ഇവളുടെ കെട്ടിയോൻ ഇത്തിരി കണിശക്കാരനാ… അയാൾ ഇനി ഇവളെ എന്തെങ്കിലും ചെയ്യുമൊന്നാ എന്റെ പേടി…

രചന : Elder born

റീയൂണിയൻ

*************

“നിങ്ങളിത് വരെ പോയില്ലേ ”

ഹോട്ടലിന് മുന്നിൽ പരിഭ്രാന്തിയോടെ നിൽക്കുന്ന ഫർസാനയോടും നസീമയോടുമായി ഹരി ചോദിച്ചു..

“ഇല്ല… വണ്ടി എത്തിയിട്ടില്ല… ലേറ്റ് ആകുമെന്നാ തോന്നുന്നേ..” നസീമ വഴിയിലേക്ക് കണ്ണ് നട്ട് കൊണ്ട് മറുപടി പറഞ്ഞു.. ഹരി നിശബ്ദയായി നിൽക്കുന്ന ഫർസാനയുടെ മുഖത്തേക്ക് ഒന്ന് നോക്കി ശേഷം നസീമയുടെ നേർക്ക് തിരിഞ്ഞു..”അപ്പൊ അതുവരെ ഈ മഞ്ഞത്ത് ഇരിക്കാനാണോ ഭാവം.. ”

അവന്റെ ശബ്ദത്തിൽ കരുതലുണ്ടായിരുന്നു

“ഇത്രയും ലേറ്റ് ആകുമെന്ന് ഞങ്ങൾ കരുതിയില്ല ഹരി… ഇറങ്ങുന്നതിനു അരമണിക്കൂർ മുൻപ് മെസ്സേജ് അയച്ചാൽ മതിയെന്നാ ഡ്രൈവർ പറഞ്ഞത്.. ഇപ്പൊ രണ്ട് മണിക്കൂർ കഴിഞ്ഞു…

ഡ്രൈവറെ വിളിച്ചിട്ടാണെങ്കിൽ ഫോണും എടുക്കുന്നില്ല..”

നസീമ തന്നെയാണ് അതിനും മറുപടി പറഞ്ഞത്.

“ഞാൻ ഒരു ടാക്സി അറേഞ്ച് ചെയ്തു തരട്ടെ…?” ഹരി ഫർസാനയെ ഒന്ന് പാളി നോക്കികൊണ്ട് നസീമയോട് ചോദിച്ചു…

“ടാക്സിയോന്നും ശരിയാവില്ല… ഞങ്ങൾക്ക് അതിനുള്ള ധൈര്യമില്ല..

ഒന്നും രണ്ടുമല്ല..പത്തിരുന്നൂർ കിലോമീറ്റർ ഇല്ലേ..

ടാക്സിയിലാണ് വന്നതെന്ന് അറിഞ്ഞാൽ ഇവളുടെ കെട്ടിയോന് പിന്നെ അത് മതി… ഇപ്പൊ തന്നെ ഞാൻ കാല് പിടിച്ചു പറഞ്ഞത് കൊണ്ടാണ് ഇവളെയും റീയൂണിയന് വിട്ടത് ..” നസീമയുടെ മുഖത്തെ അങ്കലാപ്പ് കണ്ടതും ഹരി ഫർസാനയുടെ മുഖത്തേക്ക് നോക്കി. അവൾ പേടിച്ചരണ്ട് തല താഴ്ത്തി നിൽക്കുകയാണ്..

“ഇപ്പൊ തന്നെ റഹീം ഒരു മുപ്പതു തവണ വിളിച്ചു…

പുള്ളി ഇത്തിരി കണിശക്കാരനാ… അതിന്റെ പേരിൽ അയാൾ ഇവളെ എന്തെങ്കിലും ചെയ്യുമൊന്നാ എന്റെ പേടി…”

നസീമ ഒരിടവേളയ്ക്ക് ശേഷം കൂട്ടിച്ചേർത്തു..

“നിങ്ങള് വിഷമിക്കാതെ.. നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം… ” ഹരി തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്തു. “നിങ്ങളുടെ ഡ്രൈവർ ഏത് ഹോട്ടലിലാണെന്നാ പറഞ്ഞേ..”

അവൻ ഫോണിന്റെ ലോക്ക് തുറന്നുകൊണ്ട് ചോദിച്ചു.

“ശ്രീ കൃഷ്ണ ലോഡ്ജ്, എന്നാ പറഞ്ഞേ..”

നസീമ വിരൽ കടിച്ചുകൊണ്ട് പറഞ്ഞു. ഹരി ആ ഹോട്ടലിന്റെ നമ്പർ ഗൂഗിൾ ചെയ്തു കണ്ടെത്തി,

ശേഷം ആ ഹോട്ടലിലേക്ക് വിളിച്ചു.

“എന്താ ഡ്രൈവറുടെ പേര്… ”

“ഇസ്‌മൈൽ..”

“കാറിന്റെ നമ്പർ അറിയോ..?”

“കെ. എൽ. 43 ബി ****** ”

നസീമയാണ് അതിന് മറുപടി പറഞ്ഞത്. ഹരി നസീമ പറഞ്ഞ കാര്യങ്ങൾ വെച്ച് ഹോട്ടലിൽ അന്വേഷിച്ചു.

“എന്താ… അയാൾ അവിടെ ഉണ്ടോ?” ഹരി ഫോൺ വെച്ചതും നസീമ പ്രതീക്ഷയോടെ ചോദിച്ചു.

ഫർസാനയുടെ മുഖവും അപ്പോഴാണ് ഉയർന്നത്..

“ആള് അവിടെ ഉണ്ട്…? പക്ഷെ ഇപ്പൊ ഡ്രൈവ് ചെയ്യാൻ പറ്റിയ കണ്ടീഷനിലല്ല… പുള്ളി നല്ല ഫിറ്റ്‌ ആണെന്നാ അറിയാൻ കഴിഞ്ഞത്..”

ഹരിയുടെ വാക്കുകൾ കേട്ട് നസീമ തലയിൽ കൈവെച്ചു പോയി. നിറഞ്ഞു തുളുമ്പറായിരുന്ന ഫർസാനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അതേസമയം ഫർസാനയുടെ മൊബൈൽ റിങ് ചെയ്തു.. ഡിസ്പ്ലേയിൽ റഹീം എന്ന പേര് കണ്ടതും ഭീതിയോടെ അവൾ നസീമയെ നോക്കി…

“പടച്ചോനെ… ഇനി ഇപ്പൊ എന്ത് ചെയ്യും… നീ ഇപ്പൊ ഫോൺ എടുക്കണ്ട… അവിടെ ചെന്നിട്ട് നമുക്ക് എന്തെങ്കിലും പറയാം.. “നസീമയുടെ മുഖവും ഭയത്താൽ വിളറി വെളുത്തു..

“ഹേയ്.. ആ ഫോൺ അറ്റൻഡ് ചെയ്യ്… എന്നിട്ട് കാര്യം അയാളോട് പറ…” ഹരി ഫർസാനയെ നോക്കികൊണ്ട്‌ പറഞ്ഞു. ഫർസാനയുടെ കൈകൾ വിറയ്ക്കാൻ തുടങ്ങിയിരുന്നു..

“ഹരിക്ക് റഹീമിനെ ശരിക്കും അറിയാഞ്ഞിട്ടാ…

ഇപ്പൊ ഫോൺ എടുത്താൽ ശരിയാവില്ല..”

നസീമയുടെ ഭയം വിട്ട് മാറിയിരുന്നില്ല..

“ഞാൻ നിന്നോട് പറഞ്ഞതല്ലേ നേരത്തെ ഇറങ്ങാമെന്ന്.. ” വിതുമ്പലോടെ ഫർസാന പറഞ്ഞു..

“എടി അതിന് ഞാൻ ഓർത്തോ ഡ്രൈവർ ഇങ്ങനെ നമുക്ക് പണി തരുമെന്ന്..” നസീമ തന്റെ നിസ്സഹായത അറിയിച്ചു… പെട്ടന്ന് ഫർസാനയുടെ ഫോൺ വീണ്ടും ശബ്ദിച്ചു..

“ഫർസാന ആ ഫോണിങ് താ..” ഹരി അവളുടെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി.

ഫർസാനയും നസീമയും അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. അവർ അമ്പരപ്പോടെ ഹരിയെ നോക്കി..

“ഹലോ..” ഹരി ഫോൺ എടുത്ത് ചെവിയിൽ വെച്ചു..

“ഇതാരാ..?” മറുതലയ്ക്കൽ പരുക്കനായ ശബ്ദം…

“ഞാൻ ഫർസാനയുടെ ക്ലാസ്സ്‌ മേറ്റ്‌ ആണ്…”

ഹരി പറഞ്ഞു തീരും മുൻപേ അയാൾ ഇടയ്ക്ക് കയറി..

“അവളുടെ ഫോൺ എങ്ങനാടാ നിന്റെ കൈയ്യിൽ വന്നേ.. ഫോൺ അവൾക്ക് കൊടുക്ക്..”

“സർ പ്ലീസ്… ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…

നിങ്ങളുടെ ഭാര്യ ഒന്ന് തല ചുറ്റി വീണു…

അവരിപ്പോ സംസാരിക്കാൻ പറ്റിയ അവസ്ഥയിലല്ല…”

ഹരി പറഞ്ഞത് കേട്ട് അമ്പരപ്പോടെ നിൽക്കുകയാണ് നസീമയും ഫർസാനയും..

“തല ചുറ്റി വീണെന്നോ? എങ്ങനെ..?” അയാളുടെ സ്വരത്തിൽ പരിഭ്രാന്തി നിറഞ്ഞു.

“കാരണമൊന്നും എനിക്ക് അറിയില്ല സർ…

ഞാൻ നസീമയുടെ കൈയ്യിൽ കൊടുക്കാം..അവരും ആകെ പേടിച്ചിരിക്കുവാ..”

ഹരി ഫോൺ മ്യൂട്ട് ചെയ്തുകൊണ്ട് നസീമയെ നോക്കി…

“നസീമ… ഞാൻ പറഞ്ഞത് പോലെ അയാളോട് പറയണം… ഫർസാന ഇവിടുന്ന് കുറച്ചു സീഫൂഡ് കഴിച്ചു.. ഒരുപാട് ഛർദിച്ചു… അതിന്റെ ക്ഷീണം കൊണ്ട് തളർന്ന് വീണതാണെന്ന് പറയണം.. പേടിക്കാനൊന്നുമില്ല… അരമണിക്കൂർ കഴിയുമ്പോ ഐ വി ഡ്രിപ്പ് കഴിയും.. അത് കഴിഞ്ഞ് ഞങ്ങൾ ഇറങ്ങുമെന്ന് പറ..” ഹരി പറഞ്ഞുകൊണ്ട് ഫോൺ ലൗഡ് സ്പീക്കറിലിട്ടു..

ഹരി പറഞ്ഞത് പോലെ തന്നെ നസീമ റഹീമിനോട് പറഞ്ഞു..

“എന്താ.. നസീമ ഇത്.. അവൾക്ക് സീ ഫുഡ്‌ അല്ലെർജി ആണെന്ന് അറിയില്ലേ… അതൊക്കെ ശ്രദ്ധിക്കണ്ടേ… ഇതൊക്കെ കൊണ്ടാണ് ഞാനവളെ ഒറ്റക്ക് എങ്ങും വിടാത്തത്… അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ..” അയാളുടെ സ്വരത്തിലെ ഗാംഭീര്യം നഷ്ടമായിരുന്നു..

“ഇല്ല… കു.. കുഴപ്പമൊന്നുമില്ല..” അയാളുടെ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞതും നസീമ അമ്പരന്നു..

“ഓക്കേ…എങ്കിൽ പതിയെ റസ്റ്റ്‌ എടുത്തിട്ട് ഇറങ്ങിയാൽ മതി… അവളോട്‌ ഞാൻ വിളിച്ചെന്നൊന്നും പറയണ്ട.. പാവം വെറുതെ പേടിക്കും..” റഹീം അത് പറഞ്ഞ് ഫോൺ വെച്ചതും നസീമയുടെ അമ്പരപ്പ് മാറിയിരുന്നില്ല.

ഫർസാനയുടെ ഭയന്ന് വിറച്ച മുഖം ഇപ്പോൾ ഒരു വാടി തളർന്നിരുന്നു..

“ഇപ്പൊ രണ്ടാളുടെയും പേടി മാറിയില്ലേ…

ഇതുപോലുള്ള സന്ദർഭങ്ങളിൽ കുറച്ചു നുണയൊക്കെ പറയാം… ഇത്രയും നേരം ഒരു വില്ലനെ പോലെ ചിത്രീകരിച്ച മനുഷ്യനോടല്ലേ നസീമ ഇപ്പൊ സംസാരിച്ചത്… കാര്യം അയാൾ ഒരു കണിശക്കാരൻ ആണെങ്കിലും അയാൾക്ക് അയാളുടെ ഭാര്യയെ വല്ല്യ ഇഷ്ടമാണ്… ഈ കണിശതയൊക്കെ ആ സ്നേഹത്തിന്റെ ഭാഗമാണ്..” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.

നസീമയുടെ ജീവൻ തിരിച്ചു കിട്ടിയത് അപ്പോഴാണ്

“ഇനിയിപ്പോ ആരെയും കാത്തൊന്നും നിക്കണ്ട…

ഞാൻ കൊണ്ട് വിടാം…” ഹരി തന്റെ കാറിന്റെ ഡോർ തുറന്നു കൊടുത്തു… ഫർസാന കയറാൻ ഒന്ന് മടിച്ചെങ്കിലും നസീമ അവളെ നിർബന്ധിച്ചു കാറിലേക്ക് കയറ്റി. അവർ കാറിലേക്ക് കയറിയതും ഹരി ഡ്രൈവിങ് സീറ്റിലേക്ക് കയറി ഇരുന്നു…

“അപ്പൊ പോകാം…” ഹരി കാർ മുന്നോട്ട് നീക്കികൊണ്ട് പറഞ്ഞു… ഇരുവരും നിശബ്ദമായി തലയാട്ടി.

അര മണിക്കൂറോളം അവരാരും പരസ്പരം ഒന്നും മിണ്ടിയില്ല… ഫർസാന പുറത്തെ കാഴ്ചകളിലേക്കും നസീമ ചെറു മയക്കത്തിലും വീണിരുന്നു. ഹരി വളരെ ശ്രദ്ധയോടെ ഡ്രൈവിങ്ങിൽ മുഴുകി..

പെട്ടന്ന് കാർ നിന്നതും ഫർസാന ഞെട്ടലോടെ പുറത്തേക്ക് നോക്കി.. പുറത്ത് ഇരുട്ടാണ്..

“വല്ലതും കഴിച്ചാലോ… വല്ലാത്ത വിശപ്പ് “ഹരി പിന്നിലോട്ട് നോക്കികൊണ്ട്‌ പറഞ്ഞു.. അപ്പോഴാണ് മുന്നിലെ തട്ടുക്കട ഫർസാനയുടെ കണ്ണിൽ പെടുന്നത്. അവൾ ആശ്വാസത്തോടെ ഒന്ന് ശ്വസിച്ചു…

അപ്പോഴേക്കും നസീമയും ഉറക്കം ഉണർന്നിരുന്നു..

“ശരിയാ നല്ല വിശപ്പ്.. ” നസീമയും ഹരിയുടെ പിന്നാലെ കാറിൽ നിന്ന് ഇറങ്ങി.. ഫർസാനയ്ക്കും വിശപ്പ് തോന്നി തുടങ്ങിയതിനാൽ അവളും മെല്ലെ കാറിൽ നിന്നിറങ്ങി..

“ചേട്ടാ മൂന്ന് പ്ലേറ്റ് ദോശ.. മൂന്ന് ഡബിൾ താറാവ്

ഹരി ഓർഡർ പറഞ്ഞത് കേട്ടതും ഫർസാന അവനെ അമ്പരപ്പോടെ നോക്കി…

“അല്ല ഹരി… ഇവൾക്ക് സീ ഫുഡ് അല്ലെർജി ആണെന്ന് ഹരിക്ക് എങ്ങനെ അറിയാം..?” അതെ സംശയം ഫർസാനയ്ക്കും ഉണ്ടായിരുന്നു. അവൾ അവന്റെ മറുപടിക്കായി കാത്തിരുന്നു…

ഹരി ഒന്ന് ചിരിച്ചു…

“സീ ഫുഡ്‌ മാത്രമല്ല… കോഴിമുട്ടയും ഫർസാനയ്ക്ക് അല്ലെർജിയാ.. അല്ലെ ഫർസാന…” ഹരി ചിരി മായ്ക്കാതെ പറഞ്ഞു..

ഫർസാന ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു..

ഒട്ടും വൈകാതെ ഹരി ഓർഡർ ചെയ്തത് അവർക്ക് മുന്നിലെത്തി.

“എന്താടോ… താനിപ്പോഴും എന്നോട് ദേഷ്യത്തിലാ…”

ഹരി ഫർസാനയുടെ മുഖത്തേക്ക് നോക്കി…

“ഞാൻ എന്തിനാ ദേഷ്യപ്പെടുന്നത്..” തല ഉയർത്താതെ അവൾ ചോദിച്ചു..

“അല്ല.. രാവിലെ മുതൽ എന്നെ കാണുമ്പോഴൊക്കെ മുഖം തിരിച്ചു നടക്കുന്നത് ഞാൻ കണ്ടു…

ഈ നിമിഷം വരെ ഒരക്ഷരം താൻ എന്നോട് മിണ്ടിയിട്ടില്ല … ഞാൻ കരുതി താനിപ്പോഴും പഴയതൊക്കെ മനസിലിട്ട് നടക്കുവാണെന്ന്..”

സത്യത്തിൽ ഹരി എന്താണ് പറഞ്ഞതെന്ന് നസീമയ്ക്ക് മനസിലായില്ല…

“പഴയ കാര്യങ്ങളോ…?” നസീമ സംശയത്തോടെ ചോദിച്ചു…

“ആഹ്… അപ്പൊ നസീമയ്ക്ക് ഇതുവരെ ഒന്നും അറിയില്ലേ..” ഹരി ചിരി മായ്ക്കാതെ പറഞ്ഞു.

“എന്ത്…?”

“ഫസ്റ്റ് ഇയർ പഠിക്കുമ്പോ… ഞാൻ തന്റെ ഫ്രണ്ടിനെ ഒന്ന് പ്രൊപ്പോസ് ചെയ്തിരുന്നു… അന്ന് മുഖം തിരിച്ചു നടക്കാൻ തുടങ്ങിയതാ തന്റെ ഈ ഫ്രണ്ട്…” നസീമയുടെ കണ്ണുകൾ അമ്പരപ്പോടെ വിടർന്നു..”ഇതെപ്പോ..?”അവൾ അതിശയത്തോടെ ചോദിച്ചു.

“അതൊക്കെ സംഭവിച്ചു… അല്ലെ ഫർസാന..”

ഹരി പറഞ്ഞതും ഫർസാനയുടെ മുഖം കറുത്തു..

“അതിന്റെ ബാക്കിയാണോ ഇപ്പൊ നടന്ന് കൊണ്ടിരിക്കുന്നത്… എനിക്ക് തന്നെ ഇഷ്ടമല്ലെന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ… എന്നെ ഇമ്പ്രെസ്സ് ചെയ്യാനാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ തനിക്ക് തെറ്റി..” അത്രയും നേരം ഒരു പാവത്തെ പോലെ ഇരുന്ന ഫർസാന പൊട്ടി തെറിച്ചതും നസീമ ഒന്ന് ഞെട്ടി.. ഹരി അത് കേട്ട് പൊട്ടിചിരിച്ചു..

“കൊള്ളാം… തന്റെ ഇമേജിനേഷന് യാതൊരു മാറ്റവും വന്നിട്ടില്ല… ശരിയാ… അന്നെനിക്ക് കുറച്ചു പക്വത കുറവുണ്ടായിരുന്നു… എങ്കിലും ആത്മാർത്ഥമായിട്ട് തന്നാ.. തന്നെ ഞാൻ സ്നേഹിച്ചത്… ഇപ്പൊ അതൊക്കെ ഓർക്കുമ്പോ ചിരി വരും… ഇഷ്ടമല്ലെന്ന് പറഞ്ഞ പെണ്ണിന് പിന്നാലെ വർഷങ്ങളോളം നടക്കുക… ശെരിക്കും വട്ട് തന്നെ..അല്ലെ..”

ചിരിച്ചുകൊണ്ട് തുടങ്ങിയ ഹരിയുടെ ശബ്ദം ഒന്നിടറി…

“അതിലൊരു സുഖം ഉണ്ടായിരുന്നു… പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ…

അതങ്ങനെ എല്ലാർക്കും കിട്ടുന്ന ഒന്നല്ല… എന്നെ പോലെ വൺ സൈഡ് ലൗവേർസിന് മാത്രം കിട്ടുന്ന ഒരു ഫീൽ… പ്രേമിക്കുന്ന പെൺകുട്ടിയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അന്വേഷിച്ചു അറിയുമ്പോ കിട്ടുന്ന ഒരു ഫീൽ… അവൾ പോലും അറിയാതെ അവളുടെ പിന്നാലെ നടക്കുന്നതിന്റെ സുഖം..അതായിരുന്നു ആ സമയത്തെ എന്റെ ഊർജം… ശരിയാ.. ഒരുക്കാലത്തു ഞാൻ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.. പക്ഷെ… ഇപ്പൊ ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു… വിധിയെ അംഗീകരിക്കാൻ ഞാൻ പഠിച്ചു.. തന്നെ ഇമ്പ്രെസ്സ് ചെയ്ത് വീണ്ടും തന്റെ ഇഷ്ടം പിടിച്ചു പറ്റാനൊന്നുമല്ല ഞാനിതൊക്കെ ചെയ്തത്… മൂന്ന് വർഷം നമ്മൾ ഒരേ ക്ലാസ്സ്‌ മുറിയിൽ ഉണ്ടായിരുന്നു… അതിനിടയിൽ ഒരിക്കൽ പോലും എനിക്ക് തന്നെയോ തനിക്ക് എന്നെയോ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല…

പിന്നെയാണോ 12 വർഷങ്ങൾക്ക് ശേഷം വെറും മണിക്കൂറുകൾക്കിടയിൽ സംഭവിക്കാൻ പോകുന്നത്..സത്യത്തിൽ ഞാനീ റീ യൂണിയന് വന്നത് തന്നെ.. തന്നെ കാണാനാ… തന്നോട് മാപ്പ് പറയാൻ…

നോട്ടങ്ങളിലൂടെ ആണെങ്കിൽ പോലും ഞാൻ തന്നെ ഒരുപാട് ശല്യം ചെയ്തിട്ടുണ്ട്.. സോറി..”

ഹരി പറഞ്ഞുകൊണ്ട് കൈ കഴുകി,

കാറിനടുത്തേക്ക് നടന്നു.

ഫർസാന ഒന്നും മറുപടി പറയാതെ തല കുനിച്ചു നിന്നു.. നസീമയാകട്ടെ പന്തം കണ്ട പെരുച്ചാഴിയെ പോലെ അമ്പരന്ന് നിന്നു..

പിന്നീടുള്ള യാത്ര നിശബ്ദത നിറഞ്ഞതായിരുന്നു…

ഒരു മണിക്കൂറിന് ശേഷം ആ നിശബ്ദത ബേദിച്ചത് നസീമയാണ്..

“ഹരിയുടെ വൈഫും പിള്ളേരുമൊക്കെ..”

ഹരിയുടെ മറുപടിക്കായി ഫർസാനയും കാതോർത്തു.

“എന്റെ കല്യാണം കഴിഞ്ഞിട്ടില്ല..”

അവൻ പുഞ്ചിരിച്ചു..

“അതെന്താ… നിരാശയാണോ?” നസീമ ഹാസ്യത്തോടെ ചോദിച്ചു..

“ഏയ്… അടുത്ത മാസം എന്റെ കല്യാണമാണ്..”

ഹരി മറുപടി പറഞ്ഞു..

“ആഹാ… ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ..?”

നസീമ ആകാംഷയോടെ ചോദിച്ചു..

“അതിന് ഞാൻ വിളിച്ചാൽ തന്റെ കൂട്ടുകാരി വരോ?” ഹരി റിവ്യൂ മിററിലൂടെ പിന്നോട്ട് നോക്കി.

ഫർസാന നിശബ്ദയാണ്..

“ഞാൻ വരും.. ഇവളുടെ കാര്യം എനിക്കറിയില്ല..”

നസീമയുടെ മറുപടി കേട്ട് ഹരി ചിരിച്ചു..

“അതല്ല… ഇപ്പൊ വയസ് മുപ്പത് കഴിഞ്ഞു കാണില്ലേ.. എന്തേ ഇത്ര വൈകിയേ..?”

നസീമ വീണ്ടും ചോദ്യമെറിഞ്ഞു..

“അതിപ്പോ…ഒരുപാട് വർഷങ്ങൾക്ക് ശേഷം മനസിന് ഇഷ്ടപ്പെട്ട ഒരാളെ കണ്ടത് ഇപ്പഴാ… ആ കുട്ടിക്ക് എതിർപ്പൊന്നും ഇല്ലാത്തത് കൊണ്ട് കെട്ടാമെന്ന് കരുതി.” ഹരിയുടെ മറുപടി കേട്ട് നസീമയും ചിരിച്ചു പോയി…

“അപ്പൊ ഇതുവരെ ഇവളെയും ഓർത്ത് ഇരിക്കുവായിരുന്നു.. അല്ലെ…”നസീമ വീണ്ടും ചൂണ്ടയെറിഞ്ഞു..

“അങ്ങനെ പറയാൻ പറ്റില്ല… മനസ്സിൽ ഉണ്ടായിരുന്നു… പക്ഷെ ശെരിക്കുള്ള ജീവിതത്തിലേക്ക് കടന്നതും.അതൊന്നും ഓർക്കാറില്ല… ഓർക്കാൻ ശ്രമിക്കാറില്ല എന്ന് പറയുന്നതാവും ശരി..”

ഹരി പറഞ്ഞു.

“എന്നാലും ഫുഡിന്റെ കാര്യമൊക്കെ ഇപ്പോഴും ഓർത്തിരിക്കുക എന്ന് പറയുമ്പോ എനിക്കൊരു സംശയം… ഹരിക്കിപ്പോഴും ഇവളോടൊരു ഇഷ്ടമില്ലേന്ന്…” നസീമ പറഞ്ഞതും ഫർസാന അവളെ ഒന്ന് നുള്ളി ശേഷം ചുണ്ടുകൾ കൊണ്ട് ഗോഷ്ടി കാണിച്ചു..

“അത് ശെരിയാ… എന്റെ ഇഷ്ടത്തിന് കുറവൊന്നും വന്നിട്ടൊന്നുമില്ല… പക്ഷെ അതിനെ നിയന്ത്രിക്കാൻ എനിക്കിപ്പോ പറ്റും… ഒരു സൗഹൃദം എന്നതിലുപരിയിലേക്ക് അതിനെ വളർത്താൻ ഞാൻ ആഗ്രഹിക്കുന്നുമില്ല…അന്നത്തെ എന്റെ പക്വത കുറവിൽ എനിക്ക് നഷ്ടമായത് ഒരു സുഹൃത്തിനെയാണ്… ഇന്നും കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധം അകന്ന് പോയ ഒരു സുഹൃത്ത് ബന്ധം…” ഹരി റിവ്യൂ മിററിലൂടെ ഫർസാനയെ നോക്കി.

അവൾ അപ്പോഴും നിശബ്ദയായിരുന്നു..

നസീമയും ആ വാക്കുകളിൽ നിശബ്ദയായി.

മണിക്കൂറുകൾക്ക് ശേഷം അവർ കൊച്ചിയിലെത്തി.

നേരം പുലർന്ന് തുടങ്ങിയിരുന്നു. കാറിൽ നിന്ന് ഇറങ്ങാൻ നേരം ഫർസാന ഹരിയെ ഒന്ന് നോക്കി…

“ഹരി… കല്യാണം വിളിക്കണം.. ഞാൻ വരും..”

അത്രയും പറഞ്ഞുകൊണ്ട് അവൾ കാറിൽ നിന്ന് ഇറങ്ങി നടന്നു…

മൗനത്തിൽ മുറിഞ്ഞുപോയ പ്രണയങ്ങളെക്കാൾ,

പ്രണയത്തിൽ മുങ്ങിപ്പോയ സൗഹൃദങ്ങളെവും ഏറെ!

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Elder born