ഒരു ശക്തിക്കും നമ്മളെ ഇനി വേർപിരിക്കാൻ കഴിയില്ല…

രചന : മേഘ മയൂരി

“സീതേ… എന്താ നിന്റെ തീരുമാനം? നിനക്ക് വയസ് എത്രയായെന്നാ നിന്റെ വിചാരം? എത്ര നാളായി ഞാൻ നിന്റെ പുറകെ നടക്കുന്നു?”

ഭക്ഷണം കഴിഞ്ഞ് സീറ്റിൽ വന്നിരിക്കുമ്പോഴാണ് തൊട്ടടുത്ത സീറ്റിൽ നിന്ന് അർജുന്റെ ശബ്ദം ഉയർന്നത്..

” അർജുൻ… അത് ഞാൻ പറഞ്ഞില്ലേ…

സിൽജയെയും സിമിയെയും കൂടെ ഒരു നിലക്കെത്തിച്ചിട്ട് മാത്രമേ എനിക്കെന്റെ കാര്യം നോക്കാൻ പറ്റൂ… ”

അർജുന്റെ മുഖത്തു നോക്കാതെ അവൾ വാതിൽക്കലേക്ക് മിഴികൾ പായിച്ചു..

“എത്ര കാലമായി സീതേ നീയീ അനിയത്തിമാരുടെ കാര്യം മാത്രം നോക്കി ജീവിക്കുന്നത്? നിനക്കും വേണ്ടേ ഒരു ജീവിതം.. എന്റെ അച്ഛനുമമ്മയും എനിക്ക് ലാസ്റ്റ് വാണിംഗ് തന്നിരിക്കുകയാ….

നമുക്ക് രണ്ടാൾക്കും കൂടെ നിന്റെ അനിയത്തിമാരുടെ കാര്യങ്ങളൊക്കെ നോക്കാം..

എത്ര തവണയായി ഞാൻ പറയുന്നു.. ”

അർജുൻ പ്രതീക്ഷയോടെ അവളെ നോക്കി..

” അത്… അർജുന്റെ വീട്ടുകാർക്ക് ഒന്നാമതേ എന്നെ താൽപര്യമില്ല… അർജുൻ വീട്ടുകാര് പറയുന്നതു പോലെ നല്ല ഒരു പെൺകുട്ടിയെ കല്യാണം കഴിക്കൂ… സമയം കളഞ്ഞോണ്ടിരിക്കാതെ… ”

സീത മുഖം തിരിച്ചുകൊണ്ട് ഫയലിലേക്കു ശ്രദ്ധ മാറ്റി..

” നീയിത് പറയണമെടീ.. എല്ലാം അറിഞ്ഞോണ്ട്… പോ… എന്നെ ഭ്രാന്തു പിടിപ്പിക്കാതെ… ”

ദേഷ്യം കൊണ്ട് കണ്ണു കാണാതായി അർജുന്..

അർജുന്റെ മുഖം കണ്ട് പിന്നീടൊന്നും പറയാൻ തോന്നിയില്ല അവൾക്ക്.. വിവാഹത്തെക്കുറിച്ചുള്ള വർത്തമാനം തുടങ്ങിയാൽ പിന്നെ എങ്ങുമെങ്ങുമെത്താതെ നിർത്തുകയാണ് പതിവ്….. പാവം…

തന്റെ സമ്മതത്തിനു വേണ്ടി കാത്ത് കാത്തിരിക്കുകയാണ്… വീട്ടുകാരെയും വെറുപ്പിച്ചോണ്ട്…..

പക്ഷേ തനിക്ക് അനിയത്തിമാരുടെ ജീവിതം നോക്കാതെ പറ്റില്ല…

വില്ലേജോഫീസിൽ എൽ. ഡി. ക്ലാർക്കാണ് സീത..

സീതയുടെ അതേ ഓഫീസിൽ തന്നെ ജോലി ചെയ്യുന്നയാളാണ് അർജുൻ.. സീതയുടെ പ്രശ്നങ്ങളെല്ലാം ഉൾക്കൊണ്ടു തന്നെ അവളെ അകമഴിഞ്ഞു സ്നേഹിക്കുന്നു..

സീതയുടെ അച്ഛൻ റവന്യൂ വകുപ്പിൽ ഡ്രൈവറായിരുന്നു……. ഒരാക്സിഡന്റിൽ പെട്ട് മരിച്ചു… സർവീസിലിരിക്കെയുള്ള മരണമായതിനാൽ ആശ്രിത നിയമനം പ്രകാരം ജോലി മൂത്ത മകളായ സീതക്ക് കിട്ടി…. അമ്മ ഗിരിജ വർഷങ്ങൾക്കു മുമ്പേ അസുഖം ബാധിച്ച് മരണപ്പെട്ടതാണ്… അമ്മ അച്ഛനെ പ്രണയിച്ചു വിവാഹം കഴിച്ചതിനാൽ അമ്മയുടെ വീട്ടിൽ നിന്നും ബന്ധുക്കളാരും അന്വേഷിക്കാറില്ല..

അമ്മ മരിച്ചപ്പോൾ വന്നിരുന്നു.. പിന്നീടൊന്നും ഒരു അഡ്രസ്സുമില്ല….

അച്ഛന്റെ ചേട്ടൻ വല്ലപ്പോഴും വരും..

അച്ഛന്റെ പേരിലുള്ള റബ്ബർത്തോട്ടമെല്ലാം നോക്കി നടത്തുന്നുണ്ട്, അതിന്റെ ആദായം കീശയിലാക്കുന്നുണ്ട് എന്നല്ലാതെ ഇങ്ങനെ നാലു മക്കളുടെ കാര്യങ്ങളൊന്നും അന്വേഷിക്കാറില്ല..

സീതയുടെ തൊട്ട് ഇളയതാണ് സീമ…..സീമയ്ക്കു താഴെ സിൽജയും സിമിയും….. സീമയുടെ വിവാഹം കഴിഞ്ഞു… വിവാഹത്തിനായി വാങ്ങിയ കടം ഇനിയും വീട്ടാനുണ്ട്… സീമയ്ക്ക് ആ വിവാഹം തന്നെ മതി എന്ന ഉറച്ച നിലപാടായിരുന്നു…. ഈ വിവാഹം നടന്നില്ലെങ്കിൽ ചത്തു കളയുമെന്നായിരുന്നു അവളുടെ ഭീഷണി……..

റോഷന്റെ നിലയ്ക്കും വിലയ്ക്കും ഒത്ത് സ്ത്രീധനം നൽകാൻ പി. എഫിൽ നിന്നും ബാങ്കിൽ നിന്നും ലോണെടുത്തും ചിട്ടി വിളിച്ചും തികയാതെ വന്നപ്പോൾ കുറച്ചു സ്ഥലം വിറ്റിട്ടുമാണ് തുകയൊപ്പിച്ചത്…. അത് ഏകദേശമാകുമ്പോഴേക്കും പ്രസവിച്ചയക്കേണ്ട സമയമായി.. പെൺ കുഞ്ഞാണ്… അടുത്ത മാസം പ്രസവിച്ചയക്കണം.. അതിനുള്ള ചെലവ് വേറെ…. സിൽജ നഴ്സിംഗ് മൂന്നാം വർഷമാണ്….

അവളുടെ ഫീസടയ്ക്കണം…. സിമിയ്ക്ക് ബി. ഫാമിന് അഡ്മിഷനെടുക്കണം … ഇതിനൊക്കെ എവിടുന്ന് കാശുണ്ടാക്കും ദൈവമേ? കിട്ടാവുന്നിടങ്ങളിൽ നിന്നെല്ലാം കടം വാങ്ങിയിട്ടുണ്ട്..

വല്യച്ഛന്റെയടുത്ത് പറമ്പിൽ നിന്നുമുള്ള വരുമാനം ചോദിച്ചതിന് വല്യച്ഛനും മക്കളും കൂടി വഴക്കുണ്ടാക്കി പോയതാണ്.. പിന്നീടിതു വഴി വരവു കുറഞ്ഞിട്ടുണ്ട്.. എല്ലാം കൂടി ആലോചിച്ചാൽ ഭ്രാന്തു പിടിക്കും.. അതിനിടയിൽ സ്വന്തം കല്യാണക്കാര്യത്തിനെന്തു പ്രസക്തി?

പിറ്റേ ദിവസം ഓഫീസിൽ പോയപ്പോൾ അർജുൻ വന്നിട്ടില്ലായിരുന്നു… അർജുന്റെ സീറ്റിലേക്കുള്ള പാളി നോട്ടം കണ്ട് ജീനച്ചേച്ചി ചിരിച്ചു….

“നീയെന്തിനാ സീതേ.. അവന്റെ സീറ്റിലേക്കു നോക്കുന്നത്… അവനെ അവോയ്ഡ് ചെയ്യുകയും ചെയ്യും.. എന്നാലോ…”

ജീനച്ചേച്ചി സീതയുടെ നല്ലൊരു സുഹൃത്താണ്..

അർജുന്റെയും. അതു കൊണ്ടു തന്നെ അർജുനെ സപ്പോർട്ട് ചെയ്ത് സീതയെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാൻ ജീനച്ചേച്ചി പരമാവധി ശ്രമിക്കാറുണ്ട്..

“അനിയത്തിമാരൊക്കെ അവരവരുടെ കാര്യം നോക്കി പോകും… ഒടുവിൽ നീ മാത്രം ആകും കേട്ടോ… നിന്റെ കാര്യം നോക്കാനാരുമുണ്ടാവില്ല..

പ്രായം കടന്നു പോവുകയാണെന്നോർത്തോ…”

തമാശമട്ടിൽ ജീനച്ചേച്ചി പലപ്പോഴും പറയുന്ന കാര്യമാണ്..

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയി…. അർജുൻ ട്രാൻസ്ഫറായി കണ്ണൂരിലേക്ക് പോയി…സിൽജയുടെയും സിമിയുടെയും പഠനം കഴിഞ്ഞു. രണ്ടു പേരും ജോലിയിൽ പ്രവേശിച്ചു…

ഇരുവരുടെയും വിവാഹം കൂടി നടത്തിക്കഴിഞ്ഞപ്പോഴേക്കും സീതക്കു വയസു മുപ്പത്തിനാലു കഴിഞ്ഞിരുന്നു.. താലൂക്കാഫീസിലാണ് ഇപ്പോൾ സീത ജോലി ചെയ്യുന്നത്..

ജീനച്ചേച്ചിയും കൂടെയുണ്ട്….

ഒരു ദിവസം അപ്രതീക്ഷിതമായി വീട്ടിൽ വന്ന അതിഥിയെ കണ്ട് സീത ഞെട്ടി.. അർജുൻ….

” അർജുൻ… എന്താ ഈ വഴിക്ക്?”

“ഞാൻ നിന്നെ കാണാൻ വന്നതാ..

നിന്റെ കാര്യങ്ങളൊക്കെ ജീനച്ചേച്ചിയിലൂടെ ഞാനറിയുന്നുണ്ടായിരുന്നു.. നീ വിളിച്ചില്ലെങ്കിലും…

ഇപ്പോൾ നീ ഒറ്റക്കാണെന്നും എനിക്കറിയാം

അനിയത്തിമാരുടെ കാര്യങ്ങളൊക്കെ കഴിഞ്ഞപ്പോൾ നീ കറിവേപ്പിലയായിപ്പോയതും അറിഞ്ഞു… ഇനി നീ സമ്മതിച്ചില്ലെങ്കിലും ഞാൻ തീരുമാനിച്ചു.. നീയിനി എന്റെ കൂടെ ജീവിച്ചാൽ മതി..

അടുത്തയാഴ്ച ഞാൻ അച്ഛനെയും അമ്മയെയും വിളിച്ചു കൊണ്ടു വരും.. അവരു സമ്മതിച്ചു നമ്മുടെ വിവാഹത്തിന്….”

നഷ്ടപ്പെട്ട സ്വപ്നങ്ങളൊക്കെ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതായി സീതക്കു തോന്നി..

ചുരുക്കം പേരുടെ സാന്നിധ്യത്തിൽ വിവാഹം നിശ്ചയിച്ചു.. നിശ്ചയം കഴിഞ്ഞ് ഒരു ദിവസം ഫോൺ ചെയ്യുമ്പോൾ അർജുൻ പറഞ്ഞു…

“എടീ….. നിന്റെ വല്യച്ഛനും മക്കളും കൂടെ എന്നെ കാണാൻ വന്നിരുന്നു.. ”

” എന്തേ? അവരെന്തു പറഞ്ഞു?”

“അനിയത്തിയുടെ ഭർത്താവ് നിന്നെ വച്ചോണ്ടിരിക്കുകയാണത്രെ…” അറിയാതെ സീതയുടെ കയ്യിൽ നിന്നും ഫോൺ വീണു..

വീണ ഫോൺ കയ്യിൽ എടുത്തിട്ട് സീത ശബ്ദമിടറിക്കൊണ്ട് ചോദിച്ചു..

“എന്നിട്ട് അർജുൻ എന്തു പറഞ്ഞു?….”

” ഞാൻ പറഞ്ഞു….. അങ്ങനെയാണെങ്കിൽ ഞാനതു സഹിച്ചു…. കല്യാണം മുടക്കാൻ ഇനിയും കാരണങ്ങൾ കണ്ടുപിടിച്ചോ… അതും കൊണ്ട് ഈ പടി കടന്നു വന്നാൽ ചെപ്പക്കുറ്റിക്ക് കിട്ടുമെന്ന്….. അതോടെ വല്യച്ഛനും മക്കളും ഓടിയ വഴിക്ക് പുല്ലു കിളിർക്കില്ല…. അലവലാതികൾ……”

കണ്ണീരിനിടയിലും സീതയുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു..

“നീ വിഷമിക്കണ്ട.. ഒരു ശക്തിക്കും നമ്മളെ ഇനി വേർപിരിക്കാൻ കഴിയില്ല…”

ഫോൺ കട്ടു ചെയ്യുമ്പോഴും സീതയുടെ പ്രാർത്ഥന അതു തന്നെയായിരുന്നു… ഇനിയും ഞങ്ങളെ പിരിക്കല്ലേ ദൈവമേ … എന്ന്..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : മേഘ മയൂരി