇതേ പാടുതന്നെ ഉണ്ടാവുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു..

അത്ര ശക്തിയിലാണ് ആദ്യമായി അയാൾക്ക് കിട്ടിയ തിരിച്ചടി. .

ഉറക്കെ നിലവിളിക്കാതിരുന്നിട്ടും തന്നെ ഉപദ്രവിക്കുന്നത് എങ്ങനെയാണ് അയാൾ അറിഞ്ഞതെന്നു അവൾക്ക് മനസിലായിരുന്നില്ല … .

സൗകര്യങ്ങൾ തീരെക്കുറഞ്ഞ വീട്ടിൽ മുകളിലും താഴെയും താമസിക്കുന്ന വാടകക്കാർ.

അയാൾക്ക് സംസാരിക്കാനാവില്ല എന്നും അടുത്തുള്ള സ്പെഷ്യൽ സ്കൂളിൽ അധ്യാപകനാണെന്നും വീട്ടുടമ പറഞ്ഞിരുന്നു…

ഉച്ചത്തിൽ വയ്ക്കുന്ന നാടൻ പാട്ടുകളാണ് അയാളവിടെ ഉണ്ടെന്നതിന് തെളിവ്.

തനിക്ക് ഇഷ്ടമുള്ള പാട്ടുകൾ കേൾക്കുമ്പോൾ തയ്യൽ യന്ത്രത്തിന്റെ വേഗത കുറച്ച് അവളും ആസ്വദിച്ചിരുന്നു..

ഒന്നുമാത്രം അവൾ ശ്രദ്ധിച്ചു.. തനിക്കുനേരെ ധർമ്മേന്ദ്രന്റെ ഉയരുന്ന ശബ്ദത്തിൽ നിലച്ചുപോകുന്ന പാട്ടുകൾ…

മുറ്റത്തിന് അരുകിലൂടെ അയാൾ പോകുന്നത് കാണെ ഒരിക്കൽ പുഞ്ചിരിച്ചെങ്കിലും തിരിച്ചതുണ്ടായില്ല..

പിന്നീട് അയാളെ ശ്രദ്ധിച്ചിരുന്നില്ല.

വീട്ടുടമയുടെ ഉച്ചത്തിലുള്ള ശബ്ദത്തോടൊപ്പം ധർമ്മേന്ദ്രന്റെ സ്വരം കൂടി കേൾക്കെ അവൾ ചെവിയോർത്തു..

“ഇന്നലെ രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോ ഇവനെന്റെ കവിളത്തടിച്ച് ഇറങ്ങിപ്പോയി..മിണ്ടാത്തവൻ എന്റെ ഭാര്യയെ വശീകരിച്ചു…. ഇനി ഇവിടെ താമസിപ്പിക്കരുത് എത്രേയും വേഗം പറഞ്ഞുവിടണം.”

തന്റെ രാകിമിനുക്കിയ കത്രിക അയാളിൽ ആയിരം തവണ കുത്തിയിറക്കണമെന്ന് അവൾക്ക് തോന്നി..ഇതിനപ്പുറവും അയാൾ ചെയ്തിട്ടുണ്ടെങ്കിലും ശബ്ദമില്ലാത്തവൻ എങ്ങനെയാവും സത്യം ബോധ്യപ്പെടുത്തുകയെന്നോർത്തവൾ വേദനിച്ചു..

ധർമേന്ദ്രനെ ആഞ്ഞടിക്കുമ്പോൾ തീയുതിർന്ന അയാളുടെ കണ്ണുകൾ ചാരുത ഓർമ്മിച്ചെടുത്തു..

“നിന്റെ രക്ഷകൻ നാളെത്തന്നെ പോകുമെടി അതിനുള്ളത് ചെയ്തിട്ടുണ്ട്.. വേണേൽ നീയും കൂടി പൊയ്ക്കോ. ..അവന് കുറച്ചു പ്രായം കൂടുതൽ ഉണ്ടെന്നേയുള്ളു.. ഇതുവരെ പെണ്ണും കിട്ടീട്ടില്ല.

ലഹരിയിൽ ചുവന്ന കണ്ണുകളിൽ വിജയച്ചിരിയോടെ അയാൾ അകത്തേക്ക് കയറി.

ഭൂമിയിൽ അയാളോളം അധമനായ ഒരാൾ ഇനി ജനിക്കണമെന്നവൾക്ക് തോന്നി. മൂന്നുവർഷത്തെ തന്റെ അടിമ ജീവിതം അവസാനിപ്പിക്കണമെന്നും.

ഇങ്ങനെയൊരാൾ ഇനി തന്റെ ജീവിതത്തിലില്ല..

ചാരുത തീരുമാനിച്ചു.

ഒരു ചെറു ബാഗിനുള്ളിൽ ഒതുങ്ങുന്നത് മാത്രേ ഈ ഭൂമിയിൽ തന്റെതായുള്ളു എന്നോർത്ത് അവൾക്ക് ആശ്വാസമാണ് തോന്നിയത്.

മുകളിലേക്കുള്ള പടികൾ കയറുമ്പോൾ തനിക്കയാളുടെ പേരുപോലും അറിയില്ലല്ലോയെന്നോർത്തു.

വാതിലിൽ പതിയെത്തട്ടി ചാരുത കാത്തുനിന്നു..

പകച്ച മുഖത്തോടെയാണയാൾ വാതിൽതുറന്നത്..സൗമ്യത ഒട്ടുമില്ലാതെ എന്താണെന്നർത്ഥത്തിൽ അയാൾ നോക്കി നിന്നു .

“ഞാനും വരുന്നു നിങ്ങളോടൊപ്പം.. എവിടേക്കെങ്കിലും…ഒരു ജോലിക്കായി സഹായിച്ചാൽ മാത്രം മതി.. നിങ്ങളെ ബുദ്ധിമുട്ടിക്കില്ല.

ആരുമില്ലാത്തതുകൊണ്ടാണ്. ”

അവൾ പതിയെ പറഞ്ഞു.

അയാളിൽ സമ്മതമില്ലായ്മ പ്രകടമായിരുന്നു ..

അല്പനേരം കൂടി നിന്ന് ചാരുത തിരികെനടന്നു.

എവിടേക്കെങ്കിലും പോകണം..ഇനി ഭയന്നു ജീവിക്കാൻ കഴിയില്ല.ധർമ്മേന്ദ്രനൊപ്പം കഴിഞ്ഞവൾക്ക് ഇനിയേത് നരകത്തിലും ജീവിക്കാം.

ഇരുളിൽ നായ്ക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ചാരുത വഴിയോരം ചേർന്ന് നടന്നു., അവൾക്കടുത്തേയ്ക്ക് വേഗത്തിൽ വന്നു നിർത്തിയ ഓട്ടോയിൽ അയാളിരിപ്പുണ്ടായിരുന്നു..

സ്വരമില്ലാത്തയാൾ..

കയറൂ എന്ന് കണ്ണുകൾകൊണ്ടാണ് പറഞ്ഞത്. തർക്കിക്കാൻ ശേഷിയില്ലാതെ തളർന്ന മനസ്സിന് എവിടേക്കാണെന്നു ചോദിക്കുന്നതിൽ അർത്ഥമില്ലെന്നു തോന്നി. കാരണങ്ങളില്ലാത്ത ഒരു വിശ്വാസം അവളിൽ നിറഞ്ഞിരുന്നു ..

ഓടുമേഞ്ഞ വീടിന്റെ മുറ്റത്തു യാത്ര അവസാനിച്ചത് അറിയാതെ ചാരുത അപ്പോഴും അയാളുടെ ചുമലിൽ ചേർന്ന് ഉറക്കമായിരുന്നു… അഗാധമായി.. അയാൾ തട്ടിയുണർത്തുമ്പോൾ സുബോധം വീണ്ടെടുക്കാൻ പാടുപെട്ടു..

എവിടുന്നോ വാങ്ങിയ ഭക്ഷണം അയാൾ നൽകിയത് അവൾ കഴിച്ചു തീർത്തു..അയാളെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്ന് മനസിലുറപ്പിച്ചിരുന്നു

തുന്നൽപ്പണി നന്നായി അറിയുമെന്നതിൽ അവൾക്ക് ആത്മവിശ്വാസം തോന്നി .

” ഞാൻ പൊയ്ക്കോളാം..എത്രയും വേഗം..

നിങ്ങൾ ക്ഷമിക്കണം.. സഹായം ചോദിക്കാൻ എനിക്ക് മറ്റൊരാളുമില്ല.”

അവൾക്കു നീട്ടിയ കടലാസിൽ അയാൾ ഇത്രയും എഴുതിയിരുന്നു.

” എന്തെങ്കിലും ജോലി ശരിയാവും.. അത് വരെ ഇവിടെ കഴിഞ്ഞോളു..നിന്റെ ജീവിതം ഇനിയും തുടങ്ങുകയാണ് .. ഉൾക്കൊള്ളാനാവാത്ത കുറവുകൾ എനിക്കുണ്ട് … അല്ലെങ്കിൽ കൂടെ കൂട്ടുമായിരുന്നു “.

ഹൃദയത്തിൽ വ്യാപിച്ച വ്യഥകൾ ഒപ്പിയെടുക്കാനാവുന്ന ഒറ്റമൂലി സ്നേഹം മാത്രമാണെന്ന് അവൾക്ക് തോന്നി..എങ്ങനെയാണത് ഉറവെടുക്കുന്നത് എന്നും.

ഒരു പക്ഷിത്തൂവലിന്റെ ഭാരമേയുള്ളു ഹൃദയത്തിനിപ്പോൾ..

കഴുകിയെടുത്ത തുണികൾ ചുളിവുകളില്ലാതെ ഉണങ്ങാനായി വിടർത്തിയിടുന്ന അയാളെ ചാരുത നോക്കിനിന്നു..എടുത്തു പറയാൻ പ്രത്യേകതകളൊന്നുമില്ലാത്ത അയാൾ മനുഷ്യനെന്ന പദത്തിന് പൂർണ അർത്ഥം കൊടുക്കുവാൻ അർഹൻ തന്നെ.

പുരുഷന്റെ മറ്റൊരു മുഖം..

ആരെയും ആകർഷിച്ച് ചതിക്കുന്ന ധർമ്മേന്ദ്രന്റെ സുന്ദര മുഖത്തേക്കാൾ തേജസ്സുറ്റതാണ് അയാളുടെ മുഖമിപ്പോൾ..

“കുറവുകൾ ഉണ്ടാകുന്നതും അവസാനിക്കുന്നതും മനസ്സുകളിലല്ലേ .. നിങ്ങൾക്ക് കുറവുകൾ കണ്ടെത്താൻ എനിക്കൊരിക്കലും കഴിയില്ലെന്ന് തോന്നുന്നു.ഞാനിവിടെ നിങ്ങളോടൊപ്പം ജീവിച്ചോട്ടേ.. മറ്റെന്തിനെക്കാളും നിങ്ങളെ സ്നേഹിക്കാൻ എനിക്ക് കഴിയും.. ”

സാവധാനം അവൾ പറഞ്ഞു നിർത്തവെ അയാൾ പുഞ്ചിരിച്ചത് അപ്പോൾ വീണു തുടങ്ങിയ മഴത്തുള്ളികളോടായിരുന്നു..

മഴയിൽ.. അയാൾ വിരിച്ചിട്ട വസ്ത്രങ്ങൾ മാറോടു ചേർത്ത് അകത്തേയ്ക്ക് കയറവെ തന്റെ മനസ്സിലെ ഏറ്റവും മനോഹരമായ ചിന്തയിപ്പോൾ അയാളാണെന്ന് ചാരുതയ്ക്ക് തോന്നി.. മഴയുടെ താളവും അയാളുടെ ശബ്ദവും ഒന്നാണെന്നും .

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : liniaswathi