അനന്തഭദ്രം, തുടർക്കഥ, ഭാഗം 30 വായിക്കൂ….

രചന : കാർത്തുമ്പി തുമ്പി

ഭദ്ര സന്തോഷത്തോടെ അനന്തന്റെ മുഖത്തേക്ക് നോക്കി.. അനന്തൻ കൈയിലെ റിപ്പോർട്ട്‌ ചുരുട്ടി നിലത്തിട്ടു. ഭദ്രയുടെ മുഖം കൈകുമ്പിളിൽ എടുത്ത് ചുംബിച്ചു..

” നിനക്ക് എന്തെങ്കിലും കഴിക്കാൻ തോന്നുന്നുണ്ടോ..? ”

അനന്തൻ പുഞ്ചിരിയോടെ ചോദിച്ചതും ഭദ്ര തലയാട്ടി.

” എന്താ..? ”

” മസാല ദോശ.. ” ഭദ്ര നാണത്തോടെ അവന്റെ നെഞ്ചിൽ മുഖമമർത്തി…

” ചെല്ല് ഞാൻ വാങ്ങിയിട്ട് വരാം.. ”

” ഇപ്പോ തന്നെയോ .. ”

” മ്മ്.. നീ ചെല്ല്… ”

” മ്മ് ” ഭദ്ര തലയാട്ടി ഉള്ളിലേക്ക് ചെന്നതും അനന്തൻ ആ പേപ്പർ എടുത്തു ബുള്ളറ്റിൽ കയറി…

ഡ്രൈവ് ചെയുന്നുണ്ടെങ്കിലും അനന്തന്റെ മനസ്സ് വേറെ എന്തൊക്കെയോ ചിന്തയിലായിരുന്നു ..തെറ്റായി ഒന്നും ചിന്തിക്കാൻ കഴിയുന്നില്ല..

ചിന്തകളെക്കാളും മേലെയാണ് ഭദ്രയിലുള്ള പ്രണയവും വിശ്വാസവും…

അവളുടെ കൈയിൽ മസാല ദോശ കൊടുക്കുമ്പോൾ ഉള്ള സന്തോഷം അത് കാണുമ്പോൾ താൻ മറ്റെല്ലാം മറന്നു പോവുന്നു.. ഹോസ്പിറ്റലിൽ എന്തോ തെറ്റ് പറ്റിയതാണ് .. അതേ ചിന്തിക്കാൻ കഴിയുന്നുള്ളൂ… എന്തോ ഒരു വല്ലായ്ക മനസ്സിന്..

അതൊരിക്കലും ഭദ്രയെ ഓർത്തല്ല.. ഭദ്ര അനന്തന്റെയാണ്.. അവൾക്കൊരിക്കലും തെറ്റ് പറ്റില്ല…

പിന്നെയെവിടെയാണ് പിഴവ് സംഭവിച്ചത്…എല്ലാം കൂടെ ഓർക്കുമ്പോൾ…

രാത്രി അനന്തൻ കുളിച്ചിറങ്ങുമ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു.. ഭദ്ര ഒന്ന് എത്തി നോക്കി

മിഥിലയാണ് അവൾ ഫോൺ അറ്റൻഡ് ചെയ്യാതെ ബെഡിൽ തന്നെ കിടന്നു . അനന്തൻ കുളിച്ചിറങ്ങിയതും ഫോൺ എടുത്ത് ബാൽക്കണിയിലേക്ക് നടന്നു.. അടക്കിപിടിച്ച സംസാരങ്ങൾ ഭദ്രയുടെ ഉള്ളിൽ ചെറിയൊരു നീറ്റൽ ഉണ്ടാക്കി.. മിഥിലയെ തനിക്കെ അറിയൂ..

അവളുടെ ഉദ്ദേശവും.. അത് ഇതുവരെ അനന്തേട്ടന് മനസ്സിലായിട്ടില്ല.. അവൾക്കങ്ങനെ തെറ്റായ ഒരു ഉദ്ദേശം ഉള്ളപ്പോൾ അനന്തേട്ടൻ അകലം പാലിക്കുന്നതാണ് നല്ലത്.. ച്ചേ താൻ അനന്തേട്ടനെ സംശയിച്ചോ.. ഒരിക്കലുമില്ല..

അനന്തേട്ടനോട് പിന്നീട് മിഥിലയെ കുറിച്ച് സംസാരിക്കാത്തതാണ്.. അവൾ നല്ല അഭിനേത്രിയാണ്..

അതുകൊണ്ട് അനന്തേട്ടൻ തന്നെ വിശ്വസിക്കില്ല.. എന്നാലും അടക്കിപിടിച്ച സംസാരങ്ങൾ സ്വസ്ഥത നൽകുന്നില്ല.. ഭദ്ര എഴുന്നേറ്റിരുന്നു.. അനന്തൻ അല്പസമയത്തിനകം റൂമിലേക്ക് വന്നു. ഭദ്ര എഴുന്നേറ്റിരിക്കുന്ന കണ്ട് അനന്തൻ ചെറുതായൊന്നു ഞെട്ടി.. അവൾ എന്തെങ്കിലും കേട്ട് കാണുമോ എന്നുള്ള ടെൻഷനും അവനിൽ നിറഞ്ഞു…

” ആരാ അനന്തേട്ടാ ഈ നേരത്ത്..? ” ഭദ്ര

” അത് അത് ഡ്രൈവർ.. അവൻ നാളെ വരില്ലെന്ന്.. ” അനന്തൻ വിക്കലോടെ പറഞ്ഞിട്ട് ബെഡിൽ കിടന്നു.. ഭദ്രയും തിരിഞ്ഞു കിടന്നു..

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അനന്തേട്ടൻ നുണ പറഞ്ഞിരിക്കുന്നു.. എന്തിന് വേണ്ടി ആർക്ക് വേണ്ടി.. ഉള്ള് വല്ലാതെ നോവുന്നുണ്ട്..

അടിവയറ്റിലൊക്കെ വല്ലാത്ത വേദന ഒഴുകുന്ന കണ്ണുകളടച്ചു കിടന്നു.. ഉറങ്ങുന്ന വരെ അനന്തന്റെ കൈകൾ അവളെ തേടി വന്നില്ല..

ഷർട്ട്‌ ഇടാതെ കിടക്കുമ്പോൾ ആ നെഞ്ചിലേക്ക് ചേർന്ന് കിടക്കാൻ വല്ലാത്ത കൊതിയാണ്..

അപ്പോൾ ഒരുപാട് സുരക്ഷിതത്വം തോന്നും.. പക്ഷെ ഇപ്പോൾ എന്തോ അവനിൽ നിന്ന് അകന്ന് കിടക്കാനാണ് അവൾക്ക് തോന്നിയത്..

അനന്തൻ കൈ രണ്ടും തലക്ക് പിന്നിൽ വെച്ചു കറങ്ങുന്ന ഫാനിലേക്ക് ദൃഷ്ടി പായിച്ചു കിടന്നു..

മിഥിലയാണ് വിളിച്ചത് രണ്ട് ഹോസ്പിറ്റലിൽ കൂടെ പോയി നോക്കാമെന്നു അവൾ പറഞ്ഞു.. ടൗണിൽ ആണ് രാവിലെ പോയാൽ വൈകീട്ടെ എത്തൂ..

ഭദ്രയോട് കള്ളം പറയേണ്ടി വന്നു എന്തോ അത്കൊണ്ട് അവളെ നോക്കാൻ പോലും കഴിയുന്നില്ല..

ആ കണ്ണുകൾക്ക് മുന്നിൽ നിൽക്കുമ്പോ ചിലപ്പോൾ എല്ലാം പറഞ്ഞ് പോവും.. അവൻ ചരിഞ്ഞു കിടക്കുന്ന അവളെ എഴുന്നേറ്റിരുന്ന് നോക്കി.. നല്ല ഉറക്കത്തിലാണ്.. നെറ്റിയിൽ ഒന്ന് ചുംബിച്ച് ഷെൽഫിൽ നിന്ന് ഒരു കുപ്പിയെടുത്ത് നേരെ ബാൽക്കണിയിലേക്ക് നടന്നു.. എത്ര കുടിച്ചിട്ടും എന്തോ ഉറക്കം വരുന്നില്ല.. ഒരുപാട് ചോദ്യങ്ങൾ മുന്നിൽ വന്ന് നിൽക്കുന്ന പോലെ..

അനന്തൻ സോപനത്തിൽ കിടന്നു..

ഇടക്കെപ്പോഴോ വല്ലാത്ത വയറുവേദന തോന്നി എഴുന്നേറ്റതാണ്.. എഴുനേൽക്കുമ്പോൾ വേദന സഹിക്കാൻ കഴിയുന്നില്ല.. അരികിൽ തൊട്ട് നോക്കി.. അവിടെ ശൂന്യമായിരുന്നു.. ഭദ്ര വയർ പൊത്തിപിടിച്ച് ബാത്‌റൂമിലേക്ക് വേച്ചു നടന്നു..

ബാത്‌റൂമിൽ നിന്ന് പത്തു മിനിറ്റോളം എടുത്തു ഇറങ്ങി വരാൻ.. അപ്പോഴും ബെഡ് ശൂന്യമായിരുന്നു..

ഭദ്ര വെള്ളം കുടിച്ചുകൊണ്ട് ബാൽക്കണിയിലേക്ക് ചെന്നു.. സോപനത്തിൽ കിടക്കുന്ന അനന്തനെയും അരികിലെ മദ്യക്കുപ്പിയും അവൾ മാറി മാറി നോക്കി.. എന്തോ വിളിക്കാൻ തോന്നിയില്ല. നേരെ ബെഡിൽ വന്ന് കിടന്നു..

ഓരോന്ന് ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയി..

രാവിലെ എഴുനേൽക്കുമ്പോൾ സമയം വൈകിയിരുന്നു.. അനന്തേട്ടന്റെ ഫോൺ ബെല്ലടിക്കുന്ന കേട്ടാണ് എഴുന്നേറ്റത്.. ഉറക്കച്ചടവോടെ ആരാണെന്ന് നോക്കാതെ അറ്റൻഡ് ആക്കി ചെവിയോട് ചേർത്തു..

” റെഡി ആയോ അനന്തേട്ടാ.. ” ഭദ്ര പെട്ടെന്ന് ഞെട്ടി.. അവൾ ഫോണിലേക്ക് നോക്കി മിഥിലയാണ്..

ഭദ്ര ഫോൺ കട്ടക്കാതെ കൈയിൽ പിടിച്ചിരിക്കുന്നത് കണ്ടാണ് അനന്തൻ അവൾക്കുള്ള ചായയുമായി വന്നത്.. അനന്തൻ അവളെ സംശയത്തോടെ നോക്കി ഭദ്ര ഫോൺ അവന് നേരെ നീട്ടി.. ബാത്‌റൂമിൽ കയറി.

അനന്തൻ ഫോൺ വാങ്ങിയതും ഞെട്ടി.. മിഥില..

” എന്താ മിഥി..? ”

” അനന്തേട്ടൻ എന്താ ഫോണെടുത്തിട്ട് സംസാരിക്കാത്തെ..? ”

” അയ്യോ നീ എന്തെങ്കിലും പറഞ്ഞോ.. ”

” ഇല്ല അനന്തേട്ടൻ റെഡി ആയോ എന്ന് ചോദിച്ചു ”

” മ്മ് നീ വെച്ചോ.. ഞാൻ വിളിക്കാം.. ”

” മ്മ് ” മിഥി മൂളികൊണ്ട് ഫോൺ കട്ടാക്കി..

അനന്തൻ ഫോൺ ചുണ്ടോട് ചേർത്ത് ബാത്റൂമിലേക്ക് നോക്കി.. ഭദ്ര ഇറങ്ങാൻ സമയം ആവും..

അവളോട് പറഞ്ഞിട്ട് പോയാൽ ആ കണ്ണുകൾ കണ്ടാൽ.. അനന്തൻ വേഗം ഡ്രസ്സ് മാറി ഇറങ്ങി.

കാറാണ് എടുത്തത്.. ഭദ്ര കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ ജാനുവമ്മ പിറുപിറുക്കുന്നുണ്ട്

” എന്താ ജാനുമ്മേ..? ”

” ഓഹ്.. എന്തെങ്കിലും കഴിച്ചിട്ട് പോയാൽ പോരെ.. അതിനുമാത്രം എന്താ അത്യാവശ്യം…

ഞാൻ ആർക്ക് വേണ്ടിയാ ഇതൊക്കെ ഉണ്ടാക്കുന്നെ.. ” ജാനുവമ്മ

” പോട്ടേ.. എന്തെങ്കിലും തിരക്ക് ഉണ്ടാവും.. ” ഭദ്ര ജാനുമ്മയെ ഉന്തി തള്ളി അടുക്കളയിലേക്ക് വിട്ടു.. എന്നാലും അവളുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുക്കാൻ തുടങ്ങി.. മിഥി എന്തെങ്കിലും ചതി നടത്തികാണുമോ എന്നൊരു ഭയം ഇല്ലാതില്ല..

സ്കൂളിൽ ഇന്ന് ലീവ് പറഞ്ഞു.. മനസ്സ് ശരിയല്ല അതിനിടയിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ പറ്റില്ല..

വല്ലാതെ വിശന്നപ്പോഴാണ് അവൾ ഭക്ഷണം കഴിച്ചത്.. അത് വരെ അനന്തനെ കുറിച്ചായിരുന്നു ചിന്ത. വയറ്റിലുള്ള കുഞ്ഞിന്റെ കാര്യം പോലും മറന്നിരിക്കുന്നു… റൂമിൽ കയറുമ്പോൾ അനന്തേട്ടന്റെ മണമാണ് പക്ഷെ ഇപ്പോൾ അത് ആസ്വദിക്കാൻ കഴിയുന്നില്ല.. അവൾ തൊടിയിലേക്ക് നടന്നു..

പുറകു വശം തെങ്ങും കവുങ്ങും എല്ലാം ചേർന്ന ചെറിയ തോട്ടമാണ്.. തേങ്ങിനും കവുങ്ങിനും തടമെടുത്തത്തിൽ ഒഴുകുന്ന വെള്ളത്തിൽ അവൾ കാൽ നനച്ചു നടന്നു.. ഇടക്ക് കേൾക്കുന്ന പലതരം കിളികളുടെ ശബ്ദം.. ഈ തോട്ടം കഴിഞ്ഞ് ഇറങ്ങിയാൽ താഴെ ജാതിക്ക തോട്ടമാണ് അവിടെ കുറച്ച് ഇരുട്ടാണ് ഒടുക്കത്തെ കൊതുകും..

പിന്നെ തോടും പാടവും അടുത്ത് ആയതുകൊണ്ട് ഞണ്ടുകളെയും കാണാം.. ചെറുപ്പത്തിൽ അംബികാമ്മ ഉള്ളപ്പോൾ പാടത്തുനിന്ന് ഞവണിക്ക പെറുക്കിയിട്ടുണ്ട്..ആ ഓർമയിൽ അവളൊന്ന് പുഞ്ചിരിച്ചു..

” ആഹാ വാതിലൊക്കെ തുറന്നിട്ട് മോളെന്താ ഇവിടെ.. “?

ഭദ്ര പെട്ടെന്ന് തിരിഞ്ഞു.. ശങ്കരനാണ്.. അവൾ ഒന്ന് പുഞ്ചിരിച്ചു..

” അമ്മാവൻ എപ്പോ വന്നു.. ” ഭദ്ര

” ഞാൻ ജാനു ഏടത്തിയുടെ കൂടെ വന്നു.. ആള് ചായ വെക്കുന്നുണ്ട്.. അനന്തൻ വന്നില്ലേ.. “?

പ്രസന്നമായ മുഖം പെട്ടെന്ന് മങ്ങി..

” ഏയ്‌ ഇല്ല.. ”

” മ്മ്.. എവിടെ പോയതാ.. ”

” അറിയില്ല.. ” ഭദ്ര ഒരു നിമിഷം ചിന്തിച്ചു അമ്മാവനോട് പറഞ്ഞാലോ തന്നെ തെറ്റിദ്ധരിക്കോ

” മിഥിക്ക് കല്യാണം ഒന്നും നോക്കുന്നില്ലേ ”

” നോക്കുന്നുണ്ട് ആൾക്ക് പിടിക്കണ്ടേ .. എല്ലാത്തിനും വാശിയാ.. അത് കാണുമ്പോഴാ ഒരു പേടി..

കുറച്ച് ദിവസമായി ആരോടും മിണ്ടാട്ടം ഇല്ലാതെ റൂമിൽ തന്നെ ആയിരുന്നു..

ഇന്നലെയാ ഒന്ന് ചിരിച്ചു കണ്ടത്.. ”

” എന്നിട്ട് ആളെവിടെ..? ”

” ഇന്ന് രാവിലെ ധൃതിയിൽ ഒരുങ്ങി കെട്ടി എങ്ങോട്ടോ പോവുന്നുണ്ടായിരുന്നു.. ഒരു നൂറു പ്രാവശ്യമെങ്കിലും കണ്ണാടി നോക്കിയിട്ടുണ്ടാവും.. ”

ശങ്കരൻ ചിരിച്ചു എന്നാൽ ഭദ്രക്ക് ചിരി വന്നില്ല..

മനസ്സിൽ അസ്വസ്ഥതകൾ കൂടി…

” ഞാൻ അമ്മാവനോട് ഒരു കാര്യം പറയട്ടെ..

എന്നോട് ദേഷ്യം തോന്നരുത്.. ” ഭദ്ര

” എന്താ മോളെ.. ” അയാളുടെ നെറ്റി ചുളിഞ്ഞു..

❤❤❤❤❤❤❤❤❤❤

റിസൾട്ട്‌ കിട്ടിയതും അനന്തന്റെ മുഖം കടലാസ് പോലെ വിളറി വെളുത്തു…

ചെയറിൽ നിന്ന് എഴുനേൽക്കാൻ പോലും സാധിക്കാതെ അവൻ തളർന്നു.. ഡോക്ടർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും അവന്റെ ചെവിയിൽ കയറിയില്ല.. മിഥി സാഹചര്യം മുതലെടുത്തു അവന്റെ കൈകളിൽ മുറുകെ പിടിച്ചു. ആ ടെൻഷനിൽ അനന്തൻ അത് ശ്രദ്ധിച്ചില്ല..

തിരിച്ചു നടക്കുമ്പോഴും അവൾ കൈയിൽ തൂങ്ങിയിരുന്നു..

” അനന്തേട്ടാ.. ഇങ്ങനെ ടെൻഷൻ ആവല്ലേ.. മരുന്നുകൊണ്ട് ശരിയാവും… ” മിഥി

അവൾ പറയുന്നത് ഒന്നും കേൾക്കാതെ അനന്തൻ കാറിൽ കയറി…

” അനന്തേട്ടാ അനന്തേട്ടാ… ”

മിഥി പിടിച്ചു കുലുക്കിയപ്പോൾ അവൻ ഞെട്ടലോടെ അവളെ നോക്കി…

” എന്താ..? ”

” ഇത് തത്കാലം ഭദ്ര അറിയണ്ട.. എന്തായാലും മെഡിസിൻ കഴിച്ചു നോക്കാം.. അവളെ വെറുതെ വിഷമിപ്പിക്കാൻ നിൽക്കണ്ട.. ”

” മ്മ്.. ” അനന്തൻ അതിന് മൂളിയതെ ഉള്ളൂ…

അവൻ ഗൗരവത്തോടെ ഡ്രൈവ് ചെയ്തു…

അവന്റെ മനസ്സിൽ നിരാശയായിരുന്നു..

ഹോസ്പിറ്റലിൽ തന്നെയാവും പ്രശ്നം.. അല്ലാതെ തന്റെ ഭദ്ര.. ച്ചേ.. അങ്ങനെ ചിന്തിക്കാൻ പോലും പാടില്ല….

❤❤❤❤❤❤❤❤❤❤❤

“എന്താ മോളെ നീ പറയുന്നേ..”

ശങ്കരൻ

” സത്യം മിഥിക്ക് അനന്തേട്ടനോട്.. പക്ഷെ അനന്തേട്ടൻ ഇതൊന്നും വിശ്വസിക്കുന്നില്ല.. ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാ.. അദ്ദേഹത്തിന് ഇപ്പോഴും അതൊക്കെ അനിയത്തിയുടെ സ്നേഹ പ്രകടനങ്ങളാ.. ”

” മോളെ അങ്ങനെ ഒന്നും ഉണ്ടാവില്ല.. ”

” അയ്യോ ഉണ്ട്.. ഞാൻ ഇത് എങ്ങനെയാ അമ്മാവനെ പറഞ്ഞ് വിശ്വസിപ്പിക്കാ.. ഞങ്ങളുടെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ അല്ലേ അവൾ ഇങ്ങനെ മിണ്ടാതെ ആയത്.. ”

ശങ്കരൻ ആലോചിച്ചു നോക്കിയിട്ട് തലയാട്ടി..

ശരിയാ പക്ഷെ ഇന്ന് അവൾക്ക് എന്തിനാ ഇത്ര സന്തോഷം..

” അങ്ങനെ ഉണ്ടാവാൻ പാടില്ല മോളെ..

ഒരിക്കലും അങ്ങനെ ഒരു ചിന്ത പോലും ഉണ്ടാവാൻ പാടില്ല.. ”

അയാൾ തളർന്നുകൊണ്ട് തെങ്ങിൽ ചാരി നിന്നു..

” എന്താ അമ്മാവാ.. ” ഭദ്ര അയാളുടെ തോളിൽ കൈവെച്ചു..

അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

” അതൊരിക്കലും പാടില്ല പാപമാണ്.. ഒരേ അച്ഛന്റെ മക്കൾ…ഒരേ ചോര..അവർ ഒരിക്കലും

ശങ്കരൻ പറഞ്ഞു പൂർത്തിയാക്കാനാവാതെ നിന്നു.

ഭദ്ര ഞെട്ടലോടെ നിന്നു..

” അമ്മാവൻ എന്താ പറയുന്നേ.. അനന്തേട്ടൻ അമ്മാവന്റെ…? ”

” മ്മ്.. “അയാൾ തലകുനിച്ചു തലയാട്ടി…

” അതാ അമ്മ നഷ്ട്ടപെട്ട എന്റെ മകന്റെ കൂടെ ഞാൻ ഇങ്ങനെ നിഴല് പോലെ… ”

” അനന്തേട്ടനോട് ഇത് വരെ പറഞ്ഞട്ടില്ലേ.. ”

” ഇല്ല മോളെ.. അച്ഛൻ ആരാന്ന് ചോദിക്കുമ്പോൾ ഒക്കെ അംബിക മൗനം പാലിക്കും.. പിന്നെ ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു അവന് കാണാത്ത അറിയാത്ത അച്ഛനോട്‌ ദേഷ്യമായി അത് വെറുപ്പായി.. പക്ഷെ അംബിക.. അവൾ എന്നോട് സത്യം വാങ്ങിയിരുന്നു ഒരിക്കലും അനന്തൻ ഇതൊന്നും അറിയരുതെന്ന്.. ”

ഭദ്ര തളർച്ചയോടെ നിലത്തിരുന്നു.. ശങ്കരനും അവളുടെ ഒപ്പം ഇരുന്നു…

ദൈവമെ.. സ്വന്തം സഹോദരനെയാണോ ഇവൾ പ്രണയിക്കുന്നത്…

” മിഥിക്ക് ഇത് അറിയില്ലേ അമ്മാവാ.. ”

” ഇല്ല മോളെ.. വിഷ്ണുവിനും വിലാസിനിക്കും സത്യക്കും അറിയാം.. ”

” അംബികാമ്മയെ എന്തിനാ ചതിച്ചേ… ”

” ചതിച്ചതല്ല മോളെ… ഞാൻ ഇവിടെ പണിക്ക് വന്നതാ..അംബികയും ഞാനും സ്നേഹത്തിൽ ആയി..അവളുടെ നിർദേശപ്രകാരം ഞാൻ എന്റെ വീട്ടിൽ പോയി കാര്യം പറയാൻ പോയതാ.. അവിടെ വെച്ചാ കല്യാണം മുടങ്ങി നിൽക്കുന്ന അമ്മാവന്റെ മകൾ വിലാസിനിയെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നത്.. ഞാൻ അവളോട് എല്ലാ തുറന്നു പറഞ്ഞു.. അവൾക്കും അംബികയെ കാണണമെന്ന് പറഞ്ഞപ്പോൾ വന്നതാ.. അന്നാ അറിയുന്നേ.. അവൾ ഗർഭിണി ആയതിനു അവളെ തറവാട്ടിൽ നിന്ന് പുറത്താക്കിയെന്ന്..

പിന്നീട് അംബികയുടെ അച്ഛൻ സ്വത്തൊക്കെ അവളുടെ പേരിലാക്കി.. ഞാനും വിലാസിനിയും അവളെ കണ്ടു.. വിലാസിനി ഞങ്ങൾക്കിടയിൽ നിന്ന് പോവാമെന്ന് പറഞ്ഞിട്ടും അംബിക സമ്മതിച്ചില്ല..

എന്നോട് തിരിച്ചുപോവാൻ പറഞ്ഞു..

പക്ഷെ ഞാൻ ഇവിടെ തന്നെ നിന്നു.. മറ്റൊരുത്തിയുടെ ഭർത്താവിനെ വേണ്ടെന്ന് അംബിക തീർത്തു പറഞ്ഞു..അതിന് ശേഷം അനന്തൻ ജനിച്ചു.. പിന്നീട് വിലാസിനിയുടെ സങ്കടം കാണാൻ കഴിയാതെ അവളെ സ്വീകരിക്കണമെന്ന് അംബിക കരഞ്ഞു പറഞ്ഞു..

❤❤❤❤❤❤❤❤❤❤❤

മിഥിലയും അനന്തന്റെ കൂടെ മേലെടത്തേക്ക് ചെന്നു.. അനന്തൻ കുറേ വേണ്ടെന്ന് പറഞ്ഞെങ്കിലും അവൾ കൂടെ വന്നു.. ഭദ്ര പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞാൽ മിഥി എങ്ങനെ പ്രതികരിക്കുമെന്ന് ആലോചിച്ച് അനന്തന് ടെൻഷൻ തോന്നിയിരുന്നു…

ഹാളിൽ ചെന്നു സോഫയിൽ ഇരുന്നു ചുറ്റും കണ്ണ് പായിച്ചു എവിടെയും കാണാൻ ഇല്ല..

” ആ വന്നോ.. ” ജാനുമ്മ അനന്തനും മിഥിലക്കും ചായ കൊടുത്തു..

” ശങ്കരനും ഭദ്രക്കും ഇട്ട ചായയാ.. ” ജാനുമ്മ

” എന്നിട്ട് അവരെവിടെ..? ”

അനന്തൻ

” തൊടിയിലുണ്ട് ” ജാനുമ്മ

മിഥി നെറ്റി ചുളിച്ചുകൊണ്ട് അനന്തനെ നോക്കി..

അവളുടെ നോട്ടം എന്താണെന്ന് അറിയാതെ അവൻ നോക്കി…

മിഥി സംശയത്തോടെ എഴുനേറ്റു തൊടിയിലേക്ക് നടന്നു…പുറകെ അനന്തനും..

” എല്ലാം എന്റെ തെറ്റാ മോളെ… നീ ഇതൊന്നും അനന്തനോട് പറയണ്ട… നിന്റെ വയറ്റിലുള്ള കുഞ്ഞിന്റെ കാര്യം മാത്രം നീ ആലോചിച്ചാൽ മതി .. ”

ശങ്കരൻ അവളുടെ ചുമലിൽ കൈ വെച്ചു..

” അച്ഛാ.. ” മിഥി ഉറക്കെ വിളിച്ചതും രണ്ടാളും ഞെട്ടി തിരിഞ്ഞു നോക്കി.. ഭദ്രയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും മാമ അവസാനം പറഞ്ഞതും അനന്തന്റെ ചെവിയിൽ ഒരു മൂളിച്ച പോലെ കേട്ടു.

പെട്ടെന്ന് മിഴികൾ നിറഞ്ഞു

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി