അനന്തഭദ്രം, തുടർക്കഥ, ഭാഗം 9 വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

അല്പസമയത്തിന് ശേഷം ഭദ്രയുടെ മുറി തള്ളിതുറന്ന് ശാകേഷ് ഉള്ളിലേക്ക് കയറി.

ഭദ്ര കണ്ണ് തുടച് അവനെ തറപ്പിച്ചു നോക്കി.

അവൻ പുഞ്ചിരിച്ചുകൊണ്ട് ഭദ്രക്ക് നേരെ ഇരുന്ന് ഫോൺ നീട്ടി.

” ദാ ഞാൻ പറഞ്ഞപോലെ എല്ലാം കളഞ്ഞിട്ടുണ്ട്.. ” ശാകേഷ്

ഭദ്ര വേഗം ഫോൺ വാങ്ങി നോക്കി. അവൾ സമാധാനത്തോടെ നിറഞ്ഞ് വരുന്ന മിഴികൾ തുടച്ചു.

ശാകേഷ് ഫോണിന് കൈ നീട്ടി. ഭദ്ര അവനെ നോക്കാതെ ഫോൺ നൽകി. ശാകേഷ് അവളെ നോക്കികൊണ്ട് പുറത്തേക്കിറങ്ങി. ഭദ്ര എഴുനേറ്റ് കട്ടിലിൽ കയറി കണ്ണടച്ച് കിടന്നു.

ഉറങ്ങാൻ കഴിയുന്നില്ല.

കണ്ണടച്ചാൽ അയാളുടെ മുഖമാണ് ആ തുറിച്ച ചോര കണ്ണുകൾ ഓർമവന്നതും ഭദ്ര ഭയത്തോടെ കണ്ണുകൾ ഇറുക്കെ അടച്ചു.

❤❤❤❤❤❤❤❤❤❤

ദിവസങ്ങൾ വീണ്ടും പോയി.. ഇതിനിടക്ക് ഭദ്രയുമായുള്ള നിശ്ചയം വേണ്ട നേരിട്ട് കല്യാണം മതിയെന്ന് രാജശേഖരൻ മംഗലത്ത് അറിയിച്ചു.

താലികെട്ടിക്കഴിഞ്ഞാൽ പണം കൈമാറമെന്ന ധാരണയുമായി.

അനന്തൻ രാവിലെ ഫ്രഷായി താഴേക്ക് ചെന്നപ്പോൾ പതിവ് പോലെ ജാനുവമ്മയെ കണ്ടില്ല.

ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.

അനന്തൻ കുറച്ചെടുത്തു കഴിച്ച് വേഗം ഇറങ്ങി.

ശങ്കരമാമ്മ പുറത്ത് തന്നെ നിൽപ്പുണ്ട്.

” ജാനുവമ്മ എവിടെ പോയതാ മാമ്മേ.. “?

അനന്തൻ

” വീട്ടിൽ പോയല്ലോ… ഇപ്പോൾ കുറച്ചായി വീട്ടിൽ എന്തൊക്കെയോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞു..

പാറു പറയുന്നത് ഒന്നും അനുസരിക്കുന്നില്ലത്രേ… ”

ശങ്കരൻ കാറിൽ കയറി.

“അവളെന്താ പരീക്ഷ വല്ലതും തോറ്റു കാണും ?

അനന്തൻ…

” മ്മ് ആയിരിക്കും.. ” ശങ്കരൻ…

അനന്തനും കൂടെ കയറിയപ്പോൾ വണ്ടി എടുക്കാൻ ഡ്രൈവറോട് പറഞ്ഞു ശങ്കരൻ പുറത്തേക്ക് നോക്കി ഇരുന്നു.. അനന്തൻ കണക്കും ബില്ലുകളും ഫയലുകളും എല്ലാം വിശദമായി നോക്കുന്നുണ്ട്. ഇന്ന് അമ്പലത്തിൽ പോവണം വൈകുനേരം മീറ്റിംഗ് ഉണ്ട് അടുത്ത മാസം ആണ് ഉത്സവം അതിന്റെയാണ് മീറ്റിംഗ്.. അത് മാത്രമല്ല സ്കൂൾ anniversary അടുത്ത മാസം അവസാനം അതിനും ഒരു മീറ്റിംഗ് പറഞ്ഞിട്ടുണ്ട്. പോരാത്തേന്ന് ഇന്ന് മില്ലിൽ പോവണം… ശങ്കര മാമ്മ ഇടക്കിടെ ഓർമിപ്പിച്ചതാണ്

അനന്തൻ എല്ലാത്തിനും മൂളുന്നുണ്ട്.

മൺപാത നേരെ ചെല്ലുന്നത് കവലയിലേക്ക് കവലയുടെ ഇടത്തേക്ക് മേലേടത് ആശുപത്രിയും..

കവലയിലെ കടകളുടെ സൈഡ് ഭാഗത്ത്‌ ഒരു ചെറിയ റോഡാണ്.. അത് നേരെ പോവുന്നത് സ്കൂളിലേക്ക് റോഡിനു ഇരുവശവും പാടങ്ങളാണ്. ഇടതു വശത്തെ പാടത്തിന് നടുക്കാണ് സ്കൂൾ. ഇടയ്ക്കിടെ റോഡ് സൈഡിൽ മരങ്ങളും നിശ്ചിത അകലം പാലിച്ചു നിൽക്കുന്നുണ്ട്.

സ്കൂൾ കഴിഞ്ഞാൽ പിന്നെയും പാടം..

പാടങ്ങൾ അവസാനിക്കുന്നത് കുന്നിൻ ചെരുവിലാണ്.. ആ കുന്നിന് മുകളിലാണ് പ്രശസ്തമായ പാലത്തിക്കര മഹാദേവ ക്ഷേത്രം..

ശിവനും പാർവതിയുമാണ് പ്രധാന പ്രതിഷ്ഠ..

കൂടാതെ ഗണപതിയുടെയും മുരുകന്റെയും അയ്യപ്പന്റെയും. വിഷ്ണു ഭഗവാന്റെയും ചെറിയ അമ്പല പ്രതിഷ്ഠകളുമുണ്ട്..

അനന്തൻ സ്കൂളിലെ മീറ്റിംഗ് കഴിഞ്ഞ് വേഗം ഇറങ്ങി ഇനി ഉള്ളത് അമ്പലത്തിലെ മീറ്റിംഗ് ആണ് അതാണെങ്കിൽ രാത്രി 7 മണിക്കും ദീപാരാധനക്ക് ശേഷം ..

❤❤❤❤❤❤❤❤❤

മനസ്സ് വല്ലാതെ അസ്വസ്ഥതമാണ്.

യഥാർത്ഥ്യങ്ങളായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോഴും മനസ്സ് വല്ലാതെ ഭയക്കുന്നു.. ഭദ്രക്ക് ഉറക്കമില്ല.. അവളുടെ ചിന്തകൾ രാജശേഖരന്റെ കൂടെയുള്ള ജീവിതം ഓർത്ത് ഭയപ്പെട്ടുകൊണ്ടിരിക്കുന്നു

തത്കാലിക ആശ്വാസത്തിനായി അമ്പലം തന്നെ ശരണം.. മഹാദേവൻ കൈ വിടില്ലെന്ന് ഉറച്ച ആശ്വാസത്തോടെ അമ്പലത്തിൽ പോവാൻ തീരുമാനിച്ചു. ആർക്കും എതിർ അഭിപ്രായം ഒന്നുമില്ല.

അല്ലെങ്കിലും കല്യാണത്തിന് സമ്മതിച്ചപ്പോൾ മുതൽ തന്നോട് ആരും പഴയപോലെ പെരുമാറുന്നില്ലെന്ന് അവൾ ഓർത്തു.

ചിലത് ആശ്വാസമാണെങ്കിൽ ചിലത് വേദനയാണ്..

അമ്മയുടെ അവഗണന സഹിക്കാൻ കഴിയുന്നില്ല

അതിന് കാരണം അയാളാണ്..വേണു ..

തന്റെ സമതമില്ലാതെ ഈ കല്യാണം നടത്തില്ലെന്ന് അമ്മക്ക് വാക്ക് കൊടുത്തു പോലും.. എനിക്കും താല്പര്യമുണ്ടെന്നാണ് അമ്മയുടെ ധാരണ.. തിരുത്താൻ നിന്നില്ല.. വെറുപ്പോടെ നിൽക്കുന്നത് തന്നെയാ നല്ലത്.. ഓരോന്ന് ഓർത്ത് അവൾ ദാവണി ചുറ്റി.. 5 മണിക്ക് ഇറങ്ങിയാൽ ദീപാരാധന തൊഴുത് മടങ്ങാം..കൃത്യം 5 ന് തന്നെ അവൾ ഇറങ്ങി ഇറങ്ങും വഴി സർപ്പക്കാവിൽ വീണ് കിടക്കുന്ന രണ്ട് ലാങ്കി ലാങ്കി പൂക്കൾ ഈറൻ മുടിയിൽ ഭംഗിയോടെ വെച്ചു.. ഓരോ ചുവട് നടക്കുമ്പോഴും പലതരം ചിന്തകളാണ് മനസ്സിൽ ഇങ്ങനെ തന്നെ ഓടി രക്ഷപെട്ടാലോ എന്ന് കൂടെ ചിന്തിക്കാതിരുന്നില്ല..

കവല കഴിഞ്ഞ് നേരെ പാടത്തേക്ക് ഇറങ്ങി..

കൊയ്ത്ത് കഴിഞ്ഞതുകൊണ്ട് പിള്ളേർ സെറ്റ് മൊത്തം ഫുട്ബോൾ കളിയുമായി എല്ലാ കണ്ടത്തിലും ഉണ്ട്. പടിഞ്ഞാറ് നിന്ന് അടിക്കുന്ന അസ്തമയ സൂര്യന്റെ കുങ്കുമ പ്രകാശം ഭദ്രയുടെ മുഖത്തിലും പ്രതിഫലിച്ചു. സ്കൂൾ കഴിഞ്ഞുള്ള വഴിയിൽ ബുള്ളറ്റിൽ കയറിയിരുന്ന് ഫുട്ബോൾ കാണുന്ന ആളെ കണ്ട് ഭദ്രയുടെ കണ്ണ് മിഴിഞ്ഞു. അവളുടെ ഉള്ള് എന്തിനോ തുടിക്കുന്നു. പതിവിന് വിപരീതമായി ഉയരുന്ന ഹൃദയമിടിപ്പ്.. വിയർപ്പ് പൊടിയുന്ന ഉള്ളം കൈ.. അനന്തനാണേൽ ഭദ്രയെ കണ്ടട്ടില്ല.

എന്തിനോ വേണ്ടി അലമുറയിടുന്ന മനസിനെ ശാസിച്ച് ഭദ്ര മുന്നോട്ട് നടന്നു.

” മനൂട്ടാ അത് ഫൗളാ… ”

ബുള്ളറ്റിലിരുന്ന് ആള് അലറുന്നുണ്ട്. ഭദ്രയുടെ കണ്ണുകൾ അനുസരണയില്ലാതെ അവനിലേക്ക് ചെന്നു.

ഇടയ്ക്കിടെ എന്തൊക്കെയോ പറഞ്ഞ് അലറുമ്പോൾ കഴുത്തിലെ ഞരമ്പുകൾ തെളിഞ്ഞു കാണാം.

കഴുത്തിനോട് ചേർന്ന് കിടക്കുന്ന സ്വർണ മണി മാല അവൻ അലറുന്നതിനനുസരിച് ചലിക്കുന്നുണ്ട്… രോമവൃതമായ കൈയിലെ നീണ്ട വിരലുകൾ ബുള്ളറ്റിൽ പിടിച്ചിട്ടുണ്ട്.

അനന്തനെ തന്നെ കണ്ണിമക്കാതെ നോക്കി നടന്നു ഭദ്ര.

കൃത്യമായി അവന് പുറകിൽ എത്തി..

രണ്ട് സൈഡിൽ നിന്നും പുറകിലേക്ക് ഭംഗിയായി ചീകി വച്ച തലമുടി.. അവന്റെ ഓരോ ചലനങ്ങളും ഭദ്ര സൂക്ഷ്മമായി വീക്ഷിച്ചു.

അവയെല്ലാം തന്നെ അവളുടെ കണ്ണുകൾ വ്യകതമായി തന്നെ ഒപ്പിയെടുത്തു…

” ഇതാരാ ഭദ്ര കൊച്ചോ… “?

ഭദ്ര ഞെട്ടലോടെ അനന്തനിൽ നിന്നും ദൃഷ്ടി മാറ്റി നേരെ നോക്കി.. ചെത്തുകാരൻ വേലായുധൻ ആണ്.. ഭദ്ര എന്ന് കേട്ടപ്പോൾ അനന്തൻ ആവേശത്തോടെ തിരിഞ്ഞു നോക്കി. ശരിക്കും കാണാൻ സാധിക്കുന്നില്ല. അവൾ അവനെ കടന്നു രണ്ട് ചുവട് വെച്ചിരിക്കുന്നു.

ഭദ്ര വരുത്തിച്ച പുഞ്ചിരിയുമായി വേലായുധനെ നോക്കി.

” കല്യാണമൊക്കെ ഉറപ്പിച്ചല്ലേ.. “?

വേലായുധൻ പറയുന്നതിന് ഭദ്ര താല്പര്യമില്ലാതെ തലയാട്ടി വേഗത്തിൽ നടന്നു. എന്നാൽ ഇപ്രാവശ്യം ഞെട്ടിയത് അനന്തനായിരുന്നു.

” എന്നാലും ആ കിളവന്റെ ഒരു യോഗം..കിളന്തു പെണ്ണിനെയല്ലേ കിട്ടാൻ പോവൂനെ.. ”

നടന്ന് പോവുന്ന ഭദ്രയെ നോക്കി വേലായുധൻ ഒന്ന് നെടുവീർപ് ഇട്ടു.

അനന്തന്റെ നെറ്റി സംശയത്തോടെ ചുളിഞ്ഞു. അവൻ വേലായുധനെ അടുത്തേക്ക് വിളിച്ചു.

” എന്താ അനന്താ.. “?വേലായുധൻ

” അവളെ ആരാ കെട്ടാൻ പോവുന്നെ..? ”

രണ്ട് കൈയും ഇടുപ്പിൽ കുത്തിയിട്ടാണ് ചോദ്യം.

” മ്മടെ അവിടെ വന്ന പുതിയ എസ് ഐ ഇല്ലേ കിളവൻ അയാളാ..” വേലായുധൻ

അനന്തൻ വീണ്ടും ഞെട്ടി.. അന്നയാളെ അവിടെ കണ്ടതിനു പുറകിലുള്ള അപകടം ഇതാണെന്ന് അവന് മനസിലായി. അനന്തന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

” അവള് സമ്മതിച്ചോ.. “? അനന്തൻ

” പിന്നെ അവള് സമ്മതിക്കാതെ കല്യാണം നടക്കോ..”? വേലായുധൻ

” മ്മ് നീ പൊക്കോ ” അനന്തൻ

വേലായുധൻ തലയാട്ടി സൈക്കിൾ ചവിട്ടി..

അനന്തൻ നിലത്തേക്ക് നോക്കി ഗൗരവത്തോടെ മീശ പിരിച്ചു.

ആള് ഭയങ്കരമായ എന്തോ ചിന്തയിലാണ്.. വേലായുധൻ ഒന്ന് നിന്ന് തിരിഞ്ഞ് നോക്കി.

ഭദ്രയെ നോക്കി നിൽക്കുന്ന അനന്തനെ കണ്ട് അവൻ വീണ്ടും തിരിഞ്ഞു.

” ഇനി കിളവൻ കെട്ടുന്നത് ഒന്ന് കാണണം..”

വേലായുധൻ ഉറപ്പോടെ സൈക്കിൾ മുന്നോട്ട് ചവിട്ടി.

സമയം ആറര കഴിഞ്ഞു.ചുറ്റും ചെറിയ ഇരുട്ട് പടർന്നു.. കുട്ടികളെല്ലാം കളി നിർത്തി വീട്ടിലേക്ക് മടങ്ങി. അനന്തന് പോവാൻ തോന്നിയില്ല.

അവൻ മാവിനരികെ ബുള്ളറ്റ് നിർത്തി അതിൽ ചാരി നിന്നു..ഉദ്ദേശം ഭദ്രയെ കാണണം.

ദീപാരാധന കഴിഞ്ഞ് പലരും മടങ്ങി.ഒടുവിൽ അവസാനം നടക്കുന്ന വ്യക്തിയിലേക്ക് അനന്തന്റെ ദൃഷ്ടി പാളി..വേഗത്തിലാണ് നടത്തം.

അവൾ അടുത്ത് എത്താറായതും അനന്തൻ മുന്നിലേക്ക് കയറി നിന്നു.

ഭദ്ര ഞെട്ടികൊണ്ട് തല ഉയർത്തി അനന്തനെ ന്നോക്കി.

” നിന്റെ കല്യാണം ഉറപ്പിച്ചോ? ”

അനന്തൻ ഗൗരവമായി ചോദിച്ചു.

” മ്മ് ”

” നീ ശരിക്കും സമ്മതിച്ചോ “? അനന്തൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

” മ്മ് ”

അനന്തൻ ദേഷ്യംകൊണ്ട് കണ്ണടച്ചു..

” മ്മ് പൊക്കോ ” അവൻ വഴി മാറി കൊടുത്തു.

ഭദ്ര തല ഉയർത്തി അവനെ നോക്കി.

” ചില ഭ്രാന്താന്മാരുടെ കൂടെ കഴിയുന്നതിലും ബുദ്ധിമുട്ടാണ് കമഭ്രാന്താന്മാരുടെ ഇടയിൽ കഴിയുന്നത്.. ” അത്രയും പറഞ്ഞ് അവൾ മുന്നോട്ട് നടന്നു. ഇതിൽ കൂടുതൽ വ്യക്തമായി തന്റെ അവസ്ഥ അറിയിക്കാൻ അവൾക്ക് അറിയില്ല..

അനന്തൻ അവൾ പറഞ്ഞത് മനസ്സിരുത്തി ആലോചിച്ചു. എന്തോ കണ്ടെത്തിയ പോലെ അവന്റെ കണ്ണുകൾ തിളങ്ങി..അർത്ഥം ഗ്രഹിച്ച അവൻ ക്രൂരമായി പുഞ്ചിരിച്ചു. തിളങ്ങിയ കണ്ണുകൾ ഇരുണ്ടു.

അപ്പോഴേക്കും ഭദ്ര നടന്ന് പകുതി എത്തിയിരുന്നു. അനന്തൻ ഗൗരവത്തോടെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി.

അപ്പോഴാണ് ശങ്കരമാമ്മയുടെ കാൾ വന്നത്. അവൻ ഫോണെടുത്ത് ചെവിയോട് ചേർത്തു.

” ഹലോ എന്താ മാമ്മേ?

” ടാ പാറു കൈയിലെ ഞരമ്പ് മുറിച്ചു. നീ ഒന്ന് വേഗം വാ.. ഹോസ്പിറ്റലിൽ കൊണ്ടുപോവണം..

അനന്തൻ സ്തംഭിച്ചു നിന്നു.. പ്രതീക്ഷയോടെ വഴിയരികിൽ മാറി നിന്ന ഭദ്രയെ കണ്ടില്ലെന്ന് നടിച്ചവൻ മേലെടത്തേക്ക് ബുള്ളറ്റ് പായിച്ചു..

” ഹോ ഇത്രയൊക്കെ തന്റെ അവസ്ഥ പറഞ്ഞിട്ടും ഇങ്ങേർക്ക് മനസിലായില്ലേ..” എന്തോ ആഗ്രഹിച്ചത് നടക്കാത്തത് കൊണ്ട് ദേഷ്യം മൊത്തം ഭദ്ര നടത്തതിൽ തീർത്തു. മംഗലത്ത് എത്തുന്നതിന് മുൻപ് അനന്തൻ ഒന്ന് നിന്നു.മംഗലത്ത് പുറത്ത് വേലിക്കരികിൽ കാറും അതിൽ ചാരി നിന്ന് ഫോണിൽ നോക്കി നിൽക്കുന്ന ഒരാളും..

രാജശേഖരൻ ആണ് അതെന്ന് ഗ്രഹിച്ചെടുക്കാൻ അവന് അധിക നേരം വേണ്ടി വന്നില്ല.

അവൻ ചുറ്റും നോക്കി ഇരുട്ട് പൂർണമായും പടർന്നിരിക്കുന്നു. അവൻ പുറകിലേക്ക് നോക്കി.

ഭദ്ര കവല പോലും എത്തിയിട്ടില്ല..

തുടരും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : കാർത്തുമ്പി തുമ്പി

Scroll to Top