നിവേദ്യം ആഷ ബിനിൽ എഴുതുന്ന തുടർക്കഥ ഭാഗം പതിനെട്ട്…

രചന: ആഷ ബിനിൽ

“സാരമില്ല സർ.. നാടോടിക്കാറ്റിലെ ശോഭന ചേച്ചിയെ പട്ടണപ്രവേശത്തിൽ വന്നപ്പോ ലാലേട്ടൻ പോലും തേച്ചില്ലേ… അത്രേയുള്ളൂ ഈ പ്രണയം എന്നൊക്കെ പറയുന്നത്”

കോഴിയെ ഒന്ന് ആശ്വസിപ്പിക്കാൻ പറഞ്ഞതാണ്. മൂപ്പര് ഒരു നോട്ടം..! പിന്നെ ഞാനൊന്നും മിണ്ടിയില്ല. എന്തിനാ വടി കൊടുത്ത് അടി വാങ്ങുന്നത്.

എന്നാലും.. ഇയാൾ ഇത്രയ്ക്ക് മഹമാനസ്കൻ ആണെന്ന് ഞാനിത്ര നാൾ അറിയാതെ പോയല്ലോ. പറഞ്ഞു വരുമ്പോൾ ഞങ്ങൾ ഒരേ തൂവൽ പക്ഷികൾ ആണ്. ഒന്നോ രണ്ടോ തൂവലിന്റെ വ്യത്യാസം. അത്ര മാത്രം.

ഇനി എന്തായാലും ഞാൻ ഇങ്ങേരെ കോഴി എന്നു വിളിക്കില്ല. ഇയാൾ കോഴിയല്ല, ഉള്ളിൽ ഒരുപാട് സ്നേഹമനുള്ളവൻ തന്നെയാണ്. സ്നേഹമുള്ള സിംഹം..! രാജപ്പൻ. അത് മതി. അൽ രാജപ്പൻ.

അന്ന് രാത്രിയാണ് ബാംഗ്ലൂരിൽ എത്തിയത്. പിറ്റേന്ന് രാവിലെ മുതൽ ഒരാഴ്ച്ച അഡ്വാർടൈസിങ്ങിന്റെ മാത്രം ലോകത്തായിരുന്നു ഞങ്ങൾ.

രാവിലെ മുതൽ പാനൽ ഡിസ്കഷനും ടോക്കുകളും പ്രസന്റേഷനും ഒക്കെയാണ്. നല്ല കിടിലം ഫുഡും. പല കമ്പനികളിൽ നിന്നായി ഒരുപാട് പേരെ പരിചയപ്പെട്ടു. ഫുഡ് കഴിക്കുന്ന സമയം ആണ് അതിന് ഏറ്റവും അനുയോജ്യം.

കോഴികൾ അവിടെയും ഉണ്ടായിരുന്നു. കൊത്താൻ വരുമ്പോഴേക്കും രാജപ്പൻ എവിടെ നിന്നോ വന്ന് എന്നെ രക്ഷിച്ചു കൊണ്ടുപോകും. ഇയാൾ ആര് ഡിങ്കനോ?

ഫീൽഡിൽ ഞങ്ങൾക്ക് ഏറ്റവും വലുത് കോൺടാക്ട്സ് ആണ്. അതിന് നല്ലൊരവസരം ആയിരുന്നു ഇത്. സത്യത്തിൽ ദീപക്കിന് ഇത് മിസ് ആയി.

ഈ പ്രോഗ്രാം കൊണ്ടുണ്ടായ മറ്റൊരു ഗുണം എന്നു പറഞ്ഞാൽ, രാജപ്പൻ ഞാൻ വിചാരിച്ചയത്ര കുഴപ്പക്കാരൻ അല്ല എന്നു മനസിലാക്കി എന്നുള്ളതാണ്. എന്റെ ഊഹം ശരിയാണെങ്കിൽ ആൾക്കും ഈ ചിന്ത തന്നെ ആയിരിക്കും.

അവസാന ദിവസം ബാംഗ്ലൂർ കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ അത്യാവശ്യം ഷോപ്പിങ്ങും കഴിഞ്ഞാണ് രാത്രി നാട്ടിലേക്ക് മടങ്ങിയത്.

എയർപോർട്ടിൽ അപ്പു കാത്തുനിൽക്കുന്നുണ്ടായിരുന്നു. രാജപ്പൻ യാത്ര പറഞ്ഞു പോയി. പതിവില്ലാത്തതാണ്. എന്ത് പറ്റിയോ എന്തൊ..? രാത്രി രണ്ടോടെയാണ് വീട്ടിൽ എത്തിയത്.

ആരും ഉറങ്ങിയിരുന്നില്ല. വിശേഷം പറച്ചിൽ ഒക്കെ നാളത്തേക്ക് മാറ്റി വച്ചു ഉറങ്ങാൻ പോയി. ചിന്നുവിന്റെ മുഖത്തിനൊരു വാട്ടം ഉണ്ടായിരുന്നു. കിച്ചു വഴക്ക് കൂടിക്കാണും. സില്ലി ഗേൾ.

രാവിലെ എഴുന്നേൽക്കാൻ വൈകി. എണീറ്റു ചെന്നപ്പോഴേക്കും അച്ഛനും അമ്മയും പറമ്പിലേക്കിറങ്ങിയിരുന്നു. അപ്പു കോളേജിൽ പോയി. ചിന്നുവും പോയെന്നാണ് വിചാരിച്ചത്. പക്ഷെ മുറിയിൽ അനക്കം കേട്ടു.

“ചിന്നൂ..”

ഞാൻ അകത്തേക്ക് കയറുന്നത് കണ്ട് കട്ടിലിൽ കിടന്ന അവൾ എഴുന്നേറ്റിരുന്നു. മുഖമൊക്കെ വാടിയിരിക്കുന്നു. കൺപോളകൾ കരഞ്ഞു വീർത്തിരുന്നു.

“ചിന്നൂ.. മോളെ.. എന്തു പറ്റി? എന്ത് കോലമാ ഇത്?”

“അത്.. ചേച്ചി… ചെറിയൊരു പനി. അത്രേയുള്ളൂ”

അവളെന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. നെറ്റിയിൽ തൊട്ട് നോക്കുമ്പോൾ പനി ഒന്നുമില്ല.

“ചിന്നൂ.. എന്റെ മുഖത്തേക്ക് നോക്ക് നീ. എന്താ പറ്റിയത്?”

കെട്ടിപ്പിടിച്ചു ഒരു കരച്ചിൽ ആയിരുന്നു അവൾ. ആ നിമിഷം എന്റെ കുട്ടി പഴയ പതിനാലുകാരിയായി. അവൾ അടങ്ങുന്നത് വരെ ഞാൻ ക്ഷമിച്ചിരുന്നു.

“ചേച്ചി.. ഞങ്ങളുടെ ഒരു സർ ഉണ്ട്. ആയുഷ്.”

“ആഹ്. നീ പറഞ്ഞിട്ടുണ്ടല്ലോ. നന്നായി പഠിപ്പിക്കും എന്ന്. എന്തു പറ്റി ആൾ പ്രാപ്പൊസ്‌ ചെയ്‌തോ നിന്നെ?”

ചോദിക്കേണ്ടിയിരുന്നില്ല. പെണ്ണ് വീണ്ടും ഡാം തുറന്നു.

“ചിന്നൂ.. നീ കരയാതെ കാര്യം പറയ്”

“ചേച്ചി.. അത്.. അയാള് ആൾ ശരിയല്ല. എന്നെ.. എന്നെ അയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. ഞാൻ സമ്മതിച്ചില്ല. അപ്പോ അയാളെന്റെ വർക്ക് മുഴുവൻ പിടിച്ചുവാങ്ങി.

അയാളിപ്പോ ടൗണിലെ സൂര്യ ഹോട്ടലിലേക്ക് എന്നെ വിളിച്ചേക്കുവാ. ചെന്നില്ലെങ്കിൽ ഈ വർഷത്തെ എന്റെ എല്ലാ ഇന്റേണൽ മാർക്കും അയാൾ ഫൗൾ ആക്കും… എനിക്ക് പേടിയാകുവാ ചേച്ചി…”

ചിന്നുവിനൊപ്പം എന്റെ കണ്ണുകളും നിറഞ്ഞുവന്നു. ഞാനൊക്കെ ഇത്രയും വർഷം കോളേജിൽ പഠിച്ചിട്ടും ഇങ്ങനൊന്നും ഉണ്ടായിട്ടില്ല. ഇവനൊക്കെ ഒരാൾ മതി മുഴുവൻ അദ്ധ്യാപകരുടെയും പേര് നശിപ്പിക്കാൻ. നാറി.

എന്റെ അനിയത്തി അതിലും മിടുക്കി. ഓൺ ദി സ്പോട്ട് അവന്റെയൊക്കെ കരണം അടിച്ചു പുകച്ചു വരേണ്ടതിന് പകരം പേടിച്ചു നിൽക്കുന്നു.

“ആ റെക്കോർഡ് നിനക്ക് വേറെ എഴുതാൻ പാടില്ലേ?”

“ഇനി സമയം ഇല്ല ചേച്ചി. അഞ്ചു മണിക്ക് മുമ്പ് വയ്ക്കണം.”.

പിന്നെ അവൾ എന്തോ ആലോചിച്ചു.

“ചേച്ചി. നമ്മുടെ വീട്ടിലെ അവസ്ഥ എനിക്ക് അറിയാം ചേച്ചി. ഞാൻ ഒന്നിനും പോകാറില്ല. ഒരു വഴക്കിലും ഇടപെടാറില്ല. കൂട്ടുകാരോട് പോലും ഒരുപാട് കമ്പനി ആകാറില്ല. എന്നിട്ടും.. എന്റെ കുഴപ്പം ആണോ ചേച്ചി ഇത്?”

പാവം. ഇത് എന്തൊക്കെയാ ഇവൾ വിചാരിച്ചു വച്ചിരിക്കുന്നത്?

“മോളെ… ചിന്നൂ.. മോളെ നമ്മളെ ഒരു പട്ടി കടിക്കാൻ ഓടിച്ചാൽ അത് നിന്റെ കുഴപ്പം ആണോ? പട്ടിയുടെ കുഴപ്പം അല്ലെ? അപ്പോ നമ്മൾ എന്ത് ചെയ്യും? ഒരു കല്ലെടുത്ത് ആ പട്ടിയെ എറിയും. കിട്ടേണ്ടത് കിട്ടിയാൽ പട്ടി അതിന്റെ വഴിക്ക് പൊയ്ക്കോളും. അല്ലെ?”

ചിന്നു തലയാട്ടി.

“അപ്പോ എന്റെ ചിന്നൂട്ടി പറ. എപ്പോഴാ നിന്റെ സാറിന് ബിരിയാണി കൊടുക്കാൻ പോകേണ്ടത്?”

“അത്.. രണ്ടു മണിക്ക് മുമ്പ് ചെല്ലാനാ ചേച്ചി പറഞ്ഞേക്കുന്നത്.”

“മ്മം.. അപ്പോ ശെരി. ബാ നമ്മക്ക് കാപ്പി കുടിക്കാം”

ചിന്നു സംശയത്തോടെ എന്നെ നോക്കി. കണ്ണീർ ഇപ്പോഴും തുറന്നിട്ടില്ല.

“എന്റെ പൊന്നു കുഞ്ഞേ നീയങ്ങനെ സീരിയൽ നടിമാരുടെ റോൾ കളിക്കാതെ. വാ..”

ഞാൻ അവളെയും വിളിച്ചു പോയി പ്രാതൽ കഴിച്ചു. പിന്നെ വേഗം റെഡിയായി. സൂര്യ ഹോട്ടൽ, റൂം നമ്പർ 305 ലക്ഷ്യമാക്കി ഹാരിമോനെയും കൊണ്ട് ഇറങ്ങി.

കണ്ണാ… കാത്തോണേ…

കോളിംഗ് ബെൽ അടിച്ചു കാത്തുനിൽക്കേണ്ടി വന്നില്ല. ആയുഷ് ഒടുങ്ങാൻ പോകുന്നവർ വേഗം വന്നു വാതിൽ തുറന്നു. എന്നെ കണ്ടു ഒന്ന് നോക്കി.

“ഹായ് സർ. ഞാൻ നിവേദ്യ. നിരഞ്ജനയുടെ സിസ്റ്റർ ആണ്.”

ആയുസില്ലാത്തവൻ എന്നെ മൊത്തത്തിൽ ഒന്നൂടെ സ്കാൻ ചെയ്തു. ചുരിദാർ ഒക്കെയിട്ട് മിടുക്കിയായിട്ടാണ് മോള് വന്നേക്കുന്നത്. അദ്ധ്യാപഹയന്റെ മുഖം തെളിഞ്ഞു.

എന്നെ അകത്തേക്ക് ക്ഷണിക്കുന്ന മട്ടിൽ വാതിൽക്കൽ നിന്ന് അല്പം സൈഡിലേക്ക് മാറി. ഞാൻ കയറി കഴിഞ്ഞു വാതിൽ അടച്ചു കുറ്റിയിട്ടു.

“ഇരിക്കൂ..”

ഞാൻ സോഫയിലിരുന്നു. എതിർ വശത്തായി അങ്ങേരും. നോട്ടം ഇപ്പോഴും കോഴിക്കൂട്ടിലേക്ക് തന്നെയാണ്.

“നിരഞ്ജനയെ ആണ് ഞാൻ പ്രതീക്ഷിച്ചത്.”

“അവൾ കൊച്ചു കുട്ടിയല്ലേ സർ.. അവളെ ഉപദ്രവിക്കരുത്.. പ്ലീസ് സർ”

ആൾ ഒന്നൂടെ വിശദമായി സീറ്റിൽ ഇരുന്നു.

“ആഹ്. കൊച്ചാണെങ്കിലും അവളൊരു… ആണ്.. അതാ ഞാൻ അവളെയൊന്ന് പൊക്കാം എന്നു വിചാരിച്ചത്. ഒരുതവണ രുചി നോക്കിയാളൊന്നും മതിയാവില്ല അവൾ. എന്താ ചരക്ക്.”

ഊറിവന്ന ദേഷ്യം അടക്കാൻ ഞാൻ പാടുപെട്ടു. കണ്ണാ.. കൺട്രോൾ മീ…

“അവളുടെ ഭാവി നശിപ്പിക്കരുത് സർ.. പ്ലീസ്”

“ആഹ്. അവളുടെ ഭാവി. പാവം പെണ്ണ്.. ഞാനാ റെക്കോർഡ് വാങ്ങി കയ്യിൽ വച്ചപ്പോഴേക്കും പേടിച്ചു വിറച്ചു. ആ പേടി.. അതാ എനിക്കങ്ങു പിടിച്ചത്.”

“സർ…”

“ആഹ്. എന്നാൽ നീ ഇത്ര പറഞ്ഞ സ്ഥിതിക്ക് തത്കാലം ഞാനത് വേണ്ടെന്ന് വയ്ക്കാം. ദേ ഇരിക്കുന്നു നിന്റെ അനിയത്തിയുടെ ബുക്ക്‌സ്. മാർക്കും ഞാനിട്ട് കൊടുക്കാം. അവൾക്ക് പകരം നീ മതി”

അവൻ മേശമേലിരുന്ന ബുക്സ് എന്നെ ചൂണ്ടിക്കാണിച്ചു. എന്തായാലും വന്നതല്ലേ, അവനെയൊന്ന് സ്നേഹിച്ചു കളയാം എന്നു ഞാനും തീരുമാനിച്ചു.

അവസാനം കാലുപിടിച്ചു മാപ്പ് പറഞ്ഞിട്ടും എന്റെ കോപം അടങ്ങിയില്ല.

“ഇനി മേലാൽ നീ കോളേജിൽ പോയി എന്ന് ഞാൻ അറിഞ്ഞാൽ…”

മുഴുമിക്കും മുൻപേ അവൻ കൈകൂപ്പി.

“പൊന്നു പെങ്ങളെ ഞാൻ ഇന്ന് തന്നെ റിസൈൻ ചെയ്‌തോളം. ഇനി ആ പരിസരത്തേക്ക് പോലും പോകില്ല. സത്യം… ഇനി ഒന്നും ചെയ്യരുത്..”

അവന്റെ 22FK കൂടി അടിച്ചു കലക്കി കഴിഞ്ഞാണ് അല്പം ആശ്വാസം എനിക്ക് കിട്ടിയത്. ചിന്നുവിന്റെ ബുക്‌സും എടുത്തു ഞാനിറങ്ങി. അവൾ വണ്ടിയിൽ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. കോളേജിൽ കൊണ്ടുപോയി റെക്കോർഡ് ബുക്ക് സബ്മിറ്റ് ചെയ്‌തു.

കാര്യങ്ങളെല്ലാം നന്നായി അവസാനിച്ചു എന്നുതന്നെയാണ് വിചാരിച്ചത്. പക്ഷെ തുടങ്ങിയിട്ടേയുള്ളൂ എന്നു മനസിലായത് പിറ്റേന്ന് രാവിലെ ഞങ്ങളെ വിളിച്ചുണർത്തിയ ACP ബിനീഷ് വാസുദേവൻ ആണ്. ആയുഷിന്റെ കസിൻ..!

തുടരും…

ലൈക്ക് & കമന്റ് ചെയ്യണേ..

രചന: ആഷ ബിനിൽ


Comments

Leave a Reply

Your email address will not be published. Required fields are marked *