ജ്യോതിയെ കണ്ട അന്ന് മുതൽ എനിക്ക് ഇഷ്ടമായതാ…ഞാൻ… ജ്യോതിയെ കല്യാണം.. കഴിച്ചോട്ടെ…

രചന : അലക്സാണ്ടർ മെന്റസ്

*മാട്രിമോണി*

കഥ:

രണ്ട് യുവാക്കൾ ആ ഓഫീസിനുള്ളിലേക്ക് കയറിച്ചെന്നു…

നിങ്ങളുടെ മാട്രിമോണി സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാനായിരുന്നു..

റിസപ്ഷനിൽ ഇരിക്കുന്ന പെണ്ണിനോടായി ഒരാൾ പറഞ്ഞു….

സർ… ആയിരിക്കുന്ന സ്റ്റാഫിനോട് പറഞ്ഞാൽ മതി അവരെല്ലാം ചെയ്തു തരും..

ജ്യോതി.. ഇവർക്ക് പേര് രജിസ്റ്റർ ചെയ്യാനാണ് ഒന്ന് ചെയ്തുകൊടുക്കു….

ജ്യോതി. ആഹാ… നല്ല പേര്… കാണാനും കൊള്ളാം..
കൂടെ വന്നവൻ പറഞ്ഞു..

ഡാ.. ചളമാക്കല്ലേ.. വാ

റിസപ്ഷനിലെ പെണ്ണ് ചൂണ്ടിക്കാണിച്ച ആ സ്റ്റാഫിനെടുത്തേക്ക് അവർ നടന്നു….

കല്യാണ ആലോചനകൾക്കായി പേരു രജിസ്റ്റർ ചെയ്യാനായിരുന്നു….

സാറിനാണോ..

ഹേയ് എനിക്കല്ല ഞാൻ കല്യാണം കഴിച്ചു രണ്ടു പിള്ളേരുള്ളതാ…
ദാ ഇവനാ… കൃഷ്ണകുമാർ…

ഇതൊന്നു ഫില്ല പ്പ് ചെയ്തു തരുമോ ഒരു ഫോം നീട്ടി ജ്യോതി പറഞ്ഞു….
ഒരു ഫോട്ടോയും വേണം…

ഫോം വാങ്ങിച്ച് വിവരങ്ങളെല്ലാം പൂരിപ്പിച്ചു കൊടുത്തു…

അതെ.. ഇവന് ജാതകത്തിൽ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ട് അപ്പോൾ അതുപോലെ ഒത്തുവരുന്ന പെണ്ണുങ്ങൾ മതി..
പിന്നെ ജാതകം നോക്കാത്തവർ ആണെങ്കിൽ അതായാലും മതി…
ഇവന് ജാതകത്തിൽ ഒന്നും വിശ്വാസമില്ല വീട്ടുകാർക്കാ പ്രശ്നം…

ജ്യോതി ഫോം വാങ്ങി…
കൃഷ്ണകുമാർ..
പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്
സ്വന്തമായി കോൺട്രാക്ട് ജോലികൾ ചെയ്യുന്നു..
സാമ്പത്തികമായും കുഴപ്പമില്ല..

ജ്യോതി അവിടുത്തെ നിയമവശങ്ങൾ എല്ലാം എല്ലാം പറഞ്ഞു മനസ്സിലാക്കി…

സാറിന് പറ്റിയ ആലോചന വരുമ്പോൾ ഞങ്ങൾ അറിയിക്കാം..

ഒക്കെ.. ജ്യോതിയ്ക്
നല്ലൊരു പുഞ്ചിരിയും സമ്മാനിച്ചുകൊണ്ട് അവർ ഇറങ്ങി….

നല്ല പെൺകുട്ടി അല്ലേടാ..

എന്നാ നമുക്ക് ആലോചിക്കാടാ..

ഒന്ന് പോടാ കൃഷ്ണകുമാർ ചിരിച്ചുകൊണ്ട് നടന്നു..

ജ്യോതി.. കൃഷ്ണകുമാറിന് ഒന്ന് രണ്ട് പെണ്ണുകാണൽ റെഡിയാക്കി കൊടുത്തു..

പക്ഷേ ഒന്നും അങ്ങ് ഒത്തില്ല…

കാര്യങ്ങൾ ഒന്നും നടക്കാതെ പോയപ്പോൾ കൃഷ്ണകുമാർ ജ്യോതിയെ വിളിച്ചുപറഞ്ഞു…

അതെ… നിങ്ങൾക്ക് വരുന്ന എല്ലാ ആലോചനകളും എന്നെ കാണിക്കാൻ നിൽക്കരുത്..
ഞാൻ പറഞ്ഞ ആവശ്യങ്ങൾ ഓക്കെയായ പെണ്ണുങ്ങളെ മാത്രം കാണിച്ചാൽ മതി…

അങ്ങനെ അവർ പലപ്പോഴായി ഈ കാര്യങ്ങൾ പറഞ്ഞു ഫോണിൽ കൂടി സംസാരമായി…

ജ്യോതി കല്യാണം കഴിച്ചതാണോ…

ഇല്ല സർ എന്താ കാര്യം…

ഒന്നുമില്ല വെറുതെ ചോദിച്ചതാ…

എന്താ കല്യാണം കഴിക്കാത്തത്…

വീട്ടിൽ കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ട്… പിന്നെ ജാതക പ്രശ്നവും..

അപ്പോൾ നമ്മൾ ഒരേ തൂവൽപക്ഷികളാണ്….

പുതിയ ആലോചന വരികയാണെങ്കിൽ അറിയിക്കാം കേട്ടോ പെട്ടെന്ന് ജ്യോതി ഫോൺ കട്ട് ചെയ്തു…

ഒരു ദിവസം ജ്യോതിയുടെ കോൾ വന്നു…

നല്ലൊരു പെണ്ണുണ്ട്..
ഫോട്ടോയിൽ അത്ര ലുക്ക് ഇല്ലെങ്കിലും നേരിട്ട് നല്ല ഭംഗിയാ എന്നാണ് അറിഞ്ഞത്..
പിന്നെ ഒറ്റ മകളാ… വീടും ഏക്കറ് കണക്കിന് സ്ഥലവും ഉണ്ട്.. പിന്നെ കുറെ കടമുറികളും….
ജാതകം ഒന്നും അവർക്ക് പ്രശ്നമില്ല
ഒരു കണ്ടീഷനെ ഉള്ളൂ കല്യാണം കഴിഞ്ഞാൽ സാർ അവിടെ തന്നെ താമസിക്കണം…

അയ്യോ അങ്ങനെയൊക്കെ പറഞ്ഞാൽ…

സാർ ഒന്ന് പോയി കാണൂ എന്റെ മനസ്സ് പറയുന്നു ഇത് ശരിയാകുമെന്ന്…

ജ്യോതിക്ക് അത്ര ഉറപ്പാണെങ്കിൽ….
ഓക്കേ… ഞങ്ങൾ സൺഡേ പൊയ്ക്കോളാം…

പിറ്റേദിവസം തിങ്കളാഴ്ച ജ്യോതി ഓഫീസിൽ എത്തിയപ്പോൾ ആദ്യം തന്നെ ഒരു കോൾ വന്നു…

ഞാൻ കൃഷ്ണകുമാറിന്റെ അച്ഛനാണ്…
നിങ്ങൾ എന്തു നോക്കിയാണ് കല്യാണ ആലോചനകൾ നൽകുന്നത്..
കണ്ട മന്ദബുദ്ധി പെണ്ണുങ്ങളും ഭ്രാന്തുള്ളവരുമാണോ നിങ്ങളെ ലിസ്റ്റിലുള്ളത്…

എന്താ.. എന്താ സാർ….

എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട…
പിന്നെ അവിടെ നിന്നും കണ്ണുപൊട്ടെ തെറിയായിരുന്നു….
കൂട്ടത്തിൽ കൃഷ്ണകുമാറിന്റെ അമ്മയും എന്തൊക്കെയോ ഇടക്ക് പറയുന്നുണ്ടായിരുന്നു ഫോണിൽ കൂടി…

ആദ്യത്തെ കോളിന്റെ ആഘാതം തിരുമുൻപേ അടുത്ത് കോൾ വന്നു…

അന്ന് കൂടെ വന്ന കൂട്ടുകാരനാണ്…

കുട്ടി അറിഞ്ഞുകൊണ്ടാണോ ഈ ആലോചന ഞങ്ങൾക്ക് തന്നത്…

ഇല്ല സാർ ഇല്ല എന്താ പ്രശ്നം…

കാണാൻ പോയ പെണ്ണിനെ മാനസികമായി എന്തോ പ്രശ്നമുണ്ട്…
അര ലൂസാ…

എന്താ സംഭവിച്ചത് സാർ…

ചായമായി വരുന്നത് കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് അവലക്ഷണം തോന്നിയതാ

ചായ തന്നിട്ട് ഞങ്ങളുടെ കൂട്ടത്തിൽ വന്നിരുന്നു..
പലഹാരം ഒക്കെ വാരി തിന്നാൻ തുടങ്ങി…
കാണാൻ വന്ന ചെക്കനിൽ അല്ലായിരുന്നു തീറ്റയിൽ ആയിരുന്നു അവളുടെ ശ്രദ്ധ…
അവന്റെ പെങ്ങളുടെ കയ്യിലുണ്ടായിരുന്ന ലഡു വരെ തട്ടിപ്പറിച്ചു തിന്നു… പോരാത്തതിന് അമ്മയുടെ സാരിയിൽ കൈ തുടക്കുകയും ചെയ്തു…

എന്തൊക്കെയോ പിറുപിറുക്കയും ചെയ്തിരുന്നു…

അമ്മയും അച്ഛനും അവിടെ നിന്ന് എഴുന്നേൽക്കാൻ പറഞ്ഞിട്ടും അവൾ കൂട്ടാക്കുന്നില്ലായിരുന്നു…

നിങ്ങളെന്താ ആളെ കളിയാക്കാൻ വിട്ടതായിരുന്നോ…

അതല്ല സർ എനിക്ക് അറിയാൻ പാടില്ലായിരുന്നു..

കൂട്ടുകാരന്റെ വായിലിരിക്കുന്നതും കുറെ കേട്ടു…..

കുറെ വഴക്ക് കേട്ട് കഴിഞ്ഞപ്പോൾ ജ്യോതി തിരിച്ചു ചോദിച്ചു.,..

സർ ഇനി ആരെങ്കിലും ഉണ്ടോ നിങ്ങളുടെ നാട്ടിൽ നിന്നും എന്നെ വിളിച്ചു തെറി പറയാൻ.,..

എന്താ.. എന്താ കാര്യം

അല്ല ഈ കാര്യം പറഞ്ഞു കുറെ ആളുകളായി എന്നെ വിളിച്ച് തെറി വിളിക്കുന്നു… അതുകൊണ്ട് ചോദിച്ച ഇനി എനിക്ക് താങ്ങാൻ പറ്റില്ല….

ഏതായാലും കൃഷ്ണകുമാർ ഓഫീസിലേക്ക് വരുന്നുണ്ട്..
നിങ്ങളുടെ സേവനം ഇനി ഞങ്ങൾക്ക് വേണ്ട…
രജിസ്ട്രേഷൻ ഫീസ് തിരിച്ചു കൊടുത്തേക്കണം….

ദൈവമേ ഇനി അയാൾ നേരിട്ടും വരുന്നുണ്ടോ? ജ്യോതി ആകെ അങ്കലാപ്പിലായി….

വൈകുന്നേരം ആയപ്പോൾ കൃഷ്ണകുമാർ ഓഫീസിലേക്ക് കയറി വന്നു…

ജ്യോതിയുടെ മുന്നിൽ വന്നിരുന്നു…

എന്ത് ചെയ്യണമെന്നറിയാതെ ജ്യോതി അങ്ങോട്ടും ഇങ്ങോട്ടും നോക്കി…

അധികം ഒന്നും ഞാൻ പറയുന്നില്ല.. എന്റെ ഫ്രണ്ട് വിളിച്ചില്ലേ കാര്യങ്ങളൊക്കെ പറഞ്ഞില്ലേ…

അത് പിന്നെ സാർ..
മൂന്ന് നാല് പെണ്ണ് കണ്ടതല്ലേ…
അപ്പോൾ ഫീസ് തിരിച്ചു തരാൻ പറ്റില്ല എന്നാ പറയുന്നത്…

അതെങ്ങനെ പറഞ്ഞാൽ ശരിയാവും ജ്യോതി..
ഞങ്ങൾക്കുണ്ടായ മാനക്കെടിന് അത് തിരിച്ചു തന്നാലേ പറ്റു…

ജ്യോതി ആകെ എന്ത് ചെയ്യണമെന്ന് അറിയാത്ത മട്ടിലായി…

ഒരു രണ്ടുമാസത്തിനുള്ളിൽ തന്ന് തീർത്താൽ മതിയോ…

എന്താ രണ്ടുമാസം…

ഇവിടെ നിന്ന് ആ കാശ് കിട്ടില്ല സാർ….
എനിക്ക് ശമ്പളം കിട്ടുമ്പോൾ ഞാൻ തന്നെ തന്ന് തീർത്തോളാം…
ജ്യോതി ദൈന്യതയോടെ പറഞ്ഞു…

ഏയ് അതൊന്നും ശരിയാകില്ല…
ഇനിയൊരു മാർഗമേ ഉള്ളൂ അത് ഞാൻ പറയട്ടെ…
എന്താ സാർ…..

ഞാൻ… ജ്യോതിയെ കല്യാണം.. കഴിച്ചോട്ടെ..

പെട്ടെന്ന് അത് കേട്ട് ജ്യോതി അറിയാതെ വാ പൊളിച്ചു ഇരുന്നു…

ഹലോ….ഹലോ ജ്യോതി വാ അടയ്ക്കു…

ഞാൻ സീരിയസ് ആയിട്ടാണ് പറഞ്ഞത് ജ്യോതിയെ കണ്ട അന്ന് മുതൽ എനിക്ക് ഇഷ്ടമായതാ…

അത് പിന്നെ സാർ…

ഒന്നും പറയണ്ട… എന്റെ കാര്യങ്ങളൊക്കെ ഇയാൾക്ക് അറിയാം…

അടുത്ത ഞായറാഴ്ച ഞങ്ങൾ വീട്ടിലേക്ക് വരുന്നുണ്ട്…
എനിക്ക് ഇയാളെ മാത്രം മതി…

അയ്യോ ഇത് ഇങ്ങനെ പെട്ടെന്ന് പറഞ്ഞാൽ എങ്ങനെയാ…

ഇഷ്ടമല്ലെങ്കിൽ ഇപ്പൊ പറഞ്ഞോ… ഞാൻ ഇവിടെ കിടന്ന് ബഹളം വയ്ക്കും എന്റെ കാശിനുവേണ്ടി….

അയ്യോ ഇഷ്ടക്കേട് ഒന്നുമില്ല…എന്നാലും…

ഒരു എന്നാലും ഇല്ല ഓക്കേ അപ്പോൾ പറഞ്ഞ പോലെ തന്നെ..
ഞായറാഴ്ച കാണാം ജ്യോതി കൃഷ്ണൻ..
ആ പേര് ഒക്കെ അല്ലേ…
ചിരിച്ചുകൊണ്ട് കൃഷ്ണകുമാർ നടന്നു നീങ്ങി…

കുറച്ചുനേരം നടന്നത് എന്താണെന്ന് അറിയാതെ ജ്യോതി അനങ്ങാതിരുന്നു…

പിന്നെ സാവധാനം കൃഷ്ണകുമാറിന്റെ പ്രൊഫൈൽ എടുത്ത്
രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തു…
ഫോമിൽ നിന്നും കൃഷ്ണകുമാറിന്റെ ഫോട്ടോയെടുത്ത് തന്റെ ബാഗിൽ ഉള്ളിലേക്ക് വെച്ചു….

അപ്പോൾ അപ്പുറത്തെ കൗണ്ടറിൽ ഇരിക്കുന്ന പെൺകുട്ടി.. ആരോ ഒരാളോട് വിളിച്ചു പറയുകയാണ്…
സാർ…. ഞായറാഴ്ച പെണ്ണുകാണാൻ പോകാൻ പറ്റുമോ…
ഒറ്റ മകളാണ്… ഏക്കർ കണക്കിന്
സ്ഥലമുണ്ട്….

ജ്യോതിക്ക് ചിരിയടക്കാൻ പറ്റുന്നില്ലായിരുന്നു….

ഇവൾക്ക് വട്ടായോ എന്ന രീതിയിൽ അടുത്ത കൗണ്ടറിലെ പെൺകുട്ടി തുറിച്ചുനോക്കി…

ജ്യോതി അപ്പോഴും ചിരിച്ചു കൊണ്ടിരുന്നു….

*ശുഭം*

രചന : അലക്സാണ്ടർ മെന്റസ്