അനന്തഭദ്രം തുടർക്കഥയുടെ പതിനാലാം ഭാഗം വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

***************

” ഏഹ്ഹ് നീ എന്താ പറയുന്നേ.. “? ശങ്കരൻ

അനന്തൻ ഒന്ന് ചിരിച്ചു. ” മാമ ഞെട്ടിയല്ലേ..

ഞാൻ സത്യമാ പറഞ്ഞത്.. ”

” പിന്നെ ഞെട്ടാതിരിക്കോ.. കൊല്ലം കൊറേയായെന്ന് പറയുമ്പോ.. “?

” ഒരു പത്തിൽ പഠിക്കുന്ന സമയത്ത്.. അന്നവൾ ആറിൽ പഠിക്കാ..” അനന്തൻ

” ഏഹ്ഹ് എന്നിട്ട് പോരട്ടെ… ”

” ഏയ്‌ അങ്ങനെ പോരാൻ മാത്രം ഒന്നുല്ല..ഭംഗിയായി എഴുതിയ ഉണ്ട കണ്ണുകൾ കണ്ടപ്പോഴേ ഞാൻ വീണു.. പക്ഷെ പ്രായം അതുകൊണ്ട് ഞാൻ ഒന്നും പറയാൻ പോയില്ല.. ”

” നന്നായി.. ” ശങ്കരൻ. അനന്തൻ അയാളെ കൂർപ്പിച്ചു നോക്കി. ശങ്കരൻ ഒന്ന് ചിരിച്ചു.

” നീ ബാക്കി പറ”

” ബാക്കി.. ” അവൻ ഉറക്കെ ചിരിച്ചു. ”

ആരെയും അറിയിക്കാതെ ഞാൻ കുറേ കാലം ഉള്ളിൽ കൊണ്ടു നടന്നു.. പിന്നെയാ പരീക്ഷ സമയത്ത് അമ്മ മരിക്കുന്നത്.. അവിടെന്ന് കുറച്ചൊക്കെ എന്റെ മനസിനെ ബാധിച്ചു. ആരോടും മിണ്ടാതെ ഒക്കെ നടന്നു. പിന്നെ പ്ലസ് ടു വിന് പഠിക്കുന്ന സമയത്താ അമ്മേടെ വകയിലെ ഒരു അമ്മാവൻ വന്നത്.. അയാൾക്ക് സ്വത്ത്‌ ഭാഗിക്കണമത്രേ.. പിന്നെ മാമക്ക് അറിയാല്ലോ.. അമ്മ ഉള്ളപ്പോൾ അയാള് കുറേ ദ്രോഹിച്ചതാ എന്നിട്ട് സ്വത്ത്‌ ചോദിച്ചു വന്നേക്കുന്നു… ദേഷ്യാ തോന്നിയത്..

ആ ദേഷ്യം തീരുന്ന വരെ അയാളെ തല്ലി .. ഓടി അയാള് കവല എത്തി അവിടെ ഇട്ടും തല്ലി..

അവസാനം കൈയിൽ കിട്ടിയത് മജീദ് ഇക്കാടെ ഇറച്ചി വെട്ടുന്ന വെട്ടുകത്തിയാ അത് കണ്ട് അയാൾ ഓടി എനിക്ക് പ്രാന്താണെന്ന് പറഞ്ഞ് …

അതിലെനിക്ക് വിഷമം ഒന്നും തോന്നിയില്ല..

പക്ഷെ ഞാൻ വെട്ടുകത്തി പിടിച്ചു തിരിഞ്ഞപ്പോൾ കണ്ടത് എന്നെ പേടിച് അമ്മയുടെ പുറകിൽ കണ്ണടച്ച് ഇറുകെ പിടിച്ചു നിൽക്കുന്ന അവളെയാ…

അതോടെ തീർന്നു.. അല്ലാ എല്ലാം തീർത്തു.. പ്രണയം കാണേണ്ട കണ്ണിൽ കണ്ടത് ഭയമാണ് ഒരു പ്രാന്തനോടുള്ള ഭയം… പിന്നെ വഴിയിൽ വെച്ചു കാണുമ്പോഴൊക്കെ അവൾ പേടിച് ചുറ്റും നോക്കുന്ന കാണാം അത് കാണുമ്പോഴേ എനിക്ക് പ്രാന്ത് കേറും.” അനന്തൻ കൈവരിയിൽ ശക്തിയായി അടിച്ചു.

” അതിന് അവൾക്കറിയില്ലല്ലോ നീ ദേഷ്യം തീർത്തതാണെന്ന്.. ” ശങ്കരൻ

” ഓഹ് അറിഞ്ഞാൽ ഇപ്പൊ ഓടി വന്ന് കെട്ടിപിടിച്ചേനെ.. മാമ ഒന്ന് പോയേ .. കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുതെന്നാ… ” അനന്തൻ

” നീ എന്തേലും ഒന്ന് ഉറപ്പിക്ക് അനന്താ എനിക്ക് വീട്ടിൽ പോവണ്ടതാ.. ”

” ആ കുറച്ചൂടെ കഴിയട്ടെ … കുള്ളത്തിയെ വിശ്വസിക്കാൻ പറ്റുമോന്ന് നോക്കട്ടെ.. ”

” അപ്പോൾ ഈ ആണ്ടിലൊന്നും കല്യാണം ഇല്ലല്ലേ… ”

” അത് അവൾക്കും കൂടെ തോന്നണം.. ”

അനന്തൻ ഉള്ളിലേക്ക് കയറി..

” എന്റെ ദൈവമെ.. ഇതുങ്ങൾക്ക് രണ്ടിനും എന്ന് പ്രണയം തോന്നി കല്യാണം ആവാനാ.. ”

അയാൾ മുകളിലേക്ക് നോക്കി പറഞ്ഞു.

❤❤❤❤❤❤❤❤❤❤❤

ഭദ്രക്ക് സത്യയുടെ കൂടെ അപരിചിതത്വം ഒന്നും തോന്നിയില്ല.. എല്ലാം അറിഞ്ഞു സംസാരിക്കുന്ന പോലെ.. മിതമായേ സംസാരിക്കുന്നുള്ളൂ..

വൈകുന്നേരം വിളക്ക് കൊളുത്തി വരുന്ന കണ്ടപ്പോൾ ആ മുഖത്തെ തെളിച്ചം കണ്ടതാണ്..

പക്ഷെ ഇവിടെ എത്ര കാലം ഉണ്ടാവുമെന്ന് അറിയില്ല വേഗം ഒരു ജോലി കണ്ടു പിടിക്കണം. ഭദ്രക്ക് കൊടുത്ത മുറിയിലേക്ക് അവൾ കയറി. ചെറിയൊരു വീടാണ്. വലിയ മുറ്റവും. ചെറിയൊരു ഉമ്മറവും വലിയ ഹാളും ഹാളിനോട് ചേർന്ന് രണ്ട് മുറികൾ..

ഹാളിൽ നിന്നും നേരെ പോവുന്നത് ചെറിയ അടുക്കളയിലേക്ക് അടുക്കളക്ക് പുറത്ത് ചെറിയൊരു വരാന്ത.. അതിന്റെ ഏറ്റവും അറ്റത്തു ബാത്റൂം..

വരാന്തക്ക് പുറത്ത് ചെറിയൊരു പച്ചക്കറി തോട്ടമാണ്.. ഭദ്രക്ക് എല്ലാം കൊണ്ട് വീട് ഇഷ്ട്ടമായി..

ചെറിയതാണെങ്കിലും വൃത്തിയുള്ള വീട്.. അത്താഴം സത്യ തന്നെയായിരുന്നു ഉണ്ടാക്കിയത്.. അത്താഴം കഴിക്കുന്ന സമയത്ത് അധികം സംസാരിക്കാൻ നിന്നില്ല.. ചോദിക്കുന്നതിനു മാത്രം മറുപടി കൊടുത്തു..ഭദ്ര കഴിച്ചു കഴിഞ്ഞ് പാത്രങ്ങളെടുത്ത് നടക്കുമ്പോൾ പുറകിൽ നിന്ന് വിളി വന്നിരുന്നു..

എന്റെ വീട്ടിൽ ഇതൊക്കെ ഞാൻ തന്നെയാ ചെയ്യാറ് ”

എന്ന് പുഞ്ചിരിയോടെ പറഞ്ഞ് തിരിഞ്ഞു നടന്നു..

പിറ്റേന്ന് സത്യയുടെ വർത്താനം കേട്ട് അവൾ ഉമ്മറത്തേക്കിറങ്ങി നോക്കി. ശങ്കരൻ ആണ്..

ഭദ്രയെ കണ്ടതും അയ്യാൾ പുഞ്ചിരിച്ചു.

” ഞാൻ ഭദ്രയെ കാണാൻ വന്നതാ.. ശങ്കരൻ ഇരുന്നിടത്ത് നിന്ന് എഴുനേറ്റു.

ഭദ്ര സംശയത്തോടെ ശങ്കരനെയും സത്യയെയും മാറി മാറി നോക്കി.

” സംശയിക്കണ്ട.. രാഘവൻ കുട്ടീടെ ജോലിക്കാര്യം പറഞ്ഞിരുന്നു. മേലെടത്തെ സ്കൂളിൽ ഒരു സോഷ്യൽ ടീച്ചറുടെ ഒഴിവുണ്ട് അപ്പോ കുട്ടിക്ക് താല്പര്യം ആണെങ്കിൽ…” ശങ്കരൻ

ഭദ്രയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അവൾ സന്തോഷത്തോടെ ശങ്കരനെ നോക്കി തലയാട്ടി.

” എന്നാൽ സർട്ടിഫിക്കറ്റ് എല്ലാം കൊണ്ട് സ്കൂളിൽ ചെന്നാൽ മതി. ഇന്ന് ഒരു 10:30ക്ക് ഇറങ്ങിക്കോ. ”

ശങ്കരൻ പറഞ്ഞത് കേട്ട് അവൾ തലയാട്ടി ഉള്ളിലേക്ക് കടന്നു.

” നല്ല സന്തോഷം ആയി കുട്ടിക്ക്.. ”

ശങ്കരൻ ചിരിച്ചു…

ഭദ്രക്ക് വല്ലാത്ത സന്തോഷം തോന്നി.. ഒരുപാട് ആഗ്രഹിച്ചതാണ് ഒരു ജോലി. അവൾ ബാഗിൽ നല്ല സാരികൾ തിരഞ്ഞു. ഇല്ല ആകെ രണ്ടെണ്ണം ഉണ്ട്.

അവൾ അതിൽ നിന്നും ഒരു ഇളം നീല സാരി എടുത്തു ദേഹത്ത് വെച്ചു കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചു..

ഭദ്ര കൃത്യം പത്തരക്ക് തന്നെ ഇറങ്ങി..

മേലെടത്തേക്ക് നോക്കണ്ടെന്ന് കരുതിയെങ്കിലും നോട്ടം ഒന്ന് പാളി പോയി. ഉമ്മറത്തു തന്നെ തൂണിൽ പിടിച്ചു നിൽക്കുന്നുണ്ട് അനന്തൻ. അവനും ഭദ്രയെ നോക്കുവായിരുന്നു. ഭദ്ര നോക്കുന്നത് അനന്തൻ കണ്ടു ഭദ്ര വേഗം നോട്ടം മാറ്റി ..നേരെ നോക്കി “എന്റെ മഹാദേവാ തെറ്റായ വഴിയൊന്നും കാണിക്കല്ലേ.. എനിക്ക് അർഹതപെട്ടത് എന്നിൽ കാണിക്കണേ…അവൾ മൗനമായി പ്രാർത്ഥിച്ചു. ഭദ്ര കുറച്ചു മുന്നോട്ട് നടന്നതും പുറകിൽ ഹോൺ അടിക്കുന്ന കേട്ടു. അവൾ വേഗം വഴിയുടെ ഒരു വശത്തേക്ക് നീങ്ങി നിന്നു. കാർ ഭദ്രയുടെ ഒപ്പം കൊണ്ട് നിർത്തി.

” വരുന്നോ മോളെ.. ഞങ്ങളും സ്കൂളിലേക്കാ”

ശങ്കരൻ തല പുറത്തേക്കിട്ടു.

ഭദ്ര ഇല്ലെന്ന് തലയാട്ടി.

” വായോ.. ഇനി അത്ര ദൂരം നടക്കണ്ടേ..വന്ന് കയറ് മോളെ.. ” ശങ്കരൻ നിർബന്ധിച്ചു. ഭദ്ര മനസിലാ മനസ്സോടെ തലയാട്ടി.

” പുറകിലേക്ക് കയറിക്കോ.. ” ശങ്കരൻ

“മ്മ് ” ഭദ്ര തലയാട്ടി പുറകിലെ ഡോർ തുറന്നതും ഞെട്ടി. അനന്തൻ.. അവൻ കൈയിൽ പിടിച്ച ഫോണിലേക്ക് ദൃഷ്ടി പതിപ്പിച്ചിരിക്കുകയാണ്. ഭദ്ര ശങ്കരനെ ഒന്ന് നോക്കി.

” കയറിക്കോ മോളെ.. ”

ശങ്കരൻ അവൾ സംശയത്തോടെ നിൽക്കുന്ന കണ്ട് പറഞ്ഞു. ഭദ്ര വിറയലോടെ ഉള്ളിലേക്ക് കയറി ഡോർ അടച്ചു. ഡോറിന്റെ വശത്തേക്ക് നീങ്ങി ഇരുന്നു. കാർ മുന്നോട്ട് പോയി.

” ഡോർ ലോക്ക് അല്ല ഒരുപാട് നീങ്ങിയാൽ വെളിയിൽ കിടക്കും.. ”

ഭദ്ര ഡോറിലേക്ക് നീങ്ങി നീങ്ങി പോവുന്ന കണ്ട് അനന്തൻ അവളെ നോക്കി പറഞ്ഞു.

ഭദ്ര അവനെ നോക്കി തലയാട്ടി.

അനന്തൻ വീണ്ടും ഫോണിലേക്ക് നോക്കി.

ഭദ്ര ഫോണിലേക്ക് പാളി നോക്കി.

കാൽകുലേറ്റർ ആണ്..

” ഇതൊന്നും ശരിയാവുന്നില്ലല്ലോ മാമേ ”

അനന്തൻ മടിയിലിരുന്ന പേപ്പർ ശങ്കരനെ ഏൽപ്പിച്ചു

” ഇത് ഇനി മില്ലിൽ എത്തിയിട്ട് നോക്കാം അനന്താ.. ”

അയാൾ പേപ്പർ ഒക്കെ ബാഗിൽ വെച്ചു.

സ്കൂൾ എത്തിയതും ഭദ്രയും ശങ്കരനും ഇറങ്ങി.

ഭദ്രയോട് നടന്നോളാൻ പറഞ്ഞ് ശങ്കരൻ അനന്തനെ നോക്കി.

” നീ വരുന്നിലെ.. “? ശങ്കരൻ

” ഏയ്യ് ഞാൻ വന്നാൽ മുറുമുറുപ്പ് കൂടും..

അവളോട് പറഞ്ഞേക്ക് ഒളിഞ്ഞും തെളിഞ്ഞും പലരും പലതും പറയും അതൊന്നും കേട്ടാൽ മോങ്ങാൻ നിൽക്കണ്ട നല്ലപോലെ തിരിച്ച് പറഞ്ഞു കൊടുക്കാൻ.. ”

അനന്തൻ ഗൗരവത്തോടെ പറഞ്ഞു.

കാർ അകന്നതും ശങ്കരൻ ഒന്ന് ചിരിച്ചു. “പിന്നെ എന്തെങ്കിലും പറയുന്ന കേട്ടാൽ കരയുന്ന ഒരാള്..

ഇവന്റെ അല്ലേ പെണ്ണ് പറയുന്നവർ കരയാതിരുനാൽ നന്ന്..”

അയാൾ സ്കൂളിലേക്ക് കയറി.

എച്ച്. എം ലീവ് ആയതുകൊണ്ട് ഭദ്ര പ്രധാന അധ്യാപികയുടെ അടുത്തേക്കായിരുന്നു പോയത്.

” മോളെ.. ” ശങ്കരൻ

” എന്താ അമ്മാവാ.. “? ഭദ്ര

” അത്.. പലരും പലതും പറയും അത് കേട്ട് മോള് കരയൊന്നും വേണ്ടാട്ടോ.. തിരിച്ച് നല്ല മറുപടി കൊടുത്തേക്ക്.. ”

ശങ്കരൻ പറഞ്ഞതിന് ഭദ്ര ഒന്ന് ചിരിച്ചേ ഉള്ളൂ.

പ്രധാന അധ്യാപികയുടെ നിർദേശ പ്രകാരം നാളെ വന്ന് ജോയിൻ ചെയ്യാൻ പറഞ്ഞു.

ഭദ്ര പുറത്തേക്ക് വന്നതും പല ടീച്ചേഴ്സും അവളെ പരിചയപ്പെടാൻ വന്നു..

വനജ ടീച്ചർ, നിഷ, മനോജ്‌, ലളിത, ദേവ്, സിന്ധു,

ബീന അങ്ങനെ ഒത്തിരി ടീച്ചേഴ്സ്..

ഭദ്ര ഇറങ്ങിയതിന് ശേഷം പലരും പല വിധത്തിൽ പറയാൻ തുടങ്ങിയിരുന്നു.

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ നടന്നകലുന്ന ഭദ്രയെ നോക്കി തിളക്കമാർണ മിഴികളോടെ ദേവ് കൈകെട്ടി നിൽക്കുന്നുണ്ടായിരുന്നു.

❤❤❤❤❤❤❤❤❤❤❤

ഭദ്ര വേഗം നടന്നു. സമയം ഉച്ച ആയി.. നല്ല വെയിലും. ഇത്ര നേരം വൈകുമെന്ന് കരുതിയില്ല.

ടീച്ചേഴ്സ് ഒക്കെ നല്ലതാണ്. ഭദ്ര പുഞ്ചിരിയോടെ ഓർത്തു. പെട്ടെന്നാണ് ഒരു കൈ അവളെ വലിച്ചു വേലിയോട് ചേർത്ത് നിർത്തിയത് ഭദ്ര ഞെട്ടലോടെ നോക്കി. വേണു അയാളുടെ മുഖത്ത് പ്രത്യേക ഭാവം പക എല്ലാം തെളിഞ്ഞു കാണാം.

ഭദ്ര ചുറ്റും നോക്കി. ഇല്ല ആരും ഇല്ല.

അവൾ കൈ കുതറി.

“വിട് വിടാൻ ”

ഭദ്ര കുതറിയപ്പോൾ അയാൾ അവളുടെ കൈ പിന്നിലേക്ക് ചേർത്ത് അവളെ അയാളുടെ ദേഹത്തോട് ചേർത്ത് നിർത്തി.

” വിടാനോ… നിന്നെ ഞാൻ ഒരിക്കലും വിടില്ലെടി.. നീ കാരണം ഉണ്ടായ നഷ്ട്ടം നീ മൂലം തന്നെ തീർക്കും ഞാൻ.. ”

ഭദ്ര അയാളെ കോപത്തോടെ നോക്കി കുതറികൊണ്ടിരുന്നു.

” ഹോ ഇതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം.. നിന്റെ ഈ ചെറുത്ത് നിൽപ്പ്.”.

അയാൾ അവളുടെ കഴുത്തിലേക്ക് മുഖം കൊണ്ടുപോയി ശ്വാസം വലിച്ചു.

” ഹോ ഈ മണം.. ഇപ്പോഴേ നിന്നെ അങ്ങ്.. ”

വേണു പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപ് ഒരു ഹോണടി കേട്ടു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി