കീർത്തന തുടർക്കഥയുടെ നാലാം ഭാഗം വായിക്കൂ…..

രചന : Chilanka Rifu

സ്വയം നീറി സ്വയം ആശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് എന്റെ ഭർത്താവ്…ആ വേദനയിൽ തന്നെ നീറുന്ന അടുത്തുള്ളവളെ ഗൗനിക്കാതെ..

എന്തിനാണ് എന്നിൽ നിന്നകലാൻ നോക്കുന്നത്..

തിരിച്ചു നൽകാൻ കഴിഞ്ഞിട്ടും എന്റെ പ്രണയത്തെ അവഗണിക്കുന്നത് എന്തിനാണ്!!!

സങ്കടം കടിച്ചമർത്തി വീണ്ടും വീണ്ടും ആഴത്തിൽ ഞാൻ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു… അറിയാൻ ശ്രമിച്ചു… ആണിന്റെ കവിളിലൂടെ കണ്ണുനീർ ഒഴുകുന്നത് ആദ്യമായി കണ്ടു, അതും എന്റെ മുന്നിൽ ഗൗരവത്തോടെ നിന്നിരുന്ന ഒരുവന്റെ!!

കണ്ടോണ്ടു നിൽക്കാൻ കഴിഞ്ഞില്ല,,

ആശ്വസിപ്പിക്കാനും കണ്ണീരൊപ്പാനും എനിക്കവഗാശം നൽകാത്തത് കൊണ്ട് റൂമിൽ നിന്നിറങ്ങി.

“””എനിക്ക് നിന്റെ സ്നേഹം വേണം… പക്ഷെ ഞാനത് ചോദിക്കാതെ നിങ്ങൾ തരണം, എങ്കിലേ ആസ്വദിക്കാൻ സാധിക്കൂ…”””

നിക്കറിട്ട ഒരു കൊച്ച് പയ്യൻ കരഞ്ഞു കൊണ്ടെന്റെ മുമ്പിൽ നിന്ന് പറയുന്ന പോലെ,, ആ പയ്യന് ആദിയേട്ടന്റെ മീശയും താടിയുമുള്ള മുഖം.സ്വയം തലക്കടിച്ചു ചിരിയോടെ താഴെക്കിറങ്ങി..

“എന്തിനാടാ ആ പാവത്തിനെയായിട്ട് തല്ല് കൂടാൻ പോയത്…”

ആകാഷിന്റെ മുറിവിലേക്ക് മരുന്ന് വെക്കുന്നതോടൊപ്പം ഞാൻ അവനെ ദേശിച്ചു നോക്കി…. നിസ്സഹായത നിറഞ്ഞ ഒരു പുഞ്ചിരി അവനിൽ വിരിഞ്ഞു.

“അങ്ങനെയെങ്കിലും ഏട്ടൻ എന്നെ ഒന്ന് നോക്കുവല്ലോ,,ഞാൻ എന്ന ഒരാൾ ഈ വീട്ടിൽ ഉണ്ടെന്ന് അറിയുവല്ലോ,,നാളെ ഞാൻ ബാംഗ്ലൂരിലേക്ക് തിരിച്ചു പോകുവല്ലേ… അതിന് മുമ്പ്…..”

ആശ്വാസ വാക്കുകൾ ഒന്നും എന്റെ പക്കൽ ഇല്ലായിരുന്നു. അതുകൊണ്ട് മിണ്ടാതെ നോട്ടം മാറ്റി.

“പിന്നേ ഏട്ടൻ ഏട്ടത്തിയെ കുറിച്ച് മോശമായി പറഞ്ഞപ്പോ അറിയാതെ ദേഷ്യം വന്നു പോയി…ഏട്ടനോട് സംസാരിക്കാൻ കൊതിയായിട്ടാ ഏട്ടത്തി…. തല്ല് കൂടുവല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ല….

അതിനിടക്ക് അച്ഛൻ കയറി വരും എന്നു ചിന്തിച്ചില്ല, അച്ഛൻ ഏട്ടനെ തല്ലിയപ്പോൾ വേദനിച്ചത് എനിക്കാ… അത്രക്കും ഇഷ്ട്ടാ എനിക്കെന്റെ ഏട്ടനെ..

ചെറുതായപ്പോഴും ഇങ്ങനെ തന്നെയായിരുന്നു…കവല പിള്ളേരെ കൂടെ കളിക്കുന്ന ഏട്ടനോട് കൂട്ട് കൂടാൻ അങ്ങോട്ട് ചെല്ലും, പക്ഷെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ഇല്ലല്ലായിരുന്നു…കവലയിലെ കൂട്ടുകാർ പോയാൽ ഏട്ടൻ എന്നെ നോക്കും എന്ന് തോന്നിയപ്പോൾ അച്ഛനോട് പറഞ്ഞു… ഏട്ടൻ ചന്തപിള്ളേരെ ആയിരുന്നു കൂട്ട് കൂടുകയാണ് എന്ന്… അന്നച്ചൻ അങ്ങേരെ പൊതിരെ തല്ലിയതിന് ശേഷം എന്നെ കണ്ടാൽ മുഖം തിരിക്കും.

ശെരിയാണ്… ഞാനും ഏട്ടനും വേറെ വേറെ അച്ഛന് ഉണ്ടായതാ… പക്ഷെ.. പക്ഷെ, ഞങ്ങളുടെ അമ്മ ഒന്നല്ലേ ഏട്ടത്തീ….”

തേങ്ങുകയായിരുന്നു അവൻ..മുടിയിൽ പതിയെ തലോടി കൊടുത്തു, ഒരമ്മയുടെ വാത്സല്യത്തോടെ..വന്നപ്പോൾ ഇവനിട്ട് രണ്ട് കൊടുക്കണം എന്നായിരുന്നു മനസ്സിൽ… പക്ഷെ ഇപ്പൊ!!!

എല്ലാം ശെരിയാവും എന്ന് കണ്ണ് കാട്ടി മുറിയിലേക്ക് ചെന്നു കിടന്നു.ഇന്ന് തൊഴി കിട്ടില്ല എന്നാണ് വിചാരിച്ചത്… പക്ഷെ, സാധാരണ ഉള്ളതിനേക്കാൾ ഊക്കിൽ ഊരക്കിട്ട് തന്നെ അങ്ങേര് ചവിട്ടി.

‘ആ….’എന്നൊരു അലർച്ചയോടെ നിലത്തു നിന്ന് എഴുന്നേറ്റിരുന്നു പോയി.

“എന്തുവാ മനുഷ്യാ…. നടു ഒടിഞ്ഞെന്നാ തോന്നുന്നത്…”

“എനിക്ക് വേദനിക്കുന്നു…”

നെറ്റിയിൽ ഉഴിയുകയാണ്… കണ്ടിട്ടൊരു കള്ള ലക്ഷണം,സംശയത്തോടെ അങ്ങേരെ സൂക്ഷിച്ചു നോക്കി.

“വേദനിക്കുന്നെന്ന്…..”

“അതിന്?????”

“ചായ വേണം….”

മുഖത്തേക്ക് നോക്കുന്നില്ല… കൊച്ച് കുട്ടികൾ കുറുമ്പ് കാണിക്കും പോലെ…. വാത്സല്യത്തോടെ ആ കവിള് പിടിച്ചു വലിക്കാൻ തോന്നി.

“ഈ പാതിരാത്രിക്കോ???”

“പാതിരാത്രിക്കെന്താ ചായ പാടില്ലേ….അവൾക്ക് കണ്ടവനൊക്കെ മരുന്ന് ഒപ്പി കൊടുക്കാം നമുക്കൊരു ചായ തരില്ല…”

അവസാനത്തേത് പിറു പിറുക്കലായിരുന്നെങ്കിലും കേൾക്കേണ്ട പോലെ ഞാൻ കേട്ട് കഴിഞ്ഞിരുന്നു.കുസൃതി ചിരിയോടെ ചായയും കൊണ്ട് വന്നപ്പോൾ നെറ്റിയിൽ കൈ വെച്ച് ഓസ്കാർ അഭിനയം ആണ് പുള്ളി.

“ഇതാ ചായ….”

ചായ വാങ്ങി കുടിക്കുന്നതോടൊപ്പം

“എന്തൊരു വേദനയാ മുറിവ്….മരുന്ന് ഒന്നും കൂടി വെക്കണം….”

എന്നൊക്കെ കേൾക്കാൻ പാകത്തിന് സ്വയം പറയുന്നുണ്ടായിരുന്നു..ചായ ഗ്ലാസ്‌ തിരിച്ചു തരുമ്പോൾ ആ മുഖം കടുന്നല് കുത്തിയ പോലെ വീർത്തിട്ടുണ്ട്..ഇത് കുശുമ്പ് തന്നെ.

മൈൻഡ് ചെയ്യാതെ തിരിഞ്ഞു നടന്നെങ്കിലും മനസ്സിനെ ആരോ തടുക്കും പോലെ,, പുറകിലിരുന്ന് ആ കൊച്ച് കുട്ടി വാശി പിടിച്ചു കരയുന്ന ശബ്ദം…

വാതിൽക്കൽ എത്തിയപ്പോൾ നിരാശയോടെ ബെഡിലേക്ക് മിഴികളൂന്നി ഇരിക്കുന്ന അദ്ദേഹത്തെ നോക്കി.

“ആദിയേട്ടാ….. വേദനിക്കുന്നുണ്ടോ????”

നിമിഷ നേരം കൊണ്ട് അദ്ദേഹത്തിന്റെ മുഖം പ്രകാശഭരിതമായി… വല്ലാത്തൊരു ആവേശത്തോടെ എനിക്ക് നേരെ അതേയെന്ന് തലയാട്ടി…. ആ മനുഷ്യന്റെ ഉള്ളിലെ സ്നേഹത്തോടുള്ള കൊതി എന്റെ ചുണ്ടുകൾക്ക് വിതുമ്പലുണ്ടാക്കി.

ബെഡിലിരുന്ന് ആദിയേട്ടന്റെ നെറ്റിയിൽ കൈ കൊണ്ട് മെല്ലെ തലോടുമ്പോൾ വേദനയില്ലാഞ്ഞിട്ടും തളർച്ച അഭിനയിക്കുന്ന ആ മുഖത്ത് തന്നെയായിരിന്നു എന്റെ കണ്ണ്.

ആവലാതിപെടാൻ ആളുണ്ടാവുമ്പോൾ മുറിവിന്റെ വേദന കൂടും എന്ന് പറയുന്നതെത്ര ശെരിയാ….

വീട്ടിൽ താനും ഇങ്ങനെയായിരുന്നു.. ചെറിയൊരു മുറിവ് പറ്റിയാലും അമ്മയുടെ സാരി തലപ്പിൽ നിന്ന് മാറില്ല…

എപ്പോഴോ എന്റെ നോട്ടത്തിലേക്ക് കണ്ണെത്തിയ ആദിയേട്ടൻ പതറുന്നത് അറിഞ്ഞു..പതർച്ച മറക്കാൻ മുഖം ഇരുതലക്കും വെട്ടിച്ചു എന്നോട് പോയി കിടക്കാൻ ദേഷ്യപ്പെട്ടപ്പോൾ രണ്ടും കല്പിച്ചു ആ നെറ്റിയിലേക്ക് ചുണ്ടമർത്തി.

വിറങ്ങലിച്ചു നിന്ന അദ്ദേഹത്തെ മിഴികൾ താഴേക്ക് നയിച്ചു നോക്കി.

“ചുംബനത്തിന് വേദനയെ ശമിപ്പിക്കാൻ കഴിയും..പ്രണയത്തിനു വേദനയെ ഇല്ലാതാക്കാനും….”

പറഞ്ഞതിലെ അർത്ഥമറിയാത്ത ഭാവം മുഖത്ത് നിഴലിച്ചു.താഴെ തറയിൽ തന്നെ കിടക്കുമ്പോൾ ഉള്ളിലെ പ്രണയം ആളി കത്തുന്നതറിഞ്ഞു….അതിലെ അഗ്നി കണങ്ങൾ പുറത്തേക്ക് പ്രകാശിച്ചു.

ആകാശ് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങിയതും ആദിയേട്ടൻ വണ്ടി എടുത്ത് പോവുന്നത് കണ്ടു.

“ഒന്ന് നോക്കുക പോലും ചെയ്തില്ലല്ലോ ഏട്ടത്തീ….”

സങ്കടം കടിച്ചമർത്തിയവൻ കാറിലേക്ക് വാസുദേവന്റെ കൂടെ കയറി.

റൂമിലേക്ക് തിരികെ എത്തി കിടക്കയിലേക്ക് മറിഞ്ഞു.

ആദിയേട്ടന്റെ മണം ആണ് കിടക്കക്ക്…. സിഗരറ്റും വിയർപ്പും കൂടി കലർന്ന ഒരു ഗന്ധം….

പുകവലി വെറുത്തിരുന്ന ഞാൻ ഇന്നീ ഗന്ധത്തെ പോലും പ്രണയിക്കുന്നു, അഗാധമായി.ഒരു രണ്ട് മണി ആയപ്പോഴേക്കും കുടിച്ചു ലക്ക് കെട്ടാണ് ആദിയേട്ടൻ തിരിച്ചെത്തിയത്…

അമ്മയോട് വഴക്ക് കൂടുന്നത് കണ്ടു.

ആകാശ് പോയതിന്റെ സങ്കടം ആകുവോ?? വെറുതെ ഒരു മോഹം.. അതായാൽ മതിയായിരുന്നു…

ആകാഷിന്റെ അവസ്ഥ കണ്ടില്ലെന്ന് നടിക്കാൻ തോന്നുന്നില്ല.

ഉമ്മറത്തു കുത്തിയിരിപ്പ് സമരം പോലെ ഇരിക്കുന്ന അദ്ദേഹത്തിന്റെ അടുക്കലേക്ക് ഞാൻ കുനിഞ്ഞിരുന്നു.

“അതേയ്… ഇവിടെ ഊണ് കിട്ടത്തില്ല…

എണീറ്റെ….”

തല ഉയർത്തി എന്നെ ഒന്ന് നോക്കി… വീണ്ടും ആ മുഖം കുനിഞ്ഞു,പിടിച്ചു വലിച്ചെഴുന്നേൽപ്പിക്കുമ്പോൾ അമ്മയും സഹായിക്കാൻ ഉണ്ടായിരുന്നു…ഞങ്ങൾ രണ്ടാളും കൂടി തന്നെയാണ് ഈ മുതലിനെ റൂമിലേക്ക് കൊണ്ട് വന്ന് കിടത്തിയതും.

ആദിയേട്ടന്റെ തലയിലൊന്ന് തലോടി കണ്ണ് നിറച്ചു അമ്മ പുറത്തേക്ക് പോയതും ഞാൻ അദ്ദേഹത്തിന്റെ ഒപ്പം കയറി കിടന്നു.

ഏതായാലും ലക്ക് കെട്ടു കിടക്കുവല്ലേ,, ഒന്നും മനസ്സിലാവില്ല എന്ന ധൈര്യത്തിൽ ചേർന്നു കിടന്ന് ആ നെഞ്ചിലേക്ക് തല ചായ്ച്ചു.

മദ്യത്തിന്റെ മണം അരോചകം ആണെങ്കിലും ഈ മുഖം സുന്ദരമാണ്.

കൈ കൊണ്ട് മെല്ലെ മീശ പിരിച്ചു വെച്ചു… ആഹാ എന്താ ആ എടുപ്പ്.

പെട്ടന്ന് പ്രതീക്ഷിക്കാതെ ആദിയേട്ടൻ എന്നെ ചേർത്തു പിടിച്ചു… ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിഞ്ഞി.

വീണ്ടും വീണ്ടും ഇറുകുന്ന ആ കൈകളിൽ കിടന്ന് എന്റെ ഭലം ചോരുന്നതറിഞ്ഞു… ബോധം ഇല്ലാത്ത സമയമാണ്, അറിവില്ലാതെ വല്ലതും ചെയ്‌താൽ….

മനസ്സിലേക്ക് വന്ന ചിന്തയോടെ കുതറി മാറാൻ ആവുന്നതും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പതിയെ ആ ഭലം അയഞ്ഞു കൊണ്ട് ആദിയേട്ടൻ എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി..

വർധിച്ചു വന്ന ഹൃദയ മിടിപ് കുറയാൻ തുടങ്ങിയത് അദ്ദേഹത്തിന്റെ കണ്ണുനീർ എന്നിലേക്ക് പടരുന്നത് അറിഞ്ഞപ്പോഴാണ്.

ഒരു നിമിഷം തരിച്ചു പോയി, ആദിയേട്ടൻ കരയുന്നു….. ആ കണ്ണുനീർ എന്നെ ചുട്ടു പൊള്ളിക്കുന്നു.

അറിയാതെ തന്നെ കൈകൾ അദ്ദേഹത്തെ അടക്കി പിടിച്ചു… എത്ര വേണമെങ്കിലും കരഞ്ഞോ എന്ന വണ്ണം ഞാനും ആ കാരണമറിയാത്ത സങ്കടത്തിൽ പങ്കു കൊണ്ടു.

മുടിയിൽ പതിയെ മൃദുവായി താളം കൊട്ടി

ആ കിടത്തത്തിൽ തന്നെ രണ്ടുപേരും എപ്പോഴോ ഉറക്കത്തിലേക്ക് വീണു പോയിരുന്നു.എഴുന്നേറ്റപ്പോൾ സന്ധ്യയായി. അദ്ദേഹം ഉണർന്നിട്ടില്ല…ഓടി ചെന്ന് കുളിച്ചു താഴെക്കിറങ്ങി… വിളക്ക് വെച്ചു അമ്മയുടെ അടുത്തിരുന്നപ്പോൾ വല്ലാത്തൊരു ചിരി… അതും എന്നെ നോക്കി.

തിരിച്ചു മുഖം കൂർപ്പിച്ചു എന്താണെന്ന് പിരികമുയർത്തി.

“നിങ്ങളെ രണ്ടുപേരെയും ഉച്ച ഊണിന് വിളിക്കാൻ വന്നപ്പോൾ അമ്മ കണ്ടു…ഞാനാ വാതിൽ കുറ്റിയിട്ടത്..ഇനി വാതിലടക്കാൻ മറക്കരുത്…

കേട്ടോ..”

അമ്മ ചെവിക്ക് പിടിച്ചു, തിരിച്ചു കണ്ണിൽ വെള്ളം നിറച്ചു നോക്കിയപ്പോൾ സ്നേഹത്തോടെ ചേർത്തു പിടിച്ചു ഒരുമ്മ തന്നു.

“മോള് അവനോട് പറഞ്ഞോ???”

“എന്ത്????”

“മോൾടെ അമ്മയുടേം അച്ഛന്റേം കാര്യം….”

“ഇല്ല,,, പക്ഷെ പറയണം…. വൈകാതെ…”

“അപ്പൊ അവന്റെ വിചാരം നീയും ഒരു വേശ്യയാണ് എന്നല്ലേ???”

ആ ചോദ്യം കേട്ടപ്പോഴാണ് ഞാനും അതിനെ കുറിച്ച് ചിന്തിച്ചത്… ഏട്ടന്റെ മനസ്സിൽ ഞാൻ ഇപ്പോഴും ഒരു വേശ്യയല്ലേ… പിന്നെയെങ്ങെനെ എന്നെ പ്രണയിക്കും, അത്രയും നന്മയൊക്കെ ആ ഹൃദയത്തിലുണ്ടോ ഈശ്വരാ…

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഇതേ ചിന്തയിൽ കുഴപ്പം പിടിച്ചിരിക്കുന്ന അമ്മയെ.

റൂമിലേക്ക് കിടക്കാൻ വരുന്ന ആദിയേട്ടനെ കണ്ടതും കണ്ണടച്ചു ഉറക്കം നടിച്ചു. ഇപ്പൊ ഒരു തൊഴി കിട്ടും… അത് കിട്ടിയാൽ സ്വസ്ഥതയോടെ ഉറങ്ങാം..

കുറച്ച് നേരമായിട്ടും തൊഴിയൊന്നും കിട്ടാത്തത് കണ്ടപ്പോൾ ഇങ്ങേര് മറന്നോ എന്നും കരുതി തല മെല്ലെ ഉയർത്തി നോക്കി.

എന്നെ നോക്കി പിരികമുയർത്തി എന്താ എന്ന് ചോദിക്കുന്ന കണവനോട് ചുമല് കൂച്ചി വീണ്ടും തറയിലേക്ക് അമർന്നു.

“പുറത്ത് മഴയല്ലേ…. നല്ല തണുപ്പായിരിക്കും തറയിൽ… വേണേൽ കട്ടിലിന്റെ ഒരറ്റത്തേക്ക് കയറി കിടന്നോ…”

വിശ്വസിക്കാൻ ആവാതെ ഞെട്ടിയെഴുന്നേറ്റു,,,

എന്നോട് തന്നെയാണോ പറഞ്ഞതെന്ന് സംശയം തോന്നി പോയി… ഒരു നോട്ടം പോലും തരുന്നില്ല, തിരിഞ്ഞു കിടക്കുകയാണ്…ഇനിയിപ്പോ രാവിലെ കുടിച്ചതിന്റെ കെട്ട് ഇതുവരെ വിട്ടില്ലേ!!

അതുമല്ല കയറി കിടന്നാൽ ഇങ്ങേരെന്നെ കയറി പീഡിപ്പിക്കുവാ ഈശ്വരാ…

“നിന്നെ തിന്നുവൊന്നും ഇല്ല, വിശ്വാസം ഉണ്ടങ്കിൽ കിടക്കാം…”

എന്റെ മനസ്സ് വായിച്ചെന്ന പോലെ ആദിയേട്ടൻ പുച്ഛത്തോടെ മുഖം തിരിച്ചു. പിന്നേ നോക്കി നിൽക്കാൻ ഒന്നും ഇല്ലാത്തത് കൊണ്ട് ചാടി തുള്ളി കട്ടിലിന്റെ ഒരറ്റത്തു കിടന്നു..ഇന്ന് ഉച്ചക്ക് നെഞ്ചിലേക്ക് ചേർത്തു പിടിച്ചത് ഓർമ വന്നു..വീണ്ടും ആഗ്രഹം…

ഇറുകെ പുണരാനും ആ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കാനും വല്ലാത്ത കൊതി തോന്നി…

അവിടുത്തെ പ്രതികരണം എന്താവും എന്ന് ആലോചിക്കാൻ പോലും ത്രാണി ഇല്ലാത്തത് കൊണ്ട് കണ്ണടച്ചു കിടന്നു.

തന്നോട് ചേർന്ന് കിടക്കാൻ, ഉള്ളിലെ പ്രണയം പകരാൻ അടുത്തുള്ളൊരുവൻ കൊതിക്കുന്നുണ്ട് എന്നറിയാതെ.

കീർത്തന ഉറങ്ങിയെന്നുറപ്പായതും ആദിത്യൻ മെല്ലെ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു. നിഷ്കളങ്കത നിറഞ്ഞ അവളുടെ മുഖവും അതിന് മോടി കൂട്ടുന്ന മിനുസമാർന്ന പാറി കളിക്കുന്ന മുടിയും… അവനാ മുടിയിൽ പതിയെ തലോടി, തന്റെ നെഞ്ചോട് അവളെ ചേർക്കാൻ കൈ ഉയർത്തിയെങ്കിലും എന്തോ തടസ്സമെന്ന പോലെ ആ കൈകൾ പതിയെ താണു.

നിർമലമായ ഒരു പുഞ്ചിരി അവന്റെ മുഖത്ത് വർഷങ്ങൾക്ക് ശേഷം വിരിഞ്ഞിരുന്നു.

തന്നെ സ്നേഹിക്കാനും ലോകത്താരൊക്കെയോ ഉണ്ടായിരിക്കുന്നു,,, നിറഞ്ഞ മനസ്സോടെയാണ് അന്നവൻ ഉറങ്ങിയത്.

സ്വപ്നത്തിൽ അവൻ ചെറിയ കുഞ്ഞായിരുന്നു.

താൻ ചേർന്നു കിടക്കുന്ന അമ്മയെ ആരോ പിടിച്ചു ദൂരേക്ക് വലിച്ചു കൊണ്ട് പോകുന്നു… ആ ചെകുത്താൻ ഉറക്കെ അട്ടഹസിക്കുന്നു….അമ്മയെ കാണാൻ കരഞ്ഞു തളർന്ന ആ കുഞ്ഞിനെ മറ്റൊരു കൈകൾ തലോടി..

പതിയെ കരച്ചിൽ ഒരു തേങ്ങലായി മാറി.

സ്നേഹമാർന്ന ആ കൈകളുടെ ഉടമയിലേക്കവൻ പേടിയോടെ ഒതുങ്ങി…മെല്ലെ തല ഉയർത്തി ആ ഉടമയെ നോക്കി.

” *കീർത്തന* ”

തുടരും……

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Chilanka Rifu

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top