അവൾടെ കെട്ടിയോൻ ഇട്ടിട്ട് പോയതാ.. വയറ്റിലുണ്ടായിരുന്നത് കിട്ടിയതുമില്ല… അങ്ങനെ പറയണത് കേട്ടു…

രചന : Jishnu Ramesan

മാസപ്പടി വാങ്ങാനായി റേഷൻ കടയിൽ നിൽക്കുമ്പോഴാണ് ആദ്യമായി അവളെ കാണുന്നത്.

കൂർത്ത മുടിയും, കറുത്ത് കലങ്ങിയ കണ്ണുകളും, കളറ് മങ്ങിയ ചില്ല് വളകളും, തേഞ്ഞുരഞ്ഞ ചെരുപ്പുകളുമിട്ട ഒരു പെണ്ണ്…

റേഷൻ വാങ്ങി അവിടുന്ന് ഇറങ്ങി നടന്നു തിരിഞ്ഞു നോക്കുമ്പോ ആ പെണ്ണും സഞ്ചിയും തൂക്കി വലിഞ്ഞു മുറുകി നടന്നു പോകുന്നുണ്ട്…

“ഏതാ ആ പെണ്ണ്…? ഞാൻ ആദ്യമായി കാണുകയാ ഇവിടെ ഈ നാട്ടില്…”

അവൻ ചോദിച്ചത് കേട്ട് അവൻ്റെ ചങ്ങാതി പറഞ്ഞു,

‘ കുറച്ച് അപ്പുറത്ത് ഉള്ളതാ… നീയീ പുറത്ത് പോയി പഠിക്കുമ്പോ ഇത്തരം ഉറക്കം കളയണ നാട്ടിലെ സൗന്ദര്യം ആസ്വദിക്കാൻ പറ്റില്ല…’

“മോശമായി ചിന്തിക്കാത്ത ഒരാള് കണ്ടാ കല്യാണം കഴിക്കാൻ തോന്നുന്ന പെണ്ണാണ് അത്…

അല്ലാത്തോര് കണ്ടാ…!”

‘ അതൊരു പോക്ക് കേസാടാ…

എനിക്കങ്ങനെയാ തോന്നണത്… വല്ലപ്പോഴും അവിടെയും ഇവിടെയും വെച്ച് കാണാറുണ്ട്…

ഇവിടുത്തെ സോപ്പ് കമ്പനിയില് ജോലിക്ക് പോണ പെണ്ണാ…’

” നീ നേരത്തെ പറഞ്ഞില്ലേ, പുറത്ത് പോയി പഠിച്ച എന്നെ പറ്റി… പത്തും തോറ്റ് ഇവിടെ നാട്ടില് നിന്ന് തിരിയണ നിനക്ക് കണ്ടവര് പോക്കായിട്ട് തോന്നൂടാ… ”

‘അതല്ലടാ, അവൾടെ കെട്ടിയോൻ ഇട്ടിട്ട് പോയതാ… വയറ്റിലുണ്ടായിരുന്നത് കിട്ടിയതുമില്ല…

അങ്ങനെ പറയണത് കേട്ടു… അമ്മയും ആ പെണ്ണും ഒറ്റയ്ക്കാ താമസം…’

” ഇന്നും ഉണ്ടല്ലേ കെട്ടിയോൻ ഇട്ടിട്ട് പോയ പെണ്ണുങ്ങളെല്ലാം പോക്കാണെന്ന അഴുകിയ തത്വം…”

‘ നീയല്ലേ നേരത്തെ പറഞ്ഞത് അവളെ കണ്ടാ കല്യാണം കഴിക്കാൻ തോന്നണ സൗന്ദര്യമാണെന്ന്….’

“കല്യാണമല്ലെ, അല്ലാണ്ട്…!”

ലീവ് കഴിഞ്ഞ് തിരിച്ച് പോകും മുൻപ് പലവട്ടം അവൻ ആ പെണ്ണിനെ കണ്ടിട്ടുണ്ട്… ആരെയും ഗൗനിക്കാതെ ആ പെണ്ണ് തലയുയർത്തി തന്നെ അന്നാട്ടിലൂടെ നടന്നു പോകുന്നു…

ചെല കവല ചർച്ചകൾക്ക് ചൊടി കൂട്ടാനായൊരു വിഷയമാവാറുണ്ട് ആ പെണ്ണ്… പ്രായത്തിൽ കവിഞ്ഞ തോന്ന്യാസം കാണിക്കാൻ പോക്ക് കേസെന്ന് അടക്കം പറയണ ചെല ചെറുപ്പക്കാരുമുണ്ട്

എന്നിട്ടും ഇന്നാട്ടില് ആർക്കും ചെവി കൊടുക്കാതെ, ആരെയും ഗൗനിക്കാതെ, തലയുയർത്തി തന്നെ നടക്കുന്നു ആ പെണ്ണ്…

കൂർത്ത മുടിയും, കറുത്ത് കലങ്ങിയ കണ്ണുകളും, കളറ് മങ്ങിയ ചില്ല് വളകളും, തേഞ്ഞുരഞ്ഞ ചെരുപ്പുകളുമിട്ട് അങ്ങനെ അങ്ങനെ…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Jishnu Ramesan