ഇപ്പൊ നിന്റെ കുട്ടിക്കളി ഒന്നും അവളുടെ അടുത്ത് വേണ്ട എന്നും പറഞ്ഞുമ്മ ആട്ടിയോടിച്ചപ്പോൾ..

രചന : ബാസി ബാസിത്

“കെട്ടിച്ചു വിട്ടപ്പോഴേക്കും എന്നെ ഇവിടാർക്കും വേണ്ടാണ്ടായല്ലേ…”

പെട്ടിയും കിടക്കയും കെട്ടാക്കി കേട്ട്യോന്റെ കയ്യും പിടിച്ചു കയറി വരുന്ന പെങ്ങളെ കണ്ട് വാ പൊളിച്ചു അന്തം വിട്ടു നിൽക്കുന്ന ഉമ്മയെ നോക്കി ശക്തമായവൾ പ്രതികരിച്ചപ്പോൾ ഒന്നും മനസ്സിലാകാതെ ഞാൻ അവരെ മാറി മാറി നോക്കി

നല്ല ഛർദിയാ…ഇങ്ങോട്ട് പോരണം എന്ന് വശിപിടിച്ചപ്പോൾ നാട്ടാചാരം നോക്കാതെ പൊന്നോട്ടെന്ന് വച്ചതാ എന്നും പറഞ്ഞു പോയിട്ടു പണിയുണ്ടെന്നു കൂടി കൂട്ടിച്ചേർത്തു എന്നെ നോക്കി അർത്ഥം വെച്ച ഒരു നേർത്ത ചിരിയും തന്ന് അളിയൻ ഇറങ്ങിയപ്പോൾ ഒന്ന് ചിരിച്ചെന്നാക്കി ഞാനും അകത്തേക്ക് നടന്നു.

വിവാഹം കഴിഞ്ഞതിൽ പിന്നെ ഒന്ന് കണ്ട് കിട്ടാൻ പോലും വല്യ പാടായ പെങ്ങളുട്ടിയോട് പഴയ പോലെ തല്ലു കൂടാൻ വല്ല ചാൻസുമുണ്ടോന്ന് നോക്കി അവളുടെ റൂമിൽ കട്ടു കയറുന്നത് കണ്ട്

“ഇപ്പൊ നിന്റെ കുട്ടിക്കളി ഒന്നും അവളുടെ അടുത്ത് വേണ്ട”എന്നും പറഞ്ഞുമ്മ ആട്ടിയോടിച്ചപ്പോൾ എന്നെയവൾ കളിയാക്കി കൊഞ്ഞലം കുത്തുന്നത് കണ്ടില്ലെന്നു നടിച്ചെങ്കിലും നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ എന്ന് മനസ്സിൽ പറയുന്നുണ്ടായിരുന്നു.

നേരെ അടുക്കളയിൽ ചെന്ന് അമ്മായിയെ ചുറ്റി പറ്റി നിന്നപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് വശം മനസ്സിലാത്, അവളുടെ വയറിന്റെ വളർച്ച മനസ്സിൽ തെളിഞ്ഞതും.

നടുവിന് കയ്യും കൊടുത്ത് വയറും പിടിച്ചു ഡൈനിങ് ഹാളിൽ റോന്തു ചുറ്റുന്നവൾക്ക് മുന്നിലേക്ക് ഷർട്ടിനുള്ളിൽ വയറു ഭാഗത്ത് തലയിണ വെച്ചു വീർപ്പിച്ച് എന്നെ കളിയാക്കിയതിനു പകരം ചോദിക്കാൻ ചെന്നതാണെങ്കിലും, ഗർഭിണിയാണെന്ന ബോധമില്ലാതെ പഴയ വഴക്കാളിയായി എനിക്ക് നേരെ തിരിഞ്ഞവൾ ചർദ്ധിയും തലകറക്കവുമായി നനഞ്ഞ പൂച്ചയെ പോലെ ഒരു ഭാഗത്തേക്ക് ഒതുങ്ങിയപ്പോൾ ഉള്ളൊന്നു നീറി, ഒന്നും വേണ്ടായിരുന്നു…

പിന്നെ ആഴ്ച തോറും പാക്ക് കണക്കിന് പലഹാരവും പച്ച മാങ്ങയും ഒക്കെയായി അളിയൻ കയറി വരുമ്പോൾ ഒന്നു പോലും തരാതെ വഴക്കിനുള്ള അവസരങ്ങളുണ്ടാക്കി നോക്കിയിട്ടും നേർത്ത ഒരു പുഞ്ചിരിയോടെ എല്ലാം അകത്താക്കുന്നവളെ ഇഷ്ടത്തോടെ നോക്കിയിരിക്കുമ്പോൾ പഴയതിലും ഏറെ പെങ്ങളുട്ടിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

“ഞാൻ ഒറ്റക്ക് കഴിച്ചിട്ടും നീ എന്താ വഴക്കിടാത്തെ…”എന്നു ചോദിച്ചു എനിക്ക് നേരെ ഓരോന്ന് നീട്ടുന്നത് കണ്ണിറുക്കി കാണിച്ചു അവളുടെ വായിൽ തന്നെ വെച്ചു കൊടുക്കുമ്പോൾ നീ നന്നായോ എന്ന ചോദ്യം അവളുടെ മുഖത്ത് എനിക്ക് വഴിച്ചെടുക്കാമായിരുന്നു.

മാസം തികഞ്ഞു ഹോസ്പിറ്റലിൽ ചെന്നപ്പോൾ സിസേറിയൻ വേണം എന്ന ഡോക്ടറുടെ നിർദ്ദേശമനുസരിച്ചു അളിയന്റെയും എന്റെയും കൈ പിടിച്ചു ലേബർ റൂമിലേക്കവൾ കയറുമ്പോൾ അവളെക്കാളേറെ കണ്ണു നിറഞ്ഞത് കൊണ്ടായിരുന്നു ആ മുഖത്തേക്ക് ഒന്ന് നോക്കാൻ പോലുമാവാതെ ഞാൻ തല തിരിച്ചു കളഞ്ഞത്.

ഹോസ്പിറ്റൽ വരാന്തയിലെ പ്രാർത്ഥനയും ആശങ്കയും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ ആ വാതിൽ തുറന്ന് രണ്ടു സുന്ദരി കുട്ടികളെ ഉമ്മയുടെ കൈയ്യിൽ വെച്ചു കൊടുക്കുമ്പോൾ തെല്ലൊരു ആശ്വാസമായെങ്കിലും അപ്പോഴും മിഴികൾ അവളെ തിരയുകയായിരുന്നു.

ഒടുക്കം ആ വാതിൽക്കൽ പ്രത്യക്ഷപ്പെട്ട തളർന്നവശയായവൾ കുഞ്ഞുങ്ങളെ ഓരോരുത്തരേയും വാങ്ങി ചുംബനങ്ങൾ അർപ്പിക്കുമ്പോൾ കുട്ടിത്തം മാറാത്ത പെങ്ങളുട്ടിയിൽ നിന്ന് അമ്മയിലേക്കുള്ള പരിവർത്തനം അവളുടെ ഭാവങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

രാവേറെ വൈകിയിട്ടും ഇടക്കിടെയുള്ള കുട്ടികളുടെ കരച്ചിലുകൾക്കൊത്ത് അവളുടെ താരാട്ടുപാട്ടിന്റെ ഈണവും ഉയർന്നു കേൾക്കുമ്പോൾ വെള്ളം ഒഴിച്ചാൽ പോലും എണീക്കാൻ മടിച്ചിരുന്നവളുടെ പരിവർത്തനം എന്നിൽ ഏറെ അത്ഭുതമായിരുന്നു,

ഒപ്പം ഉറങ്ങിക്കിടക്കുന്ന അവളെ ബുദ്ധിമുട്ടിച്ചിരുന്ന പഴയഓർമ്മകൾ എന്നെ ഏറെ സങ്കടപ്പെടുത്തുന്നുമുണ്ടാ യിരുന്നു.

രണ്ടു കുഞ്ഞുങ്ങൾക്കിടയിൽ പാടുപെടുന്നവളെ സഹായിക്കാനായി ആ രാത്രിയിൽ അവളുടെ റൂമിൽ ചെല്ലുമ്പോൾ സ്നേഹത്തോടെ നിരസിച്ച് ആരെയും ബുദ്ധിമുട്ടിക്കാതെ എല്ലാം സ്വയം ചെയ്യാൻ മത്സരിക്കുന്നത് കാണുമ്പോൾ പഴയ വഴക്കാളിയെ ഞാനും അറിയാതെ ബഹുമാനിച്ചു തുടങ്ങിയിരുന്നു.

രണ്ടു കുഞ്ഞുങ്ങളേയും രണ്ടു കയ്യിലും വെച്ചു തന്നു അവളുടെ നെയ്യും പഴവും എന്റെ വായിലേക്ക് കുത്തി നിറച്ച് എല്ലാം അവൾ കഴിച്ചെന്ന് അമ്മയോട് വിളിച്ചു പറയുമ്പോൾ ആ തിരക്കുകൾക്കിടയിലും എനിക്ക് പണി തരാനവൾ സമയം കണ്ടെത്തിരുന്നെങ്കിലും അതിനു തിരിച്ചടിക്കാൻ നിൽക്കാതെ എല്ലാം ആസ്വദിക്കാറാണ് ഞാനിന്ന്.

ഒരു വർഷത്തിലേറെ നീണ്ട താമസത്തിന് ശേഷം അവൾ ഭർതൃ വീട്ടിലേക്ക് ഇറങ്ങുമ്പോൾ മനസ്സൊന്ന് വിങ്ങി… അറിയാതെ കണ്ണ് നിറഞ്ഞു…

മനസ്സ് കൊണ്ട് അവളും തിരിച്ചു പോകാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഒരു പുഞ്ചിരിയിൽ എല്ലാ ദുഖങ്ങളും കുഴിച്ചു മൂടി അളിയന്റെ കൈ പിടിച്ചവൾ പടിയിറങ്ങുമ്പോൾ ഭർത്താവിന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളെ അവഗണിച്ചു കളഞ്ഞ സ്നേഹനിധിയായ ഒരു ഭാര്യയെയും എന്റെ പെങ്ങളുട്ടിയിൽ എനിക്ക് വായിച്ചെടുക്കാനാകുന്നുണ്ടായിരുന്നു.

കുഞ്ഞുങ്ങളുടെ കരച്ചിലോ അവളുടെ താരാട്ടു പാട്ടൊ ഇല്ലാത്ത ഈ രാത്രിക്ക് എന്തോ തീരെ ഭംഗിയില്ലാത്ത പോലെ… എങ്കിലും ഞാൻ അവളുടെ റൂമിൽ വെറുതെ ഒന്ന് കൂടെ ചെന്നു നോക്കി…

നിശബ്ദം… അതെ, അവളില്ലാത്ത വീട് എന്നും നിശബ്ദമാണ്…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ബാസി ബാസിത്