അയ്യാ, പണ്ടേ അമ്മ ഉടായിപ്പ് ആണെന്ന് മോന് അറിയാലോ… ഇപ്പോ കുറച്ചു കൂടി അത്രേ ഉള്ളൂ…

രചന : Abhilash Viswan

സത്യസന്ധയായ അമ്മ

***************

കുഴിമന്തി തട്ടി വീട്ടിലെത്തി കുറച്ചു നേരം റസ്റ്റ്‌ എടുത്തപ്പോൾ വയർ ശരണം വിളി തുടങ്ങി വിശക്കുന്നെ എന്ന്..

ഹാളിൽ ടിവിയും കണ്ടു ഇരിക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്നു ഞോണ്ടി വിളിച്ചു

അമ്മ എനിക്ക് വിശക്കുന്നു ചായക്ക് എന്താ ഇന്ന് ഉണ്ടാക്കുന്നത്?

അവൽ ഇരിപ്പുണ്ട് നനയ്ക്കാം

എന്നാൽ നനയ്ക്ക്

അയ്യോ കുട്ടാ പൊളിച്ച തേങ്ങാ ഇല്ലടാപ്പാ നീ പോയി വിറകുപുരയിൽ നിന്ന് ഒരു തേങ്ങ എടുത്തു പൊളിക്ക്..

അമ്മ ടിവിയിലേക്ക് കണ്ണ് നട്ടു പറഞ്ഞു

അതൊക്കെ പൊളിച്ചു തരാം അമ്മ ചിരകണം അവൽ നനച്ചു തരണം

അതൊക്കെ അമ്മ ഏറ്റു..

ഹ്മ്മ്.. ഞാൻ പിന്നാമ്പുറത്തേക്ക് പോയി ഫോൺ അമ്മിയുടെ മേലെ വച്ചു വിറകുപുരയിൽ നിന്ന് തേങ്ങ എടുത്തു പൊതിച്ചു അടുക്കളയിലേക്ക് വന്നു അത്‌ വെട്ടി വെള്ളവും കുടിച്ചു

അമ്മ ദാ വെട്ടി വച്ചിട്ടുണ്ട് ഉണ്ടാക്കി താ..

ടാ മോനെ സിനിമയുടെ ക്ലൈമാക്സ്‌ ആടാ നീ അതൊന്നു ചിരകിക്കേ ഇച്ചിരി മതി ബാക്കി അമ്മ ചിരകിക്കോളാം

ആയിരത്തൊന്നു വട്ടം കണ്ട സിനിമ ആണ് എന്നാലും ഇരുന്നു കാണും.

അനിയത്തിപ്രാവിന്റെ ക്ലൈമാക്സ്‌ കണ്ടു കരയുന്ന ഒരു അമ്മ..

ഞാൻ ചിരവ എടുത്തു ചിരകി ഇടക്ക് കൈയിട്ടു വാരി ലാസ്റ്റ് ഒരു മുറി മുഴുവൻ ഞാൻ ചിരകി

അമ്മ.. ഞാൻ ചിരകി വച്ചിട്ടുണ്ട്..

എടാ മോനെ ആ ബക്കറ്റിൽ അവൽ ഉണ്ട് നീ അത്‌ എടുത്തു ആ പാത്രത്തിലേക്ക് ഇട്ടേക്ക് അമ്മ ഇതാ വരണൂ.. പിന്നെ ആ ചായ പാത്രത്തിൽ ഇച്ചിരി വെള്ളം ചായക്ക് വച്ചോ അമ്മ പൊടി ഇട്ടോളാം..

ഞാൻ ഹാളിലേക്ക് ചെന്നു നോക്കിയപ്പോൾ മിനി സുധിക്ക് ചായ കൊണ്ടു വന്ന് കൊടുക്കുന്നു കണ്ണുകൾ കൂട്ടിമുട്ടുന്നു പിന്നെ മിനി ചെന്നു ഏതോ ബുക്ക്‌ എടുത്തു മറിച്ചു നോക്കുന്നു..

മിനി ഉണ്ടായിരുന്നേൽ ഒരു ചായ എങ്കിലും കിട്ടിയേനെ

ഹ്മ്മ്‌ ഇതൊരു നടക്ക് പോകില്ല..

കുട്ടാ… ശർക്കര വേണ്ട നിനക്കു വേണേൽ ശർക്കര ഇട്ടോ അമ്മക്ക് പഞ്ചാര മതീട്ടാ.. മോൻ പഞ്ചാര ഇട്ട് അവിടെ വച്ചോ അമ്മ വന്ന് കുഴയ്ക്കാം..

ഇനി അമ്മ അതിനായി വന്ന് ബുദ്ധിമുട്ടണ്ട ഞാൻ ഉണ്ടാക്കി.. അവൽ കൊണ്ട് ഹാളിലേക്ക് ചെല്ലുമ്പോ kpsc ലളിത കണ്ണ് തുടയ്ക്കുന്നു അമ്മയും കണ്ണ് തുടയ്ക്കുന്നു.. ലാസ്റ്റ് ശുഭം കാണിച്ചപ്പോൾ കണ്ണ് തുടച്ചു അമ്മ എഴുന്നേറ്റു..

എങ്ങോട്ടാ? ഞാൻ ചോദിച്ചു

അവൽ നനയ്ക്കാൻ എന്ന് അമ്മ..

വേണേൽ ഇതെടുത്തു കഴിച്ചോ..

ഹമ്പട അമ്മടെ കുട്ടൻ അവൽ നനച്ചോ..

അമ്മ എന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു..

കളിക്കാൻ നിൽക്കല്ലേ..

ഞാൻ കുറച്ചു ദേഷ്യം കാണിച്ചു ഇരുന്നു

അയ്യാ പണ്ടേ അമ്മ ഉടായിപ്പ് ആണെന്ന് മോനു അറിയാലോ ..

ഇപ്പോ കുറച്ചു കൂടി അത്രേ ഉള്ളൂ..

എത്ര സത്യസന്ധയായ അമ്മ

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Abhilash Viswan

Scroll to Top