നമ്മൾ തമ്മിൽ കണ്ടത് ആരോടും പറയേണ്ട.. കേട്ടോ… അവൾ നാണത്താൽ ചിരിച്ച് കൊണ്ട് എന്നെ നോക്കി…

രചന : ചെമ്പരത്തി പൂവ്

പ്രണയം ഓർമ്മയിൽ

****************

“എടാ.., നീ അവളെ പിന്നെ കണ്ടോ…”മിഥുൻ അശ്വിനോട് ചോദിച്ചു.

“ഇല്ലെടാ… അവളെ പിന്നെ കാണാൻ പറ്റിയില്ല ”

അശ്വിൻ സ്വന്തം കൂട്ടുകാരനോട് കള്ളം പറയേണ്ടി വന്നു. അവളായിരുന്നു പറഞ്ഞത് ആരോടും പറയേണ്ടെന്ന്. അവനത് അനുസരിക്കേണ്ടി വന്നു.

കാരണം അവൻ വേറൊരു അനുഭൂതി അനുഭവിച്ചു തുടങ്ങുകയായിരുന്നു.

ആദ്യം അവളെ കണ്ടതും സംസാരിച്ചതും മിഥുൻ കാരണമായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ ജിൻസിയുടെ ചേച്ചിയുടെ കല്യാണത്തിന് പോയപ്പോഴാണ് ഞങ്ങൾ പരിചയപ്പെട്ടത്. മിഥുന് അവളെ നേരത്തെ അറിയാമായിരുന്നു. അവന്റെ വീടിന്റെ അടുത്താണ് അവളുടെ മാമന്റെ വീട്.

ആ പരിചയത്തിൽ അവൻ സംസാരിച്ചപ്പോഴാണ് എന്നെയും പരിചയപ്പെടുത്തിയത്. ഞങ്ങളുടെ സ്കൂളിൽ 10 തിൽ ആണ് അവൾ. പക്ഷേ ഞങ്ങൾ ആദ്യമായാണ് കാണുന്നത്. അന്ന് ഞാനൊരു തമാശക്ക് അവനോട് പറഞ്ഞിരുന്നു, അവളെ ഒന്നു കൂടി കണ്ടു സംസാരിക്കാൻ പറ്റുമോ എന്ന്…

കാരണം അവൾക്ക് എന്നോടുള്ള സംസാരത്തിലും നോട്ടത്തിലും വശ്യമായ എന്തോ എനിക്ക് അനുഭവപ്പെട്ടു.

അന്ന് ഞാൻ അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് ഞാൻ അതൊരു കാര്യമാക്കിയിരുന്നില്ല. പക്ഷേ അവൾ എന്നെ വീണ്ടും കണ്ടു മുട്ടിയപ്പോഴാണ് എനിക്ക് വീണ്ടും സംസാരിക്കാൻ തോന്നിയത്. അത് ഇന്നലെയായിരുന്നു… പിന്നെയാണ് ഞാൻ ചിന്തിച്ചത് ആ കണ്ടുമുട്ടൽ ഒരു സ്വാഭാവികമായ കണ്ടുമുട്ടൽ അല്ല. അവൾ കാണാൻ വേണ്ടി സാഹചര്യം ഉണ്ടാക്കിയതാണെന്ന്. അവൾ എന്നെ പിന്തുടരുകയായിരുന്നു.

പ്ലസ് 2 ആയെങ്കിലും അങ്ങനെ ഇതുവരെ ആരെയും പ്രണയിക്കാനൊന്നും തോന്നിയിട്ടില്ല.കുറെ കാമുകി കാമുകൻമാരെ ഒരുമിപ്പിക്കാനും കൂട്ടു കൂടാനും പോയിട്ടുണ്ടെങ്കിലും അങ്ങനെ ആരെയും തോന്നിയിട്ടില്ല.10തിൽ ഒരുത്തിയോട് ചോദിച്ചു ഇഷ്ടമാണോന്ന് അവൾ പഠിക്കാൻ ആണ് സ്കൂളിൽ വരുന്നെന്നു പറഞ്ഞു.

അതോടെ നിർത്തി പഠിക്കുന്നവർ പഠിച്ചോട്ടെ എന്ന് വിചാരിച്ചു.

നല്ല ഫ്രണ്ട്‌സ് ആവാം എന്നും പറഞ്ഞ് വിട്ടു.

പക്ഷേ പ്ലസ് 2 വിൽ അവൾ എന്റെ ബെസ്റ്റ് ഫ്രണ്ടായി. അത് തന്നെ വലിയ സന്തോഷം ആയി.

അത് പിന്നെ എനിക്ക് ഗുണവുമായി. അത്യാവശ്യം പഠിക്കുന്ന ആളായോണ്ട് എന്ത്‌ ഡൗട്ട്സും ചോദിക്കാൻ ഒരു നല്ല ഫ്രണ്ടായി ശ്രുതി എന്ന അവൾ ഇപ്പോഴും കൂടെയുണ്ട്. അല്ലെങ്കിലും ചെക്കന്മാരോട് പഠിപ്പിനെ പറ്റി ചോദിക്കാൻ പറ്റോ.

അവര് ആദ്യം തെറി വിളിക്കും. പിന്നെ ഉള്ളത് വലിയ പഠിപ്പുകാരാ, അവർക്കാണെങ്കിൽ നമുക്ക് പറഞ്ഞുതരാൻ സമയവുമുണ്ടാവില്ല.നമ്മളൊക്കെ ആവറേജ് ടീംസ് അല്ലേ…

ഞങ്ങളെ ക്ലാസ്സിന്റെ അടുത്ത് വരേണ്ട ഒരാവശ്യവും അവൾക്കില്ല. മിഥുൻ ഇന്നലെ ലീവാണെന്നും അവൾക്കറിയാം. ലഞ്ച് ബ്രേക്ക്‌ ആയത്കൊണ്ട് ഫുഡ്‌ കഴിച്ച് പുറത്ത് നിൽക്കുമ്പോഴായിരുന്നു അവൾ വരുന്നത്. ഞാൻ കൂട്ടുകാരോടൊത്തു സംസാരിച്ച് നിൽക്കുകയായിരുന്നു

അവളും കൂട്ടുകാരിയും കൂടി ഞങ്ങളെ പാസ്സ് ചെയ്ത് പോയി. കുറച്ച് മുന്നോട്ട് പോയി ഒന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഞാൻ സത്യത്തിൽ അവളാണെന്ന് ശ്രദ്ധിക്കുന്നത് തന്നെ.

ആ നോട്ടത്തിൽ ഒരായിരം അർത്ഥങ്ങൾ എന്റെ മനസ്സിൽ മിന്നി മറഞ്ഞു. അവർ രണ്ടുപേരും അടുത്ത ബിൽഡിങ്ങിന്റെ അടുത്തേക്ക് നീങ്ങി.

ഞാൻ കൂട്ടുകാരോട് പറയാതെ തന്നെ മുന്നോട്ട് നടന്നു. എന്തോ ഒരു കാന്തിക ശക്തി എന്നെ മുന്നോട്ട് കൊണ്ടുപോവുന്ന പോലെ ഞാൻ അറിയാതെ നടന്നുകൊണ്ടിരുന്നു. രണ്ടു ബിൽഡിങ്ങിന്റെ ഇടയിലുള്ള ഭാഗത്തേക്ക്‌ അവർ നീങ്ങുമ്പോൾ ഒന്നുകൂടി അവൾ തിരിഞ്ഞു നോക്കി. ഞാൻ പിന്നിലുണ്ടാവുമെന്ന പൂർണവിശ്വാസത്തോടെയുള്ള നോട്ടമായിരുന്നു അതെന്ന് അവളുടെ ചിരിയിൽ ഞാൻ വായിച്ചെടുത്തു.

ചിരിച്ച് കൊണ്ട് തലയൊന്ന് ഇളക്കി അവൾ ബിൽഡിങ്ങിന്റെ ഇടയിലേക്ക് നടന്നു. കൂട്ടുകാരി നേരെ മുന്നിലേക്ക് ലക്ഷ്യമില്ലാതെ വെറുതെ നടന്ന് എന്നെയൊന്ന് തിരിഞ്ഞ് നോക്കി ചിരിച്ചു .

അവളുടെ റോൾ കൃത്യമായി ചെയ്ത ചരിതാർഥ്യമായിരുന്നു അവളുടെ മുഖത്ത്…

ചുവരിനടുത്തേക്ക് നീങ്ങും തോറും എന്റെ വേഗത കുറഞ്ഞു വന്നു. ശരീരം മൊത്തം മരവിക്കാൻ പോവുന്ന പോലെ ഒരു തോന്നൽ…

മനസ്സിൽ എന്തോക്കെയോ പീലി വിടർത്തിയാടുന്ന മുൻപെങ്ങും തോന്നിയിട്ടില്ലാത്ത ഒരനുഭവം. ഞാൻ ചുമരിന്റെ കോണിൽ എത്തിയപ്പോൾ ഒന്ന് നിന്നു.

അല്ലെങ്കിൽ എന്തോ എന്നെ അവിടെ പിടിച്ചു നിർത്തി.

മനസിലെ കുറെ ചോദ്യങ്ങൾ ആയിരുന്നു എന്നെ അവിടെ നിർത്തിയത്.

എങ്ങനെ?എന്ത്…?

ചോദിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. അവളെ ഒന്ന് പരിചയപ്പെടുത്തി തരാൻ പറഞ്ഞ ഞാൻ തന്നെയാണോ ഇത്. അതോ എനിക്ക് പ്രാന്തായോ..! ഞാനെന്തിന് ഇത്രയൊക്കെ ആലോചിക്കണം.

ഇത്രക്ക് ലജ്ജിക്കാൻ എന്തിരിക്കുന്നു..

അയ്യോ ചിന്തിച്ച് സമയം പോയല്ലോ.. അവളെന്ത് വിചാരിക്കും… ഞാൻ രണ്ടും കൽപ്പിച്ചു മുന്നോട്ട് നീങ്ങി.ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത ഭാഗമായിരുന്നു അത്. അതുകൊണ്ട് തന്നെ പ്രൈവസിയും വേണ്ടുവോളം ഉണ്ടായിരുന്നു.അവൾ അങ്ങോട്ട് തിരിഞ്ഞാണ് നിൽക്കുന്നത്…

ഞാൻ കുറച്ചുകൂടി അവളുടെ അടുത്തോട്ടു നീങ്ങി. അവളും തലയും താഴ്ത്തി ഒരു കയ്യും കെട്ടി മറ്റേ കയ്യിന്റെ വിരലും കടിച്ച് നിൽക്കാണ്.

ഇത്രയും നേരം പുലിയായി വന്നവൾ ഇപ്പോൾ എലിയായി നിൽക്കുന്നു. ഞാൻ ആകെ പരിഭ്രമത്തിൽ ആയി. അവളെന്തെങ്കിലും ചോദിക്കും എന്ന ധൈര്യത്തിലാണ് ഉള്ളിലേക്ക് വന്നത്. ഇതിപ്പോ വല്ലാത്ത പണിയായി പോയി. ഇനി അറിഞ്ഞുകൊണ്ട് പണി തരുന്നതാണോ.

കോപ്പ്… ബെല്ലും അടിക്കാറായല്ലോ. ഞാൻ വിയർക്കുന്നുണ്ടോ…

ഏയ്‌…. ഞാനെന്തിന് വിയർക്കണം. പിന്നേം സമയം പോവാണല്ലോ….

“അതേയ്…

ബെൽ അടിക്കാറായി.. ട്ടോ..”

ഞാൻ പരിഭ്രമത്തിൽ പറഞ്ഞൊപ്പിച്ചു.

“ഉം..”അവളൊന്ന് മൂളി.

വീണ്ടും പരീക്ഷണം… അപ്പോഴേക്കും ബെൽ മുഴങ്ങാൻ തുടങ്ങി. അപ്പോഴാണ് പിരിയഡ് ഓർമ്മ വന്നത്. ദൈവമേ മാത്‍സ് സർ… കാലമാടൻ കറക്റ്റ് ടൈമിൽ ക്ലാസ്സിലെത്തും. പക്ഷേ ഇപ്പോ എന്തോക്കെയോ ധൈര്യമുള്ള പോലെ. മറ്റെന്തോ ഒരു വികാരം മറ്റെല്ലാ ചിന്തകളെയും അടർത്തിയ പോലെ. വേറെന്തിലോ അകപ്പെട്ടു പോയ ഒരു കുളിർ മാത്രമായിരുന്നു.

“നാളെ കാണാൻ പറ്റുമോ…”ഞാനറിയാതെ തന്നെ വാക്കുകൾ എന്റെ ഉള്ളിൽ നിന്നും വന്നു.

“എവിടെ വെച്ച്…?”കുറച്ച് തിരിഞ്ഞ് മുഖത്തോട്ട് നോക്കാതെ തന്നെ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു. പെട്ടെന്ന് എന്ത്‌ പറയണമെന്നറിയില്ലായിരുന്നു. അവളുടെ ശബ്ദം എന്നിലൊരു വൈബ്രേഷൻ ഉണ്ടാക്കിയിരുന്നു.

ഇന്നലെ സംസാരിക്കുമ്പോൾ തോന്നാത്ത ഒരു മാധുര്യം അവളുടെ വാക്കുകളിൽ ഞാൻ അനുഭവിച്ചറിഞ്ഞു.

പെട്ടെന്ന് ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തു.

“നാളെ…രാവിലെ…നേരത്തെ വരാൻ പറ്റുമോ…?”ഞാൻ പറഞ്ഞൊപ്പിച്ചു.

“ഉം ”

“എന്നാ… ഞാൻ പൊയ്ക്കോട്ടേ..”ഇടങ്കണ്ണിട്ട് അവളെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“ഉം “അവൾ നാണത്താൽ ചിരിച്ച് കൊണ്ട് എന്നെ നോക്കി.

ഞാൻ പോവാൻ തിരിഞ്ഞപ്പോൾ അവൾ പിന്നിൽ നിന്ന് എന്നോട് പറഞ്ഞു.”നമ്മൾ കണ്ടത് ആരോടും പറയേണ്ട.. ട്ടോ…മിഥുനോടും…”

“ഉം.. ഓക്കേ…”ഞാൻ തിരിഞ്ഞു നടന്നു. ചുവരിനടുത്തെത്തി ഒന്നുകൂടി തിരിഞ്ഞ് നോക്കി ചിരിച്ച് കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് നടന്നു. ഭൂമിയിലെ സ്വർഗം ഞാൻ അനുഭവിച്ചറിയുകയായിരുന്നു. ഈ ലോകം മുഴുവൻ എന്റെ കാൽകീഴിൽ ആണെന്ന് എനിക്ക് തോന്നി.

ഒരു പെൺകുട്ടിയോട് സംസാരിക്കുമ്പോൾ…

അവൾ എന്റേതാണ്… എന്റേത് മാത്രമാണെന്ന് അറിയുന്ന… ഞാൻ അവളുടേത് മാത്രമായി മാറുന്ന ആ നിമിഷം… ഞാൻ അനുഭവിച്ചറിഞ്ഞു.

ഒരു നിർമല പ്രണയത്തിനു കൂടി ഈ പ്രകൃതി സാക്ഷ്യം വഹിക്കാൻ പോകുന്നു എന്ന് ഈ ലോകത്തോട് വിളിച്ചു പറയണം എന്ന് എനിക്ക് തോന്നി.

അശ്വിന്റെ അതേ വികാരം തന്നെയായിരുന്നു ദിയക്കും…

ദിയ ക്ലാസ്സിലേക്ക് നടക്കുമ്പോൾ രേവതി അവളോട് ചോദിച്ചു.”എടീ.. അവനെന്തു പറഞ്ഞു.”

“ഓ.. എന്ത്‌ പറയാൻ…”അവൾ നാണം കൊണ്ട് അവളെ നോക്കാതെ ചിരിച്ചു.

“അയ്യോടീ..നിനക്കും നാണമോ…”

“അത് പ്രേമിക്കാത്ത നിന്നെപ്പോലുള്ളോർക്ക് പറഞ്ഞാൽ മനസ്സിലാകുമോ.. ആരെയെങ്കിലും പോയി പ്രേമിക്കാൻ നോക്കെടി…”

“അയ്യോടീ… നീ ഒരു ദിവസം കൊണ്ട് ഇത്ര അങ്ങ് പൊങ്ങിയോ… നാളെ തന്നെ നിന്റെ പ്രേമം ഞാൻ പൊളിച്ചു താരം..ട്ടാ..”രേവതി അവളെ കളിയാക്കി

“എന്നാ പിന്നെ നീ ഒന്ന് നോക്കെടി..നിനക്കെന്നല്ല ആർക്കും ഈ പ്രണയം തകർക്കാനാവില്ല…”ദിയ വാശിയോടെ രേവതിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

“പക്ഷേ.. നീ എന്റെ കൂടെ വേണം..”ദിയ രേവതിയുടെ തോളിൽ കയ്യിട്ട് ചെവിയുടെ അടുത്ത് ചെന്ന് പറഞ്ഞു

രേവതി ഇല്ലാതെ അവൾക്കൊന്നിനും ധൈര്യമില്ലെന്നു രേവതിക്കറിയാം. ക്ലാസ്സിൽ ഇരിക്കുമ്പോഴും അവന്റെ ചിരിയും നാണവുമായിരുന്നു അവളുടെ ഉള്ളിൽ മുഴുവൻ.

അവനെ കണ്ടപ്പോൾ ഉള്ളിൽ തോന്നിയ ഒരിഷ്ടമാണ് രേവതിയോട് പറഞ്ഞത്. പിന്നീടങ്ങോട്ട് വെള്ളവും വളവും തന്ന് ഇതുവരെ എത്തിക്കാൻ ധൈര്യം തന്നത് അവളാണ്. അവൾക്ക് പ്രേമമൊന്നും ഇല്ല. പക്ഷേ പെൺകുട്ടികളേക്കാൾ ആൺകുട്ടികൾ ആണ് അവളുടെ ഫ്രണ്ട്‌സ്.

അതുകൊണ്ട് തന്നെ ആരെപ്പറ്റി അന്വേഷിക്കാനും അവളുടടുത്ത് ആളുണ്ട്.

അശ്വിനെ പറ്റിയും അവളാണ് അന്വേഷിച്ചത്.

അവളുടെ നിഗമനങ്ങൾ തെറ്റാറില്ല.അതുകൊണ്ട് തന്നെ പ്രണയജോഡികളുടെ വഴികാട്ടിയും അവളാണ്…

അശ്വിൻ ഇനി കാണുമ്പോൾ ചോദിക്കാനുള്ള ചോദ്യങ്ങൾ അവൾ ഓർത്തുനോക്കി. അവന്റെ അടുത്തെത്തുമ്പോൾ എല്ലാം മാഞ്ഞു പോവും. പേന എടുത്ത് ചുണ്ടിൽ വെച്ച് ആലോചിച്ചിരിക്കുമ്പോൾ ആണ് രേവതി അത് തട്ടി തെറിപ്പിച്ചത്.

അവൾക്ക് ദേഷ്യം വന്നു.

“ടീ… പെണ്ണേ..നിന്റെ പ്രേമോം മണ്ണാങ്കട്ടയൊക്കെ കൊള്ളാം. നെക്സ്റ്റ് പിരീഡ്‌ ക്ലാസ്സ്‌ ടെസ്റ്റാണ് അത് പഠിക്കാൻ നോക്ക്..ഇല്ലെങ്കിൽ പിന്നെ നിന്റെ വീട്ടുകാരോട് എനിക്ക് പറയേണ്ടി വരും…’

രേവതി ദേഷ്യത്തിലായി.

അതുപിന്നെ രേവതി അങ്ങനെയാണ്. എല്ലാത്തിനും കൂട്ട് നിൽക്കും. പക്ഷേ പഠിത്തം ഒഴിവാക്കി ഒരു കളിക്കും സമ്മതിക്കില്ല. ഇനിയിപ്പോ എന്നേക്കൂടി നോക്കേണ്ട ചുമതല അവൾക്കാണ്… അതും മനസിലോർത്ത് ചിരിച്ച് കൊണ്ട് ഞാൻ പ്രേമപരവശയായി വെറുതെ ബുക്കെടുത്ത് മലർത്തി വെച്ചു ചെരിഞ്ഞിരുന്ന് വീണ്ടും പേന ചുണ്ടിൽ വെച്ചു..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ചെമ്പരത്തി പൂവ്