ചെമ്പകം പൂക്കുമ്പോൾ, Part 9

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, Part 9

❤️❤️❤️❤️❤️❤️❤️❤️❤️

രാത്രി ഏറെ വൈകി ആണ് തൃപ്പൻകോട്ട്  തിരുമേനി കൃഷ്ണ പ്രസാദിനെ വിളിച്ചത്.

“കൃഷ്ണ പ്രസാദേ…. കിടന്നോ”??

“ഇല്ല… തിരുമേനി”…

“മ്മ്…. നാളെത്തെ ദിവസത്തിന്റെ പ്രത്യേകത അറിയുവോ”??

“അറിയാം തിരുമേനി…കിങ്ങിണി മോളുടെ 18ആം പിറന്നാൾ… ”

“മ്മ്… അതായത് 18 കഴിഞ്ഞു 19ലേക്ക് പ്രവേശിക്കുന്നു “…

“മ്മ്…. ”

“നാളെ കൃഷ്ണന്റെ അമ്പലത്തിൽ പോയി പാല്പായസം കഴിക്കണം. ഭഗവതിക്ക് ഒരു ചുവന്ന  പട്ടും താലിയും കൊടുക്കണം”….

“ചെയ്യാം തിരുമേനി”…

“മ്മ്… എല്ലാം മംഗളം ആയി വന്നാൽ നാളെ തന്നെ ആ ശുഭ വാർത്ത അറിയാം”….

“എന്താ തിരുമേനി”??

“മറ്റു ഒന്നുമല്ല കിങ്ങിണിയുടെ ജാതകവും ആയി ചേർന്ന ഒരു ജാതകം. എന്റെ മകന്റെ അടുത്ത കൂട്ടുകാരന്റെ മകന്റെ ജാതകം ആണ്. പറഞ്ഞ ലക്ഷണം വെച്ച് കിങ്ങിണിയും ആയി ചേരും. നാളെ ജാതകം അവൻ കൊണ്ട് വരും ഒത്തു നോക്കിയിട്ട് ഞാൻ വിളിക്കാം.”…

“മ്മ്…. ”

“നന്നായി പ്രാർഥിച്ചോ… നല്ല കൂട്ടർ ആണ്. ചെറുക്കനും മിടുക്കൻ ആണ്. ഇത് നടന്നാൽ മോളുടെ ഭാഗ്യം തന്നെയാ.ഞാൻ നാളെ വിളിക്കാം”…എന്ന് പറഞ്ഞ് തിരുമേനി ഫോൺ വെച്ചു.

“ഭഗവാനെ എന്റെ കുട്ടിക്ക് പറ്റിയ ചെറുക്കൻ ആവണേ അത്”….കൃഷ്ണ പ്രസാദ് മനം ഉരുകി പ്രാർഥിച്ചു.

***************

രാവിലെ മുറിയിൽ തട്ടലും മുട്ടലും തട്ടി മറിക്കലും എല്ലാം കേട്ടാണ് ഫാത്തിമ കണ്ണ് തുറന്നത്. അവൾ പതിയെ കണ്ണ് ചിമ്മി  തുറന്നു നോക്കുമ്പോൾ കറുത്ത കരയുള്ള സെറ്റും മുണ്ടും ഉടുത്തു എങ്ങോട്ടോ പോകാൻ റെഡി ആവുന്ന കിങ്ങിണി കുട്ടിയെ ആണ് കണ്ടത്.

“നീ ഈ കൊച്ച് വെളുപ്പാൻ കാലത്ത് എങ്ങോട്ടാ”??…ഫാത്തിമ കണ്ണ് തിരുമി കൊണ്ട് ചോദിച്ചു.

“ഇന്ന് എന്റെ പിറന്നാളാ…. ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം”….

“ഏഹ് ??ഇന്ന് നിന്റെ b’-day ആണോ??എന്നിട്ട് എന്താ നീ പറയാഞ്ഞത്”??

“ഞാൻ പോലും ഓർത്തില്ല… ഇന്നലെ രാത്രിയാ ഫൈസൽ ഇക്കയെ വിളിച്ചു അച്ഛൻ പറഞ്ഞത്.ഇത്താത്ത ഉറങ്ങിയത് കൊണ്ട് ഞാൻ വിളിക്കാഞ്ഞേയാ …. ”

“ശോ…. നിനക്ക് ഇപ്പോ എന്താടി തരുക”??

“എനിക്ക് ഒന്നും വേണ്ടാ… ഈ ഡ്രസ്സ്‌ എങ്ങനെ ഉണ്ട് ??അച്ഛന്റെ വകയാ… നേരത്തെ ആള് എന്റെ പെട്ടിയിൽ എടുത്തു വെച്ചാരുന്നു”….

“അടിപൊളി ആയിട്ടുണ്ട്… നീ വെളുത്തത് ആയത് കൊണ്ട് നന്നായിട്ടു ചേരുന്നുണ്ട്”….

“എന്നാൽ ഞാൻ അമ്പലത്തിൽ  പോയിട്ട് വരാം”…

“മ്മ്… വഴിയിൽ ചെക്കന്മാർടെ  കമന്റ്‌ അടി ഉണ്ടാകും”….

“കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാൽ ആണുങ്ങൾ കമന്റ്‌ അടിക്കും. അത് അവരുടെ മൗലിക അവകാശം ആണ് . എന്ന് കരുതി തെണ്ടി തരം   കാണിച്ചാൽ ചെരുപ്പ് ഊരി അടിക്കും. അത് നമ്മുടെ അവകാശം”…കിങ്ങിണിയുടെ സംസാരം കേട്ടു ഫാത്തിമക്ക് ചിരി വന്നു.

“ശരി ശരി നീ വേഗം പോയി വാ”…അതും പറഞ്ഞ് ഫാത്തിമ വീണ്ടും കട്ടിലിലേക്ക് ചെരിഞ്ഞു.

കിങ്ങിണി കുട്ടി പതുക്കെ ഗേറ്റ് തുറന്നു പുറത്തേക്കു ഇറങ്ങി. 7കഴിഞ്ഞതേ ഉള്ളു അധികം ആളുകൾ ഒന്നും വഴിയിൽ ഇല്ല. ഇടയ്ക്ക് എല്ലാം ഫാത്തിമയുടെ വീട്ടിൽ പോയി നിൽക്കുന്ന കാരണം സ്ഥലങ്ങൾ എല്ലാം കിങ്ങിണിക്ക് പരിചിതം ആയിരുന്നു. ഒരു വല്യ പാടം കഴിഞ്ഞു വേണം അമ്പലത്തിലേക്ക് എത്താൻ. ടാർ ഇട്ട  റോഡ് ആണ് അമ്പലത്തിലേക്ക്. റോഡിന്റെ ഇരു വശത്ത്ഉം പാടം. പച്ച വിരിച്ചു കിടക്കുന്ന പാടത്തിന് കുറുകെ ഉള്ള ടാറിട്ട കറുത്ത റോഡ് വല്ലാത്ത ഒരു ഭംഗി തന്നെ ആണ്.മഞ്ഞിന്റെ ചെറിയ തുള്ളികൾ എല്ലാം നെൽച്ചെടികളിൽ പറ്റി പിടിച്ചു നിൽക്കുന്നു.ഇഷ്ടംപോലെ തത്തമ്മ കുഞ്ഞുങ്ങൾ വന്നു വരിവരിയായി ഓരോ മരത്തിന്റെ മേലെയും കുറുകി കൊക്കുരുമ്മി ഇരിപ്പുണ്ട്. ചില സിംഗിൾ തത്തമ്മകൾ മാത്രം കിടന്നു ചിലക്കുന്നുണ്ട്.  കാഴ്ചകൾ കണ്ടു അവൾ മുന്നോട്ട് നടന്നു.  ഉദിച്ചു വരുന്ന ഉദയ സൂര്യൻ അവളുടെ മേലേക്ക് പ്രകാശം ചൊരിഞ്ഞു. ഓരോന്നൊക്കെ നോക്കി അമ്പലത്തിലേക്ക് നടക്കുമ്പോൾ ആണ് ആരോ പിന്നിൽ നിന്നും കൈ കൊട്ടി അവളെ വിളിച്ചത്. അവൾ തിരിഞ്ഞു നോക്കി.

ഒരു കാക്കാത്തി അമ്മ ആയിരുന്നു. അവർ മുല്ല പൂവും വിൽക്കുന്നുണ്ട്.കയ്യിൽ ഒരു പൂക്കൂട ഉണ്ടായിരുന്നു.  അവർ ഓടി കിങ്ങിണിയുടെ അടുത്തേക്ക് വന്നു.

“അഴഹാ  ഇറുക്കെ… ഇന്ത മൊഖം  പാത്തു ലക്ഷണം സൊല്ലട്ടുമാ കണ്ണാ”….അവർ അവളുടെ മുഖത്തിന്‌ നേരെ കൈ ഒഴിഞ്ഞു ഞൊട്ട വിട്ടു.

“വേണ്ടാ… അമ്മാ പോട്ടെ”….അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇന്ന് മോളുടെ പിറന്ന നാൾ അല്ലേ”??

“അതേ…. ”

“മ്മ്…. ഇന്ത വർഷം മോള് സുമംഗലി ആവും. ശ്രീരാമ ചന്ദ്രനെ പോലെ ഉള്ള മനസ്സിന് പിടിച്ച  ഒരു രാജ കുമാരൻ തന്നെ താലി കെട്ടി കണവൻ ആകും.”…..

“ഹഹഹ…. ഹഹഹഹ….. “കിങ്ങിണി കുലുങ്ങി ചിരിച്ചു. കയ്യിൽ  കരുതിയ  പൈസയിൽ നിന്നും ഒരു 100രൂപ എടുത്തു  കൊടുത്തു.

“രാവിലേ ഒന്നും കഴിച്ചില്ലല്ലോ പോയി കഴിക്കു കേട്ടോ”…കിങ്ങിണി അതും പറഞ്ഞ് അവരുടെ മൂക്കിൽ ഒന്ന് തട്ടി  മുന്നോട്ട് നടന്നു.

“മുല്ല പൂ വേണ്ടേ മോളെ”??

“വേണ്ട ചേച്ചി…കുറച്ച് കഴിഞ്ഞു വാടാനുള്ളതല്ലേ!! പോട്ടെ…. “അതും പറഞ്ഞു കിങ്ങിണി മുന്നോട്ട് നടന്നു.

“രാജകുമാരൻ… എന്നേ കെട്ടാൻ വരുമെന്ന്… ചക്രവർത്തിയ വരുന്നേ…. ജീവിക്കാൻ ഉള്ള ഓരോ പാട്”…കിങ്ങിണി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

“2മുഴം മുല്ല പൂവ്”….രണ്ട് മൂന്ന് പേര് പൂവ് മേടിക്കാൻ വന്നപ്പോൾ പൂക്കാരി  അതിന്റെ തിരക്കിൽ ആയിരുന്നു.

ഒരു മുഴം 20രൂപ ആയിട്ടും വില പേശി  ആളുകൾ അത് 5ഉം പത്തും രൂപക്ക് മേടിച്ചു കൊണ്ട് പോയി.

പൂ വാങ്ങി നടന്നു പോകുന്ന ഒരാളെ മാത്രം അവർ സൂക്ഷിച്ചു നോക്കി നിന്നു. അവരുടെ കൺകോണിൽ അല്പം മിഴിനീർ പടർന്നു.അയാൾ ഇട്ടിട്ടു പോയ 500രൂപ കണ്ട്. ചിരിയോടെ അവരെ നോക്കി ആ മുഖം ദൂരേക്ക് അകന്ന് അകന്ന് പോയി.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും

(എല്ലാവരും ഒരു അടിയാണ് പ്രതീക്ഷിച്ചത് എന്ന് അറിയാം. എപ്പോഴും എല്ലാ കഥയിലും സ്ഥിരം ക്ലിഷേ ഇട്ടാൽ വായിക്കുന്ന നിങ്ങൾക്കും എഴുതുന്ന എനിക്കും ബോർ അടിക്കും. അതുകൊണ്ട് ചുവടു ഒന്ന് മാറ്റി പിടിച്ചതാ. എന്ന് കരുതി ഇവർക്കിടയിൽ പ്രണയം മാത്രം പെയ്ത് ഇറങ്ങാൻ ഒന്നും പോണില്ല കേട്ടോ. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും…)

രചന : അനു അനാമിക

Scroll to Top