ബന്ധുക്കൾക്കിടയിൽ ചിലർ പെണ്ണ് തടിച്ചിയാണല്ലോന്ന് അന്യോന്യം പറയുമ്പോൾ അതിനെ ശരിവയ്ക്കാനെന്ന പോലെ ആണത്തമില്ലാത്തവന് അതൊക്കെത്തന്നെയല്ലേ കിട്ടുള്ളൂന്നു മറ്റു ചിലർ അഭിപ്രായപ്പെട്ടു….

രചന : ബിൻസി ബാബു

” ഉണ്ണാൻ സമയമാവുമ്പോൾ ഞാൻ തന്റെ കുടുംബത്തോട്ടൊന്നും വരുന്നില്ലല്ലോ…ഉവ്വോ.??

അതു കൊണ്ട് എന്റെ റേഷനെപ്പറ്റി ഓർത്ത് സാറ് അതികം ബുദ്ദിമുട്ടണ്ട…. ”

കല്ല്യാണ വീട്ടിലെ ഏതോ ഒരാളോട് ദേഷ്യം പിടിച്ച് ചവിട്ടിത്തുള്ളി തെല്ലും കൂസലില്ലാതെ പ്ലേറ്റിൽ കുന്നുകൂട്ടി വച്ച ബിരിയാണിയിൽ നിന്ന് കോഴിക്കാല് കടിച്ചു പറിച്ചുതിന്നുന്ന ആ “തടിച്ചി” യെ കണ്ടപ്പോൾ എനിക്ക് പുഛം തോന്നി….

” രമേശാ… മീനാക്ഷിയെക്കുറിച്ച് വല്ല വിവരോം ഉണ്ടോ…..?? എന്നാലും വല്ലാത്തൊരു കഷ്ടായിപ്പോയി നിന്റെ കാര്യം ഇരുപത്താറ് പെണ്ണിനെ കണ്ടിട്ട് ബോധിക്കാതെ അവസാനം ബോധിച്ചതൊന്നിനെ കെട്ടീട്ട് മാസം ആറ് കഴിയണേക്ക് മുൻപ് കണ്ടവന്റെ കൂടെ ഒളിച്ചോടുകാന്ന് പറഞ്ഞാൽ ഇത്തിരി കഷ്ടം തന്നെയാണ്….”

സംഭവം നടന്നിട്ട് മാസം മൂന്നായി നാട്ടുകാരുടെ നാക്കിനു മാത്രം ഒരു റസ്റ്റും ഇല്ല….

എവിടെയും തലയുയർത്തി പോകാൻ പറ്റാതായിരിക്കുന്നു…

താലികെട്ടിയവൾ ഏതോ ഒരുത്തന്റെ കൂടെ പോയപ്പോൾ അതു തന്റെ കുറ്റം….

നിറോം, തടീം ,മുടീം വീടും വീട്ടുകാരും പണോം പത്രാസും ഒത്തിണങ്ങിയ ഒരുത്തിയെ കണ്ടു പിടിച്ചപ്പോൾ അതിങ്ങനേം ആയീ…..

എല്ലാം സഹിക്കാം കെട്ടിക്കേറി വന്ന പെണ്ണ് ഒളിച്ചോടിപ്പോയത് രമേശന്റെ കഴിവുകേടാണെന്ന് അടക്കം പറയുന്ന ചില നാറികളുണ്ട്…

അതാണ് സഹിക്കാൻ വയ്യാത്തത്….

ഇതിനി ഇങ്ങനെ വിട്ടാൽ പറ്റില്ല ….

എനിക്കും ഒരാണായിത്തന്നെ ജീവിക്കണം…..

❤❤❤❤❤❤❤❤❤

“ദാ… ഈ ഫോട്ടോ നോക്കിക്കേ നല്ല കുട്ടിയാ…. ”

ബ്രോക്കറ് ഒരു ഫോട്ടോയെടുത്ത് ഭവാനിയമ്മയെ കാണിച്ചു…..

” ഇത്.. തടി കുറച്ച് കൂടുതലല്ലേ വാസൂ…??”

“തടി ഇത്തിരി കൂടിയാലെന്താ ഭവാനിയമ്മേ..

രമേശന്റെ രണ്ടാമത്തെ അല്ലേ.. പിന്നെ കുട്ടിയ്ക്കാണെങ്കിൽ ഇക്കാരണോം പറഞ്ഞ് കല്യാണൊന്നും അങ്ങ് ശരിയായുവുന്നും ഇല്ല….

അവർക്ക് വല്യ ഡിമാൻഡ് ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഇത് നോക്കുന്നതാവും നല്ലത്….”

ബ്രോക്കറ് പറഞ്ഞതിനോട് ശരിവച്ച് അമ്മയും ഞാനും കൂടി പെണ്ണുകാണാൻ ചെന്നപ്പോൾ ഫോട്ടോ നോക്കാതെ നേരിട്ടു കണ്ട തടിച്ചിയുടെ മുഖം പെട്ടെന്നെനിക്ക് ഓർമ്മയിൽ വന്നു….

വേറെ ഗദ്യന്തരമില്ലാതെ അവളുടെ കഴുത്തിൽ താലിയണിയുമ്പോഴും ” ആണത്തമില്ലാത്തവൻ ” എന്ന നാട്ടുകാരുടെ അടക്കം പറച്ചിലുകൾ മാത്രമായിരുന്നു മനസ്സിൽ….

ബന്ധുക്കൾക്കിടയിൽ ചിലർ പെണ്ണ് തടിച്ചിയാണല്ലോന്ന് അന്യോന്യം പറയുമ്പോൾ അതിനെ ശരിവയ്ക്കാനെന്ന പോലെ ” ആണത്തമില്ലാത്തവന് അതൊക്കെത്തന്നെയല്ലേ കിട്ടുള്ളൂന്നു മറ്റു ചിലർ അഭിപ്രായപ്പെട്ടു….

” രമേശേട്ടാ… ദാ പാൽ.. ”

പാലിന്റെ ഗ്ലാസ് എന്റെ നേർക്ക് നീട്ടി കിതയ്ക്കുന്ന അവളെ നിപ്പും ഭാവോം കണ്ടപ്പോൾ ലോണെടുത്ത് രണ്ടു നില വീട് വയ്ക്കണ്ടായിരുന്നൂന്ന് തോന്നിപ്പോയി…

അവൾ മുറിയിലാകെ കണ്ണോടിച്ചു…

എന്നിട്ട് പതിയെ എന്റടുത്തായി വന്നിരുന്നു….

അവളോടൊന്ന് സംസാരിക്ക പോലും ചെയ്യാതെ ആ വലിയ ശരീരത്തെ രമേശൻ തന്റെ കരുത്തിൽ തളച്ചിട്ടു…

ദിവസങ്ങൾ കഴിഞ്ഞിട്ടും രമേശൻ അവളോടൊന്ന് അടുത്ത് സംസാരിക്കുകയോ ഒന്നു ചിരിക്കുകയോ പോലും ചെയ്തില്ല., പക്ഷേ രാത്രിയിലെ കടന്നാക്രമണം മാത്രം തുടർന്നു….

കുളി കഴിഞ്ഞ് വന്ന് കണ്ണാടിയിൽ ഉടലളവ് നോക്കിയപ്പോൾ അതുവരെയില്ലാതിരുന്ന ഒരകൽച്ചയും പരിഭവവും തന്റെ ശരീരത്തോടവൾക്ക് തോന്നി… കൈകളിലും നെഞ്ചിലും ഇടുപ്പിലും തുടകളിലും വരയൻ പുലിയെ പോലെ വെള്ള വരകൾ ..

ഇടുപ്പിൽ മൂന്ന് തട്ടായി ശരീരം തൂങ്ങി നില്ക്കുന്നു…

വയറാണെങ്കിൽ ആറു മാസം ആയ പെണ്ണുങ്ങളെപ്പോലെ തള്ളി നില്ക്കുന്നു….

മുഖത്ത് കണ്ണുണ്ടെന്ന് മനസിലാവണമെങ്കിൽ തന്റെ പൊട്ടക്കണ്ണട വെയ്ക്കണം…

തടിച്ചു വീർത്ത കവിൾ…

ആകെ മൊത്തം അവൾക്കു തന്നെ തന്റെ ശരീരത്തോട് വെറുപ്പ് തോന്നി….

ഒരിക്കൽ ഉച്ചയ്ക്ക് ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കയറി വന്ന രമേശേട്ടൻ തന്നെയും തന്റെ പ്ലേറ്റിലേക്കും മാറി മാറി പുച്ഛത്തോടെ നോക്കുന്നത് കണ്ടപ്പോൾ അന്നാദ്യമായ് കഴിച്ചു തീർക്കാതെ ഭക്ഷണത്തിനു മുൻപിൽ നിന്നുമെണീറ്റു..

അത്രയും നാളും ഏതൊരാളു മുൻപിലും തല കുനിക്കാത്തവൾ എല്ലായിടത്തും തല കുനിച്ചു നിന്നു..

അന്നു മുതൽ തന്നെയാണ് മൂന്ന് നേരത്തെ കഴിപ്പ് ഒരു നേരത്തേക്കാക്കി ചുരുക്കിയതും….

എന്നിട്ടും തൂങ്ങിയ വയറും തടിച്ച ശരീരവും ഒന്നുടഞ്ഞതു പോലുമില്ല…

അതിനിടയ്ക്കാണ് രമേശൻ കുളിമുറിയിൽ കാലു തെന്നി വീഴുന്നത്..

ഇരുനില വീടിന്റെ മുകളിലെത്തെ നിലയിൽ നിന്ന് തന്നെ കോരിയെടുത്ത് താഴേക്ക് സ്റ്റെപ്പിറങ്ങുന്ന അവളുടെ കൈക്കരുത്തിനോടും ആ പൊണ്ണത്തടിയോടും അവന് ബഹുമാനം തോന്നി…

താഴെ കാറിൽ ചാരിയിരുത്തി അമ്മയെയും കയറ്റി ഹോസ്പ്പിറ്റലിലേക്ക് കാറോടിക്കുന്ന അവളെ കണ്ടപ്പോൾ അത്ഭുതത്തോടെ നോക്കി നിന്നു….

പിന്നീടങ്ങോട്ട് വീടും വീട്ടുകാര്യങ്ങളും നോക്കുന്നത് മുതൽ നടുവൊടിഞ്ഞ എന്നെ കുളിപ്പിക്കുന്നതും കഞ്ഞി കുടിപ്പിക്കുന്നതും ,ഇടയ്ക്കിടെ ബാത്റൂമിൽ കൊണ്ടു പോകുന്നതും വരെ ഒരു മടുപ്പും കൂടാതെ ചെയ്യുന്നത് കണ്ടപ്പോൾ എന്റെ മനസിലേക്ക് ഒളിച്ചോടിപ്പോയ മീനാക്ഷിയുടെ മുഖം തെളിഞ്ഞു വന്നു…

” പനിയാണെങ്കിൽ രമേശേട്ടൻ ഇന്നിവിടെ കിടന്നോ ഞാനപ്പുറത്ത് കിടന്നോളാം ഇല്ലെങ്കിൽ പനി എനിക്കും കൂടെ കിട്ടും..”

ഒരു നെടുവീർപ്പോടെ ഓർത്തു തിരിഞ്ഞപ്പോഴാണ് അവൾ മുറിയിലേക്ക് കയ്യിൽ ചൂട് ചായയുമായി കയറി വന്നത്…

ചായ പാതി കുടിച്ച് മുഖം തിരിച്ചപ്പോൾ ആ തടിച്ചിയുടെ മുഖം വാടുന്നത് ഞാൻ ശ്രദ്ദിച്ചു…

” കടുപ്പം കൂടിയോ ,ഞാനിപ്പോൾ മാറ്റിയെടുക്കാം.. ”

വേവലാതിയോടെ തിരിഞ്ഞു നടക്കാനാഞ്ഞ അവളുടെ കയ്യിൽ പതിയെ പിടിച്ചു….

” ശാരീ… അത് നിനക്കാണ്…. ബാക്കി നീ കുടിച്ചോ…”

അവൾ ആശ്ചര്യത്തോടെ അവനെ നോക്കി… താലികെട്ടി കൊണ്ടുവന്നതിനു ശേഷം ആദ്യമായാണ് തന്നെ പേരെടുത്തൊന്നു വിളിക്കുന്നത്, അതും സ്നേഹത്തോടെ…

വിങ്ങിപ്പൊട്ടിയ നാളുകളിൽ ഒരിക്കലെങ്കിലും രമേശേട്ടൻ തന്നെ ശാരീന്നൊന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയിരുന്നു….

ആശ്ചര്യം പൂണ്ട അവളുടെ കണ്ണുകൾ ആ പൊട്ടക്കണ്ണാടിയെ ഭേധിച്ച് കണ്ണുനീർ പൊഴിച്ചു…

ഒത്തിരി സന്തോഷത്തോടെ അവളാ ചായ ചുണ്ടോടു ചേർത്തതും വലിയ വായിൽ ശർദ്ദിച്ചതും ഒന്നിച്ചായിരുന്നു….

” എന്താ എന്തു പറ്റി മോളെ….??

അമ്മ ഓടി വന്നു ചോദിച്ചപ്പോൾ അവൾ നാണം കൊണ്ടു മുഖം താഴ്ത്തി….

ഒന്നും മനസിലാവാതെ ശാരിയേ നോക്കിയ രമേശനെ നോക്കിച്ചിരിച്ചു കൊണ്ട് ഭവാനിയമ്മ അവിടെ നിന്നും പോയി…

“എന്റെ മാസക്കുളി തെറ്റി….!

അവള് പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ വീണ്ടും തന്നെത്തന്നെ നോക്കുന്ന രമേശനോടവൾ പറഞ്ഞു..

” ഈ തടിച്ചീടെ കുഞ്ഞുവാവയ്ക്ക് ഒരു തൊട്ടില് പണിയണോന്ന്….

അവളുടെ വാക്കുകൾ അയാളുടെ കണ്ണുകൾ നിറച്ചു….

“എന്റെ തടിച്ചി ഒരമ്മയാവാൻ പോകുന്നു …

ഞാനൊരച്ഛനും…”

*****************

രമേശനും രമേശന്റെ തടിച്ചിക്കും പെൺകുഞ്ഞുങ്ങൾ രണ്ടാണ്…

അവന്റെ തടിച്ചിപ്പെണ്ണിനെ പോലെത്തന്നെ രണ്ടു കുഞ്ഞുമണികൾ…..

പിന്നെ രമേശനാണേൽ അമ്മയെ പോലെ തന്നെ തന്റെ കുഞ്ഞു മണികളെയും തക്കുടുമണികളാക്കാനുള്ള ശ്രമത്തിലാണ്…..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ബിൻസി ബാബു