താലിയിൽ മനസ്സ് കോർത്ത പെണ്ണുമുണ്ട്, തേച്ചു പോയി എന്ന് പറഞ്ഞവർക്കറിയില്ല എന്ന് മാത്രം…

രചന : എ കെ സി അലി

************

കെട്ടും റിസപ്ഷനും കഴിഞ്ഞ് അവളെയും കൂട്ടി വീട്ടിലെത്തി കല്യാണത്തിന് ഉടുത്തൊരുങ്ങിയ മുണ്ടും ഷർട്ടും മാറ്റാൻ നേരമാണ് വീട്ടു പടിക്കൽ ഒരു ബഹളം കേട്ടത്..

അന്നേരം ഉടുത്തത് മാറ്റാൻ നിക്കാതെ പുറത്തേക്ക് ചെന്നു നോക്കി..

വാതിൽക്കൽ നിന്ന് എത്തി നോക്കിയപ്പോൾ ഒരുവൻ കൂട്ടുകാർക്കിടയിൽ നിന്ന് അലമ്പ് കാണിക്കണതാണ് കണ്ടത്..

അവനെ കണ്ടാൽ അറിയാം രണ്ടെണ്ണം വിട്ട പെർഫോമൻസാണ് അവൻ കിടന്നവിടെ കാട്ടണത് എന്ന്..

ഇറങ്ങി ചെന്നു കാര്യമെന്തെന്ന് കൂട്ടുകാരോട് ചോദിച്ചു

അവർ” ഏയ് അതൊന്നുമില്ല നീ പോയി ഡ്രസ്സു മാറ്റി വാ എന്ന് പറഞ്ഞവരെന്നെ വീട്ടിലേക്ക് ഉന്തിത്തള്ളി വിടുന്നത് കണ്ടപ്പോൾ തന്നെ ഒരു പന്തികേടെനിക്ക് തോന്നി..

കാര്യം പറയെടാ എന്താ എന്ന് ആരാ ഇവൻ എന്ന് ഞാൻ ചോദിച്ചു..

അപ്പോഴാണ് അറിഞ്ഞത് ഞാൻ കെട്ടിക്കൊണ്ടു വന്നവളെ വിളിച്ചിറക്കി കൊണ്ട് പോകാൻ വന്ന കക്ഷിയാണെന്ന്..

കേട്ടപ്പോൾ തന്നെ ഉള്ളിലൊരാന്തൽ തുടങ്ങി..

തലയിലൊരോളം വന്ന് തിരയടിച്ചു..

കല്യാണ കച്ചേരി താളം ഇടക്ക് മുറിഞ്ഞത് പോലൊരു മിടിപ്പുകൾ ഉള്ളിൽ കേട്ട് തുടങ്ങി..

ടാ വീട്ടിൽ അച്ഛനും അമ്മയും ഒന്നുമറിയേണ്ട ഇവനെ കുറച്ചങ്ങോട്ട് മാറ്റി നിർത്ത് ഞാൻ ഇതാ വരണു എന്നും പറഞ്ഞ് ഞാൻ വീട്ടിലേക്ക് കയറി..

ഞാൻ അവളോട് ഈ വന്നവന്റെ കാര്യം തിരക്കി നോക്കി..

കുറച്ച് നേരത്തേക്ക് അവളിൽ നിന്ന് മറുപടി ഒന്നും കിട്ടിയില്ല..

അവളുടെ മറുപടി വൈകുന്തോറും എന്റെ ഉള്ളിലെ ആന്തൽ കൂടി വരുകയായിരുന്നു..

പിന്നെ ആളാര് കക്ഷിയേത് എന്നൊക്കെ ഇങ്ങോട്ടവൾ ചോദിച്ചപ്പോൾ ഞാൻ കക്ഷിയുടെ ഫോട്ടോ ഫോണെടുത്ത് കാണിച്ചു കൊടുത്തു..

അപ്പോളാണവൾ പറഞ്ഞത് എനിക്കറിയാം..

പ്രണയിച്ചിരുന്നു പക്ഷേ കല്യാണത്തിന് വീട്ടിലാരും സമ്മതിച്ചില്ല എന്ന്..

കേട്ടു കഴിഞ്ഞപ്പോൾ എന്റെ ദേഹമാകെ ഒന്നു വിയർത്തു..

എന്റെ സമനില തെറ്റിയ പോലായി..

ഒരു കെട്ട് ജാതകം നോക്കിയാണ് ഒരുവളെ കണ്ടെത്തിയതും കെട്ടിയതും..

വേറൊരു ഇഷ്ടം പറയാൻ പെണ്ണു കാണൽ മുതൽ കെട്ട് വരെ സമയം ഉണ്ടായിരുന്നല്ലോടി അല്ലേൽ തലകുനിച്ചു തരുന്നതിന് മുമ്പ് ഒരു സൂചന തന്നിരുന്നേൽ ഞാൻ ഈ താലി കെട്ടില്ലായിരുന്നെടി പെണ്ണേ എന്ന മട്ടിൽ അവളെ നോക്കി..

ഞാൻ ആകെ ഭ്രാന്ത് പിടിച്ച പോലെ പുറത്തേക്കിറങ്ങി അവന്റെ അടുത്ത് ചെന്നു..

ഞാൻ ഒന്നു പോയി വരുന്നതിനിടയിൽ കൂട്ടുകാരവനെ ഒന്നു കൈ വെച്ച ലക്ഷണം അവന്റെ ദേഹത്ത് കാണാനുണ്ട്..

ഞാൻ അവനോട് ചോദിച്ചു നീ ഒക്കെ ഒരാണാണോ കല്യാണത്തിന് മുന്നേ വന്നു പറയാനുള്ള ധൈര്യം കാണിക്കാതെ ഇപ്പൊ വന്ന് വേഷം കെട്ട് നടത്തുന്നോ..

വേഗം സ്ഥലം വിടാൻ നോക്ക് എന്ന് ഞാനവനോട് പറഞ്ഞതും ഉടനവൻ പറഞ്ഞു..

ഞാൻ വിളിച്ചാൽ അവൾ ഇറങ്ങി വരും എന്ന്..

എന്റെ നെഞ്ചും കീറിയാണ് ആ വാക്കുകൾ എന്റെ ഉള്ളിലേക്ക് കേറിപ്പോയത്..

അതും പറഞ്ഞവൻ നെഞ്ചു വിരിച്ചപ്പോൾ കൂട്ടുകാർ രണ്ടെണ്ണം കൂടി കലിപ്പ് തീരാതെ കൊടുത്തു..

ഞാൻ ഇടപെട്ട് അവരെ പിന്തിരിപ്പിച്ചു..

എന്തായാലും ഒരു കാര്യം ഇവിടെ നടക്കും ഒന്നുകിൽ അവൾ ഇവൻ വിളിച്ചാൽ പോവും..

ഞാൻ ആകെ നാറും..

എന്റെ ചിന്തകൾ ആകെ കാടു കയറി..

ഞാൻ ഉറപ്പിച്ചു കെട്ടല്ലേ കഴിഞ്ഞുള്ളൂ ഒരുമിച്ചൊരു ജീവിതമെന്നും തുടങ്ങിയില്ലല്ലോ അവൾ പോകുകയാണേൽ പോകട്ടെ എന്ന്..

ഞാൻ അവളെ വിളിച്ചു കൊണ്ട് വന്നു..

കുടുംബക്കാർ ഇടക്കൊക്കെ എന്താ കാര്യം എന്ന് അറിയാൻ വട്ടം കൂടി നോക്കി പക്ഷേ കൂട്ടുകാർ ആരുമറിയാതെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു..

ഞാൻ അവനെ കുറച്ചങ്ങോട്ട് മാറ്റി നിർത്തി പറഞ്ഞു ‘നീ വിളിച്ചാൽ ഇറങ്ങി വരുമെങ്കിൽ അവളെ കൂട്ടികൊണ്ടു പൊയ്ക്കോ എന്ന്..

ഒരു ആവേശത്തിനങ്ങനെ പറഞ്ഞെങ്കിലും എന്റെ ഉള്ളിലൊരു വല്ലാത്ത പിടച്ചിൽ ഉണ്ടായിരുന്നു ഞാനതു പുറത്തു കാണിച്ചില്ല..

അവളെ അങ്ങനെ വിടാനുള്ള മനസ്സ് ഒട്ടുമില്ല പക്ഷേ ജീവിതത്തിൻ അറ്റം വരെ കൊണ്ട് പോകുമ്പോൾ അവളുടെ മനസ്സ് കൂടി വേണമല്ലോ..

ഒരു സത്യം ഞാൻ അറിഞ്ഞു കെട്ടിയ ഒരു താലിയുണ്ടവളിൽ…

ഒരു പക്ഷെ പൊന്നിൽ പണിത താലിയിൽ എന്റെ ഹൃദയം കൊരുത്തത് ചിലപ്പോൾ അവൾ അറിഞ്ഞു കാണില്ല..

പക്ഷേ അവൾ പടിയിറങ്ങുകയാണേൽ ഒരു പാട് ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം കൊടുക്കേണ്ടി വരും എന്നെനിക്കു തോന്നി..

ഒരു കോമാളിയായ് നിക്കേണ്ടിവരുമെന്നും മനസ്സിലാക്കിയിരുന്നു..

എന്റെ തല പുകഞ്ഞ ആലോചനകൾ ചവിട്ടി മെതിച്ചാണ് അവൻ അവളെ വിളിച്ചത്..

ഞാൻ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി.

അവൾ എന്റെ മുഖത്തേക്കും നോക്കി..

അവളുടെ തീരുമാനം എന്താവുമെന്നോർത്ത് എന്റെ കാലുകൾ നിലത്തുറക്കാത്തതു പോലെയായി..

അവൾ നിറഞ്ഞ കണ്ണുകളാൽ എന്റെ കാലിലേക്ക് വീണു ഞാനതു തടഞ്ഞ് മനസ്സിൽ പറഞ്ഞു പിന്നെ നീ അനുഗ്രഹം വാങ്ങി കാശിക്കു പോകല്ലേ എന്ന്…

എന്നാൽ എനിക്ക് തെറ്റി അവൾ അവന്റെ മുഖത്തേക്ക് പോലും നോക്കാതെ എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു പറഞ്ഞത് ഇത് വരെ ആണത്തം കാണിക്കാത്തവനെയല്ല വേണ്ടത് എന്നാണ്..

ഇല്ല ഞാൻ അങ്ങനെയൊരു ജീവിതം ആഗ്രഹിക്കുന്നില്ല..

ഈ കരം ഞാൻ പിടിച്ചത് പൂർണ്ണ മനസ്സോടെയാണ്..

ജീവിതകാലം മുഴുവൻ കൂടെ നിൽക്കാം എന്ന് കരുതി തന്നെയാണ് തല കുനിച്ച് തന്നതെന്ന് പറഞ്ഞവൾ പൊട്ടി കരഞ്ഞു..

ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നെനിക്കു തോന്നുമ്പോൾ ഞാൻ കൂടുതൽ ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു..

മനസ്സിൽ ലവലേശം കളങ്കം ചേർക്കാതെ അവളെ ചേര്‍ത്തു പിടിച്ച് വീട്ടിലേക്ക് കയറുമ്പോൾ എന്റെ മനസ്സും പറഞ്ഞിരുന്നു താലിയിൽ മനസ്സ് കോർത്ത പെണ്ണുമുണ്ട് തേച്ചു പോയി എന്ന് പറഞ്ഞവർക്കറിയില്ല എന്ന് മാത്രം..

ലൈക്ക് കമന്റ് ചെയ്യണേ…

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക്‌ മെസ്സേജ് ചെയ്യൂ..

രചന : എ കെ സി അലി