എന്നെ പറഞ്ഞ് വിട്ടിട്ട് എന്തെങ്കിലും വേണ്ടാധീനം ഒപ്പിക്കാൻ വല്ല പ്ളാനുമുണ്ടോ…

രചന : സജി തൈപ്പറമ്പ്

രമേ … നീ ഇറങ്ങുന്നില്ലേ? ഒൻപതരയ്ക്കുള്ള ബസ്സ് പോയാൽ പിന്നെ ഹൈറേഞ്ചി ലേക്കുള്ള ബസ്സ് ഉച്ചകഴിഞ്ഞേയുള്ളു അറിയാമല്ലോ?

മുറിയടച്ചിട്ട് ഒരുങ്ങാൻ കയറിയ ഭാര്യയെ വിളിച്ച് കൊണ്ട് ദിനേശൻ ധൃതിവച്ചു.

അമ്മയെ കാണാൻ കൊതിയാവുന്നു എന്ന് രണ്ട് ദിവസം മുൻപ് അവൾ പറഞ്ഞപ്പോൾ , അടുത്ത മാസം ഓണമല്ലേ ?അപ്പോൾ പോയാൽ മതിയെന്ന് അയാൾ ആദ്യം പറഞ്ഞെങ്കിലും, ഇന്നലെയത് മാറ്റി പറയേണ്ടി വന്നു, അപ്പോൾ രമയ്ക്ക് എന്തോ സംശയം തോന്നിയത് കൊണ്ട് അവളത് തുറന്ന് ചോദിക്കുകയും ചെയ്തു.

ഇതെന്താ ഒറ്റ ദിവസം കൊണ്ട്, നിങ്ങളുടെ മനസ്സ് മാറിയത് ?എന്നെ പറഞ്ഞ് വിട്ടിട്ട് എന്തെങ്കിലും വേണ്ടാധീനം ഒപ്പിക്കാൻ വല്ല പ്ളാനുമുണ്ടോ?

ഹേയ്, എന്ത് പ്ളാൻ? നിനക്കൊരു സന്തോഷമായിക്കോട്ടേന്ന് കരുതിയല്ലേ ഞാൻ സമ്മതിച്ചത് ,നിനക്ക് താത്പര്യമില്ലെങ്കിൽ പോകണ്ടാ

അയാൾ മുഖം കനപ്പിച്ചു

അയ്യോ, ഞാനൊരു തമാശ പറഞ്ഞതല്ലേ? അങ്ങനെ എന്നോട് കള്ളത്തരമൊന്നും കാണിക്കാനുള്ള മനസ്സ് നിങ്ങൾക്കില്ലെന്ന് എനിക്കറിയില്ലേ?

അങ്ങനെ ഇന്നലെ രാത്രിയിലെടുത്ത തീരുമാനപ്രകാരമാണ് രമയും കുട്ടികളുമായി സ്വന്തം തറവാട്ടിലേക്ക് പോകാനൊരുങ്ങുന്നത്

ദിനേശേട്ടനും കൂടി ഞങ്ങളുടെയൊപ്പം വരാമായിരുന്നു

എൻ്റെ അച്ഛനോടുള്ള പിണക്കം എത്ര നാളിങ്ങനെ കൊണ്ട് നടക്കും, അദ്ദേഹം പ്രായമായൊരു മനുഷ്യനാണ് അതോർമ്മ വേണം

രമേ .. നീ ഇറങ്ങാൻ നോക്ക്, ആ വിഷയം നമ്മൾ എത്രയോ തവണ പറഞ്ഞ് നിർത്തിയതാണ്

ഓഹ്, ഞാനിറങ്ങുവാ,

മക്കളേ… അച്ഛന് ഉമ്മ കൊടുത്തിട്ട് വാ

ഭാര്യയും മക്കളും ഗേറ്റ് കടന്ന് പോകുന്നത് കണ്ട ദിനേശൻ വേഗം മുൻവാതിലടച്ച് അകത്ത് കയറി.

മേശപ്പുറത്തിരുന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തിട്ട് ,കോൾ ലിസ്റ്റിൽ നിന്നും ഇന്നലെ ഓഫീസിലിരുന്നപ്പോൾ വന്ന റിസീവ്ഡ് നമ്പരെടുത്ത് അയാൾ ഡയൽ ചെയ്തു.

ങ്ഹാ ദിനേശ് .. ഭാര്യ പോയോ?

ഉം പോയി മീരാ .. പക്ഷേ എനിക്കെന്തോ കുറ്റബോധം പോലെ ,ഒന്നും വേണ്ടായിരുന്നു,

ഇയർ പീസിലൂടെ കേട്ട അവളുടെ ചോദ്യത്തിന് നേരിയ ഭയത്തോടെയാണ് അയാൾ മറുപടി കൊടുത്തത്.

ഛെ! നീയെന്താടാ കൊച്ച് കുട്ടികളെ പോലെ ?

ഇക്കാലത്ത് ഇതൊന്നും വലിയ കാര്യമല്ല ,

നീ ധൈര്യമായിട്ടിരിക്ക്, ആരും ഒന്നും അറിയാൻ പോകുന്നില്ല ഞാനിവിടുന്നിറങ്ങുവാ, രമ എന്തായാലും വൈകുന്നേരമല്ലേ മടങ്ങി വരു

അതേ, അവൾ ആറരയ്ക്കുള്ള ബസ്സിനെത്തും

ഉം അത് മതി ,നമുക്ക് അത്രയും സമയം തന്നെ ധാരാളം, എങ്കിൽ ശരി ,

ഞാനുടനെയെത്താം

അവളതും പറഞ്ഞ് കൊണ്ട് ഫോൺ കട്ട് ചെയ്തപ്പോൾ ദിനേശൻ്റെ ഉള്ളിൽ തീയായിരുന്നു.

പത്തര മണി കഴിഞ്ഞപ്പോഴേക്കും ,ഒരു നീല മാരുതി എണ്ണൂറ് സിസി കാറ് തുറന്ന് കിടന്ന ഗേറ്റിലൂടെ ആ പഴയ വീടിൻ്റെ മുൻവശത്ത് വന്ന് നിന്നു

ദിനേശൻ ഉത്ക്കണ്ഠയോടെ വരാന്തയിലേക്കിറങ്ങി വന്ന് വീടിൻ്റെ ഇരുവശത്തേയ്ക്കും ആകാംഷയോടെ നോക്കി

ഭാഗ്യം അയൽക്കാരാരും പുറത്തില്ല.

ഹായ് ദിനേശ്..

കാറിൻ്റെ ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങിയ മോഡേൺ വസ്ത്രധാരിയായ മീര അയാളെ വിഷ് ചെയ്തു.

ആരെങ്കിലും കാണുന്നതിന് മുമ്പ് നീ വേഗം അകത്തേയ്ക്ക് കയറ്

ദിനേശൻ ഭീതിയോടെ പറഞ്ഞു

നീയൊന്നടങ്ങെടാ.. ഞാനീ ബാഗൊന്നെടുത്തോട്ടെ

പുറകിലെ ഡോറ് തുറന്ന് അവൾ തൻ്റെ ബാഗെടുത്ത് തോളിലിട്ടു കൊണ്ട് ദിനേശൻ്റെ പുറകെ അകത്തേയ്ക്ക് കയറി

ആങ്ങ്ഹാ,നീ സെറ്റപ്പെല്ലാം ചെയ്ത് വച്ചിരിക്കുവാണല്ലേ?എന്നാൽ തുടങ്ങാം

ടീപ്പോയ്ക്ക് മുകളിൽ ഗ്ളാസ്സും അച്ചാറ് കുപ്പിയും വെള്ളവുമൊക്കെ ഇരിക്കുന്നത് കണ്ട് മീര തൻ്റെ ബാഗിൽ നിന്നൊരു സ്കോച്ച് വിസ്കിയുടെ ബോട്ടിലെടുത്ത് കൊണ്ട് കസേരയിൽ അമർന്നിരുന്നു

രണ്ട് ഗ്ളാസ്സുകളിലായി പകർന്ന മദ്യത്തിലൊരു ഗ്ളാസ്സ് കയ്യിലെടുത്തുയർത്തി പിടിച്ച് മീര ,

ദിനേശനോട് ചിയേഴ്സ് പറഞ്ഞു .

എടാ.. നിനക്കറിയാല്ലോ ?നാലഞ്ച് വർഷങ്ങളായി ഞാൻ വിദേശത്ത് സെറ്റിൽഡായിട്ട്, ആൻറിയുടെ മകളുടെ വിവാഹത്തിന് നിർബന്ധമായും വരണമെന്നവര് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാനിപ്പോൾ നാട്ടിലേക്ക് തിരിച്ച് വന്നത് തന്നെ,

അല്ലെങ്കിൽ എനിക്ക് വേദനകൾ മാത്രം സമ്മാനിച്ച ഈ നശിച്ച നാട്ടിലേക്ക് ഞാൻ വരില്ലായിരുന്നു ,

ഇവിടെയെത്തിയപ്പോൾ പഴയ ഓർമ്മകൾ എന്നെ വേട്ടയാടി തുടങ്ങിയപ്പോഴാണ് ഒന്ന് മദ്യപിക്കണമെന്ന് എനിക്ക് തോന്നിയത് ,ആൻ്റിയുടെ വീട്ടിൽ അതിനുള്ള സൗകര്യമില്ല ,

യു കെ യിലാണെങ്കിൽ എനിക്കാരെയും ആശ്രയിക്കാതെ ഏതെങ്കിലും പബ്ബിൽ പോയിരുന്ന് ബോധം കെടുവോളം മദ്യപിക്കാമായിരുന്നു ,

ഇവിടുത്തെ ബാറിൽ ഒരു സ്ത്രീയ്ക്ക് തനിച്ച് പോയിരുന്ന് മദ്യപിക്കാൻ കഴിയില്ലല്ലോ? അത് കൊണ്ടാണ്, എൻ്റെ പഴയ ക്ളാസ്മേറ്റായ നിന്നെ വിളിച്ചത് ,അപ്പോൾ ബാറിൽ വരാൻ നിനക്ക് പേടി ,

എന്നാൽ പിന്നെ നിൻ്റെ വീട്ടിൽ വച്ച് കൂടാമെന്ന് നീ പറഞ്ഞത് കൊണ്ടല്ലേ, ഇത്രയൊക്കെ റിസ്ക്ക് നിനക്കെടുക്കേണ്ടി വന്നത് ?

അത് സാരമില്ലെടീ.. പണ്ട് എന്നെ സഹായിക്കാൻ നീയെടുത്ത റിസ്കിൻ്റെയത്രയൊന്നും വരില്ല ഇതൊന്നും ,അമ്മയെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റണമെങ്കിൽ, ഇരുപത്തി അയ്യായിരം രൂപ മുൻകൂർ കെട്ടി വയ്ക്കണമെന്ന് ഹോസ്പിറ്റലുകാര് പറഞ്ഞത് കേട്ട് നിസ്സഹായനായി നിന്ന എൻ്റെ കൈയ്യിലേക്ക്, വരുംവരായ്കകളെ കുറിച്ചോർക്കാതെ ,നിൻ്റെ കഴുത്തിൽ കിടന്ന രണ്ട് പവനോളം തൂക്കം വരുന്ന മാല നീയെനിക്ക് ഊരി തന്നത് കൊണ്ട് മാത്രമാണ്, ഇപ്പോഴും എൻ്റെ അമ്മ ജീവനോടെയിരിക്കുന്നത്, അതിൻ്റെ പേരിൽ നിൻ്റെ വീട്ടുകാരിൽ നിന്നും നിനക്കേല്ക്കേണ്ടി വന്ന പീഡനങ്ങളൊന്നും ഞാൻ മറന്നിട്ടില്ല ,നിനക്ക് മതിവരുവോളം ഇവിടെയിരുന്ന് മദ്യപിച്ചോളു ,

വൈകുന്നേരം ഞാൻ നിന്നെ തിരിച്ച് ആൻ്റിയുടെ വീട്ടിൽ കൊണ്ട് വിട്ട് കൊള്ളാം

അപ്പോൾ നീ കഴിക്കുന്നില്ലേ?

ഇല്ലെടാ.. ഞാൻ മദ്യപിക്കാറില്ല അത് ഞാനെൻ്റെ ഭാര്യയ്ക്ക് കല്യാണത്തിന് മുൻപേ കൊടുത്ത വാക്കാണ്, അതെനിക്ക് മരിക്കുവോളം പാലിക്കണം ,അവളറിഞ്ഞാൽ സമ്മതിക്കില്ലെന്നറിയാം, പക്ഷെ എനിക്ക് നിൻ്റെ ആവശ്യത്തെ തിരസ്ക്കരിക്കാനും കഴിയില്ല, അത് കൊണ്ട് തന്നെയാണ് നീ ഇവിടെ വരുന്ന കാര്യം ഞാനവളിൽ നിന്ന് മറച്ച് വച്ചത്,

ചേതമില്ലാത്തൊരു കാര്യം കൂട്ടുകാർക്ക് ചെയ്യാൻ നിർബന്ധിതനാകുമ്പോൾ, അത് സ്വന്തം ദാമ്പത്യത്തെ ബാധിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ ,ഭാര്യ അറിയാതിരിക്കലാണ് നല്ലതെന്ന് എനിക്ക് തോന്നി .

ഓഹ് നൈസ്, നീയിപ്പോഴും ആ പാവം പത്താം ക്ളാസ്സുകാരൻ തന്നെ

അവൾ ചിരിച്ച് കൊണ്ട് രണ്ടാമത്തെ പെഗ്ഗും വായിലേക്ക് കമഴ്ത്തി.

ഉച്ചകഴിഞ്ഞ് മീരയെ ആൻ്റിയുടെ ഫ്ളാറ്റിന് മുന്നിലെത്തിച്ചിട്ട് അയാള് ബസ്സിൽ കയറി തിരിച്ച് സ്വന്തം വീട്ടിലെത്തിയപ്പോഴേക്കും മണി ആറ് കഴിഞ്ഞിരുന്നു .

അയാൾ ഫോണെടുത്ത് ഭാര്യയെ വിളിച്ചു

രമേ… എവിടെ വരെയായി ?

ഇനി രണ്ട് സ്റ്റോപ്പ് കൂടിയേ ഉള്ളു ദിനേശേട്ടാ..

ഇപ്പോഴെത്തും,

മ്ഹും വേഗം വാ, വല്ലാതെ ബോറടിക്കുന്നു

മീരയോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും,

അയാൾക്ക് അപ്പോഴും ഒരു കുറ്റബോധമുണ്ടായിരുന്നു .

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : സജി തൈപ്പറമ്പ്