ചന്തയിലെ പലചരക്ക് കച്ചവടക്കാരൻ മാത്യുവിൻ്റെ മകനുമായി ഇ, വൾക്ക് പ്രേ, മമാണത്രേ…

രചന : Jayan Kayamkulam

“എങ്ങിനെ എൻ്റെ മുഖത്ത്നോക്കി ഇത് പറയാൻ ധൈര്യം വന്നടീ അസത്തേ!

അപ്രതീക്ഷിതമായി കവിളത്ത് കിട്ടിയ തൻറെ അടിയിൽ വേച്ച്, ജനലഴികളിൽ പിടിച്ച് വീഴാതെ നിന്ന മകളോട് അയാൾ അലറി.

“അച്ഛാ..അത് പിന്നെ… കണ്ണുടച്ചിറങ്ങിയ കണ്ണീരിനിടയിലും അവൾ പറഞ്ഞൊപ്പിയ്ക്കാൻ ശ്രമിക്കവേ,അയാൾ തടഞ്ഞു.

“മിണ്ടിപ്പോകരുതീക്കാര്യമിവിട ഇനി.. കൊന്നുകളയും ഞാൻ..

അപ്പോഴേക്കും അടിയുടെയും,പതിവില്ലാതെ ഉയർന്ന അയാളുടെ അലർച്ചയുടെയും ശബ്ദം കേട്ട്,ഭാര്യ അടുക്കളയിൽ നിന്നും പുറത്തേക്കു വന്നു.

വിരൽപ്പാടമർന്ന കവിളോടെ നിൽക്കുന്ന മകളെ നെഞ്ചോടടുക്കി,അവർ ആധിയോടെ കാര്യം തിരക്കി.

“എന്താ..എന്തിനാ ൻറെ കുഞ്ഞിനെ തല്ലിയത്.?

“ഓഹോ നിൻറെ കുഞ്ഞ്.!എടുത്ത് മടിയിലോട്ട് വെച്ചോ.നശീകരത്തിനെ”

അയാളുടെ കോപം ഇരച്ചുകയറിക്കൊണ്ടേയിരുന്നു.

“നിങ്ങള് കാര്യം പറ മനുഷ്യാ..നിന്ന് തുള്ളാതെ.എന്ത് തെറ്റ് ചെയ്തതിനാ ഇതിനെ ഇങ്ങനെ..

അപ്പോഴേക്കും അവർ കരഞ്ഞുതുടങ്ങിയിരുന്നു.

കേൾക്കണോ നിൻറെ “കുഞ്ഞിൻറെ” വിശേഷം!ചന്തയിലെ പലചരക്ക് കച്ചവടക്കാരൻ മാത്യുവിൻറെ മകനുമായി ഇവൾക്ക് പ്രേമമാണത്രേ..എങ്ങിനുണ്ട്.?

കേട്ടതു വിശ്വസിയ്ക്കാനാവാതെ ശിലപോലെ അവർ നിൽക്കവെ അയാൾ തുടർന്നു.

“തയ്യൽക്കടക്കാരൻ രാജൂ പറഞ്ഞാ ഇതറിയുന്നത്.അതും അവനൊരു സംശയത്തോടെയാ പറഞ്ഞത്.ശരിയായിരിയ്ക്കരുതേ എന്നൊരു പ്രാർഥനയോടെയാണ് ഇവളോട് ചോദിച്ചത്.അപ്പോളാണ് ഇവളുടെ ഒരു ഏറ്റു പറച്ചിൽ..

അയാൾ വീണ്ടും കലിതുള്ളി..അകത്തേയ്ക്ക് പോയി.

“എൻറെ മോളേ,എന്നാലും നീ ഇതു ചെയ്തല്ലോ. ദേഷ്യപ്പെടാൻ മാത്രമറിയാതിരുന്ന അവരുടെ കൈകൾ,മാറോട് പറ്റിച്ചേർന്നിരുന്ന മകളുടെ പുറത്ത് തലോടിക്കൊണ്ടിരുന്നു.

അടുത്ത ദിവസം രാവിലെ തന്നെ എങ്ങോ പോകാൻ ധൃതിവെച്ച് ഒരുങ്ങുന്ന അയാളുടെ അരികിലേക്കവർ ചെന്നു.

“എവിടേക്കാ..?

“ഒന്ന് ആലപ്പുഴ വരെ പോകണം.ഗോപി ഇപ്പോൾ നാട്ടിലുണ്ട്.അവനെ ഒന്ന് കാണണം.

അപ്പോഴേക്കും കൂടുതൽ വിശദീകരിയ്ക്കാതെ അയാൾ പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു.

അല്ല,ഒന്നും കഴിക്കുന്നില്ലേ.?

ആ ചോദ്യത്തിന് മറുപടി പറയാൻ പോലും നിൽക്കാതെ,അയാൾ നടന്നു മറഞ്ഞു.

ബസ്സിലിരിക്കവേ അയാളുടെ ചിന്തകൾ കാടുകയറാൻ തുടങ്ങി.

മുപ്പത് വർഷം നീണ്ട ഗൾഫ് ജീവിതം.അതിനിടയിലെ ദാമ്പത്ത്യത്തിലെ സമ്പാദ്യമായ് മൂന്ന് പെൺമക്കൾ.അവർക്കായ് മാത്രം അദ്ധ്വാനിച്ചു.മൂത്തവരെ രണ്ടിനെയും അതിനിടയിൽ കല്ല്യാണം നടത്തി വിട്ടു.കനത്ത സ്ത്രീധനം കൊടുത്തു തന്നെ.അതിൻറെ ബാധ്യതകൾക്കിടയിലും ഇളയവളെയും നല്ല രീതിയിൽ കല്ല്യാണം നടത്തി വിടാമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു,ഒരു വർഷം മുൻപ് ഗൾഫിലെ ജോലി നഷ്ടമാവും വരെ.

അപ്രതീക്ഷിതമായ പിരിച്ചു വിടലിലാണ് സൗകര്യപൂർവ്വം താനടക്കം എല്ലാ പ്രവാസികളും മറന്നുപോകുന്ന ആ സത്യം മനസ്സിലായത്..”പ്രായം ഏറിയിരിക്കുന്നു!

കല്യാണപ്രായം കഴിഞ്ഞു നിൽക്കുന്ന മകളെ ഇനി ഇങ്ങനെ നിർത്തിയാൽ പോരാ.സാമ്പത്തിക ബാദ്ധ്യത നോക്കിയാൽ ഇനി ശരിയാവില്ല.എങ്ങിനെയുംവിവാഹം നടത്തണം.അല്ലെങ്കിൽ കണ്ട മാപ്പിളയുടെ കൂടെ..

ആലപ്പുഴയെത്തി,ഓട്ടോ പിടിച്ച് പോകേണ്ട ദൂരമുണ്ടെങ്കിലും..പേഴ്സിൻറെ “ഭാരക്കുറവ്”അയാളെ ആ പൊരിവെയിലിൽ മുന്നോട്ട് നടത്തി.

ഗോപിയോട് കുറച്ച് കാശ് കടം വാങ്ങണം.ഗൾഫിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നവരാണ് തങ്ങൾ.ജോലി നഷ്ടമായി നാട്ടിലേക്ക് പോരുമ്പോൾ..എന്ത് സഹായത്തിനും വിളിക്കാൻ മടിയ്ക്കേണ്ട എന്നു പറഞ്ഞതാണവൻ.

സിറ്റൗട്ടിലേക്ക് കയറിഇരുന്ന്,അവനോട് കൂടുതൽ മുഖവുരകളില്ലാതെ അയാൾ കാര്യം പറഞ്ഞു.പണ്ട്..റൂമിൽ ഒരു “കുബ്ബൂസിൻറെ”പങ്ക് ചോദിയ്ക്കുന്ന ലാഘവത്തോടെ.

“അതിനെന്താ..രാഘവേട്ടാ നിങ്ങൾക്കെത്രയാ വേണ്ടെ..അതിങ്ങോട്ട് പറഞ്ഞോ..

അടക്കാനാവാത്ത സന്തോഷത്തോടെ,അയാൾ തുക പറയുവാനായ് വായ് തുറക്കവെ.. അകത്തു നിന്നും മറ്റൊരു വായ തുറക്കപ്പെട്ടു.

“ഗോപിയേട്ടാ.!!

ഗോപിയുടെ ഭാര്യയാണ്.

അകത്തേക്ക് പോയ ഗോപിയെ നോക്കി,തുറന്ന വായ് അതുപോലെ വെച്ച് അയാളിരുന്നു.

അകത്ത് എന്തൊക്കയോ അടക്കം പറച്ചിലുകൾ.ശീൽക്കാരങ്ങൾ..

അകത്തെ വായ്,വെറുമൊരു വായ് അല്ലെന്നും..തിരു വായ്ക്ക് എതിർ വായില്ലാത്തൊരു വായ് ആണെന്നും പോകെ പോകെ അയാൾക്ക് മനസ്സിലായി.

ഗൾഫിലെ പങ്കിടലുകൾകളുടെ സ്നേഹാർദ്രമായ ലാഘവമല്ല,നാട്ടിലെത്തിയാൽ എന്ന് അയാൾക്ക് മനസ്സിലായി.

അകത്ത് കുശുകുശുക്കലുകൾ കൊഴുക്കവെ അയാൾ ഇറങ്ങി നടന്നു.

തിരിച്ചുള്ള ബസ്സിൽ കലങ്ങിയ മനസ്സുമായ് ഇരിയ്ക്കവെ, അടുത്തിരുന്ന ഒരു കൊലുന്നനെയുള്ള മനുഷ്യൻ എന്തൊക്കയോ അയാളോട് ചോദിയ്ക്കുന്നുണ്ടായിരുന്നു.

പക്ഷേ..അയാൾ ആ സമയം പലതും തീരുമാനിക്കുകയായിരുന്നു.

ചേർത്തലയോ എവിടയോ എത്തിയപ്പോൾ ആ ഉറച്ച തീരുമാനത്തോടെ അയാൾ പെട്ടന്ന് ബസ് നിർത്തിച്ചു ബാഗുമായ് ഇറങ്ങി.അപ്പോഴേക്കും അടുത്തിരുന്ന ആൾ ഉറങ്ങിയിരുന്നു.

വൈകും നേരമായതിനാൽ റോഡിൽ നല്ല തിരക്ക്.ഇതു തന്നെ പറ്റിയ സമയം.പല വട്ടം ക്യാൻസൽ ചെയ്തേക്കാമെന്ന് കരുതിയ ലൈഫ് ഇൻഷുറൻസ് പോളിസി മുടക്കാതെ നടത്തിക്കൊണ്ട് പോയതിലുള്ള സന്തോഷവും,ഈ റോഡിലെ ഏതെങ്കിലുമൊരു വണ്ടിയുടെ ചക്രങ്ങളിലരഞ്ഞുതീർന്നാൽ വീട്ടുകാർക്ക് കിട്ടുന്ന തുകയുടെ കനവുമായിരുന്നു അയാളുടെ മനസിലപ്പോൾ.

ആലക്ഷ്യമായ് റോഡിലേക്ക് ഇറങ്ങാനൊരുങ്ങവെ,അയാൾ തെല്ലൊന്ന് നിന്നു.അവസാനമായ് തൻറെ പ്രിയപ്പെട്ടവളുടെയും മക്കളുടെയും മുഖമൊന്നുകാണാനായ് അയാൾ,ബാഗിൽ സൂക്ഷിച്ചിരുന്ന ഫോട്ടോയിലേക്കായ് കൈകൾ നീട്ടി.

പക്ഷേ..അയാൾക്ക് വിശ്വസിക്കാനായില്ല.ബാഗിൽ നിറയെ നോട്ടുകെട്ടുകൾ.ഇതെങ്ങിനെ.?

ബാഗ് മാറിപ്പോയിരിയ്ക്കുന്നു എന്ന സത്യം അയാൾ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.അപ്പോൾ ബസ്സിൽ തനിക്ക് അടുത്തിരുന്നുറങ്ങിയ മനുഷ്യനെ ഓർമ്മ വന്നു.

ഇതയാൾക്ക് തിരികെ നൽകണോ?

ദൈവം തൻറെ കഷ്ടപ്പാട് കണ്ടു തന്നതാണോ?

അങ്ങിനെ പലവിധ ചിന്തകളിൽ അയാൾ മുഴുകി നിൽക്കേ..അതിൽ നിന്നും ഒരു പേഴ്സ് കിട്ടി.അതിലുണ്ട് ആ മനുഷ്യൻറെ ചെറിയൊരു ഫോട്ടോയും.

ഫോട്ടയെങ്കിലും അയാളുടെ കണ്ണുകളിലേക്ക് നോക്കാനാവുന്നില്ല എന്ന സത്യം അയാൾ തിരിച്ചറിയുകയായിരുന്നു.വല്ലാത്ത ഒരു കുറ്റബോധം അയാളുടെ എല്ലാ സ്വാർഥ ചിന്തകളെയും വന്ന് മൂടുവാൻ തുടങ്ങി.

പിന്നെ മടിച്ചില്ല,മരിക്കും മുൻപ് ഇങ്ങനെ ഒരു നല്ലകാര്യം ചെയ്തിട്ടാവാം.

ഫോണെടുത്ത് പേഴ്സിലെഴുതിയ ഫോൺ നമ്പറിൽ വിളിച്ചു കാര്യം പറഞ്ഞു.

അരമണിക്കൂറിനകം അയാൾ ഓടിക്കിതച്ചെത്തി.വല്ലാത്ത ഒരു വിറയിലോടെ നിറകണ്ണുകളോടെ കൈകൂപ്പി അയാൾ പറഞ്ഞു.

“ഒത്തിരി നന്ദിയുണ്ട് ചേട്ടാ.ഇത് ദൈവത്തിൻറെ കാശാ…അതാ ചേട്ടൻറെ കയ്യിൽ തന്നെ ഇത് കിട്ടിയത്”

വല്ലാത്ത ഒരു നിർവൃതിയോടെ ആ ബാഗ് അയാളുടെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ അയാൾ തുടർന്നു.

“ഞാൻ തോമസ്,വീട് കോട്ടയം.എനിയ്ക്കും ഭാര്യക്കും കുട്ടികളില്ല.പിന്നെ ആർക്കുവേണ്ടി സമ്പാദ്യം കെട്ടിപ്പൊതിഞ്ഞു വയ്ക്കണം.അങ്ങിനെയാണ് പത്രത്തിൽ ഒരു പരസ്യം കണ്ടത്,കൊല്ലത്തുള്ള നിർദ്ധനകുടുംബത്തിലെ,അനാഥരായ മൂന്ന് വിവാഹപ്രായമായ കുട്ടികളെക്കുറിച്ച്.

വേണി,വാണി,വീണ..

മൂന്ന് കുട്ടികളുടെയും വിവാഹാവശ്യത്തിനുള്ള പണമാണ് ഇത്..

കുറേ നേരത്തെ ആ മെല്ലിച്ച മനുഷ്യൻറെ സംസാരത്തിലൂടെ,തനിയ്ക്ക് അത്രയും നാൾ അന്ന്യമായിരുന്ന മറ്റൊരു ലോകത്തെ അറിയുകയായിരുന്നയാൾ.

അത്രയും പറഞ്ഞ്,വീണ്ടും കാണാമെന്ന വാക്കുകളോടെ അയാളെ യാത്രയാക്കുമ്പോൾ..

അത്രയും നേരം ആ മനുഷ്യൻ പറഞ്ഞ കാര്യങ്ങളിലല്ല അയാളുടെ മനസ്സുടക്കിയത്..മറിച്ച്,”തോമസ്”എന്നുള്ള അയാളുടെ പേരിലായിരുന്നു.

കോട്ടയത്തുള്ള കൃസ്ത്യാനിയായ ഒരു തോമസ്,കൊല്ലത്തുള്ള മൂന്ന് അന്ന്യമതസ്ഥരായ കുട്ടികളുടെ വിവാഹം നടത്തുന്നു.

അപ്പോൾ..താനോ?അന്ന്യമതസ്ഥനായതിൻറെ പേരിൽ മാത്രം സ്വന്തം മകളുടെ ഇഷ്ടത്തിനെതിരുനിൽക്കുന്നു?

ആ ദുഷിച്ച വ്യവസ്ഥിതിയുടെകൂടി നിലനിൽപ്പിനല്ലേ താൻ അൽപ്പം മുന്നേ ജീവൻപോലും കളയാൻ പോയത്?

ഒരായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങളോടെ അയാൾ അടുത്ത ബസ്സിൽ കയറി യാന്ത്രികമായ് ഇരിപ്പുറപ്പിയ്ക്കവെ, എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ആ മനുഷ്യൻറെ വാക്കുകൾ ചെവിയിൽ മുഴങ്ങി..

“ഇത് ദൈവത്തിൻറെ കാശാണ്”

അതേ..ദൈവമാണ് തൻറെ കണ്ണു തുറപ്പിച്ചത്.ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.

“ഹലോ..ചേട്ടാ വീടെത്തറായോ?

ഭാര്യ അത് ചോദിയ്ക്കുമ്പോൾ,അതിനിടയിലൂടെ മകളുടെ രാമനാമജപം അയാളുടെ കാതുകളിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു.

“നീ മോളെ ഒന്നു വിളിച്ചേ..

അയാളുടെ കണ്ണുകൾ തുടിച്ചു തുടങ്ങിയിരുന്നു.

ഫോൺ എടുത്തിട്ടും മടിച്ച്..മടിച്ച് ഒന്നും മിണ്ടാതെ നിന്ന മകളുടെ മൗനം അയാളുടെ കണ്ണീരിനൊഴുകാൻ ആക്കം കൂട്ടി.

ൻറെ…മോളേ.!

നെഞ്ച്പിടഞ്ഞ് വിളിയ്ക്കുമ്പോൾ,ആരും കാണാതെ അയാൾ കണ്ണീർ തുടച്ചു.

“അച്ഛാ..സോറി എല്ലാത്തിനും.ഇനി ഞാനെല്ലാം മറന്നോളാം..ഇനി ഞാൻ…

അവൾ പറഞ്ഞു തുടങ്ങും മുന്നേ അയാൾ വിലക്കി.

വേണ്ട!എൻറെ കുഞ്ഞിൻറെ ഇഷ്ടമാ അച്ഛന് വലുത്..മോളുടെ ഇഷ്ടം പോലെ നടക്കട്ടെ..

മുറുപടിയായ്..ചെറിയ നിശബ്ദതയ്ക്ക് ശേഷം,അവളുടെ “അച്ഛാ”എന്നുള്ള,കരച്ചിലിൽ കുതിർന്ന ഒരു വിളിയാണുയർന്നത്.

കൂടുതൽ സംസാരിയ്ക്കാൻ കരുത്തില്ലാതെ ഫോൺ കട്ട് ചെയ്യുമ്പോൾ…

ഇത്രയും സ്നേഹത്തോടെ അവൾ ഇതുവരെ തന്നെ”അച്ഛാ” എന്ന് വിളിച്ചിട്ടില്ലെന്ന് അയാൾ ഓർത്തു .

പുറത്തു നിന്ന് കായലോളങ്ങളെ തഴുകിയെത്തിയ കാറ്റിൽ,മകളുടെ കണ്ണീരിൻറെ ഉപ്പ് അപ്പോൾമാത്രം അയാൾക്കനുഭവപ്പെട്ടു.

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Jayan Kayamkulam