കാണാൻ വല്യ കൊഴപ്പമില്ലാത്ത ചെക്കനാണ്, നല്ല കുടുംബമാണെന്നാ കേട്ടത്.. എന്തായാലും ആ പെണ്ണ് രക്ഷപ്പെടട്ടെ….

രചന : മുഹമ്മദ് അലി മാങ്കടവ്

അവൾക്കായ്

***********

പുകയടുപ്പിൽ ഊതിയൂതി അവളുടെ മുഖം അടുപ്പ് കല്ലോളം കറുത്തിരുന്നു.

കരിയിലകളിൽ കാൽപ്പെരുമാറ്റം കേട്ട അവളുടെ തിരിഞ്ഞു നോട്ടം എന്റെ മുഖത്ത് പതിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ആശ്ചര്യം പൂണ്ടു.

“സനലേട്ടൻ നാട്ടിലെത്തിയത് ഞാനറിഞ്ഞിരുന്നു.

അല്ലെങ്കിലും നിങ്ങൾ വീട്ടിലെത്തിയാൽ അയല്പക്കത്തുള്ളവരൊക്കെ അറിയും.

അത്രയും ഉച്ചത്തിലല്ലേ നിങ്ങൾ സംസാരിക്കാറ്”.

അവളുടെ വാക്കുകളിൽ ചമ്മൽ അഭിനയിക്കുമ്പോളും ഞാനത് ആസ്വദിച്ചു ചെറിയ ശബ്ദത്തിൽ ചിരിച്ചു .

അവളുടെ ചിരിയിൽ തീരെ ഊർജ്ജമില്ലായിരുന്നു.

കണ്ണുകൾക്ക് ചുറ്റും കറുത്ത പാടുകൾ അവളുടെ

ദുഃഖഭാരങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്നു.

മുടിയിഴകൾ കറുപ്പുനിറത്തിനൊപ്പമെത്താൻ വെളുപ്പുനിറം മത്സരിക്കുകയാണെന്ന് തോന്നും.

“ആങ്ങളമാർ ഉച്ചയൂണിനെത്തുമ്പോളേക്കും എല്ലാം തയ്യാറാക്കേണ്ടതല്ലേ. അകത്ത് ഇളയവൻ ചൊമര് തേക്കുകയാണ്. അതാ ഇന്നുമുതൽ വെപ്പ് പുറത്തോട്ടേക്ക് മാറ്റിയത്”. കിഴക്കുനിന്ന് വീശിയ കാറ്റിൽ അടുപ്പിൽ നിന്നുള്ള പുക മുഖത്തേക്കടിച്ചപ്പോൾ ഞാൻ അസ്വസ്ഥതപ്പെടുന്നത് കണ്ടിട്ടാണ് ചോദിക്കാതെ തന്നെ അവൾ ഉത്തരം പറഞ്ഞത്. അല്ലെങ്കിലും അവളുടെ അവസ്ഥയുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ആരും പറയാതെ തന്നെ ഉത്തരമുണ്ട്.

അവളുടെ മൂത്തവളെ കാണാൻ ഒട്ടും ശേലില്ലാത്തതിനാൽ അവളെ വന്നുകണ്ട ഒരാൾക്കും പിടിച്ചില്ല. നാൽപ്പതാം വയസ്സിൽ അവൾ അന്പതിനു മുകളിൽ പ്രായം കാട്ടി. അവളങ്ങിനെ ആർക്കും വേണ്ടാത്തവളായി കഴിഞ്ഞു കൂടുന്നു.

വെച്ചുണ്ടാക്കാൻ അവളെ ആവശ്യമായതിനാലാവണം ആങ്ങളമാർ അവളെ എങ്ങോട്ടും ഇറക്കിവിട്ടില്ല.

അല്ലെങ്കിൽ അവർക്കും അവളെ വേണ്ടാതായേനെ.

ചേച്ചി വീട്ടിലങ്ങനെ നിറഞ്ഞു നിന്നപ്പോൾ ഇളയവളെ എങ്ങനെ പറഞ്ഞയക്കും ? ആളുകളെന്തുവിചാരിക്കും ? അച്ഛനും അമ്മയും ഈ നിലപാടിൽ ഉറച്ചു നിന്നതാണ് ഇപ്പോളും വീടിന്റെ പിന്നാമ്പുറത്ത് അടുപ്പൂതിയും പലചരക്കുകടയിലും മീനും പാലും വാങ്ങാനും അവൾ തന്നെ പോകേണ്ടി വരുന്നത്. ചേച്ചിയുടെയും അവളുടെയും ഇടയിലുള്ള ആങ്ങളയും ഒരു പെണ്ണുകെട്ടി ഒരുത്തിയെ വീട്ടിലേക്ക് കൊണ്ടുവന്നില്ല.

“ചേച്ചി പോകാതെ ഞാനെങ്ങനെ ഒന്നിനെ കെട്ടിക്കൊണ്ടുവരുമെന്ന്”

ആങ്ങള പറഞ്ഞു കൊണ്ടിരിക്കും.

മുപ്പത്തഞ്ചു പിന്നിട്ട അവളുടെ ഇളയതുങ്ങൾക്കും കല്യാണപ്രായമായിട്ടുണ്ട്. മൂത്തവർക്ക് നടക്കാതെ പോയത് എങ്ങനെ നമ്മള് നടത്തുമെന്നാണ് ആ രണ്ടുപേരും പറയുന്നത്.

“അമ്മക്ക് ശേഷം അച്ഛനും കൂടി പോയതിൽ പിന്നെ ഒരാളെ കാണാൻ കൊണ്ടുവരുന്നതും പോലും ഇല്ലാതായി. എനിക്കിനി അത്തരം ആഗ്രഹങ്ങളൊന്നുമില്ല സനലേട്ടാ, ഈ വീട് നോക്കി നോക്കി ഞാനങ്ങനെ കഴിയും. എന്നെങ്കിലുമൊരു ദിവസം അങ്ങ് പോകാനുള്ളതല്ലേ”

ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വീടിനു മുൻപിൽ പാടങ്ങൾ വരണ്ടുണങ്ങിയിരുന്നു. അവളുടെ കണ്ണുകൾ വരണ്ടതും അകത്തോട്ട് തള്ളിയതുമാണെന്ന് ഞാൻ കണ്ടു. ഇവളെ കൊണ്ടുപോകാൻ ആരെങ്കിലുമൊന്ന് വന്നിരുന്നുവെങ്കിൽ. ആരുടെയെങ്കിലും കണ്ണിൽ അവളൊരു സുന്ദരിയാണെന്ന് തോന്നിയിരുന്നുവെങ്കിൽ… ഇവളുടെ മനസ്സ് അത്രയും സൗന്ദര്യമുള്ളതാണ്. സ്നേഹം കൊണ്ട് ഇവൾ അയാളെ വീർപ്പുമുട്ടിക്കും. കരുതൽ കൊണ്ട് മധുരമൂട്ടും.

അയാളുടെ ജീവിതം ആനന്ദപൂർണ്ണമാകും. ഞാൻ അങ്ങനെ ഓരോന്ന് മനസ്സിൽ പറഞ്ഞു.

“സനലേട്ടനെന്നാ തിരിച്ചു പോകുന്നെ?”

ഒരു നിമിഷം എങ്ങോ പറന്ന മനസ്സിനെ അവളുടെ ചോദ്യം തിരികെ എന്റെ നിയന്ത്രണത്തിലെത്തിച്ചു.

“നിഷയേച്ചിയും മക്കളും ഇവിടെ വന്നിട്ടുണ്ടോ?”

“ഇപ്രാവശ്യം രണ്ടുമാസത്തെ അവധി തരപ്പെടുത്തിയിട്ടുണ്ടെന്നും” പിന്നീട് വരാമെന്നും പറഞ്ഞു ഞാൻ തിരികെ നടന്നു.

“ആ പെണ്ണിൻറെ പേരിലെങ്കിലും ഒരു കല്യാണപ്പന്തൽ ആ വീട്ടിൽ ഉയരുമെന്ന് നിരീച്ചതാ, ഇതുവരെ അതും നടന്നില്ല” എന്നെ കണ്ടപ്പോൾ അമ്മയുടെ മനസ്സിലുള്ളത് വാക്കുകളായി പുറത്തേക്ക് വന്നു.

“നടക്കും അമ്മേ. ശരിയാണ്, അവൾക്കെങ്കിലും അങ്ങനെയൊരു ഭാഗ്യം ഉണ്ടാകേണ്ടത് തന്നെയാണ്.

അത് നടക്കും”.. എന്റെ മനസ്സിലെ പ്രാർത്ഥന മറുപടിയായി ഞാനങ്ങനെ പറഞ്ഞുവെച്ചു.

വിനോദയാത്രകളും ഓരോ ഓട്ടപ്പാച്ചിലുമായി എന്റെ അവധി ദിനങ്ങൾ കഴിഞ്ഞു പോയി.

തിരികെയുള്ള യാത്രയിൽ, കമ്മലിടാത്ത, കണ്ണെഴുതാത്ത എണ്ണമയമില്ലാത്ത മുടിയിഴകൾ പാറിക്കളിക്കുന്ന, ആകർഷകമായി വസ്ത്രം ധരിക്കാത്ത യുവതികളെ ബോഗികളിൽ കാണുമ്പോളെല്ലാം ഞാൻ അവളെയോർത്തു.

അപ്പോളും ആത്മവിശ്വാസം കലർന്ന പ്രാർത്ഥനയോടെ ഞാൻ ആത്മഗതം പറഞ്ഞു “അത് നടക്കും”

****************

വീട്ടുമുറ്റത്തൊരുക്കിയ വിവാഹപ്പന്തലിൽ,

സ്വർണ്ണനിറത്തിൽ തവിട്ടു കരയുള്ള സാരിയിൽ അണിഞ്ഞൊരുങ്ങി അയാൾ അവളുടെ കൈപിടിച്ചു.

വീടുവിട്ടു പോകുന്ന അവളെ സന്തോഷാശ്രുക്കൾ പൊഴിച്ചു ‘വീട്ടിൽ നിന്നു പോയ’ ചേച്ചി കെട്ടിപ്പിടിച്ചനുഗ്രഹിച്ചു. മതിൽക്കെട്ടുകളാൽ അതിരുകൾ വേർതിരിച്ചിട്ടില്ലാത്ത അയല്പക്കത്തുള്ളവർ ഇടവഴിയിലൂടെ , വിവാഹമാംഗല്യമണിഞ്ഞു നടന്നകലുന്ന അവളെ നോക്കി സന്തോഷത്തോടെ യാത്രയാക്കി

“കാണാൻ വല്യ കൊഴപ്പമില്ലാത്ത ചെക്കനാണ്,

കള്ളുചെത്തുകാരനാണ് പോലും, നല്ല കുടുംബമാണെന്നാ കേട്ടത്. അച്ഛനും അമ്മയുമില്ലാതെ വളർന്ന അവനെ അവന്റെ മാമനാണത്രെ പോറ്റ്യത്. എന്തായാലും ആ പെണ്ണ് രക്ഷപ്പെടട്ടെ. ഇനി അതിന്റെ സങ്കടം കാണണ്ടല്ലോ”. ഫോണിൽ ഇത്രയും പറയുമ്പോളും അമ്മയുടെ അത്ഭുതവും സന്തോഷവും മനസ്സിലാക്കാമായിരുന്നു. എന്നിൽ എന്തെന്നില്ലാത്ത സംതൃപ്തിയുണ്ടായി.

പ്രതീക്ഷകളസ്തമിച്ച, വേനലിൽ വരണ്ടുണങ്ങിപ്പോയ അവളുടെ ജീവിതത്തിലേക്ക്,

പ്രതീക്ഷകളുടെ തോരാത്ത മഴയായി ആ കള്ളുചെത്തുകാരൻ അവളുടെ ജീവിതത്തിലേക്ക് പെയ്തിറങ്ങിയ അന്ന്, ആ കൊല്ലത്തെ പുതുമഴയും ഭൂമിയിലേക്ക് പെയ്തിറങ്ങി.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : മുഹമ്മദ് അലി മാങ്കടവ്

Scroll to Top