അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 12 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

“മാമേ ” അനന്തൻ താടി തഴുകി വിളിച്ചു.

” എന്താടാ ” ശങ്കരൻ അകത്തു നിന്നും പുറത്തേക്ക് ഇറങ്ങി വന്നു .

” നമുക്കൊന്ന് ഹോസ്പിറ്റലിൽ വരെ പോയിട്ട് വന്നാലോ “?

” ഇപ്പോഴോ “?

” മ്മ് ”

” എന്തിനാടാ? ”

” വരുന്നുണ്ടെങ്കിൽ വാ കെളവാ ”

അനന്തൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി..

അനന്തനും ശങ്കരനും ആശുപത്രിയിൽ എത്തുമ്പോൾ പാറു മയക്കത്തിലായിരുന്നു. അവരെ കണ്ട് പാറുവിന്റെ അടുത്ത് ഇരുന്ന ജാനുവമ്മ പെട്ടെന്ന് എഴുനേറ്റു.

” എനിക്കൊന്ന് പാർവതിയോട് സംസാരിക്കണം ”

അനന്തൻ ജാനുവമ്മയുടെ മുഖത്ത് നോക്കാതെയാണ് സംസാരിച്ചത്. ജാനുമ്മ തലയാട്ടി പാറുവിനെ വിളിച്ചുണർത്തി. കണ്ണ് തുറന്ന പാറു അനന്തനെ കണ്ട് കാര്യമറിയാതെ കണ്ണ് മിഴിച്ചു.

അനന്തൻ പാറുവിന്റെ അടുത്ത് ചെയർ വലിച്ചിട്ടിരുന്നു. അവന് പുറകെ ശങ്കരൻ നിന്നു.

” നിന്നോട് ആര് പറഞ്ഞിട്ടാ നീ ഈ കടുംകൈ ചെയ്തത് “? തികച്ചും ഗൗരവമായ ചോദ്യം.

പാറുവിന്റെ കണ്ണുകൾ തേടിയത് ജാനുമ്മയെ ആയിരുന്നു കാര്യമെന്തെന്ന് അറിയാതെ ജാനുമ്മയും കണ്ണ് മിഴിക്കുന്നുണ്ടായിരുന്നു.

” അത്.. ആരും പറഞ്ഞിട്ടൊന്നുമല്ല ”

പാറു വിക്കി .

” ദേ മിഥി ഇന്നലെ തന്നെ എന്നോട് പറഞ്ഞതാ നിന്റെ ഞരമ്പ് മുറിഞ്ഞട്ടില്ലെന്നും കൈ മാത്രം മുറിഞ്ഞിട്ടുള്ളൂ എന്നും… മരിക്കാൻ വേണ്ടി ചെയ്തതല്ലെന്നാ മിഥി ഉറപ്പ് പറയുന്നേ.. ഇനിയും നീ നുണ പറഞ്ഞാൽ എന്റെ കൈയുടെ ചൂട് നീ അറിയും, ”

ശങ്കരൻ ദേഷ്യത്തോടെ പറഞ്ഞു.

അനന്തൻ അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി.

” അത്… വേണുമാമൻ ” പാറു അനന്തനെ നോക്കി വിക്കി.. അനന്തൻ ഒന്ന് ചിരിച്ചു.

” എന്ത് പറഞ്ഞു “? അനന്തൻ

” ഭദ്രേടെ കല്യാണം ഉറപ്പിച്ചെന്നും അതെങ്ങാനും അനന്തേട്ടൻ മുടക്കിയാൽ അനന്തേട്ടനെ കൊല്ലുമെന്നും.. അനന്തേട്ടനെ ജീവനോടെ വേണേൽ ഉടനെ വിവാഹം കഴിക്കണമെന്നും… ഏട്ടൻ സമ്മതിച്ചില്ലെങ്കിൽ… “?

പാറു പറഞ്ഞ് നിർത്തി.

” ആത്മഹത്യ ശ്രമം അല്ലേ..? ” ശങ്കരൻ പുച്ഛത്തോടെ പറഞ്ഞു നിർത്തി. പാറു തല താഴ്ത്തി.

” പ്ഭാ ഒരുമ്പെട്ടവളേ.. ” ജാനുമ്മയുടെ കൈ പാറുവിന്റെ കവിളിൽ പതിഞ്ഞു. പാറു കൈ കവിളിൽ വെച്ചു ജാനുമ്മയെ പകപ്പോടെ നോക്കി. ”

അവൾടെ ഒരു നാടകം…. ” ജാനുമ്മ പിറുപിറുത്തുകൊണ്ട് അനന്തന്റെ അരികിലേക്ക് ചെന്നു.

” മോനെ ഞാൻ ശരിക്കും ഇവള് മോന് വേണ്ടി…. ഇവള്ടെ നാടകം ആണെന്നൊന്നും എനിക്കറിയില്ലായിരുന്നു… മോനേന്നോട് ക്ഷമിക്കണം.. ”

ജാനുമ്മ അനന്തനെ നോക്കി കൈക്കൂപ്പി..

അനന്തൻ ഒന്നും മിണ്ടാതെ എഴുനേറ്റ് പുറത്തേക്ക് നടന്നു..

” നിന്റെ മനസ്സിന് ഇഷ്ട്ടപെട്ടത് ഒക്കെ വേണമെന്ന് വാശി പിടിക്കാൻ നീ കൊച്ചു കുട്ടിയൊന്നുമല്ല മോളെ.. അനന്തനും അത് പോലെ ഒരു മനസ്സ് ഉണ്ടെന്നും ഇഷ്ട്ടങ്ങളുണ്ടെന്നും നീ മനസിലാക്കണം…

വിൽക്കാൻ വെച്ച കളിപ്പാട്ടമൊന്നുമല്ല അവൻ ”

അനന്തൻ പോയതും ശങ്കരൻ പാറുവിനോട് ഒന്ന് കടുപ്പിച്ചു പറഞ്ഞു.. പാറു തല താഴ്ത്തി കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല..

ശങ്കരൻ ജാനുമ്മയുടെ മുഖത്തേക്ക് നോക്കി..

നാടകം പൊളിഞ്ഞ സ്ഥിതിക്ക് ഇനി കല്യാണം വേണ്ടല്ലോ

ജാനുവമ്മ തല വിലങ്ങനെയാട്ടി. ശങ്കരൻ പുഞ്ചിരിയോടെ പുറത്തേക്കിറങ്ങി. വരാന്തയിലെ തൂണിൽ ചാരി സിഗരറ്റ് കൈയിൽ പിടിച്ച് വിദൂരതയിലേക്ക് നോക്കി നിൽക്കായിരുന്നു അനന്തൻ

” ഇനി എന്താ അടുത്തത്..? ” ശങ്കരൻ

” ഇത് ഇങ്ങനെ തന്നെ നിൽക്കട്ടെ.. വേണുവിന്റെ ഉദ്ദേശം എന്താണെന്ന് കൃത്യമായി മനസിലാക്കാൻ അതാ നല്ലത് ” അനന്തൻ

” മ്മ് ”

❤❤❤❤❤❤❤❤❤❤

വിചാരിച്ചതിലും നേരത്തെ രാജശേഖരൻ ഡിസ്ചാർജ് ആയി.. മൂന്ന് ദിവസമേ അയാൾക്ക് ആശുപത്രിയിൽ കിടക്കേണ്ടി വന്നുള്ളൂ.. മറ്റന്നാൾ നല്ലൊരു മുഹൂർത്തമുണ്ടെന്ന് വേണു പറഞ്ഞതിൽ പ്രകാരം വീട്ടിൽ വെച്ച് ലളിതമായി നടത്താമെന്ന് തീരുമാനിച്ചു. കല്യാണം പ്രമാണിച്ചു കുറച്ച് ബന്ധുക്കളും ശാകേഷിന്റെ അനിയത്തി ശരണ്യയും വന്നിട്ടുണ്ട്… ഭദ്ര പാതിച്ചത്ത മനസ്സുമായി ബന്ധുക്കൾക്ക് മുന്നിൽ നിന്ന് കൊടുത്തു.

ചിലർ അനുകൂലിച്ചും ചിലർ പ്രതികൂലിച്ചും അവളുടെ വിധിയെ മുറുമുറുത്തു… വേണു അത്യാവശ്യം സ്വർണമൊക്കെ അവൾക്ക് വേണ്ടി എടുത്തിരുന്നു. രാത്രി എല്ലാവരും കിടന്നിട്ടും ഭദ്രക്ക് ഉറക്കം വന്നില്ല. നാളെ കൂടി കഴിഞ്ഞാൽ താൻ അയാളുടെ ഭാര്യയാകും.. അവൾ ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു.

” മോളെ ” രാഘവൻ അവളുടെ ചുമലിൽ ക്കായി വെച്ചു. നിറമിഴികളോടെ തിരിഞ്ഞ ഭദ്ര ഒരാശ്രയം പോലെ അയാളുടെ നെഞ്ചിൽ കിടന്ന് കരഞ്ഞു.

” നിനക്ക് സമ്മതമല്ലെങ്കിൽ പറഞ്ഞോള്ളൂ കുട്ട്യേ..

അമ്മാവൻ വേറെ വഴി കണ്ടിട്ടുണ്ട്.. ”

ഭദ്ര കണ്ണുകൾ തുടച് തല വിലങ്ങനെയാട്ടി.

❤❤❤❤❤❤❤❤❤❤

അന്ന് വൈകുന്നേരം അമ്പലത്തിലേക്ക് പോവാൻ ഭദ്ര തീരുമാനിച്ചു.. കൂടെ ഭവ്യയെയും ശരണ്യയെയും വേണു പറഞ്ഞു വിട്ടു. പാടത്തെത്തിയതും ഭദ്രയുടെ കണ്ണുകൾ ആരെയോ തേടിയെങ്കിലും നിരാശയായിരുന്നു ഫലം. ചെറുപ്പം മുതലേ കാണുന്നതാണ്‌ അനന്തനെ കണ്ടിട്ടുണ്ടെങ്കിലും അധികം ശ്രദ്ധിക്കാൻ പോയിട്ടില്ല. അന്നേ ഉയരം ഒരുപാടായതുകൊണ്ട് കൂട്ടുക്കാരൊക്കെ ഒട്ടകം എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഇത്രേം വർഷം കണ്മുന്നിൽ ഉണ്ടായിട്ടും ഒന്നും തോന്നിയിട്ടില്ല ..

പക്ഷേ ഇന്നോ.. എന്ന് മുതലാണ് ഇങ്ങനെ ഒരു ചിന്ത വന്നത്.. അന്ന് രക്ഷപ്പെടുത്തി കൊണ്ടുപോവുമ്പോഴോ രാത്രി നേരത്ത് സ്വന്തം വീട്ടിൽ ഒരു പെൺകുട്ടിയെ തനിച് കിട്ടിയിട്ടും അവളെ മോശമായി പോലും നോക്കാതിരുന്നത്..

അനന്തന്റെ സ്ഥാനത്തു ശാകേഷോ വേണുവോ അന്ന് ആയിരുന്നെങ്കിലോ താൻ ഇന്ന് പിച്ചി ചീന്തപ്പെട്ട ഇര ആകുമായിരുന്നു. പക്ഷെ അനന്തൻ… മുളയിലേ നുള്ളി കളയാൻ ശ്രമിക്കുന്ന ഒരു സ്വപ്നമാണ് അവനെന്ന് ഭദ്ര മനസ്സിൽ ഉറപ്പിച്ചു. മഹാദേവന്റെ മുന്നിൽ കണ്ണടച്ചു പ്രാർത്ഥിക്കുമ്പോഴും മനസ്സ് ശൂന്യമായിരുന്നു.

” തനിക്ക് നേർ വഴി കാട്ടണേ മഹാദേവാ” എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഭദ്ര തിരിഞ്ഞതും അവൾ ഞെട്ടി. അമ്പല കമ്മിറ്റി ഓഫീസിൽ നിന്നും ഇറങ്ങി വരുന്ന അനന്തൻ.. ഭദ്ര തിരഞ്ഞു മഹാദേവനെ നോക്കി അങ്ങേരുടെ ചുണ്ടിൽ ഒരു പരിഹാസം ഉണ്ടോ അതോ എനിക്ക് തോന്നിയതാണോ… എന്റെ മഹാദേവാ എന്നാലും ഇത് എന്നോട് വേണ്ടായിരുന്നു. ഭദ്ര ശരണ്യയെയും ഭവ്യയെയും നോക്കി. കത്തിച്ചു വെച്ച വിളക്കിനടുത്ത് നിന്ന് സെൽഫി എടുക്കുന്ന തിരക്കിൽ ആണവർ.

ഭദ്ര തിരികെ നടന്നു.

മഹാദേവന്റെ പുറകിലെ ചെറിയ കോവിലിനുളിൽ ആണ് പാർവതി ദേവിയുടെ പ്രതിഷ്ഠ.. അവൾ എല്ലായിടത്തും തൊഴുതു.അവസാനം ചെന്നത് അമ്പലത്തിനു പുറകു വശത്തെ ഏഴിലം പാലയും അതിനടുത്തെ സർപ്പക്കാവിലുമാണ്.. പാലയിലെ താഴെ ഉള്ള കല്ലുകൊണ്ടുള്ള പ്രതിഷ്ഠ പാലക്കല്ലെ യക്ഷി ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.. യക്ഷിയെ ഇരുത്താൻ മനുഷ്യരൂപത്തിൽ വന്നത് മുരുകൻ ആണെന്നും പിന്നീട് മുരുകൻ തിരിച്ചു പോവാതെ ഇവിടെ പ്രതിഷ്ഠ ആയെന്നും പറയപ്പെടുന്നു. കേട്ടറിവ് മാത്രമാണ് സത്യം മറ്റുചിലതുമൊക്കെ ആവാം. സർപ്പക്കാവിൽ കണ്ണടച്ച് പ്രാർത്ഥിച്ചു നിൽക്കുമ്പോൾ പുറകിൽ ഒരു കാൽപെരുമാറ്റം..

ഉണങ്ങിയ ഇലകൾ ചവിട്ടുന്ന ശബ്ദം.. ഭദ്ര ഭയത്തോടെ തിരിഞ്ഞതും പരിചയമുള്ള ഗന്ധം അവളുടെ നാസികയിലേക്ക് അടിച്ചു കയറി.

അവളുടെ കണ്ണുകൾ പൊടുന്നനെ വിടരുകയും അതേ സമയം താഴുകയും ചെയ്തു. രണ്ടു കൈയും കെട്ടിയാണ് അവന്റെ നിൽപ്പ്.. ഗൗരവമായ നോട്ടം.. ഭദ്രക്ക് എന്തോ പറയണമെന്ന് തോന്നി.

” നിനക്ക് ഇഷ്ടമില്ലെങ്കിൽ നീ പറ്റില്ലെന്ന് പറയണം. ആരുടെ ഭീഷണിക്കും താല്പര്യങ്ങൾക്കും പണയം വെക്കാൻ ഉള്ളതല്ല ജീവിതം.. നീ ഉറച്ചു നിന്നാൽ ഭീഷണിപ്പെടുത്തിയവരൊന്നും ഒരു ചുക്കും ചെയാൻ പോവുന്നില്ല. ശരിക്കൊന്ന് ചിന്തിക്ക്”

അനന്തൻ അതും പറഞ്ഞ് തിരിഞ്ഞു നടന്നു. ഭദ്ര ആകെ കിളിപ്പോയ അവസ്ഥയിൽ ആണ്. ഇയാളിപ്പോൾ എന്തൊക്കെയാ പറഞ്ഞിട്ട് പോയേ..?

ഇയാളാരാ എനിക്ക് ഉപദേശം തരാൻ? ഒരു പെണ്ണ് ചാകാൻ നോക്കിയപ്പോ കെട്ടാമെന്ന് പറഞ്ഞ പേടിത്തൊണ്ടൻ ” ഭദ്ര പിറുപിറുത്തു.

സെൽഫി എടുക്കുന്നതിനിടയിലാണ് ശരണ്യ ആ കാഴ്ച കണ്ടത്. ചുറ്റു വിളക്കിനരികെ നടന്ന് വരുന്ന അനന്തൻ ഇടതു കൈകൊണ്ട് മുണ്ടിന്റെ ഒരു തുമ്പ് പിടിച്ചിട്ടുണ്ട്. വലതുകൈയിലെ ചൂണ്ടുവിരൽ കൊണ്ട് അവൻ മീശയുടെ തുമ്പ് ഒന്ന് ഉയർത്തി.

” പെർഫെക്ട് ക്ലിക്ക് ” ശരണ്യ ഫോട്ടോയിലേക്കും നടന്ന് വരുന്ന അനന്തനിലേക്കും മാറി മാറി മിഴികൾ പായിച്ചു.

അമ്പലത്തിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ഭദ്ര പലതവണ തിരിഞ്ഞ് നോക്കിയെങ്കിലും അനന്തനെ കണ്ടില്ല. അവൾ നിരാശയോടെ നടന്നു.

ഭദ്ര പോയതും അനന്തൻ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് മാറി നിന്നു.

” ഒളിച്ചുക്കളി നിർത്താറായില്ലേ “? ശങ്കരൻ

അനന്തൻ ഒന്ന് ചിരിച്ചു. ” ഇത് അവസാനത്തെ ശ്രമമാണ് മാമേ…ഭദ്ര ആയിട്ട് ആ കല്യാണം വേണ്ടെന്ന് വെച്ചാലെ അനന്തൻ ഇനി അവൾക്ക് മുന്നിൽ മനസ്സ് തുറക്കുള്ളൂ..”

അനന്തൻ പറഞ്ഞത് കേട്ട് ശങ്കരൻ ഞെട്ടി.

“മഹാദേവാ ആ കൊച്ചിന് കല്യാണം വേണ്ടാന്ന് വെക്കാനുള്ള ചിന്ത നൽകണേ..” അയാൾ കൈക്കൂപ്പി തൊഴുതു. അത് കേട്ട് അനന്തന് ചിരിയാണ് വന്നത്. ഭയം കലർന്ന ഒരു തരം ചിരി

അവൻ ഒന്ന് കണ്ണടച്ച് നെടുവീർപ് ഇട്ടു.

❤❤❤❤❤❤❤❤❤❤

രാത്രി കിടക്കുമ്പോഴും അനന്തൻ പറഞ്ഞതിനെ കുറിച്ചായിരുന്നു ഭദ്രയുടെ ചിന്ത. നാളെ രാജശേഖരന്റെ ഭാര്യാ പദവി അലങ്കരിക്കേണ്ടി വരും എന്നുള്ളത് അവളെ ഭയത്തിലാക്കി. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ ഭവ്യയുടെ മുറിയിലേക്ക് ചെന്നു. പതിവില്ലാതെ മുറിയിൽ ഭദ്രയെ കണ്ട ഭവ്യയുടെ നെറ്റി ചുളിഞ്ഞു.

” എന്താ ” ഭവ്യ കൈയിലിരുന്ന ഫോൺ മേശ പുറത്തേക്ക് വച്ചു.

” മോളെ ചേച്ചി ഈ കല്യാണത്തിന് ഇഷ്ടം കൊണ്ട് സമ്മതിച്ചതല്ല. ശാകേഷ് മോളുടെ കാണാൻ പാടില്ലാത്ത തരത്തിലുള്ള ഫോട്ടോസ് കാണിച്ചപ്പോൾ അത് പുറംലോകം മൊത്തം കാണിക്കുമെന്ന് പറഞ്ഞപ്പോൾ ചേച്ചിക്ക് സമ്മതിക്കേണ്ടി വന്നു.. ”

” മതി നിർത്ത് ” ഭവ്യ ദേഷ്യത്തോടെ പറഞ്ഞു.

ഞാനും ശാകേഷേട്ടനും ഇഷ്ടത്തിലാ അതൊക്കെ ഞാൻ എന്റെ അറിവോടു കൂടി അയച്ചു കൊടുത്ത ഫോട്ടോസും വീഡിയോസുമാണ്.. ചേച്ചി ഇങ്ങനെ കെട്ടാതെ നിൽക്കുന്നതാ ഞങ്ങൾക്കിടയിലെ മാർഗ തടസ്സം. ശാകേഷേട്ടൻ പറഞ്ഞിരുന്നു ആളുടെ ഫോണിൽ നിങ്ങൾ ഫോട്ടോസ് ഒക്കെ കണ്ടെന്നും ഡിലീറ്റ് ചെയ്‌തെന്നും അതും പോരാത്തേന്ന് നിങ്ങൾക്ക് ശാകേഷേട്ടനെ വേണമല്ലേ..? ഞാൻ അയച്ചുകൊടുത്ത പോലെയുള്ള ഫോട്ടോസ് നിങ്ങളും കൊടുക്കാമെന്നു പറഞ്ഞില്ലേ.. ശാകേഷേട്ടൻ എല്ലാം എന്നോട് പറഞ്ഞു. എല്ലാം.. അതുകൊണ്ട് നിങ്ങളുടെ നാടകം ഒന്നും എന്നോട് വേണ്ട…. ” ഭവ്യ കിതപ്പോടെ പറഞ്ഞു നിർത്തി. ഭദ്ര ആകെ തരിച്ചു നിന്നു. അവൾ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. തന്റെ അനിയത്തി വലിയൊരു ചുഴിയിൽ അകപ്പെട്ടിരിക്കുകയാണെന്ന് അവൾ മനസിലാക്കി..ഭദ്ര ഒന്നും മിണ്ടാതെ സ്വന്തം മുറിയിലേക്ക് നടന്നു.

പിറ്റേ ദിവസം എന്ത് ചെയ്യണമെന്ന് വ്യക്തമായ ഉദ്ദേശത്തോടെ അവൾ മിഴികൾ അടച്ചു. എന്നാൽ മിഴികൾ അടക്കാൻ കഴിയാതെ ടെൻഷനോടെ അനന്തൻ ബാൽക്കണിയിൽ നിലാവ് നോക്കി നിൽപ്പുണ്ടായിരുന്നു…

ഭദ്ര നാളെ എന്ത് തീരുമാനിക്കുമെന്ന് ഉറപ്പില്ലാതെ

എന്നാൽ മംഗലത്ത് മനയിൽ അനന്തന്റെ ഫോട്ടോ നോക്കി ഉറക്കം വരാതെ ഒരാൾ അവനെ സ്വപ്നം കാണാൻ തുടങ്ങുന്നുണ്ടായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : കാർത്തുമ്പി തുമ്പി