ഞാൻ ഒന്നുരണ്ടു പ്രാവശ്യം ഒരു ചെറുപ്പക്കാരനൊപ്പം അവളെ കണ്ടു, പാർക്കിൽ, സിനിമകോട്ടയിൽ ഒക്കെ, അവന്റെ കാറിൽ ആണ് കറക്കം….

രചന : ജോളി ഷാജി

ഇടുക്കി ഗോൾഡ്

***************

“അപ്പച്ചാ, സമയം അഞ്ചര ആയി ഞാൻ ഇറങ്ങുവാ,

ആ തോമാച്ചേട്ടൻ ഇപ്പോൾ തന്നെ ബഹളം കൂട്ടിത്തുടങ്ങിക്കാണും പാല്കാരിപ്പെണ്ണ് വന്നില്ലെന്നും പറഞ്ഞു . ”

“മോളെ സൂക്ഷിച്ചുപോണെ, റോഡിൽ മഞ്ഞു കാണും വണ്ടിയുടെ വെട്ടം ശെരിയാക്കിയിരുന്നില്ലേ നീ ”

“അതു ഞാൻ ഇന്നലെത്തന്നെ ശെരിയാക്കി,

അപ്പച്ചന് ചായ ഫ്ലാസ്കിൽ ഒഴിച്ചു വെച്ചിട്ടുണ്ട്,

പാത്രത്തിൽ ഗോതമ്പ് അടയും ഇരിപ്പുണ്ട് ”

“നീ വന്നിട്ടേ ഞാൻ കഴിക്കു മോളെ ”

“ഞാൻ ഇന്ന് താമസിക്കില്ലേ അപ്പച്ചാ, ചന്ത ഉള്ളതല്ലേ പോയി നോക്കണം നല്ല മീൻ കിട്ടിയാൽ കുറച്ച് വാങ്ങാം.. ടീനചേച്ചി ഇന്ന് വരുമെന്ന് പറഞ്ഞിട്ടുണ്ട്, പാവം ഹോസ്റ്റൽ ഭക്ഷണം കഴിച്ചു മടുത്താവും വരവ്.. പിന്നെ കാലിത്തീറ്റ എടുക്കണം.. ചന്തേടെ പിറകില് കുറച്ചു പറമ്പില്ലേ അപ്പാ അതില് നല്ല പുല്ലു ഉണ്ട്.. എങ്ങനെ എങ്കിലും കേറാൻ പറ്റിയാൽ ചെത്തണം ഇന്ന് ”

“എല്ലാം കൂടി നീയെങ്ങനെ കൊണ്ടുവരും എന്റെ കുഞ്ഞേ ”

“അതൊന്നും ഓർത്തു എന്റെ അപ്പൻ വിഷമിക്കേണ്ട… എന്റെ ആക്ടീവ അല്ലെ.. അവൻ എന്നെ സഹായിക്കും.. ഞാൻ പോണ് അപ്പച്ചൻ ചായ കുടിക്കണേ ”

ട്രീസ പാൽകുപ്പികൾ എടുത്തു വണ്ടിയിൽ വെച്ചു.. വലിയ പാൽപാത്രവും ലിറ്റർ പത്രവും എല്ലാം മറക്കാതെ എടുത്തു…

വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ ചെറിയ സ്റ്റാർട്ടിങ് പ്രോബ്ലം.. ഒന്നൂടെ കൈകൊടുത്തു സ്റ്റാർട്ട് ചെയ്തപ്പോൾ സ്റ്റാർട്ട് ആയി.. പുറത്തു വെട്ടം വെച്ചിട്ടില്ല .. നല്ല തണുപ്പ്, കോട ഇറങ്ങിയിട്ടുണ്ട്,

ഇടുക്കിയിൽ അല്ലെങ്കിലും ഈ സമയത്തു നല്ല തണുപ്പാണ്, അവൾ വളരെ ശ്രദ്ധയോടെ ആണ് വണ്ടി ഓടിച്ചത്. വണ്ടിയുടെ വെട്ടം കോടമഞ്ഞിനെ വകഞ്ഞു മാറ്റി മുന്നോട്ടു പോയി..

“എന്റെ ട്രീസ കൊച്ച് ഈ പാല് കുറച്ചൂടെ നേരത്തെ എത്തിക്കാൻ പാടില്ലേ നിനക്ക്, ദേ ഇപ്പൊ തന്നെ എത്ര പേരാണ് ചായ കുടിക്കാൻ നോക്കിയിരിക്കുന്നത്, കണ്ടില്ലേ നീ.. വേറെ പാലുകിട്ടാത്തതു കൊണ്ടല്ല ഞാൻ നിന്നെ നോക്കിയിരിക്കുന്നെ.. നിന്നോട് ”

“മതി നിർത്തിയെക്കു നിന്നോടും നിന്റെ അപ്പനോടും ഒരു പ്രത്യേക സ്നേഹം ഉണ്ട്

അതുകൊണ്ടാണ്… അല്ലെ. ഇത് ഞാൻ കേൾക്കാൻ തുടങ്ങിട്ടു കുറച്ചായി… വെള്ളം ചേർക്കാത്ത ശുദ്ധമായ പശുവിൻപാൽ വേറെ ആരും ഇവിടെ കൊണ്ടുവന്നു തരില്ലെന്ന് എനിക്കും അറിയാം തോമാച്ചേട്ട ”

“ആ കൊച്ചിനെ പറഞ്ഞു വീട് തോമച്ചോ ”

കടയുടെ അകത്തുനിന്നാണ്, അവൾ അകത്തേക്ക് നോക്കി കുര്യൻ മുതലാളിയുടെ മകൻ സണ്ണി,..

“ഇന്നും ഇറങ്ങിയോ ഈ ദുശ്ശകുനം ”

അവൾ മനസ്സിൽ ഓർത്തു പല്ലുഞെരിച്ചു. സണ്ണിക്കുട്ടി നടക്കാൻ ഇറങ്ങുന്നതാണ് പുലർച്ചെ…

നഗരത്തിൽ ഏതോ വലിയ ഉദ്യോഗത്തിനു പഠിക്കുവാണെന്നു ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്…

വല്ലപ്പോഴുമേ ഇവിടെ കാണു.. വന്നാൽ ഉറപ്പാണ് വായിൽനോക്കാൻ ഇറങ്ങും… ട്രീസക്ക് അവനെ കാണുന്നതേ ചതുർത്ഥിയാണ്… അവൾ വേഗം വണ്ടിയെടുത്തു ഓടിച്ചുപോയി..

പാല് എത്തിക്കേണ്ടിടത്തൊക്കെ എത്തിച്ചു…

നേരെ ചന്തയിലേക്ക് പോയി.. ആളുകൾ എത്തിതുടങ്ങുന്നേ ഉള്ളൂ.. വണ്ടി ഒതുക്കി വെച്ചു പതുക്കെ അടുത്ത പറമ്പ് ലക്ഷ്യമാക്കി നടന്നു…

ചുറ്റും മതിൽക്കെട്ടാണ്, എങ്ങനെ കടക്കും അകത്തെന്നു നോക്കിനിന്നപ്പോൾ ആണ് മതിലിനോട് ചേർന്നു ഒരു തെങ്ങിൻ മടൽ കണ്ടത്.. അവളതു മതിലിൽ ചാരിവെച്ചു.. പതുക്കെ അതിൽ കയറി മതിലിനു മുകളിലേക്കു കയറി അവിടുന്നു പറമ്പിലേക്ക് ചാടി… ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റിലും നോക്കി.

ഇല്ല ആരും.. വേഗം പുല്ലു ചെത്തി എടുത്താൽ പൊങ്ങുന്ന രണ്ടു കെട്ടുകൾ ആക്കി മതിലിനു പുറത്തേക്കു ഇട്ടു… തിരിച്ചു അവിടുന്ന് ഒരു മടൽ എടുത്തു മതിലിൽ ചാരി വേഗം കേറി… പുറത്തു ഇറങ്ങിയപ്പോൾ ആണ് അവളൊന്നു ശെരിക്കും ശ്വാസം വിട്ടത്… പുല്ല് വണ്ടിയുടെ പിറകിലെ സീറ്റിൽ വെച്ചു കെട്ടി.. നേരെ മീൻ മേടിക്കാൻ പോയി.. പിടക്കുന്ന വരാലും, ആരോനുമൊക്കെ കണ്ടപ്പോൾ ഉള്ളിൽ ഒരു പൂതി…

കുറേ ആയില്ലേ നല്ല നാടൻ മീൻ കൂട്ടിയിട്ടു..

“ജാനുവമ്മേ വരാലിന് എന്താണ് വില”

“”മീനൊക്കെ മുടിഞ്ഞ വിലയാണ് കുഞ്ഞേ…

കുഞ്ഞിതു എടുത്തോ, ജാനുവമ്മ അതൊക്ക നയത്തില് തരാം ”

“എന്നാലും എന്ത് വേണ്ടിവരും ”

“അതെ കുഞ്ഞേ ഇപ്പൊ ഞാൻ വറീത് മാപ്ലക്ക് മുന്നൂറ്റിഅയ്മ്പതു കാശിനാണ് കൊടുത്തത്.. കുഞ്ഞൊരു മുന്നൂറു രൂപയിങ്ങു തന്നേച്ചും ദേ ഈ പെടക്കണ മീൻ കൊണ്ടുപോയ്ക്കോ ”

“എന്റെ ജനുവമ്മേ എന്താ ഈ പറേണത് ദേ തോട്ടിൽ കിടന്നു പിടക്കണ മീനിന് മൂന്നൂറു രൂപയോ.

ഈ രൂപ കൊടുത്താനോ തോട്ടിൽ നിന്നും പൊഴേൽ നിന്നുമൊക്കെ മീൻ പിടിക്കണത് നിങ്ങടെ ആളുകൾ ”

“എനിക്ക് കുഞ്ഞിനോട് തല്ലുകൂടാൻ പറ്റൂല്ലാന്നു,

കാരണം കുഞ്ഞേ ജയിക്കു”

“അങ്ങനെ വഴിക്കുവാ, ഒരുകിലോ മീൻ എടുക്കു എന്നിട്ടു ഇത് ഇരുന്നൂറ്റന്പത് രൂപയുണ്ട്…ഇത് വെച്ചൊ ”

“കുഞ്ഞ് പറഞ്ഞാൽ പിന്നെ ജനുവമ്മക്കു തിരിച്ചൊന്നും പറയാനില്ലല്ലോ ”

മീൻ വാങ്ങി വണ്ടിയുടെ ബോക്സിൽ വെച്ചു നേരെ കാലിത്തീറ്റ വാങ്ങാൻ പോയി… കാലിത്തീറ്റ വണ്ടിയുടെ ഫ്രണ്ടിൽ ഒരു വിധേന കുത്തിത്തിരുകി വണ്ടി സ്റ്റാർട്ട് ചെയ്തു…. ലോഡ് കൂടുതൽ ആയതിനാൽ മെല്ലെയാണ് പോയത്….

വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് വണ്ടി തിരിച്ചപ്പോൾ തന്നെ കണ്ടു കുറച്ചു മുൻപിലായി സണ്ണിക്കുട്ടി നിൽക്കുന്നത്.. അവൾ ആകെ അന്താളിച്ചു..

ഇനി എന്ത് ചെയ്യും… അവൾ വണ്ടി അല്പം സ്പീഡ് കൂട്ടി… പക്ഷേ സണ്ണിക്കുട്ടി വഴിയുടെ നടക്കേക്കു നിന്നതിനാൽ വണ്ടി നിർത്തേണ്ടി വന്നു..

“ചേട്ടാ വഴിയിൽ നിന്നു മാറിനിൽക്കു എനിക്കു പോവണം ”

“പോവണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ പക്ഷേ എനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ ഞാൻ പോകു

“എനിക്ക് ഒന്നും കേൾക്കേണ്ട… എനിക്ക് നിങ്ങളെ ഇഷ്ടമില്ല എന്ന് പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്…

കുര്യച്ചൻ മുതലാളിയുടെ മകനെ ഒരിക്കലും എനിക്ക് അംഗീകരിക്കാൻ പറ്റില്ല ”

“എന്റെ അപ്പൻ അന്നെന്തോ മണ്ടത്തരം കാണിച്ചെന്നു വെച്ചു ഞാനെന്തു പിഴച്ചു ”

“മണ്ടത്തരമോ, ഞങ്ങടെ അപ്പച്ചനെ ചതിച്ചു ഞങ്ങടെ കണ്ണായ സ്ഥലം വാങ്ങിയെടുത്തിട്ടു, ഈ മലമൂട്ടിൽ ഇരുപത് സെൻറ് സ്ഥലം എഴുതി കൊടുത്തത് നിങ്ങടെ അപ്പനല്ലേ,, ഇവിടെ കുടിലുകെട്ടി നാലാം നാൾ കുതിച്ചുവന്ന മലവെള്ളം കൊണ്ടുപോയതേ ഞങ്ങടെ അമ്മച്ചീനെയാ..

അതിനു കാരണം നിങ്ങടെ അപ്പനാണ് ..

ഞങ്ങടെ അമ്മച്ചീടെ ജഡം പോലും ഞങ്ങൾക്ക് കിട്ടിയില്ല…..

ഇതൊക്കെ മറക്കണോ ഞാൻ… അന്ന് വീണതാ അപ്പൻ, കുടുംബക്കാര് സഹായിച്ചു ഞങ്ങൾ വളർന്നു, പത്തുവയസ്സിൽ തുടങ്ങിയതാ ട്രീസ ഈ പശുവളർത്തലും പാൽക്കച്ചവടവും.. പ്ലസ്ടു ഫസ്റ്റ് ക്ലാസ്സിൽ പാസായിട്ടും ടൗണിൽ തുടർപഠനത്തിന്‌ പോവാത്തത് എന്റെ അപ്പച്ചനെ നോക്കാൻ ആരും ഇല്ലാത്തതു കൊണ്ടാണ്…. എന്നേക്കാൾ പഠിക്കാൻ മോശമായ ചേച്ചിയെ ടൗണിൽ വിട്ടു പഠിപ്പിക്കുന്നത് ചേച്ചിക്ക് എന്റെ തന്റേടം ഇല്ലാത്തതു കൊണ്ടാണ്.. എന്റെ ചേച്ചിയും അപ്പച്ചനും കഴിഞ്ഞേ എനിക്ക് എന്തും ഉള്ളൂ ”

“പറഞ്ഞു കഴിഞ്ഞോ… എങ്കിൽ ഇനി ഞാൻ പറയുന്നത് കേൾക്കണം ”

“എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ… അല്ലെങ്കിൽ പറ എന്താണെന്നു ”

“എനിക്ക് പറയാനുള്ളത് തന്റെ ചേച്ചിയെ കുറിച്ചാണ്

“ചേച്ചിയെ കുറിച്ചോ, എന്ത് കാര്യം ”

“തന്റെ ചേച്ചിയുടെ പോക്ക് അത്ര ശെരിയല്ല ”

“ദേ സണ്ണിച്ചേട്ട എന്റെ ചേച്ചിയെക്കുറിച്ചു അനാവശ്യം പറഞ്ഞാലുണ്ടല്ലോ ”

“താൻ വിശ്വസിക്കില്ല എന്നെനിക്കു ഉറപ്പുണ്ടായിരുന്നു.. എങ്കിലും തന്നോട് പറയണം എന്ന് തോന്നി അതാണ് ഞാൻ കാത്തു നിന്നത്. താൻ ചേച്ചി വരുമ്പോൾ ഒന്ന് ശ്രദ്ധിച്ചോളു… മാറ്റം അറിയാൻ പറ്റും ”

“ചേട്ടൻ പറഞ്ഞത് സത്യം ആണോ ”

“അതെ, ഞാൻ ഒന്നുരണ്ടു പ്രാവശ്യം ഒരു ചെറുപ്പക്കാരനൊപ്പം ടീനയെ കണ്ടു, പാർക്കിൽ,

സിനിമകോട്ടയിൽ ഒക്കെ, അവന്റെ കാറിൽ ആണ് കറക്കം ”

“ചേട്ടൻ ഇത് ആരോടും പറയരുത്… ഞാൻ ശ്രദ്ധിക്കാം ചേച്ചിയെ ”

അവൾ വണ്ടിയെടുത്തു ഓടിച്ചുപോയി.. ഉള്ളിൽ ഒരു വിഷമം പോലെ… സത്യമാകുമോ…

കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ പതിവില്ലാത്ത ഒരു മാറ്റം ചേച്ചിയിൽ കണ്ടു… അമ്മച്ചി പോയതിൽ പിന്നെ താനും ചേച്ചിയും ഒരുമിച്ചായിരുന്നു കിടത്തം. . പക്ഷേ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ചേച്ചി ഒറ്റയ്ക്ക് കിടക്കാൻ പോയി…. രാത്രിയിൽ ഒരുറക്കം കഴിഞ്ഞ് എണീറ്റു പഠിക്കും മോൾക്ക്‌ അതു ബുദ്ധിമുട്ട് ആകുമെന്ന് തന്നോട് പറഞ്ഞു…. സത്യമാണെന്നു താൻ ഓർത്തു… ഇടയ്ക്കു ഫോണിൽ നോക്കി ചിരിക്കുന്നതും കണ്ടിട്ടുണ്ട്… അപ്പോൾ എന്തോ ഉണ്ട്… ഇങ്ങ് വരട്ടെ ഇന്ന്… ഒന്ന് ശ്രദ്ധിക്കണം..

വൈകുന്നേരം ആറരയുടെ ബസ്സിനാണ് ടീന വരുന്നത്

ട്രീസ പണികൾ എല്ലാം തീർത്തു…കവലയിൽ പോയി ചേച്ചിയെ കൊണ്ടുവരണം… വീട്ടിൽ നിന്നു രണ്ടുകിലോമീറ്റർ ഉണ്ട് കവലയിലേക്കു…

“അപ്പച്ചാ, ആറുമണി കഴിഞ്ഞില്ലേ ഞാൻ പോയി ചേച്ചിയെ കൊണ്ടുവരാം കേട്ടോ ”

“പോയിട്ട് വാ മോളെ, ആ പെട്ടിക്കടെന്നു കുറച്ചു വെറ്റില കൂടി വാങ്ങിക്കോ മോളെ ”

“ആ വാങ്ങാം ”

അവൾ വണ്ടിയെടുത്തു കവലയിലേക്കു പോയി, വെറ്റില വാങ്ങി, ബസ്റ്റോപ്പിൽ നിന്നും കുറച്ചു മാറി ഒരു കാർ കിടക്കുന്നതു കണ്ടു..

മുൻപ് ഇവിടെ കാണാത്തതാണല്ലോ ഇത്…

അങ്ങനെ ശങ്കിച്ചു നിന്നപ്പോൾ നിറയെ യാത്രക്കാരുമായി കയറ്റം വലിച്ചുകേറി മലനാട് എത്തി…

ആളുകൾ തിക്കിതിരുകി ഇറങ്ങി ഓരോരുത്തരും ഇറങ്ങുമ്പോളും അവൾ നോക്കി…ചേച്ചി ഇല്ലേ… ബസ് പോവാൻ ബെൽ അടിച്ചു… അവൾ ഒന്ന് അന്ധാളിച്ചു അപ്പോൾ അതാ ബാക്ഡോറിന്റെ അവിടെ നിന്നും ചേച്ചി നടന്നു വരുന്നു…

“ചേച്ചി എന്താ പിറകിലൂടെ ഇറങ്ങിയോ, ”

“മുൻപിൽ ഭയങ്കര തിരക്ക് അതിനാൽ ഞാൻ പിറകിലൂടെ ഇറങ്ങി ”

ട്രീസ വണ്ടി എടുത്തു തിരിഞ്ഞു നോക്കിയപ്പോൾ ടീന പിറകോട്ട് തിരിഞ്ഞു അവിടെ കിടന്ന കാറിനു നേരെ കൈ വീശുന്നു… ട്രീസ കണ്ടെന്നു തോന്നിയപ്പോൾ അറിയാതെ ആംഗ്യം കാണിച്ചതുപോലെ വീണ്ടും കാണിച്ചു ..

“ബസിൽ തൂങ്ങി നിന്നു വന്നിട്ട് നല്ല വേദന ”

അവൾ കൈ വലിച്ചു കുടഞ്ഞു..

“ഇത്രയും ദൂരം തൂങ്ങി നിന്നു വന്നിട്ടും ചേച്ചിക്ക് ഷീണം ഒന്നും തോന്നുന്നില്ലല്ലോ ”

“അതു കുഞ്ഞോളെ ഞാൻ കുറച്ചു മുൻപ് വരെ സുഖമായി ഇരുന്നു ഉറങ്ങുക ആയിരുന്നു..

അപ്പുറത്തെ സ്റ്റോപ്പിൽ നിന്നും ഒരമ്മച്ചി കേറി കട്ടപ്പനക്കു പോകാൻ അത്രേ… അപ്പോൾ ഞാൻ എണീറ്റു കൊടുത്തതാണ് ”

“മം ചേച്ചീ കേറൂ ”

വീട്ടിൽ ചെല്ലുവോളം അവർ പിന്നെ മിണ്ടിയില്ല,

അപ്പച്ചനെ കണ്ടതെ രണ്ടാളും ഭയങ്കര സന്തോഷം ആയി.. ടീന വിശേഷങ്ങൾ പറഞ്ഞു,

കോളേജിലെയും ഹോസ്റ്റലിലെയും കഥകൾ പറഞ്ഞു ചിരിച്ചു.. അപ്പോളൊക്കെ ട്രീസയുടെ മനസ്സിൽ സണ്ണിക്കുട്ടി പറഞ്ഞകാര്യങ്ങൾ ആയിരുന്നു… കുരിശുവരച്ചു അത്താഴം കഴിച്ചിട്ട് ടീന അടുത്ത മുറിയിലേക്ക് ഉറങ്ങാൻ പോയി… മുറിയിൽ കയറി ഡോർ കുറ്റിയിടാൻ തുടങ്ങിയപ്പോൾ ട്രീസ വിളിച്ചു…

“ചേച്ചി ഡോർ അടക്കേണ്ട, ഞാൻ ഇന്ന് ചേച്ചിയുടെ കൂടെയാണ് കിടക്കുന്നതു,, ”

“വേണ്ട മോളെ നിനക്കതു ബുദ്ധിമുട്ട് ആകും..

എനിക്ക് തിങ്കളാഴ്ച എക്സാം ഉള്ളതാണ് കുറേ പഠിക്കാൻ ഉണ്ട് ”

“സാരമില്ല ആ ബുദ്ധിമുട്ട് ഞാൻ സഹിച്ചോളാം..

ഞാൻ അടുക്കള ഒതുക്കിയിട്ടു വരാം ”

ട്രീസ അടുക്കള ഒതുക്കി ലൈറ്റ് എല്ലാം ഓഫ്‌ ആക്കി ചെല്ലുമ്പോൾ ടീന ഫോണിൽ ആരോടോ സംസാരിക്കുകയാണ്.. ട്രീസയെ കണ്ടതെ ഫോൺ കട്ട് ചെയ്തു..

“എന്താണ് ചേച്ചി കാൾ കട്ടാക്കിയത്,

സന്ധ്യചേച്ചിയോ, സൂസൻ ചേച്ചിയോ ആരെങ്കിലും ആയിരിക്കും അല്ലെ.. അവരായിരുന്നെങ്കിൽ ഞാൻ കൂടി സംസാരിച്ചേനെ ”

“ആ, സൂസൻ ആരുന്നു അവൾ ഉറങ്ങാൻ പോയി ”

ലൈറ്റ് ഓഫ്‌ ആക്കി അവർ കിടന്നു, പുതപ്പ് തലയിലൂടെ മൂടിയാണ് ടീനയുടെ കിടപ്പു.. ട്രീസ ശ്രദ്ധിച്ചു.. പുതപ്പിനുള്ളിൽ നിന്നും നേർത്തവെട്ടം..

“ചേച്ചി ഉറങ്ങിയില്ലേ, ”

“ഞാൻ ഉറങ്ങി തുടങ്ങി… മോളു ഉറങ്ങിക്കോളൂ

“എന്റെ ഉറക്കം നഷ്ടപ്പെട്ടു ചേച്ചി ”

“അതെന്താ പെട്ടെന്ന് നിനക്ക് പറ്റിയത്”

“പറ്റിയത് എനിക്കല്ലല്ലോ, ചേച്ചിക്കല്ലേ”

“എനിക്കെന്ത് പറ്റിയെന്നു.. എനിക്ക് ഒന്നും പറ്റിയിട്ടില്ല.. നീ ഉറങ്ങാൻ നോക്ക്”

“ചേച്ചി… ആത്മാർഥമായി പറയാൻ പറ്റുമോ ചേച്ചിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന്.. എങ്കിൽ ഞാൻ വിശ്വസിക്കാം ”

“നീയെന്താ ഈ പറയുന്നത്, എന്തുണ്ടായെന്നാണ് നീ പറയുന്നത്, എനിക്കൊന്നും അറിയില്ല ”

“ചേച്ചിയേ ചോദ്യം ചെയ്യാൻ അധികാരം എനിക്കില്ല.. എങ്കിലും ഞാൻ ചോദിക്കും.. ചേച്ചി കോളേജിൽ പോയിട്ട് കറങ്ങി നടക്കുന്നത് ആർക്കൊപ്പമാണ് ”

“നിന്നോട് ഈ നുണയൊക്ക ആര് പറഞ്ഞു ”

“ആരായാലും എന്താ സത്യം അല്ലെ ”

“എന്ന് ചോദിച്ചാൽ, കൂട്ടുകാർക്കൊപ്പം ഇടയ്ക്കു സിനിമ കാണാൻ പോയിട്ടുണ്ട്… അതു അത്ര വലിയ തെറ്റാണോ ”

“കൂട്ടുകാർക്കൊപ്പം പോകാം… അതിൽ ശെരിയുണ്ട്.. പക്ഷേ കൂട്ടുകാരന് ഒപ്പം ഒറ്റയ്ക്ക് പോകുന്നത് ശെരിയല്ല ചേച്ചി ”

“ഒറ്റയ്ക്ക് പോയി എന്ന് വെച്ചു എന്ത് സംഭവിക്കും, ”

“ആട്ടെ കൂട്ടുകാരനും കോളേജിൽ പടിക്കുന്നതാണോ ”

“അല്ല കോളേജിന് അടുത്തു ഒരു കാൾ സെന്ററിൽ ജോലി ആണ് ”

“ആഹാ നല്ല ജോലി.. അയാളാണോ ഇന്ന് കവലയിൽ കൊണ്ടുവന്നു വിട്ടത് ”

“അതിനു ഞാൻ ബസിനു അല്ലെ വന്നത് ”

“ചേച്ചി… ഞാൻ വെറും പൊട്ടിയൊന്നും അല്ലാട്ടോ… ചേച്ചി ബസിൽ നിന്നു ഇറങ്ങാതെ വന്നപ്പോൾ, എനിക്ക് സംശയം ഉണ്ടായിരുന്നു.. ഇപ്പോൾ ഉറപ്പിച്ചു… ”

“മോളെ… ഞാൻ ”

“ചേച്ചി മിണ്ടരുത്… ചേച്ചിക്ക് ഏഴുവയസ്സും, എനിക്ക് അഞ്ചുവയസ്സും ഉള്ളപ്പോൾ മലവെള്ളം കൊണ്ടുപോയതാ നമ്മുടെ അമ്മയെ… അന്ന് തളർന്നു വീണതാ അപ്പൻ.. സർക്കാർ തന്ന ഈ സ്ഥലവും, വീടും മാത്രേ നമുക്ക് ഉണ്ടാരുന്നോള്ളൂ.. കുടുംബക്കാരുടെ പ്രാക്കും ചീത്തയും കേട്ടാണ് നമ്മൾ വളർന്നത്… കോഴി വളർത്തിയും, പശുവളർത്തിയും, ഇതുവരെ എത്തി, ചേച്ചിക്ക് തുടർ പഠനം വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ ഉപേക്ഷിച്ചത് എന്റെ സ്വപ്‌നങ്ങൾ ആയിരുന്നു… എന്റെ പിന്നാലെയും ചെറുപ്പക്കാർ വരാറുണ്ട്.. പക്ഷേ ആർക്കും ഞാൻ മനസ്സ് കൊടുത്തിട്ടില്ല… എന്റെ സുഖത്തിനു വേണ്ടി ഞാൻ ജീവിക്കുന്നതും ഇല്ല… ചേച്ചിയെ നല്ലൊരു സ്ഥാനത്തു എത്തിക്കുക എന്നതാണ് എന്റെ ആഗ്രഹം… അതു ചേച്ചിയായി കളയരുത് ”

“മോളെ ഞാൻ. നിന്റെ അത്രയും ചിന്തിച്ചിട്ടില്ല ഞാൻ, ടൗണിൽ എത്തിയപ്പോൾ കൂട്ടുകാരൊക്കെ കറങ്ങി നടക്കുന്നത് കണ്ടപ്പോൾ ഒരാഗ്രഹം… പ്രായവും സാഹചര്യവും ആണ് മോളെ എന്നെ ഇങ്ങനെ ആക്കിയത്… ഇനി ഉണ്ടാവില്ല ”

“ചേച്ചി നമ്മുടെ അമ്മച്ചിയുടെ ശവം പോലും നമുക്ക് കാണാൻ കിട്ടിയില്ല.. ഇന്നും അപ്പന് ആ വേദന ഉണ്ട്… ആ അപ്പന് ഇനിയും ഒരു വേദന കൂടി കൊടുക്കണോ… നമ്മൾ ഈ കൊച്ച് ഇടുക്കിയിൽ ജനിച്ചു വളർന്നവർ അല്ലെ… നമുക്ക് ഈ ഗ്രാമത്തിന്റെ പരിഷ്‌കാരം മതി ചേച്ചി..

ചേച്ചി ശെരിക്കും ചിന്തിക്കുമ്പോൾ എല്ലാം ബോധ്യം ആവും

“മോളെ… ”

ടീന പൊട്ടിക്കരഞ്ഞു.. ട്രീസ ചേച്ചിയോട് ചേർന്നു കിടന്ന് അവളെ കെട്ടിപിടിച്ചു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ജോളി ഷാജി