നീരവിന്‍റെ ആ മെസേജ് അവളുടെ ഉറങ്ങാനുള്ള ശ്രമത്തെയും വിഫലമാക്കി…..

രചന: വേദവതി നാരായണൻ

രാത്രിയേറെയായിക്കഴിഞ്ഞു….വേണി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ആ സ്ലീപ്പര്‍ ബസില്‍ കിടന്നു… ഫോണിലേക്ക് വന്ന മെസേജ് അവള്‍ എടുത്തു നോക്കി….

“ക്ഷമിക്കണം പൊന്നേ, അല്പം പണി തിരക്ക് ആയി പ്രതീക്ഷിക്കാതെ, ഇപ്പോഴാണ് വീട്ടിലേക്ക് തിരിച്ചു പോകുന്നത്…..അത് കൊണ്ട് വിളിക്കാന്‍ ഞാന്‍ വരില്ലാ… നീ ഒരു ടാക്സിയോ റിക്ഷയോ പിടിച്ചിങ്ങു പോര്”….

നീരവിന്‍റെ ആ മെസേജ് അവളുടെ ഉറങ്ങാനുള്ള ശ്രമത്തെയും വിഫലമാക്കി…. അവളുടെ മനസ്സിന് ഒരു സമാധാനവും ഇല്ലാതെയായി… അവള്‍ അവനെ വിളിക്കാന്‍ നോക്കി….

റേഞ്ച് ഒട്ടുമില്ല…. അവളുടെ മനസ്സില്‍ സങ്കടവും ദേഷ്യവും ഇരമ്പി…. ബസ് സ്റ്റാഡില്‍ എത്തുംപോള് വെളിച്ചം വീഴില്ല എന്നു അവള്‍ക്കുറപ്പാണ്…

നീരവിന്‍റെയും വേണിയുടെയും കല്യാണം കഴിഞ്ഞു മൂന്നു വര്‍ഷമായി…. ഒന്നിന്നും ഒരു ഉത്തരവാദിത്തമോ കരുതലോ നീരവിനു വേണിയോടില്ല…

ചോദിച്ചാല്‍ അയാള്‍ പറയും….

“നീ ഒരുമാതിരി നാട്ടിന്‍പുറത്തെ പെണ്‍പിള്ളാരെ പോലെ വാശി പിടിക്കാതെ…എല്ലാ കാര്യത്തിനും ഇന്‍ഡിപെന്‍ഡന്‍റ് ആകാന്‍ നോക്കൂ”… കുടുംബ കലഹം തുടരാതിരിക്കാന്‍ അവള്‍ അയാളുടെ രീതികള്‍ പതിയെ സ്വീകരിച്ചു….

ഒരു ഭര്‍ത്താവിന്‍റെ കരുതല്‍ വേണ്ടിടത്ത് അവള്‍ തനിയെ തന്നെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി…

വീട്ടില്‍ ചെയ്യേണ്ടുന്ന ഒരു കാര്യത്തിനോ, അവളുടെ കൂടെ ഒരു പൊതുചടങ്ങിനോ അങ്ങനെ ഒരു കാര്യത്തിനും അയാള്‍ കൂടെ കൂടില്ല…. കല്യാണം കഴിഞ്ഞു ഒരാള്‍ കൂടെ ഉണ്ട് എന്നു പോലും അയാള്‍ ചിന്തിക്കുകയില്ല… എല്ലാത്തിനും അയാള്‍ക്ക് അയാളുടെ രീതി ആണ്…. വേണിയെ ഒന്നിലും അയാള്‍ ഉള്‍പ്പെടുത്താറുമില്ല…. ആകെ അയാളുടെ ഭാര്യയായി കൂടെ താമസിക്കുന്നു എന്നു അവളെ ഓര്‍മപ്പെടുത്തുന്നതു കിടക്കയിലെ അരണ്ട വെളിച്ചത്തില്‍ ആധിപത്യത്തോടെ അവളെ സമീപിക്കുന്ന അയാളുടെ കാമശൃംഗാരങ്ങൾ മാത്രം.

ഈ യാത്ര അവളുടെ കസിന്‍റെ കല്യാണത്തിന് നേരത്തെ തീരുമാനിച്ചതാണ്…. അവധി അധികം ഇല്ലാത്തത് കൊണ്ട് അവള്‍ക്ക് കാലത്ത് തിരിച്ചു ഓഫീസില്‍ കയറണം…. അത് കൊണ്ടാണ് ഇത്രയും വെളുപ്പിനെ തിരിച്ചെത്തുന്ന ബസ് ബുക്ക് ചെയ്തത്…. അയാള്‍ക്ക് വരാന്‍ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല… ജോലിതിരക്ക് എന്നൊരു ഒഴിവ് പറഞ്ഞു കുടുംബക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ അയാള്‍ക്ക് പറ്റി… കൂടെ താമസിക്കുന്ന അവളെ കബളിപ്പിക്കാന്‍ ആവില്ലല്ലോ..

അന്ന് ടികെറ്റ് ബുക്ക് ചെയ്യുമ്പോള്‍ അവള്‍ പ്രത്യേകം പറഞ്ഞിരുന്നു…. എന്തു വന്നാലും അവളെ കൂട്ടികൊണ്ടു വരാന്‍ ബസ് സ്റ്റാന്‍റില്‍ എത്തണമെന്ന്…. അത്രയും കാര്യഗൌരവത്തോടെ പറഞ്ഞിട്ടും ഒരു ചിന്തയുമില്ലാതെ പാതിരാത്രിയില്‍ ആ മെസേജ് അയച്ച അയാളോട് അവള്‍ക്ക് പുച്ഛം തോന്നി… അല്പം നേരത്തെയായിരുന്നെങ്കില്‍ അവള്‍ക്ക് ഏതെങ്കിലും കൂട്ടുകാരെയെങ്കിലും ഏര്‍പ്പാടാക്കാമായിരുന്നു…

ഇതിപ്പോള്‍ പാതിരാത്രിയും അതോടൊപ്പം ഫോണില്‍ ഒട്ടും റേഞ്ചും ഇല്ല….

പണവും ആര്‍ഭാടവും എല്ലാം ഉണ്ടെങ്കിലും കരുതല്‍ ഇല്ലാത്ത ഒരു ഭര്‍ത്താവിനെ ഒരു ഭാര്യയ്ക്കും ഉള്ളു നിറഞ്ഞു സ്നേഹിയ്ക്കാന്‍ ആവില്ലല്ലോ… അവളുടെ വിധിയില്‍ പിടയുന്ന അവളുടെ മനസ്സും വിതുമ്പി….

വെളുപ്പിനെ നാല് മണിയായപ്പോള്‍ ബസ് സ്റ്റോപ്പില്‍ അവള്‍ ഇറങ്ങി…. ഇരുട്ട് വെളിച്ചത്തിനെ അല്പം പോലും കടത്തി വിടുന്ന സമയം ആയിട്ടില്ല…

ബസ് മുന്നോട്ട് എടുത്തു…..

വളരെ കുറച്ചു നിമിഷത്തിനുള്ളില്‍ ആ സ്ഥലത്തു ഒരാളനക്കവും ഇല്ലാതെയായി…. അതോടൊപ്പം അവളും പേടിയോടെ വിറയ്ക്കാന്‍ തുടങ്ങി….

അവസാന പ്രതീക്ഷ എന്ന പോലെ അവള്‍ അയാളെ ഒന്നൂടെ വിളിക്കാന്‍ നോക്കി…

റിങ്ങ് ചെയ്യുന്നുണ്ട്..

പക്ഷേ ഒരു പ്രതീക്ഷയുമില്ല…. പ്രതിസന്ധിഘട്ടത്തില്‍ ജീവിതത്തെ പൊരുതി നില്‍ക്കേണ്ടവര്‍ക്ക് വരുന്ന ഒരു ധൈര്യം അവള്‍ക്കും ഉടലെടുത്തു.. അല്ലെങ്കില്‍ അയാളോടുള്ള ആ ദേഷ്യം അവളെ ധൈര്യപ്പെടുത്തി എന്നു പറയാം…. അവളുടെ അരികിലായി നിര്‍ത്തിയ ആ ഓട്ടോറിക്ഷയിലേക്ക് അവള്‍ നോക്കി…. ഒരു മധ്യവയസ്കന്‍ ആയ ഒരാളാണ് ഡ്രൈവര്‍….. അവളുടെ ഉള്ളില്‍ തിരയടിക്കുന്ന ഭയത്തെയും,വ്യാകുലതകളെയും, നിസ്സഹായവസ്ഥയെയും പുറമെ കാണിക്കാതെ അവള്‍ സധൈര്യം ആ യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചു….

ഡ്രൈവര്‍ കാണട്ടെ എന്ന രീതിയില്‍ അവള്‍ വണ്ടിയുടെ നംബര്‍ പ്ലേറ്റ് നോക്കി തന്‍റെ ഫോണില്‍ കുറിച്ചെടുത്തു…. അയാള്‍ കന്നടയില്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു… അവള്‍ അയാളെ മാനിച്ചതേയില്ല…. കുറ്റാകുറ്റിരുട്ടുള്ള വഴികളിലൂടെ അയാള്‍ വണ്ടി ഓടിച്ചു… ഇരു വശത്തും അടച്ചിട്ടിരിക്കുന്ന കടകള്‍… ഒരു മനുഷ്യര് പോലും ആ ദേശത്തെങ്ങുമില്ല…. അവളുടെ മനസ്സില്‍ ഭയം കുന്നു കയറി…. അവളുടെ വീട്ടിലേക്ക് പോകാന്‍ ആ ഇടവഴികളില്‍ കൂടി അയാള്‍ പോകുന്നത് എന്തിനെന്നവള്‍ക്ക് മനസ്സിലായില്ല…. ഭര്‍ത്താവിനെ അവള്‍ വീണ്ടും ഫോണില്‍ വിളിച്ചു…. പതറിയ തന്‍റെ മനസ്സ് ഡ്രൈവര്‍ കാണാതിരിക്കാന്‍ അവള്‍ ശ്രമിച്ചു….

അയാള്‍ മോശക്കാരനാണെങ്കില്‍ അവളുടെ പരിഭ്രമം അയാളെ അതിവേഗത്തില്‍ ഭ്രാന്തനാക്കും….

അവള്‍ അങ്ങേയറ്റം സംയമത്തോടെ ചിന്തിച്ചു…

അവള്‍ മനസ്സിലോര്‍ത്തു ആരെയാണ് ഈ അസമയത്ത് വിളിക്കുന്നത്?…..

അവള്‍ ഒരു സുഹൃത്തിനെ വിളിച്ചു… ഇപ്പോള്‍ മിക്കവരും മൊബൈല്‍ സൈലന്‍റ് ആക്കി ഇട്ടു ഉറങ്ങുന്നത് കൊണ്ട് അപ്രതീക്ഷിതമായി ആരെ ഈ സമയത്ത് വിളിച്ചാലും കിട്ടുക ബുദ്ധിമുട്ട് തന്നെ…

പണ്ടൊക്കെ ലാന്‍ഡ് ലൈന്‍ ഫോണുകള്‍ ആ ഒരു പ്രതിസന്ധി ഒഴിവാക്കുമായിരുന്നു…. എന്നാല്‍ ഇപ്പോള്‍ ഉറങ്ങുന്ന സമയത്ത് നൈറ്റ് മോഡ് സെറ്റ് ചെയ്യാന്‍ പറ്റുന്ന മൊബൈല്‍ ഫോണുകള്‍ അല്ലേ എല്ലാവര്ക്കും…. പിന്നെ എമര്‍ജന്‍സി കാര്യത്തിനു പോലീസിനെ വിളിക്കാം എന്നുണ്ടെങ്കിലും ഒട്ടനവധി പേര്‍ക്കും ഇല്ലാത്ത ആ ഒരു ചിന്താഗതി അവളിലേക്കും വന്നില്ല…

ഡ്രൈവര്‍ കണ്ണാടിയില്‍ കൂടി അവളെ നോക്കുന്നുണ്ട്…. അവള്‍ അയാളോട് ഹിന്ദിയില്‍ ഈ വഴിയെന്താ ഷോര്‍ട്ട് കട്ട് ആണോ എന്നു ചോദിച്ചു…. അയാള്‍ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്‍പ്, പൊടുന്നനെ അവളുടെ മൊബൈല്‍ ശബ്ദിച്ചു… അവള്‍ ഫോണ്‍ എടുത്തു…..

അവള്‍ സംസാരിക്കാന്‍ തുടങ്ങി… ഫോണില്‍ കൂടി അവള്‍ ഓട്ടോയുടെ നമ്പെറും ഡീറ്റൈല്‍സുമ് പറഞ്ഞു…. അവള്‍ ഡ്രൈവറോടായി ഹിന്ദിയിൽ പറഞ്ഞു….

” ഭര്‍ത്താവാണ്…പോലീസില്‍ ആണ്, അത് കൊണ്ട് എപ്പോള്‍ ഞാന്‍ തനിയെ യാത്ര ആയാലും കയറുന്നതിന് മുന്പ് വണ്ടിയുടെ നമ്പര് പ്ലേറ്റ് ഫോട്ടോ അയച്ചു കൊടുക്കണം….”

ഭായ് കണ്ടിരുന്നില്ലേ, ഞാന്‍ അത് ചെയ്യുന്നത് വണ്ടിയില്‍ കയറുന്നതിന് മുന്‍പ്?…..

എന്നാല്‍ ഇപ്പോള്‍ വിളിച്ചത് ആ ഡീറ്റൈല്‍സ് വെച്ചു ചേട്ടന്‍റെ ഫോട്ടോ കണ്ടിട്ട്, അങ്ങനെയുള്ള ആളിന്‍റെ കൂടെയാണോ യാത്ര എന്നു ഉറപ്പിക്കാനാണ്… എന്തു ചെയ്യാനാണല്ലേ… ഭര്‍ത്താവ് പോലീസിലായാല്‍ പിന്നെ എന്തെല്ലാം മുങ്കരുതല്‍ തന്നെ”…..

അവള്‍ ഇളകിയൊന്ന് ചിരിച്ചു…. അയാളും ഒരു വല്ലാത്ത പേടിച്ചു, മങ്ങിയ ഒരു ചിരി ചിരിച്ചു…

കുറച്ചു മിനുറ്റുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ മെയിന്‍ റോഡില്‍ ഓട്ടോ എത്തിച്ചു….. അവളുടെ മനസ്സിലൂടെ പല പല ചോദ്യങ്ങള്‍ എത്തി…..

ഇയാള്‍ ശരിക്കും കുഴപ്പക്കാരനാണോ അതോ അവളുടെ ഭയത്താല്‍ തോന്നിയ സംശയങ്ങളോ?…..

അവളുടെ അപാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ ഓട്ടോ നിര്‍ത്തി… അയാള്‍ക്കുള്ള കാശ് കൊടുക്കുമ്പോള്‍ അവളുടെ കൈ വിറക്കാതിരിക്കാന്‍ അവള്‍ ശ്രദ്ധിച്ചു…. വാതില്‍ തുറന്നു അവള്‍ ഫ്ലാറ്റിനുള്ളിലേക്ക് കയറി…. കയ്യിലുരുന്ന ബാഗ് അവള്‍ നിലത്തേക്ക് വലിച്ചെറിഞ്ഞു….. ആ വാതിലില്‍ അവള്‍ ചാരിയിരുന്നു…. ഒരു നെഞ്ചിടുപ്പോടെ അവള്‍ പൊട്ടി പൊട്ടിക്കരഞ്ഞു……..

കുറച്ചു നിമിഷം മുന്‍പ് അവള്‍ കടന്നു പോയ ആ ഭയാനകമായ അവസ്ഥ… ഡ്രൈവറുടെ പെരുമാറ്റത്തില്‍ ഒരു പിശക് തോന്നിയപ്പോള്‍ അവള്‍ ഡ്രൈവര്‍ ശ്രദ്ധിക്കാതെ പ്ലേ ചെയ്ത മൊബൈലിലെ പാട്ടിന്‍റെ ശബ്ദം ആയിരുന്നു അവളുടെ ആ ഭര്‍ത്താവിന്‍റെ കോള്‍…..

ഭര്‍ത്താവിനോടു സംസാരിക്കുന്ന പോലെ അവള്‍ അഭിനയിച്ചു സംസാരിച്ചു, അങ്ങേതലക്കല്‍ ആരുമില്ലെന്നറിഞ്ഞിട്ടും….. ആ ഡ്രൈവറുടെ ശ്രദ്ധ ഒന്നു തിരിക്കാന്‍ വേണ്ടി മാത്രം……

അവള്‍ക്കു മുന്നില്‍ ആ ഒരു വഴി മാത്രമേ അന്നേരം തെളിഞ്ഞിരുന്നൊള്ളൂ….. അവള്‍ക്ക് അവളുടെ ശോചനീയവസ്ഥയില്‍ സങ്കടം തോന്നി….. അവള്‍ പതിയെ എഴുന്നേറ്റ് അവരുടെ കിടപ്പ് മുറിയുടെ വാതില്‍ക്കല്‍ നിന്നു അകത്തേക്ക് നോക്കി….

അവളുടെ ഭര്‍ത്താവ് ശീതീകരിച്ച കിടപ്പ് മുറിയില്‍ നല്ല സുഖമായി പുതച്ച് ഉറങ്ങുന്നു…. അയാളുടെ ബിസ്സിനസ് ലോകത്ത്, ഇന്നലത്തെ രാത്രിയില്‍ സൌഭാഗ്യങ്ങള്‍ വെട്ടിപ്പിടിച്ചു എന്നു ആ കിടക്കയുടെ അരികിലുള്ള ആ മേശയിലെ ഒഴിഞ്ഞ സ്ക്കോച്ച് കുപ്പി അവളോടു പറഞ്ഞു…. പൂക്കുല പോലെ അവള്‍ വിറച്ചിരുന്ന ആ കടന്നു പോയ കുറെ നിമിഷങ്ങളോടൊപ്പം,ആ കാഴ്ചയും അവളെ മാനസികമായി തളര്‍ത്തി…

ക്ഷീണിച്ചവശയായി അവള്‍ സ്വീകരണ മുറിയിലെ കൌച്ചില്‍ ചുരുണ്ടു കിടന്നു…. അവള്‍ക്ക് മടുത്തിരിക്കുന്നു….

ക്ഷമിച്ചിരുന്നു അവള്‍ അയാളുടെ രീതികള്‍ എല്ലാം ഈ നിമിഷം വരെയും….. അവള്‍ക്കായി ജീവിക്കാതെ, അയാളുടെ വഴിയെക്കൂടി പൂര്‍ണ്ണമായും ജീവിച്ചു….. ഇനിയും വയ്യ…. ഒരു ലവലേശം ആത്മബന്ധവും, കരുതലും ഇല്ലാത്ത ഒരു മനുഷ്യന്‍റെ കൂടെ ഇവിടെ കഴിയുവാന്‍….. ഇനിയും അയാളുടെ വഴിയിലൂടെ ഈ ഒറ്റയ്ക്കുള്ള സഞ്ചാരമില്ല, ഒന്നുകില്‍ ഒത്തൊരുമിച്ചുള്ള വഴി മുന്നോട്ട്…..

അല്ലെങ്കില്‍……….. അവള്‍ വ്യക്തമായി മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു….. രാവിലെ അയാള്‍ ഉണരുമ്പോള്‍ എല്ലാം പറഞ്ഞു തീര്‍ക്കാനായുള്ള വാചകങ്ങള്‍ അവളുടെ മനസ്സില്‍ തെളിഞ്ഞു വന്നു………ശാന്തതയോടെ….. ധൈര്യത്തോടെ അവള്‍ പതിയെ പതിയെ നിദ്രയിലാണ്ടു…..

ശുഭം…

ചില ജന്മങ്ങള്‍ അങ്ങനെയാണ്, എത്ര പറഞ്ഞാലും മനസ്സിലാകാതെ സ്വന്തമായ രീതിയില്‍, അവര്‍ക്ക് തോന്നുന്ന രീതിയില്‍ ഒരു കുടുംബ ജീവിതം ജീവിക്കുന്നു…കൂടെ ഒരാളുണ്ട് എന്നുള്ള തോന്നല്‍ ഇല്ലാതെ…..ഒരു പരിഗണനയും ഇല്ലാതെ….

അല്ലെങ്കിലും ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താന്‍ എളുപ്പമല്ലേ…. ഉറക്കം നടിക്കുന്നവരെയോ?? എന്നു പറഞ്ഞത് പോലെ….. അത്രയും വാക്കുകളില്‍ ഞാന്‍ ചുരുക്കുന്നു….ബാക്കി എന്റെ പ്രിയവായനക്കാരുടെ അഭിപ്രായം പോലെ 🙂

രചന: വേദവതി നാരായണൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top