ഇന്ന് ദേവേട്ടന്റെ വീട്ടിലേക്ക് പോകുകയാണ്. ഇനിയുള്ള ദിനങ്ങൾ എങ്ങനെയാവുമെന്ന് ഓർക്കുമ്പോ വ, ല്ലാത്ത വീ, ർപ്പുമു, ട്ടലാണ്…

രചന : Savitha Sunil

ഇരുമെയ്യിൽ ഒരുമയായ്

************

“മോളെ, ഒരുക്കം കഴിഞ്ഞില്ലേ?”.

“ദാ… കഴിഞ്ഞമ്മേ”.

ഒരു കറുത്ത പൊട്ടെടുത്ത് നന്ദ ചേച്ചിയുടെ നെറ്റിയിൽ വെച്ചു. എന്നിട്ട് മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.

“എന്താടി?”.

“ഇപ്പോ എന്റെ ചേച്ചി പെണ്ണ് കുറച്ചു കൂടി സുന്ദരി ആയിട്ടുണ്ട്. ആര് കണ്ടാലും ഒന്ന് നോക്കി പോകും

“പോടീ, കുശുമ്പത്തി “.

അതും പറഞ്ഞ് ഞാൻ നന്ദയുടെ കയ്യിൽ ഒരു നുള്ള് കൊടുത്തു. കണ്ണാടിയിൽ നോക്കിയപ്പോൾ അവൾ പറഞ്ഞത് എത്ര ശരിയാണെന്നു തോന്നി.

അണിഞ്ഞൊരുങ്ങിയപ്പോൾ താനാകെ മാറിയിരിക്കുന്നു. കവിളുകൾ തുടുത്തു വീർത്തിരിക്കുന്നു. ചുണ്ടുകൾ തൊണ്ടി പഴം പോലെ ചുവന്നിട്ടുണ്ട്. ശരീരത്തിൽ മാംസങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ചരിഞ്ഞു നിന്നു കൊണ്ട് ഞാൻ ഒന്നുകൂടെ നോക്കി. അതുകണ്ട നന്ദ പിന്നിലൂടെ വന്ന് കെട്ടിപിടിച്ചു.

“ഈ ശരീരം ഇതുപോലെ തന്നെയുണ്ടാവണം.

ഏട്ടെമ്പത് മാസത്തെ അമ്മയുടെ കഷ്ടപ്പാടാണ്”.

അവളൊന്ന് ചിരിച്ചു. പ്രസവത്തിനു വരുമ്പോൾ താൻ ക്ഷീണിച്ചവശയായിരുന്നു. ഇടവും വലവും നിന്ന് തന്റെ കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ തന്നെയും പരിചരിച്ചത്. പക്ഷേ ഇന്ന് ദേവേട്ടന്റെ വീട്ടിലെക്ക് പോകുകയാണ്. ഇനിയുള്ള ദിനങ്ങൾ എങ്ങനെയാവുമെന്ന് ഓർക്കുമ്പോ വല്ലാത്ത വീർപ്പുമുട്ടലാണ്. പിന്നെയൊരു ആശ്വാസം അവർക്കെല്ലാം കുഞ്ഞിനെ വലിയ ഇഷ്ടമാണ്.

രണ്ടു ചേച്ചിമാരുടെയും കുട്ടികളെ നോക്കുന്നത് കണ്ടിട്ട് കൊതി തോന്നിയിട്ടുണ്ട്.

ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് അമ്മയുടെ വിളി കാതുകളിൽ ഒഴുകിയെത്തി. ക്ഷണിക്കപ്പെട്ട അതിഥികളും നാട്ടുകാരും വന്നെത്തി. പെണ്ണിന് കൊടുക്കുന്ന പാത്രങ്ങളുടേയും പൊന്നിന്റെയും കണക്കെടുപ്പുകൾ തകൃതായി നടന്നു. അതിനിടയിൽ പള്ള നിറയക്കാനും മറന്നില്ല. അവിടെയും ചില മുറുമുറുപ്പുകൾ ഉയർന്നു. ദേവേട്ടന്റെ അമ്മയാണെങ്കിൽ കുഞ്ഞിനെ തന്റെ കയ്യിൽ പോലും തരുന്നില്ല. തന്റെ ഭാഗ്യത്തെ കുറിച്ചുള്ള സ്തുതി ഗീതങ്ങൾ അവിടെയാകെ ഒഴുകി നടന്നു.

എത്രയൊക്കെ നിയന്ത്രിച്ചിട്ടും ഇറങ്ങാൻ നേരം നെഞ്ചുപൊട്ടി പോയി.

വീടെത്തുമ്പോൾ ഒരു കരാഗ്രഹമായാണ് തോന്നിയത്. ആൾ കൂട്ടത്തിൽ തനിയെ നടക്കുന്നത് പോലെ,

കാലുകൾ തളർന്നു പോകുന്നു. ആളും ആരവവും ഒഴിഞ്ഞു. ക്ഷീണം കൊണ്ട് വേഗം തന്നെ ഉറങ്ങി പോയ്‌. രാത്രിയിൽ പലവട്ടം അവൻ ഞെട്ടി ഉണർന്നു. നേരം പുലരാനാവുമ്പോഴാണ് ഒന്നുറങ്ങിയത്.

അവനൊപ്പം ഞാനും ഉറങ്ങി പോയ്‌. സൂര്യ കിരണങ്ങൾ മിഴികളിൽ തഴുകിയപ്പോഴാണ് ഉറക്കം ഉണർന്നത്.

അടുക്കളയിലേക്ക് ചെല്ലുമ്പോൾ കണ്ടു. കടന്നൽ കുത്തിയ മുഖം പോലെ വീർപ്പിച്ചു നിൽക്കുന്ന അമ്മായിയമ്മയെ. ഒന്നും പറയാതെ ബാക്കി പണികൾ ചെയ്തു തീർത്തു. അതിനിടയിൽ മോന്റെ കാര്യങ്ങൾ ചെയ്യാനായി ഓടും. കുറച്ചു ദിവസങ്ങൾ കുഴപ്പമില്ലാതെ കടന്നു പോയ്‌.

മാസത്തിലെ വിളിക്കാതെ വരുന്ന വില്ലനാണല്ലോ പീരിയഡ്‌സ്. രാവിലെ തുടങ്ങിയ വയറു വേദനയും കാലുവേദനയുമാണ്. നൂറു കൂട്ടം പണികൾ ചെയ്ത് തീർക്കണം. അഞ്ചു മണിക്ക് എഴുന്നേറ്റ് അടുക്കളയിൽ കയറിയതാണ്. വയറിനടിയിൽ ഒരു കൊളുത്തി പിടുത്തം. വയറിൽ ആരോ കത്തി കൊണ്ട് കുത്തുന്നത് പോലെയാണ് തോന്നുന്നത്.

നല്ല ചൂടു വെള്ളത്തിൽ കുളിച്ചാൽ നല്ല ആശ്വാസം കിട്ടും. കുഞ്ഞൊന്ന് ഉറങ്ങിയെങ്കിൽ കുളിക്കാമായിരുന്നു. അമ്മായിയമ്മക്ക് ടിവി കാണാൻ സമയമുണ്ട് കുഞ്ഞിനെ നോക്കാൻ സമയമില്ല. പല വീടുകളിലെയും അവസ്ഥ ഇതുതന്നെയാണ്. പലരും ഒത്തു കൂടുമ്പോൾ പറയാറുണ്ട്. വിവാഹത്തോടെ ഒരു കുഞ്ഞു കൂടിയായാൽ എല്ലാം അവസാനിച്ചു.

നാലു ചുവരുകളിൽ ഇതുപോലെ വേദനകൾ കടിച്ചമർത്തി കഴിയണം. ഒരു പ്രശ്നം ഉടലെടുക്കുമ്പോഴും മക്കൾ നല്ലത് ചെയ്താലും അച്ഛന്റെ മക്കൾ എന്റെ പേരക്കുട്ടികൾയെന്ന് അവകാശം പറയുന്നവർ. അല്ലങ്കിലോ അവരുടെ ഉത്തരവാദിത്തം അമ്മയ്ക്ക് മാത്രം. വേദനകൾ സഹിച്ച് ഊണും ഉറക്കവുമില്ലാതെ കണ്ണിലെണ്ണയൊഴിച് കൈ വളരുന്നോ കാൽ വളരുന്നോയെന്ന് നോക്കണം. അറിയാതെ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ അമ്മമാർക്ക് പത്തു മാസം ചുമന്ന കണക്ക് മാത്രമെ പറയാനുള്ളു എന്ന പരിഹാസവും.

ഇനിയും പിടിച്ചു നിൽക്കാൻ വയ്യ. കുഞ്ഞിനെയും കൊണ്ട് മുറിയിലേക്ക് ചെലുമ്പോഴെ കണ്ടു പുറത്തിരിക്കുന്ന ഏട്ടനെ.

“ഏട്ടാ, കുഞ്ഞിനെ ഒന്ന് ഉറക്കമോ?”.

“നീ എങ്ങോട്ടാ?”.

“ഞാൻ ഒന്ന് കുളിക്കട്ടെ. തീരെ വയ്യ. ശരീരം മുഴുവൻ നല്ല വേദന “.

“ഹോസ്പിറ്റലിൽ പോകണോ?”.

“വേണ്ടാ, ഏട്ടൻ മോനെ തൊട്ടിലിൽ കിടത്തി ആട്ടിയാൽ മതി “.

“നീ എന്താ ഈ പറയുന്നത്. നിനക്ക് കുഞ്ഞിനെ ഉറക്കിയിട്ട് കുളിക്കാൻ സമയമില്ലേ?”.

“എന്നാ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് പോ..”

“കുഞ്ഞിനെ നോക്കൽ തള്ളമാരുടെ കടമയാണ്.

അല്ലാതെ ആണുങ്ങളുടെ കയ്യിൽ അല്ല കൊടുക്കേണ്ടത്. നിനക്ക് നാണമില്ലല്ലോടാ.

ഇങ്ങനെയൊരു പെൺകോന്തൻ”.

“അമ്മേ.. ഞാൻ ” എന്റെ തൊണ്ടയിടറി. ശബ്ദം പുറത്തേക്ക് വരാൻ മടിച്ചു നിന്നു.

“നീ ഇവൻ നോക്കും പറഞ്ഞിട്ടാണോ പെറ്റത്. ഏട്ടാ കുട്ടി അപ്പിയിട്ടു, കുട്ടി മൂത്രം ഒഴിച്ചു, കുട്ടി കരഞ്ഞു,

എന്ത്‌ പറഞ്ഞാലും ഏട്ടാ ഏട്ടാ…. ഞാനൊന്നും ഇങ്ങനെ എന്റെ കെട്ടിയോനെ വിളിച്ചിട്ടില്ല “.

പുച്ഛത്തോടെ അവർ തുടർന്നു.

“എന്നാൽ അമ്മയ്‌ക്കൊന്ന് എന്നെ സഹായിച്ചുടെ?”.

“ആഹ്ഹ ഇതു നല്ല കഥ. ഇപ്പോ ഞാൻ നിന്റെ കുട്ടിയെ നോക്കണം നിനക്ക് കെട്ടിലമ്മചമയാൻ.

ഞാൻ നിന്നെ പോലെ ഒന്നിനെയല്ല പെറ്റത്

മൂന്നെണ്ണം പെറ്റു. ആരും അന്ന് സഹായിച്ചില്ല. നരകിച്ചു തന്നെയാണ് വളർത്തിയത്”.

“അമ്മേ, ഇത് എന്റെയും കൂടി മോനാണ്.

അമ്മയുടെ പേരകുട്ടി. കുഞ്ഞിനെ നോക്കുന്നത് രണ്ടു പേരുടെയും ഉത്തരവാദിത്തം ആണ്. അമ്മ നരകിച്ചുയെന്ന് പറഞ്ഞിട്ട് ഇനിയുള്ളവരും അങ്ങനെ ആവണമെന്നാണോ പറയുന്നത്. ഞങ്ങളെ അച്ഛൻ നോക്കിയിട്ടില്ലേ. എന്നിട്ട് എന്റെ രണ്ട് അളിയന്മാരും കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ചെയ്തു കൊടുക്കുമ്പോൾ അമ്മയെന്താ ഒന്നും മിണ്ടാത്തത്.

അത് അമ്മയുടെ മോളാണ് അല്ലെ. അമ്മക്ക് ടിവി കണ്ടിരിക്കുന്ന സമയം കുഞ്ഞിനെ നോക്കി കൂടെ.

രാത്രി കുഞ്ഞു കരയുമ്പോൾ എന്താണ് എന്നു പോലും ചോദിക്കാറുണ്ടോ. അവർ വിരുന്നു വരുമ്പോൾ ഇങ്ങനെയല്ലല്ലോ. അവർക്കൊന്ന് പനിച്ചാൽ ഓടി പോകുമല്ലോ. അല്ലെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരും.

ഇനിയും ഞാൻ കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ അമ്മയ്ക്ക് താങ്ങാൻ കഴിഞ്ഞില്ലെന്ന് വരും”.

ഇത്രയും പറഞ്ഞു കൊണ്ട് കുഞ്ഞിനെയും വാങ്ങി കയ്യും പിടിച്ച് അകത്തേക്ക് കയറുമ്പോൾ എന്റെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : Savitha Sunil