എനിക്ക് ഇപ്പൊത്തന്നെ അവളെ കെട്ടണം.. ഇനി ഒരു നിമിഷം പോലും അവൾ കഷ്ടപ്പെടരുത്…

രചന : R Muraleedharan Pillai

സാന്ദ്ര

**************

സാന്ദ്ര കയറിവരുന്നതും കാത്തു വിദ്യാർത്ഥികൾ കണ്ണുംനട്ടിരിക്കുന്നു. ഇത്രക്കും ലളിതമായി വസ്ത്രധാരണം ചെയ്തെത്തുന്ന പെൺകുട്ടികൾ ഈ ക്ലാസ്സിൽ വേറെ ഇല്ല; കോളേജ് ആകമാനം നോക്കിയാലും ഇല്ല.

സാവധാനം നടന്നുവന്ന് അവൾ അവളുടെ സീറ്റിൽ ഇരുന്നു.

കൃത്യനിഷ്ഠയുടെ കാര്യത്തിൽ ശുഷ്ക്കാന്തി പാലിക്കുന്നവളാണ് അവൾ. എന്നും നേരുത്തേ ക്ലാസ്സിലെത്തും.

പൊതുവെ അവൾ സംസാരപ്രിയ അല്ല. എങ്കിലും എല്ലാവർക്കും അവളെ ഇഷ്ടമാണ്.

ക്ലാസ്സിൽ, പഠനത്തിൽ, അവൾക്ക് ഒന്നാംസ്ഥാനം.

കോളേജിലും അവൾ അങ്ങനെയായിത്തീരുമെന്ന് എല്ലാവർക്കും ഉറപ്പാണ്. പോസ്റ്റ് ഗ്രാഡ്വേഷൻ ക്ലാസ്സെസ് തുടങ്ങിയതല്ലേയുള്ളൂ…?

ഇപ്പോൾത്തന്നെ അവളുടെ പഠന വൈഭവം അവൾ തെളിയിച്ചു തുടങ്ങിയിരിക്കുന്നു.

ഇരു നിറം. നല്ല ഉയരം. നീണ്ട മുഖം. നീളൻ മുടി. കണ്ണുകൾക്ക് നല്ല തിളക്കം. പക്ഷേ, വളരെ ശ്രദ്ധിച്ചുനോക്കിയാൽ അവൾക്ക് ഒരു ചെറിയ കോങ്കണ്ണില്ലേ എന്നു തോന്നിപ്പോകും. ഉണ്ട്. അത് അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ്.

നല്ല മൂക്കും. ചുണ്ടും. അൽപ്പം മെലിഞ്ഞിട്ടാണേലും അവൾ ആരോഗ്യവതിയാണ്.

ആർക്കും അവളോട് ആദരവ് തോന്നിപ്പോകും.

അത് അങ്ങനെയാണ്! പക്ഷെ എന്തിനാണ് ആ വിഷാദ ഭാവം അവളുടെ മുഖത്ത് കുടിയിരിക്കുന്നത്?

അത് ഒരു സത്യാവസ്ഥയാണ്. അതു ചോദിച്ചറിയാൻ ആർക്കും മടിയുമാണ്. കാരണം അവൾ അവരിൽ ഒരാളാണേലും അവൾക്ക് വേറിട്ട ഒരു രീതിയാണ് ഉള്ളത്. കൂടുതൽ സമയവും ചുണ്ട് അടുപ്പിച്ച് ഇരിക്കുന്ന അവൾ, പക്വതയുടേയും,

ദൃഢനിശ്ചയത്തിന്റെയും, ഉത്തരവാദിത്വബോധത്തിന്റെയും, ആത്മവിശ്വാസത്തിന്റെയും പ്രദീകമായാണ് മറ്റു കുട്ടികൾ അവളെ വീക്ഷിക്കുന്നത്.

ഒന്നോർത്താൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന കുട്ടികൾ പൊതുവെ മുതിർന്നവരാണല്ലോ?

അവരെ അച്ചടക്കം പഠിപ്പിക്കേണ്ടതില്ല. അത് അവർ സ്വയം മനസ്സിൽ രൂപപ്പെടുത്തിയെടുക്കേണ്ടവർ അല്ലേ? കൂട്ടം കൂടുമ്പോൾ ഒരു കുട്ടിത്തം ജനിക്കുന്നെന്നേ ഉള്ളൂ…

അവൾക്ക് തമാശ ഇഷ്ടമാണെങ്കിലും, ആരും അവളോട് തമാശപറയാൻ മുതിരാറില്ല.

ഒരു പക്ഷേ അവളുടെ കൂർമ്മ ബുദ്ധിയും,

ഓർമ്മശക്തിയും, സംവാദത്തിലും എഴുത്തിലും അവൾക്കുള്ള കൃത്യതയും സംഗ്രഹ ശൈലിയും,

ശേഷിയും, അവളെ അവരിൽനിന്നും വേറിട്ട ഒരു തൂവൽ പക്ഷിയായി അവർ നോക്കിക്കാണുന്നുണ്ടാകും.

ചരിത്രം പഠിക്കാനും മനസ്സിൽ സൂക്ഷിക്കാനും ഒരു പ്രത്യേക കഴിവാണ് സാന്ദ്രക്കുള്ളത്.

അല്ലെങ്കിൽത്തന്നെ, ഒരു വിദ്യാർത്ഥിക്ക് കാര്യങ്ങളെല്ലാം നന്നേ അറിയാമെങ്കിലും, വിവരണ ശേഷി നന്നേ ഉണ്ടെങ്കിലും, തീയതിയും, സമയവും,

സംഭവകാലവും ഉത്തരക്കടലാസ്സിൽ രേഖപ്പെടുത്താൻ കഴിഞ്ഞില്ലേ അത് പ്രപഞ്ച ഇരുട്ടിൽ ഇഴഞ്ഞുനീങ്ങുന്ന ഒരു അനാഥ ഗ്രഹമായി നഷ്ടപ്പെടുകയല്ലേ ചെയ്യാറ്? പക്ഷേ സാന്ദ്ര തീയതിയും,

സമയവും, സംഭവകാലവും കൃത്യമായി കുറിക്കും. ഉത്തരക്കടലാസ്സിൽ എവിടെ എന്തു തുന്നിപ്പിചേർക്കണം എന്ന് അവൾക്ക് നന്നേ അറിയാം.

പ്രാധാന്യം അറിഞ്ഞു വാക്കുകൾ മെഷർ ചെയ്ത് ഉപയോഗിക്കാൻ അവൾക്കറിയാം. നല്ല കയ്യക്ഷരം അവൾക്ക് ഒരു മുതൽക്കൂട്ടാണ്. ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്തുന്ന ആൾക്ക് തടസ്സം സൃഷ്ടിക്കുന്നില്ല,

ദേഷ്യം പിടിപ്പിക്കുന്നില്ല.

അതിൽ ഒരപാര കഴിവാണ് അവൾക്കുള്ളത്.

എല്ലാരും അവളെ നോക്കിയിരിക്കുന്നു, പക്ഷേ, ഞാൻ അവളെ നോക്കിവച്ചിരിക്കുന്നു. എന്റെ കണ്ണുകൾ എപ്പോഴും അവളിലേക്ക്‌ തിരിഞ്ഞിരിക്കും.

അവളുടെ പ്രത്യേകതകൾ എന്നേ അവളിലേക്ക് ആകൃഷ്ടനാക്കിയിരിക്കയാണ്. ഒരു ദിവസം അഖിൽ പറഞ്ഞത്, എന്നേ, ഇപ്പോഴും ചമ്മലേൽപ്പിക്കുന്നു. “വിഷ്ണുനാഥ്! ആരും ദൈവങ്ങളല്ല. എല്ലാവരും നോക്കും. നോക്കാത്തവരായി ആരുമില്ല. പക്ഷെ, നിന്റെ ഈ നോട്ടമുണ്ടല്ലോ?

ശ്ശേ, അതുവേണ്ട വിഷ്ണു…”

അവൻ പറഞ്ഞതിൽ സത്യമുണ്ട്. ഞാൻ കണ്ണു മാറ്റിയിട്ടുവേണ്ടേ ആരെങ്കിലും എന്നേ ശ്രദ്ധിക്കുന്നുണ്ടോയെന്നു ഗ്രഹിക്കാൻ?പക്ഷേ, എന്റെ നോട്ടം തീർച്ചയായും അവൻ ഉദ്ദേശ്ശിക്കുന്നപോലുള്ളതല്ല….

ആരാധനമൂത്ത ഒരു നിതാന്ത നോട്ടമാണത്.ആർക്കും തല്ലിക്കെടുത്താൻ കഴിയാത്ത നോട്ടം.

എനിക്ക് അവളെ അത്രക്കും ഇഷ്ടമാണ്.

അതുകൊണ്ടായിരിക്കാം എന്റെ പഠനം ബാക്ക് ബർണറിലേക്ക് പോയത്. ഞാനറിയാതെ തന്നെ ഇപ്പൊ കുറച്ചു റിസേർച്ചും തുടങ്ങിയിട്ടുണ്ട്. സാന്ദ്ര ആര്? അവൾ എവിടെനിന്നും വരുന്നു? ആരാണ് അവളുടെ പേരെന്റ്സ് ? അവളുടെ സഹോദരങ്ങൾ?

ജാതിയും മതവും എന്നേ അല്പംപോലും സ്വാധീനിക്കുന്നില്ല. മനുഷ്യവംശത്തിൽപ്പെട്ട അവൾ ആര്?

എന്റെ അച്ഛനും അമ്മയും എന്നോടു ക്ഷെമിക്കണം! എന്നേ പഠിക്കാൻ വിട്ടു. പഠിച്ചു ജോലി സമ്പാദിക്കാൻ വിട്ടു. പക്ഷേ, ഞാൻ എന്തായി തീരുമെന്ന് എനിക്കുപോലും ഇപ്പൊ അറിയില്ല. പ്രണയപുലരി കണ്ണിതുളളിപുരട്ടി എന്റെ കാഴ്ച മങ്ങിച്ചിരിക്കുന്നു. ഒരു മൂടൽമഞ്ഞ് എന്നെ ആവരണം ചെയ്തിരിക്കുന്നു. ഒരു മായാവലയം ഞാൻ അനുഭവിച്ചറിയുന്നു.

കോളേജ് ഹോസ്റ്റൽ ഇത്രക്കും നല്ലതായിരുന്നിട്ടും സാന്ദ്ര എന്തിനാണ് നഗരത്തിൽ വേറെ ഏതോ ഹോസ്റ്റലിൽ താമസ്സിക്കുന്നത്? ഒരുപക്ഷെ അവൾക്ക് ഇവിടുത്തേക്കാൾ കുറച്ചുകൂടി സൗകര്യങ്ങളുള്ള ഹോസ്റ്റൽ ആയിരിക്കും ഇഷ്ടം.

ഉച്ച സമയം. ഞാൻ കോളേജ് ക്യാന്റീനിലേക്ക് കാലെടുത്തു വച്ചു. ഒരു മൂലയിൽ, ഒരു ടേബിളിന്റെ വശത്ത് സാന്ദ്ര ഇരിക്കുന്നു. എല്ലാവരും ലഞ്ച് കഴിക്കുമ്പോൾ എന്തിനാണ് അവൾ വെറും ഒരു വട വാങ്ങി കഴിക്കുന്നത്. ഒരു ടംബ്ലർ നിറയെ പച്ചവെള്ളം മുന്നിലുണ്ട്. പിശുക്കിയാണ്! അതോ അവൾക്ക് ഫുഡിൽ കമ്പമില്ലാഞ്ഞിട്ടാണോ? അതേ, അത് അങ്ങനെയാണ്.

ലളിതമായ വസ്ത്രശൈലിയോടൊത്തുള്ള ലളിതമായ ആഹാര ക്രമം. നിന്നെ ഞാൻ അംഗീകരിച്ചിരിക്കുന്നു,

സാന്ദ്ര!? നീ സിമ്പിൾ ആയി ജീവിക്കാൻ ആഗ്രഹിക്കുന്നു? നീ ദൈവ പുത്രിയാണ്. ഞാൻ ഓർക്കുന്നു നീ സോഫ്റ്റ് ഡ്രിങ്ക്സ് പലതവണ നിരസിച്ചത്. എനിക്കു ചുമ്മാതെ കിട്ടിയാൽ പാതിരാത്രിയിലും എണീച്ചിരുന്നു വാങ്ങി കുടുക്കും.

ഞാൻ ആർക്കെങ്കിലും ഒന്നു വാങ്ങികൊടുത്തിട്ടുണ്ടെങ്കിൽ എനിക്ക്‌ അത് ഓർത്തു നോക്കേണ്ടതുണ്ട്.

എന്നായിരിക്കും അത്? പണക്കാര് പിള്ളേരുകിടന്നു തള്ളുന്ന ഈ സ്ഥലത്ത് ആര് ആർക്കുവാങ്ങികൊടുത്തു എന്ന ഒരു ചിന്ത ഉദിക്കുന്നേയില്ല. കൂട്ടത്തിൽ ചേർന്നു കഴിച്ചാൽമാത്രം മതി.

പക്ഷേ, സാന്ദ്ര ആരു കൊടുത്താലും വാങ്ങി കഴിക്കില്ല. അവൾക്ക് അതൊന്നും ഇഷ്ടമല്ല.

ഞാൻ അവളുടെ അടുത്തേക്കു നടന്നു. ഭ്രാന്തനല്ലന്ന ധാരണ ഉണ്ടായിട്ടും മനസ്സാൽ തീർക്കപ്പെട്ട ഒരു ചങ്ങല കാൽപ്പാദങ്ങൾ പുറകിലേക്ക് വലിക്കുന്നുണ്ട്. ഞാൻ അവളോട് സംസാരിച്ചിട്ടില്ല.

മുഖാമുഖം കണ്ടുമുട്ടിയിട്ടില്ല; അതിന് ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ആദ്യമായി ഞാൻ അവളോട് ഉരിയാടാൻ ശ്രമിക്കയാണ്.

തൊണ്ട ഇടറി ഞാൻ ചോദിച്ചു “സാന്ദ്ര! ഉച്ചക്ക് ചോറ് ഉണ്ണില്ലേ?”

അവൾ എന്നേ നോക്കി. അവൾക്ക് എന്നേ മുമ്പ് കണ്ടിട്ടില്ലാത്ത മുഖഭാവം.

“ഞാൻ വിഷ്ണുനാഥാണ്.” ഞാൻ പറഞ്ഞു.

“സോറി… എനിക്ക് പെട്ടന്നു മനസ്സിലായില്ല.

വിശപ്പില്ലാത്തതുകൊണ്ട് എന്തെങ്കിലും ഒന്നു കഴിക്കാമെന്നു കരുതി.”

പെട്ടന്നാണ് അവളുടെ മുഖത്ത് ഒരു കുറ്റബോധം ജനിച്ചത്. ഒരാളെ നോക്കിയിരുത്തി കഴിക്കുമ്പോലെ.

ശരി പറഞ്ഞ് ഞാൻ തിരിച്ചു നടന്നു. എം എ യ്ക്ക് തന്നെയാണോ ഞാൻ പഠിക്കുന്നത്? ഒരപഹർഷിതബോധം എന്നേ പിടി മുറുക്കി.

ആഴ്ചകൾ വലിഞ്ഞു മാസങ്ങളിലേക്ക് കയറിപ്പറ്റുന്നു.എനിക്ക്‌ അവളോടുള്ള പ്രണയം ഞാൻ അവളെ ധരിപ്പിക്കാൻ ശ്രമിച്ചു തുടങ്ങി.

ഒരു പ്രതികരണവും അവൾക്കില്ല. പൈസ ചിലവാക്കാൻ പിശുക്കുള്ളപോലെ അവൾ പ്രണയത്തിലും പിശുക്കു കാട്ടുന്നു. ഒരു പക്ഷേ അവൾക്ക് പഠനത്തിൽ മാത്രമേ ശ്രദ്ധയും താൽപ്പര്യം ഉള്ളൂ എന്നു വന്നേക്കാം.

അപ്പോഴാണ് II സെമസ്റ്റർ എക്സാം റിസൾട്സ് ഡിക്ലയർ ആയത്. സാന്ദ്ര തന്നെ മുന്നിൽ.

ഓറിയന്റലിസം എത്ര ഭംഗിയായി ആയിരിക്കും അവൾ പ്രെസെന്റ് ചെയ്തത്?! അവൾ പഠിക്കുകയല്ല.

അവൾ മനസ്സിലാക്കുകയാണ്. കഴിഞ്ഞകാലം എങ്ങനെ വർത്തമാനകാലത്തെയും ഭാവികാലത്തെയും തിരുത്തുന്നു; എങ്ങനെ മനുഷ്യ രാശിയെ സംരക്ഷിക്കാം…ചരിത്ര പഠനം പ്രാക്ടിക്കലായി എങ്ങനെ മനുഷ്യരാശിയുടെ മുന്നേറ്റത്തെ അനുകൂലമായി നയിക്കാൻ കഴിയും…!

ചുമ്മാ പഠിച്ചുതള്ളേണ്ട ഒരു വിഷയമല്ല ചരിത്രം.

അവൾ വിശ്വസിക്കുന്നു.

‘ഒരു കൊച്ചു പാർട്ടി അവൾ തന്നേ മതിയാവൂ…’ അത് അവളോടു പറഞ്ഞപ്പോ അവളുടെ മുഖം വാടി…

‘പാർട്ടിയും മറ്റും വേണോ?’ അവൾ ചോദിച്ചു.

‘വേണം.’ എല്ലാവരും ചേർന്നു ഡിമാൻഡ് ചെയ്തു.

‘ശരി.’ അവൾ പറഞ്ഞു.

പാർട്ടി കഴിഞ്ഞു. അവൾ പേ ചെയ്യുന്നത് എല്ലാവരും നോക്കി നിന്നു. ‘അവളുടെ പിശുക്ക് ഇതോടെ തീരും…!എല്ലാവരും മനസ്സിൽ ആഹ്ലാദിച്ചു.

II സെമെസ്റെർ കടന്നതോടെ എന്നിലെ പ്രണയം അവൾ മനസ്സിലാക്കി. പക്ഷേ അവളുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഇല്ല.

അവളുടെ വിഷാദ മുഖത്ത് ഒരു പുഞ്ചിരി വിരിയണമെങ്കിൽ അതത്ര എളുപ്പമുള്ള കാര്യമല്ല.

**************

അഖിലേ, നീ എന്നെ ഒന്നു സഹായിക്കണം.

പഠനത്തിൽ സാന്ദ്ര കഴിഞ്ഞാൽ രണ്ടാം സ്ഥാനം നിനക്കല്ലേ? അപ്പൊ അവൾക്കു നിന്നെ അങ്ങനങ്ങു തള്ളിക്കളയാൻ കഴിയില്ല.

“നീ പറഞ്ഞു വരുന്നത്?”

പറയാം. എനിക്ക് സാന്ദ്രയെ പെരുത്ത ഇഷ്ടമാണ്.

ഐ ആം ഇൻ ലവ്. ഐ ആം ഡയിങ്ങ് ഫോർ ഹെർ! എനിക്കുള്ള സ്നേഹം നീ അവളെ ധരിപ്പിക്കണം.

“ഛെ ഛേ… ആണിനു ചേരാത്ത ഈ പരിപാടിക്ക് ഞാനില്ല…”

അങ്ങനെ പറയരുത് അഖിൽ. ഞാൻ അത്രക്ക് അവളെ അങ്ങിഷ്ടപ്പെട്ടുപോയി..

“ശരി. ശരി നോക്കാം.”

നിന്റെ വാക്കുകളെ എനിക്ക് വിശ്വസിക്കാമല്ലോ?

“വിശ്വസിച്ചോ…വിശ്വസിച്ചോ…”

അഖിൽ ധൃതിപ്പെട്ട് എങ്ങോട്ടേക്കോ നടന്നുപോയി.

അഖിൽ എന്റെ ആത്മാർത്ഥ സുഹൃത്താണ്. പഠനത്തിൽ മെച്ചമല്ലാത്ത എന്നെ എന്തിന് അവൻ ഇഷ്ടപ്പെടുന്നുവെന്നാണ് എന്റെ ശങ്ക.

ഒരുപക്ഷേ ഞാൻ രാജേന്ദ്ര കുറുപ്പിന്റെ മകനായതുകൊണ്ടായിരിക്കാം.

സ്വത്തും വകകളും ആവശ്യത്തിൽ കൂടുതലുണ്ടായിട്ടുള്ളതുകൊണ്ടായിരിക്കാം.

പിറ്റേന്ന് ക്ലാസ്സിൽ വച്ച് ഞാൻ അവനോടു ചെവിയിൽ പറഞ്ഞു “ഇന്നലെ ഞാൻ നിന്നോട് പറഞ്ഞത്?”

“എന്തെടെ, ഇത്? ഇരുട്ടിവെളുത്തപ്പോൾ ഞാൻ എല്ലാം അവളോട് പറഞ്ഞുവെന്നോ?” ഇന്നു വൈകിട്ട് എനിക്ക് നിന്നോട് സംസാരിക്കണം. വാ കാന്റീനിലേക്ക്.” അവൻ പറഞ്ഞു.

ഞാൻ ക്യാന്റീനിൽ കാത്തിരിക്കുകയായിരുന്നു. ദേ അവൻ വരുന്നുണ്ട്.

എന്താ താമസിച്ചേ, അഖിലേ

“എനിക്ക് വേറെ പണിയൊന്നുമില്ലേ? വാ നമുക്കവിടെ ഇരിക്കാം..”

ഞാൻ അവന്റെ മുഖത്തോട്ടു കണ്ണും നട്ടിരുന്നു.

എന്റെ വീട്ടിലെ നായയുടെ മുഖഭാവം ഞാൻ ഓർത്തുപോയി. അനുജത്തിഫുഡ്ഡുംകൊണ്ട് അടുത്തുവരുമ്പോഴത്തെ നായയുടെ അവളുടെ മുഖത്തേക്കുള്ള നോട്ടം.

ഛേ ഛേ എന്നെ കണ്ടാൽ അങ്ങനെ തോന്നുമോ.

ഞാൻ തന്നോടായി മന്ത്രിച്ചു.

“വിഷ്ണുനാഥാ, കേൾക്ക്…നിനക്ക് അവളെപ്പറ്റി ഒന്നും അറിയില്ല. അവൾ വെറുമൊരു പട്ടിണികുടുംബത്തിൽനിന്നും വരുന്നവളാ…ഒരു ഭിത്തിപോലുമില്ല അവളുടെ വീടിന്. എന്തൊക്കെയോ വച്ചു മറച്ചിരിക്കുന്നു. അവളുടെ അച്ഛൻ നിത്യ രോഗിയാണ്. കിടപ്പിലാണ്. എന്നും വേണം മരുന്ന്.

അമ്മ കൂലിവേലയെടുത്താണ് വീട്ടുകാര്യങ്ങളും നോക്കി അവളെ പഠിപ്പിക്കുന്നത്.

അവൾക്ക് ഒരു അനുജനും ഉണ്ട്പഠിക്കാൻ.

അവളുടെ വീട്ടിൽ ചെന്ന് കയറിപ്പറ്റാണേൽ നാല് കിലോമീറ്റർ നടക്കണം. ഇതിനിടക്ക് ഒരു നദിയും കടക്കണം. പാവങ്ങളാടാ… നിനക്ക് അവളെ വിവാഹം കഴിക്കണമെങ്കിൽ അങ്ങനെ ആകാം.

പക്ഷേ വീട്ടിലെ പ്രമാണിത്തം വച്ച് അവളെ കഷ്ടപ്പെടുത്തരുത്. ഇപ്പൊ നിനക്കു മനസ്സിലായല്ലോ അവളുടെ മുഖത്തെ വിഷാദ ഭാവം?! ”

“വിഷ്ണു, വിഷ്ണൂ..എന്തുണ്ടായി? നീ ഒന്നും മിണ്ടുന്നില്ലാ…? ഹാ,മനസ്സിലായാടാ…നിന്റെ പ്രണയം ഇപ്പം അവളിൽനിന്നും തിരിഞ്ഞു!

ഞാൻ പോക്കറ്റിൽനിന്നും കർചീഫ് എടുത്തു.

ആരാലും ശ്രദ്ധിക്കപ്പെടാത്ത എന്റെ അനാഥ കണ്ണീർതുള്ളിയെ തുടച്ചുമാറ്റി.

എനിക്ക് ഇപ്പൊത്തന്നെ അവളെ കെട്ടണം. ഇനി ഒരു നിമിഷം പോലും അവൾ കഷ്ടപ്പെടരുത്.

താമസ സൗകര്യത്തിനായാലും, പണത്തിനായാലും.

ഒന്നിനും തന്നെ!

“എല്ലാം ശരിയാകുമെടാ..വാ നമുക്ക് പോകാം..”

അഖിൽ എണീറ്റു.

*************

‘എത്രയോ നാള്, ഞാൻ അവളെ ശല്യപ്പെടുത്തിയതുകൊണ്ടാണ്, എന്നെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചതും കൂടെ കൂട്ടിയതും!’

ഓട്ടോയുടെ ചലനത്തോടൊപ്പം എന്റെ ചിന്തയും താളംപിടിച്ചു.

വിഷാദ വദനവുമായി അവൾ എന്റെ അടുത്തിരുന്ന് എന്തൊക്കെയോ ചിന്തിക്കുന്നു.

ഇടക്കുവച്ച് അവൾ ഓട്ടോ നിർത്തിച്ച് ഒരു ബേക്കറിയിൽ കയറി എന്തൊക്കെയോ വാങ്ങിയിട്ടുണ്ട്. ഓട്ടോ കുണ്ടും കുഴികളും നിറഞ്ഞ വഴിയേ ഉരുളുന്നു. അവളുടെ ഹാൻഡ്ബാഗിൽ ഫോൺ ശബ്ദിച്ചു. ഒരു പഴയ ബേസിക് സെൽ ഫോൺ അവൾ വെളിയിലെടുത്തു.

അവൾ എന്തൊക്കെയോ സംസാരിച്ചു. പിന്നെ ഫോൺ യഥാ സ്ഥാനത്തു തിരിച്ചു വച്ചു.

അമ്മയാ അല്ലെ?

“അല്ല. എന്റെ അമ്മക്ക് ഫോൺ വിളിക്കാനും ഒന്നും അറിയില്ല. അനുജനാണ്.

എവിടം വരെ എത്തീ, എന്ന് ചോദിച്ചതാണ്.

ഓട്ടോ നിർത്തി. ഇനി മുന്നോട്ടു പോകില്ല. ബാക്കി വഴി നടക്കണം.അവൾ ഈ വഴികളിൽകൂടിയാണ് സ്കൂളിൽ പോകുമ്പോ നടന്നിരുന്നത്.

ഓട്ടോയിൽനിന്നും അവൾ ഇറങ്ങി. ഞാൻ പേഴ്സിൽ കയ്യിട്ടു.

“വേണ്ട. ഞാൻ കൊടുക്കാം…” അവൾ ഓട്ടോ ചാർജ് കൊടുത്തു. ഭയങ്കര അഭിമാനിയാണ്.

ഞാൻ കൊടുക്കാൻ അവൾ സമ്മതിക്കില്ല. ഞാൻ ഭാരമേറിയ സഞ്ചി തോളിൽ തൂക്കി.

“എന്താണ് സഞ്ചിയിൽ?”

പ്രത്യേകിച്ച് ഒന്നുമില്ല. ഞാൻ പറഞ്ഞു.

എലിഞ്ഞിപ്പൂക്കളുടെയും, കാട്ടുപൂക്കളുടെയും ഗന്ധം എന്റെ നാസാദ്വാരങ്ങളിൽ പടർന്നു കയറുന്നു.

കാട്ടുമരങ്ങൾക്കിടയിൽകൂടിയുള്ള വഴി.

ഒരാളെപ്പോലും കാണ്മാനില്ല. ഹാൻഡ്ബാഗുംതോളിൽ തൂക്കി, ക്യാരിബാഗ് കയ്യിലും പിടിച്ച്, മുടിയാട്ടി അവൾ മുന്നേ നടന്നു. കൂടെക്കൂടെ അവൾ തിരിഞ്ഞു നോക്കുന്നുണ്ട്. ഉച്ച കഴിഞ്ഞെങ്കിലും സൂര്യപ്രകാശം തറയിൽ പതിക്കുന്നില്ല. അത് മരക്കൊമ്പുകളിൽ അവസാനിക്കുകയാണ്.

വഴിക്കു വീതികൂടി തുടങ്ങിയപ്പോൾ, അവൾ എന്റെ ഇടതു വശത്തായി ,കൂടെ നടക്കുന്നു.

എന്തേ സാന്ദ്ര നീ ചിരി അടക്കുന്നത്? നീ എന്തോ ആലോചിച്ചു ചിരിക്കുന്നു?

“അല്ല, ഞാൻ ആലോചിക്കുകയായിരുന്നു വിഷ്ണു നാഥിന്റെ എന്നോടുള്ള തീ എത്ര പെട്ടന്നാണ് അണയാൻപോകുന്നത്?! ഒരു ആണിന്റെ കൂടെ വീട്ടിലേക്ക് വന്ന കളങ്കം, വിഷ്ണു നാഥ്‌ എനിക്ക് സമ്മാനിച്ച് തിരിയെ പോകുന്നത്!”

എന്റെ തീ ഇപ്പോഴെങ്ങും ആണയില്ല സാന്ദ്ര.

എന്റെ അവസാന യാത്രയിലെ തീയുമായി പുണർന്ന് ഇല്ലാതാവുകയേയുള്ളൂ അത്. പിന്നെ ഒരിക്കലും തന്നിൽ കളങ്കം ചാർത്തി ഞാൻ വിട്ടുപിരിയില്ല.

“എന്റെ വീടുകാണുമ്പോൾ വിഷ്ണുനാഥ്‌ ഇതു രണ്ടും തിരുത്തിപ്പറയും!”

വഴിയിലെ വൻ മരങ്ങൾ യാത്രയിൽ നിന്നും പിന്മാറിത്തുടങ്ങി. വെള്ളമണലിൽ വേരുറപ്പിച്ചു നിൽക്കുന്ന കുറ്റിച്ചെടികൾ മുന്നിൽ നിരന്നുതുടങ്ങി.

“ആ കാണുന്നതാണ് നദി.”

സൂര്യപ്രകാശത്തിൽ അലകൾ മിന്നിക്കുന്ന നദി ഞാൻ കണ്ടു. ഒരു ചെറിയ മൂളൽ എന്റെ ചെവിയിൽ പതിക്കുന്നുണ്ട്. അടുക്കുംതോറും നദിയുടെ ഉഗ്രഭാവം ഞാൻ കണ്ടു തുടങ്ങി.

“വിഷ്ണുനാഥിന് പേടി തോന്നുന്നുണ്ടോ?”

ഞാൻ മറുപടി പറയുന്നതിന് മുന്നേ, ദൂരേന്നു, വിളി വരുന്നു.

“ലക്ഷ്മണൻചേട്ടൻ! ദാ ആ കടത്തുവഞ്ചിയുടെ അരുകിൽ നിന്നു വിളിക്കുകയാണ്.”

അവൾ പറഞ്ഞു.

“മോളെ കുറെ നാളായല്ലോ ഇതിലേ കണ്ടിട്ട്…”

“ഹാ ലക്ഷ്മൺ ചേട്ടാ…ചേട്ടന് ഇപ്പൊ അസുഖമൊന്നും ഇല്ലല്ലോ? ശാരദയ്ക്ക് സുഖമാണോ?

“ശാരദയ്ക്ക് സുഖമാണ്. പക്ഷേ എന്റെ ശ്വാസവിമ്മിഷ്ട്ടം കൂടെക്കൂടെ വരും, പോകും.

ഇതാരാ മോളേ?”

“എന്റെ ക്ലാസ്സിൽ പഠിക്കുന്ന വിഷ്ണു നാഥ്‌. എന്റെ വീടു കാണാൻ വിഷ്ണുനാഥിന് ആഗ്രഹം.”

ഹാ, മോൻ ഇവിടെല്ലാം നടന്നു ചുറ്റിക്കറങ്ങി പോയാൽ മതി. ഞങ്ങടെ കാടും മേടുമെല്ലാം യഥേഷ്ടം കാണണം. നഗരത്തിൽനിന്നും വന്നതല്ലേ മോൻ?

ഞാൻ വഞ്ചിയിൽ കയറി. പിന്നെ സാന്ദ്രയും.

അപ്പോഴേക്കും വേറെ മൂന്നുപേർ എവിടെനിന്നോ അവിടെ എത്തി. അവരുംകയറി.

ലക്ഷ്മണേട്ടൻ വഞ്ചി തുഴയാൻ തുടങ്ങി.

വഞ്ചിയുടെ ആടിയുലഞ്ഞുള്ള യാത്ര. ജലത്തിൽ അലകൾ മിന്നുന്നു. ജലകണങ്ങൾ ശരീരത്തിൽ പതിക്കുന്നതിനോടൊപ്പം കുളിർകാറ്റും…ഗ്രാമീണ സൗന്ദര്യം ഇവിടെ ഏറെ അനുഭവിക്കാനുണ്ട്.

സാന്ദ്രയുടെ ഗ്രാമം.

ലക്ഷ്മണേട്ടൻ നെഞ്ചുതടവി പല്ലുകടിക്കുന്നു.

കൂടെക്കൂടെ ഉണ്ടാകുന്ന വിമ്മിഷ്ടം.

മറുകരയിൽ ആൾക്കാർ നിൽക്കുന്നത് അവ്യക്‌തമായെങ്കിലും കാണാം…

ഞങ്ങൾ അക്കരെയെത്തി. അവിടെനിന്നും വീണ്ടും യാത്ര തുടർന്നു.

“ഇനി ഏറിയാൽ ഒരു കിലോമീറ്റർ. അത്രേയുള്ളൂ വീടെത്താൻ…”

കുറേക്കൂടി കഴിഞ്ഞപ്പോൾ അവൾ വിരൽ ചൂണ്ടി.

“ദാ അതാണെന്റെ വീട്.”

അഖിൽ പറഞ്ഞതെത്ര ശരി! ഭിത്തികൾ വിരളമായ ഒരു കൊച്ചു വീട്. പല ഭാഗങ്ങളും പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടു മറച്ചിരിക്കുന്നു.

ഫ്രണ്ടിലെ കൊച്ചു മുറിയിൽ രണ്ടു പ്ലാസ്റ്റിക് കസേരകൾ. അവൾ എനിക്ക് ഒരു കസേര ചൂണ്ടിക്കാണിച്ചു തന്നു. ഞാൻ അതിൽ ഇരുന്നു.

“എന്റെ വീട് എങ്ങനയുണ്ട് വിഷ്ണു നാഥ്‌?”

ഒരു നല്ല കൊച്ചു വീട്. എനിക്കിഷ്ടമായി. ഞാൻ പറഞ്ഞു.

“അപ്പൊ എന്നേം ഇഷ്ടമായി അല്ലെ?”

“എനിക്ക് തന്നെ വലിയ ഇഷ്ടമാടോ… നീ എന്റെ കൂടെ ഇല്ലെങ്കിൽ പിന്നെ ഞാനില്ല. നീ എന്ന് വിളിക്കുന്നതിൽ നിനക്ക് പരിഭവമില്ലല്ലോ?”

“എന്ത് പരിഭവം വിഷ്ണു നാഥ്‌? എന്റെ മഹാഭാഗ്യമല്ലേ ആ വിളി. അച്ഛൻ കിടപ്പു രോഗി.

അമ്മക്ക് കൂലിപ്പണി. വീട് എന്ന് പറയാൻപോലും ഇല്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന കുടുംബം. വിഷ്ണു നാഥിന് എന്നോടുള്ള ഇഷ്ടം എനിക്ക് ഈശ്വരൻ അർപ്പിച്ചുതന്ന സൗഭാഗ്യമല്ലേ?”

അച്ഛൻ എവിടെയാ കിടക്കുന്നത്?

എന്നെയും കൂട്ടി അവൾ അടുത്ത മുറിയിലേക്ക് കടന്നു. കാറ്റിൽ ആടുന്ന പ്ലാസ്റ്റിക് ഭിത്തി. ഒരു കട്ടിലിൽ ഏതോ തുണി ചുരുളിൽ ഒരാൾ മേലേക്ക് നോക്കി കിടക്കുന്നു.

“എന്റെ അച്ഛൻ!”

ഹാ…

അവളുടെ അനുജൻ കിടക്കുന്ന അച്ഛന്റെ മൂക്കിൽ നേസൽ സ്പ്രേ കടത്തിവിടുന്നു.

ഞാൻ പെട്ടി തുറന്ന് കുറെ സ്പ്രെയേഴ്സ് അവിടെ നിരത്തി വച്ചു.

“വിഷ്ണുനാഥിന് എങ്ങനെ അറിയാം എന്റെ അച്ഛന് ഈ സ്പ്രേയുടെ ആവശ്യമുണ്ടെന്ന്?”

ഹാ, അതു പിന്നെ…

സ്പ്രേ മാത്രമല്ല, എല്ലാവർക്കും അളവ് ചേരുന്ന വസ്ത്രങ്ങളും എന്റെ പക്കൽ ഉണ്ട്.

ഞാൻ എല്ലാവർക്കും വാങ്ങിയ വസ്ത്രങ്ങൾ താഴെ ഒരു പായയിൽ വച്ചു.

അമ്മ ജോലി കഴിഞ്ഞ്ഉടനെയൊക്കെ വരും, അല്ലെ,

സാന്ദ്ര?

“അതെ അമ്മ വരാറായി.”

ഞാൻ എന്റെ സ്മാർട്ഫോൺ കുത്തി, സാന്ദ്രയുടെ കയ്യിലേക്ക് നീട്ടി.

എന്റെ അമ്മ, സംസാരിച്ചോളൂ സാന്ദ്ര.

“അയ്യോ വേണ്ട വിഷ്ണു നാഥ്‌…വേണ്ട…എന്റെ ധൈര്യം ചോർന്നുപോയി വിഷ്ണു നാഥ്”

സംസാരിക്ക് സാന്ദ്ര…

ഹലോ…

സാന്ദ്രമോളേ…നീ സംസാരിക്ക്…അവൻ എല്ലാം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. മോൾ ഒട്ടും പേടിക്കേണ്ട…മോടെ വീട്ടിലെ സ്ഥിതി ഞങ്ങൾക്ക് നന്നേ അറിയാം…മോള് പഠിച്ച് ഒരു ജോലിവാങ്ങിയാൽ മാത്രം മതി. നിങ്ങളുടെ വിവാഹം ഉടനെ ഈ അമ്മ നടത്തിത്തരും.”

സാന്ദ്ര വിങ്ങിവിങ്ങി കരയുന്നു. പിന്നെ ഫോൺ എന്റെ കയ്യിലേക്ക് വച്ചുതന്നു.

ആദ്യമായാണ് ഞാൻ അവളെ ഈ നിലയിൽ കാണുന്നത്.

സാന്ദ്രാ , നീ ഇത്രക്കും മണ്ടിയാണോ? ഞാൻ ചോദിച്ചു.

************

ഒരു ശുഭ മുഹൂർത്തത്തിൽ സാന്ദ്രയുടെയും വിഷ്ണുനാഥിന്റെയും വിവാഹകർമ്മം നടന്നു.

തൊട്ടടുത്തമാസം അവരുടെ പോസ്റ്റ് ഗ്രാജ്വേഷൻ റിസൾട്ടും വന്നു. സാന്ദ്രക്ക് ഫസ്റ്റ് ക്ലാസ്. മികച്ച മാർക്ക്.

വിഷ്ണുനാഥും പാസ്സായി.

സാന്ദ്രയുടെ ഫാമിലിയെയും, ജീവിതത്തെയും അടിവേരൂരി, അവിടെനിന്നും നഗരത്തിലേക്ക് കുടിയേറിപ്പാർപ്പിക്കാൻ വിഷ്ണു നാഥ് തീരുമാനിച്ചു.

പക്ഷേ സാന്ദ്ര വരില്ല. എത്ര കഷ്ടപ്പാടാണേലും,

യാത്രകൾ ദുരിതയാത്രകൾ ആണേലും, അവളുടെ ഗ്രാമം വിട്ട് അവൾ എങ്ങോട്ടുമില്ല. ഈ അവസ്ഥയിൽ അവൾക്ക് ഒരു വീട് അവിടെത്തന്നെ പണികഴിപ്പിക്കാൻ വിഷ്ണു നാഥ്‌ തുടങ്ങി. വീടിന്റെ വലുപ്പം സ്കെച്ചിൽ കണ്ട് അവൾ ചിന്താകുലയായി.

“വിഷ്ണു എന്നോട് ക്ഷെമിക്കണം. ഒരു കൊച്ചു വീടു വച്ചാൽ മതി, അതും എന്റെ ഈ ഗ്രാമത്തിലും,

അയലിലും ഒതുങ്ങിക്കൂടി, ഒരു വലിയ വ്യെത്യാസം സൃഷ്ടിക്കാത്ത, വീടുതന്നെ ആയിരിക്കണം.

എന്റെ ഗ്രാമം എനിക്ക് വലുതാണ്, എന്റെ ഗ്രാമ വാസികൾ എനിക്ക് വലുതാണ്, അവർക്ക് എന്നോടുള്ള സംസാരരീതികളോ, ഇടപെടീലുകളോ, അങ്ങനെ ഒന്നിനും തന്നെ ഒരു മങ്ങൽ ഏൽക്കാൻ പാടില്ല.

അവർ, സാന്ദ്രാ…എന്ന് എന്നെ നീട്ടിവിളിക്കുന്ന ആ വിളി എന്റെ ജീവന്റെ ഒരു ഭാഗമാണ് വിഷ്ണു…

അവയൊക്കെ അങ്ങനെതന്നെ നിലകൊള്ളട്ടേ…

ശരി, സാന്ദ്ര, നിന്റെ ഇഷ്ടംപോലെ നടക്കട്ടെ…

നിനക്ക് എന്നോടുള്ള സ്നേഹവും ഇത്രയും ദൃഢത കാത്തുസൂക്ഷിക്കുമല്ലോ…നിനക്കതിനെ കഴിയൂ…

സാന്ദ്ര അങ്ങനെയാണ് വിഷ്ണുനാഥ്…സാന്ദ്ര എപ്പോഴും അങ്ങനെതന്നെ ആയിരിക്കും … അവർ മുഖാമുഖം നോക്കിയിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : R Muraleedharan Pillai

Scroll to Top