അവൾക്കു വേറെ ഒരാളെ ഇഷ്ടം ആണെങ്കിലും എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല…

രചന:sabaries RK

അവനെന്റെ നീട്ടി പിടിച്ച കൈ വെള്ളയിൽ ഉമ്മ വെക്കുമ്പോൾ എനിക്ക് പൊള്ളി

“എന്തൊരു ചൂടാണ് മനു ?എനിക്ക് പൊള്ളുന്നല്ലോ

“ഇതിനേക്കാൾ വല്യ ചൂട് നിനക്കറിയാഞ്ഞിട്ടാടി !!!

അവൻ കണ്ണിറുക്കി ചിരിച്ചു

ഉവ്വ ഉവ്വാ ഇതിനേക്കാൾ വല്യ തീയ് ആണ് എന്റെ നെഞ്ചിൽ “പപ്പയോടു ഞാൻ എന്തോ പറയുമെന്നോർത്തിട്ടാ !!!

നാളെ പെണ്ണുകാണാൻ വരുന്ന ആരാണ്ടു അമേരിക്കക്കാരന്റെ മുൻപിൽ അപ്പനെ നാണം കെടുത്തണല്ലോ എന്നോർത്തിട്ടു

“ടി അവനെ കണ്ടു കഴിയുമ്പോൾ നീ എന്നെ മറക്കുമോടി ?”

ഇല്ലെടാ ഞാൻ വരുന്ന ആളോട് പറഞ്ഞോളാം !!

പക്ഷേ നീ ഇതിനു എത്രയും പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കണം

“അതു ഞാനേറ്റെടി”

റേഡിയോ സ്റ്റേഷനിൽ നിന്നു ഇറങ്ങിയപ്പോൾ മനു ബൈക്ക്മായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു

നാലു വർഷത്തെ പ്രണയമാണ്. രണ്ട് പേർക്കും പാട്ടിനോടാണ് കമ്പം, ചെറിയ ഒരു വിത്യാസം ഉണ്ട്

അവൻ റോക്ക് ആൻഡ് റാപ്പ് മ്യൂസികിന്റെ ആളാണ് !!ഞാൻ മെലഡിയുടെയും

അതു കൊണ്ടാണ് അറിയപ്പെടുന്ന ഒരു എഫ് മ്മിലെ മെലഡി ടൈമിൽ ജോലി കിട്ടിയപ്പോൾ സന്തോഷത്തോടെ ഏറ്റെടുത്തതും

അവൻ ഒരു പുതിയ ബാൻഡിന്റെ തുടക്കത്തിന് ഉള്ള പ്ലാനിൽ ആണ്…

ഇതിനിടയിൽ ആണ് പ്ലാന്റർ മത്തായിച്ചന്റെ ആക്രമണം !!

അക്രമം ഒന്നും അല്ല കേട്ടോ സത്യം പറഞ്ഞാൽ അപ്പൻ ഒരു പാവമാണ്

പക്ഷേ റബറിന്റേം കാപ്പിടേം മണമുള്ള അപ്പനു എന്തോന്ന് കലാ ബോധം ?!”അല്ലെങ്കിൽ പിന്നെ പാട്ടുകാരിയായ എനിക്ക് ഡോക്ടറെ കണ്ടു പിടിച്ചു തരാൻ അപ്പന് തോന്നുമോ

മമ്മിയും അങ്ങനെ തന്നെ !!കഞ്ഞിയും കൂട്ടാനും, അപ്പനും കുർബാനയും പിന്നെ ഞാനും ആണ് ലോകം

മനുവിന് നല്ല ടെൻഷൻ ഉണ്ട് പാവം. എന്നതാണേലും അവനെ മറന്നേച്ചു ഒരു ജീവിതം ഇല്ല

ആലോചിച്ചു നടന്നു വീടെത്തിയത് അറിഞ്ഞില്ല

പപ്പയും മമ്മിയും വല്യ സന്തോഷത്തിൽ ആണ്

ദീപക് പെണ്ണ് കാണാൻ വന്നത് മുണ്ടും ഉടുത്തു അമ്മച്ചിയേം അമ്മാച്ചനേം കൂട്ടിക്കൊണ്ടാണ്!!

വെളുത്തു മെലിഞ്ഞൊരു താടിക്കാരൻ

നല്ല ചൊക ചൊക എന്നൊരു അമ്മച്ചി ! മകനും ഉണ്ട് അമ്മയുടെ നിറം

അമ്മച്ചിക്കു എന്നെ ഇഷ്ടപ്പെട്ടു, എനിക്ക് അമ്മച്ചിയേം !!പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ

അതു കൊണ്ടു ചെറുക്കനും പെണ്ണിനും വല്ലതും മിണ്ടാൻ ഉണ്ടേൽ ആയിക്കോട്ടെ ! എന്നു കേൾക്കണ്ട താമസം ഞാൻ മുറ്റത്തേക്ക് ചാടി

“ദീപക് പിന്നാലേ വന്നു.

പരിചയപ്പെടുത്തൽ കഴിഞ്ഞ ശേഷം ദീപക് നേരെ കാര്യത്തിലേക്കു വന്നു “വർഷക്കു എന്നെ അറിയില്ലായിരിക്കും ! പക്ഷേ വർഷയെ എനിക്കറിയാം

പ്രോഗ്രാം കേൾക്കാറുണ്ട്, വർഷ ഇടക്ക് പാടുന്നതും, എനിക്കിഷ്ടമാണ് പാട്ടും പിന്നെ പാട്ടുകാരിയെയും ”

എടുത്തടിച്ച പോലെ അയാളുടെ മുഖത്ത് നോക്കി എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ് എന്നു പറയേണ്ടി വന്നതിൽ ചെറിയ ഖേദം ഉണ്ടായിരുന്നു എങ്കിലും

മനുവിനെ മനസ്സിൽ ധ്യാനിച്ച് ഞാൻ ഉള്ളതങ്ങു പറഞ്ഞു ! ദീപക്കിന്റെ മുഖത്തൊരു നിരാശ വന്നെങ്കിലും

ഒരു ചിരി എടുത്തു ഉടുത്തു അങ്ങോർ “ശരി അപ്പോൾ വർഷയുടെ ഇഷ്ടം പോലെ !! ഞാൻ എന്തെങ്കിലും പറഞ്ഞോളാം അമ്മച്ചിയോടു

എന്നു പറഞ്ഞു മുൻപിൽ നടന്നു

അവര് പോയ ഉടൻ മനുവിനെ വിളിച്ചു അറിയിച്ചു, എത്രയും പെട്ടന്ന് ഒരു തീരുമാനം ഉണ്ടാക്കണം എന്നു പറഞ്ഞപ്പോൾ

“അടുത്ത ആലോചന വരുമ്പോൾ നോക്കാം ”

എന്നൊരു ഒഴുക്കൻ മറുപടി കേട്ടെനിക്ക് കലി വന്നതാണ്

അതിന്റെ കയ്പ്പും മനസ്സിൽ ഇട്ടൊണ്ടാണ് അടുത്ത ദിവസം പ്രോഗ്രാമിന് കയറിയത് !!!പക്ഷേ പ്രോഗ്രാം തുടങ്ങിയപ്പോൾ അതു മറന്നിരുന്നു

അവസാനത്തെ കാൾ വിളിച്ച ആൾ ഒരു പാട്ടിന്റെ രണ്ട് വരി പാടാമോ എന്നു ആവശ്യപ്പെട്ടു കൊണ്ടിരുന്നപ്പോൾ ആണ് കൈയ്യിൽ ഇരുന്ന മൊബൈൽ വിറച്ചതു

അയാൾക്കു പാട്ടു പാടിക്കൊണ്ടിരിക്കുമ്പോൾ വന്ന ഡിസ്റ്റർബൻസ് കാരണം ഫോൺ മാറ്റി വെക്കാൻ ശ്രമിക്കുമ്പോൾ മെസ്സേജ് ഓപ്പൺ ആയി

“ഡാ നീ എനിക്കൊരു കാർ സംഘടിപ്പിച്ചു തരണം, വര്ഷയേം കൊണ്ടു എവിടേലും പോയി പെട്ടന്നു കാര്യം നടത്തിയാലേ അവളുടെ തന്തയോട് നാലു ചക്രം മേടിക്കാൻ പറ്റത്തൊള്ളൂ !!!

അല്ലാതെ ഒറ്റ മോളെ അയാളിപ്പം എനിക്ക് കെട്ടിച്ചൊന്നും തരാൻ പോണില്ലെന്നു എനിക്ക് അറിയാം

എനിക്ക് കാശു തന്നേച്ചു അങ്ങോര് വേണേൽ അവളെ അമേരിക്കക്കു വിട്ടോട്ടേ ”

തൊണ്ടയിൽ ഉമിനീർ കുടുങ്ങി പാട്ടു മുറിഞ്ഞു. അയാളോട് എന്തോ പറഞ്ഞു ചോദിച്ച പാട്ടിനു പകരം ഏതോ പാട്ടു വെച്ചു കൊടുക്കുമ്പോഴേക്കും അറിയാതെ രണ്ട് തുള്ളി കണ്ണിൽ നിന്നു തുളുമ്പി

പ്രോഗ്രാം തീർന്നതും ഇറങ്ങി ഓടി,ഓട്ടത്തിനിടയിൽ അവനെ വിളിക്കാൻ ശ്രമിച്ചു,കാൾ പോകുന്നില്ല !!

മെസ്സേജ് മാറി അയച്ചത് മനസിലായി നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു !!വൃത്തികെട്ടവൻ

എന്നാലും വിശ്വസിക്കാൻ പറ്റുന്നില്ല!കുമരകത്തിനു പോകാം ഒരു ഹൌസ് ബോട്ടെടുത്താലോ എന്നുള്ള ചോദ്യം എത്ര തവണ അവന്റെ തമാശ ആയി ചിരിച്ചു തള്ളിയിരിക്കുന്നു !!!

രണ്ടു ദിവസത്തെ ലീവ് പറഞ്ഞിട്ട് കിടക്കുമ്പോൾ പപ്പാ അടുത്ത് വന്നിരുന്നു

“ദീപക്ക് പോണെങ്കിൽ പോട്ടെടാ !!അവൻ അമേരിക്കക്കു പോകാൻ ഇരിക്കുന്നല്ലേ ഉള്ളു, പപ്പാ അമേരിക്കയിൽ സ്ഥിര താമസം ഉള്ള ആരെയേലും കൊണ്ട് വരും എന്റെ മോൾക്ക്

കരയണം എന്നു തോന്നി! പിന്നെ അപ്പനെ വിഷമിപ്പിക്കണ്ടാന്നു ഓർത്തങ്ങു കടിച്ചു പിടിച്ചു, മത്തായിച്ചനു പരുക്കൻ മുഖം വീടിനു പുറത്തെ ഉള്ളൂ

അവനെ അങ്ങനെ വെറുതെ വിടാൻ മനസ് വരുന്നില്ല!! അപ്പനോട് എങ്ങും പോകരുത് ആവശ്യം വന്നാൽ വിളിക്കുമെന്ന് പറഞ്ഞിട്ട് ഇറങ്ങുമ്പോൾ ചിലതു തീരുമാനിച്ചിരുന്നു

പടികയറി ചെല്ലുമ്പോഴേ കണ്ടു അവൻ മുൻവശത്തു തന്നെ ഉണ്ട് അവനിട്ടു നേരെ ചെന്നിട്ട് ഒഴിഞ്ഞു മാറുന്നതിനു മുൻപേ ഒന്നു പൊട്ടിച്ചു

അന്തം വിട്ടു നിന്ന അവന്റെ അമ്മച്ചിയെ മൈൻഡ് ചെയ്യാതെ അവന്റെ മെസ്സേജ് അവന്റെ പെങ്ങളുടെ മുഖത്തിന്‌ നേരെ തുറന്നു പിടിച്ചു

നിന്റെ ആങ്ങള സമ്പാദിക്കുന്നത് എങ്ങനാണ് എന്നു അമ്മച്ചിയോടു കൂടെ പറഞ്ഞേക്ക് !!!

പിന്നെ അവിടെ നടക്കുന്നത് ശ്രദ്ധിക്കാതെ ഇറങ്ങുമ്പോൾ ഒരു സമാധാനം തോന്നിയിരുന്നു എങ്കിലും വിഷമം ഇല്ലാതിരുന്നില്ല

പ്രോഗ്രാമിന് കയറുമ്പോൾ എല്ലാം മറക്കും. രണ്ട് മാസത്തിനു ശേഷം ഒരു ദിവസം വൈകിട്ട് അവസാനത്തെ കാൾ ആയിരുന്നു എടുത്തതെ അയാൾ സംസാരിക്കാൻ തുടങ്ങി

“ഞാൻ മറ്റെന്നാൾ അമേരിക്കക്ക് പോകുക ആണ്

ഈ പാട്ടു ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിക്ക് വേണ്ടി ആണ് !!

അവൾക്കു വേറെ ഒരാളെ ഇഷ്ടം ആണെങ്കിലും എനിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല !!!

രണ്ട് വരി ഞാൻ പാടിക്കോട്ടെ ?

എന്റെ സമ്മതത്തിന് കാത്തു നില്കാതെ അയാൾ പാടി തുടങ്ങി

“കായാമ്പൂ കണ്ണിൽ വിടരും ”

പാട്ടു വെച്ചു കൊടുക്കാൻ സമയം തികയാതെ പരിപാടി മുഴുമിപ്പിച്ചു ഇറങ്ങുമ്പോൾ അപ്പനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി

റോഡിന്റെ മറു വശത്തു ദീപക്ക് എന്നെ കാത്തു നില്പുണ്ടായിരുന്നു കാറിൽ ചാരി നീല ഷർട്ടും ഇട്ട് മുണ്ടും ഉടുത്തു ചെറിയൊരു ചിരിയോടെ കണ്ണുകളിൽ നിറച്ചു സ്നേഹവും വാത്സല്യവും ആയി

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന:sabaries RK

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top