ഏട്ടാ.. എനിക്കുള്ള ഭക്ഷണം ഒന്ന് എടുത്തുവെക്കണേ. പിന്നെ കറി ഒന്ന് ചൂ, ടാക്കിക്കൊ . ഇച്ചിരി ചമ്മന്തി കൂടി അ, രച്ചേക്ക്…

രചന : മഹാദേവൻ

“അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ… തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാനെന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതമോ ”

അവൻ നെറ്റിയിലെ വിയർപ്പ് ഉടുമുണ്ടിൽ ഒപ്പി ഇടുപ്പിലൊന്ന് കൈ വെച്ച് നിവർന്നു നിൽക്കുമ്പോൾ പിന്നെയും ദേ, മുന്നിൽ ഒരു കെട്ടു തുണി.

എന്നിതിപ്പോൾ മൂന്നാമത്തെ തവണയാണ് ഈ അലക്ക്. ഇന്നലെ രാത്രി എല്ലാവരും അഴിച്ചിട്ടതൊക്കെ ഒന്ന് അലക്കി ഉണക്കി വെച്ചപ്പോൾ ആണ് രാവിലെ തുടങ്ങി കുട്ടി അപ്പിയിട്ടതും മുള്ളിയതുമായ തുണികൾ ബക്കറ്റിലാക്കി ഭാര്യ മുന്നിലേക്ക് നീട്ടിയത്.

അതുമായി അലക്കുകല്ലിൽ കുത്തിപ്പിഴിയാൻ തുടങ്ങവേ കയ്യിൽ കിട്ടിയ തുണിയിലെ മഞ്ഞപ്പിലേക്ക് നോക്കുമ്പോൾ മനസ്സിൽ ചുമ്മാ ചിന്തിക്കുന്നുണ്ടായിരുന്നു ” അഞ്ചു മാസം പ്രായമായ കുഞ്ഞ് ഇങ്ങനെ അപ്പിയിട്ട് തോൽപ്പിക്കാൻ മാത്രം ഒന്നും കഴിക്കുന്നില്ലല്ലോ ” എന്ന്.

ആ തുണികളും അലക്കി ടെറസ്സിൽ ഉണക്കാൻ വിരിച്ചിട്ട് ദേഹത്തായ വെള്ളം തുടച്ചു ഫാനിന്റെ ചോട്ടിൽ വന്ന് നിൽക്കുമ്പോൾ ദേ, വീണ്ടും അവൾ വിളിക്കുന്നു

” ഏട്ടാ.. എനിക്കുള്ള ഭക്ഷണം ഒന്ന് എടുത്തുവെക്കണേ.

പിന്നെ കറി ഒന്ന് ചൂടാക്കിക്കൊ . ഇച്ചിരി ചമ്മന്തി കൂടി അരചേക്ക് ”

ഞാനെന്താ ഇവളുടെ വേലക്കാരനാണോ എന്ന് ചിന്തിച്ച് പല്ലിറുമ്മിയാണ് എഴുനേറ്റതെങ്കിലും ചോദിച്ചുവാങ്ങിയ പണി ആയത് കൊണ്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു,

” ആദ്യം കറി ചൂടാക്കണം, പിന്നെ തൊടിയിൽ പോയി മാങ്ങ പറിച്ചൊരു ചമ്മന്തിയും ഉണ്ടാക്കണം. ഇനി അതിന്റ ഒരു കുറവ് വേണ്ട “.

എല്ലാം കഴിഞ്ഞ് ഉച്ചക്ക് മുതു നിവർത്താമെന്നു കരുതിയിരിക്കുമ്പോൾ ആണ് കുട്ടിയുടെ നിർത്താതെ ഉള്ള കരച്ചിൽ.

അല്ലെങ്കിൽ തന്നെ വാശിയുള്ള കുട്ടി ഇനിപ്പോ വാ വിട്ട് കരയുന്നത് കേട്ടപ്പോൾ ചിന്തിച്ചത് ” ഈ ചെറിയ വായിൽ ഇതിനു മാത്രം സൗണ്ട് എവിടെ നിന്ന് വരുന്നു ” എന്നായിരുന്നു.

” ഏട്ടാ.. ഈ കൊച്ചിനെ ഒന്നെടുത്തെ.. ” എന്നും പറഞ്ഞവൾ ഒന്ന് കിടക്കാൻ തുടങ്ങിയ എന്റെ മടിയിലേക്ക് കൊച്ചിനെ കൊണ്ട്വെക്കുമ്പോൾ വാ വിട്ട് കരയുന്നവൾ സൗണ്ട് അല്പം കൂടി കൂട്ടി എനിക്കിട്ട് എട്ടിന്റെ പണി തരുമ്പോലെ.

“എടി നീ ഈ കൊച്ചിനെ ഒന്നെടുത്തെ.. ഇതെന്റെ മടിയിൽ മുള്ളി ” ഇന്നും പറഞ്ഞ് അവളെ ദയനീയമായി നോക്കുമ്പോൾ കയ്യിലെ മാസികയിൽ നിന്നും കണ്ണെടുക്കാതെ തന്നെ അവൾ പറയുന്നുണ്ടായിരുന്നു

” സാരമില്ല ഏട്ട.. ഉണ്ണിമൂത്രം പുണ്യാഹം എന്നല്ലേ” എന്ന്.

വായടക്കുകയെ നിവർത്തിയുള്ളൂ എന്നറിയാവുന്നത് കൊണ്ട് മൂത്രം പറ്റിയ മുണ്ടോന്ന് വെറുതെ കുടഞ്ഞുകൊണ്ട് അവളെ ഒന്ന് രൂക്ഷമായി നോക്കി.

കുറെ നേരത്തെ വാശിയ്ക്ക് ശേഷം കുട്ടി ഒന്ന് ഉറങ്ങിയപ്പോൾ മനസ്സൊന്നു സന്തോഷിച്ചു.

ഇനി അല്പം വിശ്രമിക്കാലോ !

പതിയെ കുട്ടിയെ തൊട്ടിലിൽ കിടത്തി മെല്ലെ ഹാളിലെത്തുമ്പോൾ വെറുതെ ഒന്ന് ക്ലോക്കിലേക്ക് നോക്കിയ എന്റെ ഉത്സാഹം മുഴുവൻ കെട്ടുപോയി.

” ദേ, സമയം നാല് ആവാറായി, മോന് സ്കൂൾ വിട്ട് വരുമ്പോഴേക്കും എന്തെങ്കിലും ഉണ്ടാക്കണം. പിന്നെ രാത്രിക്ക് കഴിക്കാനും. അതിനിടയ്ക്ക് അടിക്കണം, തുടയ്ക്കണം.

പതിയെ ഇടുപ്പിലൊന്ന് കൈ കുത്തി ഒന്ന് മൂരി നിവർത്തി. പിന്നെ പതിയെ അടുക്കളയിലേക്ക് നടക്കുമ്പോൾ ഇരുന്നുറങ്ങുന്ന അവളെ അല്പം അസൂയയോടെ നോക്കി.

” ഇവൾക്ക് ഞാൻ ഓടിന്നതിങ്ങനെ കണ്ട് ഇരിക്കാതെ എന്തേലും സഹായിച്ചൂടെ ” എന്ന ചിന്തയോടെ അടുക്കളയിലേക്ക് നടക്കുമ്പോൾ പിറകിൽ നിന്നും അവൾ പറയുന്നുണ്ടായിരുന്നു

” ഏട്ടാ. ഇന്ന് ചായയ്ക്ക് പഴംപൊരി മതീട്ടോ ” എന്ന്.

അവളെ എടുത്താ കിണറ്റിൽ ഇട്ടാലോ എന്നൊക്ക തോന്നി. പക്ഷേ ചലഞ്ചു ചെയ്ത താൻ അതിൽ ജയിക്കണം എന്നുള്ള വാശി പഴംപൊരിക്കുള്ള പഴം പൊളിക്കുന്നതിൽ ഉണ്ടായിരുന്നു.

എന്തായാലും മോൻ വരുന്നതിനു മുന്നേ പഴംപൊരിയും ചായയും മോനുള്ള ഹോര്ലിക്സും റെഡിയാക്കിയപ്പോൾ അവൻ വച്ചു നീട്ടിയ പഴംപൊരി ഒന്ന് കടിച്ചുകൊണ്ടവൾ പറയുന്നുണ്ടായിരുന്നു

” മോന്റെ സ്കൂൾ വാൻ ആ ഇടവഴി വരെ അല്ലെ വരൂ ഏട്ടാ… അതുകൊണ്ട് അവനെ അവിടെ പോയി കൊണ്ട്വരണം. ഇനി ഒറ്റക്കെങ്ങാനും വരുമ്പോൾ വഴിയിൽ വല്ല നായയെയോ മറ്റോ കണ്ടാൽ അവൻ പേടിക്കും. ”

അവൾ പറയുന്നത് കേട്ട് ദേഷ്യത്തോടെ ഒന്ന് നോക്കുമ്പോൾ അത് ഗൗനിക്കുകപോലും ചെയ്യാതെ അവൾ പറയുന്നുണ്ടായിരുന്നു “വാനിപ്പോൾ വരും, ഏട്ടൻ വേം ചെല്ല് ” എന്ന്.

വന്ന ദേഷ്യം കടിച്ചമർത്തി പുറത്തേക്ക് നടക്കുമ്പോൾ വാശിക്ക് കാണിച്ച ചലഞ്ചിപ്പോൾ എട്ടിന്റെ പണിയായല്ലോ എന്നോർത്ത് ഒന്ന് ദീർഘനിശ്വസിച്ചു.

മോനെ കൊണ്ട് വന്ന് ഹോര്ലിക്സും പഴംപൊരിയും കൊടുക്കുമ്പോൾ അവൾ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു

” ഏട്ടാ.. അവന്റ ചായകുടി കഴിഞ്ഞാൽ ആ ഡ്രെസ്സൊക്കെ അഴിച്ചു കുളിപ്പിക്കണേ. പിന്നെ ആ ഡ്രെസ്സും കയ്യോടെ അലക്കിയേക്ക്. അല്ലേൽ പിന്നെ അതവിടെ കിടന്ന് മുഷിഞ്ഞുനാറും ” എന്ന്.

ഇതിപ്പോൾ ഈ വീട്ടിൽ മൂന്നാമത്തെ വട്ടമാണ് ഒരു ദിവസം അളക്കുന്നത്, ഇതിനുമാത്രം എന്ത് തുനിയാണ് ഇവിടെ ” എന്നും പിറുപിറുത്തു പണിയിൽ മുഴുകുമ്പോൾ അവൾ എല്ലാം കണ്ട് ചിരിച്ചു.

രാത്രി എല്ലാവരും ഭക്ഷണം കഴിച്ച് എച്ചിൽപാത്രവും ക ഴുകി അടുക്കള വൃത്തിയാക്കി റൂമിലെത്തുമ്പോൾ സമയം പത്തു മണി കഴിഞ്ഞിരുന്നു.

“എന്നാ.. ഏട്ടൻ ഉറങ്ങിക്കോ. രാവിലെ നേരത്തെ എണീക്കേണ്ടതല്ലെ ” എന്നും പറഞ്ഞവൾ ലൈറ്റ് ഓഫ് ചെയ്യുമ്പോൾ ഞാൻ അവളെ പതിയെ പിന്നിൽ നിന്നും കെട്ടിപിടിച്ചു.

ഒരു സോറി മാത്രം പറഞ്ഞുകൊണ്ട്. അതിൽ എല്ലാം ഉണ്ടായിരുന്നു. അതവൾക്ക് മനസ്സിലായത് കൊണ്ടാവണം അവൾ എനിക്ക് നേരെ തിരിഞ്ഞു.

” ഒരു ദിവസം രാവിലെ അഞ്ചു മണി മുതൽ രാത്രി പത്തു മണി വരെ ഈ വീട്ടിൽ നിന്നപ്പോൾ ഏട്ടന് മടുത്തെങ്കിൽ ഞങ്ങളൊക്കെ എത്ര മടുക്കുന്നുണ്ടാകും ഏട്ടാ… എന്നിട്ടും ഒരു പരാതിയും പറയാതെ ഇവിടെ ഒരു യന്ത്രത്തെ പോലെ ഓടുമ്പോൾ നിങ്ങളൊക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ടാലോ ”

നിനക്കെന്താണ് ഇവിടെ ഇത്ര മലമറിക്കുന്ന ജോലി

” എന്ന്.

അത് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഉണ്ടാകുന്ന വിഷമം എന്താണെന്ന് ഇപ്പോൾ മനസ്സിലായോ…

കണ്ണ് കൊണ്ട് വെറുതെ നോക്കുമ്പോൾ ഇവിടെ പണി ഒന്നും കാണില്ല.. പക്ഷേ, എടുത്താൽ തീരാത്തത്ര പണി ഉണ്ട് ഇതിനുള്ളിൽ. ഇതിന് ഞങ്ങളക്ക് ആരും ശമ്പളമൊന്നും തരുന്നില്ല. വാക്കുകൾ കൊണ്ടുള്ള അവഗണന അല്ലാതെ.

“എടി, ചോറിന് ചൂടില്ലാല്ലോ, കറിയ്ക്ക് ഉപ്പില്ല,

തുണി ആയേണ് ചെയ്തില്ല.. ഈ മൂലക്കിങ്ങനെ തുണി ഇടാതെ ഒന്ന് അലക്കികൂടെ വെറുതെ ഇരിക്കുന്ന സമയം എന്നൊക്ക പറയുമ്പോൾ

അറിയുന്നുണ്ടോ വെറുതെ ഇരിക്കാൻ ഞങ്ങൾക്ക് എത്ര സമയം കിട്ടുന്നുണ്ടെന്ന്.

ഇന്ന് മനസ്സിലായോ ഏട്ടന്.? ”

അവളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇല്ലായിരുന്നു..

ചിലത് അനുഭവം കൊണ്ടേ മനസ്സിലാകൂ

ഇന്ന് ഒറ്റ ദിവസം കൊണ്ട് വീട്ടിൽ ശ്വാസം മുട്ടിയെങ്കിൽ ഇവളൊക്കെ എത്രത്തോളം ശ്വാസം മുട്ടിയാണ് ഓരോ ദിവസവും പകലന്തിയാക്കുന്നത്.

ഞാൻ ഒന്നുകൂടി അവളെ മുറുക്കെ പിടിച്ചു.

പിന്നെ ആ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു.

” നാളെ രാവിലെ നീ എനീകുമ്പോൾ എന്നേം വിളിക്ക്. നമുക്ക് ഒരുമിച്ചു ചെയ്താൽ തീരാവുന്ന പണിയേ ഉളളൂ ഇവിടെ. ”

അത് പറയുമ്പോൾ അവളുടെ നിറഞ്ഞ കണ്ണുകളിൽ തിളക്കം ഞാൻ കണ്ടു.

അല്ലേലും ഇതുപോലെ ഒരു വാക്ക് പോലും അവളെ അത്രമേൽ സന്തോഷിപ്പിക്കുന്ന നിമിഷമായിരുന്നു അത്.

ഞാൻ അവളെ മനസ്സിലാക്കാൻ തുടങ്ങിയെന്ന് അവൾക്ക് ബോധ്യമായ ആ നിമിഷം !!!

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : മഹാദേവൻ