എടാ ജോർജേ നീ എന്നാക്കെ പറഞ്ഞാലും ഇവളെ ഇവിടെ നിർത്താൻ ഒക്കൂലാ….

ഹണിമൂൺ

രചന: അരുൺ കാർത്തിക്

ഹലോ, എടാ ജോർജേ, നീ അത്യാവശ്യമായിട്ട് വീട്ടിൽ വരെ ഒന്നു വരണം.

“എന്താ അപ്പച്ചാ കാര്യം, എനിക്ക് ഈ ഓഫീസിൽ നിന്നു തിരിയാൻ നേരമില്ല”

“അതൊന്നും പറഞ്ഞാ പറ്റത്തില്ല. നീ ഇപ്പൊ വന്നില്ലേൽ ഒന്നുകിൽ നിന്റെ അമ്മച്ചി അല്ലെങ്കിൽ നിന്റെ കെട്ടിയോൾ. ആരേലും ഒരാളെ കാണുവുള്ളൂ.”

“ശരി. ഞാൻ വരാം അപ്പച്ചാ. ”

ഞാൻ ബൈക്കുമായി വീട്ടിൽ ചെല്ലുമ്പോൾ വീട്ടുവരാന്തയിൽ നിന്നു വഴക്കിടുന്ന അമ്മച്ചിയേയും മരുമകളെയുമാണ് കണ്ടത്.

എന്നെ കണ്ടതും അമ്മച്ചി തുടങ്ങി,” എടാ ജോർജേ നീ ഇത് കണ്ടോ, മുറ്റം മുഴുവൻ മുറുക്കി തുപ്പി വച്ചേക്കുവാ നിന്റെ കെട്ടിയോൾ. ”

“അത് കുറച്ചു മണ്ണ് വാരിയിട്ടാൽ പോകാവുന്നതേ ഉള്ളൂ”.

“എടീ അന്നമ്മേ, നീ അമ്മച്ചിയോടാണോ തറുതല പറയുന്നേ ?

“അല്ല ഇച്ചായൻ തന്നെ പറ, ഞാൻ മീൻ മുറിക്കാമെന്നു പറഞ്ഞപ്പോൾ അമ്മച്ചി പറയുവാ എനിക്ക് അറിയാന്മേലെന്നു,ഏത് നല്ല ഒന്നാന്തരം കോട്ടയം അച്ചായത്തിയായ എനിക്ക് മീൻകറി വയ്ക്കാൻ അറിയാന്മേലാന്ന്.”

“നിനക്കു അമ്മച്ചി പറയുന്നത് കേട്ടാൽ പോരെ ? ”

ഞാൻ അത്രേ ചെയ്തുള്ളു. മീൻ കഴുകാൻ വെള്ളം കൊണ്ടു വരാൻ പറഞ്ഞു, കൊണ്ടു കൊടുത്തു, ഉപ്പ് കൊണ്ടു വരാൻ പറഞ്ഞു കൊണ്ടു കൊടുത്തു.

പിന്നെ ഒരു സമയംപോക്കിനു ഒന്നു മുറുക്കി”.

ശ്ശെടാ.. ഇവിടെ ഒന്ന് മുറുക്കി തുപ്പാനും മേലേ ?

“നല്ല തറവാട്ടിൽ പിറന്ന ആരേലും മുറുക്കുമോ അന്നമ്മേ. അതും പെണ്ണുങ്ങൾ”.

“അതെന്നാ ഇച്ചായോ, ഇച്ചായൻ വെള്ളമടിച്ചേച്ചു വരുമ്പോൾ ഞാനൊന്നും പറയാറില്ലല്ലോ. പിന്നെ ഇതിനു ആണും പെണ്ണും എന്നൊക്കെ ഉണ്ടോ”.

അന്നേരം, നീ ഇത് അനുഭവിക്കണമെടാ എന്ന അർത്ഥത്തിൽ അപ്പച്ചൻ എന്നെ ഒന്ന് നോക്കി.

അമ്മച്ചി വീണ്ടും തുടർന്നു.

” എടാ ജോർജേ നീ എന്നാക്കെ പറഞ്ഞാലും ഇവളെ ഇവിടെ നിർത്താൻ ഒക്കൂലാ. ഇവളുടെ വീട്ടിൽ കൊണ്ടു നിർത്തി മര്യാദ പഠിക്കുമ്പോൾ കൊണ്ടു വന്നാൽ മതി”.

“അങ്ങനെ ചുമ്മാതൊന്നും പോകാൻ പറ്റൂല. എന്റെ രണ്ടു മോതിരം പണയം വച്ചിട്ടുണ്ട് ഇച്ചായൻ. ആദ്യം അതിങ്ങു എടുത്തു താ. എന്നിട്ട് ആലോചിക്കാം പോണോന്ന്”.

“എന്റെ പൊന്നു അന്നേ നീയൊന്നു അടങ്ങൂ. അമ്മച്ചി അകത്തോട്ടു പോ. എനിക്ക് കുറച്ചു സമാധാനം താ”

അമ്മച്ചി അകത്തു പോയി അലമാരയിൽ നിന്ന് രണ്ടു കെട്ടു നോട്ട് എന്റെ കയ്യിൽ കൊണ്ടു തന്നിട്ട് പറഞ്ഞു. “ഇവളുടെ മോതിരം എടുത്തു കൊടുത്തേച്ചു എവിടാന്നു വച്ചാൽ കൊണ്ടു വിട്ടേച്ചു വന്നോണം ഇപ്പോൾ തന്നെ”

“തട്ടേലും പത്തായത്തിലുമായിട്ടു കാപ്പിക്കുരുവും തേങ്ങയും റബ്ബർ ഷീറ്റും കിടക്കുവല്ലേ. പിന്നെ കാശിനെന്ന പഞ്ഞം.

” അന്നമ്മയുടെ ഈ ഡയലോഗ് കൂടി കേട്ടതോടെ അമ്മച്ചി വിറച്ചു തുള്ളിക്കൊണ്ടു പറഞ്ഞു. “വിളിച്ചോണ്ട് പോടാ ഇവളെ”.

അന്നമ്മയെയും കൂട്ടി ബാഗുമെടുത്തു ഞാൻ അപ്പോൾ തന്നെ ബൈക്കിൽ യാത്ര തിരിച്ചു.

അന്നമ്മേ……..

“എന്താ ഇച്ചായാ ”

“അത്രയും വേണമായിരുന്നോ ”

“സ്വല്പം കൂടി പോയി അല്ലേ ഇച്ചായ. ”

“ഉം ”

“ദേ ഇച്ചായ. വണ്ടിയൊന്നു നിർത്തിക്കേ, അഭിനയിച്ചാ മതി കൂടെ നിന്നോളാമെന്ന് പറഞ്ഞിട്ട് കുറ്റം മുഴുവൻ എനിക്കായോ ?

“എന്നു കരുതി ഇമ്മാതിരി തറുതല പറയുമെന്ന് ഞാൻ ഓർത്തോ ?

“അതുപിന്നെ ഇച്ചായാ പുകയില വായിൽ ഇട്ടത് ഇത്തിരി കൂടിപ്പോയി. പോരാത്തതിന് വടക്കനും.

പണ്ടാരം നാലു തവണ ബ്രഷ് ചെയ്തേ പിന്നെയാ കറയൊന്നു പോയത്. ഇച്ചായൻ അന്നേരം ഒരു ഫ്രഞ്ച് കിസ്സ് തന്നാലോ എന്ന് ഞാൻ ആലോചിച്ചതാ”.

“നന്നായി അന്നമ്മേ. അമ്മച്ചി ഇത്തിരി ദൈവവിശ്വാസം കൂടുതലുള്ള കൂട്ടത്തിലാ.

അതുകൊണ്ടാണല്ലോ ഇത്ര നാളായിട്ടും നമുക്ക് ഹണിമൂൺ പോകാൻ പറ്റാത്തത്. ബാക്കി പരിപാടി എങ്ങനെയാ. നീ അതു പറ”.

“അതോർത്തു ഇച്ചായൻ പേടിക്കേണ്ട. തൽക്കാലം വാഗമണ്ണിന്‌ വണ്ടിവിട് മോനെ ദിനേശാ. പിന്നെ ഈരാറ്റുപേട്ടയിൽ വണ്ടി ചവിട്ടാൻ മറക്കണ്ട.”

“അതെന്നാത്തിനാ അന്നമ്മേ”

“എന്റെ പൊന്നു ഇച്ചായ. അവിടെ ബീവറേജ് ഇല്ലയോ . നമുക്ക് ഹോട്ടായിട്ട് ഒരെണ്ണം മേടിക്കേണ്ടേ

“ഒന്ന് പോടീ അന്നമ്മേ. ”

ഞങ്ങൾ നേരെ ഈരാറ്റുപേട്ട അരുവിത്തറ പള്ളിയിൽ ചെന്നു. അവിടെ കയറി മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു. അവിടെ നിന്നും തിരിച്ചു ഇറങ്ങിയപ്പോൾ അന്നാമ്മ ചോദിച്ചു.

“ഇച്ചായ”

“എന്താ അന്നമ്മേ ”

“ഇച്ചായൻ എന്താ പ്രാർത്ഥിച്ചെ”

“ബൈക്കിന്റെ എണ്ണ തീർന്നു പോകല്ലേ, കേടായി വഴിയിൽ കിടക്കല്ലേ. പോലീസ് പിടിക്കല്ലേ. പോരെ.

“പോ ഇച്ചായ, ഞാൻ പ്രാർഥിച്ചത് എന്റെ ഇച്ചായൻ എന്നും എന്റെ കൂടെ ഉണ്ടാവണേ എന്നാ.”

“ഇച്ചായ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ”.

“നീ പറയെടാ അന്നാമ്മേ”

“കുറച്ചു നേരം ഞാൻ ബൈക്ക് ഓടിക്കട്ടെ”.

“നിനക്കറിയാമോ ?ഇതിനു മുൻപ് അങ്ങാടി സിനിമയിൽ സീമ ബൈക്ക് ഓടിക്കുന്നതേ ഞാൻ ആകെ കണ്ടിട്ടുള്ളു. ”

“ഇച്ചായൻ കണ്ടോ. അന്നാമ്മ എന്റെ കയ്യിൽ നിന്നും താക്കോൽ മേടിച്ചു ബൈക്ക് സ്റ്റാർട്ടാക്കി നേരെ ബിവറേജിലേക്കു വിട്ടു. ഒരു കൂട് മെഴുകുതിരി നേർച്ചയിട്ട് പുറകിൽ ഞാനും”

“ഇതെന്താ അന്നാമ്മേ ഇവിടെ”

“ഇച്ചായൻ ഇവിടെ ഇരിക്ക് ഞാൻ ഇപ്പോൾ വരാം.

തൽക്കാലം ആ കൂളിംഗ് ഗ്ലാസ്‌ ഇങ്ങു താ”

അന്നമ്മ കൂളിംഗ് ഗ്ലാസും വച്ചു ക്യുവിന്റെ മുന്നിലേക്ക് നടന്നു പോകുന്നത് അന്തംവിട്ടു ഞാൻ നോക്കി നിന്നു.

“അതേ ചേട്ടോ, ഇവിടെ ലേഡീസിന് പ്രേത്യേകിച്ചു കൗണ്ടർ ഇല്ലയോ. കുറച്ചു ലേഡീസ് സ്റ്റാഫിനെ കൂടി വയ്ക്കണം ട്ടോ”

“നീ കേറിയിരുന്നോടി മോളെ ”

“ഇപ്പം ടൈം കുറവാ ചേട്ടായി ഇച്ചായന്റെ കൂടെ വാഗമൺ വരെയൊന്നു പോകണം. തിരിച്ചു വരുമ്പോൾ നോക്കാം. തല്ക്കാലം ചേട്ടായി രണ്ടു ട്യൂബോർഗ് സ്ട്രോങ്ങ്‌ ബിയർ താ”

ബിയറുമായി തിരിച്ചു വന്ന അന്നാമ്മ താക്കോൽ എന്റെ കയ്യിൽ തന്നു.

“ഇനി ഇച്ചായൻ ഓടിച്ചോ”

“അല്ല അന്നമ്മോ ബിയറിന് ടച്ചിങ്‌സ് വേണ്ടേ”

“ഓ എന്നാത്തിനാ. ഞാൻ വീട്ടിൽ നിന്നു കുറച്ചു ബീഫ് പൊരിച്ചതും മാങ്ങാ അച്ചാറും എടുത്തായിരുന്നു”.

“എടി അന്നാമ്മേ നീ ആള് കൊള്ളാലോ.

“പിന്നല്ലാതെ, നമ്മളോടാ കളി

ഞങ്ങൾ നേരെ വാഗമൺ ചെന്നു. അവിടെ മൊട്ടക്കുന്നും കുരിശുമലയും പൈൻമരക്കാടും എല്ലാം ചുറ്റി നടന്നു കണ്ടു. അന്നമ്മയുടെ കൂടെയുള്ള ഓരോ നിമിഷവും എന്റെ ജീവിതത്തിൽ വളരെയേറെ ആനന്ദമുളവാക്കി.

പൈന്മരക്കാട്ടിൽ ഇരുന്നു ഞങ്ങൾ രണ്ടാളും ബിയർ കഴിച്ചു.

ഇച്ചായ, ഇച്ചായൻ എന്നോട് പിണക്കമുണ്ടോ

എന്തിനാടാ അന്നാമ്മേ

ബിയർ കഴിച്ചതിനു.

ഇല്ലടാ അന്നാമ്മേ. ഒരു ദേഷ്യവുമില്ല. ഇതുപോലെ ഒരു അന്നമ്മയെ എനിക്കു തന്ന ഈശോയ്ക്ക് എത്ര നന്ദി പറഞ്ഞാലും തീരൂല.

ഇച്ചായ, എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ.

ഉം. പറ

നമുക്ക് തിരിച്ചു പോകാം.

ഇന്ന് തന്നെ പോണോ

വേണമിച്ചായാ. അറിയാതെയാണേലും ഇച്ചായന്റെ അമ്മച്ചിയെ ഞാൻ ഒരുപാടങ്ങു വിഷമിപ്പിച്ചുകളഞ്ഞു

എനിക്കു അതിനു പ്രായശ്ചിത്തം ചെയ്യണം.

ശരി അന്നാമ്മേ. എല്ലാം നിന്റെ ഇഷ്ടം.

തിരിച്ചു വീട്ടിലേക്കു പോകുന്ന വഴി ഞാൻ അന്നമ്മയോടു ചോദിച്ചു. നീ എങ്ങനെയാ അമ്മച്ചിയെ സമാധാനിപ്പിക്കുന്നെ ?

ഇച്ചായോ വേദപുസ്തകവും കൊന്തയും ഉള്ളിടത്തോളം കാലം അമ്മച്ചി അതില് വീണോളും. പരസ്പരം സ്നേഹിക്കണമെന്നല്ലയോ കർത്താവു പറഞ്ഞിരിക്കുന്നെ.

എന്റെ വീടെവിടെയാന്നാ ഇച്ചായന്റെ വിചാരം ?

അറിയാവേ. കോട്ടയം അല്ലയോ !

അതു കേട്ട് അന്നമ്മ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: അരുൺ കാർത്തിക്

Scroll to Top