ഈ കല്യാണം, അത് ശെരിയാവില്ല അമ്മേ.. എന്ന് പറഞ്ഞു കൊണ്ട് ഞാൻ പുറത്തോട്ട് ഇറങ്ങി പോയി…

രചന : അനിത പൈക്കാട്ട്.

ചെറുകഥ : സ്‌നേഹവീട്

**************

“ഏങ്ങോട്ടാ?..”

“നാട്ടിലേക്ക് ..”

“സ്ഥലം ഏതാണ് എന്നാ ചോദിച്ചത്?..”

എതിർ സീറ്റിലിരിക്കുന്ന ആൾ അടുപ്പം സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണെന്ന് മനസ്സിലായി.

“സ്ഥലം കണ്ണൂർ..”

“കണ്ണൂരിൽ എവിടെ ?..”

“ഇരിട്ടി..”

വീണ്ടും അടുത്ത ചോദ്യം വരുന്നതിന് മുന്നേ കണ്ണുകൾ അടച്ചു പിടിച്ചു, ഉറങ്ങുകയാണ് എന്ന് കരുതട്ടെ ആരോടും ഒന്നും സംസാരിക്കാനില്ല, എന്ത് പറയാൻ.. പറയേണ്ടത് പറയണ്ട സമയത്ത് പറഞ്ഞില്ലല്ലോ?..

ഇനിയെന്ത് പറയാൻ ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തി, ബാഗ് എടുത്തു ഇറങ്ങാൻ നേരം എതിർ സീറ്റിലേക്ക് ഒന്ന് നോക്കി എന്നോട് കുശലം ചോദിച്ച ആളെ കാണാനില്ല

അയാൾ അയാളുടെ സ്ഥലത്ത് ഇറങ്ങി കാണും,

ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല.

കണ്ണടച്ചു കിടന്നു അങ്ങ് ഉറങ്ങിപ്പോയി

റെയിൽവെ സ്റ്റേഷനിൽ ഒരു നിമിഷം നിന്നു

ആരും എന്നെ കാത്തിരിക്കുന്നില്ലെന്നറിയാം,

ഞാനും ആരെയും പ്രതീക്ഷിക്കുന്നുമില്ല…

പക്ഷേ,.. ഒരു ശ്വാസതടസ്സം പോലെ, മനസ്സ് കൈവിട്ടു പോകുന്ന പോലെ, ഇങ്ങനെ ഒരു വരവ് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല. പക്ഷെ വരേണ്ടി വന്നു.

“ടാക്സി വേണോ സാർ..”

ടാക്സി ഡ്രൈവർമാരുടെ ബഹളം… മുന്നിൽ കണ്ട ടാക്സിയിൽ കയറി സ്ഥലം പറഞ്ഞു കൊടുത്തു.

ടാക്സിയിൽ കണ്ണടച്ചു ഇരിക്കാൻ തോന്നിയില്ല

എന്റെ ഉള്ളം തുടി കൊട്ടുകയാണ്?..

പിന്നെ എനിക്കെങ്ങിനെയാണ് കണ്ണടച്ച് ഇരിക്കാനാവുക. ഇരുപത് വർഷം മുൻപെ ഞാൻ നടന്ന വഴിയോരങ്ങൾ. നീണ്ട ഇരുപത് വർഷങ്ങൾ കൊണ്ട് എന്റെ നാടിന് വന്ന മാറ്റം ഞാൻ ഒന്നു നോക്കിക്കാണട്ടെ

ഒട്ടും മാറ്റം ഇല്ലാത്തത് എനിക്കാണോ!! വീണ്ടും മനസ്സ് കൈ വിട്ട് പോകുന്ന പോലെ തോന്നി.

അച്ഛൻ കുട്ടിക്കാലത്ത് തന്നെ ഞങ്ങളെ വിട്ടു പോയി, അമ്മയുടെ തണലിലായിരുന്നു പിന്നിട് ഉള്ള ജീവിതം. എന്നെക്കാളും ഏഴ് വയസ്സ് പ്രായം കൂടുതലള്ള ജേഷ്ഠൻ പിന്നെ കുടുംബ ഭാരം ഏറ്റെടുത്തു, കൃഷിയായിരുന്നു ഞങ്ങളുടെ മുഖ്യ വരുമാനം. എന്നെയും ഇളയ സഹോദരിയെയും പഠിപ്പിച്ചു, ഇളയവളെ കല്യാണം കഴിപ്പിച്ചു കൊടുക്കുയും ചെയ്തു.

ഞാൻ എന്റെ സ്വപ്നങ്ങൾക്ക് നിറം കൊടുക്കുകയായിരുന്നു. പഠിപ്പ് കഴിഞ്ഞു ഇനി ഒരു ജോലി നേടണം,

ഏട്ടന് ഒരു കുടുംബമായി കഴിഞ്ഞാൽ ഉടൻ അവളെ സ്വന്തമാക്കണം

എന്റെ അമ്മുവിനെ.

എന്റെ ബാല്യകാലസഖി, എന്റെ പ്രണയത്തിന്റെ രാജകുമാരി, എന്റെ കവിതകളിലെ പൊൻ വസന്തം,

എല്ലാം അവൾ ആയിരിന്നു അമ്മു എന്ന അർച്ചന. ഏട്ടന്റെ കല്യാണം നീണ്ടു പോകുന്നു, “കൃഷിക്കാരന് പെണ്ണിനെ കിട്ടാൻ വലിയ പാടാണ് ഇന്നത്തെ പെൺകുട്ടികളല്ലേ അവർക്ക് ഉദ്യോഗസ്ഥർ മതി..”

അമ്മാമൻ അമ്മയോട് പറഞ്ഞു. അമ്മ തന്നെ ഒരു വഴി കണ്ടു പിടിച്ചു നമ്മുടെ കിഴക്കേലെ ദേവകിയുടെ മൂത്ത മകളെ ആലോചിച്ചാലോ

ഏട്ടാ, അവൾക്കത് വലിയ ഒരാശ്വാസം ആയിരിക്കും

മൂന്ന് പെണ്മക്കളും പുര നിറഞ്ഞു നിൽക്കുകയല്ലെ…

പിന്നെ എല്ലാം പെട്ടന്നായിരുന്നു പെണ്ണ് കാണലും,

ഉറപ്പിക്കലും..

ഞാൻ ഒരു ഇന്റർവ്യൂന് പോയ സമയത്തായിരുന്നു ഈ കാര്യങ്ങളൊക്കെ നടന്നത്, പെണ്ണിന്റെ കാരണവന്മാർ സമ്മതം മൂളിയപ്പോൾ ഇനി വെച്ച് നീട്ടണ്ട ഉറപ്പിച്ചങ്ങ്‌ വെക്കാമെന്ന് പറഞ്ഞു.

ശ്രീധരമ്മാമൻ തിടുക്കപ്പെട്ടു ആ ചടങ്ങ് നടത്തി.

ജേഷ്ഠന്റ സന്തോഷം കണ്ട് അമ്മക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ വാക്കില്ലെന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ എനിക്കും വലിയ സന്തോഷം തോന്നി, ഏട്ടന് വന്ന മാറ്റം ഞാനും കണ്ടു, ഞാൻ ഇതിന് മുന്നേ പല തവണ ഇന്റർവ്യൂന് പോയപ്പോഴും,

“എങ്ങനെയുണ്ട് പോയിട്ട്, നിനക്ക് ഈ ജോലി കിട്ടോ?..”

എന്ന് ഒരു ചോദ്യം ചോദിച്ചിട്ട് ഉത്തരത്തിന് കാത്തു നിൽക്കാതെ നടന്നു പോകുന്ന ആളായിരുന്ന ജേഷ്ഠൻ,

ആ ആളാണ് ഇപ്പോ ഇന്റർവ്യൂനെപ്പറ്റി ചോദിക്കുകയും, ഈ ജോലി നിനക്ക് കിട്ടും നീ ടെൻഷനടിക്കണ്ട എന്ന് എന്റെ ചുമലിൽ തട്ടി ചിരിച്ചു കൊണ്ട് പറയുന്ന ജേഷ്ഠനെ ഞാൻ അതിശയത്തോടെ നോക്കി.

” നീ ക്ഷീണിച്ചു പോയിട്ടോ പോയി റെസ്റ്റ് എടുക്കു ഇനി ഓടാനുള്ളതാണ് ”

” ഏട്ടന് ഒറ്റക്ക് ഒന്നും ആവില്ലാന്നറിയാല്ലോ..

നീ വേണം എന്റെ ഒപ്പം.. ”

ഏട്ടന്റെ ഈ വാക്കുകൾ കൂടി കേട്ടപ്പോൾ ഏട്ടനെ ഒന്നു ചേർത്തു പിടിക്കാൻ വല്ലാത്ത കൊതി തോന്നി.

“എവിടെയാണ് അമ്മേ ഏട്ടന്റെ പെണ്ണ്,.”

അമ്മ ചായയും അടയും എടുത്തു വെക്കുമ്പോൾ ഞാൻ ചോദിച്ചു…

ആ കിഴക്കേല ദേവകിയില്ലേ അവളുടെ മൂത്ത മോൾ അർച്ചന.. മുഴുവനും കേട്ടോന്നറിയില്ല.

“അമ്മേ”

ഒന്ന് അലറിപ്പോയി.. അമ്മ ഞെട്ടിപ്പോയി

“എന്താ എന്താടാ ”

“അത് അത് ശെരിയാവില്ല”

നീ എന്താ ഈ പറയണത് അമ്മയുടെ ചോദ്യത്തിന് മറുപടി പറയാതെ ഞാൻ പുറത്തോട്ട് ഇറങ്ങി,

അവളെ ഒന്ന് കാണണം

നേരെ അർച്ചനയുടെ വീട്ടിലേക്ക് പോയി.

“അർച്ചനേ..” ഞാൻ അലറി തന്നെ വിളിച്ചു

ദേവകിയേടത്തി മുൻപിലേക്ക് വന്നു.

“വികാസോ എന്താ മോനെ ”

“അവൾ എവിടെ.. അർച്ചന..?

” അവളോ!! കുറച്ചു നാൾ കഴിഞ്ഞാൽ നിന്റെ ഏട്ടത്തിയമ്മയാവേണ്ടവളാ അത് നീ മറന്നു പോയോ..?”

അത് കേട്ടപ്പോൾ ആകെ വലിഞ്ഞ് കേറി.

” നിങ്ങൾ അവളെ വിളിക്കുന്നുണ്ടോ..?

“അതിന് അവൾ ഇവിടെ ഇല്യാലോ, എന്റെ ആങ്ങളയുടെ വീട്ടിൽ പോയിരിക്കുകയാണ്..ⁿ

എനിക്ക് ആകെ വട്ട് പിടിക്കുന്ന പോലെ തോന്നി.

ഞാൻ അന്ന് വീട്ടിലേക്ക് പോയില്ല

വീടിന് തൊട്ടടുത്ത് വളം വെക്കുന്ന ഷെഡിൽ പോയി കിടന്നു. ശ്രീധരമ്മാമ അന്വേഷിച്ചു വന്നു
എന്താണ് പ്രശ്നം എന്ന് ചോദിച്ചു?..

മാമനോടും തുറന്നു പറയാൻ മടി കാണിച്ചു.

മാമൻ നിർബന്ധിച്ചപ്പോൾ വീട്ടിലേക്ക് കൂടെ പോകണ്ടി വന്നു അർച്ചനെയും കാണാൻ പറ്റിയില്ല.

കല്യാണത്തിന്റെ ഒരുക്കങ്ങൾ വീട്ടിൽ തകൃതിയായി നടക്കുന്നു, ഇരുപത് വയസ്സിൽ തുടങ്ങിയ പ്രണയമാണ് അഞ്ച് വർഷമായി എന്റെത് മാത്രമാണെന്ന് കരുതിയവളെ മറ്റ് ഒരാൾക്ക് വിട്ട് കൊടുക്കാനോ?.. എന്റെ കൺമുന്നിൽ അവൾ ഈ വീട്ടിൽ ഏട്ടന്റെ ഭാര്യയായി കഴിയുന്നത് കാണാനോ ?..

ഓർക്കുമ്പോൾ എന്റെ ഹൃദയം പൊട്ടി പിളരുന്ന പോലെ തോന്നി. അവൾ.. അവളും എന്നെ ചതിച്ചു, ഒന്ന് കാണണമായിരുന്നു അവളെ

അവൾ മന:പൂർവ്വം മാറിക്കളഞ്ഞതാണ്

ഞാൻ വരുമെന്ന് കരുതി തന്നെ. ഓരോന്ന് ഓർത്തു ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലെത്തി

രാത്രി കുറച്ചു ഡ്രസ്സും സർട്ടിഫിക്കറ്റുകളും എടുത്തു ഞാൻ എന്റെ വീട്ടിൽ നിന്ന് ഇറങ്ങി നേരെ മുംബൈയിലേക്ക് വണ്ടി കയറി.

നീണ്ട ഇരുപത് വർഷം.. മുംബൈ എന്റെ എല്ലാമായി മാറി, അമ്മയുടെ മരണം കൂട്ടുകാരൻ മുഖേന ഒരിക്കൽ അറിഞ്ഞു. നിന്റെ അമ്മ നിന്നെ ഓർത്തു ആധി പിടിച്ചാ മരിച്ചത്, അവൻ അത് പറഞ്ഞപ്പോൾ കുറേ നാളുകൾ അത് എന്റെ ഉറക്കം കെടുത്തി.

അമ്മ.. എന്റെ അമ്മ.. എന്റെ നെഞ്ചകം പുകയുന്ന പോലെ തോന്നി, തണുത്ത ഒരു കാറ്റ് എന്നെ തലോടി കടന്നുപോയി അമ്മയുടെ മണം ആ കാറ്റിനുണ്ടെന്ന് എനിക്ക് തോന്നി

വീണ്ടും വർഷങ്ങൾ പത്ത് കഴിഞ്ഞു ശ്രീധര മാമന്റെ മകൻ എന്നെ തിരഞ്ഞു കണ്ടുപിടിച്ചു

അവന് ഒന്നെ പറയാൻ ഉള്ളു നാട്ടിലേക്ക് പോകണം എന്ന്.

ജേഷ്ഠന്റെ കത്തുകളും വരാൻ തുടങ്ങി

“മരണം തൊട്ട് അടുത്തു ഉണ്ട് നിന്നെ ഒന്ന് കാണണം ഞാൻ മരിക്കുന്നതിന് മുൻപേ..”

ജേഷ്ഠന്റെ കണ്ണീർ വീണ് ഉണങ്ങിയ എഴുത്ത് എന്നെ നാട്ടിലെക്ക് എത്തിച്ചു. സായം സന്ധ്യ ആകാശത്ത് അതിന്റെ മിനുക്ക് പണികൾ നടത്തി ഒരു ചിത്രകാരന്റെ കലാവിരുതു തോറ്റു പോകുന്ന വിധത്തിൽ ആകാശമെന്ന ക്യാൻവാസ്സിൽ സായംസന്ധ്യ വരച്ച ചിത്രം എന്റെ ഹൃദയത്തിൽ ഒരു കവിത വിരിയിച്ചു.

ടാക്സിയിൽ നിന്ന് ഇറങ്ങി ഡ്രൈവർക്ക് പൈസ കൊടുത്തു മുറ്റത്തേക്കുള്ള ഒതുക്കു കല്ലുകൾ ഇറങ്ങുമ്പോൾ എന്റെ മനസ്സ് പാകപ്പെട്ടു വന്നിരുന്നു. “സ്നേഹ വീട് ” എന്ന് ചുമരിലെഴുതിയ ബോഡ് പൊടി പിടിച്ചിരിക്കുന്നു..

വീട്ടിനുള്ളിലേക്ക് കയറി.

“വികാസേ നീ എത്തിയോ ”

ഏട്ടന്റെ കൂട്ടുകാരൻ ദാസേട്ടൻ മുന്നിലേക്ക് വന്നു.

” വാ നിന്നെ നോക്കിയിരിക്കുകയാണ്

വാസുദേവൻ ”

ജേഷ്ഠന്റെ മുറിയിൽ കടന്നപ്പോൾ കണ്ടു എല്ല് ഉന്തിയ ഒരു രൂപം.

” മോനെ നീ വന്നോടാ.. ”

ജേഷ്ഠന്റെ “മോനെ” എന്ന വിളി എന്നെ ആകെ ഉലച്ചു. ജേഷ്ഠന്റെ എല്ലു മാത്രമുള്ള മാറിൽ ഞാൻ മുഖമമർത്തി തേങ്ങി.

” കുളിച്ചു വാ എന്നിട്ട് നമുക്ക് ചായ കുടിക്കാം.. ”

ദാസേട്ടൻ വന്നു വിളിച്ചു

എന്റെ കണ്ണുകൾ അവിടെയൊക്കെ തിരഞ്ഞു

” ഇവിടെയാരുമില്ല ഞങ്ങൾ രണ്ടുപേർ മാത്രം..”

എനിക്ക് ഒന്നും മനസ്സിലായില്ല.. കുറേ ചോദ്യങ്ങൾ എന്റെ മുന്നിൽ നിരന്നു നിന്നു,

അത് മനസ്സിലാക്കിയ മട്ടിൽ ദാസേട്ടൻ പറഞ്ഞു.

“ആ കല്യാണം നടന്നില്ല.. വാസവൻ (ദാസേട്ടൻ ഏട്ടനെ അങ്ങിനെയാ വിളിക്കാറ്) ആ കല്യാണത്തിന് സമ്മതിച്ചില്ല അവന് നിങ്ങൾ തമ്മിലുള്ള ഇഷ്ടം അറിയില്ലായിരുന്നല്ലോ,

നീ വീട് വിട്ട് പോയത് ഈ കാരണം കൊണ്ടാന്ന് അറിഞ്ഞപ്പോൾ അവനാകെ തകർന്നില്ലേ..”

“ആ പെണ്ണും കല്യാണം കഴിക്കാതെ നീ എന്നെങ്കിലും വരുമെന്ന് പറഞ്ഞു നിന്നെയും കാത്തിരിക്കുന്നു

ഒരു നിമിഷം ഞാൻ ജേഷ്ഠന്റെ മുഖത്തേക്ക് ഒന്ന് നോക്കി എത്രയും വേഗം ആ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ മനസ്സ് തിടുക്കപ്പെട്ടു.

സേനഹവീടിന്റെ ആ ഉമ്മറത്തു വെറും നിലത്തു ഇരുന്നു ഞാൻ ഏങ്ങി കരഞ്ഞു എന്തിനെന്നറിയാതെ

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

ശുഭം….

രചന : അനിത പൈക്കാട്ട്.

Scroll to Top