മുറിയിലേക്ക് നടക്കുമ്പോഴും അവളുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.അകത്തു കയറിയയുടൻ അവൾ വാതിലിൽചാരി…

രചന : കൃഷ്ണേന്ദു ശ്രീകൃഷ്ണ

“പ്രിയാ… ”

പുറകിൽ നിന്നുമുള്ള വിളിയിൽ തിരിഞ്ഞു നോക്കാതെ തന്നെ ആ ശബ്ദത്തിനുടമയെ അവൾ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.

എന്തോ അവളുടെ മനസ്സറിഞ്ഞെന്നപോലെ കൃത്യസമയത്ത് തന്നെ കാത്തുനിന്ന ബസ് പാഞ്ഞവൾക്കു മുന്നിൽ എത്തുനിന്നു.

വിളി കേട്ടിടത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ അവൾ ധൃതിയിൽ ബസ്സിലേക്ക് കയറി.

സീറ്റിലേക്ക് ഇരിക്കുന്നതിനോടൊപ്പം വെറുതെ ഒന്ന് പുറത്തേക്കെത്തി നോക്കിയപ്പോൾ കണ്ടത് അവളെ നിസ്സഹായതയോടെ നോക്കി നിൽക്കുന്ന മനുവിനെയാണ്….

ഒരു നിമിഷനേരത്തേക്ക് അവരുടെ മിഴികൾ ഉടക്കിയതും അവൾ തല കൂടുതൽ താഴേക്ക് കുമ്പിട്ടു കൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു.ആ മിഴികൾ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ അവൾക്ക് തോന്നി.പക്ഷേ,എന്തുതന്നെയായാലും അന്നേരം അവനെ കേൾക്കുവാൻ അവളുടെ മനസ്സ് വിസമ്മതം പ്രകടിപ്പിച്ചു.രണ്ടുമൂന്നു ദിവസങ്ങളായി ഇതൊരു പതിവായി തുടങ്ങിയിരിക്കുന്നു.

ഇരുചെവിയിലേക്കും ഇയർഫോൺ തിരുകി കണ്ണുകൾ ഇറുക്കിയടച്ച് അവൾ അവനോടൊപ്പമുള്ള ആ ഓർമ്മകളിലേക്ക് വെറുതെ ഒന്ന് തിരിഞ്ഞു നടന്നു.

കോളേജിലെ ഫ്രഷേഴ്സ്ഡേക്കാണ് അവൾ ആദ്യമായി അവനെ കാണുന്നത്.സീനിയേഴ്സിന്റെ റാഗിങ്ങിൽ പേടിച്ചു വിറച്ചു നിന്ന അവർക്കിടയിലേക്ക് ലവലേശം കൂസലില്ലാതെയാണ് അവൻ വന്നു കയറിയത്.

അവന്റെ മട്ടും ഭാവവും എല്ലാം അവനെ ഒരു ഫ്രഷെറായി തോന്നിപ്പിച്ചില്ല.സീനിയർസിലെ തന്നെ ഒട്ടുമിക്കപേരുമായി നല്ലൊരു സൗഹൃദവും അവൻ പുലർത്തിയിരുന്നു.ആ സൗഹൃദം പതിയെ അവളിലേക്കും വളർന്നു.

ക്ലാസ്സിൽ കയറാത്ത അവന് കലാലയരാഷ്ട്രീയത്തിൽ ആയിരുന്നു കൂടുതൽ താൽപര്യം.

പിന്നീട് അവനോടൊപ്പം ചേർന്ന് അവളും രാഷ്ട്രീയത്തിലേക്ക് കാലുകൾ എടുത്തുവെച്ചു.

പിന്നീട് എപ്പോഴോ അവർ രണ്ടുപേരും മനസ്സിലാക്കുകയായിരുന്നു അവർക്കിടയിൽ സൗഹൃദത്തിനും അപ്പുറം എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ടെന്ന്.പരസ്പരം ഇഷ്ടം തുറന്നു പറയാതെ തന്നെ അവർ പ്രണയിക്കാൻ തുടങ്ങി.

ഇടയ്ക്ക് അവന്റെ കാര്യങ്ങളിൽ കൂടുതലായി ഇടപെടുന്ന അവളോട് അവൻ കളിയായി ചോദിക്കും.

“എന്റെ കാര്യങ്ങളിൽ ഇടപെടാൻ നീയാരാ?”

തിരിച്ചു പറയാൻ അവൾക്ക് മറുപടി ലഭിക്കാറില്ല.എങ്കിലും അവളുടെ മറുപടിയും പ്രതീക്ഷിച്ച് അവനിരിക്കും. ഈ ചോദ്യം അവർക്കിടയിൽ പതിവായിരുന്നു.തിരികെ മറുപടി പറയാതിരിക്കുമ്പോൾ സുഖമുള്ളതെന്തോ ഇരുവരിലും നിറഞ്ഞുനിൽക്കും അങ്ങനെ കോളേജിലെ അവസാനനാളുകളിൽ ഒന്നിൽ അവരുടെ പ്രിയപ്പെട്ട വാകമരച്ചുവട്ടിൽ ഇരുന്നുകൊണ്ട് യാതൊരു മുഖവരകളുമില്ലാതെ അവൾ അവനോട് പറഞ്ഞു.

“പെട്ടെന്ന് തന്നെ നല്ലൊരു ജോലി നോക്കണം.

എന്നിട്ട് അന്തസ്സായി എന്നെ വീട്ടിൽ വന്നു ചോദിക്കണം”

“അത് ബുദ്ധിമുട്ടാവില്ലേ?”

അപ്പോഴും അവൻ ഒരു തമാശ പറയുന്ന ലാഘവത്തോടെ അവളോട് ചോദിച്ചു.

“ആർക്ക് ബുദ്ധിമുട്ട്? ”

“എനിക്ക് തന്നെ! പെട്ടെന്നൊരു ജോലിയൊക്കെ എന്നുപറഞ്ഞാൽ….”

“പെട്ടെന്ന് എന്ന് പറഞ്ഞാൽ നാളെയല്ല! നമ്മൾ രണ്ടുപേരും സമപ്രായക്കാർ ആണ്…

അത് മറക്കണ്ട!

ഞാൻ വീട്ടിൽ ഇരുന്ന് മൂത്ത് നരച്ച് പോവാതിരിക്കാൻ പറഞ്ഞതാ…ഒരു ഒളിച്ചോട്ടത്തിനൊന്നും എന്നെ കിട്ടില്ല പറഞ്ഞേക്കാം…ഇല്ലെങ്കിൽ ഞാൻ നിന്നെ തേച്ചു വേറെ വല്ല ചുള്ളന്മാരെ കെട്ടും നോക്കിക്കോ”

“ആ അതാ നല്ലത്! ഞാൻ രക്ഷപ്പെടുമല്ലോ”

അതു കേട്ടതും അവൾ കൈയ്യിലിരുന്ന കുട കൊണ്ട് അവന്റെ പുറത്തേക്ക് അടിച്ചു.

***************

“ഗുരുവായൂർ…. ഗുരുവായൂർ…”

കണ്ടക്ടറുടെ ഉച്ചത്തിലുള്ള വിളിയാണ് അവളെ ഉണർത്തിയത്.

കണ്ണുകൾ വലിച്ചു തുറന്നപ്പോഴേക്കും രണ്ടിറ്റ് തുള്ളികൾ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി കഴിഞ്ഞിരുന്നു.ബസ്സിൽ നിന്നിറങ്ങി നേരെ വീട്ടിലേക്ക് നടന്നു.വീട്ടിലേക്കുള്ള ഗേറ്റിന് മുന്നിലെത്തിയതും ഒരു നിമിഷം അവൾ ഒന്ന് സ്തംഭിച്ചു നിന്നുപോയി.

പരിചിതമല്ലാത്ത കാറും കുറെ ചെരിപ്പുകളും,

അവൾ പുരികങ്ങൾ ചുളിച്ച്നോക്കി മെല്ലെ ഗേറ്റ് കടന്നു.

വീട്ടിലേക്ക് അടുക്കാറായപ്പോഴേക്കും അകത്തു നിന്നും ഉച്ചത്തിലുള്ള കളിചിരികൾ ഉയർന്നുകേൾക്കാൻ തുടങ്ങി.

“ആ എത്തിയല്ലോ… ഇതാണ് എന്റെ മോൾ പ്രിയ, ചാവക്കാട് സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറാണ്”

അകത്തേക്ക് കയറിയതും അകത്തളത്തിലെ സോഫയിൽ ഇരിക്കുന്ന അല്പം പ്രായമായ ഒരാളോട് അവളുടെ അച്ഛൻ പരിചയപ്പെടുത്തിക്കൊടുത്തു.

“പയ്യൻ വന്നിട്ടില്ലാട്ടോ… അവനു കുറച്ചു തിരക്കുകൾ ഉണ്ട്.പിന്നെ ഒരു ദിവസം വരും”

അയാളുടെ അടുത്തിരുന്ന സ്ത്രീ അവളോടായി പറഞ്ഞു. തിരിച്ചൊന്നും പറയാതെ കഷ്ടപ്പെട്ട് ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തികൊണ്ട് അവൾ മുറിയിലേക്ക് നടന്നു.

മുറിയിലേക്ക് നടക്കുമ്പോഴും അവളുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.അകത്തു കയറിയയുടൻ അവൾ വാതിലിൽചാരി ഏങ്ങിയേങ്ങികരയാൻതുടങ്ങി. അവളുടെ വിതുമ്പൽ പുറത്തേക്ക് കേൾക്കാതിരിക്കാൻ സാരിത്തുമ്പ് കൊണ്ട് വാ മറച്ചു പിടിച്ചിരുന്നു.മനുവിനെയല്ലാതെ മറ്റാർക്കും ആ മനസ്സിൽ സ്ഥാനം കൊടുക്കുവാൻ അവർ തയ്യാറായിരുന്നില്ല.

അവൾ വീണ്ടും നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങി.

ഡിഗ്രി കംപ്ലീറ്റായ അവൾ പിജിക്ക് ചേർന്നു.

എന്നാൽ, മനുവിന് അപ്പോഴും ഒന്നിലും ഒരു താൽപര്യവും ഉണ്ടായിരുന്നില്ല.

ഏതെങ്കിലും ഇന്റർവ്യൂവിനെപ്പറ്റി അറിഞ്ഞാൽ അപ്പോൾതന്നെ അവളത് മനുവിനെ അറിയിക്കുമായിരുന്നു.

പക്ഷേ,അതെല്ലാം പൂർണമായും അവഗണിക്കുന്നതിൽ ആയിരുന്നു അവന്റെ മിടുക്ക്.

ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങി അവൻ ബാംഗ്ലൂരിൽ ഒരു ഇന്റർവ്യൂവിനുപോയി.

അതിൽ അവൻ വിജയിക്കുകയും ചെയ്തു.

അവിടത്തെ തിരക്കുകൾ കാരണം അവളെ ഇടക്ക് മാത്രമേ അവനു വിളിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

അതിൽ അവൾ ഒരു പരിഭവവും പ്രകടിപ്പിച്ചില്ല.

അവന്റെ തോൽവിയിലും വിജയത്തിലുമെല്ലാം ഒരു താങ്ങായി തന്നെ അവൾ നിലനിന്നു.

പിന്നീട് അവന്റെ ഇടയ്ക്കുള്ള വിളി പോലും നിന്നു.

തിരക്കുകൾ കാരണമാകും എന്ന് ആശ്വസിച്ച് അവൾ ദിവസങ്ങൾ എണ്ണിനീക്കി.

ഒരിക്കൽ സ്കൂളിൽ നിന്ന് തിരിച്ചു വരുന്ന വഴിയാണ് അപ്രതീക്ഷിതമായി അവൾ അവന്റെ സുഹൃത്തിനെ കണ്ടത്.

“പ്രിയാ..മനുവിന്റെ വിവാഹം ഉറപ്പിച്ചു.

അവന്റെ അമ്മാവന്റെ മകൾ സുമയുമായി..”

കുറച്ചു മടിയോടെയാണ് അയാൾ പറഞ്ഞു നിർത്തിയത്.അപ്പോഴേക്കും അവളുടെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ അവളെ വിട്ടകന്നിരുന്നു.

അയാളോട് തിരിച്ചൊരു മറുപടി പറയുന്നതിനു മുന്നേ യാന്ത്രികമായി അവളുടെ കാലുകൾ വീട്ടിലേക്ക് ചലിച്ചിരുന്നു.

പിന്നീട് കുറെ നാൾ കണ്ണീർതോരാത്ത ദിനങ്ങളായിരുന്നു.ആ നാലു ചുവരുകൾ അവളുടെ ദിനവുമുള്ള വിതുമ്പലുകൾക്ക് സാക്ഷിയായി.

എന്തുകൊണ്ടോ അവനെ വിളിച്ചു നോക്കാൻ പോലും അവൾ ശ്രമിച്ചില്ല.അപ്പോഴത്തെ ദേഷ്യത്തിൽ ആയിരുന്നു കുറെ നാളായി ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് മുടക്കിവെച്ച പെണ്ണുകാണൽ ചടങ്ങ് അച്ഛനോട് നടത്തിക്കോളാൻ പറഞ്ഞത്.

“മോളേ അവർ ഇറങ്ങാറായ്”

വാതിൽക്കൽ നിന്നുമുള്ള അമ്മയുടെ ശബ്ദത്തിൽ അവൾ ഞെട്ടിയെഴുന്നേറ്റു.

ബാത്റൂമിൽ പോയി മുഖം കഴുകി പുറത്തേക്ക് പോകാനായി വാതിൽ തുറക്കാൻ ഒരുങ്ങുമ്പോഴായിരുന്നു കട്ടിലിൽ കിടന്നിരുന്ന അവളുടെ ഫോണിലേക്ക് ആരോ വിളിച്ചത്.

പരിചിതമല്ലാത്ത നമ്പർ ആയതുകൊണ്ട് ഫോണെടുക്കാൻ ആദ്യം അവൾ ഒന്നു മടിച്ചു.

പിന്നെ അത്യാവശ്യം എന്നുകരുതി മെല്ലെ പച്ചയിലേക്ക് വിരലമർത്തി ചെവിയിലേക്ക് ചേർത്തുപിടിച്ചു.

“പ്രിയാ….”

ഫോണിൽ നിന്നുമുള്ള മനുവിന്റെ ശബ്ദം അവളെ അസ്വസ്ഥയാക്കി.

കട്ട് ചെയ്യാൻ ഒരുങ്ങുമ്പോഴായിരുന്നു അവൻ സംസാരിച്ചു തുടങ്ങിയത്.

“ദയവുചെയ്ത് കട്ടാക്കരുത്! എനിക്ക് പറയാനുള്ളത് കൂടി ഒന്ന് കേൾക്ക്”

“എനിക്കൊന്നും കേൾക്കണ്ട!”

അവനോടുള്ള ദേഷ്യത്താൽ അവളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി.

“പ്രിയാ…സത്യമായിട്ടും എനിക്കൊന്നും അറിയില്ല.. എനിക്ക് നല്ലൊരു ജോലി ശരിയായപ്പോൾ ഇത്രയും നാളും തള്ളി പറഞ്ഞിരുന്ന അമ്മാവൻ ഒറ്റയ്ക്ക് എടുത്ത തീരുമാനമായിരുന്നു ഈ വിവാഹം.

ഇങ്ങോട്ടുള്ള വരവ് നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാ കഴിഞ്ഞ ഒരാഴ്ച നിന്നെ വിളിക്കാതിരുന്നത്. പക്ഷേ, ഇങ്ങനെയൊക്കെ ആകുമെന്ന് ഞാൻ തീരെ കരുതിയതല്ല! നിനക്ക് ഇനിയും വിശ്വാസം ആയിട്ടില്ലെങ്കിൽ ഞാൻ സുമക്ക് കൊടുക്കാം

പ്രിയാ… നീ കേൾക്കുന്നില്ലേ?”

മറുവശത്തു നിന്നും അവളുടെ ശബ്ദം ഒന്നും കേൾക്കാതായപ്പോൾ അവൻ ചോദിച്ചു.

എന്നാൽ തിരിച്ചെന്ത് മറുപടി പറയണമെന്നറിയാതെ കണ്ണുനീരൊഴുക്കിയവൾ അപ്പോഴേക്കും നിലത്തേക്ക് ഊർന്നുവീണിരുന്നു.ഒരു നീണ്ട നിശബ്ദതയ്ക്ക് ശേഷം അവളുടെ തൊണ്ടയിൽ കുരുങ്ങി കിടന്ന വിഷാദം പുറത്തേക്ക് കവിഞ്ഞൊഴുകാൻ തുടങ്ങി.

“മനൂ…. ഞാൻ… എനിക്ക്…സോറി”

വാക്കുകളുടെ ചങ്ങലയിൽ ചില കണ്ണികൾ നശിച്ചുപോയിരുന്നു. തിരിച്ചെന്ത് പറഞ്ഞവളെ ആശ്വസിപ്പിക്കണമെന്നറിയാതെ അവൻ അവളുടെ പൊട്ടിയ ചങ്ങലകണ്ണികളെ മൗനമായി കേട്ടുനിൽക്കുക മാത്രം ചെയ്തു.

“മോളെ…അവർ പോയി.

നീ എന്താ അങ്ങോട്ട് വരാഞ്ഞത്?”

എന്നും പറഞ്ഞു കൊണ്ട് അകത്തേക്ക് കയറിവന്ന അമ്മ അവളെ കണ്ട് അമ്പരന്ന് പോയിരുന്നു.

“എന്താ മോളേ..”

എന്നും പറഞ്ഞുകൊണ്ട് അവർ അവളോടൊപ്പം നിലത്തേക്കിരുന്നതും അവൾ പെട്ടെന്ന് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി.അപ്പോഴേക്കും അവളുടെ കരച്ചിൽ കേട്ട് മുറിയിലേക്ക് ഓടിയെത്തിയ അച്ഛനും അവളുടെ അവസ്ഥ കണ്ട് അമ്പരന്ന് നിന്നു.

വിങ്ങിപൊട്ടികൊണ്ട് അമ്മയോടും അച്ഛനോടും എല്ലാം വിശദീകരിക്കുമ്പോഴും ഒരു ക്ഷമാപണം എന്ന പോലെ അവൾ ഇരുകൈകളും അവർക്ക് നേരെ കൂപ്പിനിന്നിരുന്നു.

“ഉം… ഞാനെന്തായാലും ഈ ബന്ധം ഉറപ്പിക്കാൻ പോവാ… നാളെ ആ പയ്യൻ നിന്നെ കാണാൻ വരും.”

എന്നു മാത്രം പറഞ്ഞുകൊണ്ട് അച്ഛൻ പുറത്തേക്കു നടന്നതും അവൾ നിസ്സഹായതയോടെ അമ്മയെ നോക്കി.എന്നാൽ അപ്പോഴേക്കും അവർ അവളിൽ ചേർത്തു വെച്ച കൈ പിൻവലിച്ചുകൊണ്ട് അച്ഛന് പുറകെ നടന്നുകഴിഞ്ഞിരുന്നു.

ആ നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു പോയി.

മനുവിനോട് എല്ലാം പറഞ്ഞപ്പോൾ അവൻ എന്തൊക്കെയോ പറഞ്ഞുകൊണ്ട് ആശ്വസിപ്പിക്കുക മാത്രം ചെയ്തു.

പിറ്റേന്ന് അച്ഛന്റെ ഏറെനേരത്തെ നിർബന്ധങ്ങൾക്കും വഴക്കിനും വഴങ്ങി അവൾ ഒരുങ്ങാൻ തുടങ്ങി.അമ്മ നൽകിയ മെറൂൺകളർ സാരി ചുറ്റുമ്പോഴും അവളുടെ കണ്ണുകൾ എന്തോ ഓർത്തു കൊണ്ട് നിശ്ചലമായിരുന്നു.മുടി വെറുതെ പുറകിലേക്ക് മാടി ഒതുക്കി കൊണ്ട് കണ്ണാടിയിൽ മുൻപ് പതിപ്പിച്ചു വെച്ച് ഒരു കുഞ്ഞുകറുത്തപൊട്ട് അവൾ നെറ്റിയിലേക്ക് വെച്ചു.

“മോളേ വായോ…അവർ എത്തി”

വാതിൽ പാതിതുറന്നുകൊണ്ട് ധൃതിയിൽ അത്രമാത്രം പറഞ്ഞ് അമ്മ പോയി.യാന്ത്രികമെന്നോണം അവളുടെ കാലുകൾ പുറത്തേക്ക് ചലിച്ചു.അമ്മ നൽകിയ ട്രേയുംകൊണ്ട് അവൾ അകത്തളത്തിലേക്ക് നടന്നു.

ഒട്ടും താൽപര്യമില്ലാതെ അവൾ സോഫയിൽ ഇരിക്കുന്ന ആളെ തല ഉയർത്തി നോക്കി.

അവൾ ഒരു നിമിഷം നിശ്ചലമായിനിന്നു.

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടൊപ്പം കണ്ണുനീർ ധാരധാരയായി അവളുടെ ഇരു കവിളുകളിലൂടെയും ഒലിച്ചിറങ്ങുവാൻ തുടങ്ങി.

“മനൂ…”

ചെറിയൊരു വിതുമ്പലോടെ അവളുടെ ചുണ്ടുകൾ ആ നാമം മന്ത്രിച്ചു.പെട്ടെന്ന് അവളുടെ തോളിൽ ഒരു കൈ പതിഞ്ഞു.തിരിഞ്ഞു നോക്കിയവൾ പൊടുന്നനെ ആ കൈക്കുടമയുടെ നെഞ്ചിലേക്ക് ചാഞ്ഞു.

“അച്ഛാ..”

“ഇന്നുവരെ മോളുടെ ഏതെങ്കിലും ഇഷ്ടം അച്ഛൻ എതിർത്തിട്ടുണ്ടോ? തെറ്റായതൊന്നും മോള് ആവശ്യപ്പെടില്ലെന്നും എനിക്കറിയാം…

ഇന്നലെ തന്നെ അച്ഛൻ മനുവിനെ കണ്ടു സംസാരിച്ചു. എന്റെ മോൾക്ക് പറ്റിയ ആൾതന്നെയായ കാരണമാ അച്ഛൻ സമ്മതിച്ചത്

ഞങ്ങളുടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരാളെ വിവാഹം കഴിച്ചാൽ ഒരു ജീവിതം മുഴുവൻ നീ സ്വയം ഉരുകി തീരുന്നത് ഞങ്ങൾക്ക് കണ്ടുനിൽക്കാനാവും എന്ന് തോന്നുന്നുണ്ടോ?”

അവളുടെ മുടിയിഴകളിൽ തലോടികൊണ്ട് അയാൾ പറഞ്ഞു.അന്നേരം ആ നെഞ്ചിലെ ചൂട് അവൾ അറിയുകയായിരുന്നു.

*****************

മുകളിലെ ബാൽക്കണിയിൽ നിന്നു കൊണ്ട് മനുവും പ്രിയയും പുറത്തെ നേരിയമഴയിലേക്ക് കണ്ണുകളൂന്നി.

“അപ്പോൾ എങ്ങനെയാ?

നീ ആഗ്രഹിച്ച പോലെ തന്നെ നല്ല ജോലിയുമായി,രണ്ടുവീട്ടുകാർക്കും നമ്മുടെ കാര്യത്തിൽ പൂർണ സമ്മതവുമായി…

എന്നാലും എന്റെ സുമയെക്കുറിച്ച് ആലോചിക്കുമ്പോഴാ…”

ചെറിയൊരു ദീർഘനിശ്വാസം വിട്ടു അങ്ങനെ പറയുമ്പോഴും അവൻ ഇടംകണ്ണിട്ടു അവളെ നോക്കി

“അത്രയ്ക്ക് വിഷമാച്ചാൽ സുമയെപോയി കെട്ടിക്കോ… ഞാൻ വേറെ വല്ല ചുള്ളന്മാരെ നോക്കിക്കോളാം..”

ചെറിയൊരു പരിഭവത്തോടെ അവൾ മറുപടി പറഞ്ഞു.

“ശരിക്കും….അപ്പോ എന്തായാലും ഞാൻ രക്ഷപ്പെടുമല്ലോ!”

അവൻ അതിശയത്തോടെ അത്രയും പറഞ്ഞപ്പോഴേക്കും അവൾ ബാൽക്കണിയിൽവച്ചിരുന്ന ഫ്ലവർവെയ്സ് കയ്യിലേക്ക് എടുത്തു കഴിഞ്ഞിരുന്നു….

ഇനി മനുവിന്റെ അവസ്ഥ നമുക്ക് ഊഹിക്കാലോ…ലെ!!!

ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യൂ…

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : കൃഷ്ണേന്ദു ശ്രീകൃഷ്ണ