അനന്തഭദ്രം, തുടർക്കഥ, ഭാഗം 19 വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

ഭദ്ര കാഷ്വാലിറ്റിക്ക് മുൻപിൽ മണിക്കൂറോളം ആ ഇരിപ്പ് ഇരുന്നു. മഴയിൽ നനഞ്ഞ സാരി പകുതിയും ഉണങ്ങി. ഇട്ടിരിക്കുന്ന ഫാനിന്റെയും പുറത്തെ ചാറ്റൽ മഴയുടെയും തണുപ്പ് അവൾ അറിയുന്നുണ്ടെങ്കിലും മനസ്സ് മരവിച്ച അവസ്ഥയില്ലായിരുന്നു. കാഷ്വാലിറ്റിയിൽ കയറ്റുന്നതിന് മുൻപ് അനന്തൻ പാതി മയക്കം പോലെ കണ്ണുകൾ ചെറുതായി തുറന്നു.കണ്ണീർ ഒഴുകുന്ന ഭദ്രയുടെ കവിളിൽ രക്തം പുരണ്ട കൈയോടെ അവൻ ഒന്ന് തലോടി. ഭദ്ര ആ കൈകളിൽ ഇറുകെ പിടിച്ചു…

ആ വിരൽപാടുകൾ രക്ത കറയോടെ അവളുടെ കവിളിൽ പറ്റിപിടിച്ചു… കരഞ്ഞുകൊണ്ട് അവളുടെ കണ്ണീർ വറ്റിയിരുന്നു.

ഇതിനുമാത്രം അനന്തൻ തന്റെ ആരാണെന്ന് അവൾ സ്വയം ചോദിച്ചു.. ഒരേ ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ഇരിക്കുന്ന ഭദ്രയെ കണ്ടപ്പോൾ ശങ്കരന് ചെറുതായി ഭയം തോന്നി.

സമയം പുലർച്ചയോട് അടുത്തിരുന്നു. അപ്പോഴേക്കും വിവരം കാട്ടുത്തീ പോലെ പടർന്നു. ശങ്കരൻ ഒരു ഗ്ലാസ് ചായ എടുത്ത് ഭദ്രക്ക് അടുത്ത് വന്നു.

” മോളെ ” അയാൾ അവളുടെ ചുമലിൽ കൈവെച്ചു. ഭദ്ര അയാളെ ഒന്ന് നോക്കി.. നിർവികാരമായ നോട്ടത്തിൽ ശങ്കരൻ ഒന്നും പറയാതെ ചായ ഗ്ലാസ് അവൾക്ക് നേരെ നീട്ടി. ഭദ്ര വേണ്ടെന്ന് തലയാട്ടി.

അപ്പോഴേക്കും അലമുറയിട്ട്കൊണ്ട് ജാനുവും പാറുവും എത്തിയിരുന്നു. അവർ ഓടി ശങ്കരന്റെ അടുത്ത് എത്തി..

” എന്ത് പറ്റി ശങ്കരാ എന്റെ കുഞ്ഞിന്.. “? ജാനു കരച്ചിലോടെ തിരക്കി..

” ഒന്നൂല്ല.. ആള് മാറിയതാ തലയിൽ ഒരു മുറിവുണ്ട്.. വേറെ കുഴപ്പം ഒന്നൂല്ല.. ” ശങ്കരൻ

” എല്ലാം ഇവള് കാരണമാ.. ഇവളുടെ വീട്ടുകാർ ചെയ്തതാ.. നാട്ടിലൊക്കെ പാട്ടല്ലേ.. ” പാറുവിന് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല. ഇതൊന്നും ശ്രദ്ധിക്കാതെ കണ്ണീർ വറ്റിയ മുഖവുമായി ഭദ്ര അവിടെ തന്നെ ഇരുന്നു.. അവളെ കണ്ട് ജാനുവിന്റെ മുഖം മാറുന്നതും ശങ്കരൻ ശ്രദ്ധിച്ചു. പാറു ഭദ്രയുടെ അടുത്തേക്ക് പാഞ്ഞു.. അവളുടെ കൈമുട്ടിൽ പിടിച്ചു എഴുനേൽപ്പിച്ചു.

” നിനക്കെന്താ ഇവിടെ കാര്യം ഇറങ്ങി പോടീ..

കൊല്ലാതെ വിട്ടത് എന്തിനാ.. പോയി കൊല്ലെടി..

അതിനല്ലേ നീ കാത്ത് നിൽക്കുന്നേ.. ” കരച്ചിലോടെയും പാതി ദേഷ്യത്തോടെയും പാറു അലറി .

ഭദ്ര ആ കൈ വിടുവിച്ചു അവളെതന്നെ അർത്ഥമില്ലാതെ നോക്കി.

” ഇതൊക്കെ പറയാൻ നീയാരാ.. ”

ഒറ്റ പുരികം ഉയർത്തി ഗൗരവത്തോടെയുള്ള അവളുടെ ചോദ്യത്തിന് മുൻപിൽ പാറു ദേഷ്യത്തോടെ നിന്നു..

” ഞാൻ ആരാണെന്ന് നിന്നെ തെളിയിക്കണ്ട കാര്യം ഇല്ല.. നിന്റെ അച്ഛനും ആങ്ങളയും കൂടെ അനന്തേട്ടനെ ഇങ്ങനെ ആക്കിയപ്പോൾ സമാധാനം ആയില്ലേ.. ” പാറു ഒച്ച എടുത്തപ്പോൾ മിഥി ഇറങ്ങി വന്നിരുന്നു.

” അതേ ഇവിടെ കിടന്ന് ആരും ബഹളം വെക്കണ്ട.. ഇവിടെ അച്ഛൻ മാത്രം നിന്നാൽ മതി ബാക്കി ആരും വേണ്ട.. ” മിഥി അത്രയും പറഞ്ഞു ഉള്ളിലേക്ക് കയറി . ഭദ്ര ഒന്നും മിണ്ടാതെ വീണ്ടും പഴയ സ്ഥലത്ത് പോയിരുന്നു.. അപ്പോഴും പാറു പറഞ്ഞത് തന്നെ അവളുടെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഭദ്ര വേഗം എഴുനേറ്റു. ശങ്കരൻ അവളെ സംശയത്തോടെ നോക്കി..

” ഉള്ളിലും ശത്രുക്കൾ ഉണ്ടോ എന്ന് അറിയില്ല..

നല്ല ശ്രദ്ധ വേണം.. പാതി ജീവൻ ആയാലും എനിക്ക് വേണം.. ” ഭദ്ര കല്പന പോലെ ശങ്കരനോട് പറഞ്ഞപ്പോൾ പാറു പകച്ചു പോയിരുന്നു.. ഇത്രയൊക്കെ പറഞ്ഞിട്ടും അതൊന്നും ഭദ്രയെ ബാധിച്ചട്ടില്ലെന്ന് അവൾക്ക് മനസിലായി.

ഭദ്ര നേരെ പോയത് മംഗലത്തേക്ക് ആയിരുന്നു പ്രാതലിന്റെ സമയത്തായിരുന്നു അവൾ അവിടെ കയറി ചെന്നത്.. അഴിച്ചിട്ട മുടിയും അലസമായ സാരിയും ഭദ്രയെ എല്ലാവരും സംശയത്തോടെ നോക്കി.

” മോളെ.. ” രാഗിണി ഓടി വന്ന് അവളുടെ മുഖം കൈകുമ്പിളിൽ എടുത്തിരുന്നു.. “മോളെ ഇനി ആരും വഴക്ക് പറയില്ല.. ഇഷ്ടമില്ലാത്ത കല്യാണത്തിനും നിർബന്ധിക്കില്ല … ആരും പറഞ്ഞു വിടില്ല.. അല്ലേ വേണുവേട്ടാ.. ” രാഗിണി വേണുവിനെ നോക്കിയപ്പോൾ അയാൾ രണ്ട് കണ്ണും ചിമ്മി കാണിച്ചു. ചിരിച്ചു ” വാ മോളെ വന്ന് കഴിക്ക് ” വേണു സ്നേഹത്തോടെ ഭദ്രയുടെ തോളിൽ കൈവെച്ചു ഡൈനിങ് ടേബിളിനടുത്തേക്ക് കൊണ്ട് ഇരുത്തി. രാഗിണി അവൾക്ക് ഭക്ഷണം വിളമ്പുന്ന തിരക്കിൽ ആയിരുന്നു.

” അവൻ ചത്തില്ലല്ലേ.. ” വേണു അവളുടെ തോളിൽ തഴുകികൊണ്ട് ആരും കേൾക്കാതെ ചെവിയിൽ മെല്ലെ പറഞ്ഞു. ഭദ്ര ഒന്നും മിണ്ടാതെ രാഗിണി വിളമ്പിയ രണ്ട് ദോശയും കഴിച്ചു. ഈ ഒരു അവസ്ഥയിലും ഒരു കൂസലും കൂടാതെ ആഹാരം കഴിക്കുന്നവളെ കണ്ട് ശാകേഷിന് ചെറിയൊരു സംശയം തോന്നാതിരുന്നില്ല…

” നീ മോൾക്ക് രണ്ട് ദോശ കൂടി ചുട്ട് കൊണ്ടുവാ രാഗി.. ” വേണു സ്നേഹത്തോടെ അവൾക്ക് വിളമ്പി കൊടുത്ത് അടുത്തിരുന്നു. അമ്മാവനും ഭവ്യയും ശരണ്യയും നളിനിയും ഇതൊക്കെ സംശയത്തോടെയാണ് നോക്കിയത്. ശാകേഷിന്റെ മുഖവും തെളിഞ്ഞു. പാതി നനഞ്ഞ മേനിയും കരിപടർന്ന കണ്ണുകളും വല്ലാത്തൊരു ആകർഷണം തോന്നിക്കുന്നു

” അപ്പോ അവന് നൊന്താൽ മോള് ഇങ്ങ് പോന്നോള്ളും അല്ലേ.. ”

വേണു മെല്ലെ പറഞ്ഞു ചിരിച്ചുകൊണ്ട് അവൾക്കു ഓരോന്നും വിളമ്പി.

” ഞാൻ പേടിച്ചിട്ട് വന്നതാണെന്നാണോ താൻ കരുതിയെ? ഭദ്ര കഴിച്ചു കഴിഞ്ഞു ഗ്ലാസ്സിലെ വെള്ളമെടുത്തു പ്ലേറ്റിൽ തന്നെ കൈകഴുകി.

” എന്താടി നീ പറഞ്ഞത്.. “? ശാകേഷ് അവളുടെ അടുത്തേക്ക് വന്നതും ഭദ്രയും കുറച്ച് ഒച്ച ഉയർത്തി പറഞ്ഞു. ” ഞാൻ പേടിച്ചിട്ട് വന്നതാണെന്നാണോ താനൊക്കെ കരുതിയത്..”

ഭദ്ര.. വേണു അവളെ സംശയത്തോടെ നോക്കി…

” ടീ ” ശാകേഷ് അടിക്കാൻ വന്നതും വേണു അവനെ തടഞ്ഞു..

” ശാകേഷിന്റെ സൂക്കേട് എന്റെ അടുത്ത് വേണ്ട… തന്റേം.. ” വേണു ഉമ്മിനീർ ഇറക്കി ശാകേഷും ഞെട്ടി..” അനന്തനെ വെട്ടിയത് കൊണ്ടാണ് ഞാൻ തിരികെ വന്നെന്ന് നിങ്ങൾക്ക് വല്ല തെറ്റിദ്ധാരണയും ഉണ്ടെങ്കിൽ അത് അങ്ങ് കൈയിൽ വെച്ചാൽ മതി ” ഭദ്ര

” അനന്തേട്ടന് എന്ത് പറ്റി. “? ശരണ്യ സാഹചര്യം നോക്കാതെ ചോദിച്ചു..

” നിന്റെ ആങ്ങളയോട് ചോദിക്ക്.. വെട്ടാൻ എത്ര കൂലി കൊടുത്തെന്നു.. ”

” അതേടി ഞങ്ങൾ തന്നെയാ കൊല്ലാൻ പറഞ്ഞെ അതിന് നിനക്ക് എന്താ ചേതം.. ”

ശാകേഷിന് ക്ഷമക്കെട്ടു.

ഭദ്ര അതിന് പുച്ഛിച്ചു ചിരിച്ചു.. ബാക്കി എല്ലാവരും ഞെട്ടിയിരുന്നു.

” ഇത് ഭദ്ര ക്ഷമിക്കാ പക്ഷെ ഇനി എന്തെങ്കിലും ഉണ്ടായാൽ… ”

” ഉണ്ടായാൽ നീ എന്ത് ചെയുമെടി “? ശാകേഷ് അവളുടെ തൊട്ട് മുൻപിൽ വന്ന് നിന്നു.

” നിനക്കെന്താ ആവശ്യം എന്ന് ഞാൻ പറയും..

ഈ കുടുംബം ഓർത്ത് മൂടിവെച്ച ചില രഹസ്യങ്ങൾ ഞാൻ തന്നെ എല്ലാവരെയും അറിയിക്കും.. തെളിവടക്കം എന്താ കാണുന്നോ…?

അത് കഴിഞ്ഞാൽ നിനക്ക് ഈ വീട്ടിൽ എന്തായിരിക്കും സ്ഥാനമെന്നോ.. നീ ഈ വീട്ടിൽ ഉണ്ടാവുമെന്നോ പറയാൻ പറ്റില്ല.. എന്താ തനിക്ക് കാണണോ … ” വേണുവും ശാകേഷും ഞെട്ടികൊണ്ട് പരസ്പരം നോക്കി ഭദ്ര അവരെ ഒന്ന് നോക്കികൊണ്ട് പുറത്തേക്ക് ഇറങ്ങി.. മുറ്റത്ത് എത്തിയതും അവൾ ഒന്ന് നിന്നു. തിരിഞ്ഞു നോക്കി. എല്ലാവരും അവളെ നോക്കി ഉമ്മറത്തു എത്തിയിരുന്നു..

” എന്റെ പേരിലുള്ള സ്വത്തൊക്കെ നിങ്ങളുടെ പേരിലാക്കിയെന്ന് തോന്നിയെങ്കിൽ അത് വെറുതെയാ.. ഈ മംഗലത്ത് മനയും മംഗലത്ത് സകല സ്വത്ത്‌ വകകളും ഇന്നും ഭദ്രയുടെ പേരിൽ തന്നെയാ.. നിങ്ങൾ ഒരു കള്ളം പറയുമ്പോഴേക്കും അത് വിശ്വസിച്ചു ഒപ്പ് ഇടാൻ മാത്രം മണ്ടിയല്ല ഞാൻ.. വക്കീലിനോട് എന്റെ ഒപ്പ് ഒന്നൂടെ പരിശോധിക്കാൻ പറ . ”

ഭദ്ര പുച്ഛിച്ചുകൊണ്ട് പറഞ്ഞ് നിർത്തിയതും എല്ലാവരും ഞെട്ടലോടെ നിന്നു.

വേണുവിന്റെയും ശാകേഷിന്റെയും മുഖം കടലാസ് പോലെ വിളറി വെളുത്തു..

ഭദ്ര പുറത്തേക്കിറങ്ങി.. അനന്തൻ തിരിച്ചുവരുമെന്ന് അവളുടെ മനസ്സ് ഉറപ്പ് പറയുന്നുണ്ടായിരുന്നു. തളരാൻ പാടില്ല.. തിരിച്ചു വരുന്ന അനന്തന് മുൻപിൽ ധൈര്യത്തോടെ നിൽക്കണം അത് തന്നെയാകും അനന്തേട്ടനും ആഗ്രഹിക്കുന്നത്..ഭദ്ര വീട്ടിൽ എത്തിയതും സത്യക്ക് മുഖം കൊടുക്കാതെ വേഗം കുളിക്കാൻ കയറി.. ഷവറിന് താഴെ നിൽക്കുമ്പോഴും ഇന്നലെ തന്നോട് കളി പറഞ്ഞ അനന്തന്റെ മുഖമായിരുന്നു മനസ്സിൽ വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു.. അനന്തനെ കാണണമെന്ന് മനസ്സ് പറയുന്നു. ഭദ്ര വേഗം ഇറങ്ങി സാരി മാറി ഹോസ്പിറ്റലിലേക്ക് ചെന്നു..

അവളെ കണ്ടതും ശങ്കരൻ ഓടി വന്നിരുന്നു.

” മോളെ അവന് ബോധം വന്നു.. ഞാൻ കയറി കണ്ടു നിന്നെയാ ആദ്യം അന്വേഷിച്ചേ.. ”

ശങ്കരൻ തോളിൽ കിടന്ന മുണ്ടുകൊണ്ട് കണ്ണുകൾ തുടച്ചു..

ഭദ്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ മുഖം തെളിഞ്ഞു.

” എനിക്ക് ഒന്ന് കാണണം അമ്മാവാ.. ”

ഭദ്ര കരയാതെ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

” നിൽക്ക് ഞാനൊന്ന് മിഥിയോട് ചോദിക്കട്ടെ.. ”

മിഥിലയോട് ചോദിക്കാൻ കയറിയ ശങ്കരൻ മങ്ങിയ മുഖത്തോടെ വരുന്ന കണ്ടപ്പോഴേ ഭദ്രക്ക് തോന്നിയിരുന്നു മിഥില സമ്മതിച്ചു കാണില്ലെന്ന്..

ശങ്കരൻ അനന്തൻ മയക്കത്തിലാണ് ഇപ്പോൾ കാണാൻ പറ്റില്ലെന്ന് പറഞ്ഞു. ഭദ്ര അതിന് പുഞ്ചിരിച്ചേ ഉള്ളൂ… തനിക്ക് ഉറപ്പാണ് അനന്തൻ തിരികെ വരും തന്നെ അന്വേഷിക്കുമെന്ന്.. അവൾ പുഞ്ചിരിയോടെ ചെയറിൽ ഇരുന്നു. ഇന്നലെ രാത്രിയിലെ ആ രംഗങ്ങൾ.. പൂജാരി വേഗം അഖിലിനെ വിളിച്ചുവരുത്തി അനന്തേട്ടനെ ഹോസ്പിറ്റലിൽ ആക്കി.. മിഥില ഇറങ്ങുന്ന സമയത്തായിരുന്നു അത്..

വേഗം കാഷ്വാലിറ്റിയിലേക്ക് കയറ്റി.. അതിന് മുൻപ് പാതി തുറന്ന കണ്ണുകൾ തന്നെ തേടുന്നത് വ്യക്തമായി കണ്ടതാണ്.. ഉടനെ തന്നെ ഒഴുകുന്ന കണ്ണീരിനെ തുടച്ചെന്ന പോലെ കവിളിൽ തഴുകി..

ഭദ്ര ചുമരിലേക്ക് തല ചാരി കണ്ണുകൾ അടച്ചു..

മിഥിലക്ക് ദേഷ്യം അടക്കാൻ ആയില്ല.. അവൾക്ക് കാണണം പോലും ആരെ കാണിച്ചാലും ഇനി അവളെ കാണിക്കില്ല.. എല്ലാം കഴിഞ്ഞ് ബോധം വരുമ്പോൾ തന്നെയൊക്കെ കാണുമ്പോൾ തിളങ്ങേണ്ട കണ്ണുകൾ മങ്ങിയിരുന്നു വരണ്ട ചുണ്ടുകൾകൊണ്ട് അന്വേഷിച്ചത് ഭദ്രയെ ആയിരുന്നു..

ബോധം വന്ന് കണ്ടതിനു ശേഷം വീണ്ടും പോയ്‌ കാണുമ്പോൾ ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു.. വിരിമാറിലെ സ്റ്റിച്ചിൽ മെല്ലെ തലോടികൊണ്ട് നെഞ്ചിൽ ചുണ്ടുകൾ അമർത്തുമ്പോൾ ഭദ്രേ എന്നായിരുന്നു അനന്തൻ മയക്കത്തിൽ വിളിച്ചത്..

ആ സന്ദർഭം ഓർത്തപ്പോൾ മിഥില ദേഷ്യം കൊണ്ട് കൈയിലെ പേനയിൽ ഇറുകെ പിടിച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി