ഇപ്പൊ അയാൾക്ക് എന്നോട് ഒരു സ്നേഹോം ഇല്ല, എപ്പോഴും പരാതിയാ…ഞാൻ ജോലിക്ക് പോണില്ല പോലും….

രചന : രേഷ്മദേവു

നമ്മൾ മാത്രം…….

************

സേവിച്ചാ….. ഉച്ചക്ക് ചോറിനു കറി എന്നതാ വേണ്ടേ.. ചേമ്പ് ഉലർത്തീതും മോര് കറിയും പോരായോ… രാവിലെ പാലപ്പത്തിന് പോത്തു വരട്ടിയതിൽ ഇത്തിരി ഇരിപ്പുണ്ട് അതുകൂടി എടുക്കാം..

വേറെ എന്നതേലും കൂടി ഒരുക്കണോ..

അടുക്കളയിൽ നിന്ന് സാറ വിളിച്ചു ചോദിച്ചു…

ഓ വേണ്ടടിയെ അതൊക്കെ മതി.. നീ ഇങ്ങോട്ടൊന്നു വന്നേ രണ്ടു കട്ടനും കൂടെടുത്തോ കേട്ടോ…

ഉമ്മറത്ത് നിന്നു സേവ്യറിന്റെ മറുപടി കേട്ടതും സാറ ഒന്ന് പുഞ്ചിരിച്ചു.

പതിവ് കട്ടനുള്ള വിളി വന്നില്ല എന്ന് ഓർത്തതെ ഉണ്ടായിരുന്നുള്ളു..

ഗ്യാസ് അടുപ്പിലേക്ക് ചായപാത്രത്തിൽ വെള്ളംവച്ചു.

തിളച്ചു വന്നപ്പോഴേക്കും എലക്കപ്പൊടി ചേർത്ത തേയിലയും കുറച്ചു മാത്രം പഞ്ചസാരയും ചേർത്തിളക്കി.

ചൂടോടെ ഇരു ഗ്ലാസുകളിലേക്ക് പകർന്നെടുത്ത് ഉമ്മറത്തേക്ക് നടക്കുമ്പോ വർഷങ്ങളായി മാറ്റമില്ലാത്ത ഈ ശീലത്തെ കുറിച്ച് സാറ വെറുതെ ഓർത്തു.

കൃഷിക്കാരനായ സേവ്യറും സ്കൂൾ ടീച്ചർ ആയിരുന്ന സാറയും സ്നേഹിച്ചു വിവാഹം ചെയ്തവരാണ്.

മുപ്പതു കൊല്ലത്തെ ദാമ്പത്യ ജീവിതത്തിൽ സുഖ ദുഃഖങ്ങളെല്ലാം ഒരുമിച്ചു പങ്കിട്ടു മുന്നേറുന്നവർ.

ഒരേ ഒരു മകൾ ക്ലാരയെ വിവാഹം കഴിച്ചയച്ചു.

പ്രണയിച്ചു വിവാഹം ചെയ്ത ഇരുവരും സ്വന്തം സ്വപ്നങ്ങളും അധ്വാനവും കൊണ്ടാണ് എല്ലാം വെട്ടിപ്പിടിച്ചത്..

പുതുമ നഷ്ടപ്പെടാതെ, ഏറ്റക്കുറച്ചിലുകളില്ലാതെ ഇന്നും മനോഹരമായി പരസ്പരം പ്രണയിക്കുന്നുണ്ടിവർ.

സേവിച്ചാ…. എന്നതാ ഒരു ആലോചന.. ഇന്നലെ തുടങ്ങീത് ആണല്ലോ എന്നാ പറ്റി?

ഉമ്മറത്തേക്ക് നടന്നു ചെന്ന് കയ്യിലിരുന്ന ഗ്ലാസ്‌ സേവ്യറിന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് സാറ ചോദിച്ചു.

ഒന്നൂല്ലെടിയെ വയസും പ്രായോം ഒക്കെ ആയപ്പോ ഓരോരോ ചിന്തകള്.

ഞാൻ ഇരുന്ന ഇരുപ്പിൽ അങ്ങില്ലാണ്ടായി പോയാൽ നിനക്ക് പിന്നെ ആരുണ്ടെന്നാ.

ഒറ്റക്കായി പോവോടി നീ…

കയ്യിലെ ഗ്ലാസ്‌ ഉമ്മറത്തെ അര ചുവരിലേക്ക് വച്ചുകൊണ്ട് സേവ്യർ സാറയുടെ മുഖത്തേക്ക് ഉറ്റുനോക്കി.

സങ്കടം നിഴലിക്കുന്ന അവരുടെ കണ്ണുകൾ പ്രതീക്ഷിച്ച സേവ്യർ അവിടെ കോപം നിറയുന്നത് കണ്ട് ചെറുതായൊന്ന് അന്താളിച്ചു.

ദേ ഇച്ചായാ എന്നെകൊണ്ട് പറയിക്കരുത് കേട്ടല്ലോ. അങ്ങനെ മരണത്തെ പറ്റി ആലോചിക്കാനും മാത്രം എന്റെ ഇച്ചായൻ വയസൻ ഒന്നും ആയിട്ടില്ല…

ഇപ്പോഴും എന്നാ ഒരു ഗ്ലാമർ ആണെന്നാ.. അത് മാത്രോ എന്റിതിയാൻ ഇപ്പോഴും അടിപൊളി അല്ലെ

സാറ ചിരിയോടെ പറഞ്ഞു..

ഹാ.. അത് അല്ലേലും എനിക്ക് അറിയാടി പെണ്ണെ… നീ പറയുന്ന കേക്കാൻ ഒരിഷ്ടം.

അല്ലാതെ ഈ സേവ്യർ ചാവുന്നുണ്ടേൽ എന്റെ ചങ്കിൽ ചേർന്ന് കിടക്കാൻ എന്റെ സാറകൊച്ചും കാണും..

നിന്നെ പിടിച്ചേല്പിക്കാനും മാത്രം വിശ്വാസം എനിക്കാരോടും ഇല്ലെടി പെണ്ണെ… എന്നെപോലെ നിന്നെ ആരും നോക്കൂകേല.. നീ വേദനിച്ചാൽ എന്റെ ആത്മാവ് പോലും അവരോട് പൊറുക്കൂലെടി..

അയാളുടെ ഇരു കണ്ണുകളും നിറഞ്ഞു..

വിറയ്ക്കുന്ന ചുണ്ടുകളോടെ സേവ്യർ സാറയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു ദേഹത്തേക്ക് മുഖം ചേർത്ത് വിതുമ്പി.

പെട്ടന്നുള്ള അയാളുടെ പ്രവർത്തിയിൽ അവളും ഒന്ന് പകച്ചു..

സേവിച്ചാ…. എന്താ ഇത് എന്നാത്തിനാ ഇപ്പൊ ഇങ്ങനൊക്കെ പറയണേ…. എനിക്കിതു സഹിക്കത്തില്ല…

എന്നാ പറ്റി….

സാറ അയാളുടെ മുഖം ഇരുകൈകളിൽ എടുത്തു.. നിറഞ്ഞു നിൽക്കുന്ന അയാളുടെ കണ്ണുകൾ കാണെ അവളുടെ കണ്ണുകളും നിറയാൻ തുടങ്ങി…

ഒന്നൂല്ല കൊച്ചേ.. എന്തോ പെട്ടന്ന് അങ്ങനെയൊക്കെ ഒരു തോന്നൽ…

ആരും ഇല്ലാത്തതിന് ഒരിക്കലും സങ്കടം തോന്നീട്ടില്ല എന്റെ കൊച്ച് കൂടെ ഉണ്ടല്ലോ എന്ന് കരുതും..

പക്ഷെ ഇപ്പൊ നീ ഒറ്റപ്പെട്ടു പോകോ എന്ന് എനിക്കൊരു പേടി.

അങ്ങനെ ഒന്നും ഈശോ നമ്മളെ കൈവിടില്ല അല്ല്യോടി..

ആയാൾ നിറഞ്ഞ കണ്ണുകൾക്കിടയിലും പുഞ്ചിരിച്ചു.

മതിയാക്ക് സേവിച്ചാ എനിക്ക് ദേഷ്യം വരുന്നുണ്ട്..

ഇതുപോലെ ഉള്ള വർത്താനം ഒന്നും ഇനി വേണ്ട

കേട്ടല്ലോ.

ജീവിക്കണേലും മരിക്കണേലും സേവിച്ചനും സാറ കൊച്ചും ഒരുമിച്ചാ..

അല്ല പിന്നെ…

ഇവിടെ ഇരുന്നു സങ്കടം പറയാതെ ഇതും കുടിച്ചേച് എണീറ്റ് വന്നേ… കുറച്ചു പണി ഉണ്ട്…

എല്ലാം തീർത്തിട്ട് നമുക്ക് ആ ചീരയ്ക്കൊക്കെ നനക്കാൻ പോണ്ടതാ…

ഉള്ളു നോവുന്നുണ്ടെങ്കിലും അത് മറച്ചു കൊണ്ട് സാറ തിണ്ണയിൽ ഇരുന്ന കട്ടൻ എടുത്തയാൾക്ക് കൊടുത്തു..

സേവ്യറിന്റെ കസേരയ്ക്ക് താഴെ അയാളുടെ കാൽമുട്ടിൽ ചുമൽ ചാരി സാറയും ഇരുന്നു..

മനോഹരമായൊരു പ്രണയകാലം സമ്മാനിച്ചവനാണ്… ഇന്നും അതിന്റെ ഭംഗിയും ഒഴുക്കും അൽപ്പം പോലും ചോരാതെ പകർന്നു തരുന്നുമുണ്ട്… വിട്ടുകൊടുക്കാനും പിരിഞ്ഞു പോകാനും കഴിയാത്ത അത്രമേൽ ആഴത്തിൽ പ്രണയിക്കുമ്പോൾ ഒരാൾ തനിച്ചാവുക എന്നത് ഓർക്കുമ്പോൾ തന്നെ ചങ്ക് പിടയുന്നു..

തികട്ടി വന്ന വേദനയും കണ്ണീരും സാറ അടക്കിപിടിച്ചു..

മുറ്റത്തേക്ക് കണ്ണ് പായിച്ചു…

ദേ… നോക്ക് സേവിച്ചാ ക്ലാര മോള് വരുന്നു…

മുറ്റത്തിന്റെ അങ്ങേ കോണിൽ നിന്ന് നടന്നടുക്കുന്ന ക്ലാരയെ നോക്കിക്കൊണ്ട് സാറ പറഞ്ഞു…

ഹാ.. കണ്ടെടി പെണ്ണേ… വരവ് അത്ര പന്തി അല്ലല്ലോ ഇന്നിനി എന്ത് പൊല്ലാപ്പും കൊണ്ടാണോ പൊന്നുമോൾടെ വരവ്…അയാൾ പുഞ്ചിരിയോടെ പറഞ്ഞു.

ആഹാ ഇണക്കുരുവികൾ ഉമ്മറത്തു തന്നെ ഉണ്ടല്ലോ

നടന്ന് ഉമ്മറത്ത് കേറിയതും ഒരിത്തിരി കുശുമ്പോടെ ക്ലാര ചോദിച്ചു..

ഉവ്വെടി…. അതിന് എന്റെ മോൾക് കുശുമ്പ് കുത്തീട്ട് ഒന്നും ഒരു കാര്യോം ഇല്ല…

ഇതുപോലെ സ്നേഹിക്കാൻ അല്ലിയോ നിനക്കൊരു കെട്യോനെ കണ്ടുപിടിച്ചു തന്നെ.. എന്നിട്ടും പെണ്ണിന് പരാതി.

സേവ്യർ അവളെ കളിയാക്കികൊണ്ട് പറഞ്ഞു.

ഓ പിന്നെ ഒരു കെട്ടിയോൻ.. അതിന് അയാൾ അപ്പനെ പോലൊന്നും അല്ല…

അവൾ പുച്ഛത്തോടെ ചുണ്ടുകോട്ടി..

അവനിപ്പോ എന്നതാ ഒരു കൊഴപ്പം.. അല്ല നീയെന്താ ഒന്ന് വിളിക്ക പോലും ചെയ്യാതെ ഇങ്ങു പോന്നേ…

സാറ ചോദിച്ചു..

എന്റെ പൊന്നമ്മച്ചീ… ഞാൻ അന്നേ പറഞ്ഞതാ എനിക്ക് ഈ കെട്ട് വേണ്ട വേണ്ട എന്ന് എന്നിട്ട് കേട്ടോ നിങ്ങള്. അവൻ നല്ലവനാ എന്ന് പറഞ്ഞു പിടിച്ചു കെട്ടിച്ചു.. ഇപ്പൊ അയാൾക്ക് എന്നോട് ഒരു സ്നേഹോം ഇല്ല എപ്പോഴും പരാതിയാ…ഞാൻ ജോലിക്ക് പോണില്ല പോലും..

നിങ്ങൾക് അറിയാല്ലോ എനിക്ക് വീട്ടിൽ ഇരിക്കുന്നതാ ഇഷ്ടം.. ചുമ്മാ ഇരുന്നു ഞാൻ കൊഴുത്തു പോണെന്ന്. അയാൾക് എന്നെ ഇഷ്ടവല്ല അപ്പച്ചാ….എല്ലാത്തിനും കുറ്റം പറച്ചിലാ..ഞാൻ ഇനി അങ്ങോട്ട്‌ പോണില്ല….

അവൾ സാരി തുമ്പുയർത്തി കണ്ണ് തുടച്ചു..

സാറയും സേവ്യറും മുഖത്തോട് മുഖം നോക്കി.

ആ എന്റെ മോൾക് വേണ്ടേൽ ഇനി അങ്ങോട്ട്‌ പോകണ്ട.. അവനുമായുള്ള ബന്ധം നമുക്കങ്ങു വേണ്ട എന്ന് വയ്ക്കാം..

ചുണ്ടിൽ ഊറി വന്ന ചിരി മറച്ചുകൊണ്ട് സേവ്യർ പറഞ്ഞു…

സാറ അത്ഭുതപൂർവ്വം അയാളുടെ മുഖത്തേക്ക് നോക്കി..

സേവിച്ചാ എന്നതാ ഈ പറയണേ.. ഇവൾക്ക് വെളിവില്ലാതെ പറയണതാ…

സാം എങ്ങനെ ആണ് എന്ന് നമുക്ക് അറിയില്ലേ…

അല്ലെങ്കിൽ തന്നെ പെട്ടന്ന് അങ്ങനെ ഒക്കെ വേണ്ടന്ന് വയ്ക്കാൻ പറ്റോ… അവനെ വിളിച്ചു നമുക്ക് സംസാരിക്കാം…

വേണ്ട ഒന്നും സംസാരിക്കേണ്ട ആരും… എന്റെ മോള് പറഞ്ഞതാണ് ശരി.. നീ ഇവളെ വിളിച്ചു കൊണ്ട് പോ….

അയാൾ എന്തോ തീരുമാനിച്ചതുപോലെ പറഞ്ഞു.

അല്ലേലും എന്റെ അപ്പൻ സൂപ്പറാ…

സാറയുടെ മുഖത്ത് നോക്കി അതും പറഞ്ഞു കൊണ്ട് ക്ലാര അകത്തേക്ക് പോയി…

സാറ കൊച്ചേ നീ അടുക്കളേലോട്ട് ചെല്ല്… അവൾക് ഇഷ്ടം ഉള്ളത് എന്താ എന്ന് വച്ചാൽ ഉണ്ടാക്കി കൊടുക്ക്‌ കേട്ടോ…

അതും പറഞ്ഞു സേവ്യർ മുറ്റത്തേക്കിറങ്ങി പോയി…

ഉച്ചക്ക് ഊണിന്റെ നേരത്തും അപ്പനും മോളും ബന്ധം പിരിയാൻ വേണ്ട കാര്യങ്ങൾ ഒക്കെ ആലോചിച്ചു ഉറപ്പിക്കുന്നത് കണ്ടിട്ട് അന്ന് ആദ്യമായ് സാറയ്ക്ക് അയാളോട് ദേഷ്യം തോന്നി…

ഒരു ബെല്ലും ബ്രെക്കും ഇല്ലാത്തൊരു പെണ്ണാണ് ക്ലാര.. വക്കീൽ പഠിത്തം കഴിഞ്ഞു ചുമ്മാ ഇരിക്കുന്നവളോട് ജോലിക്ക് പോകാതെ വീട്ടിൽ ഇരുന്നു മടി പിടിക്കരുത് എന്ന് സാം പറഞ്ഞതിൽ എന്താ തെറ്റ് എന്നറിയില്ല… അപ്പനും മോളും അഹങ്കാരം കാണിക്കുന്നു എന്നുവരെ അവർക്ക് തോന്നി

ഒന്ന് രണ്ടു ദിവസങ്ങൾ കടന്നു പോകവേ ക്ലാരയുടെ മുഖത്ത് ആദ്യത്തെ സന്തോഷം ഒന്നും ഇല്ലാത്തതുപോലെ സാറയ്ക്ക് തോന്നി…

ഡിവോഴ്സ് കാര്യം ഒന്നും അപ്പനും മോളും ചർച്ചക്ക് എടുക്കാറില്ല…

നാലാം നാൾ രാവിലെ മുറ്റത്ത്‌ ഒരു കാർ വന്നു നിൽക്കുന്ന കണ്ടാണ് സേവ്യറും സാറയും മുറ്റത്തേക്ക് ഇറങ്ങിയത്…

ഡോർ തുറന്ന് ഇറങ്ങുന്ന സാമിനെ കണ്ടപ്പോ സേവ്യറിന്റെ മുഖത്ത് പുഞ്ചിരിയും സാറയുടെ മുഖത്ത് അമ്പരപ്പും നിറഞ്ഞു…

അകത്തേക്ക് വാ മോനെ.. അമ്മച്ചി ചായ എടുക്കാം സാറ പറഞ്ഞു..

വേണ്ടമ്മച്ചീ.. എനിക്ക് അവളെ കൂട്ടി പോയിട്ട് വേണം ഓഫീസിൽ പോകാൻ അവൾ എന്തിയെ…

ഓ ഞാൻ ഇവിടെ ഉണ്ട്…

സാമിന് മറുപടിയുമായി അകത്തുനിന്നും ക്ലാര ഓടിയെത്തി…

ഒന്നും മനസിലാകാതെ നിക്കുന്ന സാറയെ ക്ലാര ചേർത്ത് പിടിച്ചു…

അമ്മച്ചീ…. ഞാൻ പോകുവാ… എനിക്ക് ദേ ഇങ്ങേർ ഇല്ലാണ്ട് പറ്റത്തില്ല… ഞാൻ ഇത്രേം ദിവസം എന്താ സ്നേഹം എന്നും എന്താ കുടുംബ ജീവിതം എന്നും നിങ്ങളെ കണ്ടു പഠിക്കുവായിരുന്നു…

പണ്ടും ഞാൻ അതെല്ലാം കണ്ടു വളർന്നതാ.. പക്ഷെ അന്ന് മനസിലാകാത്ത പലതും ഇന്ന് അതിന്റെ പൂർണതയിൽ എനിക്ക് തിരിച്ചറിയാനാവുന്നുണ്ട്…

പിരിഞ്ഞു നിന്നപ്പോ ആണ് അറിഞ്ഞത് എനിക്കും ദേ എന്റെ ഇച്ചായനോട് ഇത്തിരി പ്രേമം ഒക്കെ ഉണ്ടെന്ന്…അത് മനസിലാക്കാൻ തമ്മിൽ അകന്നു നിൽക്കേണ്ടി വന്നുവെന്ന് മാത്രം…

സേവ്യറിനേം സാറ കൊച്ചിനേം പോലൊന്നും പ്രേമിക്കാൻ പറ്റീല എങ്കിലും ഞാനും ഒന്ന് ശ്രമിച്ചു നോക്കട്ടെ…

ക്ലാര പുഞ്ചിരിയോടെ പറഞ്ഞു…

അപ്പച്ചാ ഞാൻ പോട്ടെ… വിളിക്കാം കേട്ടോ…

അവൾ പറഞ്ഞു…

സോറി ഇച്ചായാ എനിക്ക് ദേഷ്യം വന്നിട്ടാ ഇറങ്ങി പോന്നേ…

എന്നോട് ദേഷ്യം ഉണ്ടോ അവൾ സാമിനോട് ചോദിച്ചു..

ഇല്ലെടി പെണ്ണേ… നീ വന്ന അന്ന് തന്നെ അപ്പച്ചൻ വന്നു കണ്ടായിരുന്നു എന്നെ.. അന്ന് അപ്പച്ചൻ പറഞ്ഞു നീ കുറച്ചു ദിവസം കഴിഞ്ഞങ് വന്നോളും എന്ന്.. അതല്ലേ ഞാൻ പിന്നെ വിളിക്കാഞ്ഞേ…

പിന്നെ നിനക്ക് ഇഷ്ടം അല്ലേൽ ജോലിക് പോകണ്ട കേട്ടോ.. നിന്നെ ഞാൻ കളിയാക്കുന്നതൊക്കെ ഇഷ്ടം കൂടിട്ടാ പെണ്ണേ നിനക്ക് വിഷമം ആയേൽ ദേ ഇന്നുമുതൽ അതും നിർത്തി.. പോരായോ…

അവൻ അവളോട് പറഞ്ഞു…

പോകാം ഇച്ചായാ.. ബാക്കി ഒക്കെ നമുക്ക് പിന്നെ നോക്കാട്ടോ…

അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് സാമിനൊപ്പം കാറിലേക്ക് കയറി..

മുന്നോട്ട് പോകുന്ന വാഹനത്തെ നോക്കി നിൽക്കുന്ന സേവ്യറിനെ നോക്കി സാറ മുഖം കൂർപ്പിച്ചു…

സേവിച്ചാ എന്താ ഇത്.. നിങ്ങൾ തന്നെ അല്ലെ പറഞ്ഞെ അവളോട് ഇനി പോകണ്ട എന്ന്…

സാറ കൊച്ചേ…. അവൾ നമ്മുടെ മോൾ അല്ലേടി.. അവൾ എന്താ എന്ന് നമുക്ക് അറിയില്ലേ…

അവളോട് അന്നേരം എന്ത് പറഞ്ഞാലും കാര്യം ഇല്ലായിരുന്നു.. അതുകൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്.. അവൾ ഇവിടെ നിന്ന ദിവസങ്ങളിൽ എല്ലാം ശ്രദിച്ചത് എന്താ എന്ന് അറിയാമോ.. നമ്മൾ തമ്മിലുള്ള സ്നേഹം…

നീയും ഞാനും ഒന്നിച്ചിരിക്കുന്നതും പരസ്പരം പ്രണയിക്കുന്നതും കണ്ടപ്പോൾ അവൾ ഓർക്കുന്നത് അവനെ തന്നെ ആവുമെന്ന് എനിക്ക് അറിയാം…

പിന്നെ സാം…. അവൻ നല്ലവനാ… അവനിൽ നമുക്ക് ഒരു വിശ്വാസം ഉണ്ട്.. അത് തെറ്റാണ് എന്ന് അവൾ പറയുകയോ നമുക്ക് ബോധ്യപ്പെടുകയോ ചെയ്യാതിടത്തോളം അവരുടെ ജീവിതത്തിൽ നമ്മൾ എന്തിന് ഇടപെടണം..

ഇതിപ്പോ മോൾടെ ഭാഗത്താണ് തെറ്റ്… അത് അവൾക് തന്നെ മനസിലായിട്ടുണ്ട്….

അയാൾ പറഞ്ഞു…

ഞാൻ കരുതി സേവിച്ചാ നിങ്ങൾ എന്തോ മണ്ടൻ തീരുമാനം എടുക്കാൻ പോകുവാണ് എന്ന്…

ഇപ്പഴാ സമാധാനം ആയത്….

സാറ പറഞ്ഞു.

ഇല്ലെടി കൊച്ചേ…. നമ്മളെ കണ്ടാ നമ്മുടെ മോൾ സ്നേഹം എന്താ പ്രണയം എന്താ എന്ന് പഠിക്കേണ്ടത് ..അവൾക് നമ്മൾ തന്നെയാകണം മാതൃക… ആ അവൾക് തെറ്റ് പറ്റിയാലും അവൾ തന്നെ അത് തിരുത്തും….

എങ്കിലും നമ്മളെപ്പോലെ ആകത്തില്ലെടി പെണ്ണേ അവര്…

കാരണം

അവർക്കൊക്കെ പ്രണയം ഒരു കൊടുക്കൽവാങ്ങലാണ്. എത്രയൊക്കെ നമ്മളേ കണ്ടു പഠിച്ചാലും ഒരുപക്ഷെ കൊടുക്കുന്ന അളവിൽ സ്നേഹം തിരിച്ചു കിട്ടിയില്ലെങ്കിൽ പരിഭവം പറയാനും മാറി നിൽക്കാനുമെല്ലാം തോന്നും.

പക്ഷെ നമുക്ക് അങ്ങനെ അല്ലല്ലോ….ആത്മാവിൽ അലിഞ്ഞു ചേർന്ന….ഇനിയും പേരിട്ടു വിളിക്കാനാകാത്ത എന്തോ ഒന്നാണ് നമ്മൾ തമ്മിലുള്ള സ്നേഹം….

ഹാ….അല്ലേ തന്നെ അവരെകൊണ്ട് പറ്റോടി കൊച്ചേ…. എന്നെപോലെ പ്രേമിക്കാൻ ഒക്കെ….

അയാൾ കുസൃതിയോടെ പറഞ്ഞു നിർത്തി…

നമ്മളെ പോലെ നമ്മളേ ഉള്ളു… അല്ല്യോ ഇച്ചായ….

അന്നും ഇന്നും ഇനിയായാലും…..

നിറഞ്ഞ ചിരിയോടെ പറഞ്ഞുകൊണ്ട് സാറ അയാളുടെ നെഞ്ചിൽ ചേരുമ്പോൾ ഒരു പൊട്ടിച്ചിരിയോടെ അയാളുടെ ചുണ്ടുകൾ അത്രമേൽ പ്രണയപൂർവ്വം അവളുടെ നെറുകയിലമർന്നു……

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : രേഷ്മദേവു

Scroll to Top