അതേ നമ്മുടെ മോനെയും മോളേയും കാണുന്നില്ല… ടെറസ്സിലും റൂമിലും എല്ലാം നോക്കി.. എവിടെയുമില്ല.. അമ്മ അസ്വസ്ഥതയോടെ പറഞ്ഞു…

രചന : ശരത്ത്

കുട്ടിക്കളി…

❤❤❤❤❤❤❤❤

ഡീ നമ്മുടെ മോനെ ഇങ്ങനെ വിട്ടാൽ മതിയോ???..

അവന് എത്രയാ പ്രായം ന്ന് അറിയോ??

ഇനി ഒരു പെണ്ണ് ഒക്കെ കെട്ടിച്ചാലെ അവനൊരു ഉത്തരവാദിത്തം വരൂ…

രാവിലെ തന്നെ ഉമ്മറത്ത് നിന്നുള്ള അച്ഛന്റെയും അമ്മയുടെയും അടക്കിപിടിച്ചുള്ള സംസാരം കേട്ടാണ് അരുൺ ഉറക്കമുണർന്നത്.

അവൻ ഒന്ന് കൂടി കാത് കൂർപ്പിച്ച് ആ സംസാരത്തിന് കാതോർത്തു.

നിങ്ങളെന്താ മനുഷ്യാ ഈ പറയുന്നേ ഉഴുന്നേതാ പരിപ്പേതാ ന്ന് അറിയാതെ, പ്രായത്തിന് ചേരാത്ത കുറെ പീക്കിരിപ്പിള്ളാരുടെ കൂടെ കളിച്ച് നടക്കുന്ന അവനെ പെണ്ണ് കെട്ടിച്ചിട്ട് ഒരു പെണ്ണിന്റെ ജീവിതം കൂടി തുലയ്ക്കണോ.

ഒരു നിമിഷം കൊണ്ട് മനസ്സിൽ കെട്ടിപ്പൊക്കിയ മണിമാളിക ഇടിച്ചു തകർക്കുന്നതായിരുന്നു അമ്മയുടെ ആ കമെന്റ്….

യോഗമില്ലമ്മിണിയെ പായ മടക്കിക്കോളി….

സ്വയം പറഞ്ഞ് കട്ടിലിൽ നിന്നെഴുനേറ്റ് അവൻ ബാത്റൂമിലേക്ക് നടന്നു.

പുറത്ത് അപ്പോളും സംസാരം നിലച്ചിട്ടുണ്ടായിരുന്നില്ല

ഡീ നമ്മുടെ രാഘവന്റെ മോള് സുധ അവൾ മിടുക്കിയാ .. നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി.

അവൾ ഈ കുടുംബത്തിലേക്ക് വന്നാൽ അവന്റെ ജീവിതത്തിൽ എല്ലാം ശരിയാകും.

അച്ഛൻ വിശ്വാസത്തോടെ പറഞ്ഞു.

അച്ഛന്റെ ആ അഭിപ്രായത്തോട് അമ്മയ്ക്കും പൂർണ സമ്മതം ആയിരുന്നു.

സുധ നഗരത്തിൽ ഏതോ വലിയ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു. നാട്ടിലും വീട്ടിലുമെല്ലാം അവളെക്കുറിച്ച് നല്ല അഭിപ്രായം ആണ്.

രാഘവൻ അരുണിന്റെ അച്ഛന്റെ കൂട്ടുകാരൻ ആയിരുന്നത് കൊണ്ടും കുടുംബത്തിലും പാരമ്പര്യത്തിനുമെല്ലാം അവർ തങ്ങളെക്കാൾ ഒട്ടും താഴെ അല്ലാത്തത് കൊണ്ടും പിന്നീടെല്ലാം പെട്ടന്നായിരുന്നു.

പെണ്ണ് കാണലും മറ്റു ചടങ്ങുകളും വേഗത്തിൽ നടന്നു. പെണ്ണിനും ചെക്കനും പരസ്പരം ഇഷ്ടപ്പെട്ടത് കൊണ്ടും അരുണിന്റെ പ്രായം 30 നോടടുക്കുന്ന കൊണ്ടും ഏറ്റവും അടുത്ത ഒരു മുഹൂർത്തത്തിൽ തന്നെ കല്യാണവും തീരുമാനിച്ചു.

അങ്ങനെ പൂർണചന്ദ്രന്റെ പ്രഭയുള്ള ഒരു പൗർണമി ദിവസം അവരുടെ കല്യാണം നടന്നു.

അരുണിന്റെ പെണ്ണായി ആ കൈകൾ പിടിച്ചുകൊണ്ട് അവളും ആ വീട്ടിലേക്ക് വലതുകാൽ വച്ച് കയറി.

കല്യാണ വീട്ടിലെ തിരക്കുകളൊക്കെ കഴിഞ്ഞ് വീടൊന്ന് ഒതുങ്ങിയപ്പോൾ രാത്രി ഒരുപാട് വൈകിയിരുന്നു.

ആൾക്കാരെല്ലാം പോയി വീട് ശാന്തമായി..

അപ്പോളാണ് അമ്മ ഓടിപിടച്ച് ഉമ്മറത്ത് നിന്ന അച്ഛന്റെ അടുത്തേക്ക് വന്നത്.

അതേ നമ്മുടെ മോനെയും മോളേയും കാണുന്നില്ല!

അമ്മ അസ്വസ്ഥതയോടെ പറഞ്ഞു.

നീ എന്താ ഈ പറയുന്നേ നീ എല്ലാടത്തും നോക്കിയോ???

അച്ഛൻ പരിഭ്രമത്തോടെ ചോദിച്ചു.

നോക്കി … ടെറസ്സിലും റൂമിലും എല്ലാം നോക്കി.

അമ്മ പരിഭ്രാന്തിയോടെ പറഞ്ഞു.

പിന്നെ അവരിതെവിടെ പോകാനാ??

നീ അകത്ത് ഒന്നൂടി നോക്ക് ഞാൻ പുറത്തൊക്കെ നോക്കാം .

അതും പറഞ്ഞ് അച്ഛൻ ടെൻഷനോടെ പുറത്ത് പറമ്പിലേക്കും അമ്മ ഉള്ളിലേക്കും നടന്നു.

കുറച്ച് നേരം തിരഞ്ഞ ശേഷമാണ് അച്ഛന്റെ നീട്ടിയുള്ള വിളി കേട്ട് അമ്മ വീണ്ടും വെളിയിലേക്ക് വന്നത്.

മുന്നിലെ കാഴ്ച്ച കണ്ട രണ്ടുപേരും ഒരുപോലെ ഞെട്ടി . പറമ്പിലെ ആളൊഴിഞ്ഞ തറയിൽ കയ്യിൽ പേപ്പർ കൊണ്ടുള്ള റോക്കറ്റും കയ്യിൽ പിടിച്ച് ഇരിക്കുകയാണ് പുതുപ്പെണ്ണും ചെക്കനും.

അച്ഛനും അമ്മയും അങ്ങോട്ട് വരുന്നത് കണ്ട അവൾ അവർക്ക് നേരെ തിരിഞ്ഞ് സന്തോഷത്തോടെ പറഞ്ഞു.

ദേ നോക്കമ്മേ പൂർണ ചന്ദ്രൻ …. ഈ രാത്രിയിൽ പുറകിലൂതി പേപ്പർ റോക്കറ്റ് പറത്തിയാൽ അങ് ചന്ദ്രന്റെ അടുത്ത് വരെ എത്തും……..

സന്തോഷത്തോടെ അതും പറഞ്ഞ് റോക്കറ്റ് പറത്താൻ വേണ്ടി ഒരുങ്ങുന്ന മോനെയും മരുമോളേയും നോക്കി അന്താളിച്ച് നിൽക്കാൻ മാത്രമേ ആ അച്ഛനും അമ്മയ്ക്കും അപ്പോൾ കഴിഞ്ഞുള്ളു………

ചക്കിക്കൊത്ത ചങ്കരൻ തന്നെ….

മറ്റാരും കേൾക്കാത്ത ശബ്ദത്തിൽ അമ്മ ആരോടെന്നില്ലാതെ പറഞ്ഞു…..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ശരത്ത്