എന്തായിരുന്നു അയാളെ ഇന്നലെ ഇത്രയും ദേഷ്യം പിടിപ്പിച്ച സംഭവം…

രചന : ധന്യ ലാൽ

നിതാര

*************

“ഞാൻ നിന്നെ തുറന്നു വിടട്ടെ റൂബി?..ഭർത്താവ് ഓമനിച്ചു വളർത്തുന്ന വിലകൂടിയ വിദേശ തത്തയ്ക്ക് പാലും പഴവും നല്കുന്നതിനിടെ കവിളിൽ നീലിച്ചു കിടക്കുന്ന വിരൽ പാടുകളിൽ പതിയെ തടവി നിതാര അതിനോട് ചോദിച്ചു

“തുറന്നു വിടാനോ, അപ്പോ.. അയാൾ അറിയുമ്പോൾ.. വഴക്ക് പറയില്ലേ നിന്നെ”

“പറയും..ചിലപ്പോൾ തല്ലുകയും ചെയ്യുമായിരിക്കും..ന്നാലും”

“അത് വിടൂ, എന്തായിരുന്നു അയാളെ ഇന്നലെ ഇത്രയും ദേഷ്യം പിടിപ്പിച്ച സംഭവം”.

**************

”അനിയേട്ടാ, ഇന്ന് ശിഖ വിളിച്ചിരുന്നു ഞങ്ങളുടെ ബാച്മേറ്റ്സ് എല്ലാവരും കൂടി ക്യാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി ദാനം ചെയ്യുന്നുണ്ട്, എനിക്ക് നല്ല നീണ്ട മുടി ആണല്ലോ..

അപ്പൊ എന്നോടും കൊടുക്കാമോ എന്ന് ചോദിച്ചു”

“നിനക്കെന്താ താരാ വട്ടാണോ,നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് നിന്റെ സൗന്ദര്യം,

പ്രത്യേകിച്ചു നിന്റെ കണ്ണിന്റെയും മുടിയുടെയും,

അത് കണ്ടു മാത്രമാണ് ഓണം കേറാ മൂലയിലെ ആ ദാരിദ്ര്യം പിടിച്ച വീട്ടിൽ നിന്നും നിന്നെ ഞാൻ കെട്ടിയെടുത്തോണ്ടു വന്നത് എന്ന്, ആ മുടിയും കൂടി പോയാൽ പുതിയ കൺസ്ട്രക്ഷൻ സൈറ്റിൽ കോലമായിട്ടു വയ്ക്കാം അല്ല പിന്നെ, മേലാൽ ഇത്തരം വട്ടും കൊണ്ട് എന്റടുത്തേക്ക് വന്നേക്കരുത് കേട്ടല്ലോ”

**************

“വെട്ടിയാലും വെട്ടിയാലും പിന്നെയും വളരുന്ന ഒരിത്തിരി മുടി ,അതിനിത്രയും ദേഷ്യപ്പെടാൻ എന്താ”, റൂബി ആലോചനയോടെ ചോദിച്ചു..

“ഞാൻ അത് ചോദിച്ചു, അതിനു കിട്ടിയ സമ്മാനം ആണീ കവിളത്ത് കാണുന്നത്”

“അല്ല കഴിഞ്ഞ ആഴ്ച നിന്റെ അമ്മയും അച്ഛനും വന്നു പോയ അന്ന് രാത്രിയും ഇത് പോലെ ബഹളം കേട്ടല്ലോ എന്തിനായിരുന്നു”

ഓ, അതോ..

**************

“ഏട്ടാ,അമ്മ ഇന്നലെ ആതിരയുടെ കല്യാണത്തിന് പോയപ്പോൾ പത്തിൽ എന്നെ കണക്കു പഠിപ്പിച്ച ജാനകി ടീച്ചറെ കണ്ടിരുന്നു, ക്ലാസ്സിൽ ഒന്നാമത് ആയിരുന്ന ഞാൻ പഠിച്ചു വലിയ ജോലി നേടിയിട്ടുണ്ടാകും എന്നാ ടീച്ചർ കരുതിയെ,പക്ഷേ ഞാൻ ജോലിക്ക് ഒന്നും പോകാതെ വീട്ടമ്മ ആയിട്ട് ഇരിപ്പാണ്‌ എന്നറിഞ്ഞപ്പോൾ ടീച്ചർക്ക് ഒത്തിരി സങ്കടമായി എന്നൊക്കെ പറഞ്ഞു”

“ആ ഇനി നീ നാട്ടുകാരെ കാണിക്കാൻ കെട്ടി ഒരുങ്ങി ജോലിക്ക് പോകാത്ത കുറവേയുള്ളൂ,നിന്നെ ഇട്ട് മൂടാൻ ഉള്ള സമ്പത്ത് ഇപ്പൊ ഇവിടെ ഉണ്ട്, പോരാത്തതിന് ഞാൻ പിന്നെയും സമ്പാദിക്കുന്നും ഉണ്ട്,നീ കൊണ്ട് വന്നിട്ട് വേണ്ട ഇവിടെ കുടുംബം പുലരാൻ, ഹാ ഇതൊന്നും പിന്നെ നിന്റെ തള്ള ടീച്ചറോട് പറഞ്ഞും കാണില്ലല്ലോ,കിടക്കാൻ നേരം ഓരോന്നും പൊക്കി പിടിച്ചോണ്ട് വന്നോളും

മനുഷ്യന്റെ മൂഡ് കളയാനായിട്ട് ,ഇഡിയറ്റ്,ഇതിലും ഭേദം കാശും കൊടുത്തു വല്ലിടത്തും………

**************

“അപ്പോ പിന്നെ നിന്റെ ഡാൻസ് പ്രാക്ടീസ് ??”

“ഹും ,ഡാൻസ്.. ഡാൻസ്, എഴുത്ത്,ചിത്രത്തുന്നൽ, യോഗ ട്രെയിനർ,

ഒന്നുമില്ല…. ഒന്നും…..”

“ബെസ്റ്റ്, ഈ നീയാണോ എന്നെ തുറന്നു വിടാൻ പോകുന്നേ,ആദ്യം നീ സ്വയം സ്വതന്ത്ര ആകൂ താരാ”

“അതെങ്ങനെ പറ്റും,വളർത്തി വലുതാക്കി ഈ നിലയിൽ എത്തിച്ച അച്ഛനമ്മമാരേ സങ്കടപ്പെടുത്തി എനിക്ക് ഇവിടം വിട്ടു തിരിച്ചു പോകണ്ട.. അവരോട് എനിക്ക് ഉള്ള കടപ്പാട് എന്നെ അതിന് സമ്മതിക്കില്ല”

“കടപ്പാടോ എന്ത് കടപ്പാട്, നീ അത്കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്, അങ്ങനെ എങ്കിൽ അവർ അത്യാവശ്യം നല്ല രീതിയിൽ പഠിക്കുമായിരുന്ന നിന്നെ ,നീ ആഗ്രഹിച്ച അത്രയും പഠിപ്പിച്ചു ജോലിക്ക് പ്രാപ്തയാക്കിയോ,സമ്പന്ന കുടുംബത്തിൽ നിന്നുമൊരാലോചന വന്നപ്പോൾ തന്നെ അവര് കടമ തീർത്തു വിട്ടു…

അവരോടും, ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും നിന്നെ വെറുമൊരു വീട്ടമ്മയായി തളച്ചിട്ട ഭർത്താവിനോടും ,നിന്നോടവർക്കില്ലാത്ത ദയയും കടപ്പാടും തിരിച്ചങ്ങോട്ട് എന്തിനാണ്, നിന്റെ ലോകം വിശാലമാണ്, നിന്നെ ബന്ധിച്ച ചങ്ങലക്കണ്ണികൾ പൊട്ടിച്ചു നീ ആദ്യം സ്വതന്ത്രയാകൂ എന്നിട്ടല്ലേ ….

“അയ്യോ അദ്ദേഹം വരുന്നു,പോയി കാപ്പി ഇടട്ടെ..”

“കടമ, കടപ്പാട്, ഉത്തരവാദിത്തം, മണ്ണാങ്കട്ട ,തൂഫ്,” അകത്തേക്ക് ഓടുന്നവളെ നോക്കി കൂട്ടിൽ കിടന്നു റൂബി ചിലച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : ധന്യ ലാൽ