മനുഷ്യാ… നിങ്ങടെ തള്ളയോട് പറഞ്ഞേക്ക് ഈ തലേ ദിവസത്തെ വളിച്ചതും , പുളിച്ചതും തീറ്റ നിർത്താൻ…

രചന : Shine Shine

“മനുഷ്യാ…നിങ്ങടെ തള്ളയോട് പറഞ്ഞേക്ക് ഈ തലേ ദിവസത്തെ വളിച്ചതും , പുളിച്ചതും തീറ്റ നിർത്താൻ..പഴകിയ ഭക്ഷണം കഴിച്ച് ആളുകൾ ചത്തോണ്ടിരിക്കണ ഈ കാലത്ത് അവർക്ക് തലേ ദിവസത്തെ ഭക്ഷണമേ ഇറങ്ങൂ… എന്തെങ്കിലും പറ്റിയാൽ ആളുകൾ ഞാൻ വിഷം കൊടുത്ത് കൊന്നതാണെന്ന് പറയും…ഒരു കാട്ടുമാക്കാന്റ ജന്മമാണ് ഈ തള്ള”

വായിച്ചുകൊണ്ടിരുന്ന രാമായണം മടക്കി വെച്ച് അമ്മ ഞങ്ങടെ അരുകിലേയ്ക്ക് വന്നു…

“എന്നതാടാ ഇവൾ പറഞ്ഞത്”

“അമ്മേ..നാട്ടിലൊക്കെ ഭക്ഷ്യവിഷബാധയാണ്…

അതുകൊണ്ട് അമ്മ പഴയ ഭക്ഷണം കഴിക്കൽ നിർത്തണമെന്ന് അവൾ പറയുകയായിരുന്നു”

“ഓ…എന്നതാടാ..നിന്റെ പെണ്ണും പുള്ളക്ക് എന്നോട് ഇത്ര സ്നേഹം…ഞാൻ ചത്തൊഴിയാൻ കാത്തിരിക്കണ ഓൾക്ക് ഇപ്പോൾ എന്നാ പ്രണയമാണ് .. എന്റ ശിവനേ”

“തള്ളേ… നിങ്ങളോടുള്ള പ്രേമം അല്ല..

എന്തെങ്കിലും പറ്റിയാൽ ആളുകൾ എന്നെയെ പറയൂ”

“എടി…മറ്റുള്ളവരുടെ വാക്കിനായ് ജീവിക്കാതെ ഒരു ദിവസമെങ്കിലും അവനവന്റെ വാക്കിനായ് ജീവിക്ക്..തള്ള ചാകണതിൽ അല്ല അവൾക്ക് വിഷമം ആളുകൾ പറയണതിലാ..”

“അമ്മ പഴങ്കഞ്ഞി കുടിക്കാതെ ദേ…അവൾ അപ്പവും മൊട്ടക്കറിയും ഉണ്ടാക്കിവെച്ചിട്ടുണ്ട്..അത് കഴിക്ക്”

“ഈ നാരായണിക്ക് വയസ്സ് 75 ആയേ…ചറപറാ ഓടിനടക്കണതിന്റ കാര്യം ഈ പഴങ്കഞ്ഞി ആണേ…നിന്റെ ഭാര്യയുടെ അപ്പവും, മൊട്ടക്കറിയും തിന്നിരുന്നേൽ ഇപ്പോൾ ശ്രാദ്ധം 17 കഴിഞ്ഞേനെ”

“അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കുമോ”

“ഇല്ലെടി…ഇത് മെത്തയിൽ കിടന്ന് വളർന്ന അട്ടയല്ല.. എടാ കരിംഭൂതമേ… നിനക്ക് ഞാൻ ചെറുപ്പത്തിൽ അപ്പം ഉണ്ടാക്കിതന്നിട്ടുണ്ട്…അരി ഉരലിൽ പൊടിച്ച് നല്ല പനംകള്ള് ചേർത്ത് ചുട്ടെടുക്കണ കള്ളപ്പം.. അതിന്റ കൂടെ നല്ല തേങ്ങാവറുത്തരച്ച കോഴിക്കറിയും..അന്ന് നീ ചട്ടിവടിച്ച് തിന്നുവായിരുന്നു..

ഇപ്പോൾ എന്നതാടാ…രണ്ടു കഷണം തിന്നിട്ട് നീ തീറ്റ നിർത്തണേ…എടാ…ഞാൻ വറ്റൽ മുളക് മേടിച്ച് രണ്ടുനീര് കഴുകി പനമ്പേൽ ഇട്ട് , കാക്ക ചിറകും, കണ്ണാടിയും കാവൽ ഇരുത്തി മുളക് പൊടിച്ചെടുത്താ കറി വെച്ചത്…

നിന്റെ സുന്ദരി മുത്ത് സാറാ കറിപ്പൊടിയല്ലേ ഉപയോഗിക്കൂ…അതാണ് നിനക്ക് രണ്ടു കഷണം തിന്നുമ്പോഴെ മതിവരണത്…നല്ല കുടംപുളി ഇട്ട് വറ്റിച്ച മീൻ കറി നാലുദിവസം കേടാകാതെ കഴിക്കാം..ഇവക്കടെ ഫിഷ് മസാല ചേർത്തകറിയിൽപിറ്റേ ദിവസം കുമളപൊങ്ങും..

എടാ പെൺകോന്താ…ഞങ്ങളൊക്കെ പാചകം പഠിച്ചത് ഞങ്ങടെ അമ്മമാര് ചെയ്യണതും പറയണതും കണ്ടും കേട്ടാ…നിന്റെ മുത്തുമണി പഠിച്ചത് വനിതവായിച്ച്…അപ്പോൾ ആള് ചാകും..

എടാ കരിമാക്രി… നിനക്ക് നാണമില്ലേടാ…ഈ പ്രായത്തിൽ പെണ്ണുംപിള്ള യുടെ വാക്ക് കേട്ട് ഫെയർ ആന്റ് ലൗലി തേച്ച് നടക്കാൻ…ആ തെക്കേ തൊടിയിൽ ഞാൻ നട്ട നല്ല മഞ്ഞളുണ്ട്…

അതിൽനിന്ന് രണ്ടെണ്ണം പറിച്ച് മുഖത്ത് തേക്ക്…നീ വെളുത്തുവരും..ഫെയർ ആന്റ് ലൗലി തേച്ച് വീട് വെളുക്കും നീ വെളുക്കില്ല”

“ഈ തള്ളക്ക് ഭ്രാന്താ”

“അതേടി സത്യം പറയണവനൊക്കെ ഭ്രാന്താ..

എടി…തലമുറ, തലമുറയായി വാമൊഴിയിലൂടെ പകർന്നു കിട്ടണ ചില കറിക്കൂട്ടുകൾ ഉണ്ട്…അതിന്റ ചേരുവ ചേർത്ത് കറിയുണ്ടാക്കിയാൽ ഒരു വിഷബാധയും ഏല്ക്കില്ല..അല്ലാതെ മാനസിക രോഗികൾ എഴുതണ പാചകകുറിപ്പിലെ പരീക്ഷണത്തിന് പോയാൽ ..

ഒരു ഭഗവാനും നിന്നെ രക്ഷിക്കാനാകില്ല…

എടി… അയൽവീട്ടിലൊക്കെ വൈകുന്നേരം പോകണം..ആളുകളുമായ് സംസാരിക്കണം…

സംസാരത്തിൽ പല അറിവും കിട്ടും..അല്ലാതെ കോട്ടകെട്ടി..അതിനുളളിൽ ഫെയ്സ്ബുക്ക് കളിച്ചിരുന്നാൽ നീ പരിഷ്കാരിയാകും.. പക്ഷെ നമ്മുടെ നാടെന്നാ…നാട്ടുകാരെന്നാ എന്നറിയാതെ പോകും”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Shine Shine